ഹൊറര്‍ നോവല്‍| കടല്‍ ചെകുത്താന്| ഭാഗം 14

ഡോക്ടർ സംസാരിക്കുന്നത് കേട്ട് ജലജ ഞെട്ടിപ്പോയി! അവൾക്ക് കാര്യങ്ങൾ ഏതാണ്ട് മനസ്സിലായി.
ജലജ പേടിച്ചു പുറത്തേക്കോടി.
Also Read
'രവിയേട്ടാ...! ' അവൾക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല. എങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അവൾ പറഞ്ഞു കേൾപ്പിച്ചു.
'ഏട്ടാ... മരിച്ചുപോയ ഏട്ടത്തിയുടെ വയറ്റിൽ ജീവനുള്ള കുഞ്ഞോ?... ഇതെല്ലാം അവന്റെ കളിയാണ്. എറോക്കിന്റെ...ആ കുഞ്ഞിനെ രക്ഷപ്പെടാൻ അനുവദിക്കരുത്...വേഗം വാ...!'
പരിഭ്രാന്തനായി നിന്ന രവിയുടെ കയ്യും പിടിച്ച് ഹരി ഡോക്ടറുടെ അടുത്തേക്ക് ഓടി. പിന്നാലെ ജലജയും.
'ഡോക്ടർ.... അത് ചെകുത്താന്റെ സന്തതിയാണ്.. അതിനെ നശിപ്പിക്കണം.. ഇല്ലെങ്കിൽ...!'
ഹരി വാക്കുകൾക്ക് വേണ്ടി പരതി.
രവിശങ്കർ അതുവരെ സംഭവിച്ച കാര്യങ്ങളെല്ലാം ഡോക്ടർമാരെ പറഞ്ഞു കേൾപ്പിച്ചു. അവർ സ്തബ്ദരായി ഇരുന്നു പോയി. ശോഭയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അവർ ഊഹിച്ചു.
'ഡോക്ടർ... ഇതു മനുഷ്യജന്മമല്ല...അവൻ ഭൂമിയിൽ എത്താൻ പാടില്ല...എന്തെങ്കിലും ചെയ്യണം...'
ഹരി അലറി വിളിക്കുമ്പോലെ പറഞ്ഞു.
'ശോഭേട്ടത്തീ...!' ജലജ തേങ്ങിക്കരഞ്ഞു.
കുറച്ചുനാളുകളായി തന്റെ വീട്ടിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് രവി ഓർത്തുനോക്കി. ഇനി ആരൊക്കെ ബാക്കി കാണും? അതോർത്തപ്പോൾ അയാളുടെ നട്ടെല്ലിലൂടെ ഒരു വിറയൽ പാഞ്ഞു പോയി.
പെട്ടെന്ന് പുറത്ത് ശക്തമായ കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങി. മുറിയിലെ ജനാലകൾ തുറന്നടഞ്ഞു. വാതിൽപ്പാളികൾ ഭിത്തിയിലിടിച്ച് ശബ്ദമുണ്ടാക്കി.
ശോഭ കിടന്ന സ്ട്രച്ചർ പെട്ടെന്ന് വെട്ടിത്തിരിഞ്ഞു. അതിന്റെ ചക്രങ്ങൾ തനിയെ ഉരുണ്ടു. അത് വാതിൽക്കലേക്ക് കുതിച്ചു.
'ഏട്ടാ...! അതിനെ പിടിക്ക്... ഇത് അവന്റെ പണിയാണ്....' ഹരി അലറി.
രവിയും ഹരിയും ചാടി സ്ട്രച്ചറിൽ പിടിച്ചു. അവരെ തെറിപ്പിച്ചുകൊണ്ട് അത് മുറിക്കു പുറത്തേക്ക് കുതിച്ചു.
പിന്നെ വരാന്തയിലൂടെ ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞു.
സമയം സായാഹ്നം കഴിഞ്ഞിരുന്നു.
ആകാശത്ത് വലിയൊരു തീഗോളം പ്രത്യക്ഷപ്പെട്ടത് ആരും കണ്ടില്ല. ബോംബ് പൊട്ടിയതുപോലെ അത് പൊട്ടിത്തെറിച്ചു. അപ്പോൾ അതിനുള്ളിൽ നിന്നും തലയിൽ കൊമ്പുകളുള്ള ഒരു രൂപം പ്രത്യക്ഷപ്പെട്ടു!
പിന്നെ ആ രൂപം മഞ്ഞുപോലെ മാഞ്ഞുപോയി.
'ഏട്ടാ... അവൻ എല്ലാം കാണുന്നുണ്ട്...നമ്മളെ കൊന്നിട്ടാണെങ്കിലും അവനാ കുഞ്ഞിനെ രക്ഷിക്കും. എനിക്ക് ഉറപ്പാണ്....'
സ്ട്രച്ചറിന് പിന്നാലെ ഓടുന്നതിനിടയിൽ ഹരി പറഞ്ഞു.
വരാന്തയിൽ സ്ട്രച്ചർ നിശ്ചലം നിന്നു. പിന്നെ ആരും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. സ്ട്രച്ചർ തറയിൽ കിടന്ന് പമ്പരം പോലെ വട്ടത്തിൽ കറങ്ങാൻ തുടങ്ങി.
ആ കാഴ്ച കണ്ട് ജലജ നിലവിളിച്ചു.
ക്ലിനിക്കിൽ വന്ന രോഗികൾ ഓടി മാറി. ചിലർ പേടിച്ചു ശബ്ദമുണ്ടാക്കി.
സ്ട്രച്ചർ കറങ്ങിക്കറങ്ങി മുകളിലേയ്ക്കുയർന്ന് കോൺക്രീറ്റ് മേൽക്കൂരയിൽ തട്ടാതെ ശൂന്യതയിൽ നിശ്ചലം നിന്നു.
ഡോക്ടർമാരും രോഗികളും ആശുപത്രിയിൽ വന്നവരും ആ കാഴ്ച കാണാൻ ഓടി വന്നു.
എവിടെനിന്നോ ചെന്നായുടെ പോലുള്ള മുരളൽ അവർ കേൾക്കുന്നുണ്ടായിരുന്നു.
സ്ട്രച്ചറിന്റെ കറക്കം നിലച്ചു. അതു പതുക്കെ താഴേക്ക് വന്നു. പെട്ടെന്ന് ഒരു കാറ്റ് ആഞ്ഞുവീശി.
ശോഭയുടെ ശവശരീരത്തിന്റെ വയറിലെ മുറിപ്പാടിൽ നിന്നും ചോര കുതിച്ചു ചാടി.
മണിക്കൂറുകൾക്ക് മുമ്പ് മരണപ്പെട്ട ഒരു ശവശരീരത്തിൽ നിന്നും ചോര ചീറ്റുന്നത് കണ്ട് ഡോക്ടേഴ്സ് അമ്പരന്നു നിന്നു!
അവളുടെ വയറ്റിൽ നിന്ന് ഒരു നിലവിളി കേട്ടു. വെടി കൊണ്ട ചെന്നായകരയുന്നതിന് തുല്യമായിരുന്നത്.
അവളുടെ വയറ്റിൽ നിന്നും ഒരു കൈ പുറത്തേക്കു നീണ്ടു വന്നു. ഒപ്പം തറയിലേക്ക് ചാടി. വലിയൊരു മുയലിന്റെയത്രയും വരുന്ന ശിശുവായിരുന്നത്.
ശോഭയുടെ ശവശരീരം വെട്ടിയിട്ടതുപോലെ സ്ട്രച്ചറിൽ നിന്നും മറിഞ്ഞ് തറയിലേക്ക് വീണു.
അപ്പോൾ പുറത്തുനിന്നും പാഞ്ഞു വന്ന ഒരു തീഗോളം ജനാലയിലൂടെ അകത്തേക്ക് വന്നു തറയിൽ കിടന്ന ശിശുവിനെ പൊതിഞ്ഞു. പിന്നെ സോപ്പു കുമിള പോലെ പൊട്ടിത്തെറിച്ചു. അതോടൊപ്പം കുഞ്ഞിനെയും കാണാതായി!
കുറച്ചുനേരത്തേക്ക് അവിടെ സംഭവിച്ചുകൊണ്ടിരുന്നത് എന്താണെന്ന് ആർക്കും മനസ്സിലായില്ല. ഡോക്ടർമാരും നഴ്സുമാരും ഞെട്ടലിൽനിന്നും മോചിതരായിട്ടില്ലായിരുന്നു.
ശോഭ മരിച്ചുവെന്ന സത്യം ആ വീട്ടിലെ ആർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ശാരദാമ്മയ്ക്ക് തന്റെ വലംകൈ നഷ്ടപ്പെട്ട പോലുള്ള അനുഭവമാണ് ഉണ്ടായത്.
അനിത കരഞ്ഞു കരഞ്ഞു തളർന്നുവീണു. അച്ഛൻ മരിച്ചപ്പോൾ തന്റെ എല്ലാമായിരുന്നു അമ്മ. ആ അമ്മയും തനിക്ക് നഷ്ടപ്പെട്ടു. അവളുടെ കരച്ചിൽ ആർക്കും കണ്ടു നിൽക്കാനായില്ല. ഹരി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.
'രവിയേട്ടാ... നമുക്ക് ഏടത്തിയുടെ ശരീരം ദഹിപ്പിച്ചാൽ മതി ...' രവിയെ മാറ്റി നിർത്തിയിട്ട് ഹരിപറഞ്ഞു.
'അതെന്താ...? അനന്തേട്ടന്റെയും അച്ഛന്റെയും ശരീരം സംസ്കരിക്കുകയല്ലേ ചെയ്തത്...?'
'അത് വേണ്ട ഏട്ടാ... എറോക്ക് വെറുതെയിരിക്കുമെന്ന് തോന്നുന്നുണ്ടോ...? അനന്തേട്ടനും അച്ഛനും അവന്റെ ശക്തികൊണ്ട് എണീറ്റ് വന്നത് കണ്ടില്ലേ...?
ഹരി പറഞ്ഞത് ശരിയാണെന്ന് രവിക്കും തോന്നി. അയാൾ അതിനു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്തു.
വിവരമറിഞ്ഞത് ദൂരെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും രവിയുടെ തറവാട്ട് വീട്ടിൽ എത്തിച്ചേർന്നു.
'രവി സാറേ.... എന്താ സംഭവിച്ചത്...?'
ആളുകൾ മാറിയപ്പോൾ അടുത്തേക്ക് വന്ന അസിസ്റ്റന്റ് എഞ്ചിനീയർ ജോൺസൺ ചോദിച്ചു.
'ജോൺസാ... കാര്യങ്ങളൊക്കെ താങ്കൾക്കും അറിയാമല്ലോ... അവൻ തന്നെയാണ് ഇതിന് പിന്നിലും. എറോക്ക്.... '
ജോൺസന് അത് വിശ്വസിക്കാനായില്ല.
''നിങ്ങൾ ഡോക്ടർ സണ്ണി മാത്യുവിനെ കണ്ടിരുന്നില്ലേ?'
'ഈ കേസിൽ അയാൾക്ക് ഒന്നും ചെയ്യാൻ പറ്റില്ലന്നാണ് പറഞ്ഞത്.. പാരാനോർമൽ അന്വേഷണം നടത്തുന്ന ഫാദർ ഡൊമിനിക്കിന് ഞങ്ങളെ സഹായിക്കാൻ പറ്റുമെന്നാണ് ഡോക്ടർ പറഞ്ഞത്.'
'എന്നിട്ട് ഫാദർ വന്നോ..?'
'ഇല്ല... ഫാദർ വിദേശയാത്രയിലാണ്. ഈയാഴ്ച നാട്ടിൽ എത്തണമെന്നാണ് ഡോക്ടർ പറഞ്ഞത്...'
'ഫാദർ ഡൊമിനിക്കിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. ഗവേഷണം എന്ന് പറഞ്ഞു പ്രേതങ്ങളുടെ പിന്നാലെ നടന്നതിന് സഭയിൽ നിന്നും പുറത്താക്കിയതാണ് അദ്ദേഹത്തെ... '
'ഓഹോ... '
'പക്ഷേ, ആള് മിടുക്കനാണെന്നാണ് അറിവ്.. അദ്ദേഹത്തിന് കിരൺ മോനെ രക്ഷിക്കാൻ പറ്റിയേക്കും... '
'അതു തന്നെയാണ് ഞങ്ങളുടെയും പ്രതീക്ഷ...'
അവരുടെ സംസാരം കിരൺ മറഞ്ഞുനിന്നു കേൾക്കുന്നുണ്ടായിരുന്നു, അവന്റെകണ്ണുകളിൽ വന്യഭാവം നിറഞ്ഞു.
'ഹരിയുടെ വിവാഹം മാറ്റിവെച്ചു അല്ലേ..?'
'അതെ... പെൺവീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. ഇനി നാല്പത്തൊന്നു കഴിയാതെ ഒന്നും പറ്റില്ലല്ലോ..?
ജോൺസാ... ഞാൻ രണ്ടാഴ്ച ലീവ് എടുക്കുവാ... സൈറ്റിലെ കാര്യങ്ങളൊക്കെ താൻ നോക്കിക്കോണം...'
'അത് സാറു പറയണോ എനിക്കറിയില്ലേ?'
ഉച്ചയ്ക്കുശേഷം തറവാട്ടുവീടിന്റെ തൊടിയിൽ പ്രത്യേകം തയ്യാറാക്കിയ ചിതയിലേക്ക് ശോഭയുടെ ശരീരം എടുത്തു. അമ്മയെ വിളിച്ചു കരഞ്ഞുകൊണ്ട് അനിത ബോധം കെട്ടുവീണു.
കിരൺ കുളിച്ച് ഈറനുടുത്തു വന്നു ശോഭയുടെ ചിതയ്ക്കു തീ കൊളുത്തി.
ചിത ആളിപ്പടർന്നതും അവന്റെ കണ്ണുകളിൽ ഒരു പൈശാചിക ഭാവം മിന്നിമറഞ്ഞത് ആരും കണ്ടില്ല.
ചിത ഏതാണ്ട് പകുതി കത്തി തീരാറായതും പെട്ടെന്നൊരു കാറ്റടിച്ചു.
അടുത്ത നിമിഷം ചിതയിൽ വെച്ചിരുന്ന തീപിടിച്ച മാവിൻ വിറകുകൾ രണ്ടു വശത്തേക്കും തെറിച്ചുവീണു. കത്തിക്കൊണ്ടിരുന്ന ശോഭയുടെ ശരീരം ഒരലർച്ചയോടെ ചിതയ്ക്കു മുകളിൽ എണീറ്റിരുന്നു!
'അമ്മേ....'
ശോഭ ഉറക്കെ നിലവിളിച്ചു!
ചിത കത്തുന്നതു നോക്കി നിന്ന ആളുകൾ പ്രാണഭയത്താൽ നിലവിളിച്ചുകൊണ്ട് ഓടി.
(തുടരും)
Content Highlights: Horror Novel Kadal Chekuthan Part 14
Published: 30 Oct 2026, 04:59 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented