
കൂട്ടുകാരേ, പൂമ്പൊടിയും (Pollen) അതിലുള്ള പരാഗകണങ്ങളും (Pollen grains) നിങ്ങൾക്ക് പരിചിതമാണല്ലോ. സസ്യങ്ങളുടെ പ്രജനനത്തിലും അവയുടെ ജൈവവൈവിധ്യം നിലനിർത്തുന്നതിലും പരാഗകണങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. എന്നാൽ, ചരിത്രരഹസ്യങ്ങൾ കണ്ടെത്തുന്നതിലും പരാഗകണങ്ങൾ അവയുടെതായ പങ്ക് വഹിക്കുന്നുണ്ടെന്നറിയാമോ? പരാഗകണങ്ങളുടെ പുറംപാളി, എക്സീൻ (Exine) എന്നറിയപ്പെടുന്നു. ഇതിൽ 'സ്പോറോപൊളിനിൻ' (Sporopollenin) എന്ന ദൃഢമായ ജൈവപോളിമർ അടങ്ങിയിട്ടുണ്ട്. അതിനാൽ രാസവസ്തുക്കൾ വീണാൽപ്പോലും നശിക്കാതെ പരാഗകണങ്ങൾ ദീർഘകാലം നിലനിൽക്കും. പുരാതനസസ്യങ്ങൾ ഉത്പാദിപ്പിച്ച പരാഗകണങ്ങൾ മണ്ണ്, തടാകത്തിലെയും ചതുപ്പുനിലങ്ങളിലെയും എക്കൽനിക്ഷേപങ്ങൾ തുടങ്ങിയവയിൽ ദശലക്ഷക്കണക്കിന് വർഷം മുൻപേ സംരക്ഷിക്കപ്പെട്ട് കിടക്കുന്നു. ഇവയെ 'ഫോസിൽ പരാഗകണങ്ങൾ' (Fossil pollen grains) എന്നാണ് വിളിക്കുന്നത്
ഹരപ്പൻകാലത്തെ കാലാവസ്ഥാമാറ്റം
ഹരപ്പൻ സംസ്‌കാരത്തിന്റെ ഉയർച്ചയും തകർച്ചയും മനസ്സിലാക്കുന്നതിൽ പരാഗകണങ്ങൾ നിർണായകമായ തെളിവുകളായി മാറിയിട്ടുണ്ട്. ഹിമാലയത്തിലെ ദേവരിയ താൽ തടാകനിക്ഷേപങ്ങളിൽ സംരക്ഷിക്കപ്പെട്ട പരാഗകണങ്ങളെ ഗവേഷകർ പരിശോധിച്ചു. ഏകദേശം 4,200 വർഷം മുൻപ് മഴ ദുർബലമാകുകയും കാലാവസ്ഥ കൂടുതൽ വരണ്ടതാകുകയും ചെയ്തതായി വ്യക്തമായി. അക്കാലത്ത് ഓക്ക്-പൈൻ പരാഗകണങ്ങളുടെ അനുപാതത്തിൽ പെട്ടെന്നുണ്ടായ മാറ്റം കാലാവസ്ഥയിൽ സംഭവിച്ച ഈ വലിയ വ്യതിയാനത്തെ സൂചിപ്പിക്കുന്നു. ഈ മാറ്റം ഹരപ്പൻ ജനതയുടെ കൃഷിയെയും ഉപജീവനത്തെയും ബാധിച്ചു. അതിന്റെ ഫലമായി ചില ജനവിഭാഗങ്ങൾ ജലലഭ്യതയുള്ള ഗംഗാതടപ്രദേശങ്ങളിലേക്ക് കുടിയേറിയിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. അങ്ങനെ, ആയിരക്കണക്കിന് വർഷങ്ങളായി മണ്ണിനടിയിൽ സംരക്ഷിക്കപ്പെട്ടിരുന്ന സൂക്ഷ്മപരാഗകണങ്ങൾ ഒരു മഹത്തായ സംസ്‌കാരത്തിന്റെ ചരിത്രത്തിലേക്കുള്ള വാതായനമായി മാറി.
പശ്ചിമഘട്ടചരിത്രം
ഏതാണ്ട് 50 ദശലക്ഷം വർഷം മുൻപ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള എക്കൽ പാളികളിൽ സംരക്ഷിക്കപ്പെട്ടിരുന്ന ഫോസിൽ പരാഗകണങ്ങളെ ഗവേഷകർ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കി. ഇന്നത്തെ പശ്ചിമഘട്ടത്തിലെ തനത് സസ്യങ്ങളുടെ പരാഗ കണങ്ങളുമായി ഈ ഫോസിൽ പരാഗ കണങ്ങളെ താരതമ്യം ചെയ്തപ്പോൾ ശ്രദ്ധേയമായ സാമ്യം കണ്ടെത്തി. ഇന്ന് തെക്കൻ പശ്ചിമഘട്ടത്തിലെ ചെറിയൊരു പ്രദേശത്ത് മാത്രം കാണപ്പെടുന്ന ചില പുരാതന ഉഷ്ണമേഖലാ സസ്യവംശങ്ങൾ, ഒരുകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വളരെ വിശാലമായ പ്രദേശങ്ങളിൽ വ്യാപിച്ചുകിടന്നിരുന്നിരിക്കാം എന്ന് ഇത് സൂചിപ്പിക്കുന്നു. ഒരിക്കൽ വ്യാപകമായിരുന്ന ഈ ഉഷ്ണമേഖലാ മഴക്കാടുകൾ, കാലക്രമേണ പല പ്രദേശങ്ങളിൽനിന്നും അപ്രത്യക്ഷമായി.
കുണ്ടള തടാകവും പരാഗകണങ്ങളും
മൂന്നാറിന് സമീപമുള്ള കുണ്ടള തടാകത്തിന്റെ അടിത്തട്ടിൽ സംരക്ഷിക്കപ്പെട്ട പരാഗകണങ്ങൾ ഗവേഷകർ പഠനവിധേയമാക്കി. 4,300-3,400 വർഷം മുൻപ് നിത്യഹരിത സസ്യങ്ങളുടെ പരാഗകണങ്ങൾ കൂടുതലായിരുന്നുവെന്നും ഇത് പശ്ചിമഘട്ടത്തിലെ താരതമ്യേന ചൂടുള്ള കാലാവസ്ഥയെയും ഈർപ്പമുള്ള സാഹചര്യങ്ങളെയും സൂചിപ്പിക്കുന്നുവെന്നും കണ്ടെത്തി. തുടർന്ന് ചില ഘട്ടങ്ങളിൽ കുറ്റിച്ചെടികളുടെയും സസ്യലതാദികളുടെയും സാന്നിധ്യം വർധിച്ചത് കാലാവസ്ഥയിൽ വന്ന മാറ്റങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. പിന്നീട്, ഏകദേശം 900 വർഷം മുൻപ് മുതൽ വൃക്ഷ-സസ്യങ്ങളുടെ സാന്നിധ്യം വീണ്ടും വർധിച്ചതായും പരാഗരേണുക്കൾ രേഖപ്പെടുത്തുന്നു. അതായത്, കണ്ണുകൊണ്ട് കാണാനാകാത്ത ഈ സൂക്ഷ്മകണങ്ങൾ, കേരളത്തിലെ മലനിരകളിൽ ആയിരക്കണക്കിന് വർഷങ്ങളായി നടന്നുകൊണ്ടിരുന്ന കാലാവസ്ഥാമാറ്റങ്ങളുടെയും സസ്യലോകത്തിന്റെ ഉയർച്ചതാഴ്ചകളുടെയും ഒരു പ്രകൃതിദത്തരേഖയായി മാറി.
മഞ്ഞോ മഴയോ?
മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ ഒരിക്കൽ സമൃദ്ധമായ മഴക്കാടുകൾ പച്ചപിടിച്ചുനിന്നിരുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. എന്നാൽ, ഏകദേശം ഒൻപതുകോടി വർഷങ്ങൾക്ക് മുൻപ്, ഡൈനസോറുകളുടെ കാലത്ത്, ദക്ഷിണധ്രുവത്തിന് സമീപത്ത് ചതുപ്പുനിലങ്ങളും സമൃദ്ധമായ സസ്യജാലവുമുള്ള മഴക്കാടുകൾ നിലനിന്നിരുന്നതിന്റെ തെളിവുകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇവിടത്തെ കടലിനടിയിലെ മണ്ണിന്റെ പാളികളിൽനിന്ന് ശേഖരിച്ച ഫോസിൽ പരാഗകണങ്ങളും സസ്യങ്ങളുടെ ബീജകോശങ്ങളും അന്നത്തെ ഈർപ്പമുള്ള വനാന്തരീക്ഷത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകി. ഏകദേശം അഞ്ച് കോടി വർഷം മുൻപ്, അന്റാർട്ടിക്കയുടെ ചില ഭാഗങ്ങളിൽ പനവർഗവൃക്ഷങ്ങൾ (Palms) പോലുള്ള ഉഷ്ണമേഖലാസസ്യങ്ങൾ ഉൾപ്പെട്ട സമൃദ്ധമായ വനങ്ങൾ ഉണ്ടായിരുന്നുവെന്നും ഫോസിൽ തെളിവുകൾ വ്യക്തമാക്കുന്നു.
Content Highlights: Pollen grains have a tough outer layer called exine containing sporopollenin, allowing them to survive for millions of years as fossils.
Published: 14 Sept 2026, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented