വിയാണോ പാട്ടെഴുത്തുകാരനാണോ കേമൻ? സംശയം തോന്നാൻ കാര്യമുണ്ട്. കുറേക്കാലം മുൻപ് ഒരു ജനപ്രിയ ഗാനരചയിതാവിനെ ഫോണിൽ വിളിച്ചു. അദ്ദേഹത്തിന്റെ തന്നെ അടുപ്പക്കാരിലൊരാളുടെ താല്പര്യപ്രകാരം ഒരഭിമുഖം പറഞ്ഞുറപ്പിക്കാൻ വേണ്ടിയായിരുന്നു വിളി. തുടക്കത്തിലേ ഒരുപാധിവെച്ചു പാട്ടെഴുത്തുകാരൻ. പാട്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ വേണ്ട. കവിതയെക്കുറിച്ചാകാം സംസാരം. എന്നിലെ കവിയെക്കുറിച്ച് മലയാളികൾ പൂർണമായി മനസിലാക്കിയിട്ടില്ലെന്ന് തോന്നുന്നു.

To advertise here,

സംഗതി ഇതാണ്. സിനിമാപ്പാട്ടെഴുത്ത് കൊള്ളാവുന്ന ഏർപ്പാടാണെന്ന് വിശ്വസിക്കുന്നില്ല കഥാപുരുഷൻ. എഴുതിയ പാട്ടുകളെക്കുറിച്ച് ആളുകൾ നല്ലതു പറഞ്ഞുകേൾക്കുമ്പോൾ ജാള്യമാണ്. ചിലപ്പോൾ കോപവും വരും. എന്റെ കവിതയൊന്നും വായിച്ചിട്ടില്ലേ എന്ന മറുചോദ്യവുമായാണ് പലപ്പോഴും ആരാധകരെ നേരിടുക.

ഉത്തരം മിക്കപ്പോഴും ഇതായിരിക്കും: "അയ്യോ, സാറ് അപ്പൊ കവിതേം എഴുതുമോ? കൊള്ളാലോ. അറിയത്തില്ലാരുന്നു കേട്ടോ. അതൊന്നും വായിച്ചു മനസിലാക്കാനുള്ള വിവരോം ഇല്ല....'

കേൾക്കേണ്ട താമസം ക്ഷുഭിതനായി ആരാധകനെ വകഞ്ഞുമാറ്റി നടന്നുനീങ്ങും കവി. "സിനിമാപ്പാട്ട് എന്ന് പറഞ്ഞാൽ എന്തോ മഹാ സംഭവമാണെന്നാണ് ഇവന്മാരുടെയൊക്കെ വിചാരം. ആ ചെലവിൽ നമുക്ക് പബ്ലിസിറ്റി വേണ്ട. എന്റെ ഒരു കവിതയെങ്കിലും വായിച്ചിട്ട് എന്നോട് സംസാരിച്ചാൽ മതി. താങ്കൾക്കും അത് ബാധകം..."-എന്നോടാണ്.

ശരിക്കും കുടുങ്ങി. ഈ മനുഷ്യൻ കവിതയും എഴുതുമെന്ന അറിവ് നമുക്കും ഇല്ലല്ലോ. കവിതാ വായന കുറവായതുകൊണ്ടാണ്. വയലാർ, ഒഎൻവി, പി ഭാസ്കരൻ, ചുള്ളിക്കാട്, വൈലോപ്പിള്ളി ഇവർക്കൊന്നും അപ്പുറത്തേക്ക് വളർന്നിട്ടില്ല ഉള്ളിലെ കാവ്യാസ്വാദകൻ. ഗദ്യവും പദ്യവും തരംപോലെ മിക്സ് ചെയ്യരുത് എന്നൊരു അന്ധവിശ്വാസവുമുണ്ട്. ഇനിയിപ്പോൾ എവിടെ പോയാലാണ് ഈ കവിയുടെ രചനകൾ കണ്ടെടുക്കാനാകുക?

ഭാഗ്യവശാൽ ആനുകാലികങ്ങളിൽ മൂപ്പരെഴുതിയ നാലഞ്ച് കവിതകൾ സംഘടിപ്പിക്കാനായി. പണിപ്പെട്ട് വായിച്ചെടുത്തു. സത്യം പറയാമല്ലോ. വിചാരിച്ച നിലവാരമൊന്നുമില്ല. ചമ്പു പ്രസ്ഥാന കാലത്തെ ശൈലിയിലാണ് എഴുത്ത്. സിനിമാഗാനങ്ങൾ എത്രയോ ഭേദം. ഈണത്തിനനുസരിച്ചാണ് എഴുത്തെങ്കിലും അവയിൽ ഇതിനേക്കാൾ കവിതയുണ്ട്.

കവിത എന്റെ മേഖലയല്ല എന്നു കുമ്പസരിച്ച് കൂടിക്കാഴ്ചയിൽ നിന്ന് ഒഴിഞ്ഞുമാറാനായിരുന്നു പിന്നത്തെ ശ്രമം. അറിഞ്ഞുകൊണ്ട് വണ്ടിക്ക് തലവെക്കേണ്ടല്ലോ. പക്ഷേ കവിയുണ്ടോ വിടുന്നു: എന്നാൽ പിന്നെ ഗാനങ്ങളിലെ കവിതയെക്കുറിച്ചാകാം സംഭാഷണം എന്നായി അദ്ദേഹം. അങ്ങനെ ഉള്ളിലെ വള്ളത്തോളിനെ തൽക്കാലം മയക്കിക്കിടത്തി വെറും പാട്ടെഴുത്തുകാരനായി എന്റെ മുന്നിലിരിക്കുന്നു ഗാനകവി.

ഇതേ അനുഭവം പിന്നേയും ഉണ്ടായിട്ടുണ്ട്. പാട്ടെഴുത്തുകാരെന്ന നിലയിൽ മലയാളികൾക്കിടയിൽ സ്വീകാര്യത നേടിയ ചിലർക്കെങ്കിലും കവിയായി അറിയപ്പെടാനാണ് മോഹം. ഗാനരചന എന്തോ വിലകുറഞ്ഞ ഏർപ്പാടാണെന്ന് വിശ്വസിക്കുന്നു അവരിൽ പലരും..

എന്നാൽ സത്യം അതാണോ? രണ്ടും രണ്ടു മേഖലയാണ്. രണ്ടിലും തിളങ്ങാൻ പ്രാഗൽഭ്യം വേണം. നല്ലൊരു കവി നല്ല പാട്ടെഴുത്തുകാരൻ ആവണമെന്നില്ല. നല്ല പാട്ടെഴുത്തുകാരൻ നല്ല കവിയും.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകളാണ് ഓർമ്മയിൽ:

"സിനിമക്ക് വേണ്ടി പാട്ടെഴുതുന്നത് സുഖമുള്ള ഏർപ്പാടാണ് എന്നതായിരുന്നു എത്രയോ കാലം എന്റെ ധാരണ. പാട്ടെഴുതാനിരുന്നപ്പോഴാണ് കവിതയെഴുത്തിനേക്കാൾ പതിന്മടങ്ങ് ദുഷ്കരമാണതെന്ന് മനസിലായത്‌. കവിത നമ്മുടെ ആത്മാവിഷ്കാരമാണ്. ഇഷ്ടം പോലെ സ്വാതന്ത്ര്യമുണ്ടവിടെ. തോന്നിയ പോലെ എഴുതിയാലും ആരും ചോദിക്കാനില്ല. പക്ഷേ പാട്ടിൽ ഉള്ളത് നമ്മുടെ അനുഭവമണ്ഡലമേ അല്ല. നമ്മുടേതല്ലാത്ത ഭാഷ, ഭാവന ഒക്കെയാണ് അവിടെ ആവശ്യം. ഒരു തരം പരകായപ്രവേശം. ഈ സങ്കീർണ്ണവശം അറിയാത്തവരേ ഗാനരചയിതാക്കളെ വിലകുറച്ചു കാണൂ. എനിക്കതറിയുന്നതുകൊണ്ട് നല്ല പാട്ടെഴുത്തുകാരെ കണ്ടാൽ ഇന്നും അറിയാതെ എണീറ്റുനിന്ന് വണങ്ങിപ്പോകും.'' ശ്രുതി, എബ്രഹാം ലിങ്കൺ, പൂമരം തുടങ്ങിയ പടങ്ങളിൽ പാട്ടെഴുതിയിട്ടുണ്ട് ചുള്ളിക്കാട്.

ഏറെ പ്രിയപ്പെട്ട ഭാസ്കരൻ മാഷിന്റെ ഒരു ലളിതഗാനം ഓർമ്മയിൽ നിന്ന് മൂളുന്നു ചുള്ളിക്കാട്: " മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി, അപ്പോൾ മധുമാസചന്ദ്രൻ വന്നു മടങ്ങിപ്പോയി... എത്ര ലളിതമായ ഭാവന. കേൾക്കുമ്പോൾ തോന്നും ആർക്കും എഴുതാൻ കഴിയും ഇങ്ങനെയൊക്കെ എന്ന്.

തെറ്റിദ്ധാരണയാണത്. ആ കോൺസെപ്റ്റ് തന്നെ അപാരമല്ലേ? ഭാസ്കരൻ മാഷിനേ അത് സാധിക്കൂ. ഇരുട്ടിന്റെ ആത്മാവിലെ "ഇരുകണ്ണീർ തുള്ളികൾ ഒരു സുന്ദരിയുടെ കരിമിഴികളിൽ വെച്ച് കണ്ടുമുട്ടീ'' എന്ന പാട്ട് മറ്റൊരു ഉദാഹരണം. കഥാപാത്രത്തിന്റെ ഉള്ളിൽ കടന്നുചെന്ന് സിനിമയിലെ സന്ദർഭത്തിന് ഇണങ്ങും വിധം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും ലളിതമായി, കാവ്യാത്മകമായി എഴുതാൻ കവിത്വം മാത്രം പോരാ. അത് വേറൊരു കലയാണ്. അത്ഭുതകല എന്ന് തന്നെ വിളിക്കണം അതിനെ.''-ചുള്ളിക്കാട്.

ഭാസ്കരൻ മാഷിന്റെ ഗാനരചനാപാടവത്തിന് ഒരിക്കൽ നേരിട്ട് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു ചുള്ളിക്കാട്. ഡെയ്സി എന്ന പടം. സുഹൃത്തായ സംവിധായകൻ പ്രതാപ് പോത്തന്റെ ക്ഷണം സ്വീകരിച്ച് സംഭാഷണ രചനയിൽ സഹായിക്കാൻ ചെന്നതാണ് കവി. പാട്ടുകൾ ഒരുക്കുന്നത് ഭാസ്കരൻ - ശ്യാം ടീം. "ശ്യാമിന്റെ ട്യൂൺ മനസ്സിലേക്ക് ആവാഹിച്ച് ഭാസ്കരൻ മാഷ് പാട്ടെഴുതാൻ ഇരിക്കുമ്പോൾ തൊട്ടരികെ കാഴ്ചക്കാരനായി ഞാനുമുണ്ട്. വെറും പത്തു മിനുട്ടിലാണ് മാഷ് ആദ്യത്തെ പാട്ടെഴുതിയത് - ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം… എങ്ങനെ നമിക്കാതിരിക്കും അദ്ദേഹത്തെ?''

അപ്പോൾ അതാണ് പറഞ്ഞത്: കവിതയേക്കാൾ ഒട്ടും പിന്നിലല്ല പാട്ടെഴുത്ത്. രണ്ടിലും വേന്ദ്രന്മാരായവർ അത്യപൂർവം. അവർക്കിരിക്കട്ടെ ഒരു പൊൻതൂവൽ.