അരുൺ സെബാസ്റ്യാന്റെ ‘ജെല് ജംഗൽ ജമീൻ’ എന്ന പുസ്തകത്തിന് ഒരു ആസ്വാദനം

അരുൺ സെബാസ്റ്റ്യന്റെ പുതിയ നോവലിന്റെ പേരും കവർ ചിത്രവും കണ്ടപ്പോഴുണ്ടായത്, ഒരു നക്സൽ കഥ എന്ന് തോന്നലാണ്.
'നക്സൽ 'എന്ന വാക്ക് സ്ഥാനത്തും അസ്ഥാനത്തും മറ്റു വാക്കുകളുമായി ചേർത്തുവച്ച് ജനകീയമായ മുന്നേറ്റങ്ങളെയും പുതിയ ആശയധാരകളെയും ന്യൂനീകരിക്കുവാനുള്ള ശ്രമങ്ങളുടെ നടുവിലാണ് നാം ജീവിക്കുന്നത് എന്നുളളത് ഈ മുൻ വിധിയെ ശക്തിപ്പെടുത്തുകയും ചെയ്തു.
എന്നാൽ ഈ നോവൽ, നാം വായിച്ചിട്ടുള്ള നക്സൽ പശ്ചാത്തലമുള്ള കഥകൾ, കണ്ടിട്ടുള്ള നക്സൽ പ്രമേയമുള്ള സിനിമകൾ എന്നിവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നുണ്ട്.
കാലം, ദേശം
പണ്ട് , പണ്ട്.. ഒരിടത്തൊരിടത്ത്... എന്നപോലെ ഒരു പഴയകാലത്തിന്റെ പ കഥയല്ല നോവലിലുള്ളത് . ചരിത്രം
ചൂടുപിടിപ്പിച്ച വർത്തമാനകാലമാണ്. അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതമായതും , പ്രാകൃതമെന്ന് വിശേഷിപ്പിക്കാവുന്നതുമായ , ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം പഴങ്കഥയല്ലെന്നുള്ളത് ഞെട്ടിക്കുന്ന കാര്യമാണ്. യാഥാർത്ഥ്യവുമായി വളരെയേറെ ബന്ധമുള്ള ഒരു വിഷയം സർഗാത്മക സൃഷ്ടിക്ക് കാരണമാകുമ്പോൾ ഉണ്ടാകുന്ന സാധ്യതകൾ കൂടി നോവലിസ്റ്റ് പ്രയോജനപ്പെടുത്തിയിട്ടുണ്ടാകണം. അതുകൊണ്ടുതന്നെ നോവലിന്റെ എല്ലാ അംശത്തിലും എഴുത്തുകാരന്റെ ഭാവന കൂടിയുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ വായനക്കാർക്ക് ഇതെല്ലാം യാഥാർത്ഥമായി ഉൾക്കൊള്ളാനാവും
വിധം എല്ലാം ചേരുംപടി ചേർത്തിട്ടുണ്ട് എന്ന് പറയുവാൻ കഴിയും.
ഛത്തീസ്ഗട്ടിലെ ഉൾനാടൻ ഗ്രാമമായ നിൽഗുണ്ടയും പരിസരപ്രദേശങ്ങളുമാണ് കഥാസ്ഥലം. ഇന്ത്യയുടെ ഭൂപടത്തിൽ ഇങ്ങനെയൊരു ദേശമോ എന്ന് അത്ഭുതപ്പെട്ടു പോകും . ഒരു
ജനവിഭാഗം അവരുടേതായ നിയമവ്യവസ്ഥയും, ആചാരങ്ങളും , വിശ്വാസങ്ങളും , ആഘോഷങ്ങളുമൊക്കെയായി കഴിഞ്ഞുകൂടുന്നു. പ്രകൃതി ഒരുക്കുന്ന ഒരു ജൈവമറ ഇവർക്ക് ചുറ്റും രൂപപ്പെട്ടിട്ടുണ്ട്.
ജഹാരിക്കുന്നും മറ്റു മലകളും , പടർന്നുവളർന്ന മഹുവകളും , ബാബുൽ മരങ്ങളും കരിമരുതകളും ചേർന്നൊരുക്കുന്ന ദേശാതിർത്തികൾ . അവിടുത്തെ കാറ്റിന് മഹുവാചാരായത്തിന്റെ ലഹരി മണമാണ്.
ജീവിതം സംഘർഷഭരിതം
കൗശലും ഭാര്യയായ ആൽക്കയും
നീൽഗുണ്ടയിലേക്ക് നടത്തുന്ന ഒരു തിരിച്ചുവരവിൽ ആരംഭിക്കുന്ന നോവൽ അവരുടെ തുടർന്നുള്ള ജീവിതത്തെ ചുറ്റിപ്പറ്റി നിൽഗുണ്ടയുടെ ജനപഥങ്ങളിലേക്ക് വികസിക്കുന്നു .എല്ലാ സമൂഹങ്ങളിലും ഉള്ളതുപോലെ തന്നെ ആന്തരികവും ബാഹ്യവുമായ പ്രശ്നങ്ങൾ അവർക്കിടയിലും ഉണ്ടായിരുന്നു .എന്നാൽ അതിൽ പലതും നാട്ടുകൂട്ടത്തിന്റെ തീരുമാനത്തിന് അപ്പുറം പോകുന്നതായിരുന്നില്ല.
ഏതാണ്ട് ഒരേ ജീവിത സാഹചര്യങ്ങളിൽ കഴിഞ്ഞുകൂടുന്നവർക്കിടയിൽ പല കാരണങ്ങൾ കൊണ്ടും സാമ്പത്തികവും സാമൂഹികവുമായ ഉച്ചനീചത്വങ്ങൾ ഉണ്ടാവുകയാണ്. നാട്ടുത്സവങ്ങളും കോഴിപ്പോരുകളും എല്ലാം ജയാപജയങ്ങൾ തീരുമാനിക്കുന്നതിനുള്ള വേദികളായി മാറുന്നു. മുതലാളിയും തൊഴിലാളിയും ഉണ്ടാകുന്നു .ചൂഷണം ഒരു ചർച്ചാ വിഷയമാക്കി നക്സലുകൾ രംഗപ്രവേശം ചെയ്യുന്നു.ആ സാഹചര്യത്തിൽ ഒരു സമൂഹത്തിനിടയിൽ ഉണ്ടാകുന്ന എല്ലാ ആശയ വ്യതിയാനങ്ങൾക്കും
നീൽഗുണ്ട വിധേയമാകുന്നു. ജഹാരിയ കുന്നുകളെ നക്സലുകളിൽ നിന്നും മോചിപ്പിക്കുന്നതിനായി ഭരണകൂടം വളർത്തിയെടുത്ത് ആയുധമേൽപ്പിച്ച സാൽവാർ ജൂഡവും ജനജീവിതത്തിൽ ചോര പടർത്തുകയാണുണ്ടായത് .പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തിലേക്ക് ബാഹ്യ ശക്തികളുടെ അധിനിവേശം സൃഷ്ടിക്കുന്ന ദുരന്തങ്ങളെയാണ് നോവലിസ്റ്റ് അക്ഷരങ്ങൾ കൊണ്ട് വരച്ചിട്ടിരിക്കുന്നത്.
നീൽഗുണ്ടയിലെ
പെണ്ണുങ്ങൾ
നോവലിൽ കരുത്തുറ്റ കുറെയേറെ സ്ത്രീപുരുഷ കഥാപാത്രങ്ങളുണ്ട്. എന്നാൽ സ്ത്രീകഥാപാത്രങ്ങൾക്ക് എടുത്തു പറയത്തക്ക കരുത്തും ഭംഗിയുമുണ്ട്. പനയിൽ കയറി കള്ളു ചെത്തുന്നവർ മുതൽ കോഴിപ്പോരിനെ നിയന്ത്രിക്കുന്നവർ വരെയുണ്ട് ഈ കൂട്ടത്തിൽ . ഗോത്രത്തിന്റെ ദൈനംദിന കാര്യങ്ങൾ ഇടപെടുന്നവരാണ് സ്ത്രീകൾ . ഇവരുടെ അഭിപ്രായങ്ങൾക്ക് പലപ്പോഴും നാട്ടുകൂട്ടങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കുവാൻ കഴിയുന്നുമുണ്ട് .പുറം ലോകത്തിന്റെ സദാചാര ബോധ്യങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്നവരാണ് ഇവിടുത്തെ സ്ത്രീകൾ . ഹിരാമുനി, മീര, മല്ലേശ്വരി ,രാജേശ്വരി , അൽക്ക ......
എന്നിങ്ങനെ പോകുന്നു അവരുടെ നിര.
'ധുരി' വായനക്കാരെ സങ്കടപ്പെടുത്തുന്ന ഒരു കഥാപാത്രമാണ് .
നല്ല കെട്ടുറപ്പുള്ള ഘടനയിൽ ലളിതമായ ഭാഷയിൽ ചെറിയ വാചകങ്ങൾ അടുക്കിവെച്ചാണ് അരുൺ രചന നിർവഹിച്ചിരിക്കുന്നത്. നീൽഗുണ്ടയുടെ ഭൂതവും വർത്തമാനവും യാതൊരു ആശയക്കുഴപ്പവും വായനക്കാർക്ക് ഉണ്ടാകാത്ത തരത്തിൽ ഇടകലർത്തി കയ്യടക്കത്തോടെ ആവിഷ്കരിച്ചിരിക്കുന്നു. യഥാർത്ഥ്യവും എഴുത്തുകാരന്റെ ഭാവനയും വേർതിരിച്ചെടുക്കാനാവാത്ത വിധം സമന്വയിപ്പിച്ചിട്ടുണ്ട് നോവലിൽ. ഒരു രചന നിർവഹിക്കുന്നതിനുള്ള അരുണിന്റെ സ്വയം സമർപ്പണവും കഠിനാധ്വാനവും അംഗീകരിക്കപ്പെടേണ്ടത് തന്നെ.
Content Highlights: Review of Arun Sebastian's latest Malayalam novel set in Neelgunda, Chhattisgarh., Explores tribal life, exploitation, and the impact of Salwa Judum., Highlights strong female characters like Hiramuni, Meera, and Alka., Praise for the author's engaging narrative style and blending of reality with fiction.
Published: 27 Oct 2026, 07:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented