ഏതാണ്ട് പത്തു വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഇന്നലെ സത്യശീൽ പാസിയെ വിളിച്ചത്. വർഷങ്ങൾക്കു മുൻപ് ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിലെ ഇന്ദിരാപുരത്ത് താമസിച്ചകാലത്ത് ഞാൻ പരിചയപ്പെട്ടതായിരുന്നു പാസിയെ. അഞ്ചടിയെക്കാൾ കുറച്ചുകൂടുതൽ പൊക്കമുള്ള അയാളുടെ പല്ലുകളിൽ കറയുണ്ടായിരുന്നു. ഒരിക്കൽ വജ്രദന്തിയുടെ പേരുള്ള ടൂത്ത് പേസ്റ്റ് ഞാൻ വാങ്ങിക്കൊടുത്തപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു, ‘വെയിലത്ത് പണിയെടുക്കുമ്പോൾ മോണയിൽ ഈ പാൻ മസാല ഇല്ലെങ്കിൽ ജീവിതം മടുത്തുപോകും’. അയാൾ നോയിഡയിലെ ഒരു ഫാക്ടറിയിലാണ് പണിയെടുത്തിരുന്നത്. മായാവതിയുടെ കടുത്ത അനുയായി. അന്നു ഞാൻ കരുതിയിരുന്നത് ജീവിതം അയാളെ നേരത്തേ തന്നെ തകർത്തുകളയുമെന്നാണ്. അയാൾക്ക് 10, 8, 6 എന്നീ പ്രായത്തിൽ മൂന്നുപെൺകുട്ടികളുണ്ടായിരുന്നു. രാവിലെ ഫാക്ടറിയിൽ പോയാൽ രാത്രി ഒൻപതാകുമായിരുന്നു സത്യശീൽ തിരികെ വീട്ടിലെത്തുവാൻ.

To advertise here,

അങ്ങനെയുള്ള സത്യശീൽ പാസിയെയാണ് ഞാൻ ഏതാണ്ട് പത്തുവർഷങ്ങൾക്കു ശേഷം വിളിച്ചത്. അയാളുടെ ഫോൺ നമ്പർ മാറിയിട്ടില്ല. അയാളും ഒട്ടും മാറിയിട്ടില്ല. അതേ ഉന്മേഷങ്ങൾ, അതേ വേദനകൾ. ‘लेकिन जनाब, सारे दांत तो गायब हो गए!’ അയാൾ പറഞ്ഞു, ‘പക്ഷേ, പല്ലുകളെല്ലാം പോയി’.

ഇന്നലെ പാസിയെ ഒന്നുവിളിച്ചു നോക്കാൻ തോന്നിയതിനുകാരണം നോയിഡയിലെ വ്യവസായമേഖലകളിൽ കഴിഞ്ഞ തിങ്കളാഴ്ച പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട തൊഴിലാളി പ്രക്ഷോഭമായിരുന്നു. ‘പാസി ഇപ്പോഴും നോയിഡയിൽ പണിയെടുക്കുന്നുണ്ടോ?’ എന്നായിരുന്നു എന്റെ ആദ്യചോദ്യം. അപ്പോൾ അയാൾ പറഞ്ഞു ,
'2010 में एक तार मेरे दाएँ पैर में फँस गया था, फिर फट गया। घुटने के नीचे से पैर काटना पड़ गया। अब मैं पान मसाला बेच रहा हूँ' പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ ഹിന്ദിനിറത്തിൽ അയാൾ പറഞ്ഞത് ‘2010 ൽ ഒരു കമ്പി വലതുകാലിൽ കയറി പഴുത്തു. മുട്ടിനുതാഴെ വെച്ച് മുറിച്ചു മാറ്റി. ഇപ്പോൾ ഞാൻ പാൻ മസാല വിൽക്കുകയാണ്’ എന്നാണ്. പാസിയിലെ തമാശ ഇപ്പോഴും നിലനിൽക്കുന്നു. എന്നിട്ട് അയാൾ പറഞ്ഞു, രണ്ടു പെൺകുട്ടികളും മൂത്ത മകളുടെ ഭർത്താവും നോയിഡയിൽ ജോലി ചെയ്യുന്നുണ്ടെന്ന്. അവർ സമരത്തിലാണോ? ഞാൻ ചോദിച്ചു. അയാൾ പറഞ്ഞു, ‘ഇന്നലെ തൻവി (മൂത്ത മകൾ ) വിളിച്ചിരുന്നു. അവൾ പറഞ്ഞു എല്ലാവരും സമരത്തിലാണെന്ന്. വല്ലാത്ത വീറും വാശിയും അവളുടെ ശബ്ദത്തിൽ ഉണ്ടായിരുന്നു’.

ഒരു ദിവസം രാവിലെ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല നോയിഡയിലെ തൊഴിലിടങ്ങളിലുണ്ടായ സമരം. ആണ്ടുകളായി ഉമിത്തീപോലെ എരിഞ്ഞുനിന്നിരുന്ന ഒരു പ്രശ്നം തീയായി ഉയരുകയായിരുന്നു. സെക്ടർ 121 ലെ ഗാർഹിക തൊഴിലാളികളാണ് ആദ്യം നിരത്തിലിറങ്ങിയത്. ഒരൊറ്റദിവസം കൊണ്ട് കൊടുങ്കാറ്റിൽ കാട്ടുതീ പടരുമ്പോലെ അത് നോയിഡ മുഴുവൻ പടർന്നുപിടിച്ചു. കുറേ നാളുകൾ കൂടി തൊഴിലാളികൾ നിരത്തുകളിൽ ഇറങ്ങി രോഷത്തിന്റെ ഭാഷയിൽ ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ചു. മുതലാളികൾ നടുങ്ങി. ലക്‌നൗവിൽ ഇരിക്കുന്ന ആദിത്യനാഥും നടുങ്ങി. ഞാനിതെല്ലാം കണ്ടുകൊണ്ടിരിക്കേ എന്റെ ഇൻസ്റ്റാഗ്രാം അൽഗോരിതം അമേരിക്കയിലേയും യൂറോപ്പിലേയും കമ്മ്യൂണിസ്റ്റുകാർ അടുത്തകാലത്ത് നടത്തുന്ന കൂറ്റൻ റാലികളുടെ ചുവന്ന ദൃശ്യങ്ങൾ ഫോണിലേക്ക് കൊണ്ടുവന്നു. നോയിഡയിലെ തൊഴിലാളികൾ പക്ഷേ കൊടികൾ പിടിക്കുന്നില്ല, ആരും നേതൃത്വം നൽകാതെ അവർ തെരുവിലിറങ്ങുകയായിരുന്നു. എന്നാൽ മാർക്സിന്റെ ബോധ്യങ്ങൾ, മുതലാളിത്തത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ നോയിഡയിൽ കനം വെച്ചു നിൽക്കുന്നതുപോലെ തോന്നി.

സത്യശീൽ പാസിയോട് ഞാൻ ചോദിച്ചു, ‘തൻവിയ്ക്ക് എത്രയാണ് ശമ്പളം?’ മറുപടി വന്നു. ‘ഒരു മാസം പതിനോരായിരം രൂപ. രാവിലെ എട്ടരയ്ക്ക് ജോലിയ്ക്കു കയറിയാൽ രാത്രി എട്ടുവരെ പണിയാണ്. ഒരു തുണിമില്ലിലാണ് പണി’. പതിനായിരം മുതൽ പന്തീരായിരം വരെ രൂപയാണ് നോയിഡയിൽ പത്തുമുതൽ പതിമൂന്നുമണിക്കൂർ വരെ പണിചെയ്യുന്നവരുടെ ശമ്പളം. സമരക്കാർ ആവശ്യപ്പെടുന്നത് എട്ടുമണിക്കൂർ ജോലിയും പ്രതിമാസം 26000 രൂപയുമാണ്. പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലായതോടെ ഭീകരമായ ചൂഷണമാണ് തൊഴിൽ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്.

സത്യശീൽ പാസി പറഞ്ഞു, “अरे साहब, अब तो कोई ढंग की मज़बूत यूनियन बची ही नहीं है। मजदूरों की बात सुनने वाला कोई नहीं रहा। सरकार भी हमेशा बड़े-बड़े अमीर लोगों का ही साथ देती है।", ‘ഇപ്പോൾ ശക്തമായ ട്രേഡ് യൂണിയനുകൾ ഇല്ലാതായി. തൊഴിലാളികളുടെ ആവശ്യങ്ങൾ, പരാതികൾ കേൾക്കാനുള്ള ഏജൻസികൾ ഇല്ലാതായി. സർക്കാരുകൾ എപ്പോഴും മുതലാളികളുടെ പക്ഷത്താണുതാനും’.

തിങ്കളാഴ്ച സമരം തുടങ്ങിയതിനുശേഷം 353 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് പറയുന്നത് 42000 തൊഴിലാളികൾസംഘടിതരായി തെരുവിലിറങ്ങിയെന്നാണ്. എന്നാൽ യഥാർത്ഥ കണക്ക് അതിന്റെ പല മടങ്ങു വലുതാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

സ്വന്തം അനുഭവത്തിൽ നിന്നാണ് പാസി ഇന്നലെ എന്നോട് സംസാരിച്ചത്. നോയിഡയിലെ തൊഴിലാളികളിൽ ഭൂരിഭാഗവും ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്‌, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. നോയിഡയിൽ ഇപ്പോൾ ഏറ്റവും മോശം സൗകര്യങ്ങളുള്ള മുറിയ്ക്കു പോലും വാടക പ്രതിമാസം നാലായിരം മുതൽ ഏഴായിരം വരെയാണ്. പന്തീരായിരം രൂപ ശമ്പളം കിട്ടുന്ന ഒരാൾ എങ്ങനെ ജീവിക്കും. പാസി ചോദിക്കുന്നു : “किसी ने सोचा भी था क्या कि जब अमेरिका ने ईरान पे हमला किया, तो नोएडा में गैस का सिलेंडर काले में तीन हज़ार रुपये तक बिकेगा?” ‘അമേരിക്ക ഇറാനെ ആക്രമിച്ചപ്പോൾ നോയിഡയിൽ പാചകവാതകത്തിന് കരിഞ്ചന്തയിൽ സിലിണ്ടറിന് മൂവായിരം രൂപയാകുമെന്ന് ആരെങ്കിലും കരുതിയോ?’. നാട്ടിലേക്ക് ഒരു പൈസ അയയ്ക്കാനാവാത്ത സ്ഥിതിയിലായപ്പോഴാണ് പാവങ്ങൾ തെരുവിലിറങ്ങിയത്.

പ്രതിഷേധം അക്രമാസക്തമായപ്പോൾ സമരത്തിനു പിന്നിൽ പാകിസ്താനാണെന്ന് ചില അധികാരികൾ പറഞ്ഞു. മറ്റുചിലർ ആരോപിച്ചത് നക്സലിസം തിരിച്ചു വരുന്നുവെന്നാണ്. ജീവിക്കാൻ നിവൃത്തിയില്ലാതെ വഴിയിലിറങ്ങിയതാണ്, വിശക്കുന്ന കുഞ്ഞിന് ഭക്ഷണം കൊടുക്കാൻ പറ്റുന്നില്ല എന്ന് മുപ്പതുകാരനായ ഒരു തൊഴിലാളി പത്രക്കാരോട് പറഞ്ഞപ്പോൾ പാവം പൊട്ടിക്കരഞ്ഞുപോയി. ഇങ്ങനെയാണോ നക്സലിസം വരുന്നത്? അവർക്ക് ആരിലും വിശ്വാസമില്ലാതായപ്പോൾ തെരുവിലിറങ്ങിയതാണെന്ന് അവരുടെ ജീവിതസാഹചര്യങ്ങൾ അറിയാവുന്നവർക്ക് മനസ്സിലാകും. ആ സമരദൃശ്യങ്ങൾ കണ്ടാൽ മനസ്സിലാകും.

നോയിഡ വികസിക്കുന്ന ഇന്ത്യയുടെ മുഖമാണ്. അവിടുത്തെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ കാൾ മാർക്സ് നമ്മുടെ സഹായത്തിനെത്തും. ഇന്ത്യയുടെ സാമ്പത്തിക വികാസത്തിൽ അരികുകളിലേക്ക് തള്ളപ്പെട്ടവരുടെ പ്രതിനിധികളാണ് നോയിഡയിൽ തെരുവിൽ ഇറങ്ങിയിരിക്കുന്നത്. രാജ്യത്ത് വളർച്ച കൈവന്നു. ഉടമകൾക്ക് സാമ്പത്തിക സൗകര്യങ്ങൾ ഏറിയപ്പോൾ ഈ സമ്പത്ത് ഉൽപാദിപ്പിക്കുന്ന തൊഴിലാളികൾക്ക് അതിന്റെ പങ്ക് നിഷേധിക്കപ്പെടുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് തങ്ങൾക്കും പങ്കുണ്ടെന്ന് തിരിച്ചറിയാനാകാത്ത വിധം ഈ തൊഴിലാളികൾ കഷ്ടപ്പാടുകളിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. തൊഴിൽ സ്ഥിരതയില്ലാതായി, ആനുകൂല്യങ്ങൾ ഇല്ലാതായി, മാന്യതയോടെ ജീവിക്കാനുള്ള സാഹചര്യങ്ങൾ തീർത്തും ശോഷിക്കുന്നു.

നോയിഡയിലെ സമരം അക്രമാസക്തമാകുന്നുവെന്നുകണ്ടപ്പോൾ ഉത്തർപ്രദേശ് സർക്കാർ 21 ശതമാനം വരെ വേതന വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്. കുറഞ്ഞ വേതനം 13,690 രൂപയും കൂടിയ വേതനം 16868 രൂപയുമായി മാറുമെന്നാണ് പ്രഖ്യാപനം. നക്സലിസം, പാകിസ്താന്റെ ഇടപെടൽ എന്നൊക്കെ ആരോപിച്ച ഈ സമരം വേണ്ടിവന്നു ഈ വേതനവർദ്ധനവിന് എന്നാലോചിക്കുക. ഈ തൊഴിലാളികൾ ഉണ്ടാക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ അവരുടെ മുഖം കൂടി ഉണ്ടെന്ന് തെളിയിക്കുകയാണ് നോയിഡയിലെ സമരം ചെയ്തത്. ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന പ്രത്യയശാസ്ത്രത്തിനെ ചെറുക്കാനുള്ള ഇന്ധനം തൊഴിലാളികളുടെയും കർഷകരുടേയും ചെറുത്തുനിൽപ്പുകളിലാണ് എന്നതാണ് നോയിഡയിൽ പാവപ്പെട്ടവർ തുടങ്ങിവെച്ച പ്രസ്ഥാനം ഇന്ത്യക്കാകമാനം നൽകുന്ന സാമൂഹ്യപാഠം.

ഇന്നുരാവിലെ വീണ്ടും ഞാൻ സത്യശീൽ പാസിയെ വിളിച്ചിരുന്നു. ചെറുതെങ്കിലും വേതന വർദ്ധന ഉണ്ടായല്ലോ എന്നു ഞാൻ പറഞ്ഞു...അപ്പോൾ പാസി പതിവില്ലാത്ത ഗൗരവത്തിൽ പറഞ്ഞു, अंधेरे में चलते समय, यदि आप यह जानना चाहते हैं कि आपके पैर को रोकने वाली चीज लता है या सांप, तो आपको थोड़ी देर इंतजार करना होगा, यह जीवन और मृत्यु के बीच का अंतराल है। ഇരുട്ടിൽ നടക്കുമ്പോൾ കാലിൽ തടഞ്ഞത് വള്ളിച്ചെടിയാണോ പാമ്പാണോ എന്ന് തിരിച്ചറിയാൻ കഴിയണമെങ്കിൽ കുറച്ചു സമയം കാത്തിരിക്കണം, ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള ഇടവേളയാണത്.