
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘നൂറ: ജിന്നിന്റെ പ്രണയ പുസ്തകം’ എന്ന നോവലിനെക്കുറിച്ച് ശംസുദ്ദീൻ മുബാറക് എഴുതുന്നു.
നമുക്കു കാണാൻ കഴിയാത്ത കാഴ്ചകളും കേൾക്കാൻ കഴിയാത്ത ശബ്ദങ്ങളും ഇല്ല എന്നർത്ഥമുണ്ടോ? ഒരിക്കലുമില്ല. നമ്മൾ ജീവിക്കുന്ന ഈ ഭൂമിയിൽത്തന്നെ നമ്മൾ കാണാത്ത എത്രയെത്ര ജീവികളുണ്ട്. കേൾക്കാനാകാത്ത എത്രയെത്ര ശബ്ദവീചികളുണ്ട്. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ നമ്മെ തൊടുമ്പോഴായിരിക്കും അതുവരെ കണ്ണുകൾക്ക് അദൃശ്യമായ ആ കാഴ്ചകൾ നമ്മൾ കാണുന്നതും ചെവികൾക്ക് അപ്രാപ്യമായിരുന്ന ആ ശബ്ദങ്ങൾ നമ്മൾ കേൾക്കുന്നതും.
എനിക്കു ചുറ്റും അദൃശ്യരായ കുറേ ജീവികളുണ്ടെന്നും ചെവിപ്പുറത്തുതന്നെ കേൾക്കാനാകാത്ത കുറേ ശബ്ദമിശ്രണങ്ങളുണ്ടെന്നുമുള്ള എന്റെ തിരിച്ചറിവാണ് 'നൂറ' എന്ന ഈ നോവൽ.
നൂറ എന്ന ജിന്നുസുന്ദരിയുടെ സാന്നിധ്യം ഞാൻ ആദ്യമായി തിരിച്ചറിഞ്ഞത് വളരെ യാദൃച്ഛികമായാണ്. ഉറക്കംവരാത്ത ഒരു രാത്രിയിൽ തനിച്ചു കിടക്കുമ്പോൾ അപരിചിതമായ ഒരു ശബ്ദമായാണവൾ വന്നത്. മുറിയിൽ ഊദിന്റെ സുഗന്ധം നിറയുന്നത് ഞാനറിഞ്ഞു. എന്റെ ശരീരത്തിനു ഭാരം നഷ്ടപ്പെടുന്നതുപോലെ തോന്നി. ചെവിയിൽ ഇതുവരെ കേൾക്കാത്ത ശബ്ദത്തിന്റെ മാസ്മരികതാളത്തിൽ സംഭാഷണങ്ങളും ചിരികളും പൊട്ടിച്ചിരികളും കേട്ടു.
ഏതൊരു മനുഷ്യനെയുംപോലെ ഞാനും ഭയന്നു. ഞാൻ അശക്തനും ദുർബ്ബലനുമായി മാറി. ഭയത്തോടെ കണ്ണുകൾ മെല്ലെ തുറന്നപ്പോഴേക്കും ആ ശബ്ദങ്ങൾ നിലച്ചു. മുറിയിൽ ഭീതിദമായ കൂരിരുട്ട് മാത്രം. പെട്ടെന്ന് എണീറ്റ് ലൈറ്റിട്ടു. മുറിയിൽ ആരുമില്ല. വെളിച്ചത്തിൽ എല്ലാം പതിവുപോലെ. നൂറയുടെ സംഗീതാത്മകമായ ആ ശബ്ദം അന്നു മാത്രമല്ല ഞാൻ കേട്ടത്. പിന്നീടും പല രാത്രികളിൽ കേട്ടു. പുകപടലംപോലെ അവ്യക്തമായ രൂപങ്ങളിൽ പലവട്ടം കണ്ടു. പേരുപോലെത്തന്നെ പ്രകാശമായവളായിരുന്നു അവൾ. തീനാളത്തിൽനിന്ന് സൃഷ്ടിക്കപ്പെട്ട അരൂപിയായ ജിന്നുസുന്ദരി.
മനുഷ്യന്റെ കണ്ണുകൾക്കു കാണാൻ കഴിയാത്ത ഒരു സൃഷ്ടിയാണ് ജിന്ന് എന്ന എന്റെ മിത്ഥ്യാധാരണ പൊളിക്കാൻവന്നതായിരുന്നു അവൾ. ജിന്നിന്റെ ശബ്ദം മനുഷ്യന് കേൾക്കാനാകുമെന്നും ജിന്നിനോട് സംസാരിക്കാനാകുമെന്നും തെളിയിക്കാൻ വന്നവൾ. പക്ഷേ, നൂറ സുൽത്താനെ കാണുന്നതുവരെ ജിന്നിന് മനുഷ്യനെ പ്രണയിക്കാൻ കഴിയുമെന്ന് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല.
ആ വിശ്വാസമാണ് സുൽത്താനെ കണ്ടതുമുതൽ നൂറ തകർത്തുകളഞ്ഞത്. മനുഷ്യനെ പ്രണയിക്കാൻ അതിയായി ആഗ്രഹിക്കുന്നവരും പ്രണയത്തിനുവേണ്ടി എന്തു ത്യാഗവും ചെയ്യുന്നവരും പ്രണയിച്ചാൽ ആ കാമുകനുവേണ്ടി ഏതറ്റംവരെയും പോകുന്നവരുമാണ് ജിന്നുകൾ എന്നു നൂറ എന്നെ പഠിപ്പിച്ചു.
നൂറയുടെ ലോകമായ അൽമ ദി യെമ്മയിൽനിന്നു തുടങ്ങി അവളുടെ ജീവിതത്തിലൂടെയാണ് നോവലിന്റെ വഴികൾ. സുൽത്താൻ എന്ന മനുഷ്യനെ കാണുന്നതുവരെ നൂറയ്ക്ക് മനുഷ്യർ വെറും കെട്ടുകഥയായിരുന്നു. ആരോ പറഞ്ഞുകൊടുത്ത കഥകളിൽ മാത്രം കേട്ട വിചിത്രസ്വഭാവമുള്ള ജീവികൾ. സുൽത്താനെ കാണുന്നതുവരെ മനുഷ്യരെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചില്ലെന്നു മാത്രമല്ല, അൽമ ദി യെമ്മയിൽനിന്നു പുറത്തിറങ്ങാൻപോലും താത്പര്യമില്ലാത്ത ഒരു ജിന്നുപെൺകുട്ടി മാത്രമായിരുന്നു അവൾ.
അപ്രതീക്ഷിതമായി സുൽത്താനെ കണ്ടതോടെ നൂറയുടെ മനസ്സും ചിന്തയും വികാരങ്ങളും മാറി. സുൽത്താനോടുള്ള ഇഷ്ടംകാരണം അവൾ മനുഷ്യരെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. സുൽത്താനെക്കുറിച്ചും സുൽത്താന്റെ നാടിനെക്കുറിച്ചും പഠിച്ചു. മനുഷ്യന്റെ സ്വഭാവവും വികാരങ്ങളും ബലഹീനതകളും അവൾ മനസ്സിലാക്കി.
സുൽത്താനെ അറിയാനുള്ള നൂറയുടെ ആദ്യത്തെ വഴി അവന്റെ ഉമ്മ സൽമ, അമീർ ഹസന് അയച്ച പ്രണയലേഖനങ്ങളായിരുന്നു. സൽമയുടെ കത്തിലെ ഭാഷയാണ് അവളെ കൂടുതൽ ആകർഷിച്ചത്. ഏറനാടൻ ഭാഷപ്പഴമയുടെ സൗന്ദര്യം അവളറിഞ്ഞു. ആ വാക്കുകളിലെ ലാളിത്യവും നാട്ടുഭാഷയുടെ വഴക്കവും അവളിൽ അനുഭൂതിയുണ്ടാക്കി. സുൽത്താന്റെ നാടിന്റെ ചരിത്രവും അവിടത്തെ മനുഷ്യരുടെ ജീവിതരീതികളും വർത്തമാനവുമെല്ലാം കത്തുകളിലൂടെ അവളറിഞ്ഞു.
സുൽത്താനെ അറിയാനുള്ള യാത്രകൾക്കിടെയാണ് നൂറ മാപ്പിളകലകളുടെ സൗന്ദര്യം അനുഭവിച്ചത്. ദഫ്മുട്ടും അറബനയും കോൽക്കളിയും കുത്തുറാത്തീബും ഒപ്പനയും കണ്ട് അവൾ അദ്ഭുതപ്പെട്ടു. മനുഷ്യന്റെ പ്രതിഭയും കലാവൈഭവവും കണ്ടപ്പോൾ ജിന്നുകൾ എത്രമാത്രം നിസ്സാരരാണെന്ന് അവൾ തിരിച്ചറിഞ്ഞു. സുൽത്താന്റെ നാടിനെക്കുറിച്ചറിയാനുള്ള ശ്രമങ്ങൾക്കിടെയാണ് നൂറ മലപ്പുറത്തിന്റെ പഴയകാലത്തേക്ക് യാത്രപോയത്. അവിടെയവൾ നേർച്ചകളും ഉറൂസുകളും കണ്ടു. മലപ്പുറം പടയും മലപ്പുറംനേർച്ചയും വീണ്ടുമനുഭവിച്ചു. മനുഷ്യമനസ്സുകൾക്ക് സമാധാനം കണ്ടെത്താനുള്ള ഓരോരോ വഴികൾ അവൾ തിരിച്ചറിഞ്ഞു. മനുഷ്യന്റെ സ്നേഹവും പാരസ്പര്യവും കണ്ട് ജിന്നുകൾ മനുഷ്യരെക്കാൾ എത്രയോ ചെറുതാണെന്നവൾ വീണ്ടും മനസ്സിലാക്കി. ജിന്നുകൾക്കിടയിലെ കുടിപ്പകയും ശത്രുതയും സംഹാരബുദ്ധിയും ഓർത്ത് ലജ്ജിച്ചു.
നൂറയെ കണ്ടുമുട്ടിയതിനുശേഷമാണ് സുൽത്താൻ ജിന്നുകളെക്കുറിച്ച് കൂടുതലറിയാൻ ശ്രമിച്ചത്. അതുവരെ ഭയത്തോടെ മാത്രം കേട്ടിരുന്ന ജിന്നുകളെ അവൻ ഇഷ്ടപ്പെടാൻ തുടങ്ങിയത് നൂറ ഒരു ജിന്നായതുകൊണ്ടു മാത്രമാണ്. അവളെ ഇഷ്ടപ്പെടുംതോറും ജിന്നുലോകങ്ങളുടെ ചുരുളുകളും അറിയാരഹസ്യങ്ങളും അവനു മുന്നിൽ തുറന്നുവന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇത്രമാത്രം കൊതിക്കുന്ന ജീവിവർഗ്ഗമില്ലെന്ന് സുൽത്താനു ബോദ്ധ്യമായി. നൂറ സുൽത്താനെ പ്രണയിച്ചു. ഒരു മനുഷ്യസ്ത്രീക്കും സാധിക്കാത്ത അത്രയും ഗാഢമായ പ്രണയം.
ഷഹറസാദിനെപ്പോലെ നൂറ അവനു കഥകൾ പറഞ്ഞുകൊടുത്തു. ആയിരത്തിയൊന്നു രാവിലും അവസാനിക്കാത്ത ജിന്നുകഥകൾ. പോകുംതോറും പുതിയ പുതിയ വിസ്മയങ്ങളുടെ തിരയടിക്കുന്ന അൽമ ദി യെമ്മയിലേക്കും ജിന്നുകളുടെ നിഗൂഢതകൾ നിറഞ്ഞ വിചിത്രലോകങ്ങളിലേക്കും നൂറ അവനെ കൊണ്ടുപോയി.
മനുഷ്യനെ അറിയുംതോറും നൂറ തിരിച്ചറിഞ്ഞ മറ്റൊരു കാര്യം കൂടിയുണ്ട്. സ്ത്രീകളെ മനസ്സിലാക്കുന്നതിൽ മനുഷ്യൻ ജിന്നിനോളം വരില്ലെന്ന കാര്യം. സംഭാഷണമേധ്യ സുൽത്താനുമായി നൂറ വാഗ്വാദം നടത്തിയത് ഈ ഒറ്റ കാര്യത്തിലാണ്.
ഇരുതല മൂർച്ചയുള്ള കത്തിയാണ് ജിന്നിന്റെ സ്വഭാവമെന്ന് സുൽത്താൻ തിരിച്ചറിഞ്ഞതു പക്ഷേ വളരെ വൈകിയാണ്. സ്നേഹിക്കുന്നതിനെക്കാൾ തീവ്രമായി വെറുക്കാനും ജിന്നിനു കഴിയുമെന്നും പ്രണയിച്ചു കൊല്ലുന്നതുപോലെ പ്രണയിക്കാനായി ആരെയും കൊല്ലാനും അവർ മടിക്കില്ലെന്നും സുൽത്താനറിഞ്ഞു.
നോവൽ എഴുതിത്തീർന്നും നൂറയുടെ സാന്നിദ്ധ്യം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഇതെഴുതുന്നതിനു മുമ്പ് അവസാനമായി അവളെ കണ്ടതും ഒരു കൂരിരിട്ടുള്ള രാത്രിയാണ്. കൺമുന്നിൽ പലതരത്തിലുള്ള രൂപങ്ങൾപോലെ അവൾ മിന്നിമറഞ്ഞു. അവ്യക്തമായ ഭാഷയിൽ അവളെന്നോടു സംസാരിച്ചു. പ്രണയനിരാസവും ഒടുങ്ങാത്ത പകയും അവളുടെ ശബ്ദത്തിൽ ഞാൻ നിഴലിച്ചുകേട്ടു. അപ്പോൾ മുറിക്കു പുറത്ത് മഴ കോരിച്ചൊരിയുകയായിരുന്നു. മരങ്ങൾ കൊടുങ്കാറ്റിൽ ആടിയുലഞ്ഞു. പേടിപ്പെടുത്തുന്ന ഇടിനാദങ്ങൾ. മിന്നലുകളുടെ പ്രളയം. ആ പെരുമഴയിലും ഞാൻ വിയർത്തുകുളിച്ചു. മഴ തോർന്നതോടെ അവ്യക്തരൂപങ്ങൾ കണ്ണിൽനിന്നു മറഞ്ഞു. വിയർപ്പു വറ്റി തണുപ്പനുഭവപ്പെട്ടു. ശരീരമാസകലം പുതപ്പിട്ട് ഞാൻ കണ്ണടച്ചുകിടന്നു. പെട്ടെന്ന് എല്ലാം നിശ്ശബ്ദമായി. വീണ്ടും മനുഷ്യന്റെ ആസക്തികളും അശക്തികളും എന്നെ വന്നുമൂടി.
എന്റെ ആദ്യ അനുഭവമല്ലിത്. നൂറയെപ്പോലെ മുമ്പും കഥാപാത്രങ്ങൾ എന്നെ വന്നു തൊട്ടിട്ടുണ്ട്. ആദ്യ നോവൽ 'മരണപര്യന്തം' എഴുതുന്ന ഒരു രാത്രിയാണ് മരണം എന്നെ തൊട്ടുകടന്നുപോയത്. നോവൽഭാഗം എഴുതിത്തീർത്ത് മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങാനായി കണ്ണടച്ചതോടെ കഥാപാത്രമായ ബഷീർ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. മരിച്ചതിനുശേഷം മരണത്തെക്കുറിച്ച് ഡയറിക്കുറിപ്പുകളെഴുതിയ അതേ ബഷീറിന്റെ ആത്മാവ്. ബഷീറിന്റെ കൂടെ മരണത്തിന്റെ മാലാഖയെയും ഞാൻ കണ്ടു. ഇരുട്ടിന്റെ മറവിൽ ആകാശങ്ങളിൽനിന്ന് മാലാഖ ഇറങ്ങിവന്നു. വലിയ അപ്പൂപ്പൻതാടിപോലെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും പറന്നുനടന്നു.
ഭീകരരൂപിയായ ആ മാലാഖ അട്ടഹാസത്തോടെ എന്റെ വലതുകാലിന്റെ പെരുവിരലിൽ പിടിത്തമിട്ടു. എന്റെ പെരുവിരൽ വേദനകൊണ്ട് വിറച്ചു. നോവലിൽ മരണത്തിന്റെ മാലാഖ ബഷീറിന്റെ പ്രാണനെ പിടിക്കുന്ന രംഗം കൺമുന്നിൽ തിരശ്ശീലയിലെന്നപോലെ തെളിഞ്ഞു. ബഷീർ കണ്ടതുപോലെ ഇരുട്ടിൽ നിഴൽരൂപമായി വന്ന് എന്റെ പെരുവിരലിൽനിന്ന് മാലാഖ പ്രാണനെ വലിച്ചൂരിയെടുത്തു. പെരുവിരലിലെ വിറയലും വേദനയും കലശലായപ്പോൾ പെട്ടെന്ന് എണീറ്റ് ഞാൻ മുറിയിലെ ലൈറ്റ് തെളിച്ചു. എന്താണ് സംഭവിച്ചതെന്നറിയാതെ വിയർത്തുകുളിച്ച ശരീരവുമായി കുറേനേരം ഫാനിനു ചുവട്ടിൽ തലതാഴ്ത്തിയിരുന്നു. പുറത്ത് വെളിച്ചം വീഴുന്നതുവരെ അതേ ഇരിപ്പിൽ ഭയന്നുവിറച്ച്...
'ദാഇശ്' എഴുതിയപ്പോഴും എന്നെ അവൻ തേടിവന്നിരുന്നു. നോവലിലെ കില്ലിങ് ഫീൽഡിനെക്കുറിച്ച് എഴുതിയ രാത്രിയാണ് ആ പിഞ്ചുകുഞ്ഞ് എന്നെ തൊടാൻ വന്നത്. പ്രേതങ്ങളുടെ താഴ്വരയായ കില്ലിങ് ഫീൽഡിലാണ് ഞാൻ അവനെ കണ്ടത്. കാലികളെ വലിച്ചിഴയ്ക്കുന്നതിനെക്കാൾ ഭീകരമായി ബലിത്തറയിലേക്ക് ഐ.എസ്. ഭീകരർ വലിച്ചിഴച്ച് കൊണ്ടുവന്ന് വധശിക്ഷ നടപ്പാക്കുന്ന അതേ സ്ഥലം. ബലിത്തറയുടെ ഭാഗത്ത് സ്ഥാപിച്ച നാട്ടയിൽ ഓരോരുത്തരെയായി തല കീഴ്ഭാഗത്തേക്കാക്കി രണ്ടു കാലുകളും കൂട്ടിക്കെട്ടി തൂക്കിയിട്ടിട്ടുണ്ട്. ഭീകരർ വലിയ വാളുമായി വന്ന് ഓരോരുത്തരെയായി കഴുത്തറുത്ത് കൊല്ലുന്നു. ബലിത്തറയിൽ രക്തം ചാലിട്ടൊഴുകുന്നു. കശാപ്പുശാലയിൽ കാലിമാംസം തൂങ്ങിയാടുന്നപോലെ മരിച്ചവരുടെ കബന്ധങ്ങൾ കയറിൽ തൂങ്ങിയാടി.
ബലിത്തറയ്ക്കു സമീപത്തെ വലിയ മരത്തിന്റെ കൊമ്പിലാണ് ആ പിഞ്ചുകുഞ്ഞിന്റെ തലയില്ലാത്ത ശരീരം തൂങ്ങിയാടുന്നതു കണ്ടത്. അത് ഐ.എസ്. ഭീകരൻ അലിയുടെ കൊച്ചനുജന്റെ മൃതദേഹമായിരുന്നു. മനസ്സു മരവിച്ച ആ നിമിഷത്തിലും അവൻ ചിരിച്ചുകൊണ്ട് മരക്കൊമ്പിൽ ഊഞ്ഞാലാടുന്നതുപോലെയാണ് എനിക്കു തോന്നിയത്.
അപ്പോൾ സമയം വൈകുന്നേരമായിരുന്നു. ഇരുട്ടു പരക്കാൻ തുടങ്ങുന്നതിനുമുമ്പുള്ള ചെറിയ വെളിച്ചം മാത്രമേ കില്ലിങ് ഫീൽഡിലുള്ളൂ. അലിയുടെ ഉമ്മ ആയിശയുടെ മനസ്സു വായിച്ചപോലെ വല്ലാത്തൊരു ശോകച്ഛായയുടെ മൂടൽമഞ്ഞ് ഫീൽഡിനെ പൊതിഞ്ഞുനിന്നു. ബലിത്തറയുടെ മധ്യത്തിൽ ആയിശയെ കൈകൾ പരസ്പരം ബന്ധിച്ച് മേൽപ്പോട്ടു കെട്ടിത്തൂക്കിയിട്ടുണ്ട്. മകൻ അലി തോക്കുമായി ബലിത്തറയിൽ വെടിയുതിർക്കാനായി കൂസലില്ലാതെ ഒരുങ്ങിനിൽക്കുന്നു.
അലിയുടെ കൊച്ചനുജനെ തിരയുകയായിരുന്നു ഞാൻ. അവൻ മറ്റൊരു ഭീകരന്റെ കൈയിൽ കരഞ്ഞുകൊണ്ട് നിൽക്കുന്നതു കണ്ടു. ഉമ്മയുടെ അടുത്തേക്ക് പോകാനായി അവൻ സർവ്വശക്തിയുമെടുത്ത് കുതറിനോക്കുന്നുണ്ട്. പക്ഷേ, ഭീകരന്റെ ബലിഷ്ഠമായ കൈകളിൽ അവൻ ഞെരിഞ്ഞമർന്നു.
അഞ്ചു വയസ്സു തോന്നിക്കുന്ന അവന്റെ കരച്ചിലിന്റെ ശബ്ദം മാത്രമാണപ്പോൾ ഞാൻ കേട്ടത്. സ്വന്തം കുഞ്ഞിന്റെ ശബ്ദം കേൾക്കാനോ അവനെ അവസാനമായി കാണാനോ കഴിയാതെ കണ്ണും ചെവിയും കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ നിലയിലാണ് ആയിശ ബലിത്തറയിൽ നിൽക്കുന്നത്.
തളംകെട്ടിനിന്ന നിശ്ശബ്ദതയെ തകർത്ത് ഒരു വെടിയുണ്ട ചീറിപ്പാഞ്ഞുവന്നു. വെടിയുണ്ട ആയിശയുടെ തലയ്ക്കു പിറകിലൂടെ കയറി നെറ്റിയിലൂടെ പുറത്തേക്കു ചാടി. ആയിശ നിമിഷങ്ങൾക്കകം മലർന്നടിച്ചു വീണു. നെറ്റിയിൽനിന്ന് ചോര ചീറ്റിത്തെറിച്ചു. ബലിത്തറയുടെ മതിലുകളിലെല്ലാം ചോരച്ചിത്രങ്ങൾ വരച്ച് രക്തം നിലത്ത് പല കൈവഴികളായി ഒഴുകി. താമസിയാതെ ഒരുപാട് വെടിയൊച്ചകൾ വീണ്ടും മുഴങ്ങി. ആയിശയുടെ ശരീരം വെടിയുണ്ടകളേറ്റ് അരിപ്പപോലെ ചിന്നിച്ചിതറി.
അലിയുടെ കൊച്ചനുജൻ സർവ്വശക്തിയുമെടുത്ത് കുതറിയോടി ബലിത്തറയിലെത്തി ഉമ്മയുടെ നെഞ്ചത്തു കിടന്ന് കരഞ്ഞു. ചാലിട്ടൊഴുകുന്ന രക്തത്തിൽ കുഞ്ഞിന്റെ കണ്ണുനീരും കലർന്നു. അലി കൊച്ചനുജനെ ഒരു കൈകൊണ്ട് തൂക്കിയെടുത്ത് പുറത്തേക്കെറിയാൻ നോക്കിയെങ്കിലും കാലിനടുത്തുതന്നെ വീണു. അലിക്ക് പിന്നെ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. കുഞ്ഞിനു നേരെ ഉന്നം പിടിച്ച് ട്രിഗർ അമർത്തി. ഉമ്മയെ കൊന്ന് ബാക്കിയായ വെടിയുണ്ടകൾ സ്വന്തം അനുജന്റെ ജീവനുമെടുത്തു. ബലിത്തറയിലേക്ക് ഓടിക്കയറിയ എന്റെ മടിയിലേക്ക് കുഞ്ഞ് മരണവെപ്രാളത്തോടെ കയറിയിരുന്നു. ഒന്നു തടുക്കാൻപോലുമാകാത്ത ദുർബലതയുടെ പ്രതീകങ്ങളായി മാറിയ എന്റെ കൈകളിൽ കിടന്ന് അവൻ പിടഞ്ഞു. ജീവന്റെ അവസാനത്തെ പിടച്ചിൽ.
മിഠായിക്കടയിലേക്ക് കയറി കുഞ്ഞുകൈകളാൽ ഭരണികളിൽ തപ്പുന്നപോലെ അവനെന്റെ കൈകളിൽ തപ്പിക്കൊണ്ടിരുന്നു. കുഞ്ഞുപാവയോട് സാധാരണ സംസാരിക്കാറുള്ളതുപോലെ അർത്ഥമില്ലാതെ അവൻ എന്തൊക്കെയോ എന്നെ നോക്കി ചോദിച്ചുകൊണ്ടിരുന്നു. എന്തോ, അപ്പോൾ എന്റെ മനസ്സിൽ ഒരു വികാരവുമില്ലായിരുന്നു. എനിക്ക് കരച്ചിൽപോലും വന്നില്ല. കണ്ണീർ പൊഴിക്കാൻപോലും മനുഷ്യൻ അശക്തനാകുന്ന സന്ദർഭങ്ങളുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തിയ ആ കുഞ്ഞ് പിന്നെയും പല രാത്രികളിൽ ദുഃസ്വപ്നമായി എന്നെ തേടിയെത്തിയിട്ടുണ്ട്.
കഥാപാത്രങ്ങൾ പുസ്തകത്തിലെ അക്ഷരങ്ങൾക്കിടയിൽനിന്നിറങ്ങിവന്ന് വായനക്കാരന്റെ മനസ്സിനെ തൊടുമ്പോഴാണ് എഴുത്ത് സാർത്ഥകമാകുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, വായനക്കാരൻകൂടി പൂർത്തിയാക്കുന്നതാണല്ലോ ഓരോ നോവലും. നൂറയും നോവലിൽനിന്നിറങ്ങിവന്ന് നിങ്ങളുടെ മനസ്സിനെ തൊടട്ടെ എന്നാശിക്കുന്നു. നൂറ എന്ന ഈ നോവൽ വായനക്കാരായ നിങ്ങൾ സമ്പൂർണമാക്കുമെന്ന് പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു.
Content Highlights: Explore `Noora: A Djinn`s Love`, a captivating novel by Shamsudheen Mubarak. Discover supernatural romance and intense human emotions. Get your copy today!
Published: 13 Nov 2025, 07:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented