പുരാതനകാലത്ത് റഷ്യയ്ക്കും മംഗോളിയയ്ക്കും ചൈനയ്ക്കും ഇടയിൽ തണുത്തുറഞ്ഞ മനോഹരമായ ഒരു പ്രദേശമായിരുന്നു ഹാർബിൻ. 1933-ലെ ഒരു വേനൽക്കാല ദിവസം. അന്ന് ജപ്പാൻ അധീനതയിലായിരുന്ന ഈ പ്രദേശത്തെ സോങ്ഹുവ നദിക്ക് കുറുകെ അക്കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ ഇരുമ്പുപാലത്തിന്റെ പണി തകൃതിയായി നടക്കുന്നു. നദിയുടെ കരയിൽ പാലത്തിന്റെ തൂണുകൾ താഴ്ത്താനായി കുഴിയെടുക്കുന്ന തൊഴിലാളികൾ എല്ലാം വിശ്രമത്തിനായി ഒരു മരത്തണലിലേക്ക് നീങ്ങുന്നു. വൃദ്ധനായ ഒരാൾമാത്രം അവിടെതന്നെ നിൽക്കുന്നു. കുഴിയെടുക്കുമ്പോൾ നേരത്തെ കിട്ടിയ ഒരു സാധനം മറ്റാരും കാണാതെ അയാൾ മണ്ണിൽ മൂടിവെച്ചിരുന്നു. മെല്ലെ മണ്ണ് നീക്കി അയാൾ അത് പുറത്തെടുക്കുന്നു. അസാമാന്യമായ വലിപ്പമുള്ള വലിയ കേടുപാടുകൾ സംഭവിക്കാത്ത ഒരു മനുഷ്യ തലയോട്ടിയായിരുന്നു അത്. പേടി കൊണ്ടോ അദ്ഭുതം കൊണ്ടോ ഇക്കാര്യം മറ്റാരോടും പറയാതെ ആ ഭീമൻ തലയോട്ടി അയാൾ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി രഹസ്യമായി കിണറിൽ ഒളിപ്പിച്ചുവെക്കുന്നു. വർഷങ്ങൾ കടന്നുപോയി. ഈ തലയോട്ടി അയാളുടെ പിൻതലമുറക്കാർ സൂക്ഷിച്ചുവെച്ചു. 84 വർഷങ്ങൾക്കുശേഷം 2017-ൽ അവർ അത് ചൈനീസ് ഭരണകൂടത്തിന് നൽകുന്നു. വളരെ കൗതുകം തോന്നുന്ന, വലിപ്പമുള്ള ഈ തലയോട്ടി പഠനവിധേയമാക്കപ്പെടുന്നു. ഈ തലയോട്ടിക്ക് ഏകദേശം 146000 വർഷം പ്രായമുണ്ടെന്ന് കണ്ടെത്തുന്നു. അക്കാലത്ത് പല മനുഷ്യ വിഭാഗങ്ങളും ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ഇടകലർന്ന് ജീവിച്ചിരുന്നെന്നും, അതിൽ ഇന്നത്തെ ആധുനിക മനുഷ്യനോട് സാദൃശ്യം കാണിക്കുന്ന ഏതോ ഒരു വിഭാഗത്തിലെ ഏതാണ്ട് 50 വയസ്സ് വരുന്ന ഒരു ആണിന്റെ തലയോട്ടിയാണ് ഇതെന്നും മനസ്സിലായി. 2025-ൽ വളരെ രസകരമായ ഒരു കാര്യം കൂടി കണ്ടെത്തുന്നു. തലയോട്ടിയുടെ പ്രോട്ടിയോമിക് പഠനങ്ങളും അതുപോലെ മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ. അനാലിസിസും ഈ തലയോട്ടി നാം ഈയിടെ കണ്ടെത്തിയ 'ഡെനിസോവൻ' എന്ന മനുഷ്യ വിഭാഗത്തിൽ പെടുന്ന ഒരാളുടേതാണെന്ന് തെളിയുന്നു. ഈ ഡെനിസോവൻ എന്ന പുതിയ മനുഷ്യവർഗത്തെ നേരത്തെ നാം എങ്ങനെയാണ് കണ്ടെത്തിയതെന്ന രസകരമായ കഥയാണ് ഇനി പറയാൻ പോകുന്നത്.

