
ഓര്‍മ്മകള്‍ കാട്ടുപുല്ലാന്തികള്‍പോലെയാണ്. ഒരിടത്ത് വേരുറപ്പിച്ചാല്‍ അവിടമാകെ പടര്‍ന്ന് ഒരു കാടാവും. പിന്നെ അതിനുള്ളില്‍നിന്ന് പുറത്തുകടക്കാന്‍ പറ്റാതാവും. അല്ലെങ്കിലും ഓര്‍മകളുടെ കടുംകെട്ടുകള്‍ക്കിടയില്‍ ജീവിക്കുന്ന ഒരാളാണല്ലോ ഞാന്‍. അതിനിടയില്‍ ഓര്‍മ്മകള്‍ എഴുതുന്നതുപോലെ വേദന നിറഞ്ഞതും സംഘര്‍ഷഭരിതവുമായ ഒരു പ്രവൃത്തി ഇല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു.
എന്റെ ഗര്‍ഭകാലം സന്തോഷം നിറഞ്ഞതായിരുന്നു. കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ മനോഹര ദിനങ്ങളായിരുന്നു അതെല്ലാം. എന്റെ ഉദരത്തിനുള്ളിലെ കുഞ്ഞിന്റെ അനക്കങ്ങളില്‍ തൊട്ടുതലോടിയും അതിന്റെ മുഖവും ചിരിയും കൈകാലുകളെയും ഭാവനയില്‍ കണ്ടുകൊണ്ട് ഞാന്‍ നടന്നു. എന്റെ ആയാസപ്പെട്ടുള്ള നടത്തവും നടുവേദനയും കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന ഭയത്താല്‍ ഞാന്‍ കൂടുതല്‍ സമയങ്ങളിലും ശരീരം അനക്കാതെ കട്ടിലില്‍ തന്നെ കിടന്നു. സന്തോഷത്തിനിടയിലും അകാരണമായ ഒരു ഭയം എന്നെ വേട്ടയാടി.
കുട്ടിക്കാലം തൊട്ടേ എനിക്ക് അടുപ്പം ദുഃഖങ്ങളോടായിരുന്നതിനാല്‍ ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുമായിരുന്നില്ല. ആ നിമിഷങ്ങളിലൊക്കെ ഞാന്‍ വിഷാദിയാവും. ആഘോഷങ്ങളില്‍നിന്നും ചടങ്ങുകളില്‍ നിന്നുമൊക്കെ ഒഴിഞ്ഞുമാറുമ്പോള്‍ അഹങ്കാരിയെന്നും നിഷേധിയെന്നും അമ്മയടക്കം എന്നെ മുദ്രകുത്തി. കടുത്ത അരക്ഷിതാവസ്ഥയില്‍നിന്നു കാലാകാലങ്ങളായി രൂപപ്പെട്ട ഒരു മാനസികാവസ്ഥയായിരുന്നു അതെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാനുള്ള ഭാഷ എനിക്കറിയില്ലായിരുന്നു. ഇടയ്ക്കൊക്കെ എന്റെ ഉദരത്തിലെ ചലനങ്ങളെ തൊട്ടുതലോടിക്കൊണ്ട് ഞാന്‍ പറയും: ''കുഞ്ഞേ, ചിന്തകള്‍ക്ക് കടിഞ്ഞാണില്ലാത്ത ഒരമ്മയാണ് ഞാന്‍. എന്റെ സ്വഭാവത്തിന്റെ ഈ നിഗൂഢതയും അസ്ഥിരതയും നീ വലുതാകുമ്പോള്‍ എങ്ങനെ മനസ്സിലാക്കും എന്നറിയില്ല. എന്റെ ശ്വാസത്തിലൂടെയും ചിന്തകളിലൂടെയും എന്റെ വന്യത നിന്നിലേയ്ക്ക് എത്തുമോ എന്ന് ഞാന്‍ ഭയക്കുന്നുണ്ട്. കാരണം എന്റെ എല്ലാ വൈകാരികതയ്ക്കും മുകളില്‍ വിഷാദം പാട മൂടി കിടക്കുകയാണ്. എനിക്കറിയാം കുഞ്ഞേ ഗര്‍ഭകാലം ഏറ്റവും ആനന്ദകരമാക്കേണ്ടതാണെന്ന്. എന്നാല്‍, അസംതൃപ്തിയും വിഷാദവും പേറുന്ന എനിക്ക് എങ്ങനെയാണ് അതിനു കഴിയുക എന്നെനിക്കറിയില്ല. ഈ അമ്മയോട് നീ ക്ഷമിക്കൂ.''
ശ്വാസംമുട്ടലും നടുവേദനയുമായിരുന്നു ഭീകരമായി എന്നെ അലട്ടിയിരുന്നത്. അതിലുപരി ശരീരഭാരം ക്രമാതീതമായി വര്‍ധിക്കുകയും എന്റെ ഭാരത്തെ കൃത്രിമ കാലിനു പാകമാകാതെ വരികയും ചെയ്തിരുന്നു. നടക്കുമ്പോള്‍ കഠിനമായ വേദന അനുഭവപ്പെടാനും തുടങ്ങി. അതൊന്നും എന്നെ തളര്‍ത്തിയിരുന്നില്ല. കുഞ്ഞിന്റെ മുഖം കാണാനുള്ള ആഗ്രഹത്താൽ ഏത് പ്രതിസന്ധിയെയും നേരിടാന്‍ ഞാന്‍ തയ്യാറായിരുന്നു. രണ്ടു കാലുകളും ഊന്നിയുള്ള സ്വാഭാവികമായ പ്രസവം എനിക്ക് സാധ്യമല്ലാതിരുന്നതിനാല്‍ സിസേറിയന്‍ എന്ന തീരുമാനം ഏഴാം മാസം തന്നെ ഡോക്ടര്‍ അറിയിച്ചിരുന്നു. നാളുകളായുള്ള മരുന്നിന്റെ സ്ഥിര ഉപയോഗം എന്റെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കിയതു കൊണ്ടാവാം കുറെ മരുന്നുകള്‍ എനിക്ക് അലര്‍ജിയായിരുന്നു. പ്രത്യേകിച്ച് വേദനസംഹാരികള്‍.
കടുത്ത നടുവേദന അനുഭവപ്പെട്ടിരുന്നതിനാല്‍ നിശ്ചയിച്ചിരുന്ന ദിവസത്തേക്കാള്‍ ഇരുപത്തിരണ്ട് ദിവസം മുന്‍പേ ഓപ്പറേഷന്‍ നടത്തേണ്ടി വന്നു. തെല്ല് ഭയമുണ്ടായിരുന്നെങ്കിലും കുഞ്ഞിനെ കാണാനുള്ള ആവേശം ആ ഭയത്തെ പോലും ഇല്ലാതാക്കി. തലയ്ക്കു മുകളിലായി കൂറ്റന്‍ ലൈറ്റുകള്‍ ഘടിപ്പിച്ച ഒരു ഇരുമ്പ് കട്ടിലില്‍ എന്നെ കിടത്തി. എന്റെ ഡോക്ടറും വെള്ളയുടുപ്പുകളണിഞ്ഞ മാലാഖമാരും എന്റെ ചുറ്റിനുമായി നിരന്നു. ഡോക്ടര്‍ സീമ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: ''ഈ ഭൂമിയിലെ ഏറ്റവും സുന്ദരമായ ഒരു കര്‍മം ചെയ്യാന്‍ പോകുകയാണ് ഞാന്‍. രമ്യ സന്തോഷത്തോടെയും പ്രാര്‍ത്ഥനയോടെയും ധൈര്യത്തോടെയും ഈ നിമിഷങ്ങളെ നേരിടണം.''
അവരുടെ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. അവര്‍ എന്റെ കാലുകളെ എന്നില്‍നിന്ന് ഊരി മാറ്റി എന്റെ ജനനേന്ദ്രിയത്തിനുള്ളിലേയ്ക്ക് യൂറിന്‍ ബാഗ് തിരുകി കയറ്റിയശേഷം എന്നെ ചെരിച്ചുകിടത്തി മരവിക്കാനുള്ള കുത്തിവയ്പ്പ് എടുത്തു. നട്ടെല്ലില്‍ സൂചി കയറുന്ന വേദനയും നിമിഷങ്ങള്‍ക്കകം അരയ്ക്ക് താഴേയ്ക്ക് തണുപ്പ് അരിച്ചിറങ്ങുന്നതും ഞാനറിയുന്നുണ്ടായിരുന്നു. എന്റെ ഭയം വര്‍ധിക്കാതിരിക്കാനും അതുമൂലം രക്തസമ്മര്‍ദം കൂടാതിരിക്കാനും ഡോക്ടര്‍ എന്നോട് തമാശകള്‍ പറഞ്ഞുകൊണ്ടും കവിതയെകുറിച്ചും പാട്ടിനെക്കുറിച്ചുമൊക്കെ ചോദിച്ചുകൊണ്ടുമിരുന്നു. ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു.
''പെണ്‍കുട്ടിയാണ് രമ്യാ'' ഡോക്ടര്‍ പറഞ്ഞു. അതറിഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍ സന്തോഷമായി. ഞാന്‍ ആഗ്രഹിച്ചതും പെണ്‍കുഞ്ഞിനെയായിരുന്നു, എന്നേക്കാള്‍ കൂടുതല്‍ റാമും. എപ്പോഴും എന്റെ വയറില്‍ തലോടി ഇത് പെണ്‍കുഞ്ഞായിരിക്കുമെന്നും അവള്‍ക്ക് ''ധരിത്രി'' എന്ന് പേരിടുമെന്നു പറയുമായിരുന്നു. കുട്ടി പെണ്‍കുഞ്ഞാണെന്ന് അറിയുമ്പോള്‍ റാമിനുണ്ടാകുന്ന സന്തോഷം ഓര്‍ത്ത് എന്റെ മനസ്സ് നിറഞ്ഞു.
ഏകദേശം മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് എന്നെ റൂമിലേയ്ക്ക് കൊണ്ടുവന്നത്. അതിനകം എന്റെ ശരീരത്തിലെ മരവിപ്പ് മാറിയിരുന്നു. വേദന എന്നെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയിരുന്നു. വേദനസംഹാരി മരുന്നുകള്‍ അലര്‍ജി ആയതിനാല്‍ ഡോക്ടര്‍ അതൊഴിവാക്കി. ഇരുപതിലധികം സ്റ്റിച്ചുകളുള്ള എന്റെ അടിവയറ്റിലെ വേദന എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കട്ടിലില്‍ കിടന്നു ഞരങ്ങിയും അലറിക്കരഞ്ഞും ഓരോ നിമിഷവും ഞാന്‍ തള്ളിനീക്കി. അതിനിടയില്‍ അമ്മയോ ചിറ്റയോ ആരൊക്കെയോ വന്ന് കുഞ്ഞിന് പാല് കുടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എനിക്ക് മുലപ്പാല്‍ കുറവായിരുന്നു. അതിനാല്‍ എന്റെ മുലഞെട്ടുകള്‍ ശക്തിയായി പിഴിഞ്ഞ് നഴ്‌സ് കുഞ്ഞിന്റെ വായിലേയ്ക്ക് പാലിറ്റിക്കുകയായിരുന്നു. വേദന കൊണ്ട് പുളയുന്ന എനിക്ക് അതും അസഹനീയമായി.
സിസേറിയന്‍ കഴിഞ്ഞു മൂന്നാമത്തെ ദിവസം ഡോക്ടര്‍ പറഞ്ഞു: ''രമ്യ എത്ര വേദന സഹിക്കേണ്ടിവന്നാലും എഴുന്നേറ്റ് നടക്കണം ഇല്ലെങ്കില്‍ കാലുകളിലേയ്ക്കുള്ള രക്തയോട്ടം നിലയ്ക്കാന്‍ സാധ്യതയുണ്ട്. എങ്ങനെയെങ്കിലും നടന്നേ പറ്റൂ.'' ഡോക്ടര്‍ പറഞ്ഞ കാര്യം എനിക്ക് ആലോചിക്കാനേ പറ്റുമായിരുന്നില്ല. നടക്കാന്‍ പോയിട്ട് ഒന്ന് തിരിഞ്ഞുകിടക്കാന്‍ പോലും കഴിയാത്തത്ര വേദന നിറഞ്ഞ എന്റെ അരക്കെട്ടിലേയ്ക്ക് ഞാന്‍ എങ്ങനെയാണ് എന്റെ കൃത്രിമ കാല്‍ ഘടിപ്പിച്ചു നടക്കുന്നത് എന്നോര്‍ക്കുമ്പോള്‍ എന്റെ വേദന പതിന്മടങ്ങായി വര്‍ധിച്ചു. പക്ഷെ, നടക്കാതിരുന്നാല്‍ ഉണ്ടായേക്കാവന്ന അപകടമോര്‍ത്ത് നാലാമത്തെ ദിവസം ഞാനെന്റെ കൃത്രിമ കാല്‍ വെച്ചുകൊണ്ട് നടക്കാന്‍ ശ്രമിച്ചു. ഓരോ ചുവടിലും വേദനകൊണ്ട് ഞാനലറിക്കരഞ്ഞു. എന്റെ കരച്ചില്‍ ആശുപത്രിയാകെ മുഴങ്ങി. ഡോക്ടര്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു: ''ഡോക്ടര്‍ എന്റെ വേദന കുറയുന്നത് വരെ എന്നെ ഒന്ന് അബോധത്തിലാക്കാമോ.'' അതുകേട്ട് ഡോക്ടര്‍ ചിരിച്ചു കൊണ്ട് എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു: ''സാരമില്ല രമ്യ, ഈ വേദനയൊക്കെ കുറച്ചുദിവസം കഴിയുമ്പോള്‍ മാറും. നിനക്ക് പെയിന്‍ കില്ലര്‍ ഇന്‍ജെക്ഷന്‍ അലര്‍ജി ആയതുകൊണ്ടല്ലേ... ഇല്ലെങ്കില്‍ ഇത്രയും വേദന ഉണ്ടാകില്ലായിരുന്നു.''
ഒരു ദിവസം കുറഞ്ഞത് അരമണിക്കൂറെങ്കിലും നടക്കണമായിരുന്നു. റാമിന്റെ കൈകളില്‍ പിടിച്ച് അലറിക്കരഞ്ഞുകൊണ്ട് ഞാന്‍ മുറിക്കുള്ളില്‍ നടന്നു. അതികഠിനമായ വേദനയുടെ നാളുകളായിരുന്നു അത്. ഏഴാമത്തെ ദിവസം ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേയ്ക്ക് പോന്നു. ഈ ഏഴു ദിവസങ്ങളിലും മാതൃത്വമെന്ന വികാരം എന്നില്‍ ഉണ്ടായിരുന്നില്ല. അത്രമാത്രം വേദന എന്നെ കീഴ്‌പ്പെടുത്തിയിരുന്നു. വേദന തിങ്ങി നിറഞ്ഞ തലച്ചോറിനുള്ളില്‍ മറ്റൊന്നിനും സ്ഥാനമില്ലായിരുന്നു. കുഞ്ഞിന്റെ മുഖം പോലും നന്നായി കാണാനുള്ള മാനസിക- ശാരീരിക അവസ്ഥ ആയിരുന്നില്ല. സന്ദര്‍ശകരും അവര്‍ പറയുന്ന പ്രസവാനന്തര ശുശ്രൂഷകളും എനിക്ക് അസഹനീയമായി അനുഭവപ്പെട്ടു. മലമൂത്ര വിസര്‍ജ്ജനം പോലും ചെയ്യാനുള്ള ഭയം കാരണം ഭക്ഷണവും വെള്ളവും കഴിക്കാന്‍ മടിച്ചു. പെട്ടെന്ന് മുറിവ് കൂടും എന്ന കാരണത്താല്‍ കുരുമുളക് ഇട്ടുവറ്റിച്ച വരാല്‍ കറിയും ചുവന്നുള്ളി മൂപ്പിച്ച ചോറും കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു. എനിക്കതിനു കഴിയുമായിരുന്നില്ലെങ്കിലും അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസ്സോടെ ഞാനത് കഴിച്ചു. ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് അത്ര കഠിനമായ വേദന അനുഭവിക്കുന്ന ഒന്നാണെന്നിരിക്കെ എനിക്കാ വേദനയെല്ലാം പതിന്മടങ്ങായി അനുഭവപ്പെട്ടിരുന്നു.
ദിവസങ്ങള്‍ കഴിയുംതോറും വേദനയുടെ കാഠിന്യം കുറഞ്ഞുവന്നു. അപ്പോള്‍ മുതലായിരുന്നു ഞാന്‍ കുഞ്ഞിനെ ശ്രദ്ധിക്കാനും കളിപ്പിക്കാനുമൊക്കെ തുടങ്ങിയത്. അതുവരെ കുഞ്ഞിന് സമയത്ത് പാലുകൊടുക്കാന്‍ പോലുമുള്ള മനസികാവസ്ഥയില്ലായിരുന്നു. കുഞ്ഞിനെ നോക്കിയും അതിന്റെ കുഞ്ഞു കാല്‍പാദങ്ങളിലും കവിളികളിലും കൈകളിലും ഉമ്മവച്ചും അതിനെ തൊട്ടും തലോടിയും സമയം പോകുന്നതേ ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ ഇടതുകാല്‍ മുട്ടിനു താഴെയായി ഒരു കറുത്ത പാട് പ്രത്യക്ഷപ്പെട്ടത് അത് കണ്ടതും എന്റെ ഉള്ളു പിടഞ്ഞു. എന്റെ കാലിനു സംഭവിച്ചത് ഓര്‍ത്ത് എനിക്ക് സ്വസ്ഥത നഷ്ടമായി.അത് റാമിനോടും അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍ അവര്‍ക്കും ഭയമായി. പെട്ടെന്ന് തന്നെ ഡോക്ടറെ കൊണ്ടുപോയി കാണിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ''അത് വെറുമൊരു മറുകാണ്, ഇതില്‍ നിങ്ങള്‍ പേടിക്കുന്നതുപോലെ ഒന്നും തന്നെയില്ല'' എന്നായിരുന്നു. അതിനു ശേഷമാണ് എന്നിലെ ആധി ശമിച്ചത്.
എന്റെ പ്രസവത്തിനു മുന്‍പായി ഒരു കുഞ്ഞിനെ എടുത്തോ കളിപ്പിച്ചോ ശീലമില്ലാതിരുന്ന എനിക്ക് കുഞ്ഞിനെ എടുക്കുന്നത് എങ്ങനെയാണെന്ന് പോലും അറിയില്ലായിരുന്നു. എന്റെ കുഞ്ഞിനെ ചേര്‍ത്തുകിടത്തികൊണ്ട് ഞാന്‍ ഓര്‍ത്തു, പണ്ടൊരിക്കല്‍ ഒരു ബന്ധുവിന്റെ കുഞ്ഞിനെയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാനെടുത്താല്‍ കുഞ്ഞിന് അംഗവൈകല്യങ്ങളെ ഉണ്ടാകുമെന്നു പറഞ്ഞു എനിക്ക് തരാതിരുന്നത്. ഞാന്‍ ഹൃദയംപൊട്ടി കരഞ്ഞ ദിവസമായിരുന്നു അത്. ഇന്നിപ്പോള്‍ ഞാനൊരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു. കാലം ചില മനുഷ്യര്‍ക്കും അനുഭവങ്ങള്‍ക്കും മുകളില്‍ നടപ്പില്‍വരുത്തുന്ന നീതിയെ ഓര്‍ത്ത് എനിക്കത്ഭുതംതോന്നി. എത്രമാത്രം മൂഢവിശ്വാസങ്ങളുടെയും അബദ്ധധാരണകളുടെയും മുകളിലാണ് മനുഷ്യനെ പടുത്തുയര്‍ത്തിയിരിക്കുന്നത് എന്ന് ചിന്തിച്ചപ്പോള്‍ മനുഷ്യനെന്ന സങ്കല്പത്തോട് തന്നെ വെറുപ്പ് തോന്നി. സാമ്പ്രദായികമായ ഇത്തരം മനുഷ്യ സങ്കല്പനിര്‍മിതികളില്‍നിന്നു പുറത്തുനിര്‍ത്തിയാവണം ഈ കുഞ്ഞു വളര്‍ന്നു വരേണ്ടതെന്നു ഞാന്‍ തീരുമാനിച്ചു. സ്‌നേഹവും കാരുണ്യവും നന്മയും ആയിരിക്കണം അവളുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാന സ്വഭാവമെന്നു ഞാന്‍ ആഗ്രഹിച്ചു.
എന്റെ കുഞ്ഞു മാത്രമായിരുന്നു എന്റെ ലോകം അവളെ കുളിപ്പിച്ചും പൊട്ടു തൊടീച്ചും കണ്ണെഴുതിയും അവളുടെ കളിചിരികളില്‍ മതിമറന്നും ഞാന്‍ ജീവിച്ചു. വായനയും എഴുത്തും കവിതയും ഒക്കെ ഞാന്‍ മറന്നു. അവളുടെ മോണ കാട്ടിയുള്ള ചിരിയില്‍ എന്റെ വേദനകളെല്ലാം മറന്നു. എന്നിരുന്നാലും എന്റെ ശരീരം വേദനകളെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു. അമ്പത്തൊമ്പത് കിലോഗ്രാമില്‍നിന്നും അല്പംപോലും കൂടാന്‍ പറ്റാത്ത എന്റെ ശരീരഭാരം എഴുപത് കിലോ ആയി വര്‍ധിച്ചു. 59 കിലോ ഭാരമുള്ള ശരീരത്തിന് ഉതകുന്ന രീതിയില്‍ ആയിരുന്നു എന്റെ കാല്‍ നിര്‍മിച്ചിരുന്നത്. അതില്‍ കൂടുതല്‍ ഭാരമായാല്‍ എന്റെ നട്ടെല്ലിന് താങ്ങാന്‍ പറ്റാതെയാവും. അത് കഠിനമായ വേദനയിലേയ്ക്കും ശാരീരിക ബുദ്ധിമുട്ടുകളിലേയ്ക്കും നയിക്കും. അതുതന്നെയായിരുന്നു സംഭവിച്ചതും. എനിക്ക് നടക്കാന്‍ പറ്റാതാവുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തു. എന്റെ കുഞ്ഞിന്റെ ചിരിയില്‍ ഞാന്‍ അതെല്ലാം മറന്നു. സഹനവും സാഹസവും എന്റെ ജീവിതത്തിന്റെ പര്യായങ്ങളായി മാറി.
മോള്‍ക്ക് ഒന്നര വയസ്സായപ്പോഴാണ് ഞാന്‍ റാമിന്റെ വീട്ടിലേയ്ക്ക് പോകുന്നത്. എന്റെ ശാരീരിക അവസ്ഥയില്‍ തുടര്‍ന്നുള്ള ജീവിതത്തെ എങ്ങനെ അതിജീവിക്കുമെന്ന ചിന്ത എന്നെ വലിയ രീതിയില്‍ അലട്ടിയിരുന്നു. എങ്കിലും എല്ലാം നേരിടാന്‍ ഞാന്‍ തയ്യാറായിരുന്നു. അതുവരെ എനിക്ക് അമ്മയില്‍നിന്ന് കിട്ടിയ സഹായങ്ങള്‍ ഇല്ലാതായപ്പോള്‍ കുഞ്ഞിനെ നോക്കുന്നതും വീട്ടുജോലികളും എല്ലാം താങ്ങാന്‍ പറ്റാതെയായി. റാം സഹായിക്കുമായിരുന്നെങ്കിലും അതിനൊക്കെയും ഒരു പരിധിയുണ്ടായിരുന്നു. അതിലൊക്കെ ഉപരിയായി ഓരോ ദിവസം ചെല്ലുംതോറും റാമിന്റെ അച്ഛന്‍ കൂടുതല്‍ മൗനിയായിക്കൊണ്ടിരുന്നു. പോകെപ്പോകെ അതില്‍നിന്നു വ്യത്യസ്തമായി രാത്രികാലങ്ങളില്‍ ഉറക്കമില്ലാതെ മുറിക്കുള്ളില്‍ തലങ്ങും വിലങ്ങും നടക്കുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അച്ഛന്റെ ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നെന്നു വൈകാതെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. റാമും അച്ഛനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ല. റാം കുട്ടിയായിരുന്നപ്പോള്‍ അച്ഛന്‍ അമ്മയെ ഉപദ്രവിക്കുന്നത് കണ്ടതിനാല്‍ അന്നുമുതല്‍ അച്ഛനോടുണ്ടായിരുന്ന മാനസിക അടുപ്പം ഇല്ലാതായതായിരുന്നു. പിന്നീട് റാം അച്ഛനോട് മിണ്ടിയിട്ടില്ല. ഞാന്‍ അവിടെ ചെന്നതിനു ശേഷം ഒരിക്കല്‍ പോലും റാം അച്ഛനോട് മുഖാമുഖം നോക്കുന്നതോ മിണ്ടുന്നതോ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. അച്ഛന്‍ ഒരുതരത്തില്‍ അലസനായിരുന്നു, എല്ലുമുറിയെ പണിയെടുക്കുമായിരുന്നെങ്കിലും അത് കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന കാര്യത്തില്‍ പിന്നോക്കം നിന്നിരുന്നു. മക്കളുടെ വളര്‍ച്ചയ്ക്കും അവരുടെ ഭാവിജീവിതത്തിന്റെ സുരക്ഷയ്ക്കും അച്ഛന്‍ പ്രാധാന്യം നല്‍കിയില്ല. അച്ഛന്റെ അലസജീവിതത്തിനു മുകളിലായിരുന്നു ചിറ്റപ്പന്‍ എന്ന വ്യക്തി റാം അടക്കമുള്ള അച്ഛന്റെ മക്കളുടെ ജീവിതത്തില്‍ ആധിപത്യം സ്ഥാപിച്ചത്. അവര്‍ക്കുവേണ്ട കാര്യങ്ങള്‍ ചെയ്തും അവരുടെ ഭാവിജീവിതത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുത്തും അവരെ സംരക്ഷിച്ചുപോന്നത് അദ്ദേഹമായിരുന്നു. അതില്‍നിന്നു വ്യത്യസ്തമായി മാറി നടന്നത് റാം മാത്രമായിരുന്നു. ചിറ്റപ്പന്‍ എന്നയാളുടെ വിശ്വാസങ്ങളെയും ആദര്‍ശങ്ങളെയും ജാതിബോധത്തെയും പിന്തുടരാന്‍ റാമിന് കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ റാം എന്നും അവരുടെ മനസ്സിന്റെ പുറമ്പോക്കില്‍ത്തന്നെയായിരുന്നു. എന്നെ വിവാഹം കഴിച്ചതോടുകൂടി അത് കടുത്ത വെറുപ്പിലേയ്ക്കും വഴിമാറി.
പ്രസവാനന്തരമുള്ള എന്റെ ശാരീരിക അവശതകള്‍ കൂടിക്കൂടി വന്നുകൊണ്ടിരുന്നു. അലര്‍ജി മൂലമുള്ള പ്രശ്‌നങ്ങളും പതിവായി. ഓര്‍മക്കുറവുള്ള അച്ഛന്റെ നിര്‍ത്താതെയുള്ള ജല്പനങ്ങളും അലര്‍ച്ചയും പൊട്ടിക്കരച്ചിലുകളും ശകാരങ്ങളും വീട്ടില്‍ മുഴങ്ങികൊണ്ടിരുന്നു. അതെന്നെ മാനസികമായി തളര്‍ത്തി. കവിതയും പുസ്തകങ്ങളുമൊക്കെ എനിക്ക് വിദൂരമായ ഓര്‍മ്മകള്‍ മാത്രമായി. രാവിലെ മുതല്‍ രാത്രിവരെയുള്ള ജോലികള്‍ എന്റെ ആരോഗ്യത്തെ താറുമാറാക്കി. അതിനിടയില്‍ അച്ഛന് ഭക്ഷണം കൊടുക്കുന്നത് ഏറ്റവും ശ്രമകരമായ ഒരു പ്രവൃത്തി തന്നെയായിരുന്നു. അച്ഛന് ഓര്‍മ നശിച്ചതുമുതല്‍ എന്നെ ആ വീട്ടിലെ വേലക്കാരി എന്ന നിലയിലായിരുന്നു പരിഗണിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടാവാം ഇടയ്ക്കിടെ എന്നെ ഉപദ്രവിക്കാനും തുടങ്ങി. അപ്രതീക്ഷിതമായി എന്നെ ഇടിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്യുമായിരുന്നു. അതെന്നെ കൂടുതല്‍ അവശയാക്കി.
അതൊക്കെ ഞാന്‍ പരാതിപ്പെടുമ്പോള്‍ ഒന്നും മനഃപൂര്‍വം അല്ലല്ലോ ഓര്‍മക്കുറവ് കൊണ്ടല്ലേ എന്ന് പറഞ്ഞു റാമിന്റെ ബന്ധുക്കളും സഹോദരിമാരും അതിനെ ലഘൂകരിക്കുമായിരുന്നു. തീരെ വയ്യാതാകുന്ന സമയത്തൊക്കെ എന്റെ വീട്ടില്‍ പോയി നില്‍ക്കുമ്പോള്‍ പ്രായമായ, സുഖമില്ലാത്ത അച്ഛനെ വീട്ടില്‍ തനിച്ചാക്കി പോയി എന്ന കാരണം പറഞ്ഞു എല്ലാവരും എന്നെ മാനസികമായി വേട്ടയാടി. രണ്ടോ മൂന്നോ ദിവസം കൂടുതല്‍ എന്റെ വീട്ടില്‍ നിന്നാല്‍ സാമ്പ്രദായിക വിശ്വാസങ്ങളെ കൂട്ടുപിടിച്ചു ജീവിക്കുന്ന എന്റെ അച്ഛനമ്മമാര്‍ എന്നെ ഭര്‍തൃവീട്ടിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിക്കുമായിരുന്നു. മനസ്സും ശരീരവും ഒരുപോലെ തകര്‍ന്നു ഒരു ജീവച്ഛവം പോലെ ഞാന്‍ അവിടെ തുടര്‍ന്നു. കവിതയെഴുതിയിരുന്ന ഞാന്‍ വിദൂരമായ ഒരോര്‍മ മാത്രമായി മാറിക്കഴിഞ്ഞിരുന്നു. അപ്പോഴൊക്കെ എന്റെ അവശതകള്‍ നോക്കി ഒന്നും ചെയ്യാനാകാതെ നില്‍ക്കുന്ന റാമിനെയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ എനിക്ക് കാണാനായത്.
അതിനിടയില്‍ ആകെയുള്ള വരുമാനമാര്‍ഗമായിരുന്ന കമ്പ്യൂട്ടര്‍ സെന്റര്‍ കനത്ത നഷ്ടത്തിലായി. ലോണ്‍ തുകയും വാടകയും കറണ്ട് ചാര്‍ജും അടയ്ക്കാനാകാതെ ഏറെ കഷ്ടപ്പെട്ടു. പലപ്പോഴും എന്റെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും വിറ്റും അതെല്ലാം അടച്ചു. പിന്നീട് ആ സാധ്യതയും ഇല്ലാതായി. ഒടുവില്‍ ആ സ്ഥാപനം ഞങ്ങള്‍ക്ക് എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്നുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന ചിന്ത എന്റെ ഉറക്കം കെടുത്തി. മറ്റൊരു വരുമാന മാര്‍ഗ്ഗം കണ്ടെത്താനുള്ള ശ്രമങ്ങള്‍ റാമിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നു മാത്രമല്ല, പ്രതിസന്ധികളെ നേരിടാന്‍ റാം മദ്യത്തില്‍ അഭയം പ്രാപിക്കാനും തുടങ്ങി.
(തുടരും)
Content Highlights: remya thuravoor autobiography pathiyatha kalppadukal
Published: 20 Mar 2025, 11:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented