
ഡീ അഡിക്ഷന്‍ സെന്ററിലെ പുരുഷന്‍മാര്‍ക്കൊപ്പം വന്ന അവരുടെ പങ്കാളികളായ സ്ത്രീകള്‍ ഓരോ ദുരന്തലോകം പേറി നടക്കുന്നവരാണ്. സമാനതകളില്ലാത്ത ദുഃഖത്തിന്റെ ചാവുകടലില്‍ പൊന്തിക്കിടക്കുന്ന സ്ത്രീകള്‍. ഒരു കുടുംബത്തിൻ്റെ അന്തിമവാക്കായ പുരുഷൻ്റെ നന്മതിന്മകളുടെ എല്ലാ ഭാരവും സ്ത്രീകളുടേതായി മാറുന്ന വിചിത്രലോകമാണ് ഇതെന്ന് എനിക്കു തോന്നി. പുനർജനി എന്ന സ്ഥാപനത്തിൻ്റെ ഉടമയായ ജോൺസ് കെ മംഗലത്തിന്റെ ധാരണകൾ പോലും സ്ത്രീകൾക്ക് അനുകൂലമായിരുന്നില്ല. ഭർത്താക്കന്മാർ മദ്യപാനികളാവുന്നതിൽ ഭാര്യമാർക്ക് പങ്കുണ്ടെന്ന രീതിയിലുള്ള അയാളുടെ പ്രസ്താവനകൾ എന്നെ ഏറെ അസ്വസ്ഥയാക്കി. ഈ സമൂഹം സ്ത്രീകൾക്ക് യോജിച്ചതല്ലെന്നും അവളെ മനസ്സിലാക്കാനോ അവർക്ക് വേണ്ട നീതി നടപ്പിലാക്കാനോ ഇവിടെ ആരും തന്നെ ഉണ്ടാവില്ലെന്ന ചിന്ത എന്നിൽ വീണ്ടും വീണ്ടും വേരാഴ്ത്തിക്കൊണ്ടിരുന്നു. മുലകുടി മാറാത്ത കൈക്കുഞ്ഞുങ്ങളുമായി അവർക്കൊപ്പം വരുന്ന നിസ്സഹായരായ സ്ത്രീകളുടെ വേദന നിറഞ്ഞ ഹൃദയത്തിൽ നോക്കി ഞാൻ തലകുമ്പിട്ടിരുന്നു
അവരെയൊക്കെ അടുത്തറിയുമ്പോള്‍, അവരുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ അതിനെയൊക്കെ ഞാന്‍ എങ്ങനെ അതിജീവിക്കുമെന്നോര്‍ത്തുകൊണ്ടിരുന്നു. സങ്കടങ്ങളുടെ മഹാസമുദ്രങ്ങള്‍ പേറി തളര്‍ന്നുറങ്ങുന്ന ഈ പാവം സ്ത്രീകള്‍ക്കും അവരെയോര്‍ത്ത് ഉറങ്ങാതിരുന്ന എന്നെയും ഈ രാത്രിക്ക് താങ്ങാന്‍ പറ്റാത്തത് കൊണ്ടാവാം, ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോള്‍ നേരം പുലര്‍ന്നിരുന്നു. എല്ലാവരും ഉറക്കമാണ്. ഞാന്‍ പുറത്തെ വരാന്തയില്‍ വന്നിരുന്നു. മുറ്റത്തെ പാരിജാത ചെടികളില്‍ ഒന്നുരണ്ട് പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്നുണ്ടായിരുന്നു. പൂഴി വിരിച്ച നിലത്ത് പനിനീര്‍ ചെമ്പകങ്ങള്‍ പൊഴിഞ്ഞു കിടന്നിരുന്നു. കിഴക്ക് പൂമല തടാകം ചലനമറ്റ് കിടക്കുന്നുണ്ടായിരുന്നു. അതിന്റെ കരയിലെ പൊന്തക്കാടുകള്‍ക്കിടയില്‍ കൂറ്റന്‍ വാകമരം പൂവിട്ട് തുടങ്ങിയിരുന്നു. ഈ സ്ഥാപനം നില്‍ക്കുന്ന കുന്നിനു താഴെയായി ഒരു മുളങ്കാടുണ്ടായിരുന്നു.
അതിനരികിലായി ഒരു പ്രതിമയും. പാമ്പ് ചുറ്റിവരിഞ്ഞിരിക്കുന്ന ഒരു സ്ത്രീയുടെ പ്രതിമയായിരുന്നു അത്. എന്താവാം അങ്ങനെയൊരു പ്രതിമ ഇവിടെ സ്ഥാപിക്കാന്‍ കാരണമെന്ന് ഞാന്‍ ആലോചിച്ചു. മദ്യപാനിയായ മനുഷ്യരോടൊപ്പം ജീവിക്കുന്ന സ്ത്രീകള്‍ ലഹരിയുടെ നാഗത്താല്‍ ചുറ്റപ്പെട്ട് മരണത്തിനും ജീവിതത്തിനുമിടയിലൂടെ നീങ്ങുന്നവര്‍ ആയിരിക്കുമല്ലോ അതാവും ഈ പ്രതിമയുടെ അര്‍ഥമെന്നു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍, പെട്ടെന്ന് പിന്നില്‍ നിന്നൊരു വിളികേട്ട് തിരിഞ്ഞുനോക്കി.
''ആഹാ... രമ്യ നേരത്തെ ഉണര്‍ന്നോ?''
ആ മുറിയിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയായിരുന്നു അത്. ഞാനവരെ നോക്കി ചിരിച്ചു അടുത്തുകിടന്ന ഒരു കസേരയിലിരുന്നുകൊണ്ട് അവര്‍ പറഞ്ഞു:
''ഇന്നലെ വിശദമായി പരിചയപ്പെടാന്‍ കഴിഞ്ഞില്ല. എന്റെ പേര് സരിത. ഞങ്ങള്‍ മലപ്പുറംകാരാ. ''അവര്‍ പറഞ്ഞതും ഞാന്‍ കേട്ട് ഇരുന്നതേയുള്ളൂ. കൂടുതലൊന്നും ചോദിക്കാന്‍ മുതിര്‍ന്നില്ല. ഇന്നലെ കേട്ട സജ്‌നയുടെ കഥ തലയില്‍ക്കിടന്നു തിളയ്ക്കുന്നത് കാരണം ഇനിയൊരു സ്ത്രീയുടെ വേദനകൂടി കേള്‍ക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു.
റാം താമസിക്കുന്ന കെട്ടിടത്തിന്റെ മുന്നില്‍നിന്ന് അവിടുത്തെ ജീവനക്കാരിലൊരാള്‍ മുറ്റം തൂക്കുന്നുണ്ടായിരുന്നു. പൊടികൾക്കും കരിയിലകള്‍ക്കുമിടയില്‍ അയാളുടെ മുഖം അവ്യക്തമായിരുന്നു. പിന്നെയും എന്തൊക്കെയോ ആലോചിച്ചുകൊണ്ട് ഞാന്‍ അവിടെത്തന്നെയിരുന്നു.
അര മണിക്കൂറിനുള്ളില്‍ അവിടെമാകെ സജീവമായി. റാമടക്കമുള്ള ആളുകള്‍ക്ക് രാവിലെ മുതല്‍ ധ്യാനവും വ്യായാമവും പിന്നെന്തെക്കെയോ ആയുര്‍വേദ മരുന്നുകളും ഒക്കെയുള്ള ദിനചര്യയായിരുന്നു. പകല്‍ നേരങ്ങളില്‍ സ്ത്രീകള്‍ സങ്കടങ്ങള്‍ പങ്കിട്ടും. അടുക്കളയില്‍ പച്ചക്കറി അരിഞ്ഞും മുറ്റത്തെ പേരാല്‍ത്തറയിലിരുന്നു ജീവിതം പറഞ്ഞും അവര്‍ കരഞ്ഞു. മഹാസങ്കടങ്ങള്‍ പേറിയ കുന്നിന്‍മുകളിലിരുന്ന് സ്ത്രീകള്‍ പരസ്പരം അവരുടെ ആത്മാവിന്റെ വേവിനെ ആറ്റിത്തണുപ്പിച്ചുകൊണ്ടിരുന്നു.
തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളില്‍ കൂടുതല്‍ മദ്യപാനികളെയും അവരോടൊപ്പമുള്ള സ്ത്രീകളെയും അടുത്തറിഞ്ഞുകൊണ്ടിരുന്നു. ദിവസങ്ങളും ആഴച്ചകളും കഴിഞ്ഞു. എന്റെയും സജ്‌നയുടെയും കുട്ടികള്‍ക്ക് എല്ലാവരും അമ്മമാരായി. അവരുടെ മക്കളെ പോലെത്തന്നെ അവര്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെയും താലോലിച്ചു. അവരുടെ സങ്കടങ്ങള്‍ എന്റെതും കൂടിയായി. ഞാന്‍ കവിയാണെന്ന് അറിഞ്ഞതോടുകൂടി ജോണ്‍സണ്‍ സാര്‍ എന്നോട് കൂടുതല്‍ സൗഹൃദം പുലര്‍ത്തി. എന്നോട് കവിതകളെ കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും വാചാലനായി. എനിക്ക് വായിക്കാന്‍ അദ്ദേഹം പുസ്തകങ്ങള്‍ തന്നു. വലിയ സങ്കടങ്ങള്‍ക്കിടയില്‍ ചെറിയ സന്തോഷങ്ങള്‍ കുമിളകള്‍ പോലെ വന്നുപൊട്ടിച്ചിതറി.
എല്ലാ ദിവസവും വൈകിട്ട് അദ്ദേഹം കൊടുത്തിരുന്ന ക്ലാസ്സ് റാമിനെ വളരെയധികം സ്വാധീനിക്കുന്നുണ്ടായിരുന്നു. അതുപോലെതന്നെയായിരുന്നു അവിടെ ചികിത്സയ്ക്കെത്തിയ മറ്റു മദ്യപാനികളുടേതെന്ന് അവരുടെ ഭാര്യമാരില്‍ നിന്നു എനിക്ക് മനസ്സിലായി. എന്നാലും ഓരോ ദിവസവും വന്നുചേരുന്ന കുടിയന്മാരുടെ ഭാര്യമാരും അമ്മമാരും അവരനുഭവിക്കുന്ന വേദനകളും എന്നെ പിച്ചിച്ചീന്തിക്കൊണ്ടിരുന്നു. അതിനിടയില്‍ എന്റെ മാനസിക ശാരീരിക ആരോഗ്യമൊക്കെ നശിച്ചിരുന്നു. ഭാരം കുറഞ്ഞു. ഇടയ്ക്കിടെ വരുന്ന ശ്വാസംമുട്ടല്‍ എന്നെ അവശയാക്കി. എങ്കിലും അവിടെയുള്ള മറ്റു സ്ത്രീകളുടെ വേദനകള്‍ കണ്ട് എന്റെ വേദനകളെ ഞാന്‍ മറികടന്നു.
രമ്യ തുറവൂർ എഴുതിയ പതിയാത്ത കാൽപാടുകളുടെ മുൻലക്കങ്ങൾ വായിക്കാം
ഏകദേശം മൂന്നാഴ്ച പിന്നിട്ട് ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ ഓടിക്കിതച്ചുക്കൊണ്ട് പുനര്‍ജ്ജനിയുടെ ഓഫീസിലേയ്ക്ക് വന്നു. അവര്‍ വരാന്തയിലെത്തിയതും കുഴഞ്ഞുവീഴുകയായിരുന്നു. അവരുടെ നെറ്റിയില്‍ നിന്നും ചോര ഒലിച്ചിറങ്ങി മുഖത്താകെ പടര്‍ന്നിരുന്നു. തീരെ അവശയായ അവരെ ഞങ്ങള്‍ പിടിച്ചെഴുന്നേല്പിച്ച് കുടിക്കാന്‍ വെള്ളം കൊടുത്തു. കാര്യമന്വേഷിച്ചപ്പോള്‍ അവരുടെ ഭര്‍ത്താവ് ഉപദ്രവിച്ചതാണെന്ന് ആ സ്ത്രീ പറഞ്ഞു. അവിടുത്തെ ജീവനക്കാര്‍ അവരെ അകത്തേയ്ക്കിരുത്തി മുറിവില്‍ മരുന്നുവെച്ച് കെട്ടി.
നിമിഷങ്ങള്‍ക്കകം ഒരാളെ കൈകാലുകള്‍ ബന്ധിച്ചുകൊണ്ട് വരുന്നുണ്ടായിരുന്നു. അയാള്‍ കുതറി ഓടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നാലഞ്ചുപേര്‍ ചേര്‍ന്നുപിടിച്ചിട്ടും അയാള്‍ അടങ്ങി നില്‍ക്കുന്നുണ്ടായിരുന്നില്ല. അല്പം മുന്‍പ് ചോരയില്‍ കുളിച്ചു വന്ന സ്ത്രീയുടെ ഭര്‍ത്താവായിരുന്നു അത്. മദ്യലഹരിയില്‍ അവരെ അതിക്രൂരമായി മര്‍ദിക്കുന്നതു കണ്ട നാട്ടുകാര്‍ അയാളെ ബന്ധിച്ചു കൊണ്ടുവന്നതായിരുന്നു. കുടിയന്മാര്‍ക്ക് ജീവിതപങ്കാളിയോടൊപ്പം മാത്രമേ ഈ സ്ഥാപനത്തില്‍ പ്രവേശനമുള്ളൂ എന്നതുകൊണ്ട് അവശയായ ആ പാവം സ്ത്രീയും കൂടെ വന്നതാണ്.
അവരെ ഞങ്ങള്‍ സ്ത്രീകള്‍ താമസിക്കുന്ന കെട്ടിടത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോന്നു. അവിടെ ഒരു കട്ടിലില്‍ കിടത്തി. ക്രൂരമായ ആക്രമണത്താല്‍ അവരുടെ മുന്‍നിരയിലെ ഒന്നോ രണ്ടോ പല്ലിളകി പോയിരുന്നു. കൈത്തണ്ടയിലും കഴുത്തിലും ആഴത്തില്‍ കടിയേറ്റിരുന്നു. അവരുടെ ഭര്‍ത്താവിന്റെ പല്ലിന്റെ പാടുകള്‍ അവിടെ പതിഞ്ഞു കിടന്നിരുന്നു. എനിക്കാ കാഴ്ച താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അവരോട് പലതും ചോദിക്കണം എന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ, സംസാരിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല ആ സ്ത്രീ. അല്പം കഴിഞ്ഞപ്പോള്‍ അവരെ അവിടുത്തെ ജീവനക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എത്രതരം സ്ത്രീ ജീവിതങ്ങളാണീ ലോകത്ത്! അധികാരത്തിന്റെയും അടിമത്തത്തിന്റെയുമൊക്കെ ക്രൂരമായ മുഖങ്ങള്‍. അവിടെ പിടഞ്ഞില്ലാതാവുന്ന നിസ്സഹായത നിറഞ്ഞ സ്ത്രീജീവിതങ്ങള്‍. ഈ ലോകത്തോട് എനിക്ക് വെറുപ്പ് തോന്നി. ഇവിടെ വന്നതിനുശേഷം മൂന്നാഴ്ചകള്‍ പിന്നിടുമ്പോള്‍ ഞാന്‍ കണ്ട സ്ത്രീകള്‍, അവരനുഭവിക്കുന്ന പൊള്ളുന്ന ജീവിതം ഈ ഭൂമിയിലുള്ള ഏത് അഗ്‌നിപര്‍വതത്തേക്കാള്‍ തിളച്ചു മറിയുന്നതാണ്.
ഇടയ്ക്കിടെ ജോണ്‍സണ്‍ സാര്‍ മദ്യപാനികളായ എല്ലാവരുടെയും ഭാര്യമാരുമായി സംസാരിക്കുകയും അവര്‍ക്കു വേണ്ട കൗണ്‍സിലിങ്ങുകള്‍ കൊടുക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം എന്റെ ഊഴവുമെത്തി. ഞങ്ങള്‍ താമസിക്കുന്ന സ്ഥാപനത്തിന്റെ അടുത്തായിരുന്നു അദ്ദേഹത്തിന്റെ വീട് ഞാന്‍ അവിടേയ്ക്ക് ചെന്നു. സജ്‌നയും വേറെ രണ്ടു സ്ത്രീകളും എന്നോടോപ്പമുണ്ടായിരുന്നു. ആദ്യം സംസാരിക്കാനായി സജ്നയെയായിരുന്നു വിളിപ്പിച്ചത്. അവളോട് സംസാരിക്കുന്ന സമയത്ത് ഞാന്‍ വീടിന്റെ പുറത്ത് കാത്തിരുന്നു. ഏകദേശം ഒന്നര മണിക്കൂറുകള്‍ക്ക് ശേഷം എന്റെ പേര് വിളിച്ചു. ഞാന്‍ അകത്തേയ്ക്ക് ചെന്നു. ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു:
''ഇരിക്കൂ രമ്യ.''
ഞാന്‍ അദ്ദേഹത്തിന് അഭിമുഖമായി ഇരുന്നു.
കവിതയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമായിരുന്നു ആദ്യം എന്നോട് സംസാരിച്ചത്. ഇഷ്ടമുള്ള വിഷയമായിരുന്നതിനാല്‍ ഞാനും വാചാലയായി. പിന്നീട് റാമിനെ കുറിച്ചായി സംസാരം. വീട്ടില്‍ പോയതിനുശേഷം മദ്യത്തില്‍ നിന്ന് വിമുക്തനായ ഒരാള്‍ക്ക് കൊടുക്കേണ്ട പരിഗണനയെക്കുറിച്ചും കരുതലിനെക്കുറിച്ചുമൊക്കെ അദ്ദേഹമെന്നോട് പറഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് അയാളുടെ മുഖഭാവം മാറ്റിക്കൊണ്ട് എന്നോട് ചോദിച്ചു ''രമ്യ നല്ല സുന്ദരിയാണ്. റാം അറിയാതെ ഒരു ദിവസം എനിക്ക് തരുമോ?'' അതുകേട്ടതും എന്റെ നെഞ്ചിലൂടെ ഒരിടിമിന്നല്‍ പാഞ്ഞുപോയി. ഞാന്‍ എന്താണ് കേട്ടത്? എനിക്കാ നിമിഷത്തെ വിശ്വസിക്കാന്‍ കഴിയാതെയായി.
ഞാന്‍ ദേഷ്യത്തോടെ ഇരുന്നിടത്തുനിന്നു ചാടി എഴുന്നേറ്റു. എന്റെ മുഖഭാവം മാറി എന്ന് കണ്ടപ്പോള്‍ അയാള്‍ വിഷയം മാറ്റിക്കൊണ്ട് പറഞ്ഞു:
''രമ്യ പേടിച്ചു പോയോ? ഇതൊക്കെ കൗണ്‍സിലിങ്ങിന്റെ ഭാഗമാണ്.'' പിന്നീട് അയാള്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല വേഗം തന്നെ ഞാനാ മുറി വിട്ടിറങ്ങി. സങ്കടവും ദേഷ്യവും കൊണ്ട് ഞാന്‍ തിളച്ചു. പോകുന്ന വഴിയില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. കൂടെയുണ്ടായിരുന്ന സജ്ന എന്നോട് കാര്യം തിരക്കിയെങ്കിലും എന്റെ ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല.
എല്ലാവരോടും യാത്ര പറഞ്ഞു പുനര്‍ജ്ജനിയുടെ പടിയിറങ്ങുമ്പോള്‍ ജീവിതത്തിന്റെ അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. പിന്നിട്ട കുറച്ചു ദിവസങ്ങളെ ഓര്‍ക്കുമ്പോള്‍ ഇന്നും കനല്‍ക്കൂമ്പാരത്തിനുള്ളില്‍ മൂടപെട്ട അവസ്ഥയാണ്. ഇതെഴുതുമ്പോഴും ഞാന്‍ ഓര്‍ക്കുന്നത് അവിടെയുണ്ടായിരുന്ന സ്ത്രീകളെയാണ്. പിന്നീടുള്ള അവരുടെ ജീവിതം എന്താവാം ആരൊക്കെ ജീവിതത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞിട്ടുണ്ടാവും? ആരൊക്കെ മരണം തിരഞ്ഞെടുത്തിട്ടുണ്ടാവും? ആരൊക്കെ സന്തോഷിക്കുന്നുണ്ടാവും? കൂടെപിറപ്പെന്നപോലെ എന്നെ ചേര്‍ത്തുപിടിച്ച എന്റെ സ്ത്രീകളേ... വേദനയില്‍ ചുട്ടുപഴുത്തിട്ടും സ്‌നേഹം, സ്‌നേഹം എന്ന് പറഞ്ഞു സ്വയം ഉരുകി ജീവിക്കുന്ന എന്റെ പെണ്ണുങ്ങളേ.. എന്റെ ഈ ഓര്‍മ്മകള്‍ നിങ്ങളുടേതും കൂടിയാണ്... എന്റെ ഈ അക്ഷരങ്ങള്‍ നിങ്ങളുടെ കണ്ണീരിന്റെ മഷി നിറച്ചതാണ്.
പ്രതീക്ഷകളെല്ലാമറ്റ് തിരികെ വീട്ടില്‍ വന്നുകയറുമ്പോള്‍ ദിവസങ്ങളോളം ഞാന്‍ മൗനിയായി. അകത്തും പുറത്തും കനത്ത ശൂന്യത മാത്രമായിരുന്നു. ജോണ്‍സണ്‍ സാറില്‍ നിന്ന് എനിക്കുണ്ടായ അനുഭവം റാമിനോട് പറയുമ്പോള്‍ വേദന തൊണ്ടയില്‍ കെട്ടി എനിക്ക് വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒന്നാശ്വസിപ്പിക്കാന്‍ പോലും എന്നെ ചേര്‍ത്തുപിടിക്കാത്ത റാമിന്റെ കൈകളെ നുറുങ്ങുന്ന ഹൃദയത്തോടെ ഞാന്‍ നോക്കി. ഓരോ അനുഭവങ്ങളുടെയും അവസാനം എന്റെ ചിന്ത മരണത്തില്‍ വന്നുനില്‍ക്കുമായിരുന്നു. അന്നും മരണം എന്നെ മോഹിപ്പിച്ചു.
ഈ വേദനകളുടെ പൊള്ളുന്ന മണ്ണടരുകള്‍ വകഞ്ഞുമാറ്റി എന്റെ കൈ പിടിച്ചു കയറ്റാന്‍ വന്ന ആ ഒരാള്‍ എവിടെയോ ഇരുന്നു എന്റെ ആത്മാവിനോട് മന്ത്രിച്ചുകൊണ്ടിരുന്നു.
'ഞാന്‍ നിന്നെ തേടി വരും.'
(അവസാനിച്ചു)
Content Highlights: pathiyatha kalppadukal remya thuravoor autobiography final chapter
Published: 21 Apr 2025, 01:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented