ഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ഒരു കാർട്ടൂൺ അയച്ചുതന്നു. ജി . അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' മുഴുവൻ കാണാപ്പാഠം അറിയാവുന്ന വായനയുടെ ചിദംബരലോകമാണ് അയാളുടേത്. 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന ബൃഹദ് പാഠത്തിലെ ഒരു പേജ് അയാൾ എനിക്കയച്ചുതന്നു. അതിൽ ഗുരുജിയോട് രാമു വിഷാദത്തോടെ 'കഴിഞ്ഞ കാലങ്ങളെപ്പോലെ ഇനി' എന്നു പറഞ്ഞുതുടങ്ങുമ്പോൾ ഗുരുജി ആശ്വസിപ്പിക്കുന്നു :

To advertise here,

' ഡോണ്ട് ബി സില്ലി ബോയ്… കാലം ആരെയും കാത്തുനിൽക്കില്ല… മാളങ്ങളറിഞ്ഞീലാ സഞ്ചരിക്കുന്നൂ കാലകാളകുണ്ഡലി.… എന്നല്ലേ, സമയമായി...' എന്ന്.

എൻ്റെ സുഹൃത്തിന് അറിയേണ്ടിയിരുന്നത് 'മാളങ്ങളറിഞ്ഞീലാ സഞ്ചരിക്കുന്നൂ കാലകാളകുണ്ഡലി' എന്നത് ഏതു കവിയുടേതാണെന്നാണ്. അരവിന്ദന്റെ സർഗ്ഗലോകത്തിൽ സൂചനകൾ വരുന്നത് കാട്ടിലെ മണം പോലെയാണ്. ഏത് പൂവിന്റേത് എന്ന് തിരിച്ചറിയാൻ പ്രയാസമാണ്... ചിലപ്പോൾ കുറിഞ്ഞിയാകാം ചിലപ്പോൾ ബ്രഹ്മകമലവുമാകാം… മണങ്ങൾ ഇടകലരുന്നതാണ് അരവിന്ദന്റെ ഗന്ധമാരുതൻ.

എങ്കിലും ആ കാളകുണ്ഡലി എന്നെ വരിഞ്ഞുകളഞ്ഞു. സുഹൃത്ത് ചോദിച്ച ചോദ്യചിഹ്നത്തിലെ സർപ്പശിരസ്സ് മാളമെവിടെയെന്നറിയാതെ സഞ്ചരിക്കുന്ന കാലമെന്ന കാളസർപ്പത്തിന്റെ വിടർന്ന പത്തിയായി എന്നെ കൊത്തി. ആരാണിതെഴുതിയത്? നൂറ്റാണ്ടുകളുടെ പേജുകളിൽ അന്തമില്ലാതെ കിടക്കുന്ന മലയാള കവിതകളിൽ ഏതിലാണ് ഈ കാളകുണ്ഡലി ഇഴയുന്നത്? എൻ്റെ പരിമിതയോർമ്മ എന്നെ സഹായിച്ചില്ല. ഞാൻ ഓർമ്മശക്തിയുടെ ആയിരംകോടിയനന്തൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെ രാവിലെ ഏഴുമണിയ്ക്ക് വിളിച്ചു. 'മാളമെങ്ങറിയാതെ സഞ്ചരിക്കുന്നൂ....' എന്നു മാത്രം പറഞ്ഞപ്പോൾ ബാലചന്ദ്രൻ്റെ തലച്ചോറിന്റെ അടരുകളിൽ കവിത തൂവൽ കുലുക്കി ഉണർന്നു, എന്നിട്ട് അവിഘ്നം… അനായാസം… വിസ്മയകരം..ഇങ്ങനെ ചൊല്ലിത്തുടങ്ങി …
 

' മാളമെങ്ങറിഞ്ഞീല, സഞ്ചരിക്കുന്നൂ കാല-

കാളകുണ്ഡലി ജഗന്മണ്ഡലങ്ങളെച്ചുറ്റി.
നേരിയ നാനാ 'ശുക്ലപടല'ങ്ങള,ല്ലിതി-

ന്നൂരിയോരുറകളാണവ്യക്തസ്ഥലാന്തത്തിൽ .....'

എന്നിട്ടു പറഞ്ഞു , ' കുറുപ്പുമാഷ് 1938 ലെഴുതിയതാണ് . 1943 ലെ പൂജാപുഷ്പം എന്ന സമാഹാരത്തിൽ വന്ന 'കാലം' എന്ന കവിതയിലെ ആദ്യവരികളാണ്'.

നിത്യവനസഞ്ചരിയ്ക്കറിയാം പടിഞ്ഞാറ്റേ ഗന്ധവാഹകക്കാറ്റ് കൊണ്ടുവരുന്നത് പിച്ചിയുടെ മണമാണോ തെച്ചിയുടെ മണമാണോ എന്ന്. എന്നെ എപ്പോഴും ബാലചന്ദ്രൻ ഇങ്ങനെ അത്ഭുതപ്പെടുത്താറുണ്ട് . അതൊരിക്കൽ കൂടി സംഭവിച്ചുവെന്നേയുള്ളൂ. ബാലചന്ദ്രൻ്റെ കാവ്യശിക്ഷണമെന്നത് അപാരമായ അച്ചടക്കത്തിൽ പറക്കമുറ്റി സ്വതന്ത്രവിഹായസ്സിലേക്ക് പറന്ന വിയൽ പക്ഷിയാണ്. അപൂർവമാണ് ആ ഓർമ്മയുടെ അടരുകൾ. ദേശാടനപ്പക്ഷിയിൽ ജനിതകമായി കുറിച്ചിട്ട ദിശാബോധമാണത്.

കാലകാളകുണ്ഡലിയുമായി കഴിഞ്ഞ ദിവസമുണ്ടായ കൂടിക്കാഴ്ച ചില ആന്തോളനങ്ങളെക്കുറിച്ച് ചിന്തിപ്പിച്ചു.

ജി . ശങ്കരക്കുറുപ്പിൽ നിന്നും പുതിയ തലമുറയിലെ കവി എസ്. കലേഷിലേക്ക് കവിതയുടെ ആന്തോളനമുണ്ട് . വിശ്വദർശനത്തിൽ ശങ്കരക്കുറുപ്പിലുണ്ടായിരുന്ന ആടിയുലഞ്ഞ, ഹർഷവിഹ്വലമായ ഒരമ്പിളിക്കല കലേഷിന്റെ കവിതയിലെ മരക്കൊമ്പിൽ നിന്നും കൊഴിഞ്ഞയിലയായി പറന്നുപറന്നാലോലം വീഴുന്നുണ്ട്! ശങ്കരക്കുറുപ്പിന് ആകാശഗംഗകളും അനന്തമായ കാലമെന്ന ഇരുട്ടിന്റെ കാളകുണ്ഡലിയും വേണം പ്രപഞ്ചത്തെ മനസ്സിലാക്കാൻ, എന്നാൽ കലേഷിനാകട്ടെ വെറുമൊരു മരം മതി.

'വെയിലിന് മരം എന്ന വീടുണ്ട്
വീടിന് തണൽ എന്ന മുറ്റവും
മുറ്റത്ത് ഇലകൾ എന്ന നീറുകളും
നീറുകൾക്ക് കവരങ്ങൾ എന്ന നടപ്പാതകളും
ആ പാതകളിലൊന്നിൽ
തേൻകൂട് എന്ന റേഡിയോ തൂങ്ങിക്കിടക്കുന്നു
നൂറുനൂറുഗായകർ
മൂളിക്കൊണ്ടിരിയ്ക്കുന്നൂ
പാട്ടുകളവരുടെ
പാട്ടുകൾ പാട്ടുകൾ'

1941 ൽ ജി . ശങ്കരക്കുറുപ്പ് എഴുതിയ

' ക്ഷീണമാമെന്നാത്മാവു
തകർന്നാൽ തകർന്നോട്ടേ
വീണയാക്കുക ഭവ-

ദാശയം ഗാനം ചെയ്‌വാൻ' എന്നെഴുതിയ വരികളിൽ നിന്നും എസ്. കലേഷിന്റെ പാതകളൊന്നിൽ തൂങ്ങിക്കിടന്നു പാടുന്ന തേൻകൂട് എന്ന റേഡിയോയിലേക്ക് ഒരു ആന്തോളനമുണ്ട് എന്നു ഞാൻ പറയുമ്പോൾ എൻ്റെ കാവ്യാസ്വാദനത്തിലെ തുടർച്ചകളെ മാത്രമാണ് സൂചിപ്പിക്കുന്നത്. കർണാടക സംഗീതത്തിലെ ഇക്കാലത്തെ ഏത് ചെറുപ്പക്കാരുടെ നല്ല ആലാപനങ്ങളിലും ഒരു ശെമ്മാങ്കുടിയെ ചെവിയോർക്കുമ്പോലെയൊന്നാണത്. ശങ്കരക്കുറുപ്പിലെ കാലവും ലോകവും ആകാശവും കലേഷിൽ നിഷേധിക്കപ്പെടുന്നില്ല എന്നേ ഞാൻ പറയാൻ വെമ്പുന്നുള്ളൂ.

കലേഷ് 'കടൽ ലീല' എന്ന കവിതയിൽ ഒരു കാലബോധത്തെ കൊണ്ടുവരുമ്പോൾ വീണ്ടും എന്നിലെ ആസ്വാദകൻ മറ്റൊരാന്തോളനം കാണുന്നു, ജി യുടെ കാലകാളകുണ്ഡലിയിലേക്ക്. ഒരു സാഗരഗീതമാണ് കടൽ ലീല.

'അതികാലേയെഴുന്നേറ്റു മകനുമായി ധനുഷ്‌കോടി കാണാൻ പുറപ്പെടു'കയാണ്. പുലർമഞ്ഞുരുകിവീണുറയും മണ്ണിൽ ഹരിതം വിളങ്ങുന്നുണ്ട്, മുളകുപാടങ്ങളാണ് അതിർ നിർണയിക്കുന്നത്. നീലസഹ്യൻ തുറക്കുന്ന കണ്ണിലേക്ക് എരിവുകാറ്റ് ഊതുന്നുണ്ട്. മൈൽകുറ്റിമേൽ സ്വയംകൊത്തി സ്വയംകൊത്തി വെടിപ്പാകുന്ന കിളിപ്പറ്റങ്ങളെ കാണാം. ഈ കാഴ്ചകളെല്ലാം വഴിപോക്കരായ നമ്മൾ മറക്കുമെന്നാലും ചിലനാൾ ആ ഓർമ്മകൾ നമ്മെ തേടിയെത്തും… ഇവിടെയാണ് കാലമെന്ന കാളകുണ്ഡലി എസ്. കലേഷിനേയും വരിയുന്നത്...

'ഒരു നേരം കഴിഞ്ഞാലതുമറക്കും
പല നേരം പിന്നീടേ, ഓർത്തെടുക്കും
അനശ്വരതേ, നിന്റെ രസസങ്കല്പം
മറച്ചാലും ഉദിയ്ക്കുന്നൂ ചരിത്രപൂർവം'.

അനശ്വരതയുടെ രസസങ്കല്പത്തെ കുഴമറിച്ച് ഓർമ്മകൾ തിരികെയെത്തുകയാണ്. പുതിയ കവിതയുടെ രസസങ്കല്പത്തെ അട്ടിമറിച്ച് അതിൻ്റെ മൈൽകുറ്റികളിൽ ശങ്കരക്കുറുപ്പ് പറന്നിരിക്കുന്ന വേളയിലാണ് ഞാൻ ഈ കുറിപ്പെഴുതുന്നത്. പുതിയ കാലത്തിന്റെ മൈൽകുറ്റിയിൽ ഇരിക്കുന്ന കുറുപ്പുകിളി ഒരു രൂപമാണ്. വിളിക്കുന്നേടത്തേക്കെല്ലാം ഓടിയെത്തുന്ന വിയൽപ്പക്ഷി.

' രൂപത്തിന്റെ മുനമ്പുകൾക്കുള്ളിൽ
അത് നിവർത്തുന്നത്
ഒരുപാടു കൊല കണ്ടവരുടെ
ഏകാന്തതയുടെ ഭൂപടം,
രാക്കിളികൾ പാടാത്തിടം.
വാക്കുകളും ചിത്രങ്ങളും

വിളിക്കുന്നേടത്തേക്കെല്ലാം ഓടിയെത്തുന്ന

രാത്തുമ്പികൾ,
പരേതാത്മാക്കളെന്ന് ടാഗോർ,
ലോകവായനയ്ക്കായി തിരിച്ചുവന്നവർ'
(ഓർമ്മ കൊണ്ടുതുറക്കാവുന്ന വാതിലുകൾ: കെ.ജി. ശങ്കരപ്പിള്ള)

എസ് . കലേഷിന്റെ വീട്ടുചുവർ ഞാൻ കണ്ടിട്ടില്ല. ജി. ശങ്കരക്കുറുപ്പിന്റെ വീട്ടുചുവരിൽ രണ്ടു ചിത്രങ്ങളുണ്ടായിരുന്നു, ഒന്ന് ഗുരുവിന്റേത്, രണ്ട് ശിഷ്യന്റേത്. ഇടതുവശത്ത് ഗുരുവായ ടാഗോർ . വലതുവശത്ത് കുറുപ്പുമാഷിൻ്റെ സ്വന്തം ശിഷ്യനായിരുന്ന ചങ്ങമ്പുഴയുടേത്.

കവിതയുടെ ലോകത്ത് ജിയിൽ നിന്നും തെല്ലിടഞ്ഞൊന്നു പറന്ന വൈലോപ്പിള്ളിയുടെ കണ്ണീർക്കാലപ്പാടത്ത് കലേഷിന്റെ കിംഗ്ഫിഷർ ഇരിക്കുന്നതും കാലകുണ്ഡലി ഇഴഞ്ഞിഴഞ്ഞു കാണുന്നുണ്ട്.
 

'വിളഞ്ഞൂ വിത്തിൽ പാടം
പച്ചയിൽ പച്ചയാം പാടം
പറന്നൂ നീലമേഘം
നീലയിൽ നീലയാം പൊന്മാൻ.
വിളവും തണുവും വെയിലും
നുകർന്നിരിപ്പാണു പൊന്മാൻ.
പഴഞ്ചനാം പണിക്കാരൻ; പൊന്മാൻ?
പറക്കുന്നു പൊടുന്നനെ പൊന്മാൻ
പിടയ്ക്കും പരൽമീൻ ആ ചുണ്ടിൽ'
 

വിളഞ്ഞൂ വിത്തിൽ പാടം എന്ന് കലേഷ് എഴുതുമ്പോൾ വൈലോപ്പിള്ളിയുടെ പാടവും വിത്തും മാത്രമല്ല , കല്ലിനെക്കൂടിയുന്തിനീക്കി നേർത്തൊരു പുൽക്കൊടി മണ്ണിനുമുകളിലേക്കുവരുന്ന അത്ഭുതവും മനസ്സിൽ വരുന്നു :
 

'ആരു തന്നൂ ശക്തി നിന്റെയീ നഗ്നമാം
നാരുപോലുള്ള നനുത്ത മെയ്യിന്നു, ഹാ,
തെല്ലിടഞ്ഞൊന്നു തടഞ്ഞുവെയ്ക്കാൻ വന്ന
കല്ലിനെക്കൂടിയുമുന്തി മാറ്റിടുവാൻ' (തിരുമുമ്പിൽ : ജി)
 

സ്വയംകൊത്തി സ്വയംകൊത്തി വെടിപ്പാകുന്നവരാണ് കവികൾ. ചിലപ്പോൾ സ്വയം മുറിവേൽപ്പിക്കുകയും ചെയ്യും.
തട്ടിവീഴും വേളയിൽ തലമുറകൾ ഉള്ളിൽ ചിലതൊക്കെ നീറ്റിവാറ്റുന്നത് അനിത തമ്പിയിലുമുണ്ട് :
 

'പച്ചിലകൾ തോറും തട്ടിപ്പിടഞ്ഞു വീഴും

രണ്ടരത്തലമുറ നീലച്ച വാറ്റ് ചോരപ്പൂന്തെളിനിലാവേ നീ

ഞാനാണോ നീയാണോ ' (മൊഹീതോ പാട്ട് )
 

അച്ഛൻ കുരുക്കിട്ട മരം ഒരിക്കലും വെട്ടരുതെന്ന് പി . രാമൻ ഒരു കവിതയിൽ എഴുതിയിട്ടുണ്ട് .
 

' അച്ഛൻ കുരുക്കിട്ട മരം
വെട്ടരുത് , എന്നും ഞങ്ങൾക്കുകാണണം
എന്നു കരഞ്ഞുതടഞ്ഞ
മക്കൾ നാലും വളർന്നുവലുതായ്
നാലുദിക്കിലേക്ക് പറന്നുപോയ്
 

ഒരേ മരം ഇപ്പോൾ
നാലുദിക്കിൽ പറന്നുകൊണ്ടിരിക്കുന്നു
നാലുമക്കൾക്കുമൊപ്പം
 

ആ മരത്തിന്റെ പൂക്കാലവും
പച്ചിലക്കാലവും
ഇല പൊഴിയും കാലവും
പഴക്കാലവും
നാലുകിളികൾക്കുമുള്ളിൽ
 

മക്കൾ വിട്ടുപോയ
പഴയ മുറ്റത്തും
അതേ മരം,
കുറേക്കൂടി പടർന്ന് .
 

അതിൻ്റെ പൂക്കാലവും
പച്ചിലക്കാലവും
ഇലപൊഴിയും കാലവും
പഴക്കാലവുമാകട്ടെ,

അതിൻ്റെ കൊമ്പിൽ വന്നിരിക്കുന്ന

ഓരോ കിളിയ്ക്കുള്ളിലും .' (വെട്ടാതെ നിർത്തിയ മരങ്ങൾ )
 

അങ്ങനെ 1960 കളിൽ ജി . അരവിന്ദൻ കാർട്ടൂണിൽ വെട്ടാതെ നിർത്തിയ ഒരു മരത്തിൽ ജി . ശങ്കരക്കുറുപ്പ് പുതിയ കാലത്തോടും പറയുകയാണ്:
 

'മാളമെങ്ങറിഞ്ഞീല, സഞ്ചരിക്കുന്നൂ കാല-
കാളകുണ്ഡലി ജഗന്മണ്ഡലങ്ങളെച്ചുറ്റി'