കോഴിക്കോട് സർവ്വകലാശാല മുൻ വി.സി. ആയിരുന്ന കെ.കെ.എൻ.കുറുപ്പിന്റെ 'ജീവിച്ചതല്ല ജീവിതം' എന്ന ആത്മകഥയിൽനിന്ന് ഒരു ഭാഗം.

To advertise here,

ഗവേഷണപഠനങ്ങളും ഗ്രന്ഥങ്ങളും അച്ചടിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയിൽ പ്രിന്റിങ് പ്രസ്സിനോടും പ്രസിദ്ധീകരണവിഭാഗത്തോടും എനിക്ക് വലിയ താത്പര്യമുണ്ടായിരുന്നു. സർവ്വകലാശാലയുടെ വിഭവം വർദ്ധിപ്പിക്കുകകൂടി പ്രസ്സിന്റെ സ്ഥാപകനായ ആദ്യത്തെ വൈസ് ചാൻസലർ ഗനി സാഹിബ് ലക്ഷ്യമിട്ടിരുന്നു. പക്ഷേ, ക്രമത്തിൽ വരുമാനമുണ്ടാക്കുന്നതിനു പകരം പ്രിന്റിങ് യൂണിറ്റ് അറുപതോളം പേർക്കു ജോലി നൽകി വേണ്ടത്ര വരുമാനമില്ലാതെ നഷ്ടത്തിലോടുന്ന ഒരു സ്ഥാപനമായി മാറി. ഓഡിറ്റർ സൂചിപ്പിച്ചത് വർഷംതോറും 55 ലക്ഷത്തോളം ശമ്പളം വകയിൽ നഷ്ടമാണെന്നായിരുന്നു. പ്രസിദ്ധീകരണത്തിന്റെ ചാർജ് ഒരു ഡെപ്യൂട്ടി രജിസ്ട്രാർക്കായിരുന്നു. കുറേ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുവെന്നു മാത്രം. അവ വിതരണം ചെയ്യുന്ന യൂണിവേഴ്സിറ്റി ഷെയറുള്ള സഹകരണസംഘം ഒരുവിധം ലാഭമുള്ള സ്ഥാപനമായിരുന്നു.
പ്രസിദ്ധീകരണങ്ങൾക്കായി ഒരു പബ്ലിക്കേഷൻ ഓഫീസറെ നിയമിച്ചു. വത്സരാജ്. കാര്യങ്ങളിൽ താത്പര്യമുള്ള ഒരാൾ. ഇന്ത്യാചരിത്രകാരന്മാരുടെ 60-ാം സമ്മേളനം നടക്കുമ്പോൾ, അതിനുമുമ്പുതന്നെ കോഴിക്കോട്ടെ സാമൂതിരിമാരുടെ ചരിത്രം എന്ന ഗ്രന്ഥം പുനഃപ്രകാശനം ചെയ്യാൻ തീർച്ചപ്പെടുത്തി. കെ.വി. കൃഷ്ണവാരിയരുടെ ഈ ഗ്രന്ഥം നല്ലനിലയിൽ പ്രസിദ്ധീകരിച്ചു. അൻപതിനായിരം ഉറുപ്പികയുടെ കോപ്പി അപ്പോഴത്തെ സാമൂതിരിപ്പാട് ഏട്ടനുണ്ണി മഹാരാജാ മുൻകൂർ വാങ്ങി സഹായിച്ചു. അനുഗൃഹീതമായ ഒരു കൈനീട്ടമായിരുന്നു ഇത്. കോവിലകത്തെ ഇതിനു പ്രേരിപ്പിച്ചതിൽ ഒരു വലിയ പങ്ക് അവിടുത്തെ ലക്ചറർ ഗോവിന്ദവർമ്മയ്ക്കായിരുന്നു. അക്കാദമിക ഗ്രന്ഥങ്ങളോടൊപ്പം ബാലസാഹിതിയും ആരംഭിച്ചിരുന്നു.
സർവ്വകലാശാലയുടെ അച്ചടികൾപോലും വേണ്ടവിധം നടത്താൻ കഴിയാത്തതായിരുന്നു യൂണിവേഴ്സിറ്റി പ്രസ്സ്. കാരണം, അവിടെ മാനേജ്മെന്റ് ഉണ്ടായിരുന്നില്ല. ചില കാര്യങ്ങളിൽ ഫാക്ടറിനിയമം. മറ്റു പലതിലും സർവ്വകലാശാലാനിയമം. അതല്ലെങ്കിൽ ഗവൺമെന്റു നിയമം. ഒമ്പതുമണിയുടെ ജോലി തുടങ്ങാൻ പത്തു മണിയാകും. അഞ്ചരമണിക്ക് അവസാനിപ്പിക്കേണ്ടത് നാലരയ്ക്കുമുമ്പു കഴിയും. ഇക്കാരണത്താൽത്തന്നെ കാൽഭാഗം ടേണോവർ നഷ്ടം. സൂപ്രണ്ട് റിട്ടയർ ചെയ്തപ്പോൾ രണ്ട് അസിസ്റ്റന്റ് സൂപ്രണ്ടുമാർ സ്ഥാനമേറ്റു. പ്രമോഷന്റെ വഴക്കു മാത്രമല്ല, പ്രസ്സ് നടത്തിപ്പിൽ കശപിശയും തുടങ്ങി. ഒരുലക്ഷം രൂപയ്ക്കു പുറത്ത് അച്ചടിച്ചെടുക്കാവുന്ന ഡയറികൾ ഇവിടെ അച്ചടിച്ചപ്പോൾ ഓവർടൈം കൂലി മാത്രം തൊണ്ണൂറ്റിയഞ്ചായിരം ഉറുപ്പിക. ഫയൽ വന്നപ്പോൾ സ്ഥിതി ഗുരുതരമാണെന്നു മനസ്സിലായി. വിദൂരവിദ്യാഭ്യാസവകുപ്പിലെ അച്ചടികൾ കൽപ്പറ്റയിലെയും മറ്റും സ്വകാര്യ പ്രസ്സുകളിൽ. അവർ 14 കെ.ജി. കടലാസിൽ അച്ചടിക്കാൻ കരാറെടുത്ത് 12 കെ.ജിയിൽ അച്ചടി പൂർത്തിയാക്കി കടലാസുകാര്യത്തിലും വൻലാഭം കൊയ്തു. ഇത്തരം ഒരു വീരന്റെ ഫയൽ കണ്ടുപിടിച്ച് നഷ്ടത്തുക കണക്കാക്കിയപ്പോൾ തുക ഒന്നരലക്ഷം. കാര്യം വിശദീകരിച്ചപ്പോൾ വ്യക്തി എന്നോട് പറയുകയാണ്: 'കരാറുകാർ അച്ചടിച്ചതു 12 കെ.ജിയിലാണെങ്കിലും കുട്ടികൾ പാഠം പഠിച്ചു പരീക്ഷ എഴുതിയല്ലോ, എന്നെ ബുദ്ധിമുട്ടിക്കരുത്.'
സിൻഡിക്കേറ്റിലും മറ്റും ആ ഫയൽ കയറിയിറങ്ങി അവസാനം ചർച്ച ചെയ്ത് എൺപതിനായിരം രൂപ കുറച്ചു പാസാക്കിക്കൊടുത്തു. വിദൂരവിദ്യാഭ്യാസ ഡയറക്ടർ എന്റെ വലിയ ശത്രുവായി മാറി.

കാര്യങ്ങൾ നാഥനില്ലാതെ വിടാൻ പറ്റുകയില്ല. പ്രസ്സ് നടത്തിപ്പിൽ എനിക്ക് പരിചയവുമില്ല. മുൻ വൈസ് ചാൻസലർ ടി.എൻ. ജയചന്ദ്രൻ ഒരു വിദഗ്ദ്ധനെ പരിചയപ്പെടുത്തിത്തന്നു. ദിനേശൻ. ഷൊർണൂർ പ്രിന്റിങ് കോളേജിന്റെ പ്രിൻസിപ്പാളും കേരളാ യൂണിവേഴ്സിറ്റിയിലെ പ്രസ്സ് സൂപ്രണ്ടും മറ്റുമായി ദീർഘകാലത്തെ പരിചയമുള്ള ആൾ. ആരോടും പിണങ്ങാത്ത, സ്ഥാപനം നന്നാക്കണം എന്നു വിശ്വസിക്കുന്ന വ്യക്തി. അദ്ദേഹത്തെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. പ്രസ്സിന്റെ എല്ലാ കാര്യങ്ങളിലും വൈദഗ്ദ്ധ്യത്തോടും ശ്രദ്ധയോടും അദ്ദേഹം ഒരു റിപ്പോർട്ട് നൽകി. പ്രസ്സ് ആധുനികവത്കരിക്കണം. ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കണം. വിദഗ്ദ്ധരായ പ്രിന്റർമാർ വേണം. വെബ് ഓഫ്സെറ്റ് മെഷീൻ സ്ഥാപിക്കണം. ഡി.ടി.പി. ശക്തമാക്കണം. ഫാക്ടറി സ്ഥലം വർദ്ധിപ്പിക്കണം. അന്നത്തെ ഇൻചാർജ് പ്രസ് സൂപ്രണ്ട് വരുത്തിവെച്ച നാശനഷ്ടങ്ങളും കണക്കു കൃത്യമായി സൂക്ഷിക്കാതെ അഡ്വാൻസ് പറ്റിയ വൻതുകകളും പ്രശ്നമായി അവശേഷിച്ചു. ഇൻചാർജിനെ സസ്പെന്റ് ചെയ്ത് രാജഗോപാലിനു ചാർജ് നൽകി.
ആധുനികവത്കരണം സംബന്ധിച്ച ഒരു പുതിയ പദ്ധതി കേരളാ പ്ലാനിങ് ബോർഡിനു നൽകി. ഞാൻ നേരിട്ടു കാര്യങ്ങൾ ചെയർമാൻ ഗുലാത്തിയെ ധരിപ്പിച്ചു. അദ്ദേഹം ചോദിച്ചു:
''അവിടെ അച്ചടിപ്പിക്കുന്നതിനു പകരം പുറത്തുകൊടുത്ത് അച്ചടിക്കാമല്ലോ?''
''അൻപത്തിയഞ്ചു തൊഴിലാളികളെ എന്തു ചെയ്യും?'' ഞാൻ ചോദിച്ചു.
അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റുനിന്ന് പറഞ്ഞതെല്ലാം പിൻവലിച്ചുവെന്നു പറഞ്ഞു. ഏതായാലും ആധുനികവത്കരണത്തിനാവശ്യമായ എൺപതുലക്ഷം രൂപ പ്ലാനിങ് ബോർഡിൽനിന്നു ലഭിച്ചു. ഗവൺമെന്റിനാവശ്യമായ പാഠപുസ്തകങ്ങൾ ചുരുങ്ങിയ ചെലവിൽ അച്ചടിച്ചു കൊടുക്കാമെന്ന് ഒരു വ്യവസ്ഥ ഞങ്ങൾ എഴുതിക്കൊടുത്തു.
ആധുനികവത്കരണം നടക്കുമ്പോൾ യൂണിയൻ ഭാരവാഹികൾ പല പല പ്രശ്നങ്ങൾ ഉണ്ടാക്കി. ഷിഫ്റ്റ് നടത്തുവാൻ പാടില്ലെന്നും കരാർ ജോലിക്കാരെ വെക്കരുതെന്നും ഉള്ളിൽ കയറ്റില്ലെന്നും വാശിപിടിച്ചു. അവർക്ക് ആവശ്യമില്ലാത്ത ആവശ്യം!
എന്തു ചെയ്യണമെന്ന് മാനേജ്മെന്റ് നിശ്ചയിക്കുമെന്നും രാത്രി ഷിഫ്റ്റിന് അവരെ വിളിക്കുന്നില്ലെന്നും ഞാൻ മറുപടി കൊടുത്തു. ക്രമത്തിൽ പ്രസ്സ് പൂട്ടി ജോലിക്കാരെ പിരിച്ചുവിടും എന്ന് ഞാൻ ഭീഷണിയുയർത്തി. എന്തുകൊണ്ടോ പിന്നീട് വലിയ എതിർപ്പുകൾ ഉണ്ടായില്ല.

വിശാലമായ ഒരു ഫാക്ടറി ഷെഡ് ജനകീയാസൂത്രണപ്രകാരം നിർമ്മിച്ചെടുത്തു. പുതിയ മെഷീനുകൾ വാങ്ങി. വെബ് ഓഫ്സെറ്റ്, ഓട്ടോമാറ്റിക് കട്ടിങ് മെഷീൻ തുടങ്ങിയവ വന്നു. ഏതു സമയവും ഫാക്ടറിയിൽ വൈദ്യുതി എത്തിക്കുവാൻ മറ്റ് ഏർപ്പാടുകൾ ചെയ്തു. ധാരാളം പെൺകുട്ടികൾക്ക് തുന്നൽ, ഫോറം മടക്കൽ തുടങ്ങിയ ജോലി അവസരങ്ങളുണ്ടാക്കി.
നായനാർ ഗവൺമെന്റ് പ്ലസ് വൺ, പ്ലസ് ടൂ എന്നീ തലങ്ങളിലെ പാഠപുസ്തകങ്ങൾ മുഴുവൻ അച്ചടിക്കുവാൻ സർവ്വകലാശാലയെ ഏൽപ്പിച്ചു. എല്ലാ ദിവസവും ഏതെങ്കിലും സമയത്ത് പ്രസ്സ് സന്ദർശിക്കുക ഞാൻ ഒരു പതിവാക്കി. ജോലിക്കാർ പൂർണ്ണതാത്പര്യത്തോടെ പ്രവർത്തിച്ചു. ഓരോ ദിവസവും രാവിലെ പ്രസ്സ് സൂപ്രണ്ടിനെയും സ്പെഷ്യൽ ഓഫീസറെയും ഫോണിൽ വിളിച്ച് ഇന്നെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അന്വേഷിച്ചു. ചിലപ്പോൾ മഷി, ചിലപ്പോൾ കടലാസ്, ചിലപ്പോൾ കവർ, ചിലപ്പോൾ ഡി.ടി.പി., ചിലപ്പോൾ പ്ലെയ്റ്റ് മെയ്ക്കിങ്, ചിലപ്പോൾ അച്ചടിച്ച ബുക്കുകൾ മാറ്റം ചെയ്യാതെ കിടക്കൽ- ഇങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങൾ അവിടെ ഉണ്ടായിക്കൊണ്ടിരുന്നു. ഞാനും എന്റെ ഓഫീസറും വിഭവമുണ്ടാക്കുന്ന പ്രസ്സിന്റെ കാര്യത്തിൽ ഏറ്റവും വലിയ ശുഷ്‌കാന്തി കാണിച്ചു. ഫലം ഓരോ വർഷവും ഒന്നരക്കോടി രൂപ ടേണോവർ പ്രസ്സ്-പ്രസിദ്ധീകരണവിഭാഗത്തിൽ നിന്നു ലഭിച്ചു. അനേകം പേർക്ക് തൊഴിലവസരങ്ങൾ നൽകി. വയനാട്ടിലെ ആദിവാസി പെൺകുട്ടികൾക്ക് സ്‌റ്റൈപ്പെൻഡ് കൊടുത്ത് ബൈൻഡിങ്ങിൽ പരിശീലനം നൽകി. ഷിഫ്റ്റുകളിലൂടെ പ്രസ്സ് പ്രവർത്തിച്ചു. വെറും ഫോറങ്ങളടിച്ചിരുന്ന പ്രസ്സ് ഉന്നതനിലവാരമുള്ള ഒരു അച്ചടികേന്ദ്രമായി മാറി. പല ഗവൺമെന്റുസ്ഥാപനങ്ങളും നഷ്ടത്തിലോടുമ്പോൾ ഞങ്ങൾക്ക് വൻലാഭം ഉണ്ടാക്കുവാൻ കഴിഞ്ഞു. ഓവർടൈം എന്നത് എന്നേക്കുമായി അവസാനിപ്പിച്ചു. പണിയൊന്നുമില്ലാതിരുന്ന തസ്തികകൾ മറ്റു പലതുമായി മാറ്റി.
അവിടെ ഒരു ഗാതറിങ് മെഷീൻ വാങ്ങാതെ ആ പണം പ്രസ്സിന്റെ നാലാം നില കെട്ടടിത്തിനുപയോഗിച്ചു. അതോടെ അൻപത് പെൺകുട്ടികൾക്ക് പണി ലഭിച്ചു. മെഷീൻ അവരുടെ പണി നഷ്ടപ്പെടുത്തുമായിരുന്നു. അതിന്റെ പ്രചോദനം ഗാന്ധിജിയുടെ ചിത്രമായിരുന്നു.
ഏതവസരത്തിലും അവിടെ ഒരു സമരമുണ്ടാക്കി പ്രസ്സ് അടച്ചുപൂട്ടിക്കുവാൻ കഴിയുമെന്ന കാര്യം സുനിശ്ചിതമാണ്. അങ്ങനെ വരുമ്പോൾ ഇതിനെ ഒരു ലബോറട്ടറിയും പരിശീലനകേന്ദ്രവുമാക്കി മാറ്റണം എന്ന നിലയിലും കേരളത്തിലെ പ്രിന്റിങ് വിഷയം ശാസ്ത്രീയമാക്കണമെന്ന നിലയിലും ഒരു ബി.എസ്സി. കോഴ്സ് ആദ്യമായി ആരംഭിച്ചു. കൂടാതെ കുറേപേർക്ക് പരിശീലനം നൽകുന്ന ചില സർട്ടിഫിക്കറ്റ് കോഴ്സുകളും. ഈ പരിശീലനം ലഭിച്ച പലർക്കും പിന്നീട് ജോലികൾ ലഭിച്ചു. അവർക്ക് വെബ് ഓഫ്സെറ്റിൽ അടക്കം പരിശീലനം നൽകി. അതിനാൽ വിദേശങ്ങളിലും ധാരാളം തൊഴിൽസാദ്ധ്യതകൾ ഉണ്ടായി. വളരെക്കാലത്തിനുശേഷം പ്രസ്സിലെ തൊഴിലാളികൾ നവരാത്രികാലം ആയുധപൂജ ആഘോഷിക്കുകയും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഒരു കച്ചേരി നടത്തിക്കുകയും ചെയ്തു. മതമൗലികവാദമല്ല, ഒരു സംസ്‌കാരത്തിന്റെ തുടർച്ച.

പ്രിന്റിങ്ങിൽ നടക്കുന്ന ശാസ്ത്രീയ സാങ്കേതികമാറ്റം പഠിക്കുവാൻ ദിനേശനും ഞാനും ഡോ. ചന്ദ്രനും ഒരവസരം മണിപാൽ ഡീംഡ് യൂണിവേഴ്സിറ്റിയിലെ ബി.ടെക് സ്ഥാപനം സന്ദർശിച്ചു. വകുപ്പുമേധാവി ഡോ. ഭാസ്‌കർ റാവു എല്ലാവിധ സഹായങ്ങളും നൽകി. കാലിക്കറ്റിൽ വന്നു ക്ലാസുകൾ എടുത്തു. വൈസ് ചാൻസലർ ഡോ. ഹെഗ്ഡെ ഏറ്റവും നല്ല സ്വാഗതവും സ്വീകരണവുമാണു നൽകിയത്.

15
പിന്നീട് ദിനേശനെയും രാജഗോപാലിനെയും കൂട്ടിക്കൊണ്ട് ഞാൻ ശിവകാശി സന്ദർശിച്ചു. അവിടുത്തെ അത്യാധുനികസംവിധാനങ്ങൾ മനസ്സിലാക്കി. വെടിക്കെട്ടും തീപ്പെട്ടിയും പ്രിന്റിങ്ങും ബാലവേലയും ഇവിടുത്തെ സവിശേഷതകളാണ്. ഒരു രാത്രി അവിടെ തങ്ങി. കേരള പ്രിന്റേഴ്സ് അസോസിയേഷൻ സെക്രട്ടറി സുശീലൻ നായരും അവിടെ ചില ചർച്ചകൾക്കായി തിരുവനന്തപുരത്തുനിന്ന് എത്തിച്ചേർന്നു. ഇത്തരം പഠനങ്ങൾ നടത്തിയപ്പോൾ ബി.ടെക് പ്രിന്റിങ് കോഴ്സു കൂടി സർവ്വകലാശാലയുടെ എൻജിനീയറിങ് കോളേജിൽ ആരംഭിക്കണമെന്നും തീരുമാനിച്ചു. അങ്ങനെ കേരളത്തിലെ മൂന്നുലക്ഷം കുടുംബങ്ങൾ ജീവിച്ചുവരുന്ന പ്രിന്റിങ് മേഖലയെ ശക്തമാക്കുവാനുള്ള പ്രവർത്തനത്തിനു സർവ്വകലാശാല മേൽനോട്ടം വഹിച്ചു. ഈ പ്രവർത്തനങ്ങളെത്തുടർന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബാലൻ സർവ്വകലാശാലയിൽ വെച്ചു നടന്ന ഒരു പ്രത്യേകയോഗത്തിൽ എന്നെ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. ഇൻഡസ്ട്രിയും സർവ്വകലാശാലയും പരസ്പരം ബന്ധപ്പെട്ടത് ഒരു വലിയ നേട്ടമാണ്. പിന്നീട് സർട്ടിഫിക്കറ്റ് കോഴ്സുകൾ കണ്ണൂരും വടകരയും തിരുവനന്തപുരത്തും ആരംഭിക്കുകയുണ്ടായി. കണ്ണൂരിലെ കോഴ്സ് മന്ത്രി സുധാകരൻ ഉദ്ഘാടനം ചെയ്തു. പുതിയ കോഴ്സുകളിലൂടെ ഗണ്യമായ ഒരു വരുമാനവും സർവ്വകലാശാലയ്ക്കു ലഭിച്ചു. 'നാകി'ന്റെ (NAAC) പീർസംഘം ഈ പ്രസ്സും അതിന്റെ ആധുനികവത്കരണവും കോഴ്സുകളും എല്ലാം കണ്ട് അദ്ഭുതസ്തബ്ധരായി. പ്രത്യേകിച്ചും ആദിവാസികൾക്കും മറ്റും നൽകുന്ന പരിശീലനത്തിന്റെ സാമൂഹികപ്രതിബദ്ധതയെ പോണ്ടിച്ചേരി സർവ്വകലാശാലയിലെ ഇക്കണോമിക്സ് വിഭാഗം പ്രൊഫ. രാമദാസ് അത്യന്തം പ്രശംസിച്ചു.
എന്നാൽ ഈ സ്ഥാപനം നടത്തുന്ന കാര്യത്തിൽ എന്റെ ശേഷഭരണാധികാരികൾ ഈ താത്പര്യം കാണിക്കണമെന്നില്ല. ഗവൺമെന്റ് തന്നെ പാഠപുസ്തകങ്ങൾ സ്വകാര്യമേഖലയ്ക്ക് ഏൽപ്പിച്ചുകൊടുത്തിരിക്കുകയാണ്. ആധുനികവത്കരിച്ച പ്രസ്സിലെ ഷിഫ്റ്റും താത്കാലിക ജീവനക്കാരും അപ്രത്യക്ഷമായി. ഇതു തകർച്ചയുടെ തുടക്കമായി തോന്നുന്നു. തകർച്ചയ്ക്ക് നമ്മുടെ ഫൈനാൻസ് കോഡും വേണ്ടത്ര സംഭാവന ചെയ്യുന്നുണ്ട്. കടലാസ് വാങ്ങുന്ന പർച്ചെയ്സ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ ഒരവസരം മൂന്നു ക്വട്ടേഷനുകളില്ലാതെ ഹിന്ദുസ്ഥാൻ പേപ്പർ മിൽസ് എന്ന ഗവൺമെന്റ് സ്ഥാപനത്തിൽനിന്ന് കടലാസു വാങ്ങാൻ പാടില്ലെന്ന നിഷേധക്കുറിപ്പുമായി ഫയൽ അയച്ചുതന്നു. അതു ധിക്കരിക്കുവാനുള്ള തന്റേടം എത്ര വി.സിമാർ കാണിക്കുമെന്നറിയില്ല. അപ്പോൾ കടലാസ് കിട്ടാതെ ആഴ്ചകൾ കഴിഞ്ഞ് പ്രസ്സ് സ്വയം നശിച്ചുകൊള്ളും. ഇത്തരം സാമഗ്രികൾ തരുന്നവർക്ക് പണവും യഥാവസരം നൽകേണ്ടതുണ്ട്. സർവ്വകലാശാലയിലെ അച്ചടിയുടെ സിംഹഭാഗം കരസ്ഥമാക്കിയിരുന്ന ഒരു സ്വകാര്യപ്രസ്സിനെ ഓർത്തുപോകുന്നു. അത് ഒരു പത്രത്തിന്റെ മുഖ്യ റിപ്പോർട്ടറുടെ സ്വന്തവും. അപ്പോൾ യൂണിവേഴ്സിറ്റി പ്രസ്സിന്റെയും എന്റെയും ശത്രുവായി ആ വ്യക്തി മാറുന്നത് സ്വാഭാവികം. ഇത്തരത്തിൽ അനേകം പേരോട് പോരടിക്കാൻ ഒരു ഭരണാധികാരിയും മുന്നോട്ടുവരില്ല. നീന്തരുത്, പൊങ്ങിക്കിടക്കുക- അതാണല്ലോ പലരുടെയും മുദ്രാവാക്യം.
ഇത്തരം ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് പശ്ചാത്തലമൊരുക്കിയ ദിനേശനെ ചില യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തുകയും തെറിയഭിഷേകം നടത്തുകയും വധഭീഷണി കാരണം അദ്ദേഹം ഉന്നതകേന്ദ്രങ്ങളിൽ ഹർജി നൽകുകയും ചെയ്തിരുന്നു. ഞാൻ സർവ്വകലാശാല വിട്ടതിനുശേഷം ദിനേശനെ തിരിച്ചയയ്ക്കണമെന്നും പ്രിന്റിങ് കോഴ്സുകൾ നഷ്ടമാണെന്നും ഒരു പത്രം റിപ്പോർട്ട് ചെയ്തതായി എനിക്കറിയാം. വഞ്ചി തിരുനക്കര തന്നെ കിടക്കുന്നതാണ് പലർക്കും സൗകര്യം.
ലേഡീസ് ഹോസ്റ്റലിൽ ഒരു സമരം നടന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഞാൻ വൈസ് ചാൻസലർ പദവിയിൽ ചാർജെടുക്കുന്നത്. മെസ്സ് ജോലിക്കാരായ പന്ത്രണ്ടു സ്ത്രീകളാണ് സ്ഥിരവേതനത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടി ഹർജികൾ കൊടുക്കുകയും ലേബർ ഓഫീസുകളിൽ കയറിയിറങ്ങുകയും ചെയ്തത്. അവർക്കനുകൂലമായ ചില വിധികളുമുണ്ടായി. സർവ്വകലാശാല ചില അപ്പീൽ കേസുകളും നടത്തിവന്നു. ഇത്തരം കേസുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റും ആരംഭിച്ചിരുന്നു. നക്സൽ ആശയക്കാർ ഈ സമരത്തിനു നേതൃത്വംവഹിച്ചു. സ്റ്റേറ്റിൽ എൽ.ഡി.എഫ്. ഭരണം നിലനിന്നിരുന്നതിനാലും പല രാഷ്ട്രീയക്കാരായ യൂണിയനുകളും സമരത്തോട് അനുഭാവം പുലർത്തി. തൊഴിൽസമരമായതിനാൽ മാർക്സിസ്റ്റ് അനുഭാവമുള്ള യൂണിയൻ ഒന്നിലും ഇടപെടാതെ നിൽക്കുകയും ചെയ്തു.
സമരത്തിന്റെ പ്രധാനകാരണം ഹോസ്റ്റലിലെ മെസ്സ് നടത്തുന്ന വിദ്യാർത്ഥിനികളുടെ യൂണിയൻ മെസ്സ് വർക്കേഴ്സിന്റെ പെരുമാറ്റം തൃപ്തികരമല്ലെന്നു പറഞ്ഞ് അവരെ പിരിച്ചുവിട്ടതായിരുന്നു. ലേബർ ട്രിബ്യൂണൽ ജോലിക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ വിധിച്ചാൽ അതു തങ്ങളുടെ തലയിലാകും എന്നതിനാൽ വിദ്യാർത്ഥിനികൾ അവരെ പിരിച്ചുവിട്ടു. കൂടാതെ അവരിൽ ചിലർക്കു ലേബർ കോടതിയിലും മറ്റും പോകേണ്ടിയുംവന്നു. സർവ്വകലാശാല ഓരോ ദിവസം ഓരോ വിദ്യാർത്ഥിനിക്കും നിശ്ചിതസംഖ്യ നിശ്ചയിച്ചുകൊണ്ട് ഹോസ്റ്റൽ നടത്തുന്ന അധികാരം ഒരു കരാറുകാരനു നൽകി. അയാൾ പഴയ ആൾക്കാരെ പുറത്താക്കി തന്റെ ജോലിക്കാരെ നിയമിച്ചു. 'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക'-സമരം മാസങ്ങൾ നീണ്ടുനിന്നു. പലവട്ടം ചർച്ചകൾ നടന്നു. വിദ്യാർത്ഥിനികൾ യാതൊരു വിധത്തിലും തങ്ങൾക്ക് മെസ്സ് നടത്താൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. പന്ത്രണ്ടു പേരെ തിരിച്ചെടുത്താൽ കരാറുകാരന്റെ ബാദ്ധ്യത വർദ്ധിക്കുകയും ഭക്ഷണത്തിന്റെ നിശ്ചിതവില വർദ്ധിക്കുകയും ചെയ്യും. ആ ബാദ്ധ്യത ഏറ്റെടുക്കാൻ വിദ്യാർത്ഥിനികളും തയ്യാറായിരുന്നില്ല.
സിൻഡിക്കേറ്റ് ഒരുപസമിതിയെ പ്രൊഫ. സലീമിന്റെ (പിന്നീട് പ്രോ വൈസ് ചാൻസലർ) നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനായി നിയമിച്ചു. വിവിധ രാഷ്ട്രീയകക്ഷികളുമായി കൂടിയാലോചിച്ച് കോഴിക്കോട്ടുവെച്ച് ഉപസമിതി, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്ന് ഒരു ധാരണയിലെത്തി. പക്ഷേ, വിദ്യാർത്ഥിനികൾ സഹകരിക്കാത്ത നിലയിൽ പ്രശ്നം പരിഹരിക്കാതെ കിടന്നു. സമരക്കാർ മാസങ്ങൾ പന്തൽ കെട്ടി ബസ്സ്റ്റോപ്പിൽ കുത്തിയിരിപ്പു നടത്തി. ചില അന്താരാഷ്ട്രസംഘടനകളുടെ പ്രതിനിധികൾ ബസ്സ്റ്റോപ്പിലെത്തി അനുഭാവം പ്രകടിപ്പിച്ചു. പ്രചരിപ്പിച്ചതു മുഴുവൻ ഇവർ സർവ്വകലാശാലയിലെ ജീവനക്കാരാണെന്നതായിരുന്നു. സ്ത്രീജീവനക്കാരുടെ സമരമായതിനാൽ സഹാനുഭൂതി അവരുടെ പക്ഷത്തായി.
സിൻഡിക്കേറ്റ് ദിവസങ്ങളിൽ അനുഭാവികൾ ധർണ്ണയും സമരവുമായി പ്രക്ഷോഭം തുടർന്നു. സിൻഡിക്കേറ്റംഗത്തെ കൈയേറ്റം ചെയ്തുവെന്നതിന്റെ പേരിൽ അറസ്റ്റും, കേസ് ചാർജ് ചെയ്യലും, സസ്പെൻഷനും എല്ലാം നടന്നു. അന്തരീക്ഷത്തെ പലവിധത്തിലും ഈ സംഭവങ്ങൾ ചൂടുപിടിപ്പിച്ചുകൊണ്ടിരുന്നു. സമരം നീണ്ടുപോയതിനും പ്രക്ഷോഭം കൂടിവന്നതിനും പല കാരണങ്ങൾ ഉണ്ടായിരുന്നു. സമരം ചെയ്യുന്ന യൂണിയനുകൾ തിരിച്ചെടുക്കുന്നത് എങ്ങനെയെന്നു മാത്രം വ്യക്തിമാക്കിയില്ല. ലാസ്റ്റ് ഗ്രേഡിൽ റിസർവേഷൻ, പാർട്ട് ടൈം ജോലിക്കാർ തുടങ്ങിയ പ്രശ്നങ്ങളും നിലനിന്നു. ചില സംഘടനകളിലെ അംഗങ്ങൾക്ക് കണ്ണൂർ വാഴ്സിറ്റിയിലേക്ക് വിചാരിച്ചതുപോലെ ഡെപ്യൂട്ടേഷനിൽ പോകുവാനും കഴിഞ്ഞില്ല. അംഗസംഖ്യ നിജപ്പെടുത്തിയിരുന്ന ഗവൺമെന്റ് ഓർഡർ ഒരു വിലങ്ങുതടിയായി. വി.സിയെ ആദ്യംതന്നെ പേടിപ്പിച്ചു കീഴ്പ്പെടുത്താം എന്ന നയത്തിന്റെ ഭാഗമായി യൂണിയൻ ഭാരവാഹികൾ ചേംബറിൽ ഇടിച്ചുകയറി മുദ്രാവാക്യം മുഴക്കി ബന്ദിയാക്കിവെക്കുന്ന ചില വിദ്യകൾ നടപ്പിലാക്കി. തലശ്ശേരിയിലെ നരവംശശാസ്ത്രകേന്ദ്രത്തിലെ ഒരദ്ധ്യാപികയ്ക്ക് കോഴിക്കോട് സർവ്വകലാശാലയിൽത്തന്നെ ജോലി വേണമെന്ന് ഒരദ്ധ്യാപകസംഘടന വാശിപിടിച്ചു. കേസുകളും പ്രക്ഷോഭവുമായി അവരും മുന്നോട്ടു പോയി.
അംഗീകരിക്കപ്പെടാത്ത നഴ്സിങ് കോഴ്സിലെ വിദ്യാർത്ഥിനികൾ സമരവുമായി മറ്റൊരു വശത്ത്. അവരുന്നയിച്ച ഒരു ചോദ്യത്തിനും എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. തൃശ്ശൂർ മെഡിക്കൽ കോളേജ് കാലിക്കറ്റിന്റെ കീഴിലായിരിക്കെ കോട്ടയത്തെ നഴ്സിങ് വിദ്യാർത്ഥിനികൾക്ക് അവിടെ പരിശീലനത്തിന് അംഗീകാരം കിട്ടിയെന്നും തങ്ങൾക്ക് കിട്ടിയില്ലെന്നും അവർ പരാതിപ്പെട്ടു. വകുപ്പുമന്ത്രിയെ നേരിട്ടുകണ്ടിട്ടും ഈ പ്രശ്നം പരിഹരിക്കാൻ കഴിയാതെ ഞാൻ മറ്റൊരു വിഷമാവസ്ഥയിൽ. എല്ലാംകൂടി സർവ്വകലാശാലയിൽ ഒരു കൊടുങ്കാറ്റ് അഴിച്ചുവിടാനാണ് പലരും പരിശ്രമിച്ചത്.
മെസ്സ് ജോലിക്കാരുടെ സമരം പിന്നീട് മെഡിക്കൽ കോളേജിനു മുമ്പിൽ അവരുടെ ഒരു നേതാവിന്റെ നിരാഹാരസത്യാഗ്രഹത്തിലെത്തിച്ചു. നക്സൽ ആശയക്കാർ സമരത്തിനു കഴിയുന്നവിധം ശക്തിപകർന്നു. സിൻഡിക്കേറ്റ് ഉപസമിതി സർവ്വകക്ഷികളുമായി ചെയ്ത ധാരണ പാളിപ്പോവുകയും ചെയ്തു. എന്തു പണം ചെലവായാലും വിദ്യാർത്ഥിനികൾക്ക് സബ്സിഡി നൽകി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നുള്ള കാര്യം അവർ വി.സിയെ അധികാരപ്പെടുത്തി. ജസ്റ്റിസ് കൃഷ്ണയ്യർ ഇടപെട്ടുകൊണ്ട് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ എന്താണ് വിഷമമെന്ന് അരമണിക്കൂർ ഫോണിൽ എന്നോടു സംസാരിച്ചു. ഒരു സൈക്കിൾ സൂക്ഷിപ്പു കേസിൽ അദ്ദേഹം നടത്തിയ വിധിന്യായം എന്നോടു വായിക്കാൻ പറഞ്ഞു. അദ്ദേഹവും മറ്റുള്ളവരും ഇടപെട്ടനിലയിൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്ന ധാരണയോടെ പിന്നീട് നിരാഹാരസമരം അവസാനിക്കപ്പെട്ടു.
16
എങ്ങനെ തിരിച്ചെടുക്കണമെന്ന കാര്യം പൂർണ്ണമായും സിൻഡിക്കേറ്റ് എനിക്ക് വിട്ടുതന്ന നിലയിൽ അതിനുവേണ്ടിയാണ് പിന്നീട് പ്രവർത്തിച്ചത്. ഏറ്റവും വലിയ പ്രശ്നം സർവ്വകലാശാല നിയമിച്ചവരല്ല ഈ ജോലിക്കാർ എന്നതുതന്നെ. ഏതാണ്ട് പത്തുമാസക്കാലം അവർക്കു ജോലിയില്ലെന്നുള്ളതു മാത്രമല്ല, മറ്റൊരു ജോലിക്ക് പോകാനും പറ്റിയില്ല. കാരണം, സമരം നടത്തേണ്ടതുതന്നെ. വേണ്ടത്ര പ്രവർത്തനമില്ലാതെ സർവ്വകലാശാലയിൽ ഒരു മഹിളാസംഘടന വളരെ വർഷങ്ങളായി നിലനിന്നിരുന്നു. അവർക്കു നൽകിയ ഓഫീസ് കെട്ടിടം പോലും തകർന്നുവീണിരുന്ന കാര്യം ഓർമ്മിച്ചു. മെസ്സ് നടത്തുന്ന കാര്യത്തിലും മറ്റും ഇത്തരം വനിതാസംഘടനകൾ മുന്നോട്ടു വരണമെന്നും ക്രിയാത്മകമായി വല്ലതും ചെയ്യണമെന്നും മറ്റും ഇതിന്റെ ഭാരവാഹികളിൽ പലരോടും ഞാൻ മുമ്പുതന്നെ പറയാറുണ്ട്. അവരിൽ ചിലരുമായി ഞാൻ കാര്യം സംസാരിച്ചു. ഈ അവസരം സർവ്വകലാശാലയുടെ അഭിമാനം രക്ഷിക്കണമെന്നും ഇവരെ തിരിച്ചെടുത്തതുകൊണ്ട് എന്തു നഷ്ടം വന്നാലും അനുവദിച്ചുതരാമെന്നും മറ്റും സംസാരിച്ചു. ഡോ. പത്മകുമാരിയമ്മയും മറ്റും അത്യന്തം സഹായകരമായ നിലപാടു സ്വീകരിച്ചു.
മെസ്സ് വർക്കേഴ്സിനാവശ്യം സർവ്വകലാശാലയുടെ ജോലിയാണ്. അതു കൊടുക്കാൻ കഴിയുന്നതുമായിരുന്നില്ല. ഒരു മാനേജരെ നിയമിച്ച് അവരെ തിരിച്ചെടുക്കുന്നതാണെന്ന് ഞാൻ ഉറപ്പു നൽകി. ഈ മാനേജർ ആരാണെന്ന കാര്യം മാത്രം ഞാൻ രഹസ്യമാക്കിവെച്ചു. കാരണം, ഒത്തുതീർപ്പു പൊളിഞ്ഞുപോയാൽ മറ്റൊരു വഴി ഞങ്ങളുടെ മുമ്പിൽ ഇല്ലെന്നതുതന്നെ. വിദ്യാർത്ഥിനികളോട് നിലവിലുള്ള കോൺട്രാക്റ്റർക്കു നൽകുന്ന മെസ്സ് ഫീസ് മാത്രം നൽകിയാൽ മതിയെന്ന് ഉറപ്പു നൽകി. അങ്ങനെ യൂണിവേഴ്സിറ്റിയിലെ മഹിളാസമാജത്തിനു ഹോസ്റ്റൽ നടത്തുവാൻ രണ്ടു വർഷത്തേക്ക് അനുമതി നൽകുകയും ഫീസ് നിജപ്പെടുത്തുകയും ചെയ്തു. മഹിളാസമാജത്തിന്റെ മാനേജർ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുകയും മെസ്സ് ഭംഗിയായി നടത്തുകയും ചെയ്തു. ചില പ്രത്യേക നിബന്ധനകളോടെയും മറ്റും വീണ്ടും രണ്ടുവർഷക്കാലത്തേക്ക് അവർക്കുതന്നെ മെസ്സ് കോൺട്രാക്റ്റ് അനുവദിക്കുയും ചെയ്തു.
17
സമരം ഊതിക്കത്തിച്ചുനടന്ന സംഘടനകളും അനുഭാവികളും അണ്ടിപോയ അണ്ണാനെപ്പോലെ വിഷണ്ണരായി. അനുഭാവിയായ ഒരു പ്രൊഫസർ നാരങ്ങാവെള്ളം നൽകി നിരാഹാരസമരം അവസാനിപ്പിച്ചപ്പോൾ നടത്തിയ പ്രസംഗം 'ഒത്തുതീർപ്പുണ്ടാക്കിയതും നടപ്പിലാക്കിയതുമായ വഴി ജനാധിപത്യരീതി അനുസരിച്ചായില്ല' എന്നായിരുന്നു. മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിച്ചിരുന്നുവെങ്കിൽ, മാനേജർ ആരാണെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിൽ, അദ്ദേഹത്തിന് കുറച്ചു മാസങ്ങൾകൂടി പത്രപംക്തികളിൽ വിലസുവാൻ കഴിയുമായിരുന്നു. അതില്ലാതാക്കിയ പ്രായോഗികബുദ്ധിയെ വിമർശിക്കുകയല്ലാതെ മറ്റെന്താണ് വഴി?
സർവ്വകലാശാലയിൽനിന്ന് വിടവാങ്ങുന്നതിനുമുമ്പ് ഇത്തരത്തിൽ വരുന്ന മെസ്സ് വർക്കേഴ്സിനെ അവിടെയുണ്ടാകുന്ന ലാസ്റ്റ് ഗ്രേഡ് ജോലികളിൽ നിയമിക്കേണ്ടതാണെന്ന ഒരു ഓർഡർ ഞാൻ തന്നെ ഇറക്കിയ കാര്യം ഓർമ്മിക്കുന്നു. ഗോവിന്ദവല്ലഭ് പന്ത് കാർഷിക യൂണിവേഴ്സിറ്റിക്കെതിരായി സുപ്രീംകാടതിയിൽ വന്ന് ഒരു കേസിൽ 2000-ാം ആണ്ടിൽ ഇത്തരം ജോലിക്കാർക്ക് സ്ഥിരജോലി നൽകേണ്ടതാണെന്നു വിധിച്ചിരുന്നു. ആ വിധിയെ ഓർമ്മിച്ചുകൊണ്ടാണ് ഇത്തരത്തിൽ ഇവരുടെ കാര്യത്തിൽ ഒരു തീരുമാനമെടുത്തത്. പക്ഷേ, അത് എന്റെ പിൻഗാമികൾ നടപ്പിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. 'ഹയർ ആൻഡ് ഫയർ' എന്നാണല്ലോ ഇന്നത്തെ മുദ്രാവാക്യം. ജോലിസ്ഥിരതയും തൊഴിലാളികളുടെ ആനുകൂല്യങ്ങളും ഇന്ന് ഒരു മരീചികയായി മാറിയിരിക്കുകയാണ്. ലോകബാങ്കിനും മറ്റും വേണ്ടി ജനുവരിയിൽ (2002) നടപ്പാക്കിയ കേരള ഭരണകൂടത്തിന്റെ ഓർഡർ സർവ്വകലാശാലകളെ ഇന്ന് ദീർഘനിദ്രയിലെത്തിച്ചിരിക്കുന്നു. അദ്ധ്യാപകരില്ലാതെയും പഠനവകുപ്പുകൾ നടത്തേണ്ടിവരുമ്പോൾ പാവം മെസ്സ് വർക്കർമാരുടെ കാര്യം എന്തായാലെന്ത്! ഗാർഡനർമാരുടെ കാര്യം എന്തായാലെന്ത്! എല്ലാം 'വെറ്റ്ലീസ്' ആക്കുന്നതായിരിക്കും ഉചിതമെന്ന് ബാങ്കുകൾ നമ്മെ അനുസ്മരിപ്പിക്കും. ഒരു ജനതയുടെ വിദ്യാഭ്യാസം തന്നെ ഇന്ന് വെറ്റ്ലീസ് ആയിക്കഴിഞ്ഞിരിക്കുന്നു. (വെറ്റ്ലീസ് എന്ന പ്രയോഗം കൂടുതലായി ഉപയോഗിക്കുന്നത് എയർ ഇന്ത്യ പോലുള്ള ഒരു സ്ഥാപനം മറ്റുള്ള വിമാനസർവീസിനെയും സ്റ്റാഫിനെയും എല്ലാം കടമെടുത്ത് തങ്ങളുടെ സർവീസിനായി നടത്തുന്ന പതിവിനെയാണ്.)
നക്സൽ അനുഭാവികൾക്കും മറ്റു സംഘടനകൾക്കും തങ്ങളുടെ നീണ്ടകാലത്തെ സമരം പെട്ടെന്ന് ചീറ്റിപ്പോയതിൽ ജാള്യതയും സങ്കടവും ഉണ്ടായി. പിരിച്ചുവിടപ്പെട്ട സ്ത്രീകൾ എന്തായാലും പണി തിരികെ ലഭിച്ച നിലയിൽ മറ്റൊരു സമരത്തിന് തയ്യാറായിരുന്നില്ല. പക്ഷേ, സമരക്കാർക്ക് കുറച്ചു മാസങ്ങൾക്കുശേഷം മറ്റൊരവസരം ലഭിച്ചു. ആ അവസരം അവർ തികച്ചും ഉപയോഗപ്പെടുത്തി. വാർത്താരംഗത്ത് സർവ്വകലാശാലയെ തികച്ചും താറടിക്കുവാൻ അവർക്ക് കഴിഞ്ഞു. മെസ്സ് വർക്കേഴ്സ് സമരത്തിൽ പങ്കെടുത്ത സർവ്വകലാശാലയിലെ ഒരു ജീവനക്കാരിതന്നെയായിരുന്നു ആ സമരത്തിലെ മുഖ്യകഥാപാത്രം.