ജീവിതം പിടിതരാതെ കുതറിക്കൊണ്ടിരുന്നു. ഒരു പക്ഷെ എന്റെ ഈ ജീവിതകഥയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിച്ചിട്ടുള്ള വാക്ക് 'വേദന' എന്നതായിരിക്കും. വേദനിച്ചു വേദനിച്ചു വേദന എനിക്കൊരു ലഹരിയും ശീലവുമായി മാറിക്കഴിഞ്ഞിരുന്നു.

To advertise here,

അന്നെന്റെ ജന്മദിനമായിരുന്നു. മുപ്പത്തൊന്നു വയസ്സ് തികഞ്ഞ ദിവസം. എന്റെ ജന്മദിനം ആരും ഓര്‍മയില്‍ സൂക്ഷിക്കാന്‍ സാധ്യതയില്ല. അമ്മപോലും ഓര്‍ക്കാനിടയില്ല. കുട്ടിക്കാലത്തൊക്കെ ഓര്‍ത്തിരുന്നു എന്നതല്ലാതെ മുതിര്‍ന്നതിന് ശേഷം ഞാനുള്‍പ്പെടെ ആരുംതന്നെ അതിനു പ്രാധാന്യം കൊടുത്തിരുന്നില്ല. പ്രണയത്തിലായിരിക്കുമ്പോള്‍ റാം ഓര്‍മിച്ചിരുന്നു. ഇപ്പോള്‍ അയാളും അത് മറന്നിരിക്കുന്നു. അക്കാലത്തൊക്കെ ഞാന്‍ വളരെ അപൂര്‍വമായി മാത്രമേ കണ്ണാടിയില്‍ നോക്കാറുണ്ടായിരുന്നുള്ളൂ. അന്ന് ഞാന്‍ രാവിലെ കുളി കഴിഞ്ഞു കണ്ണാടിയുടെ മുന്നില്‍ ചെന്നുനിന്നു. എന്നില്‍ വന്ന മാറ്റങ്ങളെ ഞാന്‍ നിരീക്ഷിച്ചു. അവിശ്വസനീയതയോടെയാണ് ഞാന്‍ എന്നെ നോക്കിയത്. എനിക്ക് പരിചയമില്ലാത്ത മറ്റൊരു സ്ത്രീയായിരുന്നു അത്. ഞങ്ങള്‍ കണ്ണാടിയില്‍ മുഖാമുഖം നോക്കിയിരിക്കുമ്പോള്‍ രണ്ടു കാലങ്ങളില്‍, രണ്ടു ലോകങ്ങളില്‍ നിന്നിറങ്ങി വന്നവരായിത്തോന്നി. എന്റെ കണ്ണുകള്‍ തിളക്കം നഷ്ടപ്പെട്ട് മരിച്ചവരുടേത് പോലെയായിത്തീര്‍ന്നിരിക്കുന്നു. എന്റെ കാമുകന്മാര്‍ കവിതയില്‍ ചാലിച്ച് വര്‍ണിച്ചിരുന്ന സര്‍പ്പസൗന്ദര്യമുള്ള എന്റെ കണ്ണുകള്‍ അവിടെയില്ലായിരുന്നു. അകാലനര വീണ തലമുടി, എത്ര ശ്രമിച്ചിട്ടും വീണ്ടെടുക്കാനാവാത്ത എന്റെ ചിരി. ഞാന്‍ എന്നെ എവിടെയോ കളഞ്ഞുപോയിരുന്നു. ക്രമരഹിതമായി വളര്‍ന്നിറങ്ങിയ എണ്ണ വറ്റിയ മുടിയും കൂടിയായപ്പോള്‍ ഗുജറാത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലെവിടെയോ നിന്ന് ഏതോ കാലത്തില്‍നിന്നിറങ്ങിപ്പുറപ്പെട്ട നാടോടി സ്ത്രീയെപ്പോലെ എനിക്കെന്നെ തോന്നി.

പകല്‍സമയങ്ങളില്‍ വീട്ടുജോലികളൊക്കെ കഴിഞ്ഞു കുഞ്ഞിനെ ഉറക്കുന്നതിനിടെ ഞാന്‍ ജനലിലൂടെ തെക്കേ പാടത്തേയ്ക്ക് നോക്കിയിരുന്നു. വെയില്‍ വീണു പൊള്ളുന്ന പുല്‍ത്തകിടികളില്‍ പശുക്കള്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. ഒന്നുരണ്ടെണ്ണം അവറ്റകളെ കെട്ടിയിട്ട കുറ്റികള്‍ക്ക് ചുറ്റും മേഞ്ഞു നടന്നിരുന്നു. പാടത്തിനക്കരെയുള്ള വീട്ടിലെ അഴയില്‍ ഉണക്കാനിട്ട നിറം മങ്ങിയ സാരികള്‍ പൊള്ളിപ്പോയ ഓര്‍മ്മകളുടെ ശേഷിപ്പെന്നോണം കാറ്റത്ത്  പാറിപ്പറക്കുന്നുണ്ടായിരുന്നു. പാടത്തിന്റെ കിഴക്കുവശത്തെ വീട്ടിലെ വിശാലമായ പറമ്പിന്റെ അതിരില്‍നിന്നും പാടത്തേയ്ക്ക് ഒരു ചാമ്പമരം ചാഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ചുവപ്പ് നിറത്തില്‍ കുലകുലയായി കിടക്കുന്ന വിളഞ്ഞ ചാമ്പക്കകളെ നോക്കിയിരിക്കുമ്പോള്‍ എന്റെ സ്‌കൂള്‍ പഠനകാലത്തില്‍നിന്നും ഒരോര്‍മ എന്നെ നോക്കി കണ്മിഴിച്ചു. പണ്ട്ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലേക്ക് നടക്കുന്ന വഴിയരികിലെ ഒരു വീട്ടില്‍നിന്നും അവരുടെ മതിലിനു പുറത്തേയ്ക്ക് ചാഞ്ഞു കിടന്നിരുന്ന ചാമ്പ മരത്തിലെ കുലകുലയായ് കിടന്നിരുന്ന ചാമ്പക്ക ആരും കാണാതെ പറിച്ചെടുത്തത് ബാഗിലൊളിപ്പിച്ച ഓര്‍മ ഇരട്ടവാലന്‍ ജീവിയെപ്പോലെ എന്നെ വന്നു കുത്തി. ജീവിതത്തിലെ ആദ്യത്തെ മോഷണമായിരുന്നു അത്. അന്ന് മുതലാണ് ചാമ്പക്കായുടെ രുചിമാത്രം എന്റെ നാവിനു നഷ്ടമായത്. ഇപ്പോഴും ചാമ്പക്കാ കാണുമ്പോഴും കഴിക്കുമ്പോഴും അന്നത്തെ മോഷണത്തിന്റെ കയ്പ്പ് എന്റെ നാവില്‍ രുചിക്കും. ഓര്‍മകള്‍ക്ക് വല്ലാത്ത കനം തോന്നി.   

എനിക്ക് കുഞ്ഞു ജനിക്കുന്നതുവരെ ജീവിച്ചിരിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. ഭൂതകാലത്തിന്റെ തടവറയില്‍ ഓര്‍മകള്‍ക്കുള്ളില്‍ മുങ്ങിയും പൊങ്ങിയും ഒഴുകി നടക്കുന്ന ഞാനും ഓര്‍മ്മകള്‍ നഷ്ടപ്പെട്ട അച്ഛനും മദ്യത്തില്‍ അഭയം പ്രാപിച്ച റാമും വേര്‍പെട്ട തീവണ്ടി ബോഗികള്‍ പോലെ ആ വീട്ടിനുള്ളില്‍ ചുറ്റിത്തിരിഞ്ഞു. 

റാമിന്റെ അച്ഛന്റെ ഓര്‍മ പൂര്‍ണമായും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഓരോ പ്രാവശ്യവും മെഡിക്കല്‍ പരിശോധനയില്‍ അച്ഛന്റെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞുകൊണ്ടിരുന്നു. അച്ഛന്റെ ഓര്‍മക്കുറവിനുള്ള കാരണം അതായിരുന്നു എന്നു ഡോക്ടര്‍ പറഞ്ഞിരുന്നെങ്കിലും പണ്ടെന്നോ നേര്‍ന്ന വഴിപാട് നടത്താതെ ഇരുന്നതിനാലാണ് അച്ഛന് ഇങ്ങനെ സംഭവിക്കുന്നതെന്ന് റാമിന്റെ ചിറ്റപ്പന്‍ പറഞ്ഞതനുസരിച്ചു റാമും ഞാനും ഒഴികെ കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് അവശനായ അച്ഛനെ പഴനിയിലും മറ്റു ചില ആരാധനാലയങ്ങളിലും കൊണ്ടുപോയി. അവിടെനിന്ന് തിരികെ എത്തിയതിനു ശേഷം അച്ഛനില്‍ ഒരു മാറ്റവും ഉണ്ടായില്ലെന്ന് മാത്രമല്ല ആരോഗ്യനില കൂടുതല്‍ മോശമാകുകയും ചെയ്തു. പക്ഷെ, അതെല്ലാം ചെന്നുകയറിയ പെണ്ണിന്റെ ദോഷമാണ് എന്ന രീതിയില്‍ ഒടുവില്‍ പ്രചരിപ്പിച്ചു. അച്ഛന് ഭക്ഷണം കൊടുക്കുന്നത് എനിക്കല്പം ഭയമുള്ള കാര്യമായിരുന്നു. ഭക്ഷണം കൊടുക്കുന്നതിനിടയില്‍ കുതറുകയും അടുത്തു നില്‍ക്കുന്നവരെ അച്ഛന്‍  ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. പലതവണ അത് നേരിടേണ്ടിവന്നതിനാല്‍ അങ്ങനൊരു ഭയം എന്നിലുണ്ടായിരുന്നു. എങ്കിലും അതെല്ലാം അതിജീവിച്ചുകൊണ്ട് ഞാനത് ചെയ്തിരുന്നു. ഓര്‍മകള്‍ നശിച്ചു സ്വയബോധമില്ലാതെ ഭക്ഷണത്തിനു പോലും മറ്റുള്ളവരുടെ ആശ്രയം വേണ്ടിവരുന്ന ആ വൃദ്ധാവസ്ഥയോട് എനിക്ക് അതിയായ അനുകമ്പ തോന്നി. മാത്രമല്ല എല്ലാ ബോധത്തോടെയും എന്നെ ആക്രമിക്കാന്‍ നില്‍ക്കുന്ന മനുഷ്യര്‍ക്കിടയില്‍ ഓര്‍മ നശിച്ച അച്ഛന്റെ ചെയ്തികള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്? രണ്ടു വയസ്സ് മാത്രമുള്ള എന്റെ കുഞ്ഞിന്റെയും എണ്‍പത്തെട്ട് വയസ്സുള്ള അച്ഛന്റെയും ഇടയില്‍ ഒരു മാന്ത്രിക ദണ്ഡ് കണക്കെ ഞാന്‍ പറന്നുനടന്നു.

ഒരു കയ്യില്‍ കുഞ്ഞും മറുകയ്യില്‍ ഇന്‍ഹേലറും ശരീരത്തില്‍ ഘടിപ്പിച്ചുകൊണ്ടായിരുന്നു ആസ്മ രോഗിയായ ഞാന്‍ നടന്നിരുന്നത്. മണിക്കൂറിടവിട്ട് ക്രമരഹിതമാകുന്ന ശ്വാസഗതിയില്‍ പല മരണങ്ങള്‍ എന്നിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു. കൃത്യമായി ചികിത്സിക്കാനോ മരുന്ന് വാങ്ങാനോ ഉള്ള പണമില്ലാത്തതിനാല്‍ എന്റെ ശാരീരിക വേദനകളൊക്കെ ഞാന്‍ മൂടിവച്ചു. സ്വയം തിരഞ്ഞെടുത്ത ജീവിതത്തില്‍ എന്ത് കുഴപ്പങ്ങള്‍ ഉണ്ടായാലും അത് സ്വയം അനുഭവിക്കണമെന്ന പ്രസ്താവന എന്റെ മാതാപിതാക്കള്‍ മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ അവരോട് പറയാന്‍ എന്റെ ആത്മാഭിമാനം അനുവദിച്ചില്ല. പല വേദനകളും കടിച്ചമര്‍ത്തിക്കൊണ്ട് വീട്ടിനുള്ളില്‍ ഒരു യന്ത്രം കണക്കെ ഞാന്‍ ജീവിച്ചു.

എന്റെ ഉള്ളിലെ കവിതയും പ്രണയവുമെല്ലാം എനിക്കു നേരെനിന്നു കണ്ണീരിറ്റിച്ചുകൊണ്ടിരുന്നു ഒരു ദിവസം അച്ഛന്റെ സഹോദരന്മാരില്‍ ഏറ്റവും ഇളയവനായ വാസുദേവന്‍ കൊച്ചച്ചന്‍ വീട്ടില്‍ വന്നു. അച്ഛന്റെ അടുത്ത് കുറേനേരം ഇരുന്നതിനു ശേഷം പോകാന്‍ നേരം എന്റെടുത്ത് വന്നുകൊണ്ട് പറഞ്ഞു ''നീ ഇവിടെ ഒത്തിരി വേദനകള്‍ അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാം മോളെ, ഇതൊക്കെ താങ്ങാന്‍ നിനക്ക് ശക്തി ഉണ്ടാകട്ടെ എന്നു മാത്രമേ എനിക്ക് പറയാന്‍ കഴിയൂ.'' കൊച്ചച്ചന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി. എന്നെ കണ്ട നാള്‍ മുതല്‍ എന്നോട് സ്‌നേഹത്തോടെ മാത്രമേ കൊച്ചച്ചന്‍ പെരുമാറിയിരുന്നുള്ളൂ. സ്വന്തം ഇഷ്ടപ്രകാരം പ്രണയിച്ച സ്ത്രീയെത്തന്നെ വിവാഹം കഴിച്ചു എന്ന ഒറ്റ കാരണത്താല്‍ കുടുംബത്തില്‍നിന്നും എന്നെന്നേക്കുമായി പുറത്താക്കപ്പെട്ടവനായിരുന്നു അദ്ദേഹം. ആ തീരുമാനത്തിന് പിന്നിലും റാമിന്റെ ചിറ്റപ്പനായിരുന്നെന്നും കൊച്ചച്ചന്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അവരുടെ തീരുമാനത്തെ അവഗണിച്ചുകൊണ്ട് സ്‌നേഹിച്ച സ്ത്രീയെ ചേര്‍ത്തുപിടിച്ച അദ്ദേഹത്തിന്റെ സ്‌നേഹത്തെയും  ആത്മാഭിമാനത്തെയുമോര്‍ത്ത് എനിക്ക് ഒത്തിരി സന്തോഷം തോന്നി. പിന്നീടാ ധൈര്യം കാണിച്ചത് റാമായിരുന്നു. പ്രണയച്ചതിന്റെ പേരില്‍ ഭ്രഷ്ടരാക്കപ്പെട്ട കൊച്ചച്ചന്റെയും റാമിന്റെയും കൂടിച്ചേരലുകളെയും വര്‍ത്തമാനങ്ങളെയും മറ്റു ബന്ധുക്കള്‍ പുച്ഛത്തോടെയും പരിഹാസത്തോടെയും മാത്രമായിരുന്നു വീക്ഷിച്ചുകൊണ്ടിരുന്നത്. 

റാം മെല്ലെ മെല്ലെ മാറുകയായിരുന്നു. സ്വപ്നം കണ്ട ജീവിതത്തിന്റെ ചാമ്പലില്‍ ചവുട്ടിനിന്നുകൊണ്ട് സ്‌നേഹത്തിന്റെ വ്യര്‍ഥതയെക്കുറിച്ചോര്‍ത്തു ഞാന്‍ കരഞ്ഞു. സ്വന്തമാക്കലിന് തൊട്ടുമുന്‍പുവരെയുള്ള വിഭ്രമാവസ്ഥയാണ് പ്രണയമെന്നെനിക്ക് തോന്നി. ഓരോ ദിവസം കഴിയുന്തോറും റാമിന്റെ മദ്യപാനശീലം കൂട്ടിക്കൂട്ടിവന്നുകൊണ്ടിരുന്നു. അതിനുവേണ്ടി അയാള്‍ താങ്ങാനാവാത്ത കടങ്ങള്‍ വരുത്തിവെച്ചു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ കടുത്ത സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. രാത്രി ഏറെ വൈകി അബോധാവസ്ഥയില്‍ വീട്ടില്‍വന്നു കയറുന്ന റാമിന്റെ വര്‍ത്തമാനങ്ങളും ശകാരങ്ങളും വാക്കുതര്‍ക്കങ്ങളും ഞാന്‍ അങ്ങേയറ്റം വെറുത്തു. മദ്യത്തിന്റെയും വിയര്‍പ്പിന്റെയും രൂക്ഷഗന്ധമോടെ റാം ഉറങ്ങാന്‍ കിടക്കുബോള്‍ രണ്ടു വയസ്സുള്ള എന്റെ മോളെ നെഞ്ചോടടുക്കി കടുത്ത ശ്വാസം മുട്ടലോടെ ഞാന്‍ മുറിയുടെ മൂലയ്ക്കിരിക്കും.

എന്റെ ആ ചിത്രം പില്‍ക്കാലത്ത് 'കുടിയന്റെ മുറി' എന്ന ഒരു  കവിതയായി പുനര്‍ജനിച്ചിട്ടുണ്ട്. പിറ്റേ ദിവസം പുലരുമ്പോള്‍ കുറ്റബോധത്താല്‍ വിറയ്ക്കുന്ന കൈകളോടെ എന്നോട് മാപ്പിരക്കുന്ന റാമിനോട് എനിക്ക് സഹതാപം തോന്നും. അസാധാരണമായ കഴിവുണ്ടായിട്ടും ആഗ്രഹിച്ച ഇടത്തെത്താതെ പോയതിന്റെ ആത്മസംഘര്‍ഷങ്ങളും പേറി ജീവിതത്തെ ഭയന്ന്, ഉത്തരവാദിത്തങ്ങളെ ഭയന്ന് ജീവിക്കുന്ന ഒരാളെ ഏതു ഭാഷകൊണ്ടോ എന്തു പ്രവൃത്തികൊണ്ടോ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. മാത്രമല്ല, റാമിനോടുള്ള സ്‌നേഹത്താല്‍ അത്രയും അടിമപ്പെട്ടു പോയിരുന്നതിനാല്‍ എന്റെ ചെറുത്തുനില്‍പ്പുകള്‍ അത്രയും ദുര്‍ബലമായിരുന്നു. 

അയാളുടെ വേദനകളില്‍ ഞാനും ചുട്ടുപൊള്ളി. അയാളുടെ കണ്ണുനീര്‍ എന്നെയും ഉരുക്കി. ആത്മാവും ശരീരവും മരവിച്ച അവസ്ഥയില്‍ ആയിരുന്നു ഞാന്‍. മണിക്കൂറിടവിട്ട് വന്നുകൊണ്ടിരുന്ന ശ്വാസമുട്ടലായിരുന്നു ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്നു എന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നത്. അത്രത്തോളം നിര്‍ജീവമായ ആത്മാവായിത്തീര്‍ന്നിരുന്നു ഞാന്‍. ഇതിനകം നാളുകള്‍ക്ക് മുന്‍പ് എന്നില്‍ നിന്നകന്നു പോയിരുന്ന വിഷാദരോഗവും അതിന്റെ കടുത്ത നിരാശയും അരക്ഷിതാവസ്ഥയും ഭയവും ഉറക്കമില്ലായ്മയുമെല്ലാം എന്നെ പിടികൂടി കഴിഞ്ഞിരുന്നു. ഒട്ടും പരിചിതമല്ലാത്ത ഒരു പ്രാകൃതജീവിയായി കഴിഞ്ഞിരുന്നു ഞാന്‍.

ഒരു ദിവസം തെക്കേ മുറ്റത്തെ വാഴച്ചോട്ടില്‍ നില്‍ക്കുമ്പോള്‍ അല്‍പം ദൂരെനിന്നും ഒരു പാട്ട് അടുത്തടുത്തു വരുന്നുണ്ടായിരുന്നു. ശ്രദ്ധിച്ചപ്പോള്‍ അത് ജോയിചേട്ടനായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അയാളെന്റെ അടുത്തെത്തി എന്നെ നോക്കി ചിരിച്ചു. കള്ളിന്റെ മണം ചേട്ടന് ചുറ്റുമാകെ പടര്‍ന്നു. കല്യാണം കഴിഞ്ഞു ചെന്ന കാലം മുതല്‍ ഒരവധൂതനെ പോലെ ഇടയ്ക്കിടെ വന്നുപോകാറുള്ള ആളായിരുന്നു ജോയിച്ചേട്ടന്‍. അനാഥനായ ആ മനുഷ്യന്‍  എവിടെനിന്നു വരുന്നെന്നോ എങ്ങോട്ട് പോകുന്നെന്നോ ആര്‍ക്കും അറിയില്ലായിരുന്നു. കടുത്ത മദ്യപാനി ആയിരുന്നതിനാല്‍ ആരും അയാളെ  അത്രയധികം പരിഗണിച്ചിരുന്നില്ല. ഏകദേശം എഴുപതോളം വയസ്സ് പ്രായം തോന്നിപ്പിക്കുന്ന മെലിഞ്ഞുപൊക്കമുള്ള യേശുക്രിസ്തുവിനെപ്പോലെ തോന്നിപ്പിക്കുന്ന മുഖവും താടിരോമങ്ങളുമുള്ളതിനാല്‍ എല്ലാവരും അയാളെ 'ഈശോ ജോയ്' എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. എനിക്ക് പക്ഷെ അദ്ദേഹത്തെ കാണുമ്പോള്‍ ദസ്തയേവിസ്‌കിയുടെ രൂപത്തോടായിരുന്നു കൂടുതല്‍ സാദൃശ്യം തോന്നിയിരുന്നത്. അത്യാവശ്യം വായനയും അറിവുമുള്ള മനുഷ്യനായിരുന്നു അയാള്‍. ഇടയ്ക്കിടെ വരുമ്പോള്‍ പുസ്തകങ്ങളെ കുറിച്ചൊക്കെ എന്നോട് സംസാരിക്കുമായിരുന്നു. അല്‍പനേരമിരുന്നിട്ട് ആരോടെന്നില്ലാതെ ഏതോ വിചിത്രഭാഷയില്‍ സംസാരിച്ചുകൊണ്ടും പാട്ടുപാടിക്കൊണ്ടും അയാളവിടെനിന്നു പോകും. പലപ്പോഴും ആ കാഴ്ച ഞാന്‍ അതീവ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. വീണ്ടും കാണണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴാണ് നാളുകള്‍ക്ക് ശേഷം എന്റെ മുന്നില്‍ വന്നു നില്‍ക്കുന്നത്. എനിക്ക് ഒത്തിരി സന്തോഷം തോന്നി. വാത്സല്യത്തോടെ എന്റെ മുടിയില്‍ തലോടികൊണ്ട് ജോയിച്ചേട്ടന്‍ ചോദിച്ചു:
'സുഖമല്ലേ കുട്ടീ?'
ഞാന്‍ ചിരിച്ചുകൊണ്ട് തലയാട്ടി.
ആ നാട്ടില്‍ അയാള്‍ക്ക് ഏറ്റവും ഇഷ്ടം റാമിനെയായിരുന്നു. റാമിനും ചേട്ടനെ വലിയ ഇഷ്ടമായിരുന്നു. റാം വീട്ടില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ പിന്നെവരാം എന്ന് പറഞ്ഞുകൊണ്ട് എന്റെ മുഖത്തു നോക്കി രണ്ടുവരി കവിതചൊല്ലി:
 
''തവിടുപോലെ തകരുമെന്‍  മാനസ-
 മവിടെയെത്തി ചിരിച്ചു കുഴയണം 
 ചിരി ചൊരിയുവാനായിയെന്‍ ദേശികന്‍
 ശിരസ്സിതാഡനമേറ്റു പലപ്പോഴും 
 ഹ ഹ ഹ വിസ്മയം വിസ്മയം ലോകമേ 
 അതിവിചിത്രമീ നൃത്ത ശിക്ഷാക്രമം.''

ഇടപ്പള്ളിയുടെ മണിനാദത്തിലെ വരികള്‍ ചൊല്ലിക്കൊണ്ട് അയാളവിടെനിന്നു നടന്നകന്നു. പിന്നീട് ആഴ്ചകള്‍ക്ക് ശേഷം ഒരു ദിവസം രാത്രി വീട്ടിലേക്ക് കയറിവന്നു ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണശേഷം റാമിനോടും എന്നോടും കുറെ വര്‍ത്തമാനങ്ങള്‍ പറഞ്ഞിട്ട് വീട്ടില്‍നിന്നു പോയി. അയാള്‍ എങ്ങോട്ടാവും പോകുന്നത്? എവിടെയായിരിക്കും ഉറങ്ങുന്നതെന്ന് ഞാന്‍ ചിന്തിച്ചു. പിന്നീട് വീണ്ടും കണ്ടപ്പോള്‍ ഞാനത് ചോദിക്കുകയും ചെയ്തു. പക്ഷെ എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രമായിരുന്നു ജോയിച്ചേട്ടന്‍ ചെയ്തത്. അന്നുമുതല്‍ എന്നും ജോയിച്ചേട്ടന് വേണ്ടിയുള്ള ഭക്ഷണവും ഞാന്‍ കരുതാന്‍ തുടങ്ങി. അത് മനസ്സിലായതുകൊണ്ടാവണം ഇടയ്ക്കിടെ വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചിട്ട് കുറെ വര്‍ത്തമാനങ്ങള്‍ പറഞ്ഞതിന് ശേഷം ജോയിച്ചേട്ടന്‍ എങ്ങോട്ടെന്നില്ലാതെ പോകും. അയാളുടെ വര്‍ത്തമാനങ്ങളെയും വിചിത്രമായ രീതികളെയും ഞാന്‍ കൗതുകത്തോടെ നോക്കി. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു മനുഷ്യന്റെ അനാഥത്വത്തിനോട് ആ നിമിഷം എനിക്ക് കടുത്ത അസൂയ തോന്നി. ബന്ധങ്ങളുടെ ഭാരമില്ലാതെ ജീവിക്കാനും അതിലെ അലസതയുടെ ലഹരി അറിയാനുമുള്ള അതിയായ ആഗ്രഹം എന്നിലും നിറഞ്ഞുകവിഞ്ഞു.

ദിവസങ്ങള്‍ കഴിയുംതോറും അച്ഛന്റെ ആരോഗ്യനില കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. അതേത്തുടര്‍ന്ന് അച്ഛന്‍ കിടപ്പിലാകുകയും ചെയ്തു. കൈ കാലുകളും ശരീരവും തികച്ചും ദുര്‍ബലമായി. പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാനോ ഇരിക്കാനോ കഴിയാത്തത്ര അവശനായി. നേരാംവണ്ണം ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ പറ്റാതെയായി. ദിവസങ്ങളോളം കിടന്ന കിടപ്പിലായിരുന്നതുകൊണ്ട് ശരീരത്തിന്റെ പിന്‍ഭാഗം പൊട്ടാന്‍ തുടങ്ങി. തൊലി അടര്‍ന്നുതൂങ്ങി. കാഞ്ഞിര പലകകൊണ്ടുള്ള അച്ഛന്റെ കട്ടിലില്‍നിന്നും വാട്ടര്‍ ബെഡിലേയ്ക്ക് മാറ്റി. എനിക്ക് ഭയമായിത്തുടങ്ങി. വീടിനുള്ളിലാകെ കനത്ത നിശബ്ദത തളംകെട്ടിക്കിടന്നു. മരണത്തിന്റെ നിഗൂഢമായ ഇരമ്പല്‍ അവിടമാകെ അലയടിച്ചു. അച്ഛന്റെ നിര്‍ത്താതെയുള്ള ജല്പനങ്ങള്‍ നിലച്ചിരുന്നു. അച്ഛന്റെ ഭൂതകാല ഓര്‍മകള്‍ ഒരിക്കലും വീണ്ടെടുക്കാനാവാതെ മുറിയുടെ ഭിത്തികളില്‍ പറ്റിപ്പിടിച്ചു കനം തൂങ്ങി. രാവും പകലും നിശ്ശബ്ദതത മാത്രം. മിണ്ടാന്‍ ആരുമില്ലാതെ ഞാന്‍ ആ വീട്ടിനുള്ളില്‍ ബധിരയായ കടല്‍ക്കുതിരയെപ്പോലെ കുതറിനടന്നു. ഇടയ്ക്കിടെ അച്ഛനെ കാണാനെത്തുന്ന ബന്ധുക്കള്‍ക്കു മുന്നില്‍ ഒരാദിമ മനുഷ്യജീവിയെപ്പോലെ ഞാന്‍ നിന്നു. അവരുടെ സംസാരങ്ങളുടെ അവസാന ഭാഗം എപ്പോഴും മദ്യപാനിയായ റാമില്‍ ബോധപൂര്‍വം എത്തിച്ചു. ഉത്തരമില്ലാതെ വിയര്‍ക്കുന്ന എന്റെ വേവിനെ അവര്‍ ആളിക്കത്തിച്ചുകൊണ്ടിരുന്നു. ജീവിതം അമ്പേ പരാജയപ്പെടുത്തിയവളുടെ മുഖത്ത് നോക്കി അവര്‍ ഗൂഢമായി ചിരിച്ചു. ആനന്ദത്തിന്റെ തിരയിളക്കം അവരുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു.
 
ആ ദിവസം അച്ഛന്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്നറിയാതെ പുലര്‍ച്ചെ ഉണര്‍ന്നു ഞാന്‍ വീട്ടുജോലികളിലേര്‍പ്പെട്ടു കൊണ്ടിരുന്നു. രാവിലെ മുറി തുറന്നു അച്ഛന്റെ അടുത്തെത്തിയപ്പോള്‍ പതിവായുള്ള മൂത്രത്തിന്റെ രൂക്ഷഗന്ധത്തിനപ്പുറം അപരിചിതമായ മറ്റൊരു മണവും തങ്ങി നിന്നിരുന്നു. റാമിനെ തട്ടി വിളിക്കുമ്പോള്‍ തലേദിവസത്തെ മദ്യത്തിന്റെ ലഹരി വിട്ടിറങ്ങാത്ത മുഖവുമായി റാം എഴുന്നേറ്റ് വന്നു. അച്ഛനെ കുളിപ്പിക്കാനായി പുറത്ത് കസേരയില്‍ ചാരി ഇരുത്തി. ഒട്ടും വഴങ്ങാത്ത ആ ശരീരത്തെ ഞാന്‍ മുറുക്കെ പിടിച്ചു. അച്ഛന്റെ ശരീരം തണുത്തിരുന്നു. ഞാന്‍ കയ്യിലെ പള്‍സ് പിടിച്ചുനോക്കി. നേര്‍ത്ത മിടിപ്പ് എനിക്ക് അനുഭവപ്പെട്ടു. ഞാനും റാമും ചേര്‍ന്ന് അച്ഛനെ കുളിപ്പിച്ചു ശരീരം തുകര്‍ത്തി ഉടുത്തിരുന്ന മുണ്ട് മാറ്റി മറ്റൊരു കസേരയിലേയ്ക്ക് ചാരി ഇരുത്തി. ഞാന്‍ ചേര്‍ത്തു പിടിച്ചു. അച്ഛന്‍ എന്റെ കൈകളില്‍ ഇറുക്കി പിടിച്ചു. പിന്നീട് അത് മെല്ലെ അയഞ്ഞുതുടങ്ങി. എന്റെ ഹൃദയം ക്രമാതീതമായി മിടിച്ചുകൊണ്ടിരുന്നു. ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അച്ഛന്‍ വാ തുറക്കുന്നുണ്ടായിരുന്നില്ല. വെള്ളവും ഗ്ലാസ്സും ചുണ്ടോട് ചേര്‍ത്തപ്പോള്‍ വായുടെ ഇരുകോണുകളില്‍ നിന്നും വെള്ളം താഴേയ്ക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഇറുകിയടച്ചിരിക്കുന്ന അച്ഛന്റെ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കണ്‍ പോളകള്‍ക്ക് മുകളിലെ തൊലി അടര്‍ന്ന് അരികിലേയ്ക്ക് മാറി. ഞാന്‍ ഭയന്ന് നിലവിളിച്ചു. അപ്പുറത്തു നിന്നും ചിറ്റപ്പനും ആന്റിയും വന്നു. അവര്‍ വെള്ളം കൊടുക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അതിനകം അച്ഛന്‍ മരണപ്പെട്ടിരുന്നു. ഞാന്‍ തൊട്ടറിയുന്ന രണ്ടാമത്തെ മരണമായിരുന്നു അത്.

മരണത്തിനുതൊട്ടു മുന്‍പ് എന്നെ മുറുകെ പിടിച്ച ആ കൈവിരലുകള്‍ക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടായിരുന്നോ എന്ന വേദന എന്നില്‍ നിറഞ്ഞു. കുട്ടിയമ്മയുടെ അവസാനനിമിഷങ്ങള്‍ എന്റെ ഓര്‍മയിലേയ്ക്ക് വന്നു. പിന്നീട് മരണവീടിന്റെ വീര്‍ത്ത നിശബ്ദതയുടെ കനം അവിടെ ഉരുണ്ടുകൂടി. ആളുകളും ബന്ധുക്കളും നിലവിളി ശബ്ദവും നിറഞ്ഞ അന്തരീക്ഷം. എനിക്ക് ശ്വാസംമുട്ടി. മണിക്കൂറുകള്‍ എന്നത് മാറ്റി മിനിറ്റുകള്‍ ഇടവിട്ട് ഇന്‍ഹെലര്‍ ഉപയോഗിക്കേണ്ടിവന്നു. മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ബന്ധുക്കള്‍ പിരിയുമ്പോള്‍ എന്തെന്നില്ലാത്ത അമര്‍ത്തിവച്ച സങ്കടങ്ങള്‍ എന്നില്‍നിന്നും അണപൊട്ടി ഒഴുകി. ഈ ഭൂമിയിലെ ദുഃഖങ്ങളെല്ലാം എന്റെ നെഞ്ചില്‍ കെട്ടിക്കിടക്കുന്നതായി എനിക്കുതോന്നി. മുറിയടച്ചിട്ട്  ഞാന്‍ അലറിക്കരഞ്ഞു. രണ്ട് മരണങ്ങളുടെ ഭയപ്പെടുത്തുന്ന ഓര്‍മയിലിരുന്നുകൊണ്ട് എന്റെ കുഞ്ഞിനേയും അടക്കിപ്പിടിച്ചു അവര്‍ക്കു പിന്നാലെ പോകാന്‍ എന്റെ മനസ്സ് കുതിച്ചു. 

(തുടരും)