''നിങ്ങളുടെ ഹാര്ട്ട് ഇന്നലെ രാത്രി മൂന്നു തവണ നിന്നുപോയി. മിനിമം പതിനഞ്ചു കിലോയെങ്കിലും നിങ്ങള് ഇമ്മീഡിയറ്റായി കുറച്ചേ പറ്റൂ. ഇല്ലെങ്കില് സാമാന്യം നല്ല ബുദ്ധിമുട്ടാകും.''

ലോകത്തിലെ ഏറ്റവും കഠിനമായ കായികക്ഷമതാമത്സരങ്ങളിലൊന്നാണ് ‘അയൺമാൻ.’ 3.8 കിലോമീറ്റർ ആഴക്കടൽ സ്വിമ്മിങ്, 180 കിലോമീറ്റർ സൈക്കിളിങ്, 42.2 കിലോമീറ്റർ ഓട്ടം എന്നിവ വെറും 13 മണിക്കൂറിൽ നോൺസ്റ്റോപ്പായി പൂർത്തിയാക്കി ‘അയൺമാൻ’ പട്ടം നേടിയ ഒരു മനുഷ്യന്റെ നിശ്ചയദാർഢ്യത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയുമുള്ള സഞ്ചാരമാണ് ‘ഇരുമ്പുമനുഷ്യൻ' .
വളരെ പരിമിതമായ ജീവിതസാഹചര്യത്തിൽ നിന്നും കഠിനാധ്വാനത്താൽ ജീവിതം പടുത്തുയർത്തി 'അയേൺമാൻ' എന്ന വിശേഷണത്തിലേക്കുയർന്ന അബ്ദുൽ സമീഹിന്റെ ആത്മകഥ 'ഇരുമ്പുമനുഷ്യൻ' എന്ന പുസ്തകത്തിൽ നിന്നും ഒരു അധ്യായം.
''പണ്ടുപണ്ട് പാവപ്പെട്ട ഒരു മരംവെട്ടുകാരന്റെ മകനായി അമേരിക്കയിൽ ഒരു കുട്ടി ജനിച്ചു.''
ഹിന്ദി പിരീഡിലെ അവസാനത്തെ പത്തു മിനിറ്റിൽ ശാന്ത ടീച്ചർ പതിവുപോലെ കഥ തുടങ്ങി. ശരിക്കും പറഞ്ഞാൽ ടീച്ചറിന്റെ കഥകൾ കേൾക്കാൻവേണ്ടി മാത്രമാണ് സ്കൂളിൽ പോണതുതന്നെ. പഠിപ്പിക്കുന്ന കാര്യങ്ങളൊന്നും എന്റെ തലയിൽ കേറുമായിരുന്നില്ല. എങ്കിലും ഹിന്ദി പിരീഡിനായി എന്നും ഞാൻ കൊതിയോടെ കാത്തിരിക്കും. ശാന്ത ടീച്ചറുടെ കഥകൾ അത്രയേറെ എന്നെ ചാർജാക്കിയിരുന്നു.
''പാവം, അവന് പഠിക്കാനേ പറ്റിയില്ല. സ്കൂളിൽ പോയത് കഷ്ടിച്ച് ഒരു വർഷം മാത്രം. പക്ഷേ, പഠിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു. രാത്രിയിൽ തണുപ്പകറ്റാൻ വിറകു കത്തിക്കുമ്പോൾ അതിന്റെ വെളിച്ചത്തിലിരുന്ന് കടംവാങ്ങിയ പുസ്തകങ്ങൾ അവൻ ആർത്തിയോടെ വായിച്ചുതീർക്കും. അങ്ങനെ ചരിത്രവും നിയമവുമൊക്കെ പഠിച്ചെടുത്തു. പണമില്ലെങ്കിലും അച്ചടക്കവും സ്ഥിരോത്സാഹവും അവന് വേണ്ടുവോളമുണ്ടായിരുന്നു. വളർന്നപ്പോൾ പല ബിസിനസ്സുകൾ ചെയ്തു. എല്ലാ പൊട്ടിപ്പാളീസായി. ജീവിതത്തിൽ പലപ്പോഴും തോറ്റുപോയി. എന്നാൽ, അതിലൊന്നും തളർന്നില്ല. സ്വന്തം അനുഭവങ്ങളും അറിവുംകൊണ്ട് ഒന്നാന്തരം പ്രാസംഗികനായി. പയ്യെപ്പയ്യെ രാഷ്ട്രീയത്തിൽ പേരെടുത്തു. മരക്കുടിലിൽ ജനിച്ചുവളർന്ന ആ പയ്യൻ ഒടുവിൽ സ്വന്തം കഠിനപ്രയത്നംകൊണ്ട് അമേരിക്കയുടെ പ്രസിഡന്റായി.''
കഥ കേട്ട് ഞാനടക്കമുള്ള കുട്ടികൾ വായും പൊളിച്ചിരിക്കുമ്പോൾ ടീച്ചർ പറയും:
''ഇന്ന് ആലുവയിലെ ഏറ്റവും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കൾ പഠിക്കുന്ന സ്കൂളിലാണ് നിങ്ങൾ പഠിക്കുന്നത്. നിങ്ങളെ ഇവിടെ പഠിപ്പിക്കാനുള്ള സാമ്പത്തികചുറ്റുപാടേ നിങ്ങളുടെ മാതാപിതാക്കൾക്കുള്ളൂ. അത് അവരുടെ കുഴപ്പമല്ല. പക്ഷേ, നിങ്ങൾ വിചാരിച്ചാൽ നിങ്ങളുടെ മക്കളെ ഈ ടൗണിലെ ഏറ്റവും മികച്ച സ്കൂളിൽ പഠിപ്പിക്കാൻ പറ്റും.''
''നിങ്ങക്കറിയോ, പാർട്ട് ടൈം ജോലിക്കു പോകുന്ന കുട്ടികൾവരെ ഇന്ന് നമ്മുടെ സ്കൂളിലുണ്ട്. നിങ്ങൾ എന്തു പണിയും ചെയ്തോ. ഒരു പണിയും മോശമല്ല. പക്ഷേ, ജോലി തുടങ്ങുന്നതോടെ നിങ്ങൾ പഠിപ്പു നിർത്തരുത്. ജീവിതത്തിൽ എപ്പോഴും പഠിച്ചുകൊണ്ടിരിക്കുക. പഠിക്കുന്നവരെ ആർക്കും തളർത്താൻ പറ്റില്ല. പഠിച്ചവരേ രക്ഷപ്പെട്ടിട്ടുള്ളൂ. നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്ക് സ്വയം മാറാൻ പറ്റും; അടുത്ത തലമുറയെ മാറ്റാൻ പറ്റും.''
ശാന്ത ടീച്ചറുടെ കഥകളും കാര്യമേറെയുള്ള വാക്കുകളും ഇന്നും ഓർത്തിരിക്കുന്നതിന് കാരണമുണ്ട്. ചിലരുടെ സംസാരങ്ങൾ എന്നെ ഭയങ്കരമായി പ്രചോദിപ്പിക്കും. എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച അദ്ധ്യാപികയായി ശാന്ത ടീച്ചറെ അന്നുമിന്നും ഓർത്തിരിക്കാൻ കാരണം അവരുടെ ഹിന്ദി ക്ലാസുകളല്ല. മറിച്ച്, അവർ പറഞ്ഞുതന്ന, വിജയിച്ച മനുഷ്യരുടെ കഥകളാണ്. അതുപോലെ എന്നെ വല്ലാതെ സ്പാർക് അടിപ്പിച്ച പ്രസംഗമായിരുന്നു അന്ന് ദുബായ് ക്രീക്കിലെ ഹൗസ്ബോട്ടിൽവെച്ച് കേരള റൈഡേഴ്സ് കോച്ച് മോഹൻദാസേട്ടൻ നടത്തിയത്.
കായികജീവിതത്തിൽ വട്ടപ്പൂജ്യം മാത്രമായിരുന്ന ഞാനാണ് അയൺമാനാകും എന്ന എമണ്ടൻ പ്രഖ്യാപനം അടിച്ചുവിട്ടിരിക്കുന്നത്. ഹൗസ്ബോട്ടിൽ തള്ളിമറിച്ച് തിരികെ വീട്ടിലേക്ക് കാറോടിക്കുമ്പോൾ അതേക്കുറിച്ചുതന്നെ ആലോചിച്ചുകൊണ്ടിരുന്നു. വീട്ടിലെത്തി ഭാര്യയോട് അക്കാര്യം പങ്കുവെച്ചപ്പോൾ എന്റെ കൈ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു:
''ആദ്യം നമുക്ക് നടക്കാൻ പഠിക്കാം. എന്നിട്ട് ഓടിത്തുടങ്ങാം. അയൺമാനാകുന്ന കാര്യം അതുകഴിഞ്ഞ് ആലോചിക്കാം.''
സ്വാഭാവികം! ആ അവസ്ഥയിൽ എന്നോട് കരുതലുള്ള ആരും അങ്ങനെയേ പറയൂ. കാരണം, സർജറി കഴിഞ്ഞ് മര്യാദയ്ക്കു നടക്കാനായിട്ടില്ല. സ്റ്റെപ്പിറങ്ങാനായിട്ടില്ല. കാറിൽ കയറിക്കിട്ടിയാൽ ക്ലച്ചില്ലാത്തതുകൊണ്ട് ഡ്രൈവ് ചെയ്യാം എന്നേയുള്ളൂ. ഞാൻ ജനിച്ചുവളർന്നത് പെരിയാറിന്റെ കരയിലാണ്. പുഴയിലും കുളത്തിലും തല പൊക്കിപ്പിടിച്ച് നീന്താൻ എനിക്കറിയാം. പക്ഷേ, കടലിൽ നീന്തിയിട്ടില്ല. അതെങ്ങനെയാണെന്നും അറിയില്ല. ചെറുപ്പത്തിൽ മദ്രസയിൽ പോകുമ്പോൾ കാൽസൈക്കിളും അരസൈക്കിളും വാടകയ്ക്കെടുത്ത് ഓടിച്ചിട്ടുണ്ട്. അതിനപ്പുറം സൈക്കിളിങ്ങിനെപ്പറ്റി ഒന്നുമറിയില്ല. കേട്ടിടത്തോളം, അയൺമാനിൽ എനിക്കാകെ അറിയാവുന്നത് ഓട്ടമേയുള്ളൂ. അതും, ഷാഫി പഠിപ്പിച്ചുതന്ന, അപ്പോഴും നോൺസ്റ്റോപ്പായി ചെയ്യാൻ പറ്റാത്ത, അഞ്ചു കിലോമീറ്റർ ഓട്ടം മാത്രം!
മറ്റെല്ലാമുണ്ട്. പക്ഷേ, ആരോഗ്യം മാത്രം തീരേയില്ലാതെ പാളിനിന്നൊരു കാലത്താണ് പ്രതീക്ഷിക്കാത്ത പിന്തുണയുമായി ഷാഫി എന്റെ ജീവിതത്തിലേക്കു വരുന്നത്.
2010-ൽ ദുബായിയിലെ മംസാർ എന്ന സ്ഥലത്ത് കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുകയായിരുന്നു. ബീച്ച് സൈഡിലുള്ള, മണൽ നിറഞ്ഞ സ്ഥലമാണ്. ഞാനാണെങ്കിൽ വേണ്ടത്ര വാംഅപ് ഇല്ലാതെയാണ് കളിക്കാനിറങ്ങുന്നത്. കളിക്കിടെ ഉയർന്നുവന്ന പന്ത് ബ്ലോക്ക് ചെയ്യാനായി ഇടതുകാല് പൊക്കിയതാണ്. കാൽ പെട്ടെന്നൊന്ന് തിരിഞ്ഞു. മുട്ടിൽനിന്ന് ഞെട്ടൊടിയുന്നപോലെ ഒരൊച്ച കേട്ടു. പിന്നെ, കാൽ നിലത്തു കുത്താനാവാതെ ഒരൊറ്റ വീഴ്ചയായിരുന്നു!
ഇടത്തെ കാൽമുട്ടിന്റെ ലിഗമെന്റ് പൊട്ടിയതാണ്. എ.സി.എൽ. (Anterior Cruciate Ligament) എന്ന ലിഗമെന്റ് വെച്ചുപിടിപ്പിക്കലാണ് ആ ഇഞ്ചുറിക്കുള്ള സ്ഥിരപരിഹാരമെങ്കിലും ഞാനതു ചെയ്തില്ല. സത്യം പറഞ്ഞാൽ സർജറി ചെയ്യാൻ പേടിയായിരുന്നു; അതിലേറെ ആശങ്കയായിരുന്നു. കുറേ ലീവ് വേണ്ടിവരും. അത് ജോലിയെ ബാധിക്കും. ഞാനില്ലാതെ ഓഫീസ് എന്താകും എന്ന ടെൻഷൻ വേറെ. അങ്ങനെ ആ സർജറി നീട്ടിക്കൊണ്ടുപോയി. സാധാരണപോലെ ജീവിച്ചുപോകാൻ കുഴപ്പമില്ലായിരുന്നു. പക്ഷേ, സ്പീഡിൽ നടക്കാൻ പേടിയാണ്. മുട്ടുകുത്തി ഇരിക്കാൻ പറ്റില്ല, പെട്ടെന്ന് ഓടാൻ പറ്റില്ല. അതോടെ വല്ലപ്പോഴുമുള്ള ക്രിക്കറ്റ്, ഫുട്ബോൾ കളികൾ ഉപേക്ഷിച്ചു.
അതുവരെയുള്ള ലൈഫിൽ ഞാൻ കോംപ്രമൈസ് ചെയ്ത ഒരേയൊരു കാര്യം എന്റെ ഇൻജുറിയായിരുന്നു. അതു ഞാൻ മാത്രം സഹിച്ചാൽ മതിയല്ലോ. അങ്ങനെ പത്തു വർഷം മുന്നോട്ടുപോയി. ജീവിതത്തിലെ പല ലക്ഷ്യങ്ങളിലേക്കും അക്കാലംകൊണ്ട് ഞാൻ സാവധാനം നടന്നെത്തി. വ്യക്തിജീവിതത്തിലും തൊഴിലിലും ഏറെ സമാധാനവും സന്തോഷവും സംതൃപ്തിയും അനുഭവിച്ചു. ആകെക്കൂടിയൊരു അലട്ടലുള്ളത് കാലിന്റെ കാര്യത്തിലാണ്. മനുഷ്യൻ പൊതുവേ അങ്ങനെയാണല്ലോ. മറ്റെല്ലാം നേടിയാലും ഇല്ലാത്തതിനെയോർത്ത് സങ്കടപ്പെട്ടുകൊണ്ടിരിക്കും. പക്ഷേ, ആ ഇല്ലായ്മയെ ഞാൻ വിചാരിച്ചാൽ ഈസിയായി മറികടക്കാൻ കഴിയുമായിരുന്നു.
ആയിടയ്ക്ക് ഞാനൊരു വാർത്തയറിഞ്ഞു. ഷാഫി എന്ന എന്റെയൊരു പഴയ പരിചയക്കാരൻ യു.എ.ഇയിലെ ജബൽജേസ് മല ഓടിക്കയറിയിരിക്കുന്നു! ആറായിരത്തിലേറെ അടി ഉയരത്തിലുള്ള പർവ്വതനിരയുടെ ഭാഗമാണ് റാസൽഖൈമയിലുള്ള ജബൽജേസ് മല. അതിന്റെ മുകളിലേക്കു പണിത റോഡിലൂടെ ഓടിക്കയറിക്കൊണ്ട് 2020 ഓഗസ്റ്റിലാണ് ഷാഫി ആ നേട്ടം കൈവരിച്ചത്. അവിടത്തെ പ്രാദേശികപത്രത്തിൽ വന്ന വാർത്ത ഷാഫി സ്വന്തം ഫെയ്സ്ബുക് പേജിൽ ഷെയർ ചെയ്തിരുന്നു. അതു വായിച്ച ഞാൻ ഷാഫിയെ ഫോൺ ചെയ്തു. എന്റെ അഭിനന്ദനം അറിയിച്ചശേഷം ആശ്ചര്യം മറച്ചുവെക്കാതെ ഞാൻ ചോദിച്ചു:
''എങ്ങനേണ് ഷാഫി ബ്രോ ഈ മലയൊക്കെ ഓടിക്കേറണേ? ഇതൊക്കെ എല്ലാവർക്കും പറ്റുമോ?''
''പറ്റും. ശ്രമിച്ചാൽ ആർക്കും പറ്റും.''
''ഇല്ല, എനിക്കു പറ്റില്ല. ഞാൻ പത്തു മിനിറ്റ് നടന്നാൽ കിതയ്ക്കും. പോരാത്തതിന് ഇടതുകാൽമുട്ടിന്റെ ലിഗമെന്റ് ടിയർ ആയതാണ്.''
''അതൊന്നും കുഴപ്പമില്ലെന്നേ. നിങ്ങൾക്കിപ്പോ എത്ര വെയ്റ്റുണ്ട്?''
''നൂറു കിലോ.''
''അതൊരു പ്രശ്നമാണ് സമീ. നിങ്ങൾ സ്പോർട്സിലേക്കു വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിർബ്ബന്ധമായും വെയ്റ്റ് കുറയ്ക്കണം. അതിന് ഫുഡ് നന്നായി കൺട്രോൾ ചെയ്യണം. വാക്കിങ് ചെയ്തു തുടങ്ങണം. കാലിനു വേണ്ട സ്ട്രെങ്തെനിങ് എക്സർസൈസ് എടുക്കണം. ആളുകൾ വിചാരിക്കുന്നപോലെ മാരത്തൺ ഓട്ടം അത്ര പാടൊന്നുമല്ല. ഞാൻ നിങ്ങളെ ഹെൽപ് ചെയ്യാം.''
അങ്ങനെ ഷാഫിയെന്നെ ഓടാൻ പഠിപ്പിച്ചു. വളരെ സിംപിളായിരുന്നു ഷാഫിയുടെ ടിപ്സ്. സാവധാനത്തിൽ ഒരു നൂറു മീറ്റർ ഓടുക. എന്നിട്ട് അത്രയും ദൂരം നടക്കുക. അങ്ങനെ ആകെ ഒരു കിലോമീറ്റർ ദൂരം ചെയ്യണം. അതുതന്നെ പിറ്റേന്ന് വീണ്ടും റിപ്പീറ്റ്. അങ്ങനെ തുടർച്ചയായി രണ്ടാഴ്ച ചെയ്തു. അതുകഴിഞ്ഞ് മൂന്നു കിലോമീറ്ററാക്കി. അപ്പോൾ കാലിന് ഭയങ്കര പിടിത്തം തോന്നി. ബലം കൊടുക്കാൻ പറ്റുന്നില്ല. എങ്കിലും ഓടി. അങ്ങനെ ഏതാനും ആഴ്ചകൾകൊണ്ട് അഞ്ചു കിലോമീറ്ററിലെത്തിച്ചു. നടന്നും ഓടിയും കഷ്ടിച്ച് അത്രയും ദൂരം എത്തിക്കാമെന്നല്ലാതെ നിർത്താതെ ഓടാൻ എനിക്കു കഴിയുമായിരുന്നില്ല. ദിവസം ചെല്ലുന്നതോടെ ബുദ്ധിമുട്ട് കൂടി. ഒരു ദിവസം ഓടിക്കൊണ്ടിരിക്കേ കാൽമുട്ട് ലോക്ക് ആയി. പൂജ്യത്തിൽനിന്ന് അനങ്ങിയനങ്ങി ഓട്ടം തുടങ്ങിയ സമീഹെന്ന വണ്ടി അതോടെ വീണ്ടും വട്ടപ്പൂജ്യത്തിലെത്തി എൻജിൻ പിടിച്ച് നിന്നു!
എന്നും ചെറിയ ദൂരം മാത്രമോടുന്ന കാറിന് മൈലേജ് കുറവായിരിക്കും. കൂടുതൽ ദൂരം വൈവിദ്ധ്യമേറിയ വഴികളിലൂടെയോടാൻ മനസ്സിനെ റെഡിയാക്കിക്കൊണ്ടുവരുമ്പോഴാണ് അപ്രതീക്ഷിതമായൊരു സഡൻബ്രേക്ക്. അതെന്നെ വല്ലാതെ ബാധിച്ചു. ഓട്ടത്തിനെ ഞാൻ അത്രയേറെ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. എങ്ങനെ നോക്കിയാലും ഗൾഫിലെ സ്പീഡ് ട്രാക്കിൽ ഓടിക്കൊണ്ടിരുന്ന എന്റെ ജീവിതത്തെ ഇടതുകാൽമുട്ട് പിന്നോട്ടു പിടിച്ചുവലിക്കുകയാണ്.
അതിനും മുമ്പ് മറ്റൊരു സംഭവംകൂടിയുണ്ടായി. കൂർക്കംവലി കുറയ്ക്കാനായി ഞാനൊരു ഡോക്ടറെ കണ്ടു. ഭയങ്കരമായി കൂർക്കംവലിക്കുന്ന ആളാണ് ഞാൻ. ഇടയ്ക്കിടെ ഉറക്കം ഞെട്ടും. ശ്വാസം നിന്നുപോവുന്നപോലെ തോന്നും. കിതപ്പും ശ്വാസംമുട്ടുമൊക്കെ കുറേക്കാലമായി ഒപ്പമുണ്ട്. വെയ്ങ് മെഷീൻ മൂന്നക്കം കാണിച്ചപ്പോൾത്തന്നെ ഡോക്ടർ പറഞ്ഞു,
''നിർബ്ബന്ധമായും നിങ്ങൾ വെയ്റ്റ് കുറയ്ക്കണം. ആദ്യം നമുക്കൊരു 'സ്ലീപ് സ്റ്റഡി' ചെയ്തുനോക്കാം.''
അതിനായി ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റായി. നമ്മളെ കിടത്തിയുറക്കിയിട്ട് ഉറക്കം മോണിറ്റർ ചെയ്യുന്ന പരിപാടിയാണ് സ്ലീപ് സ്റ്റഡി. എത്ര മണിക്കൂർ ഉറങ്ങുന്നു, അതിനിടെ എത്ര തവണ ഉറക്കം ഞെട്ടുന്നു, എത്ര തവണ ഹാർട്ട് ഇടിക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങൾ അവർ നോക്കി. അതു കഴിഞ്ഞ് ഡോക്ടർ പറഞ്ഞു:
''നിങ്ങളുടെ ഹാർട്ട് ഇന്നലെ രാത്രി മൂന്നു തവണ നിന്നുപോയി. മിനിമം പതിനഞ്ചു കിലോയെങ്കിലും നിങ്ങൾ ഇമ്മീഡിയറ്റായി കുറച്ചേ പറ്റൂ. ഇല്ലെങ്കിൽ സാമാന്യം നല്ല ബുദ്ധിമുട്ടാകും.''
രസികനായ ആ ഡോക്ടർ അതിനുശേഷം ചിരിച്ചുകൊണ്ട് തുടർന്നു:
''ബുദ്ധിമുട്ടെന്നുപറഞ്ഞാൽ വേറൊന്നുമല്ല. ഉറക്കത്തിൽ ഹാർട്ട് അറ്റാക്ക് വന്ന് നിങ്ങൾ തട്ടിപ്പോകും!''
അതു കേട്ട് ഞാനാകെ തകർന്നു. അങ്ങനെയിരിക്കുന്ന സമയത്താണ് ഷാഫിയുടെ വാർത്ത കാണുന്നതും ഷാഫിയെ വിളിക്കുന്നതും. ആരോഗ്യം വീണ്ടെടുക്കാൻ ഓട്ടത്തിലേക്ക് കടന്നപ്പോഴാണ് കാൽ വീണ്ടും പണി തരുന്നത്. ഇനി വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചു. എനിക്ക് ആരോഗ്യമുള്ള ആളായി മാറിയേതീരൂ. കാര്യങ്ങളെല്ലാം ഭാര്യയുമായി ഡിസ്കസ് ചെയ്തു.
''ഇനിയൊന്നും നോക്കണ്ട. നമുക്ക് സർജറി ചെയ്യണം,'' എല്ലാക്കാര്യങ്ങളിലും എനിക്കു തണലായി നിൽക്കുന്ന അവൾ ഉറച്ചുപറഞ്ഞു.
കോവിഡ് ആരംഭിച്ച് ലോകം മുഴുവൻ വർക് ഫ്രം ഹോമിലിരിക്കുന്ന കാലമാണ്. ദുബായിലെ ഒരു ആശുപത്രിയിൽ പോയി എം.ആർ.ഐ. സ്കാൻ എടുത്തു. അവിടെത്തന്നെ സർജറി ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ 2020 നവംബറിൽ ഞാൻ ഇടതുകാൽമുട്ടിലെ ലിഗമെന്റ് സർജറിക്ക്, അഥവാ എ.സി.എൽ. റീകൺസ്ട്രക്ഷൻ സർജറിക്കു വിധേയനായി.
അവിടന്നങ്ങോട്ട് ജീവിതം വേറൊരു ട്രാക്കിലേക്കു കയറി. അതിലൂടെ കിതച്ചും കുതിച്ചും ഞാൻ ലക്ഷ്യത്തിലേക്കോടി; ഇടയ്ക്കെവിടെയും വേഗം കുറയ്ക്കാതെ. സ്ഥിരമായൊരിടത്തും നിന്നുപോവാതെ. അതികഠിനമെന്നു തോന്നിച്ച ആ പാതയുടെ അവസാനം അഭിമാനത്തിന്റെ ഒലിവ് കിരീടം എന്നെ കാത്തിരിപ്പുണ്ടായിരുന്നു.
Published: 28 Oct 2026, 05:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented