വിവേചനം എന്നത് വളരെ സങ്കീർണമായ ഒരു സംജ്ഞയാണ്. ചിലപ്പോഴൊക്കെ നമ്മൾ തിരിച്ചറിയാനും മനസ്സിലാക്കിയെടുക്കാനും വളരെ ബുദ്ധിമുട്ടുള്ള ഒന്ന്

ഞാനെന്നും ജോലിയുടെ കാര്യത്തിൽ അംബീഷ്യസ്സായിരുന്നു. ശേഖറാവട്ടെ എന്റെയത്ര അംബീഷ്യസ്സായിരുന്നില്ല, ടെന്നീസിലൊഴികെ. ഉണ്ടായ കാലം മുതൽക്കേ അടിക്കടി പുതുക്കിക്കൊണ്ടേയിരിക്കുന്ന ഒന്നാണ് കംപ്യൂട്ടർ ഫീൽഡ്. അക്കാലത്ത് കമ്പ്യൂട്ടർ ഡിഗ്രി ഉള്ളവർ വളരെ കുറവായിരുന്നു. സർവകലാശാലകളിൽ കംപ്യൂട്ടർ ബിരുദം പരിചയപ്പെടുത്തിവരുന്നേയുള്ളൂ. കംപ്യൂട്ടർ വിതരണക്കാരായ കമ്പനികൾ നേരിട്ട് സ്ഥാപനങ്ങളിൽ വന്ന് അവരുടെ പുതിയ ടെക്നോളജി ജോലിക്കാരെ പഠിപ്പിക്കുകയായിരുന്നു പതിവ്. ഐബിഎം, സിസ്‌കോ, ഒറാക്കിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വലിയ കമ്പനികൾ മിക്കവാറും ആഴ്ചകളിൽ ഞങ്ങൾക്കു പരിശീലനം നൽകുമായിരുന്നു. സെനറ്റിൽ കംപ്യൂട്ടർ അപ്ഡേഷനുകൾ പഠിക്കാൻ ഇത്തരം കമ്പനികളുടെ മാനേജ്മെന്റ് ആൾക്കാരെ തേടി നടക്കുകയായിരുന്നു. ഞാൻ ഒരൊറ്റ പരിശീലനവും വിട്ടില്ല, എല്ലാത്തിനും കൈ പൊക്കി.
സെനറ്റിലെ ഓരോ ഉത്തരവാദിത്തങ്ങളും വളരെയധികം ആസ്വദിച്ചായിരുന്നു ഞാൻ ചെയ്തിരുന്നത്. കാലം പോകപ്പോകെ കംപ്യൂട്ടറുകളുടെ വലിപ്പവും കുറഞ്ഞുവന്നു. മെയിൻ ഫ്രെമിൽ നിന്നും മിനി ആയി അതിൽനിന്നും മൈക്രോ കംപ്യൂട്ടർ ആയി. മൈക്രോ കംപ്യൂട്ടറുകൾ സെനറ്റിൽ ഇൻസ്റ്റാൾ ചെയ്തപ്പോൾ ആ സെക്ഷനിലേക്ക് എന്നെയായിരുന്നു ആദ്യം മാറ്റിയത്. സെനറ്റർമാർക്ക് അതുവരെ റിപ്പോർട്ടുകൾ പ്രിന്റ്ഔട്ട് എടുത്തുകൊടുത്തിരുന്ന സമ്പ്രദായം മാറി. റിപ്പോർട്ടുകൾ അവരുടെ മൈക്രോ കംപ്യൂട്ടറിലേക്ക് അപ്ലോഡ് ചെയ്തുകൊടുക്കുന്ന സിസ്റ്റമായി. പണി എത്രയോ കുറഞ്ഞു. ഇ-മെയിൽ സംവിധാനം ഉണ്ടെങ്കിലും മെയിൻ ഫ്രെയിം കംപ്യൂട്ടറിലൂടെയായിരുന്നു അക്കാലത്തെല്ലാം മെയിൽ ചെയ്തിരുന്നത്. ഇ-മെയിലിൽക്കൂടി ഇത്രയും വലിയ റിപ്പോർട്ടുകൾ മെയിൽ ചെയ്യുന്ന ഏർപ്പാടുമില്ലായിരുന്നു. വല്ല അറിയിപ്പോ, മെമ്മോകളോ ഒക്കെയേ ഇമെയിൽ ചെയ്തിരുന്നുള്ളൂ. മൈക്രോ കംപ്യൂട്ടറിനുമുന്നേയുണ്ടായിരുന്ന ഓരോ സെക്ഷനിലെയും മിനി കംപ്യൂട്ടറിന് ഒരു റഫ്രിഡ്ജറേറ്ററിന്റെയത്ര വലിപ്പമുണ്ടായിരുന്നു!
ഐബിഎം 3270 എന്ന ആദ്യത്തെ മൈക്രോ കംപ്യൂട്ടർ എത്തിയപ്പോൾ എന്റെ മറ്റു സഹപ്രവർത്തകർക്ക് അതിൽ പ്രോഗ്രാം ചെയ്യാൻ അത്ര താൽപര്യം ഇല്ലായിരുന്നു. എനിക്ക്, പക്ഷേ, എന്തുകൊണ്ടോ ഒരു പ്രതിപത്തി തോന്നി. അങ്ങനെ അതിൽ പരിശീലനം നേടി. സെനറ്റിൽ ഒരു ഇലക്ഷൻ കഴിയുമ്പോൾ ചിലപ്പോൾ നേതൃത്വം മാറിമറിയും. പുതിയ വൈസ് പ്രസിഡന്റിന്റെ പ്രതിനിധികൾ ആയിരിക്കും കംപ്യൂട്ടർ സെന്ററിന്റെ തലപ്പത്തുവരിക. അപ്പോൾ അവർ പല പരിഷ്‌കാരങ്ങളും കൊണ്ടുവരാൻ ശ്രമിക്കും. ഒരു വലിയ രാഷ്ട്രീയ അന്തരീക്ഷത്തിലാണല്ലോ ഞങ്ങൾ ജോലി ചെയ്യുന്നത്. കഴിഞ്ഞ കക്ഷികളെക്കാളും കൂടുതൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ ഒരു മത്സരം തന്നെയാണ്. കൂടാതെ കംപ്യൂട്ടർ കമ്പനികൾക്കു അവരുടെ സിസ്റ്റം ആണ് സെനറ്റ് ഉപയോഗിക്കുന്നതെന്ന് പരസ്യപ്പെടുത്തിയാലുണ്ടാകുന്ന നേട്ടങ്ങൾ! അതുപറയേണ്ടതില്ലല്ലോ.
ക്യാപിറ്റോൾ സന്ദർശിക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സമ്മതിദായകർക്ക് അവരുടെ അതാതു സെനറ്ററുടെ ഓഫീസിൽ പോയി പാസ് വാങ്ങിയ ശേഷമേ ക്യാപിറ്റോൾ കാണാൻ പോകാൻ സാധിച്ചിരുന്നുള്ളൂ. അതിനു സമയം വളരെ കൂടുതൽ എടുത്തിരുന്നു. ചിലർക്ക് അത് അമർഷം ഉണ്ടാക്കി. നീണ്ട ഒരു ജനക്കൂട്ടം തന്നെ എപ്പോഴും ക്യാപിറ്റോളിന്റെ മുമ്പിലുണ്ടാകും. ഇതിനു ഒരു പരിഹാരം കാണാൻ ശ്രമിക്കുകയായിരുന്നു സെനറ്ററുമാരുടെ ഓഫീസുകൾ. മൈക്രോ കമ്പ്യൂട്ടർ വന്നപ്പോൾ സെനറ്റർമാരുടെ സ്റ്റേറ്റ് ഓഫീസിൽ നിന്ന് തന്നെ ടിക്കറ്റ് അടിച്ചു കൊടുക്കാനുള്ള ഒരു സമ്പ്രദായം മൈക്രോ കംപ്യൂട്ടർ വഴി സാധിക്കുമെന്ന് കണ്ടപ്പോൾ സെനറ്റ് കംപ്യൂട്ടർ സെന്ററിനെ അതിന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചു, അതും നേരെ ഈ വത്സലയുടെ കൈയിലേക്ക്! അമേരിക്കയിലെ പ്രൊഫഷണൽ ജീവിതത്തിന്റെ ഒരു വലിയ വഴിത്തിരിവായിരുന്നു ആ ഉത്തരവാദിത്തം. അത് ആദ്യമായി ക്യാപിറ്റോളിലെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ ലോഡ് ചെയ്തപ്പോൾ മുപ്പതിൽ പരം സെനറ്റർമാർ ഡെമോ കാണാൻ വന്നിരുന്നു. അത്രയധികം കമ്പ്യൂട്ടർ പരിചയം ഒന്നുമില്ലാത്ത സെനറ്റർമാർക്കു അതൊരു അത്ഭുതമായിരുന്നു; എന്റെ സഹപ്രവർത്തകർക്കാകട്ടെ അടക്കിയ ഒരു മന്ദഹാസവും. എന്തായാലും, ആ പ്രൊജക്റ്റ് വിജയകരമായി പൂർത്തിയാക്കിയപ്പോൾ എന്റെ ജോലിയെ പ്രശംസിച്ചു ഒരു കത്ത് എന്റെ മാനേജരുടെ അടുത്തെത്തി. അധികം താമസിയാതെ ഒരു പ്രൊമോഷനും, ഒപ്പം ശമ്പളവർധനവും.
ഇങ്ങനെയുള്ള ചെറിയ ചെറിയ നേട്ടങ്ങൾ ഉണ്ടായെങ്കിലും അടിക്കടി മാറിക്കൊണ്ടിരിക്കുന്ന, പുതുക്കിക്കൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ മേഖലകളിലെ എല്ലാ നേട്ടങ്ങളും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയും, ഭാര്യയും, ചെറിയ രീതിയിൽ സാമൂഹ്യപ്രവർത്തകയുമൊക്കെ ആയ എനിക്കു കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു സത്യമാണ്. ഇന്റർനെറ്റും മൈക്രോകംപ്യൂട്ടറുമൊക്കെ വന്നപ്പോൾ സെനറ്ററുമാരുടെ സ്റ്റേറ്റ് ഓഫീസുകളിൽ വാഷിങ്ടണുമായി ആശയകൈമാറ്റം എളുപ്പത്തിൽ സാധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്ന സെക്ഷനിൽ ഒഴിവു വന്നപ്പോൾ അതിൽ ജോലിചെയ്യാനുള്ള അവസരം വന്നു. അധികമാളുകൾ മൈക്രോ കമ്പ്യൂട്ടറിൽ ജോലി ചെയ്യാൻ ഇല്ലായിരുന്നു. മിക്കവാറും എല്ലാ ആഴ്ചകളിലും വിവിധ സ്റ്റേറ്റുകളിലേക്കു യാത്ര ചെയ്യേണ്ടി വരും. അത്തരത്തിൽ അമ്പതു സ്റ്റേറ്റുകളിലും യാത്ര ചെയ്യണം. യാത്ര വിമാനത്തിലാണെങ്കിലും, അതൊരു വലിയ കമ്മിറ്റ്മെന്റ് ആയിരിക്കുമെന്നു അറിഞ്ഞു. വീട്ടിലെ ഭക്ഷണം പാകം ചെയ്യൽ, ചെറിയ കുട്ടികൾ, കൂടാതെ വീട് വൃത്തിയാക്കൽ ഇതെല്ലാ ശേഖറിന് മാത്രം ചെയ്യാൻ പറ്റുന്ന പണികൾ ആയിരുന്നില്ല. ആമയെപ്പോലെ ഇന്ത്യൻ സ്ത്രീകൾ താങ്ങിനടക്കുന്ന വീടിന്റെ കനം എന്റെ മുതുകിലും തൂങ്ങിക്കിടപ്പുള്ളതിനാൽ ആ അസൈൻമെന്റിൽ നിന്നും പിന്മാറുകയേ തരമുണ്ടായിരുന്നുള്ളൂ. രണ്ട് ചെറിയ കുട്ടികൾ, അവർക്കുള്ള ഭക്ഷണം, സ്‌കൂളിങ്, വീട് ക്ലീനിങ്… കാത്തുനിൽക്കുന്ന വീട്ടുഭാരങ്ങൾ എന്നെ പിന്നോട്ടടിപ്പിച്ചു. ശേഖർ അത്തരം കാര്യങ്ങളിൽ പിന്നോട്ടടിപ്പിക്കുന്ന ഒരു അഭിപ്രായവും പറയാതിരുന്നിട്ടുകൂടി ആ വീട് എന്റെ മാത്രം ഭാരമായിരുന്നു. കോടീശ്വരൻന്മാർക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമായിരുന്നു വീട്ടുജോലിക്കാരെ വെക്കുക എന്നത്. ഞാൻ വിസമ്മതം പറഞ്ഞപ്പോൾ എനിക്ക് പകരം പോയത് അവിവാഹിതയായ ഒരു സ്ത്രീയായിരുന്നു. എന്നാലും അഭിമാനത്തോടുകൂടി പറയുന്നു അവർ അധികം താമസിയാതെ ഒരു സെക്ഷൻ ഹെഡ് ആയി. എനിക്ക് അതുകഴിഞ്ഞു വളരെ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു അങ്ങനെ ഒരു പൊസിഷനിലെത്താൻ, മാലിനിയും, സോണിയയും കോളേജ് പഠനവും കഴിഞ്ഞതിനു ശേഷം!
വിവേചനം എന്നത് വളരെ സങ്കീർണമായ ഒരു സംജ്ഞയാണ്. ചിലപ്പോഴൊക്കെ നമ്മൾ തിരിച്ചറിയാനും മനസ്സിലാക്കിയെടുക്കാനും വളരെ ബുദ്ധിമുട്ടുള്ള ഒന്ന്; പ്രത്യേകിച്ചും ഒരു പരിഷ്‌കാരസമൂഹത്തിലാണ് ജീവിക്കുന്നതെങ്കിൽ. ഒരു അനുഭവമുണ്ടായി പിന്നീട് അതേക്കുറിച്ച് ചിന്തിക്കുമ്പോളായിരിക്കും അത് വിവേചനമായിരുന്നല്ലോ എന്ന് തിരിച്ചറിയുക. വിവേചനം എന്നത് നമ്മളെ ഉറക്കത്തിൽ ദംശിച്ച പാമ്പിൻവിഷം പോലെയാണ്്. രക്തത്തിൽ വിഷം കലർന്നത് പലപ്പോഴും നമ്മൾ അറിയാതെ പോകും. അമേരിക്കൻ ജീവിതത്തിൽ അത്തരത്തിലുള്ള വിവേചനദംശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നെങ്കിലും ആദ്യമാദ്യം ഞാൻ അത് മനസ്സിലാക്കാതെ പോയിരുന്നു. ജാതി നമ്മുടെ സമൂഹത്തിൽ നിന്നും പൂർണമായും തുടച്ചുമാറ്റപ്പെട്ടു എന്നവകാശപ്പെടുന്ന 21-ാം നൂറ്റാണ്ടിൽപ്പോലും ദുരഭിമാനക്കൊലകൾ വാർത്തകളാവുന്നതുപോലെ ഇവിടെയും വർണവെറി ഇടയ്ക്കിടെ സർപ്പദംശനമായി മാറാറുണ്ട്.
ഓഫീസിലെ ഒരേ സ്റ്റാറ്റസിൽ ജോലിചെയ്യുന്നവരിൽ നിന്നോ, മേലുദ്യോഗസ്ഥരിൽ നിന്നോ അല്ലായിരുന്നു ഞാൻ വിവേചനത്തിന്റെ വിഷമറിഞ്ഞത്. ക്ലറിക്കൽ ലെവലിലുള്ള ചില ഉദ്യോഗസ്ഥർ ആദ്യം നെറ്റിചുളിച്ചത് എന്റെ പേരിനോടായിരുന്നു-വത്സലാ ശേഖർ. അവരുടെയടുക്കലേക്ക് എന്തെങ്കിലും ആവശ്യത്തിനായി ചെല്ലുമ്പോഴാണ് അവർ സ്വദേശീയതയുടെ അസ്വസ്ഥത പുറത്തെടുക്കുക. 'വാട് ഡു യു മീൻ, ഹൗ ഡു യു സ്‌പെൽ ഇറ്റ്' എന്നൊക്കെ ചോദിച്ചായിരുന്നു അവർ ആദ്യം നമ്മുടെ പേരിനോട് അസ്വസ്ഥത പ്രകടിപ്പിച്ചത്. നിങ്ങൾ വരുന്നത് ഞങ്ങളുടേതേക്കൾ താഴ്ന്ന രാജ്യത്തുനിന്നാണ് എന്ന് പരോക്ഷമായി നമ്മളോട് പറയുന്നതുപോലെ... ഇകഴ്ത്തിക്കെട്ടലിന്റെ ആ വേർഷൻ എനിക്ക് പരിചിതമല്ലായിരുന്നു. പുതിയ നാട്, പുതിയ ജോലി...നമ്മൾ ആ ഉത്കണ്ഠയിൽ ഈ അസ്വസ്ഥതയുടെ സ്വരം തിരിച്ചറിയാതെ പോകുമായിരുന്നു.
ഈ മനോഭാവം ഇന്ത്യക്കാരോട് മാത്രമായിരുന്നില്ല എന്ന സമാധാനമുണ്ടായിരുന്നു. പൊതുവെ അപരിചിതമായ പേരുള്ള എല്ലാവരോടും തനി അമേരിക്കക്കാർ എന്ന് കരുതുന്ന ആൾക്കാർ ചെയ്തിരുന്നതും ഇതുതന്നെയാണ്. സത്യം പറയുകയാണെങ്കിൽ നമുക്കും ചില പേരുകൾ പറയാൻ വളരെ പ്രയാസമാണ്. പ്രത്യേകിച്ചും ജർമൻകാരുടെയും, ഈസ്റ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുവന്ന ആളുകളുടേയുമൊക്കെ പേരുകൾ ഉച്ചരിക്കാൻ പ്രയാസമായിരുന്നു. തായ്‌ലൻഡുകാരുടെ കാര്യം പറയുകയേ വേണ്ട. അമേരിക്കയിൽ ഇസഡ് എന്ന അക്ഷരം 'സ്സി' എന്നാണ് ഉച്ചരിക്കുന്നത് അപ്പോൾ നമ്മുടെ സക്കറിയ, സസ്‌ക്കറിയ ആകും. എന്റെ ഓഫീസിലെ ഒരു സക്കറിയ (Zakaria) ഇപ്പോഴും എന്റെ ഉച്ചാരണം തിരുത്തുമായിരുന്നു. കുറെ നാൾ അവിടെ ജോലിചെയ്തു ധൈര്യം സംഭരിച്ചപ്പോൾ ഞാനും പറഞ്ഞു തുടങ്ങി ''എന്റെ പേര് ശരിയായി ഉച്ചരിക്കാമെങ്കിൽ ഞാൻ നിന്റെ പേരും പറയാൻ പഠിക്കാം.'' അതോടെ ഉച്ചാരണപ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞു.
മറ്റൊന്നായിരുന്നു വേതനത്തിലെ അപ്രിയം. പലർക്കും പല ശമ്പളമായിരുന്നു അവിടെ. നമുക്ക് ലഭിക്കുന്ന ശമ്പളം മറ്റൊരാളോടും പറയാൻ പാടില്ല എന്ന വ്യവസ്ഥയുണ്ട്. അവർ ആളുകളെ എടുക്കുന്നത് അപ്പോഴത്തെ ആവശ്യത്തെ മാനിച്ചായിരുന്നു. പ്രമോഷൻ കാലംകൂടുമ്പോൾ ലഭിക്കുകയൊന്നുമില്ല. അതും സിസ്റ്റത്തിന്റെ അനിവാര്യതയ്ക്കനുസരിച്ചു മാത്രമേ ലഭിക്കുകയുള്ളൂ. പ്രൈവറ്റ് കമ്പനികളിൽ ഇത്തരം വ്യവസ്ഥകൾ വളരെ സാധാരണമായിരുന്നു. ഒരു ഉദ്യോഗാർഥിയുടെ യോഗ്യതയേക്കാളും അവരുടെ ശമ്പളവും ജോബ്സ്റ്റാറ്റസും നിർണയിക്കുന്നത് അയാൾ വരുന്ന രാജ്യമാണെന്ന് അവസ്ഥയിലും കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്. അമേരിക്കക്കാർക്ക് മറ്റൊരു ഗുണമുണ്ടായിരുന്നത് അവർക്ക് ശമ്പളം പേശി വാങ്ങാൻ അറിയാമെന്നുള്ളതാണ്. പുറത്തുനിന്നുവരുന്നവരാവട്ടെ കിട്ടുന്ന വേതനത്തിന് പണിയെടുക്കാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിലുമായിരിക്കും ജീവിക്കുന്നത്.
നമ്മുടെ ജോലിയിലെ പ്രകടനമികവിനെക്കുറിച്ച് എല്ലാ വർഷവും നമ്മളെ മുന്നിലിരുത്തി റിവ്യൂ നടത്താറുണ്ട്. പക്ഷേ ശമ്പളവ് വർധനവ് വ്യത്യസ്തമായിരിക്കും. ഈ രീതികളൊന്നും എനിക്കറിവില്ലാത്തതിനാൽ വിവേചനം നേരിട്ടിരുന്നോ എന്നതിനെക്കുറിച്ച് ഞാൻ അജ്ഞയായിരുന്നു. പക്ഷേ കുറേ വർഷങ്ങളെടുത്തു ഞാനത് തിരിച്ചറിയാൻ. ശേഖറിന് പക്ഷേ ഇതെല്ലാമറിയാമായിരുന്നു. പക്ഷേ അതേപ്പറ്റിയൊന്നും ശേഖർ പറഞ്ഞുതന്നതുമില്ല. ഇത്ര പൈസ വാങ്ങിയെടുക്കണം, ഇന്ന ജോലിയേ പറ്റൂ എന്നു പറയണം എന്നൊന്നും ശേഖറിന് നിർബന്ധമില്ലായിരുന്നു. ജോലി ഉണ്ടെങ്കിൽ നല്ലത്. അത്ര തന്നെ. സെനറ്റിലെ പല ഡോറുകൾക്കുമുന്നിലും ഞാൻ രണ്ടു തവണ സെക്യൂരിറ്റി ചെക്കിന് വിധേയയാവേണ്ടി വന്നത് എന്റെ തൊലിനിറത്തിന്റെ പേരിലായിരുന്നു. ഇന്ത്യക്കാരിയായ ഒരുവൾ ഇതിനകത്ത് ജോലി ചെയ്യുന്നുണ്ട് എന്നത് യാഥാർഥ്യമായി ഉൾക്കൊള്ളാൻ കഴിയാത്ത ചിലർ വാതിൽക്കൽ ഉണ്ടായിരുന്നിരിക്കാം.
സെനറ്റ് കുറച്ചുകൂടി ഉയർന്ന നിലവാരം പുലർത്തുന്ന ആളുകൾ ജോലി ചെയ്യുന്ന ഇടമായിരുന്നിട്ടുകൂടി ചില സന്ദർഭങ്ങളിൽ വിവേചനം എനിക്കനുഭവപ്പെട്ടു. ഡിപ്പാർട്ട്‌മെന്റ് തലവന്മാർ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുമായിരുന്നു. ഒരു സായ്പുണ്ടായിരുന്നു. ഞാൻ എന്തെഴുതിക്കൊണ്ടുകൊടുത്താലും തിരുത്തിക്കൊണ്ടേയിരിക്കും. ഞാൻ അദ്ദേഹം വരുത്തിയ തിരുത്തലുകൾ വരുത്തി വീണ്ടും കൊണ്ടുക്കൊടുക്കും. അദ്ദേഹം വീണ്ടും അത് തിരുത്തിത്തരും. മൂന്നുതവണ കഴിഞ്ഞപ്പോഴേക്കും ഞാനെന്റെ സഹപ്രവർത്തക ജൂഡിയോട് പറഞ്ഞു: ഇദ്ദേഹം ഒരുപാട് തവണയായി ഇങ്ങനെ തിരുത്തിക്കൊണ്ടേയിരിക്കുന്നു. ജൂഡി പറഞ്ഞു: ഇനി തിരുത്തണ്ട. ഇതുതന്നെ ഒന്നും ചെയ്യാതെ നേരെ കൊടുക്കൂ. അന്നൊക്കെ ഒരൊറ്റ കോപ്പിയിലാണ് വെട്ടും തിരുത്തുമെല്ലാം. ഫെയർ കോപ്പി, റഫ് കോപ്പി എന്നൊന്നുമില്ല. അദ്ദേഹം തന്ന തിരുത്തൽ വരുത്തി പ്രിന്റ് ചെയ്താണ് കൊടുത്തത്. അദ്ദേഹം തിരുത്തിയതുതന്നെ വീണ്ടും തിരുത്തിക്കൊണ്ടേയിരിക്കുകയാണ്. ഞാനെന്തു ചെയ്‌തെന്നോ ഞാൻ സ്വന്തമായി ഡ്രാഫ്റ്റ് ചെയ്ത ആദ്യത്തെ മാറ്റർ തന്നെ പ്രിന്റ് ചെയ്ത് അങ്ങ് കൊടുത്തു. പുള്ളി നേരെയങ്ങ് അപ്രൂവ് ചെയ്തു. തിരുത്ത് കണ്ടുപിടിച്ചിട്ടല്ല, ഈ വിദേശി അത്ര പെർഫെക്ടല്ല എന്നുകാണിക്കാനുള്ള ശ്രമമായിരുന്നു അത്. പ്രമോഷൻ വേക്കൻസി വരുമ്പോൾ ചില അവസരങ്ങളിൽ നമ്മളുടെ അപേക്ഷ മാത്രം മാറ്റിവെക്കപ്പെടുന്നു എന്നു കേൾക്കുന്നത് എനിക്കത്ഭുതമായിരുന്നു. എന്നിരുന്നാലും എന്റെ മേഖല കംപ്യൂട്ടറായതിനാലും മതിയായ ആളുകളുടെ അഭാവത്താൽ മത്സരം കടുത്തതല്ലാത്തതിനാലും കുറേയേറെ ഞാൻ പരിഗണിക്കപ്പെട്ടു എന്നാണ് വിശ്വസിക്കുന്നത്. ശേഖർ ഇത് നന്നായി അനുഭവിച്ചിട്ടുണ്ട്. കമ്പനി വിടേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
ഞാൻ സെക്ഷൻ മേധാവിയായി ഇരിക്കുന്ന കാലത്ത് മൂന്നുനാല് ഇന്ത്യക്കാർ കൂടി സെനറ്റിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരു പട്ടേൽ പെൺകുട്ടിയെ ഓർമവരികയാണ്. അവളെ ഞാനായിരുന്നു ജോലിക്കെടുത്തത്. ഒരുദിവസം ആൾ ഓഫീസിൽ എല്ലാവരുടെയും മുന്നിൽ വെച്ചുപറയുകയാണ് സൗത്തിൽ ഉള്ളവരെല്ലാം 'ഡാർക്കർ' ആണ്. വത്സലാശേഖർ സൗത്തിൽ നിന്നാണ് വരുന്നത്. അപ്പോൾ മറ്റുള്ള മദാമ്മമാരെല്ലാം എന്നെ വല്ലായ്മയോടെ നോക്കി. പരസ്യമായി അത്തരം വിവേചനങ്ങൾ അവർക്ക് അപമാനമായിരുന്നു. ആദ്യമായിട്ടായിരുന്നു ഞാൻ അങ്ങനെയൊരു സംഗതി കേൾക്കുന്നത്. മറ്റൊരു പയ്യനായിരുന്നു ഉത്തർപ്രദേശിൽ വേരുകളുള്ള ത്രിപദി. പക്ഷേ ജനിച്ചുവളർന്നത് ഇവിടെയാണ്. പുള്ളി ഒരിക്കൽ ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ചൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ 'ത്രിപദി എന്നാൽ ബ്രാഹ്‌മണൻ എന്നാണർഥം. ഞാനൊരു ബ്രാഹ്‌മൺ ആണ്.' എന്നു പറയുന്നതുകേട്ടു. സായ്പുമാർക്കെന്ത് ബ്രാഹ്‌മണൻ! ഉടനെ ഒരാൾ ചോദിച്ചു: 'ബ്രാഹ്‌മണനെ എങ്ങനെയാണ് കണ്ടാലറിയുക?' ത്രിപദി ഇരുണ്ടനിറത്തോടെ പൊക്കം കുറഞ്ഞ ഒരു പയ്യനായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: 'ചിലപ്പോൾ രക്തപരിശോധനയിൽക്കൂടി അറിയാമായിരിക്കും!' ഞാൻ ഓർക്കുകയായിരുന്നു- അമേരിക്കയിൽ ജനിച്ചുവളർന്ന ഇന്ത്യൻ കുട്ടികളാണ് ഇവരൊക്കെ. എന്നിട്ടും ഇന്ത്യൻ ചാതുർവർണ്യം പരമ്പരാഗതമായി കൈമാറ്റം കിട്ടിയിരിക്കുകയാണ്. മറ്റൊരു നാട്ടിലെ മനുഷ്യരോടാണ് സ്വന്തം രാജ്യത്തെ മനുഷ്യരെ ജാതീയാടിസ്ഥാനത്തിൽ ഇകഴ്ത്തിക്കെട്ടുന്നത്.
നാലര പതിറ്റാണ്ട് മുമ്പത്തെ അമേരിക്കയല്ല, ഇന്നത്തെ അമേരിക്ക. അന്ന് മലയാളികൾ വളരെ കുറവ്. ഓഫീസിനേക്കാളും പുറത്തെ സാഹചര്യത്തിൽ നിന്നായിരുന്നു വേർതിരിച്ച് നിർത്തിയിരുന്നത്. കടയിൽ നിൽക്കുമ്പോഴും സാധനങ്ങൾ വാങ്ങുമ്പോഴുമെല്ലാം സ്വദേശികളുടെ മുഖത്ത് ഒരു അയിത്തം വായിച്ചെടുക്കാമായിരുന്നു. വാക്കുകളാൽ പ്രകടിപ്പിച്ചില്ലെങ്കിലും. അവിടത്തെ നിയമം ശക്തമായതുകൊണ്ട് പറയാൻ പേടിയാണ്. പക്ഷേ കുട്ടികൾ അങ്ങനെയല്ലായിരുന്നു. അവർ അക്ഷരാർഥത്തിൽ വിവേചനം നേരിട്ടിരുന്നു. മാലിനിയുടെ കാര്യത്തിലായിരുന്നു എനിക്ക് കൂടുതൽ വിഷമം. അവൾ പഠിക്കുന്ന കാലത്ത് നാലോ അഞ്ചോ പേരേ ഇന്ത്യൻ വിദ്യാർഥികളായി സ്‌കൂളിലുണ്ടായിരുന്നുള്ളൂ.
മാലിനിയുടെ സ്‌കൂൾ ടെന്നീസിലെ ഒരു സംഭവമാണ് ഓർമ വരുന്നത്. മാലിനിയും സോണിയയും നന്നായി ടെന്നീസ് കളിക്കുമായിരുന്നു. ശേഖർ അവരെ വളരെ ചെറുപ്പത്തിലേ പരിശീലിപ്പിച്ചതാണ്. മാലിനി സ്‌കൂൾ ടെന്നീസ് സെലക്ഷനിൽ ജയിച്ചിട്ടും സ്‌കൂളിനെ പ്രതിനിധീകരിക്കുന്ന ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടില്ല. ഞാനായിരുന്നു അന്ന് മാലിനിയെ സ്‌കൂളിൽ കോച്ചിന്റെയടുക്കൽ കൊണ്ടുവിട്ടത്. നാലു കുട്ടികളായിരുന്നു സെലക്ഷനിൽ ഉണ്ടായിരുന്നത്.
മറ്റുകുട്ടികളുടെ രക്ഷിതാക്കൾ ഗ്രൗണ്ടിൽത്തന്നെയുണ്ടായിരുന്നു. സെലക്ഷനല്ലേ എന്നു കരുതി ഞാൻ അവളെ അവിടെയാക്കി കടയിൽ പോയി. തിരിച്ചുവന്നപ്പോൾ അവളുടെ മുഖമാകെ ചുവന്ന് തലതാഴ്ന്ന് നിൽക്കുന്നു. എന്തുപറ്റി മോളെ എന്ന് സംയമനത്തോടെ ഞാനവളോട് ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു ഞാനെല്ലാവരെയും തോൽപിച്ചു, പക്ഷേ കോച്ച് അവരുടെ ഭാഗത്തായിരുന്നു. ഗ്രൗണ്ടിലുണ്ടായിരുന്ന രക്ഷിതാക്കൾ മാലിനിയൊഴികെയുള്ള കുട്ടികളെ ഒരുമിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു. മാലിനിയെ കോച്ച് നമ്പർ റ്റു ആക്കി എന്നു പറഞ്ഞു. സ്‌കൂളിൽ പോയി കുട്ടികൾക്കുവേണ്ടി അടിയുണ്ടാക്കുന്ന ശീലം നമുക്കില്ലല്ലോ. ഞാൻ വീട്ടിലെത്തി ശേഖറിനോട് പറഞ്ഞപ്പോൾ പുള്ളി അത് തള്ളിക്കളഞ്ഞു. അവൾ നമ്പർ വണ്ണായാലും റ്റു ആയാലും അസ്സൽ പ്ലെയർ ആണ് എന്നായിരുന്നു ശേഖർ പറഞ്ഞത്. പക്ഷേ എനിക്കത് മനസ്സിൽ നിന്നും പോയില്ല. ഞാൻ പിറ്റെ ദിവസം സ്‌കൂളിൽ വിളിച്ചു. കോച്ചിനോട് സംസാരിക്കണമെന്ന് അഭ്യർഥിച്ചു. കോച്ച് വന്നു ഫോണെടുത്തു. ഞാൻ തലേന്ന് ഗ്രൗണ്ടിൽ നടന്നതെന്താണെന്ന് ചോദിച്ചു. മാലിനിയല്ലേ ഒന്നാമതെത്തിയത് എന്നു ചോദിച്ചു. മാലിനി നന്നായി പെർഫോം ചെയ്തു, അസ്സൽ പ്ലെയറാണ് എന്നൊക്കെ അവളെ അയാൾ വാഴ്ത്തി. അപ്പോൾ സംയമനത്തോടെ ഞാൻ ചോദിച്ചു; എന്നിട്ടെന്താണ് അവൾ നമ്പർ റ്റു ആയത്. അയാളുടെ മറുപടിയായിരുന്നു വിചിത്രം. മാലിന് ഒമ്പതാം ഗ്രേഡിലാണ്. നമ്പർ വൺ ആയ കുട്ടി 11-ാം ഗ്രേഡ് ആണ്. അവസാന വർഷമാണ്. അതുകൊണ്ട് ചാൻസ് കൊടുത്തതാണ്. അപ്പോൾ ഞാൻ ചോദിച്ചു, എന്തുകൊണ്ട് നിങ്ങൾക്കിത് വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും കുട്ടികളെ പറഞ്ഞുമനസ്സിലാക്കാൻ പറ്റിയില്ല? എന്തിനാണ് നിങ്ങൾ ഈ സെലക്ഷൻ പരിപാടി വെച്ചത്. ഇനി അവസരമില്ലാത്ത കുട്ടിയെ നേരിട്ട് സെലക്ട് ചെയ്താൽ മതിയായിരുന്നല്ലോ. നമ്പർ വൺ കളിച്ചയാളെ നമ്പർ റ്റു ആക്കി നാടകം കളിക്കുന്നതെന്തിനാണ്? അപ്പോൾ കോച്ച് കൂടുതൽ അഭിനയിക്കാൻ തുടങ്ങി. നിങ്ങൾ വളരെ മുതിർന്നയാളാണല്ലോ, എല്ലാം മനസ്സിലാകുമല്ലോ എന്നൊക്കെയുള്ള സംസാരമായി. അത് എന്നെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. എനിക്ക് പ്രിൻസിപ്പാളിനോട് സംസാരിക്കണമെന്നായി ഞാൻ. അപ്പോൾ ഇയാൾക്ക് പേടിയായി. ഗവൺമെന്റ് സ്‌കൂളാണെന്നോർക്കണം. വിചിത്രമായ സെലക്ഷൻ പ്രോസസ് പ്രിൻസിപ്പാളിന്റെ മുന്നിൽ വെച്ച് എന്റെ മകളെ പറഞ്ഞ് ബോധ്യപ്പെടുത്തണം എന്ന് ഞാനയാളോട് കർശനമായി പറഞ്ഞു. അയാൾ സോറി പറയാൻ തുടങ്ങി. ഞാനൊരു മാപ്പും കേൾക്കാൻ തയ്യാറല്ലെന്നും എന്റെ മകളുടെ മനസ്സാണ് വലുതെന്നും ഞാൻ തറപ്പിച്ചു പറയുക മാത്രമല്ല, പ്രിൻസിപ്പാളിന്റെയടുക്കൽ പോവുകയും ചെയ്തു. ഇതെല്ലാം കേട്ടതും പ്രിൻസിപ്പാൾ ഞെട്ടി. അയാൾക്ക് എന്തുപറയണം എന്നറിയാതെയായി. ഒരു റീമാച്ച് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അതിനുള്ള അവസരമൊരുക്കാമെന്നും ജയിക്കുന്നത് മാലിനിയാണെങ്കിൽ സെലക്ഷൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ആവശ്യമില്ല എന്നുഞാൻ അദ്ദേഹത്തോട് പറഞ്ഞു. പതിനൊന്നാം ഗ്രേഡിലെ കുട്ടിക്ക് ഇനി ചാൻസ് ഇല്ല. അവൾക്കു പരിഗണന നൽകൂ, പക്ഷേ അതിനുള്ള മാർഗം ഇങ്ങനെയല്ല എന്നു ബോധ്യപ്പെടുത്തുക എന്നു മാത്രമേ എനിക്കു ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ എന്നും ഞാൻ അദ്ദേഹത്തെ അറിയിച്ചു.
കളിക്കുമ്പോഴും അവൾക്ക് വിവേചനം നേരിടേണ്ടി വന്നിരുന്നു. മറ്റുള്ളവരെല്ലാം മദാമ്മക്കുട്ടികളാണ്. ഇവൾക്ക് ഇന്ത്യൻ നിറമാണ്. കളിക്കിടയിൽ അവൾക്ക് പ്രയാസം നേരിടുന്നത് തിരിച്ചറിഞ്ഞതോടെ കുട്ടികൾ കളിച്ചോട്ടെ എന്നു കരുതി ഗ്രൗണ്ടിൽ വിട്ട് ഞങ്ങൾ പോകുന്ന പതിവ് നിർത്തി, അവർക്കൊപ്പം നിന്നു. അക്കാലത്ത് സ്‌കൂളിൽ ബ്ലാക് അമേരിക്കൻസും കുറവായിരുന്നു. സാധാരണയായി എല്ലാ സ്‌കൂളിലും കളിയാക്കലും പരിഹസിക്കലുമൊക്കെ ഉണ്ടാവുമല്ലോ. കുട്ടികളല്ലേ. പക്ഷേ ഇവർക്ക് തോന്നുക അവർ ഇന്ത്യക്കാർ ആയതുകൊണ്ട് മറ്റുകുട്ടികൾ കളിയാക്കുന്നു എന്നായിരുന്നു. മാലിനിക്കും സോണിയയ്ക്കും മാത്രമല്ല, ഒട്ടുമിക്ക ഇന്ത്യൻ കുട്ടികൾക്കും ഇതേ കോംപ്ലക്സ് ഉണ്ടായിരുന്നു. ഇവർ പോകുമ്പോൾ തദ്ദേശീയരായ ആൺകുട്ടികൾ കൈകൾ ചുണ്ടിനുമേൽ പൊത്തിപ്പിടിച്ച് ഒരു കുരവ പുറപ്പെടുവിക്കുന്നതുപോലെ ശബ്ദം ഉണ്ടാക്കി കളിയാക്കുമായിരുന്നു. അമേരിക്കൻ ഇന്ത്യക്കാർ അവരുടെ ആഘോഷങ്ങളിലെല്ലാം നമ്മളെപ്പോലെ കുരവയിടുമായിരുന്നു. ഇന്ത്യൻ വിദ്യാർഥികളെ കാണുമ്പോൾ ഇവിടുത്തെ സായ്പ് കുട്ടികൾക്ക് കരുതിയത് അവർ അമേരിക്കൻ ഇന്ത്യക്കാരാണ് എന്നായിരുന്നു. അതൊക്കെ കുട്ടികൾക്ക് അപമാനമായിരുന്നു. ഈ നാടകങ്ങളൊക്കെ കഴിഞ്ഞിട്ടും മാലിനിക്ക് വെല്ലസ്ലി കോളേജ് ടീമിൽ ടെന്നീസ് കളിക്കാൻ സാധിച്ചു എന്നതിൽ ഞങ്ങൾക്കുള്ള സന്തോഷം ഒന്നുവേറെത്തന്നെയായിരുന്നു.
അമേരിക്കയിലെ എല്ലാ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളും വിദ്യാർഥികളുടെ ബിരുദകാലയളവിൽ നടപ്പിലാക്കുന്ന ഒന്നാണ് സ്റ്റഡ് എബ്രോഡ് പ്രോഗ്രാം. ലോകത്തെ വിവിധ യൂണിവേഴ്സിറ്റികളുമായി ഇവിടുത്തെ യൂണിവേഴ്സിറ്റികൾ അഫിലിയേറ്റ് ചെയ്താണ് ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്. നാലുവർഷമാണ് ഇവിടെ ബിരുദം. മൂന്നാംവർഷം (ജൂനിയർ ഇയർ എന്നാണ് പറയുക) വിദ്യാർഥികളെ സ്റ്റഡി എബ്രോഡിനായി അവർ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലെ അഫിലിയേഷനുള്ള യൂണിവേഴ്സിറ്റികളിലേക്ക് അയക്കും. ഇന്ത്യയിൽ മൈസൂർ യൂണിവേഴ്സിറ്റിയുമായിട്ടായിരുന്നു മാലിനി പഠിച്ചിരുന്ന വെല്ലസ്ലി കോളേജിന്റെ അഫിലിയേഷൻ. അവൾ ഒരു വർഷം ഇന്ത്യയിൽ പോയി പഠിക്കട്ടെ എന്നു ഞങ്ങളും കരുതി. മലയാളം കേട്ടാൽ മനസ്സിലാകും തിരിച്ച് തപ്പിത്തടഞ്ഞ് മറുപടി പറയും എന്നല്ലാതെ കന്നഡയൊന്നും അറിയില്ല. എന്നിരുന്നാലും മാലിനിയത് ഭംഗിയായി മാനേജ് ചെയ്തു. മാലിനി ആദ്യമായി ഇന്ത്യയിൽ താമസിക്കാൻ പോകുകയല്ലേ, ഇന്ത്യയിൽ ആരെങ്കിലും സഹായത്തിനുവേണമല്ലോ എന്നു കരുതി ഞങ്ങളുടെ ഒരു സുഹൃത്തിനെ വിളിച്ച് മോള് വരുന്ന കാര്യം പറഞ്ഞു. അത്യാവശ്യം വന്നാൽ സഹായിക്കണം എന്നുധാരണയാക്കി. ആ സുഹൃത്ത് അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനോട് പറഞ്ഞതുപ്രകാരം അദ്ദേഹം മാലിനിയെ വിളിച്ചു. അവർ മാലിനിയുടെ ഹോസ്റ്റലിനടുത്താണ് താമസിക്കുന്നത്. അദ്ദേഹം ഒരു ദിവസം മാലിനിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണമൊക്കെ കൊടുത്തു. വൈകിട്ട് വിശേഷങ്ങൾ പറഞ്ഞ് അവൾ വിളിച്ചപ്പോൾ ചോദിച്ചു: 'മമ്മീ അപ്പൂപ്പൻ നായർ പണിക്കരാണോ 'ഈളവ' പണിക്കരാണോ?' ഞാൻ നിശബ്ദയായി. 'എന്താ മോളേ' എന്നുചോദിച്ചപ്പോൾ അവൾ പറഞ്ഞു. 'അദ്ദേഹം അമ്മയുടെ പേരും അച്ഛന്റെ പേരും ചോദിച്ചു- വത്സലാ ശേഖർ, ചന്ദ്രശേഖർ എന്നു പറഞ്ഞു. അപ്പൂപ്പന്റെ പേര് ചോദിച്ചപ്പോൾ പൽപ്പു എന്നുപറഞ്ഞു. അമ്മയുടെ അച്ഛന്റെ പേര് ചോദിച്ചപ്പോൾ കുട്ടൻ പണിക്കർ എന്നുപറഞ്ഞു.' ആ മലയാളിക്ക് അപ്പോഴാണ് ആശ്വാസമായത്-ജാതിയുടെ ഒരു വാൽക്കഷ്ണം കിട്ടി. പക്ഷേ, ഏതുപണിക്കരാണ് എന്ന് നിശ്ചയിക്കാൻ കഴിയുന്നില്ല. അയാൾ കുട്ടിയോട് ചോദിച്ചുവ്രേത നായർ പണിക്കരോ, അതോ ഈഴവ പണിക്കരോ എന്ന്. നായർ എന്താണ്, ഈഴവ എന്താണെന്നറിയാത്ത മാലിനി കൈമലർത്തി. ഞാൻ അവളോട് പറഞ്ഞു. 'അപ്പൂപ്പൻ ഈഴവ പണിക്കരാണ്.' അതെന്താ അങ്ങനെ എന്നുചോദിച്ചപ്പോൾ ഞാനവളോട് പറഞ്ഞു: 'അതൊരു നീണ്ടകഥയാണ്. ഇന്ത്യയിലെ ജാതി സമ്പ്രദായങ്ങളെക്കുറിച്ച് മോൾക്ക് അവിടെ നിന്നും പുസ്തകങ്ങൾ എടുത്ത് വായിച്ചു മനസ്സിലാക്കാം. അല്ലെങ്കിൽ തിരികെയെത്തിയിട്ട് നമുക്ക് അതേപ്പറ്റി വിശദമായി സംസാരിക്കാം.' മാലിനിക്ക് പക്ഷേ ആ ജാതിചോദ്യത്തിന്റെ പൊരുൾ മനസ്സിലാവാത്തതിനാൽ അവളതിനെ കൂളായെടുത്തു. സരസ്വതീദേവിയുടെ പര്യായനാമങ്ങൾ സ്വന്തം പെൺമക്കളുടെ പേരായി ചൊല്ലിവിളിക്കാൻ അനുവാദമില്ലാതിരുന്ന എന്റെ പൂർവികരെ ഞാനാ നിമിഷം ഓർത്തുപോയി.
മാലിനി മാസ്റ്റർ ബിരുദം ചെയ്യുന്ന കാലത്ത് തീസിസ് സമർപ്പിക്കാനായി അവൾ തിരഞ്ഞെടുത്തത് ഇന്ത്യയിലെ തോട്ടം തൊഴിലാളികളെക്കുറിച്ചുള്ള പഠനമായിരുന്നു. ചിക്കമംഗളൂരുവിലെ തോട്ടം തൊഴിലാളികളായി സ്ത്രീകളുടെ പ്രശ്‌നങ്ങളായിരുന്നു അവളുടെ റിസർച്ച് ഏരിയ. ഹോസ്റ്റലിൽ താമസിച്ച് ഇന്ത്യൻ ശീലങ്ങളോട് അവൾ എളുപ്പത്തിൽ പൊരുത്തപ്പെട്ടു. ഡവലപ്മെന്റ്സ്റ്റഡീസിലായിരുന്നു മാലിനിയുടെ മാസ്റ്റർ ഡിഗ്രി. പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യങ്ങളില്ലാത്ത ജീവിതങ്ങളെക്കുറിച്ച് അവൾ അന്നാണ് ബോധവതിയായത്. അമേരിക്കൻ സാഹചര്യത്തിൽ ജീവിച്ചുവളർന്ന കുട്ടി ഒരു ടോയ്ലെറ്റ് തപ്പിയിറങ്ങേണ്ട അവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോൾ ജീവിതം അത്ര എളുപ്പമല്ല എന്നുമാത്രം ഞാൻ മറുപടി പറഞ്ഞു. എന്റെ കുട്ടിക്കാലത്തു കുസൃതിക്കുപോലും ഞങ്ങൾ പറമ്പിൽ വെളിയ്ക്കിരുന്നിട്ടില്ല. പറമ്പിന്റെ ഒരറ്റത്ത് അക്കാലത്തെ കുഴിക്കക്കൂസായിരുന്നു വീട്ടിലുണ്ടായിരുന്നത്. മാലിനി പക്ഷേ മാസ്റ്റർ ബിരുദത്തിന് പഠിക്കുമ്പോഴാണ് ചിക്കമംഗളൂരിലെ പറമ്പുംതേടി പോകേണ്ടി വന്നത്. ഡവലപ്മെന്റ് സ്റ്റഡീസിലെ ഒരധ്യായമായി കണ്ടാൽ മതി എന്നു ഞാൻ പറഞ്ഞപ്പോൾ അവൾ അതിലും നിസാരമായി അതിനെ എടുത്തു.' 'കുറച്ച് ഇലകൾ കൊണ്ട് കോംപ്രമൈസാക്കി' എന്നു പറഞ്ഞവൾ ചിരിച്ചു.
സെനറ്റ് ഓഫീസിൽ എന്റെ സഹപ്രവർത്തകരിൽ നിന്ന് നേരെ തിരിച്ചായിരുന്നു എന്റെ അനുഭവം. അവരുടെ ഓഫീസിലെ ഏക ഇന്ത്യക്കാരിയെ അവർ എല്ലാറ്റിനും ഒപ്പം കൂട്ടി. എന്റെ എല്ലാ പ്രവൃത്തികളും അവർക്ക് കൗതുകമായിരുന്നു. ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാൻ അവർക്ക് വലിയ താല്പര്യമായിരുന്നു. ആദ്യം കാണുന്ന ആരും ചോദിക്കുന്നത് ഇന്ത്യയിലെ ഏതു സ്റ്റേറ്റിൽ നിന്നാണ് വരുന്നതെന്നായിരുന്നു. കേരളം എന്നു പറഞ്ഞാൽ അത്ഭുതത്തോടെ അവർക്കറിയാവുന്ന കേരളത്തെക്കുറിച്ച് പറയുകയായി. ലോകത്തെ എല്ലാവിധ ചലനങ്ങളെക്കുറിച്ചും സെനറ്റിലെ ജീവനക്കാർ അറിഞ്ഞുവെക്കുമായിരുന്നു. ഞങ്ങളുടെ ജോലിക്ക് അത് അത്യാവശ്യമാണ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വരുമ്പോൾ എന്റെ സഹപ്രവർത്തകർ ഇന്ത്യൻ വാർത്തകൾക്കായി ജാഗരൂകരായി ഇരിക്കുന്നത് കാണാം. എന്നെ കാണുമ്പോൾ എന്താണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്ന് അന്വേഷിക്കുന്നത് പതിവായിരുന്നു. ഇന്ത്യക്കാരി എന്ന നിലയിൽ ഒരു വശത്ത് പ്രത്യേക പരിഗണനയും ഞാൻ ആസ്വദിച്ചുപോന്നു എന്നതും പറയണമല്ലോ.
ഒരു കാലത്തു സെനറ്ററും പിന്നെ വൈസ് പ്രെസിഡന്റുമായ ആൽബർട്ട് ഗോർ അദ്ദേഹത്തിന്റെ Earth in the Balance എന്ന പുസ്തകത്തിൽ കേരളത്തിലെ സ്ത്രീകളെ കുറിച്ചും, കേരളത്തിലെ സ്ത്രീകൾ മറ്റു യൂറോപ്യൻ രാഷ്ട്രങ്ങളിലെ സ്തീകളോടൊപ്പം തന്നെ വിദ്യാഭാസരംഗത്തു ഉയർന്നവരാണെന്നും പറയുന്നുണ്ട്. കേരളത്തിലെ സ്തീകൾക്കു കിട്ടിയ ഈ വിദ്യാഭാസമാണ് നമ്മുടെ ജനസംഖ്യയെ തുലനം ചെയ്തു നിർത്തുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ആ കേരളത്തിൽ നിന്നാണ് ഞാൻ വരുന്നതെന്ന് അഭിമാനത്തോടെ പറയാൻ കിട്ടിയ ഒരവസരവും ഞാൻ പാഴാക്കിയിട്ടില്ല.
(തുടരും)
Content Highlights: Early career transition from mainframe to micro-computers in the US Senate., Balancing professional ambitions with the traditional burden of domestic responsibilities., Navigating subtle and overt workplace discrimination based on name and origin., The impact of cultural bias on the next generation of Indian-American children., Reflecting on Kerala's educational legacy and its influence on global identity.
Published: 17 Mar 2026, 10:12 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented