ഒരു സർക്കാർജോലി നേടി ശ്രീപത്മനാഭന്റെ നാലു ചക്രം സ്വന്തമാക്കി കുടുംബവണ്ടി മനോഹരമായി കൊണ്ടുപോവുക എന്നത് ഓരോ മലയാളിയുടെയും വലിയ സ്വപ്‌നമാണ്. എത്രയോ ഉറക്കങ്ങളെ തല്ലിക്കെടുത്തിക്കൊണ്ട് അദ്ധ്വാനിച്ച് നേടുന്നതാണ് ഓരോ ജോലിയും. പത്താംതരം കഴിഞ്ഞശേഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുകയും കൃത്യമായി പുതുക്കുകയും ചെയ്തതിന്റെ പേരിൽ എനിക്കും ഒരു ഇന്റർവ്യൂ കാർഡ് ലഭിച്ചു. ജോലി നേടാനുള്ളതുപോലെയല്ലെങ്കിലും മോശമല്ലാത്ത ഒരു പരിശീലം ഇന്റർവ്യൂവിനുവേണ്ടി ഒഴിവുസമയങ്ങൾ പ്രയോജനപ്പെടുത്തി നടത്തിയിരുന്നു. കൂടിക്കാഴ്ച നടന്ന് ഒരു മാസം കഴിയുംമുമ്പ് കാസർകോട്ടെ സർക്കാർ പ്രീ മെട്രിക് ഹോസ്റ്റലിൽ തൂപ്പുകാരനായി സർക്കാർ ഉദ്യോഗം ലഭിച്ചു.

To advertise here,

Read also:‘ഇടതിങ്ങിയ എൻ്റെ മുടിയാണ് ഏറ്റവും കൂടുതലായി എന്നെ പാറ്റയാക്കി മാറ്റിയത്’ 
മറിമായത്തിൽ കത്തിനിൽക്കുന്നതും മോശമല്ലാത്തവിധം സിനിമകളിൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്ന സമയമാണത്. മാത്രമല്ല, കേരളത്തിലെ മുഴുവൻ ജില്ലകളിലും ഓടിച്ചാടി ഉദ്ഘാടനങ്ങളും മറ്റു പരിപാടികളും ലഭിക്കുന്നുമുണ്ട്. സർക്കാരുദ്യോഗം സ്വീകരിച്ചാൽ ഉണ്ണിയുടെ കലാജീവിതത്തിന് തിരശ്ശീലവീഴും. സർക്കാരുദ്യോഗമെന്ന സ്വപ്‌നജോലി വേണോ? അതോ നടൻ എന്ന് അംഗീകരിച്ച് വലിയ സ്‌നേഹാദരങ്ങളും പ്രശസ്തിയും നൽകുന്ന കലാജീവിതം വേണോ? ഏതാണ് ഒഴിവാക്കേണ്ടത്, ഏതാണ് സ്വീകരിക്കേണ്ടതെന്ന ചിന്ത എന്റെ തലച്ചോറിനെ പ്രക്ഷുബ്ധമാക്കിക്കൊണ്ടിരുന്നു.
പ്രീ മെട്രിക് ഹോസ്റ്റലിൽ തൂപ്പുകാരനായി സർക്കാർജോലിയിൽ പ്രവേശിക്കുന്നുവെന്ന വാർത്ത മാതൃഭൂമി പത്രത്തിലെ എല്ലാ എഡിഷനുകളിലും മുൻപേജിൽ അച്ചടിച്ചുവന്നു. ഇതോടെ നാടിന്റെ നാനാഭാഗങ്ങളിൽനിന്നുമായി ഫോൺ വിളികളും സന്ദേശങ്ങളും നിറഞ്ഞു.

Read also:സന്തോഷ്, ഇത് വി ഡി സതീശനാണ്. താങ്കളുടെ അവിടുത്തെ ഫോൺ നമ്പർ തരൂ...

കലാകാരനായ ഉണ്ണിയെയാണ് നാടിനും നാട്ടുകാർക്കും ആവശ്യം. ജനം കൂടെയുള്ളപ്പോൾ എന്ത് ഉദ്യോഗം? ഞാൻ കലയെ തിരഞ്ഞെടുത്ത് അഭിനയത്തെ മുറുകെപ്പിടിക്കാൻ തീരുമാനിച്ചു.
വാർത്ത കണ്ടതിന്റെ അടിസ്ഥാനത്തിൽ പ്രീ മെട്രിക് ഹോസ്റ്റലിലെ സൂപ്രണ്ടും മറ്റു ജീവനക്കാരും അവിടെയാകെ അലങ്കരിച്ച് എന്നെ വരവേൽക്കാൻ ഒരുങ്ങിനിന്നുവത്രേ. പത്തുദിവസത്തിനുള്ളിലാണ് ജോയിൻ ചെയ്യേണ്ടത്. ജോയിൻ ചെയ്താൽ പിന്നെ ഞാൻ ചെയ്യേണ്ട തൊഴിലിനെപ്പറ്റി എനിക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു. തൊഴിൽ ചെയ്യുന്നതിൽ വിട്ടുവീഴ്ച വന്നാൽ ആദ്യ ദിവസം കണ്ട ആരാധനയൊന്നും സഹപ്രവർത്തകർക്ക് പിന്നീട് ഉണ്ടാവുകയുമില്ല. അവരുടെ സ്‌നേഹം നിലനിർത്താൻ ഞാൻ ആ തൊഴിൽ സ്വീകരിക്കാത്തതാണ് നല്ലതെന്നു തോന്നി. ഒരു ജോലിക്കും തരാൻ പറ്റാത്തവിധം സാമ്പത്തികമായി നല്ല പുരോഗതിയും പേരും പെരുമയും അഭിനയം എന്ന തൊഴിൽ എനിക്ക് കോരിച്ചൊരിഞ്ഞു തന്നിട്ടുണ്ട്. എന്നാൽ കൈവിട്ടുകളഞ്ഞ സർക്കാർ ഉദ്യോഗത്തിന്റെ അലയൊലികൾ ഒരു നികത്താനാവാത്ത നീറ്റൽപോലെ ഉള്ളിലെവിടെയൊക്കെയോ തളംകെട്ടി നിൽക്കുന്നുമുണ്ട്.

പൈന്റടിയില്ല; പെയിന്റടി മാത്രം

പെയിന്റിങ് എന്ന ജോലിയിൽ രാജാവാണെന്ന ഭാവമാണെപ്പോഴും. അത് കുലത്തൊഴിൽപോലെ കൊണ്ടുനടന്ന് ധാരാളം ശിഷ്യഗണങ്ങളെയുണ്ടാക്കി. എത്ര പെട്ടെന്നാണെന്നോ അതിൽ മേസ്ത്രിയായി മാറിയത്. എത്രയെത്ര വീടുകളിൽ ചായമിട്ടു. ഫ്രണ്ട്‌സ് എന്ന സിനിമയിൽ ജഗതി അഭിനയിച്ച കഥാപാത്രംപോലെയായിരുന്നു നാട്ടിലെ തൊഴിൽ. ചായയ്ക്കും ചോറിനും കാത്തുനിൽക്കാതെ തൊഴിലിൽ മുഴുകുക. വീട്ടുകാരെ തൃപ്തിപ്പെടുത്തുംവിധം പെയിന്റ് ചെയ്യുക. വീടുകൾ മനോഹരമാക്കി പിരിയുന്നേരം ഭൂരിഭാഗം വീടുകളിൽനിന്നും സന്തോഷത്തിൽ മദ്യം ഓഫർ ചെയ്യും. മറുപടി ഒറ്റവാക്കിൽ ഒതുക്കും, ‘പൈന്റടിയില്ല; പെയിന്റടി മാത്രം.’
ടൈലർജോലിക്കാരനായ തമ്പാട്ടൻ ആ തൊഴിലിൽ പ്രതിസന്ധി നേരിട്ടപ്പോൾ ഞങ്ങളുടെ കൂടെ ചേർന്നു. പുതിയ വീടിന് പെയിന്റടിക്കാനുള്ള കരാർ ഉറപ്പിക്കുംമുമ്പ് ഉടമസ്ഥൻ പറഞ്ഞത് ഒറ്റക്കാര്യം മാത്രമായിരുന്നു. പെയിന്റിങ്ങിന്റെ ഒരു സാധനവും, അതായത് ബ്രഷ്, തുണി, വേസ്റ്റ് തുടങ്ങി യാതൊന്നും അപ്പുറത്തെ വീട്ടിലെ പറമ്പിലേക്കു വീഴരുത്. ഞങ്ങൾ തമ്മിൽ കടുത്ത ശത്രുതയിലാണ്. ഒന്ന് ഏറ്റുമുട്ടാൻ കാരണം തപ്പിനടക്കുകയാണവർ. അത്തരം ഒരു നീക്കവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി. സഹതൊഴിലാളികളെ ഇക്കാര്യം ഓർമ്മപ്പെടുത്തുകയും ചെയ്തു.

Read also:സത്യൻ: സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞ ജീവിതം 
വീടിന്റെ ഉയരത്തിലുള്ള ചിമ്മിനിക്ക് അടിക്കാനുള്ള പെയിന്റ് തമ്പാട്ടൻ എടുത്തു. നിലവിലുള്ള ഏണി ഉയരക്കുറവുള്ളതിനാൽ മറ്റൊരു ഏണിയുമായി കൂട്ടിക്കെട്ടി അതിൽ കയറിയാണ് പെയിന്റടിക്കുന്നത്. ഇടയ്ക്കു താഴേക്ക് ഇറങ്ങി ഏണി മാറ്റിവെക്കുമ്പോൾ അയൽവീട്ടിലെ തുണികൾ ഉണങ്ങാനിട്ട അയക്കോൽ ഏണിയിൽ കുടുങ്ങി. പിന്നെ അതു ശരിയാക്കാൻ ശ്രമിക്കവേ അയക്കോൽ പൊട്ടി തുണി മുഴുവനും ചിമ്മിനിക്കു മുകളിലെത്തി. അയൽവീട്ടുകാരുടെ വിലകൂടിയതും അല്ലാത്തതുമായ വസ്ത്രങ്ങൾ തമ്പാട്ടനെ നോക്കി ചിരിച്ചു. അതു നോക്കി അയാൾ കരഞ്ഞു. ഞങ്ങൾ എല്ലാവരും ഞെട്ടി. വീട്ടുടമസ്ഥൻ പേടിച്ച് സ്ഥലം വിട്ടു. ഒടുവിൽ എല്ലാ വസ്ത്രങ്ങളും വാരിച്ചുറ്റി അയൽവീട്ടിലേക്ക് നടന്നു. ആ വീട്ടുകാരോട് മാപ്പു പറയാൻ തുനിഞ്ഞു. അതൊന്നും സാരമില്ലെന്ന അവരുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷമായി. ഇക്കാര്യം വീട്ടുടമയെ വിളിച്ചറിയിച്ചപ്പോൾ ഉണ്ടക്കായയുമായാണ് അയാൾ വന്നത്.
കൊറോണക്കാലത്ത് ലോക്ക്ഡൗണായി വീട്ടിൽ ഇരിപ്പായി. പരിപാടികൾ കുറഞ്ഞപ്പോൾ പഴയ തൊഴിലായ പെയിന്റിങ്ങിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങി. പഴയ ശിഷ്യനും പുതിയ മേസ്ത്രിയുമായ ആളോട് അനുമതി വാങ്ങി. ബ്രഷുമായി പണിയുള്ള വീട്ടിലെത്തി. ഗേറ്റ് തുറന്നു വരുന്ന എന്നെ കണ്ടപ്പോൾ വീട്ടുടമ പുറത്തേക്ക് വന്നു. അയാൾ കൈപിടിച്ച് വീട്ടിനകത്തേക്കു കൊണ്ടുപോയി. പിന്നെ മറിമായത്തിലെ തമാശകൾ പറഞ്ഞ് സ്വയം ചിരിക്കാൻ തുടങ്ങി. ബ്രഷ് അരയിൽ ഒളിപ്പിച്ച് പണിക്കുവന്ന എന്നെ മേസ്ത്രി ഒളികണ്ണിട്ട് പേടിപ്പിക്കാൻ തുടങ്ങി. ദിവസക്കൂലിക്കാണ് തൊഴിൽ ചെയ്യുന്നത്. അതിനാൽ സമയനിഷ്ഠ കണിശമായി പാലിക്കണം!
വീട്ടുടമയുടെ സംസാരം തുടരുന്നതിനിടയിൽ പതിനൊന്നുമണിയായി. മറ്റുള്ളവർ ചായക്കിരുന്നു. ഇങ്ങനെയാണേൽ പണിക്കു വരേണ്ടെന്ന് മേസ്ത്രി കണ്ണുരുട്ടി പറഞ്ഞു. അതിനുശേഷം ഞാൻ ബ്രഷ് തൊട്ടിട്ടില്ല. ഒരുപക്ഷേ, വീണ്ടും അഭിനയരംഗത്ത് സജീവമാകാനുള്ള ഒരു നിമിത്തമായി അത് മാറിയിട്ടുണ്ടാകാം.