പ്രിസം ബുക്സ് പ്രസിദ്ധീകരിച്ച ഡോ. എം ലീലാവതിയുടെ 'ഭാരതാലോകം' എന്ന പുസ്തകത്തിൽ നിന്നും അത്ഭുതപ്പിറവികൾ എന്ന ഒന്നാം അധ്യായം.
ഭൂമിയെ കുലാചലങ്ങളെന്നപോലെ, മാനുഷസംസ്കൃതിയെ നിലനിർത്തിക്കൊണ്ടുപോരുന്ന വാങ്മയശൈലങ്ങളാണ് ഇതിഹാസങ്ങൾ. അചലങ്ങളും സരിത്തുകളും ലോകത്ത് ഉള്ള കാലത്തോളം പ്രചരിക്കുമെന്ന് രാമായണത്തെക്കുറിച്ചു പ്രവചനവുമുണ്ട്. അതു ഭാരതത്തിനും തുല്യപ്രസക്തം തന്നെ. ഇതിലിടംപിടിച്ചവ മറ്റിടങ്ങളിലും കണ്ടേക്കും; ഇതിലില്ലാത്തത് എവിടെയുമുണ്ടാവില്ല എന്നാണ് മഹാഭാരതത്തെക്കുറിച്ചുള്ള പ്രവചനം. സ്ഥലവും കാലവും അനാദ്യന്തപ്രതിഭാസങ്ങളാണല്ലോ. അവയുടെ 'ഖണ്ഡ' ങ്ങൾക്കുമാത്രം പ്രസക്തമായവ, ആ ഖണ്ഡങ്ങളോടൊപ്പം മാഞ്ഞുപോകും. ഏതു സ്ഥലത്തിനും ഏതു കാലത്തിനും പ്രസക്തിയുള്ളവയാകട്ടെ, സ്ഥലകാലാതീതമായി മായാത്ത ചൈതന്യം പ്രസരിപ്പിച്ചുകൊണ്ടിരിക്കും. ഓരോ സ്ഥലകാല സംയുക്തത്തിനുമുണ്ട് അതിന്റേതായ ചേതന. മാറിമാറിവരുന്ന ചേതനകളോടൊപ്പം സ്പന്ദിക്കാനുള്ള ഈ തരംഗിതത്വത്തെയാണ് ഈശാ വാസ്യോപനിഷത്തിൽ ''യാഥാതഥ്യതോളർഥാൻവ്യദധാത് ശാശ്വതീഭ്യഃസമാഭ്യഃ'' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
മലകളും നദികളും നിലനിൽക്കുന്ന കാലത്തോളം പ്രചരിക്കുമെന്ന പ്രവചനംപോലെ അമാനുഷികമായ പിറവിയും നിലനിൽപ്പുമുള്ളവരാണ് ഇതിഹാസങ്ങളിലെ പല കഥാപാത്രങ്ങളും. മാനുഷസ്ത്രീപുരുഷസംയോഗത്തിൽ നിന്ന് പിറന്നവരല്ല പലരും. ദശരഥന്റെ മക്കൾ പിറക്കുന്നത് ബീജത്തിൽ നിന്നല്ല, യജ്ഞാഗ്നിയിൽ നിന്നുയർന്ന ദേവത നൽകുന്ന പായസത്തിൽ നിന്നാണ്. ഗംഗാനദി മനുഷ്യസ്ത്രീയായി രൂപം പൂണ്ട് പ്രസവിച്ചവനാണ് ദേവവ്രതനെന്ന ഭീഷ്മൻ. കാലം, ജലം, വായു, തേജസ്സുകൾ എന്നിങ്ങനെയുള്ള വിശ്വപ്രതിഭാസങ്ങളിൽനിന്നു പിറന്നവരാണ് പാണ്ഡവർ. സൂര്യന്റെ സന്തതിയാണ് കർണൻ. കണ്ണുകെട്ടിയ ഗാന്ധാരി രാത്രിയുടെ അന്ധകാരത്തിനും, അവൾ പ്രസവിക്കുന്ന മാംസപിണ്ഡത്തിന്റെ ഖണ്ഡങ്ങളിൽ നിന്ന് ഉയിർക്കുന്ന നൂറ്റുവർ ശതകിരണന്റെ (സൂര്യന്റെ) കിരണങ്ങൾക്കും പ്രാതിനിധ്യം വഹിക്കുന്നു. ദ്രുപദന്റെ മകളായി അറിയപ്പെടുന്ന കൃഷ്ണ (പാഞ്ചാലി) യജ്ഞാഗ്നിയിൽനിന്ന് ഉയിർക്കൊണ്ടവളാണ്.
കോലാഹലൻ എന്ന പർവതത്തിന്റെയും ശുക്തിമതി എന്ന പുഴയുടെയും മകളായ ഗിരികയുടെ ഭർത്താവായിരുന്നു ചേദി രാജ്യാധിപതിയും പിന്നീട് ഇന്ദ്രൻ നല്കിയ സ്ഫടിക വിമാനത്തിൽ അംബരമാർഗം വാണതിനാൽ ഉപരിചരവസു എന്ന് അറിയപ്പെടുന്നവനുമായ വസു മഹാരാജാവ്. അദ്ദേഹം നായാട്ടിനുപോയ സമയത്ത് കാമോത്തേജകമായ പ്രകൃതിഭംഗിയാൽ സ്ഖലിച്ച രേതസ്സ് ഗിരികയിലെത്തിക്കാൻ ഒരു പരുന്തിനെ ഏല്പിച്ചു, ഒരു ഇലപ്പൊതിയിൽ. മറ്റൊരു പരുന്ത് അത് മാംസമാണെന്നു കരുതി തട്ടിക്കൊണ്ടുപോകാൻ ഏറ്റുമുട്ടിയപ്പോൾ പൊതി യമുനാനദിയിൽ വീണു. ബ്രഹ്മശാപത്താൽ മത്സ്യമായിത്തീർന്ന അദ്രിക (ഗിരികയുടെ പര്യായമായ പേര്) അത് വിഴുങ്ങി. മത്സ്യത്തെപ്പിടിച്ച മുക്കുവൻ അതിന്റെ വയറ്റിൽ നിന്നു കിട്ടിയ മനുഷ്യക്കുഞ്ഞുങ്ങളെ വസുവിനു കൊടുത്തു. കുട്ടികളെ പ്രസവിച്ചതോടെ അദ്രികക്ക് ശാപമോചനമായി. കുട്ടികളിൽ ആണിനെ വസു മത്സ്യരാജ്യത്തിലെ അധിപനാക്കി. പെണ്ണിനെ ദാശന്നു കൊടുത്തു. ദാശരാജാവിന്റെ മകളായി വളർന്ന സത്യവതിയാണ് കൃഷ്ണദ്വൈപായനൻ എന്നു പേരുള്ള വ്യാസന്റെ അമ്മ. വ്യാസൻ ഭാരതേതിഹാസത്തിന്റെ കർത്താവും അതിലൊരു കഥാപാത്രവുമാണ്. പരാശരമഹർഷിക്ക് സത്യവതിയിൽ പിറന്നവനും ദ്വീപിൽ വളർന്നതുകൊണ്ട് ദ്വൈപായനനുമായ വ്യാസൻ.
മലകളും പുഴകളും തേജോഗോളങ്ങളും പഞ്ചഭൂതങ്ങളുമെല്ലാം കഥാപാത്രങ്ങളുടെ ജനയിതാക്കളായി ഭവിക്കുന്നതിനാൽ, 'സാമാന്യ മനുഷ്യകഥാനുഗാനം' എന്ന വിശേഷണം ഇതിഹാസ കഥകൾക്കു ചേരുകയില്ലെന്നു തോന്നാം. ശാരീരികസത്തയിൽ നിന്നു വ്യത്യസ്തമായ വൈകാരിക - വൈചാരിക സത്തകളിലാണ് അവ മാനുഷകഥകളായി അനുഭൂതമാകുന്നത്.
പിതാവായിരുന്നില്ലെങ്കിലും, കുരുകുലത്തിനൊട്ടാകെ പിതാമഹൻ എന്ന സ്ഥാനം കല്പിക്കപ്പെട്ടിരുന്ന ഭീഷ്മരുടെ കഥ, സ്വാർത്ഥലോഭം, സ്വാർത്ഥത്യാഗം എന്ന വിരുദ്ധ സത്തകളുടെ യോഗത്തിലധിഷ്ഠിതമാണ്. അഷ്ടവസുക്കളിലൊരുവനായ ദ്യോവ് പത്നിയുടെ അഭിലാഷം സാധിപ്പിക്കാൻ വസിഷ്ഠമഹർഷിയുടെ ആശ്രമത്തിലെ ദിവ്യഗോവായ സുരഭിയെ അപഹരിച്ചു. എട്ടു വസുക്കളും മനുഷ്യരായി പിറക്കട്ടെ എന്നു ഋഷി ശപിച്ചു. അവർ ശാപമോചനം യാചിച്ചപ്പോൾ, ദ്യോവിന്നൊഴികെ എല്ലാവർക്കും ഒരു കൊല്ലം മാത്രം എന്ന ഇളവനുവദിച്ചു. വസുക്കൾ ഗംഗാ ദേവിയോട് തങ്ങളുടെ അമ്മയാവാനും പിറന്ന ഉടനെ നദിയിലൊഴുക്കി മോചനം കൊടുക്കാനും അഭ്യർത്ഥിച്ചു. ഒരു മകനെ മാത്രം പിതാവിനു കൊടുക്കുമെന്ന വ്യവസ്ഥയിൽ ഗംഗ അതു സമ്മതിച്ചു. ഇക്ഷ്വാകുവംശത്തിലെ മഹാഭിഷൻ എന്ന രാജാവ് പുണ്യകർമങ്ങളാൽ സ്വർഗം നേടി ഇന്ദ്രന്റെ സുഹൃത്തായി വാഴുന്ന കാലത്ത് ഒരിക്കൽ ബ്രഹ്മാവിനെ സന്ദർശിക്കാൻ പോയി, ദേവന്മാരോടൊപ്പം. ഗംഗാദേവിയും (നദി) അവിടെ എത്തിയിരുന്നു. കാറ്റുവീശിയപ്പോൾ ദേവിയുടെ വെള്ളപ്പട്ടുടയാട പാറിയകന്നു. ദേവന്മാരെല്ലാം തലതാഴ്ത്തിനിന്നു. മഹാഭിഷൻ നേരെ നോക്കിനിന്നു. അപ്പോൾ ബ്രഹ്മാവു ശപിച്ചു, ''വീണ്ടും മർത്യനായി പിറന്ന് ഗംഗയിൽ നിന്ന് കാമാനുഭൂതിയും അപ്രിയാനുഭൂതികളും ഉണ്ടാവട്ടെ'' എന്ന്. മഹാഭിഷൻ പ്രതീപരാജാവിന്റെ പുത്രനായി ഭൂമിയിൽ പിറന്നു - അദ്ദേഹമാണ് ഗംഗാദത്തന്റെ പിതാവ് ശാന്തനു. ദിവ്യസുന്ദരിയായ മനുഷ്യസ്ത്രീയായി നദീതീരത്ത് അവളെ കണ്ട ശാന്തനു പ്രണയം അഭ്യർത്ഥിച്ചു. ഒരിക്കലും തന്റെ പ്രവൃത്തികൾക്കെതിരു പറയരുതെന്നും എതിരു പറഞ്ഞാൽ ഉടൻ ഉപേക്ഷിച്ചുപോകുമെന്നുമുള്ള വ്യവസ്ഥയിലാണ് അഭ്യർത്ഥന സ്വീകരിക്കപ്പെട്ടത്. അവൾ പ്രസവിച്ച കുഞ്ഞുങ്ങളെ ആറ്റിലൊഴുക്കുക എന്ന ക്രൂരകർമം ചെയ്തത് അവർ വസുക്കളുടെ പിറവികളായതുകൊണ്ടാണ്. ഏഴുതവണ ക്ഷമിച്ച രാജാവിന് എട്ടാം തവണ എതിരു പറയാൻ തോന്നി. വസുക്കളോടു ചെയ്ത വ്യവസ്ഥയനുസരിച്ച് എട്ടാമത്തെ കുഞ്ഞിനെ അവൾ പിതാവിനു കൊടുക്കുമായിരുന്നു. എതിരു പറഞ്ഞതുകൊണ്ട് കുഞ്ഞിനോടു കൂടി അവൾ അപ്രത്യക്ഷയായി. വ്യഥിതനായ ശാന്തനു ധർമാനുഷ്ഠാനമായി രാജ്യം വാണു. കുറച്ചുവർഷങ്ങൾക്കുശേഷം ഗംഗാതീരത്ത് എത്തിയ രാജാവ് ഒരിടത്തു ഒഴുക്കു തീരെ കുറഞ്ഞതായി കണ്ടു. പ്രതിബന്ധമുണ്ടായതെങ്ങനെയെന്നു നോക്കിച്ചെന്നപ്പോൾ അമ്പുകളെയ്തു പ്രവാഹം തടയുന്ന ഒരു കുമാരനെ കണ്ടു. അദ്ദേഹം ധ്യാനിച്ചപ്പോൾ ഗംഗാദേവി സ്ത്രീ രൂപത്തിൽ പ്രത്യക്ഷയായി. 'വസിഷ്ഠനിൽ നിന്ന് വേദങ്ങളും പരശുരാമനിൽ നിന്ന് ധനുർവിദ്യയും അഭ്യസിച്ച മകൻ 'വിശൈ്വക വീരനാണ്' എന്നു പ്രഖ്യാപിച്ച് പിതാവിനു സമ്മാനിച്ച് ഗംഗ അപ്രത്യക്ഷയായി. ഗംഗാദത്തനായ ദേവവ്രതൻ 'ഭീഷ്മനായി' അറിയപ്പെട്ടത് അലോകസാമാന്യമായ രണ്ടു ശപഥങ്ങളാലാണ്. കുറച്ചുകാലത്തിനുശേഷം ശാന്തനു യമുനാതീരത്ത് വ്യാപിച്ച സുഗന്ധത്താലാകൃഷ്ടനായി അതിന്റെ ഉത്പത്തിസ്ഥാനം തേടി ച്ചെന്നപ്പോൾ ദാശപ്രമുഖന്റെ പുത്രിയായ സത്യവതിയെ കണ്ടു. പരാശരമഹർഷിയുടെ അനുഗ്രഹത്താലാണ് സുഗന്ധവതിയായിത്തീർന്നത്. അവളിൽ പ്രണയമുദിച്ച രാജാവ് അവളുടെ പിതാവിനെ സമീപിച്ചു. അവളിലുണ്ടാകുന്ന പുത്രന് രാജ്യാവകാശം കൊടുക്കണമെന്ന വ്യവസ്ഥ ദാശരാജാവ് ഉന്നയിച്ചപ്പോൾ, ഗംഗാദത്തനെതിരായി വ്യവസ്ഥ ചെയ്യാൻ സന്നദ്ധനല്ലാത്തതിനാൽ അദ്ദേഹം പിൻവാങ്ങി. പിതാവിന്റെ മുഖം മ്ലാനമായിരിക്കുന്നതു കണ്ട ദേവവ്രതൻ വിഷാദഹേതുവെന്തെന്ന് മന്ത്രിമുഖ്യനിൽ നിന്നറിഞ്ഞു. മകൻ അച്ഛന്റെ ഇച്ഛ പാലിക്കാനുറച്ചുകൊണ്ട് ദാശരാജാവിനെ സമീപിച്ചു. അവളിലുണ്ടാകാവുന്ന പുത്രന് രാജ്യത്തിനവകാശം ഇല്ലാതാക്കുന്ന എതിരാളി തന്നെയാണ് പെൺകൊടയ്ക്കു പ്രതി ബന്ധമെന്നു അദ്ദേഹം തുറന്നു പറഞ്ഞു. താൻ രാജ്യാവകാശം ഉപേക്ഷിക്കുന്നുവെന്ന് ദേവവ്രതൻ സത്യം ചെയ്തു. സത്യം രാജകുമാരനുണ്ടാകാവുന്ന തുല്യബലവാന്മാരായ പുത്രന്മാർക്ക് ബാധകമാവില്ലല്ലോ എന്ന് ആശങ്ക പ്രകടിപ്പിക്കാൻ ദാശന്നു ശങ്കയേ തുമുണ്ടായില്ല. ഉടനെ ദേവവ്രതൻ പ്രതികരിച്ചു: ''ഞാൻ നിത്യ ബ്രഹ്മചാരിയായിരിക്കും.'' രണ്ടു ത്യാഗശപഥങ്ങൾ! ദേവലോ കത്തിൽ നിന്ന് പുഷ്പവൃഷ്ടിയുണ്ടായി. ദേവവ്രതൻ സത്യവതിയെ തേരിൽ കയറ്റിക്കൊണ്ടുപോയി പിതാവിനു സമർപ്പിച്ചു. അദ്ദേഹം മകനെ അനുഗ്രഹിച്ചു: ''സ്വച്ഛന്ദമൃത്യുവായിരിക്കട്ടെ.''
ദൗഹിത്രൻ രാജാവാകണമെന്ന ദാശന്റെ അത്യാഗ്രഹം സഫലമാകാൻ നിയതി അനുവദിച്ചില്ല. ശാന്തനുവിന് സത്യവതിയിൽ രണ്ടു പുത്രന്മാരുണ്ടായി. ചിത്രാംഗദൻ; വിചിത്രവീര്യൻ. ചിത്രാംഗദൻ അതേ പേരുള്ള ഒരു ഗന്ധർവനോടേറ്റുമുട്ടി വധിക്കപ്പെട്ടു. വിചിത്രവീര്യനു വീര്യം പേരിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുവേണ്ടി കാശി രാജപുത്രികളെ ഭീഷ്മർ ലാദപഹരിച്ചു. മൂത്തവളായ അംബ താൻ സാല്വരാജാവിന്റെ പ്രണയിനിയാണെന്നറിയിച്ചപ്പോൾ, ഭീഷ്മർ അവളെ രാജകീയമായ അകമ്പടിയോടെ സാല്വന്നടുത്തേക്കയച്ചു. ദാനം സ്വീകരിക്കാൻ സാല്വന്റെ പൗരുഷബോധം എതിരായിരുന്നു. കന്യാഹരണം നടത്തിയ ഭീഷ്മർ തന്നെ വരണം ചെയ്യണമെന്ന അംബയുടെ ഇംഗിതം, താൻ ചെയ്ത ശപഥത്തിലുറച്ചുനിന്ന ഭീഷ്മർ തിരസ്കരിച്ചു.
വിചിത്രവീര്യൻ അംബികയോടും അംബാലികയോടുമൊപ്പം ഏഴുകൊല്ലം സുഖമായി വസിച്ചു. മക്കളുണ്ടായില്ല. രാജയക്ഷ്മാവു ബാധിച്ചു മരിച്ചുപോയി.
ഭീഷ്മർ തന്നെ തിരസ്കരിച്ചപ്പോൾ അംബയുടെ ലക്ഷ്യം അദ്ദേഹത്തെ എങ്ങനെയെങ്കിലും വശപ്പെടുത്തുകയോ അതു സാധ്യമായില്ലെങ്കിൽ പകപോക്കുകയോ ആയി.
അവൾ വനത്തിൽപോയി ഋഷിമാരോടു സഹായമഭ്യർത്ഥിച്ചു. ഋഷിവാടത്തിലെത്തിയപ്പോൾ അവളുടെ അഭ്യർത്ഥന സ്വീകരിച്ച് പരശുരാമൻ ഇടപെട്ടു. പരശുരാമന്റെ ശിഷ്യനായിരുന്ന ഭീഷ്മർ അവളെ സ്വീകരിക്കണമെന്ന ഗുരൂപദേശം തിരസ്കരിക്കില്ലെന്നായിരുന്നു വിശ്വാസം. പക്ഷേ ഭീഷ്മർ താൻ സത്യലംഘനം ചെയ്യില്ലെന്നുറച്ചുനിന്നു. എങ്കിൽ യുദ്ധംതന്നെ എന്നു നിശ്ചയിച്ച ഗുരുവിനെതിരെ അതിഘോരമായ യുദ്ധത്തിനു ഭീഷ്മർ സന്നദ്ധനായി. ആ ഘോരയുദ്ധത്തിൽ രണ്ടാലൊരാൾ ഒടുങ്ങുമെന്ന ഘട്ടമെത്തിയപ്പോൾ വിശ്വശക്തികളായ ദേവന്മാർ ഇടപെട്ടാണ് യുദ്ധമവസാനിപ്പിച്ചത്.
ഭീഷ്മരെ വശഗനാക്കാനോ വധിക്കാനോ പോന്നവരാരുമില്ലെന്നറിഞ്ഞ അംബ അതിഘോരമായ തപസ്സുചെയ്ത് 'ഭീഷ്മവധാ യസ്വാഹ' എന്നുച്ചരിച്ചുകൊണ്ട് അഗ്നിയിൽച്ചാടി ഭസ്മമായി. അവളാണ് ശിഖണ്ഡിയായി പുനർജന്മം കൊണ്ടത്. നപുംസകത്തോടു യുദ്ധം ചെയ്യില്ലെന്ന് ഭീഷ്മർ നിശ്ചയിക്കയും വില്ലുവെക്കയും ചെയ്തു. കൗരവരുടെ ആദ്യത്തെ സേനാനി അങ്ങനെ ശരശയ്യയിൽ കിടപ്പായതിനുശേഷമാണ് കുരുക്ഷേത്രയുദ്ധത്തിൽ ദ്രോണർ സേനാനിയാവുന്നത്.
വംശം നിലനിൽക്കാൻവേണ്ടി സഹോദര പത്നിമാരെ വരിക്കാൻ സത്യവതി കിണഞ്ഞപേക്ഷിച്ചിട്ടും സത്യലംഘനം ചെയ്യില്ലെന്ന നിശ്ചയത്തിൽ ഭീഷ്മൻ ഉറച്ചുനിന്നു. ഒടുവിൽ സത്യവതി പരാശര മഹർഷിയിൽ നിന്ന് തനിക്കുണ്ടായ പുത്രനെ സ്മരിച്ചുവരുത്തി. അമ്മ സ്മരിച്ചാൽ ഉടനെ എത്തിക്കൊള്ളാമെന്ന് വാക്കുകൊടുത്തിരുന്നു അദ്ദേഹം. അമ്മയുടെ ഇംഗിതം സാധിപ്പിക്കാൻ സന്നദ്ധനാണെങ്കിലും, രാജ്ഞിമാർ ഒരു കൊല്ലം വ്രതമനുഷ്ഠിച്ചു പരിശുദ്ധരായാലേ, മഹത്ത്വപൂർണരായ സന്തതികൾ പിറക്കൂ എന്ന് മുനി മുന്നറിയിപ്പ് നൽകി. എന്നിട്ടും, വിചിത്രവീര്യന് സന്തതിയുണ്ടാവാതെ ഏഴുകൊല്ലം കഴിഞ്ഞതിനു സാക്ഷ്യം വഹിച്ച സത്യവതിക്ക് ഒരു കൊല്ലം കൂടി കാത്തിരിക്കാനുള്ള ക്ഷമയുണ്ടായില്ല. സന്തത്യുത്പാദനം ഉടനെ വേണമെന്ന് ആവശ്യപ്പെട്ടു. ''എങ്കിൽ, ആ ദേവിമാർ എന്റെ വൈരൂപ്യം സഹിക്കേണ്ടിവരു''മെന്ന് വ്യാസൻ വ്യക്തമാക്കി. ഗന്ധവും രൂപവും വേഷവും അവർക്ക് അരോചകമായിത്തോന്നാൻ പാടില്ല.'' സത്യവതി സ്നുഷമാരെ ഈ വിഷയത്തിൽ ബോധവതികളാക്കിയോ എന്നു വ്യക്തമല്ല. ക്ഷത്രിയോചിതവും രാജകീയവുമായ സാഹചര്യങ്ങൾ മാത്രം പരിചയമുള്ളവരാണവർ. അവർക്കുണ്ടാകാവുന്ന വൈകാരികമായ സഭ്യപ്രതികരണം നിയന്ത്രിക്കാൻ അവർ ശ്രമിച്ചാലും കഴിയുമാ യിരുന്നില്ലെന്നുവരാം. കാർവർണം, ചെമ്പിച്ച മീശ, മഞ്ഞച്ച ജട, ദീപ്തദൃഷ്ടി - ശയനാഗാരത്തിലേക്കു പ്രവേശിച്ച ഋഷിയുടെ സ്വരൂപം കണ്ട് അംബിക പേടിച്ചു കണ്ണടച്ചു. കൃത്യം നിർവഹിച്ചു പുറത്തുവന്ന ഋഷിയോട് പിറക്കാനിരിക്കുന്ന സന്തതിയെപ്പറ്റി ചോദിച്ച സത്യവതിക്കു കിട്ടിയ മറുപടി: ''പതിനായിരം ആനയുടെ ബലം, ധീമത്വം എല്ലാമുണ്ടാകും. പക്ഷേ അന്ധനായി പിറക്കും.'' അംബിക കണ്ണടച്ചതിന്റെ ഫലം. സത്യവതി അംബാലികയെ ഋഷിസംഗമത്തിന്നൊരുക്കി അയച്ചു. ഋഷിയെ കണ്ടപ്പോൾ അവൾ വിവർണയായി. അവൾക്കുണ്ടാകുന്ന പുത്രൻ പാണ്ഡുവായി ഭവിക്കും എന്നു ഋഷി അമ്മയെ അറിയിച്ചു. ഒരിക്കൽക്കൂടി ഋഷിയെ സ്വീകരിക്കാൻ അംബികയോട് സത്യവതി നിർദേശിച്ചു. അവൾ തന്റെ ദാസിയെ ചമയിച്ചയക്കയാണ് ചെയ്തത്. അവളുടെ പരമഭക്തിയോടെയുള്ള പെരുമാറ്റം മൂലം അവൾക്കു പിറന്ന പുത്രൻ ധർമാത്മാവും ബുദ്ധിമാനും ശ്രേയസ്വിയുമായി. ധൃതരാഷ്ട്രർ, പാണ്ഡു, വിദുരർ- ഇവരുടെ ജനന കഥയിതാണ്.
മഹാഭിഷന്റേതുപോലുള്ള ഒരു കഥ ദ്രോണരുടെ ഉത്പത്തിയിലുമുണ്ട്. ഭരദ്വാജ മഹർഷിയുടെ പുത്രനാണ് ദ്രോണർ. ഗംഗാതീരത്ത് വസിച്ചിരുന്ന മഹർഷി ഒരുനാൾ ഘൃതാചിയെന്ന ദിവ്യസ്ത്രീ കുളിക്കുന്നതു കണ്ടു. കാറ്റേറ്റ് അവളുടെ ഉടുവസ്ത്രത്തിന്റെ കുത്തഴിഞ്ഞ് ഊർന്നു. മഹർഷിക്ക് കാമമുണർന്നു. രേതസ്സു സ്ഖലിച്ചു. അദ്ദേഹം അതൊരു 'ദ്രോണ'ത്തിലാക്കി സൂക്ഷിച്ചു. ആ കലശത്തിൽ നിന്നാണ് ദ്രോണർ പിറന്നത്; ആ പേരും. ഒരു സ്ത്രീ ഗർഭം ധരിച്ചു പ്രസവിച്ചുണ്ടായവനല്ല ദ്രോണൻ. അയോനിജനാണ്.
ഇപ്രകാരമുള്ള അത്ഭുതപ്പിറവികളാണ് ശ്രീമഹാഭാരതത്തിലെ മുഖ്യകഥാപാത്രങ്ങൾക്കുള്ളത്. അതുകൊണ്ട് കഥകളും കഥാപാത്രങ്ങളും പ്രകൃതിയിലെ പർവതങ്ങൾ, നദികൾ, പഞ്ചഭൂതങ്ങൾ എന്നിവ ഉൾപ്പെട്ട നാടകവും നാടകങ്ങളിലാടുന്നവരുമാണെന്ന ഒരു വ്യാഖ്യാനത്തിനു പ്രസക്തിയുണ്ട്. ഭൂമിയുടെ പ്രതീകങ്ങളാണ് അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നീ പഞ്ചകന്യ കളെന്ന ഒരു വ്യാഖ്യാനം അപ്രസക്തമല്ല. ഇവരിലാരുംതന്നെ അക്ഷരാർത്ഥത്തിൽ കന്യകളല്ല. എല്ലാവരും അമ്മമാരാണ്. അവരുടെ പേരുകളിൽ ഭൂമിയോടുള്ള ബന്ധം സൂചിതവുമാണ്. ഹല (ഉഴാനുള്ള കലപ്പ) പ്രയോഗത്തിന് വിധേയമായിട്ടില്ലാത്ത നിലത്തെ സൂചിപ്പിക്കുന്ന അഹല്യ. ദ്രുഹിക്കുന്നവയ്ക്ക് (മുളയ്ക്കുന്നവയ്ക്ക്) പദമാണ് (ആലംബം) ഭൂമി. 'താരാ' ധരാശബ്ദത്തോടു ബദ്ധമാണ്. (ഇന്ദ്രപുത്രനായ ബാലിയെ വധിക്കാനുദ്യുക്തനായ സൂര്യ പുത്രനായ സുഗ്രീവനുവേണ്ടി, സൂര്യവംശജനായ രാമൻ ആണ് ആ കൃത്യം നിർവഹിക്കുന്നത്. വേനലിനേയും വർഷകാലത്തെയുമാണ് യഥാക്രമം സൂര്യനും ഇന്ദ്രനും പ്രതിനിധാനം ചെയ്യുന്നത്. ഋതുക്കൾ ഭൂമിയെ വരിക്കുന്നു. ഭൂമിയാകട്ടെ നിത്യ കന്യകയുമാണ്). സീത ഭൂമിയുടെ ഉഴവുചാലിൽനിന്നു കണ്ടെടുക്കപ്പെട്ട ഭൂപുത്രിയാണ്. ഭൂമിയിൽത്തന്നെ വിലയിക്കുന്നതാണ് അന്ത്യം. മണ്ഡോദരിയും ഭൂമിയുടെ അന്തരാളത്തിൽ നിന്നു പിറന്നവളെന്നു സൂചിപ്പിക്കുന്ന നാമമുള്ളവൾ. ഈ പഞ്ചകന്യകമാരെ നിത്യവും സ്മരിക്കുന്നത് പാപമോചകമാണെന്ന അർത്ഥത്തിലുള്ള ശ്ലോകം സുപ്രസിദ്ധം.
''അഹല്യാദ്രൗപദീ, സീതാ, താരാ, മണ്ഡോദരീതഥാ
പഞ്ചകന്യാസ്മരേന്നിത്യം മഹാപാതകനാശനം.''
ഭൂമി (മണ്ണ്) ആരുടേയും സ്വകാര്യസ്വത്തല്ല എന്നു മനസ്സിലാക്കി ''മണ്ണാശ''യെന്ന മഹാപാതകത്തിൽനിന്നു സ്വയം മോചിപ്പിക്കുക എന്നല്ലാതെ ഈ ''സ്മൃതി''ക്കു (സ്മരേത്) മറ്റെന്തർത്ഥം പറയാനാവും?
കാലം, കാറ്റ്, വർഷം എന്നീ പ്രതിഭാസങ്ങളുടെ ദേവതകളായ ധർമൻ, വായു, ഇന്ദ്രൻ എന്നിവരാണ് പാണ്ഡവരിൽ മൂന്നുപേരുടെ ജനയിതാക്കൾ. ഋതുക്കൾ ഭൂമിയെ പരിഗ്രഹിക്കുകയെന്ന ആശയം അതിലന്തർഭവിച്ചിട്ടുണ്ടെന്നു കരുതിയാൽ, കുന്തിയുടെ കഥയിലും ഭൂപ്രതീകത്തിനു പ്രസക്തിയുണ്ടെന്നു നിഗമിക്കാവുന്നതാണ്.
മഹാഭാരതകഥയിലെ മുഖ്യകഥാപാത്രങ്ങൾക്കെല്ലാം ഇങ്ങനെ, പലതരത്തിൽ, അമാനുഷികതകളും പ്രതീകാത്മകതയും ഉള്ളതുകൊണ്ട്, ഒരു കുടുംബകലഹവും അതിന്റെ ദുരന്തവും വർണിക്കുന്ന ഒരു ആഖ്യാനമായി മാത്രം അതിനെ വീക്ഷിച്ചുകൂടാ എന്നു സൂചിപ്പിക്കാനാണ് ഈ ഉത്പത്തികഥകൾ വിവരിച്ചുംകൊണ്ട് ഭാരതേതിഹാസത്തിലൂടെ 'യാനം' തുടങ്ങുന്നത്.
ധാർത്തരാഷ്ട്രന്മാർ ശതകിരണനായ സൂര്യന്റെ കാലമായ വേനലും പാണ്ഡവന്മാർ വർഷകാലവും ആണെന്ന് ആദിപ്രരൂപ ശൈലിയിൽ (Archetypal) സങ്കല്പിച്ചാൽ ജ്യേഷ്ഠാനുജ സന്തതികൾ തമ്മിലുള്ള ഒരു സ്വത്തവകാശയുദ്ധമായി ഇതി ഹാസത്തെ വീക്ഷിക്കുന്നതിൽ നിന്നു വ്യത്യസ്തമായ ഒരു ദർശനം ഉരുത്തിരിഞ്ഞുവരും. എന്നാൽപോലും അവകാശത്തർക്കത്തിന്റെ വാച്യാർത്ഥ പ്രസക്തി തീരെ ഇല്ലാതാവുകയില്ല. അതിനാൽ അതിന്റെ നീതിനിഷ്ഠമായ പൊരുളുകളിലേക്ക് കണ്ണെത്താതെ യുള്ള ദർശനം 'സമഗ്രം' എന്ന് വിവക്ഷിക്കാവുന്നതുമല്ല.
ധൃതരാഷ്ട്രർ അന്ധനായതുകൊണ്ട് അഗ്രജനായിട്ടും രാജാവാകാനർഹതയില്ലെന്ന്, സത്യവതിയുടെ ഇംഗിതമറിഞ്ഞും കൊണ്ടു തന്നെയായിരിക്കണം ഭീഷ്മർ നിശ്ചയിച്ചത്. എന്തെന്നാൽ സത്യവതിയുടെ സാന്നിധ്യത്തിലാണ് പാണ്ഡു രാജാവായി അഭിഷിക്തനാകുന്നത്. നിലവിലുണ്ടായിരുന്ന രാജ്യത്തെ സ്വന്തം ബാഹുബലത്താൽ പാണ്ഡു വിപുലീകരിച്ചുവെന്ന ചരിത്രം അവകാശത്തർക്കത്തെക്കുറിച്ചു ചിന്തിക്കുന്നവർ എടുത്തുപറഞ്ഞു കാണുന്നില്ല. ഈ വസ്തുത വളരെ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. പാണ്ഡുവിനെക്കൊണ്ടു രണ്ടു വിവാഹം ചെയ്യിച്ച ഭീഷ്മരുടെ ലക്ഷ്യം ബന്ധുബല വിപുലീകരണമായിരുന്നു. പാണ്ഡു അതുകൊണ്ട് തൃപ്തിപ്പെടാതെ, ബാഹുബലവീര്യങ്ങൾ കൊണ്ട് രാജ്യത്തെ വിപുലീകരിച്ചു. വിവാഹങ്ങൾക്കുശേഷം ഒരുമാസം മാത്രമേ ''സുഖിച്ചു'' വസിച്ചുള്ളൂ. വിചിത്രവീര്യനെപ്പോലെ കാമകേളികളിൽ മാത്രം മുഴുകിക്കഴിഞ്ഞില്ല. ഭീഷ്മരുടെ അനുവാദത്തോടെ ദിഗ്വിജയത്തിനു പുറപ്പെട്ടു. ദശാർണം, മഗധം, മിഥില, കാശി, സുഹ്മം, പുണ്ഡ്രം മുതലായ രാജ്യങ്ങളിൽ വാണുകൊണ്ടിരുന്ന രാജാക്കന്മാരിൽ യുദ്ധത്തിനിറങ്ങിയവരെ നിഹനിച്ചു. പലരും കീഴടങ്ങി. ഇപ്രകാരം വിപുലീകൃതമായ രാജ്യമാണ് താത്കാലികമായി ഭരിക്കാൻ ജ്യേഷ്ഠനായ ധൃതരാഷ്ട്രനെ ഏല്പിച്ച് പാണ്ഡു രണ്ടു ഭാര്യമാരോടും കൂടി കുറച്ചുകാലത്തെ വനവാസത്തിനു പോയത്.
''കുരുരാഷ്ട്രങ്ങളും മുന്നം കുരുവംശധനങ്ങളും
ഹരിച്ച നൃപരെക്കപ്പം തരുമാറാക്കി പാണ്ഡുതാൻ'' എന്നും
''ഹസ്ത്യശ്വരഥ രത്നങ്ങൾ പൈക്കളൊട്ടകമാടുകൾ
ഇവയ്ക്കന്തം കണ്ടതില്ലാ ഭീഷ്മർ മുൻപിട്ട കൗരവർ'' എന്നും
''പുരരാഷ്ട്രങ്ങൾ മർദിച്ചുതിരിച്ചെത്തിയ പുത്രനെ
തഴുകി ഭീഷ്മർ കണ്ണീരുമൊഴുക്കിക്കൊണ്ടു നിന്നുപോയ്.'' എന്നും സുവ്യക്തമായി വർണിക്കപ്പെട്ടിട്ടുണ്ട്. പാണ്ഡു സ്വന്തം വീര്യം കൊണ്ടു പിടിച്ചെടുത്ത രാജ്യങ്ങളും മറ്റു വിഭവങ്ങളും അടങ്ങിയതാണ് പില്ക്കാലത്ത് തർക്കത്തിനു വിഷയമായിത്തീർന്ന സ്വത്ത്.
Published: 21 Nov 2026, 02:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented