പ്രണയത്തിലായിരിക്കുമ്പോഴും വിവാഹത്തെ ഞാന്‍ ഭയന്നിരുന്നു. അച്ഛന്റെയും അമ്മയുടെയും വിവാഹജീവിതം എന്നിലേല്‍പ്പിച്ച മുറിവ് അത്രത്തോളമായിരുന്നു. അതിലൊക്കെയുമുപരിയായിരുന്നു ശരീരമെന്ന യാഥാര്‍ഥ്യം. ശരീരത്തിന് മേലുള്ള എന്റെ ആത്മവിശ്വാസമില്ലായ്മ അത്രയധികമായിരുന്നു. എന്റെ നഗ്‌നതയെ, എന്റെ അപൂര്‍ണതയെ ഞാന്‍ അത്രമാത്രം ഭയപ്പെട്ടു. അതെന്നോടുള്ള പ്രണയത്തെ ഇല്ലാതാക്കുമെന്ന് ഞാന്‍ വിശ്വസിച്ചു. അതുകൊണ്ടുതന്നെ വിവാഹത്തിലെത്തിച്ചേരുന്ന വര്‍ത്തമാനങ്ങളില്‍നിന്നൊക്കെ ഞാന്‍ അകന്നുനിന്നു. 

To advertise here,

അസ്വാഭാവികമായ എന്റെ പെരുമാറ്റം റാമില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. എന്റെ മാനസികാവസ്ഥ തുറന്നുപറയാനാവാതെ ഞാന്‍ കുഴഞ്ഞു. കഠിനമായ ഈ സമസ്യയെ എങ്ങനെ മറികടക്കുമെന്നാലോചിച്ചു ഞാന്‍ അകംപുറം നീറി. എന്റെ നഗ്‌നതയെ കാണുന്ന നിമിഷം റാം ഭയപ്പെട്ട് പിന്മാറുന്നതും വെറുപ്പോടെ തിരിഞ്ഞുകിടക്കുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു. അങ്ങനെ സംഭവിച്ചാല്‍ അതെന്നിലുണ്ടാക്കുന്ന ആഘാതം എത്രത്തോളമായിരിക്കുമെന്നു എനിക്ക് ചിന്തിക്കാനേ കഴിയില്ലായിരുന്നു. ഒരിക്കല്‍ റാമിനോടത് തുറന്നു പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ എനിക്കതിനുകഴിയുമായിരുന്നില്ല. സ്വന്തം ശരീരത്തോടുള്ള ഭയവും അപകര്‍ഷതാബോധവും പേറി പാമ്പിന്‍കൂടയ്ക്കുള്ളിലെ വിഷാദിയായ നാഗത്തെപ്പോലെ എന്റെ ചിന്തകള്‍ക്ക് ചുറ്റും ഞാന്‍ ഇഴഞ്ഞുകൊണ്ടിരിക്കുന്നു. ഒരു പുരുഷശരീരത്തോടുള്ള ആസക്തി എന്നെ വേട്ടയാടുമ്പോഴും തീക്കാറ്റ് വീശുന്നപോലുള്ള എന്റെ തോന്നലുകള്‍ക്ക് മുകളില്‍ സ്വയം വെറുത്തുകൊണ്ട് ഞാനടയിരിക്കുകയായിരുന്നു.

എന്റെ പല യാത്രകളിലും റാം കൂടെ വരാറുണ്ടായിരുന്നെങ്കിലും ഒരുമിച്ച് താമസിക്കാനോ ശാരീരികമായി പരസ്പരം അറിയാനോ ഉള്ള അവസരങ്ങളെല്ലാം ഞാന്‍ അതിവിദഗ്ദ്ധമായി തടഞ്ഞുകൊണ്ടിരുന്നു. റാം ഒരുമിച്ചുണ്ടായിരുക്കുമ്പോഴൊക്കെ എന്റെ കാമുകന്റെ ശരീരത്തിന് മേലുള്ള എന്റെ ആകാംക്ഷയും ആവേശവും ഓരോ നിമിഷവും ഞാന്‍ മറവുചെയ്തുകൊണ്ടിരുന്നു. എനിക്ക് മേലുള്ള റാമിന്റെ ആസക്തിയെ ഭയത്തോടെയും സംശയത്തോടും മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്റെ അതിഭീകരമായ ഈ മാനസിക പ്രതിസന്ധി ആരോടും തുറന്നുപറയാനാവാതെ തലച്ചോറിലൊരു ചുഴലിക്കാറ്റും പേറി ഞാന്‍ നടന്നു. എന്നിട്ടും കാലം ഞങ്ങള്‍ക്കുമേല്‍ അങ്ങനൊരു രാത്രിയെ കുടഞ്ഞിട്ടു. വളരെ അവിചാരിതമായി തിരികെ വീട്ടിലേയ്ക്ക് മടങ്ങാനാവാത്ത ഒരു സാഹചര്യത്തില്‍ ഒരു ദിവസം ഞങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കേണ്ടിവന്നു. ആ മുറിയിലിരുന്ന് ഞാന്‍ വിയര്‍ത്തു. ഭൂമിയുടെ ആഴങ്ങളിലേയ്ക്ക് തുളച്ചിറങ്ങുന്ന പൈലിങ് മെഷീന്‍ പോലെ ആ രാത്രി എന്റെ ഹൃദയഭിത്തിയില്‍ ആഞ്ഞിടിച്ചുകൊണ്ടിരുന്നു. എങ്ങനെയാണ് ഞാന്‍ റാമിനൊപ്പം കിടക്കുക? എന്റെ ശരീരത്തില്‍ നിന്ന് വേര്‍പെട്ട കൃത്രിമ കാല്‍ കാണുമ്പോള്‍ അയാള്‍ എന്താവും ചിന്തിക്കുക? എന്റെ അപൂര്‍ണമായ ശരീരം എങ്ങനെയാവും സ്വീകരിക്കുക? എന്നൊക്കെ ചിന്തിച്ചു ആ തണുപ്പിലും ഞാന്‍  വിയര്‍ത്തു. റാം എന്റെ അടുത്ത്‌ വരുമ്പോഴും എന്നെ ചേര്‍ത്തു പിടിക്കുമ്പോഴും അത്രയും കാലം ഭ്രാന്തമായി അയാളെ സ്‌നേഹിച്ച സ്ത്രീ തന്നെയാണോ എന്ന് തോന്നിപ്പിക്കുമാറ് അപരിചിതമായും അസ്വാഭാവികമായും ഞാന്‍ പെരുമാറി. റാമിന്റെ ഓരോ സ്പര്‍ശനങ്ങളും ചുംബനങ്ങളും ഞാന്‍ തടയുകയും മുഖം തിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരുപക്ഷെ അയാളേക്കാള്‍ കൂടുതല്‍ ഞാനത് ആഗ്രഹിക്കുന്നുണ്ടായിരുന്നെങ്കില്‍ക്കൂടിയും. തൊട്ടടുത്ത നിമിഷത്തില്‍ എന്റെ അപൂര്‍ണതയെ വെളിപ്പെടുത്തേണ്ടി വരുമോ എന്ന ചിന്തയില്‍ ഞാന്‍ പൂണ്ടുകിടന്നു. എന്റെ അസ്വസ്ഥതയും ഭയവും മനസ്സിലാക്കിയതുകൊണ്ടാവണം ഒരു കുഞ്ഞിനെയെന്നപോലെ റാമെന്നെ ലാളിക്കാന്‍ തുടങ്ങി. ആ കൈകളില്‍ക്കിടന്നു ഞാന്‍ വിതുമ്പിക്കരഞ്ഞു. എന്റെ മുഖമുയര്‍ത്തി കണ്ണുനീര്‍ തുടച്ചുകൊണ്ട് റാമെന്നോട് പറഞ്ഞു 

'കുഞ്ഞേ നിന്റെ സങ്കടം എനിക്ക് മനസ്സിലാകുന്നുണ്ട് നിനക്കൊരു കുറവുള്ളതായി എനിക്ക് തോന്നിയിട്ടേയില്ല. മാത്രമല്ല നീയൊരു അസാധാരണ സ്ത്രീയാണ്. നിന്റെ മുന്നില്‍ ഞാനെത്ര നിസ്സാരനാണ്. നിന്നെ കിട്ടിയ ഞാന്‍ ഭാഗ്യവാനാണ്. നിന്റെ ആവലാതികളുടേയും ആശങ്കകളുടെയും ഒരാവശ്യവും ഇല്ല.' 

 റാമിന്റെ ആ വാക്കുകള്‍ എനിക്ക് തന്ന ആശ്വാസം വളരെ വലുതായിരുന്നു. അത്യഗാധമായ ഇരുണ്ട മണ്‍കുഴിയില്‍നിന്നെന്നെ വലിച്ചുകരക്കിട്ട അവസ്ഥയായിരുന്നു എനിക്കത്. ഈ ഭൂമിയിലെ ഏറ്റവും പവിത്രമായ ഒരു വസ്തുവിനെയെന്നപോലെ അയാളെന്റെ ശരീരത്തെ ലാളിച്ചു. ആയിരക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ക്കലേയ്ക്ക് സഞ്ചരിച്ചു വീര്‍ത്തുപൊട്ടുന്ന സ്വര്‍ണ്ണക്കുമിളകള്‍ പോലെ ആ രാത്രിയില്‍  ഞാന്‍ പറന്നു നടന്നു. ഒരുപക്ഷെ ആ രാത്രി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ ഒരിക്കലും ഞങ്ങളുടെ വിവാഹം നാടക്കുമായിരുന്നില്ല. ഈ ബന്ധത്തില്‍ നിന്ന് അതിദാരുണമായി പിന്മാറിയേക്കാവുന്ന തരത്തില്‍ വിഷാദം എന്നെ വന്നു മൂടുമായിരുന്നു. പക്ഷെ ആ ദിവസത്തിനു ശേഷമായിരുന്നു ഞാന്‍ വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചത്. 

 വിവാഹശേഷം ജീവിക്കാന്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും വ്യക്തമായൊരു വരുമാനമാര്‍ഗ്ഗം ഇല്ലാതിരുന്നതിനാല്‍ അത് ഞങ്ങള്‍ക്കിടയില്‍ അതൊരു വലിയ പ്രതിസന്ധിയായിരുന്നു. കുറച്ചുനാളത്തെ ആലോചനയ്ക്ക് ശേഷം ഞാന്‍ സ്വയം തൊഴിലിനു ഒരു ലോണ്‍ എടുത്ത് ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചു. മൂന്ന് മാസത്തെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി ലോണ്‍ അനുവദിക്കപ്പെടുകയും ഞാനൊരു കമ്പ്യൂട്ടര്‍ സെന്റര്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് ഞങ്ങളുടെ വിവാഹം തീരുമാനിക്കുന്നത്.
 
ഞങ്ങളുടെ വിവാഹത്തിന് റാമിന്റെ കുടുംബത്തില്‍നിന്ന് കഠിനമായ എതിര്‍പ്പുണ്ടായിരുന്നു. അതിന്റെ കാരണങ്ങളില്‍ ഒന്നാമത്തേത് ഞങ്ങള്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവര്‍ ആണ് എന്നതും രണ്ടാമത്തേത് എന്റെ ശാരീരികാവസ്ഥയുമായിരുന്നു. റാമിന് മൂന്ന് സഹോദരിമാരായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞിരുന്നു. റാം വീട്ടില്‍ അച്ഛന്റെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. അവര്‍ താമസിച്ചിരുന്ന വീടിനോട് ചേര്‍ന്നായിരുന്നു റാമിന്റെ അച്ഛന്റെ കുടുംബവീട്. അവിടെ അച്ഛന്റെ അനിയനും കുടുംബവുമായിരുന്നു ഉണ്ടായിരുന്നത്. ആ കുടുംബത്തിലെ ഏറ്റവും മൂത്തയാള്‍ അച്ഛനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനിയനായ എല്ലാവരും ചിറ്റപ്പന്‍ എന്ന് വിളിക്കുന്ന വ്യക്തിയായിരുന്നു കുടുംബത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പില്‍ വരുത്തുന്നതുമെല്ലാം. കുടുംബത്തിലെ മറ്റ് അംഗങ്ങളെല്ലാവരും അയാളെ അനുസരിച്ചു ജീവിക്കുന്നവരായിരുന്നു എന്ന് റാം എന്നോട് പറഞ്ഞിരുന്നു.

ഇത്രയും ശാരീരിക പരിമിതിയുള്ള എന്നെ എങ്ങനെയാണ് റാമിന് സ്‌നേഹിക്കാന്‍ കഴിയുന്നതെന്ന് അവര്‍ അത്ഭുതപ്പെട്ടിരുന്നു. അതിലുപരി മറ്റൊരു ജാതിയും. എന്റെ വിദ്യാഭ്യാസ യോഗ്യതയോ സാമൂഹികനിലയോ അവര്‍ ഒരിക്കലും കണക്കിലെടുത്തിരുന്നില്ല. റാം ഒരിക്കലും ഈ ബന്ധത്തില്‍ നിന്ന് പിന്മാറില്ല എന്ന അവസ്ഥയില്‍ എല്ലാ എതിര്‍പ്പുകളോടുകൂടി റാമിന്റെ കുടുംബം മൗനം പാലിച്ചു എന്ന് മാത്രം. എന്റെ വീട്ടുകാര്‍ക്ക് റാമിന്റെ സ്‌നേഹത്തില്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന സംശയം ഉണ്ടായിരുന്നു. ഭിന്നശേഷിക്കാരിയായ എന്നോട് കാണിക്കുന്ന സ്‌നേഹത്തിലെ ആത്മാര്‍ത്ഥതയില്‍ അവര്‍ക്കും ആശങ്കയുണ്ടായിരുന്നു. പക്ഷെ എന്റെ വീട്ടുകാരുടെ വിശ്വാസവും സ്‌നേഹവും നേടിയെടുക്കുന്നതില്‍ റാം ഒരു പരിധി വരെ വിജയിച്ചിരുന്നു. 

2013 ഏപ്രില്‍ 28-നായിരുന്നു ഞങ്ങളുടെ വിവാഹം. മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെ വളരെ ലളിതമായി നടന്നു. എങ്കിലും ആ ചെറിയ തിരക്കിലും ആള്‍ക്കൂട്ടത്തനുമിടയില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കേണ്ട ആ ദിവസം ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു.  അപരിചിതമായ മറ്റൊരിടത്തേയ്ക്ക് പോകുന്നു എന്ന ചിന്തയായിരുന്നു ആ ദിവസം എന്നെ വേട്ടയാടിക്കൊണ്ടിരുന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍ ഞാന്‍ മറ്റൊരു ലോകത്തായിരുന്നു. വിവാഹശേഷം റാമിന്റെ വീട്ടിലേയ്ക്ക് കയറിച്ചെല്ലുമ്പോള്‍ അപരിചിതരായ മനുഷ്യര്‍ക്കിടയില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. എന്നെ റാമിന്റെ കുടുംബത്തിലെ ആര്‍ക്കുംതന്നെ ഇഷ്ടമില്ലായിരുന്നു എന്ന തോന്നല്‍ ഉള്ളതുകൊണ്ടുതന്നെ അപരിചിതത്വത്തിന്റെ ചിതല്‍പ്പുറ്റിനകത്തെന്നപോലെ ഞാന്‍ വീര്‍പ്പുമുട്ടി. ചുറ്റും നിന്നവരെല്ലാവരും ഒരന്യഗ്രഹ ജീവിയെ എന്നപോലെ എന്നെ നോക്കുന്നുണ്ടായിരുന്നു.

''ഇവനിതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ.'' എന്ന ഒരു വാചകം ഉടമയാരെന്നറിയാതെ എന്റെ കാതില്‍ വന്നലച്ചു. വിഷാദത്തിന്റെ പുകച്ചുരുളുകള്‍ക്കുള്ളില്‍ ശ്വാസം കിട്ടാതിരിക്കുന്ന എന്റെ നെറുകയിലൂടെ പ്ലാസ്റ്റിക് ഉരുക്കിയൊഴിക്കുന്നതുപോലെ ആ വാക്കുകള്‍ എന്നെ പൊള്ളിച്ചു.  സ്വീകരണ മുറിയിലെ കസേരയിലിരിക്കുന്ന എന്റെ അടുത്തേയ്ക്ക് കറുത്തുമെലിഞ്ഞു കട്ടിത്താടിയും കഷണ്ടിയുമുള്ള ഏകദേശം അന്‍പതിനു മുകളില്‍ പ്രായം തോന്നിപ്പിക്കുന്ന ഒരാള്‍ വന്നു. എന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നുകൊണ്ട് എന്നോട് പറഞ്ഞു: ''എന്റെ പേര് സുരേന്ദ്രന്‍ ഞാനൊരു നായര്‍ സ്ത്രീയെയാണ് കെട്ടിയിരിക്കുന്നത്.'' അങ്ങനെ മാത്രം പറഞ്ഞുകൊണ്ട് അയാള്‍ അവിടെനിന്നും എഴുന്നേറ്റുപോയി. ആ സമയം അയാള്‍ എന്നോട്  എന്തിനാണത് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. അയാള്‍ ആരാണെന്നോ റാമുമായി എന്താണ് ബന്ധമെന്നോ എനിക്കറിയില്ലായിരുന്നു. കഠിനമായ സങ്കടം എന്നെ വന്നു മൂടി. എനിക്കുറക്കെ കരയാന്‍ തോന്നി.അപ്പോള്‍ റാമിന്റെ ഇളയ പെങ്ങള്‍ എന്റെ അടുത്തേയ്ക്ക് വന്നു പറഞ്ഞു: 

''വാ ഡ്രസ്സ് മാറേണ്ടേ?''

അവളെന്നെ മറ്റൊരു മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇളം തവിട്ടുനിറത്തില്‍ ചുവന്ന പൂക്കള്‍ തുന്നിപ്പിടിപ്പിച്ച ഒരു പട്ടുസാരി എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു: ''ഇതാണ് രണ്ടാം സാരി ഉടുത്തോളൂ.''

ഞാനതു വാങ്ങി ഉടുക്കാന്‍ തുടങ്ങിയപ്പോള്‍ സാരിത്തുമ്പുപിടിക്കാനും പിന്ന് കുത്താനുമൊക്കെ അവള്‍ സഹായിച്ചു. സാരി ഉടുത്തശേഷം അവളെന്നെ പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി മുറ്റത്ത് പന്തലിന്റെ ഒരു വശത്ത് ഒരു കസേര ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു: ''രമ്യ ഇവിടെ ഇരുന്നോ. അകത്ത് ഭയങ്കര ചൂടല്ലേ.''

ഞാനവളെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി. ആരൊക്കെയോ എന്റെ അടുത്ത വന്നു സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഞാനവിടുത്തെ വീടും പരിസരവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. നല്ല ഭംഗിയുള്ള സ്ഥലം. ഇളം മഞ്ഞ നിറമുള്ള മണ്ണ്. നിറയെ മരങ്ങളും ചെടികളുമുള്ള മുറ്റം. വലിയ പറമ്പിന്റെ ഒത്ത നടുക്കായി നില്‍ക്കുന്ന തേന്‍വരിക്കപ്ലാവില്‍ നോക്കി ഞാന്‍ കുറേനേരമിരുന്നു. വീടിനു തെക്കുവശത്തെ വിശാലമായ പാടം. അതിലേയ്ക്കിറങ്ങാന്‍ തെക്കേ വേലിക്കല്‍ നിന്നും കല്‍പ്പടവുകള്‍ ഉണ്ടായിരുന്നു. ഒരു പക്ഷെ ഇനി വരാനിരിക്കുന്ന ദിവസങ്ങളിളിലൊക്കെ എന്റെ സങ്കല്‍പ്പ ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കാനിരിക്കുന്ന ഇടമാകും ഈ പാടവും അതില്‍ വന്നുപോകാറുള്ള പേരറിയാത്ത കിളികളുമെന്നു ചിന്തിച്ചുകൊണ്ട് ഞാനവിടെയിരുന്നു.

വിവാഹ ദിവസം വരന്റെ വീട്ടില്‍ വന്നതിനുശേഷം അന്ന് വൈകിട്ട് പെണ്ണിന്റെ ബന്ധുക്കള്‍ വന്ന് പെണ്ണിനേയും ചെക്കനേയും വധൂഗൃഹത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ചടങ്ങ് തെക്കന്‍ കേരളത്തില്‍ നിലനിന്നിരുന്നു. എന്റെ ബന്ധുക്കളുടെ വരവും കാത്ത് ഞാന്‍ അക്ഷമയായിരിക്കുമ്പോഴും എന്റെ മനസ്സും ചിന്തകളും തിളച്ചുമറിയുകയായിരുന്നു. ഇനി ഞാന്‍ നേരിടാനിരിക്കുന്ന നിമിഷങ്ങളെയോര്‍ത്ത് എന്റെ ഉള്ളുപിടഞ്ഞു. റാമിനൊപ്പമുള്ള രാത്രിയിലേയ്ക്ക് ഞാന്‍ അടുത്തുകൊണ്ടിരുന്നു. എന്റെ ഉള്ളിലെ അപകര്‍ഷതാബോധത്തിന്റെ തെരണ്ടിവാലുകള്‍ എന്നെ ആഞ്ഞാഞ്ഞു പ്രഹരിച്ചുകൊണ്ടിരുന്നു. ഗര്‍ഭത്തിലിരിക്കെ എന്നില്‍ പടര്‍ന്നു കയറിയ അര്‍ബുദവേരുകള്‍ പിഴുതെറിഞ്ഞു കളഞ്ഞിട്ടും അപൂര്‍ണമായ ശരീരമെന്ന എന്റെ ബോധം രക്താര്‍ബുദം പോലെ എന്റെ സിരകളില്‍ ഒഴുകി നടന്നിരുന്നു. ഇതെഴുതുന്ന ഈ നിമിഷവും പതിറ്റാണ്ടുകള്‍ പഴക്കമുള്ള അര്‍ബുദ കോശങ്ങള്‍ പോലെ എന്നില്‍ പെറ്റുപെരുകുന്നുണ്ട്. ഞാനെങ്ങനെ ഇനിയുള്ള രാത്രികളെ നേരിടുമെന്നാലോചിച്ചു ഞാന്‍ വെട്ടി വിയര്‍ത്തു. പുരാണത്തില്‍ ഉര്‍വശി പുരൂരവസ്സിനോട് പറയുന്ന ഒരു കാര്യമുണ്ട് : ''ഞാനാവശ്യപ്പെടുന്ന ആ പ്രത്യേക ദിവസമല്ലാതെ നിന്റെ നഗ്‌നതയെ എന്റെ മുന്നില്‍ വെളിപ്പെടുത്തരുത്.''

 അതിനു സമാനമായ മറ്റൊരു കാര്യം എന്നെന്നേക്കുമായി റാമിനോടാവശ്യപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ഞാനാഗ്രഹിച്ചുപോയി. എന്റെ നഗ്‌നതയെ ഞാന്‍ അത്രത്തോളം ഭയന്നിരുന്നു. എന്റെ ശരീരത്തിലിഴയുന്ന റാമിന്റെ കൈകള്‍ എന്റെ ഇടതുഭാഗത്തെ ശൂന്യതയ്ക്ക് മുകളില്‍ എങ്ങനെ തൃപ്തി കണ്ടെത്തും? റാം ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ എന്നെ വെറുക്കുമെന്നോര്‍ത്ത് ആ വീട്ടുമുറ്റത്ത് ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ട വികൃതമായ ഉല്‍ക്കകള്‍ പോലെ ഞാന്‍ ഉഴറിക്കറങ്ങികൊണ്ടിരുന്നു.

(തുടരും)
പതിയാത്ത കാല്‍പ്പാടുകള്‍ ഇതുവരെയുള്ള അധ്യായങ്ങള്‍ വായിക്കാം