വീടിനടുത്തൊരു ദേവീക്ഷേത്രമുണ്ട്. മീനമാസത്തിലാണ് അവിടെ ഉത്സവം കൊടിയേറുന്നത്. അവിടുത്തെ പാട്ടും മേളവുമെല്ലാം വീട്ടില്‍ ഇരുന്നാല്‍ കേള്‍ക്കാം. തെക്കേ പറമ്പിലെ ചില്ലിത്തെങ്ങിലാണ് അമ്പലത്തിലെ ഉച്ചഭാഷിണി വച്ചുകെട്ടിയിരിക്കുന്നത്. ഏഴു ദിവസങ്ങളിലായി ഇടതടവില്ലാതെ അതില്‍നിന്നും കേള്‍ക്കുന്ന ഗാനങ്ങളും സിനിമാഗാനങ്ങളും കേട്ട് ഞാനങ്ങനെ മതിമറന്നിരിക്കും. അമ്പലത്തിലെ പറയെടുപ്പിന് നാട്ടിലൊക്കെ ആനയെയും കൊണ്ടിറങ്ങുന്നത് ഒരു കാഴ്ചതന്നെയാണ്. വെളിച്ചപ്പാടും ശിങ്കിടികളും പിന്നെ ഒരുപറ്റം കുട്ടികളും ആനയുടെ പിന്നാലെ ഉണ്ടാകും. ദേവിയുടെ തിടമ്പേറ്റി നാട്ടിടവഴികളും കൈത്തോടുകളും നീന്തിക്കടന്ന് ഓരോ വീട്ടുമുറ്റത്തും വന്ന് വീട്ടുകാര്‍ കാഴ്ചവെക്കുന്ന ശര്‍ക്കരയും കദളിപ്പഴവും കഴിച്ച് കൊമ്പന്‍ തലയുയര്‍ത്തി നില്‍ക്കും. ആരുടെയെങ്കിലും വീട്ടുമുറ്റത്ത് ആന അല്‍പനേരം കൂടുതല്‍ നിന്നാല്‍ അത് ദേവിക്ക് പ്രിയപ്പെട്ടവരുടെ വീടാണെന്ന് അന്നാട്ടിലെ ആളുകള്‍ വിശ്വസിച്ചു. എന്റെ വീട്ടിലും വരുമായിരുന്നു പറയെടുക്കാന്‍. ഉത്സവം തുടങ്ങുന്നതിനും ഏഴുദിവസം മുന്‍പ് മുതല്‍ വ്രതമെടുത്ത് വീട്ടുകാര്‍ നോക്കിയിരിക്കും. തിടമ്പുമേറ്റി മുറ്റത്ത് വന്നുനില്‍ക്കുമ്പോള്‍ അപ്പൂപ്പന്‍ തുമ്പിക്കയ്യിലൊക്കെ കളഭവും ഭസ്മവും തേച്ചുകൊടുക്കുന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ദേവിയും തിടമ്പേറ്റിയ ആനയും അപ്പൂപ്പന്റെ സ്വന്തം ആളുകളാണെന്ന മട്ടിലായിരുന്നു അപ്പൂപ്പന്റെ പെരുമാറ്റം.
 
 ഉത്സവമയാല്‍ ആ പ്രദേശമാകെ തിരക്കായിരിക്കും. സന്ധ്യയാകുമ്പോള്‍ ആ നാടാകെ വെളിച്ചം നിറയും. പല നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ് വഴിയിലൂടെ പോകുന്ന സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും കാണാം. നാടകവും ബാലെയുമൊക്കെ കാണാന്‍ പോകുന്ന പ്രായമായ അമ്മമാരും അവരുടെ കെട്ടിയോന്മാരും ഓരോ പുതപ്പോ പ്ലാസ്റ്റിക് വിരിപ്പോ കയ്യില്‍ പിടിച്ച് ടോര്‍ച്ചും തെളിച്ചുകൊണ്ട് നടന്നുപോകുന്നുണ്ടാകും. വീട്ടിലിരുന്നു ഞാന്‍ പുരാണനാടകം കേള്‍ക്കാറാണ് പതിവ്. നാടകം തീരുന്നത് വരെ ഞാന്‍ ഉറങ്ങാതിരിക്കും. ഉച്ചഭാഷണിയില്‍ നിന്നും കേള്‍ക്കുന്ന ശബ്ദത്തിനൊപ്പം ഞാന്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. എന്റെ കണ്മുന്നില്‍ കാണുന്നതുപോലെ ഞാന്‍ ആസ്വദിച്ചു. അതിലെ സീതയും അഹല്യയും പാര്‍വതിയും ഒക്കെ ഞാനാണെന്ന് സങ്കല്‍പ്പിച്ച് അവര്‍ സഞ്ചരിച്ച കാടും മേടും മലകളുമൊക്കെ ഞാനും ചുറ്റി നടന്നു.

To advertise here,

അക്കാലത്ത് പൊതുചടങ്ങുകള്‍ക്കൊന്നും എന്നെ കൊണ്ടുപോകുമായിരുന്നില്ല. അത്യാവശ്യത്തിനു പോയാലും അരയ്ക്ക് കീഴ്‌പോട്ട് തുണികൊണ്ട് പൊതിഞ്ഞാണ് അച്ഛനമ്മമാര്‍ എന്നെ എടുത്തിരുന്നത്. പിന്നീട് കൃത്രിമക്കാലുവെച്ച് നടക്കാന്‍ തുടങ്ങിയ കാലത്ത് ആളുകളുടെ സഹതാപം നിറഞ്ഞ നോട്ടങ്ങള്‍ സമ്മാനിച്ച അപകര്‍ഷതാബോധവും അന്തര്‍മുഖത്വവും ആഘോഷങ്ങളില്‍ നിന്നും ആരവങ്ങളില്‍ നിന്നും എന്നെ അകറ്റി. എന്നിട്ടും ഒരിക്കല്‍ എന്റെ ആഗ്രഹപ്രകാരം ഞങ്ങള്‍ ഉത്സവം കാണാന്‍ പോയി. ഒരു നാട്ടിടവഴിയും രണ്ടു മരപ്പാപാലവും കടന്നുവേണം അമ്പലത്തിലെത്താന്‍. അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് പതിയെ നടന്നു അമ്പലത്തിലെത്തി. വര്‍ണാഭമായ അന്തരീക്ഷം വളക്കച്ചവടക്കാരും ബലൂണ്‍ വില്പനക്കാരും പലഹാരം  വില്‍ക്കുന്നവരും പൂക്കാരികളും ഒക്കെ അവിടവിടെയായി ഇരിക്കുന്നുണ്ടായിരുന്നു. 

സന്ധ്യാനേരത്തെ മനോഹാരിത നിറഞ്ഞ അന്തരീക്ഷത്തില്‍ ഇളം കാറ്റില്‍ ആലിലകളുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ ക്ഷേത്രത്തിന്റെ അരമതിലില്‍ ചാരി ഞാനിരുന്നു. അമ്പലമുറ്റത്ത് കുട്ടികള്‍ ബലൂണ്‍ തട്ടിക്കളിച്ചും വറുത്ത കപ്പലണ്ടി കൊറിച്ചും അവിടമാകെ ഓടി നടക്കുന്നുണ്ടായിരുന്നു. എനിക്കെതിരേ ഇരുന്ന പൂക്കാരി ചേച്ചിയിലായിരുന്നു എന്റെ ശ്രദ്ധ. ചേച്ചിയുടെ ചിരിക്ക് നല്ല ആകര്‍ഷണീയത ഉണ്ടായിരുന്നു. മുറുക്കാൻക്കറ പിടിച്ച പല്ലുകളായിരുന്നെങ്കിലും ചിരിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. എണ്ണക്കറുപ്പ് നിറമുള്ള മുഖത്ത് വെള്ളക്കല്ല് പതിച്ച വലിയ മൂക്കൂത്തി അവരുടെ അഴക് വര്‍ദ്ധിപ്പിച്ചു. മുല്ലയും കനകാംബരവും ഇടകലര്‍ത്തി അവരുടെ മുടിയില്‍ ചൂടിയിട്ടുണ്ടായിരുന്നു.

 കാടാതുരത്ത് എന്നായിരുന്നു ആ അമ്പലത്തിന്റെ പേര്. നാട്ടിലെ ഒരു കൂട്ടം നായര്‍ തറവാട്ടുകാരുടേതായുന്നു ആ ക്ഷേത്രം. അവിടുത്തെ പ്രതിഷ്ഠാ കര്‍മങ്ങള്‍ക്കായി വടക്കു ദേശത്തു നിന്ന് മൂന്നാല് ബ്രാഹ്‌മണര്‍ വഞ്ചിയില്‍ കരിങ്കല്ലില്‍ തീര്‍ത്ത ദേവീ വിഗ്രഹവുമായി വരുംനേരം വിശ്രമിക്കാനായി അവര്‍  വഞ്ചി ഒരു തുരുത്തില്‍ അടുപ്പിച്ചു. ചുവന്ന പട്ടില്‍ പൊതിഞ്ഞ ദേവി വിഗ്രഹത്തെ കായലിനോട് ചേര്‍ന്ന് ഒരു വാഴയിലയില്‍ വച്ച് അവര്‍ നാലുപേരും വഞ്ചിയില്‍ കിടന്നുറങ്ങി. ഉറങ്ങിയുണര്‍ന്ന അവര്‍ വിഗ്രഹമെടുക്കാന്‍ നോക്കിയപ്പോള്‍ വിഗ്രഹം അനങ്ങുന്നില്ല! നാലുപേരും കിണഞ്ഞു പരിശ്രമിച്ചിട്ടും ദേവീ വിഗ്രഹം അനങ്ങിയില്ല. അപ്പോള്‍ സ്ത്രീ ശബ്ദത്തല്‍ ഒരശരീരി ഉണ്ടായി ''ഇത് എന്റെ ഇടമാണ് ഞാന്‍ ഇവിടെനിന്നും വരില്ല, നിങ്ങള്‍ പൊയ്‌ക്കോളുക..'' ദേവിയുടെ അശരീരിയാണതെന്ന് മനസ്സിലാക്കിയ അവര്‍ ആ ഉദ്യമം ഉപേക്ഷിച്ചു. പിന്നീട് ആ ദേവീവിഗ്രഹത്തില്‍ നിന്നും ചൈതന്യം ആവാഹിച്ചു മറ്റൊരു വിഗ്രഹത്തെ അമ്പലത്തില്‍ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. അന്നുമുതല്‍ ആ തുരുത്തിനു വടക്കു നിന്നും വന്ന ബ്രാഹ്‌മണരുടെ കുടുംബപേരായ ആര്യക്കര എന്ന് അറിയപ്പെട്ടു. ആ തുരുത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന ദളിത് കുടുംബവും ആ പേര് സ്വീകരിച്ചു. ഇങ്ങനെയൊരു കഥ ആ ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടാണോ എന്നറിയില്ല, പില്‍ക്കാലത്തു നായര്‍ തറവാട്ടുകാര്‍ ആ ക്ഷേത്രം കരക്കാര്‍ക്ക് വിട്ടുകൊടുത്തു. പിന്നീട് ക്ഷേത്രത്തിനു ചുറ്റുവട്ടത്തായി കിടന്ന കുറച്ച് ഈഴവ കുടുംബങ്ങള്‍ അത് ഏറ്റെടുക്കുകയും ക്ഷേത്രം സംരക്ഷിക്കുകയും ചെയ്തുപോന്നു. ആര്യക്കര തുരുത്തിലുള്ള ഒരു ചെറിയ കുളത്തില്‍ എല്ലാ വെള്ളിയാഴചയും രാത്രി ദേവി കുളിക്കാനിറങ്ങുമെന്ന ഒരു സങ്കല്പമുണ്ട്. ചിലരൊക്കെ അത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അത് കണ്ടവരൊക്കെ പല അസുഖങ്ങള്‍ ബാധിച്ചു മരണപ്പെടുകയും ചെയ്തിട്ടുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.  അതുകൊണ്ടുതന്നെ പാതിരാത്രി കഴിഞ്ഞാല്‍ ആ ഭാഗത്തൂടെ ആരും തന്നെ പോകില്ല.

 എന്റെ സങ്കല്പത്തിലെ ദേവിയുടെ കരിങ്കല്‍ വിഗ്രഹത്തിനോട് സാദൃശ്യമുള്ള രൂപമായിരുന്നു ആ തമിഴത്തി പൂക്കാരിയുടേത്. അവര്‍ ഇരിക്കുമ്പോള്‍ നീട്ടിവെച്ച ഇടത് കാല്‍വിരലില്‍ അണിഞ്ഞിരിക്കുന്ന വെള്ളി മിഞ്ചിയിലേക്ക് കുറേനേരം ഞാന്‍ കണ്ണെടുക്കാതെ നോക്കി. അല്പം അകത്തേക്ക് കുഴിഞ്ഞ പാദങ്ങള്‍, കറുത്തു തടിച്ച കാല്‍ വിരലുകള്‍. ക്ഷേത്രത്തിന് മുന്നിലെ അരമതിലില്‍ ചാരിയിരുന്നു ഉള്ളിലെ ദേവീ വിഗ്രഹത്തെയും പൂക്കാരിയെയും മാറിമാറി നോക്കി. ശരിക്കും ദേവീ വിഗ്രഹത്തിനു ജീവനുണ്ടാകുമോ? പുറത്തുനടക്കുന്ന കാഴ്ച്ചകളും ശബ്ദങ്ങളും മനുഷ്യരേയുമൊക്കെ അത് കാണുന്നുണ്ടാകുമോ? അങ്ങനെയെങ്കില്‍ പൂക്കാരിയുടെ ഇടത്തെ കാല്‍വിരലില്‍ കിടക്കുന്നതുപോലുള്ള ഒരു മിഞ്ചി എനിക്കും വേണമെന്നുള്ള എന്റെ ചെറിയ ആഗ്രഹമെങ്കിലും സാധിച്ചു തരാന്‍ ഈ ദേവിക്ക് ആകുമോ? ഈ മനുഷ്യരൊക്കെ ഈ വിഗ്രഹത്തിനു മുന്നില്‍ ചെന്നുനിന്ന് പ്രാര്‍ഥിക്കുന്നത് എന്തായിരിക്കും? ആ കാഴ്ച്ചകള്‍ക്കും വര്‍ണങ്ങള്‍ക്കുമിടയില്‍ ഇത്തരം ചിന്തകളാല്‍ ഒറ്റപ്പെട്ട ദ്വീപുപോലെ അവിടെയിരിക്കുന്നത് ഞാന്‍ മാത്രമായിരുന്നിരിക്കാം.