To advertise here,

തെക്കൻ സൈബീരിയയിലെ അൾട്ടയി മലനിരകൾക്കുള്ളിലായി ഒരു വലിയ ഗുഹയുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ഡെനിസ് എന്ന് പേരുള്ള ഒരു സന്ന്യാസി ഏറെനാൾ ഏകനായി താമസിച്ച ഇടമായിരുന്നു അത്. പിൽക്കാലത്ത് ഈ ഗുഹ ഡെനിസോവൻ ഗുഹ എന്ന പേരിൽ അറിയപ്പെട്ടു. നനുത്ത, വാസയോഗ്യമായ ഈ ഗുഹയ്ക്ക് മുന്നിൽ പച്ചപുതച്ച താഴ്വാരം. മുന്നിലൂടെ ശാന്തമായി ഒഴുകുന്ന അനുയി പുഴ. എല്ലാം കൊണ്ടും ഒരു സംസ്കാരം വളർന്നു വരാൻ അനുയോജ്യമായ അന്തരീക്ഷം. ആധുനിക മനുഷ്യന്റെ തൊട്ടു മുൻപേയുള്ള മുൻഗാമികളുടെ ഈറ്റില്ലം. യൂറോപ്പിൽ നിന്നും കുടിയേറിയ, ജർമ്മനിയിലെ നിയാണ്ടർത്തൽ താഴ്വരയിൽ നിന്നും ഫോസിലുകളുടെ രൂപത്തിൽ നാം ആദ്യമായി കണ്ടെത്തിയ, നിയാണ്ടർത്തൽ മനുഷ്യരായിരുന്നു ഈ മുൻഗാമികൾ. അതുകൊണ്ടുതന്നെ 1970-കൾ മുതൽക്ക് തന്നെ ഈ ഗുഹയും പരിസരവും പര്യവേഷകരുടെ താവളമായി മാറി. ഒട്ടനവധി ഫോസിലുകളെ പതിനായിരക്കണക്കിന് വർഷങ്ങൾ സംരക്ഷിച്ചു നിർത്തി നമുക്ക് മുന്നിൽ ചരിത്രരഹസ്യങ്ങളുടെ ഭണ്ഡാരം തന്നെ തുറന്നുതന്ന ഈ ഗുഹയ്ക്ക് ഇന്നുവരെ നാം അറിയാതെ പോയ ഒരു പുതിയ മനുഷ്യവംശത്തിന്റെ കഥ പറയാനുണ്ടായിരുന്നു!

ജൂലായ് 2008-ലെ ഒരു ദിവസം. റഷ്യൻ ആർക്കിയോളജിസ്റ്റ് അലക്സാണ്ടർ സൈബാങ്കോവിന് ഡെനിസോവൻ ഗുഹയിലെ നേരത്തെ കുഴിച്ചെടുത്ത പാളികളിൽ നിന്നും മുപ്പത്തിനായിരത്തിനും അമ്പതിനായിരത്തിനും ഇടയ്ക്ക് വർഷങ്ങൾ പ്രായമുള്ള ഒരു ചെറിയ അസ്ഥിക്കഷ്ണം കിട്ടുന്നു. ഈ ഗുഹയിൽ നിന്നും ഒരു ഫോസിൽ അസ്ഥിക്കഷ്ണം കിട്ടുക എന്നത് വലിയ കാര്യമൊന്നുമല്ല. എന്നിരുന്നാലും സൂക്ഷിച്ചു നോക്കിയപ്പോൾ അത് പ്രൈമേറ്റ് വർഗത്തിൽ പെട്ട ഒരു ജീവിയുടെ ചെറുവിരൽ അസ്ഥിക്കഷണമാണെന്ന് മനസ്സിലായി. നേരത്തെ പറഞ്ഞ കാലയളവിൽ കുരങ്ങു വർഗത്തിൽ പെട്ട ഒരു സസ്തനിയും സൈബീരിയൻ മേഖലയിൽ ജീവിച്ചിരുന്നില്ല. അതിനാൽ ഈ ചെറുവിരൽ എല്ലിന്റെ ഫോസിൽ മനുഷ്യവർഗത്തിന്റേതു തന്നെ എന്നുറപ്പിച്ചു. വലിയ താൽപ്പര്യമില്ലെങ്കിലും സൈബാങ്കോവിന്റെ പര്യവേഷണ സംഘം ഇതിന്റെ പ്രാഥമിക പരീക്ഷണങ്ങൾ നടത്തി. താൽപ്പര്യമില്ല എന്ന് പറയാൻ കാരണം നേരത്തെ ഇവിടെ നിന്നും കിട്ടിയ അസ്ഥികൾ എല്ലാം നിയാണ്ടർത്തൽ മനുഷ്യന്റെതാണെന്നായിരുന്നു അനുമാനം. ഇതും അത് തന്നെയാകാൻ മാത്രമേ വഴിയുള്ളൂ. കാരണം ആധുനിക മനുഷ്യന് നിയാണ്ടർത്തൽ എന്ന ഒരു പൂർവികൻ മാത്രമേ ഉള്ളൂ. പ്രാഥമിക പരീക്ഷണങ്ങൾ അനുസരിച്ച് ഇത് ഏതാണ്ട് 13 വയസ്സോളം പ്രായം വരുന്ന ഒരു ബാലികയുടെ ചെറുവിരലസ്ഥിയാണിതെന്ന് മനസ്സിലാക്കി. കുറച്ചുകാലം ഈ സാമ്പിളുകൾ ആരും ശ്രദ്ധിക്കാതെ അങ്ങനെതന്നെ കിടന്നു. പിന്നീട് കൂടുതൽ പരിശോധനയ്ക്കായി ഈ അസ്ഥിക്കഷ്ണം രണ്ടു ഭാഗമായി മുറിച്ചു. ഒരു ഭാഗം കാലിഫോർണിയയിലെ ജനിറ്റിക്സ് ലാബിലേക്കും മറ്റൊരു ഭാഗം പരിണാമ ജനിറ്റിക്സ് ശാസ്ത്രജ്ഞനായ സ്വാന്റെ പാബോയ്ക്കും കൈമാറി.

സ്വാന്റെ പാബോ ഒരു സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനാണ്. ഫോസിലുകളിൽ നിന്നും ഡി.എൻ.എ. വേർതിരിച്ചു പഠനം നടത്തുന്നതിൽ ഒരു അതികായനാണ് അദ്ദേഹം. നിയാണ്ടർത്തൽ ജീനുകളെ പറ്റി അദ്ദേഹം ഒരുപാട് ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തരം പഠനങ്ങൾ വളരെ വിഷമം പിടിച്ചതാണ്. ഡി.എൻ.എ. കാണപ്പെടുന്നത് ഒരു കോശത്തിന്റെ നടുഭാഗത്തുള്ള ന്യൂക്ലിയസിൽ ആണ്. പതിനായിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള അസ്ഥികളിൽ നിന്നും ഇവ വേർതിരിക്കുക എന്നത് വളരെ പ്രയാസമാണ്. ഇനി വേർതിരിച്ചാൽ തന്നെ അത് മാലിന്യമുക്തമാക്കുകയും വേണം. ആയിരക്കണക്കിന് വർഷംമാത്രം പഴക്കമുള്ള ഈജിപ്തിലെ മമ്മികളിൽ നിന്നും ഡി.എൻ.എ. വേർതിരിച്ചു കൊണ്ടായിരുന്നു പാബോ ഈ മേഖലയിൽ കാലുകുത്തുന്നത്. അന്ന് അത് ഒരു പരാജയമായി പോയെങ്കിലും പാബോ ഇതിനുവേണ്ടി ഒരു പുതിയ സങ്കേതം തന്നെ വികസിപ്പിച്ചെടുത്തു. എന്നിരുന്നാലും അത് ഒരു വിഷമമുള്ള ജോലിയായിരുന്നു. തന്റെ പക്കൽ കിട്ടിയ ബാലികയുടെ ഫോസിലിൽ നിന്നും ഡി.എൻ.എ. വേർതിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാൽ കോശത്തിൽ തന്നെ മൈറ്റോകോൺഡ്രിയ എന്ന ഒരു ഉപഘടകമുണ്ട്. അതിനുള്ളിൽ കാണുന്ന പ്രത്യേക ഡി.എൻ.എ.-യെ മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ. (എം.ടി. ഡി.എൻ.എ.) എന്ന് പറയുന്നു. ഈ തന്മാത്രകളുടെ വലിപ്പം കുറവാണെന്നുള്ളതും ഒരു മൈറ്റോകോൺഡ്രിയയിൽ തന്നെ എം.ടി. ഡി.എൻ.എ.-യുടെ ആയിരത്തോളം കോപ്പികൾ ഉണ്ട് എന്നുള്ളതും ഇത് വേർതിരിച്ചെടുക്കൽ കുറച്ചുകൂടി എളുപ്പമാക്കുന്നു. ഫോസിലിൽ നിന്നും എം.ടി. ഡി.എൻ.എ. വേർതിരിച്ചു പാബോ നടത്തിയ ഗവേഷണത്തിന്റെ ഫലം ഞെട്ടിക്കുന്നതായിരുന്നു. ബാലികയുടെ ജനിതക കോഡുകൾ നിയാണ്ടർത്തൽ മനുഷ്യന്റെയോ ആധുനിക മനുഷ്യന്റെയോ ജനിതക കോഡുകളുമായി ഒരു ബന്ധവും ഇല്ലാത്തതായിരുന്നു. ശാസ്ത്രലോകം ഈ ബാലികയെ എക്സ് വുമൺ എന്ന് വിളിച്ചു. ഈ ബാലിക നമുക്ക് ഇന്നേവരെ അറിയാത്ത ഒരു പുതിയ മനുഷ്യവംശത്തിൽ നിന്നുള്ളവളായിരുന്നു. പുതുതായി കണ്ടെത്തിയ ഈ മനുഷ്യവർഗം ഡെനിസോവൻ എന്ന പേരിൽ അറിയപ്പെട്ടു. ഇടയ്ക്കിടെ കിട്ടിയ പല്ലുകളുടെയും അസ്ഥിക്കഷ്ണങ്ങളുടെയും എം.ടി. ഡി.എൻ.എ. പരിശോധന കൂടുതൽ ഡെനിസോവനുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതായിരുന്നു. ആധുനിക മനുഷ്യന്റെ പൂർവികരായ നിയാണ്ടർത്തലുകളെ കൂടാതെ ഡെനിസോവൻ എന്നൊരു പുതിയ മനുഷ്യവംശം കൂടി ഇവിടെ ജീവിച്ചിരുന്നുവെന്ന് അങ്ങനെ ശാസ്ത്രം തെളിയിച്ചു.

2010-ൽ ഡെനിസോവൻ ഗുഹയിൽ നിന്നും വീണ്ടും ഒരു അസ്ഥിക്കഷ്ണം ലഭിക്കുന്നു. ഇത്തവണ സാമാന്യം വലിപ്പമുള്ള കൈ അല്ലെങ്കിൽ കാലിന്റെ അസ്ഥിയുടെ ഒരു ചെറുഭാഗമാണ് ലഭിച്ചത്. പ്രാഥമിക പരീക്ഷണങ്ങളിൽ ഇതു മറ്റൊരു പതിമൂന്നുകാരി ബാലികയുടേതാണെന്ന് മനസ്സിലായി. തൊണ്ണൂറായിരം വർഷങ്ങൾക്ക് മുൻപേ ജീവിച്ചു വളരെ ചെറിയ പ്രായത്തിൽ മരിച്ച പെൺകുട്ടി. പാബോയുടെ കൈകളിലെത്തിയ ഈ ഫോസിൽ ഡി.എൻ.എ. പഠനത്തിന് വിധേയമാക്കുന്നു. ഇപ്രാവശ്യം അദ്ദേഹത്തിനും കൂട്ടാളികൾക്കും എം.ടി. ഡി.എൻ.എ. മാത്രമല്ല, കോശത്തിന്റെ ന്യൂക്ലിയസ്സിലുള്ള ഡി.എൻ.എ.-യും വിജയകരമായി വേർതിരിച്ചെടുത്തു ജനിതകം വായിക്കാൻ പറ്റുന്നു. കാരണം സാങ്കേതികവിദ്യ കുറച്ചുകൂടി വളർന്നിരുന്നു എന്നർത്ഥം. അതിനിടെ ഒരു കാര്യം കൂടി പറയട്ടെ, ഇതിനകം പാബോ എന്ന ശാസ്ത്രജ്ഞൻ ഫോസിലുകളുടെ ഡി.എൻ.എ. കോഡുകൾ വായിക്കുന്ന 'പാലിയോ ജീനോമിക്സ്' എന്ന ഒരു ശാസ്ത്രശാഖ തന്നെ പുതുതായി കൊണ്ടുവന്നു.

എം.ടി. ഡി.എൻ.എ. പഠനത്തിൽ നിന്നും ഈ ബാലികയുടെ അമ്മ ഒരു നിയാണ്ടർത്തൽ മനുഷ്യസ്ത്രീയാണെന്ന് കണ്ടെത്തി. കാരണം എം.ടി. ഡി.എൻ.എ. അമ്മയുടെ ഭാഗത്തുനിന്ന് നമുക്ക് കിട്ടുന്നതാണ്. അടുത്ത അന്വേഷണം ഈ കുട്ടിയുടെ അച്ഛൻ ആര് എന്നുള്ളതായിരുന്നു. അതിനുത്തരം ന്യൂക്ലിയസിനുള്ളിലെ ഡി.എൻ.എ. നമുക്ക് തന്നു. ഈ ഡി.എൻ.എ.-യുടെ കോഡുകൾ പാതിപാതി നമുക്ക് അച്ഛനിൽ നിന്നും അമ്മയിൽ നിന്നും കിട്ടുന്നതാണ്. ഗവേഷണ ഫലം വീണ്ടും ഞെട്ടിക്കുന്നതായിരുന്നു. കുട്ടിയുടെ അച്ഛൻ ഒരു ഡെനിസോവൻ ആയിരുന്നു. അതായത് ഡെനിസോവൻ എന്ന ഒരു മനുഷ്യവംശം ഇവിടെ ഉണ്ടായിരുന്നു എന്ന് മാത്രമല്ല അവർ നിയാണ്ടർത്തലുകളുമായി കണ്ടുമുട്ടിയെന്നും കൂടിക്കലർന്നുവെന്നും സന്താനങ്ങളെ ഉൽപാദിപ്പിച്ചുവെന്നും കണ്ടെത്തി. പാബോ തന്റെ പഠനം അവിടെ നിർത്തിയില്ല. അദ്ദേഹം ആധുനിക മനുഷ്യന്റെ, അതായത് നമ്മുടെ ഡി.എൻ.എ. കോഡുകൾ വീണ്ടും വീണ്ടും ശ്രദ്ധാപൂർവം പഠിച്ചു. ഇന്നേവരെ നമുക്കജ്ഞാതമായ മറ്റൊരു രസകരമായ കാര്യം കൂടി കണ്ടെത്തുന്നു. നമ്മുടെ, അതായത് ഹോമോ സാപ്പിയൻസിന്റെ ഡി.എൻ.എ.-യിൽ, നിയാണ്ടർത്തലുകളുടെയും ഡെനിസോവന്റെയും ജീനുകളിൽ നിന്നുള്ള സംഭാവനകൾ ഉണ്ട്. അതിനർത്ഥം ലോകത്തിന്റെ പല ഭാഗങ്ങളിലും വെച്ച് ഈ മൂന്നു മനുഷ്യവംശങ്ങളും കൂടിക്കലർന്നുവെന്നും ചിലപ്പോൾ ഒന്നിച്ചു ജീവിച്ചു എന്നും അതിൽ നിന്നും സന്താനങ്ങൾ ഉണ്ടായി എന്നും തെളിയിക്കപ്പെട്ടു.

കാര്യങ്ങൾ ഇപ്പോൾ വളരെ വ്യക്തമായി. നിയാണ്ടർത്തലും ഡെനിസോവനും ആധുനിക മനുഷ്യനും പലപല കാലങ്ങളിൽ ജീവിച്ചിരുന്നവരല്ല. അവർ തമ്മിൽതമ്മിൽ കണ്ടുമുട്ടുകയും ഇണചേരുകയും ചെയ്തിട്ടുണ്ട്. കാലപ്രവാഹത്തിൽ, ജീവിതസമരങ്ങളിൽ അതിജീവിച്ചത് ആധുനിക മനുഷ്യനായ ഹോമോ സാപിയൻസ് ആണെന്നുമാത്രം. മറ്റു രണ്ടു വംശങ്ങളും എന്നേ നശിച്ചുപോയി. നിയാണ്ടർത്തലുകൾ യൂറോപ്പിൽ ഉത്ഭവിച്ചു അവിടെത്തന്നെ ജീവിച്ചു. ഡെനിസോവനുകൾ ഏഷ്യയിൽ നിന്നുള്ളവരായിരുന്നു. നാമടക്കമുള്ള ആധുനിക മനുഷ്യന്റെ ഉത്ഭവം ആഫ്രിക്കയിൽ നിന്നാണ്. ആധുനിക മനുഷ്യന്റെ ബുദ്ധിശക്തി അവനെ ആഫ്രിക്കയിൽ നിന്നും കടന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിച്ചു. ഈ സഞ്ചാരത്തിനിടയിൽ അവൻ മറ്റു രണ്ടു വംശങ്ങളെയും യഥാക്രമം യൂറോപ്പിലും ഏഷ്യയിലും കണ്ടുമുട്ടി.

നിയാണ്ടർത്തലിൽ നിന്നും ഡെനിസോവനിൽ നിന്നും നമ്മിലേക്ക് ജീൻ പ്രവാഹം ഉണ്ടായി എന്ന് പറഞ്ഞുവല്ലോ. പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേയുള്ള ഈ കൂടിച്ചേരലുകൾ നമ്മളെ എങ്ങനെ ബാധിച്ചു എന്നതായിരുന്നു പാബോയുടെ അടുത്ത പ്രധാനപ്പെട്ട ഗവേഷണം. ഈ ഗവേഷണത്തിലെ കണ്ടെത്തലുകൾക്കാണ് 2022-ൽ അദ്ദേഹം വൈദ്യശാസ്ത്ര നൊബേൽ സമ്മാനത്തിന് അർഹനായത്. ജീനുകളുടെ പ്രവാഹം നമുക്ക് ഗുണങ്ങളും ചിലപ്പോൾ ദോഷങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ടിബറ്റൻ ജനതയ്ക്ക് വളരെ ഉയരത്തിൽ ബുദ്ധിമുട്ടുകൾ ഒന്നും കൂടാതെ താമസിക്കാൻ പറ്റുന്നത് അവരുടെ ജീനിലെ ഡെനിസോവൻ സാന്നിധ്യമാണ്. മുറിവുകൾ ഉണ്ടായാൽ നമ്മുടെ ശരീരത്തിൽ രക്തം പെട്ടെന്ന് കട്ടപിടിക്കുന്നത് നമ്മുടെ ജീനിലെ നിയാണ്ടർത്തൽ സാന്നിധ്യമാണ്. പക്ഷേ ഈയിടെ നമ്മെ ബാധിച്ച കോവിഡ്-19 ചിലർക്കെങ്കിലും മാരകമായത് ഇത്തരം ചില ജീൻ കൂടിച്ചേരൽ കൊണ്ടാണ്. ഇങ്ങനെ നമ്മുടെ പ്രതിരോധശേഷിയെയും, ശാരീരിക പ്രവർത്തനങ്ങളെയും സ്വാധീനിക്കാൻ ഇത്തരം ജീൻ പ്രവാഹത്തിന് കഴിവുണ്ട്. മനുഷ്യ ജീനുകളിലേക്ക് ആഴത്തിൽ ചൂഴ്ന്നിറങ്ങി ഇനിയും പഠനങ്ങൾ മുന്നോട്ടുപോകേണ്ടതുണ്ട്. അത്തരം പഠനങ്ങൾ കൗതുകങ്ങൾക്കുവേണ്ടി മാത്രമുള്ളതല്ല എന്ന് പാലിയോ ജീനോമിക്സ് എന്ന ശാസ്ത്രശാഖ തെളിയിക്കുന്നു.

കാര്യങ്ങളെല്ലാം തുടങ്ങിയത് പതിമൂന്നുകാരികളായ രണ്ടു പെൺകുട്ടികളിൽ നിന്നാണ്. മരണശേഷം മാനവചരിത്രത്തിന്റെ ഭാഗമായിത്തീർന്ന ആ രണ്ടു ബാലികമാർ ഡെനിസോവൻ ഗുഹയിലെ ഇടനാഴികളിലെ ഏകാന്തതകളിൽ എവിടെയോ നിന്ന് ഗൂഢമായി മന്ദസ്മിതം പൊഴിക്കുന്നുണ്ടാകണം...