ആയിരത്തിത്തൊള്ളായിരത്തി എൺപത്താറ് ഫെബ്രുവരിയിൽ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ കേരള സന്ദർശനം നടത്തുന്നു എന്ന വാർത്ത ആഹ്ലാദത്തോടെയാണ് കേരളം കേട്ടത്. ക്രൈസ്തവരെല്ലാം മാർപ്പാപ്പയുടെ വരവ് കാത്തിരിപ്പായി. അദ്ദേഹത്തെ കാണാൻ കോട്ടയത്തു പോവുക അന്നത്തെ സാഹചര്യത്തിൽ നടക്കുന്ന കാര്യമല്ല. എന്നാൽ മാർപ്പാപ്പയെ കാണുകയും വേണം. ഈ അത്യാഭിലാഷം ഒരു പുതിയ അതിഥിയെ വീട്ടിലെത്തിച്ചു. ടെലിവിഷൻ! ടി.വി അന്നൊരു അപൂർവ വസ്തുവായിരുന്നു. അതേക്കുറിച്ച് വലിയ പിടിപാടൊന്നും ആർക്കുമില്ല. അതുകൊണ്ടു തന്നെ ടി.വി. ഏതു വാങ്ങണം എന്നതു സംബന്ധിച്ച് അച്ഛൻ അറിവുള്ള പലരോടും അന്വേഷിച്ചു. തൃപ്തികരമെന്നു തോന്നിയ ഉത്തരം നൽകിയത് ക്യാപ്റ്റൻ ജയിംസായിരുന്നു. അയൽക്കാരനും അച്ഛൻ്റെ സുഹൃത്തും എൻ്റെ ചങ്ങാതി ജോൺസൻ്റെ അച്ഛനുമായ ഗബ്രിയേൽ മാഷിൻ്റെ അനുജനായിരുന്നു ക്യാപ്റ്റൻ ജയിംസ്. അദ്ദേഹവും കുടുംബവും മദ്രാസിൽനിന്ന് അവധിക്ക് നാട്ടിൽ വന്ന കാലമായിരുന്നു അത്.

To advertise here,

കളർ ടിവി അന്ന് പ്രചാരത്തിലുണ്ട്. പക്ഷേ അത് കാഴ്ചയ്ക്ക് പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട് എന്നൊരു മുൻവിധി പൊതുവിൽ പ്രചരിച്ചിരുന്നു. പ്രത്യേകിച്ച് കുട്ടികൾക്ക്. ബ്ലാക് ആൻഡ് വൈറ്റ് ടിവിയായിരിക്കും എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലത് എന്ന അഭിപ്രായമായിരുന്നു ഈ മുൻവിധിയിൽ വിശ്വസിച്ച ക്യാപ്റ്റനുമുണ്ടായിരുന്നത്. മാത്രമല്ല തങ്ങളുടെ ഡയനോര ബ്ലാക് ആൻഡ് വൈറ്റ് ടിവിയുടെ മാഹാത്മ്യം അദ്ദേഹം പങ്കുവെക്കുക കൂടി ചെയ്തതോടെ ബ്ലാക് ആൻഡ് വൈറ്റ് മതിയെന്ന് അച്ഛൻ തീർച്ചയാക്കി. കളറും ബ്ലാക് ആൻഡ് വൈറ്റും എന്തെന്നു പോലും പിടിയില്ലാത്ത ഞങ്ങൾ, മക്കൾ ഒരു ടിവി വീട്ടിലേക്കു വരുന്നതിൽ അത്യധികം ആഹ്ലാദിക്കുക മാത്രം ചെയ്തു.

അന്ന് കെൽട്രോണിൻ്റെയും ഡയനോരയുടെയും ടിവിയായിരുന്നു കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത്. കണ്ണൂർ വാസുലാൽ ഇലക്ട്രോണിക്സിൽ അച്ഛൻ പോയ ദിവസം എനിക്കു നിൽക്കക്കള്ളിയില്ലായിരുന്നു. അന്നൊരു ശനിയാഴ്ച ദിവസമായിരുന്നു. സ്കൂൾ അവധിയായിരുന്നു. ചങ്ങാതികളോടെല്ലാം ഞാൻ ഇക്കാര്യം വിളംബരം ചെയ്തു. ഉച്ചകഴിഞ്ഞ് മറ്റെങ്ങോട്ടും ഇറങ്ങാതെ അച്ഛൻ വരുന്നതും നോക്കിയിരിപ്പായി ഒടുവിൽ ആ സുവർണ നിമിഷം വന്നെത്തി. ഡയനോരയുടെ ബ്ലാക് ആൻഡ് വൈറ്റ് ടിവി എത്തിയിരിക്കുന്നു. കാർഡ്ബോർഡ് പെട്ടിയിൽ വളരെ സുരക്ഷിതമായി പാക്ക് ചെയ്താണ് ടിവി കൊണ്ടുവന്നിരിക്കുന്നത്. എനിക്കത് പൊളിച്ചു കാണാൻ അനുഭവിച്ച തിടുക്കം മറക്കില്ല.

മാടായിയിലെ ആദ്യകാല അലോപ്പതി ഡോക്ടറായ മുകുന്ദൻ ഡോക്ടറുടെ വീട്ടിൽ വെച്ചാണ് ടെലിവിഷൻ കാഴ്ചകൾ ആദ്യമായി കാണുന്നത്. ഇന്ദിരാഗാന്ധി മരിച്ചപ്പോഴാണ് എല്ലാവർക്കും കാണാനായി അവർ ടിവി പ്രദർശിപ്പിച്ചത്. 1984 ഒക്ടോബർ 31-നായിരുന്നു അത്. അന്ന് ഞാൻ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. അടുത്ത ദിവസത്തെ പത്രത്തിൻ്റെ ആദ്യ പേജിലും ഉൾപേജുകളിലും ഇന്ദിരാഗാന്ധിവധം നിറഞ്ഞുനിന്നു. ഇന്ദിരയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും സന്ദർഭങ്ങളും പത്രത്തിൽ വിവരിച്ചിരിക്കുന്നു. മകൻ രാജീവ് ഗാന്ധി വിദേശത്തു നിന്ന് വരുമെന്നും പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നുമുള്ള അഭ്യൂഹങ്ങളും സജീവമായി പത്രങ്ങളിൽ വന്നുകൊണ്ടിരുന്നു. വായനയോട് താത്പര്യം വളർത്തിയതിൽ പത്രഏജൻറ് വേലായുധേട്ടനും വലിയ പങ്കുണ്ടായിരുന്നു. ദ്വൈവാരികകളായ ബാലരമയും ബാലമംഗളവും പൂമ്പാറ്റയും മറ്റ് അമർചിത്രകഥകളുമെല്ലാം അദ്ദേഹമാണ് നൽകിയിരുന്നത്. വീടിനടുത്തൊന്നും വായനശാലകളില്ലാതിരുന്നതിനാലും വെങ്ങര വെൽഫേർ സ്കൂളിൽ പേരിന് പോലും ഒരു ലൈബ്രറി ഇല്ലാത്തതിനാലും ഈ ബാലവാരികകൾ മാത്രമായിരുന്നു പാഠപുസ്തകത്തിനു പുറമേയുള്ള വായനകൾക്ക് ഏക ആശ്രയം. അച്ഛൻ ഇതൊക്കെ വാങ്ങി തരുന്ന കാര്യത്തിൽ വളരെ വലിയ ഉദാരനായിരുന്നു. വെൽഫേർ സ്കൂളിലെ അധ്യാപകരായിരുന്ന മല്ലിക ടീച്ചറും യശോദ ടീച്ചറുമെല്ലാം നുറുങ്ങു നുറുങ്ങു കഥകൾ വിവരിച്ചു തന്ന് വായനയെ സ്നേഹിക്കാൻ ശീലിപ്പിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച പള്ളിയിൽ പോകാൻ അക്കാലങ്ങളിൽ പ്രത്യേക ഉത്സാഹമായിരുന്നു. ബൈബിൾ കഥകൾ ചിത്രകഥാപുസ്തകങ്ങളായി എല്ലാ ഞായറാഴ്ചയും കയ്യിൽ കിട്ടിക്കൊണ്ടിരുന്നു. കായേൻ്റെയും ആബേലിൻ്റെയും കഥകൾ, നോഹയുടെ പെട്ടകം, സാംസൻ്റെ ശക്തി രഹസ്യങ്ങൾ ദാവീദ് രാജാവ് , നീതിയുക്തനായ സോളമൻ രാജാവ്, എല്ലാവരെയും വായിച്ചു രസിച്ചിരുന്ന സ്കൂൾ കാലം വായനായാൽ മനോഹരമാക്കി തന്നവരിൽ അന്നത്തെ പഴയങ്ങാടി പള്ളി വികാരിയായ ഫാദർ മാത്യു എടാട്ടുമുണ്ട്. ഇന്ദിരാഗാന്ധിയുടെ ജീവിതത്തെക്കുറിച്ചും ഘാതകരെക്കുറിച്ചും മുതിർന്നപ്പോൾ വായിച്ചു മനസിലാക്കിയിരുന്നു. 1975 മുതൽ 77 വരെ ഇന്ത്യയിൽ അന്നത്തെ പ്രധാനമന്ത്രി നടപ്പിലാക്കിയ അടിയന്തിരാവസ്ഥയെക്കുറിച്ചും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിൻ്റെ അണികളും അന്നനുഭവിച്ച അതികഠിനമായ തിക്തതകളെ കുറിച്ചും ആഴത്തിൽ വായിച്ചു ബോധ്യപ്പെട്ടത് മുതിർന്നപ്പോഴാണ്.

കുട്ടിക്കാലത്ത് കണ്ട ഇന്ദിരയുടെ ചിത്രങ്ങളോ വിവരണങ്ങളോ ഒന്നും മുതിർന്നപ്പോൾ ഓർമയിലേ ഇല്ലായിരുന്നു. അന്ന് പത്രത്തിൽ കണ്ട ഒരു സിഖുകാരൻ്റെ മുഖം മാത്രം മായാതെ മനസിൽ കിടപ്പുണ്ട്. ഞാനൊരു ചിത്രകാരനായിരുന്നെങ്കിൽ അന്ന് അയാളുടെ മുഖത്തു കണ്ട നിസഹായതയും സങ്കടങ്ങളും മുഴുക്കെ കോറിയിടാനാകുമായിരുന്നല്ലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുമുണ്ട്. ഇന്ദിര വധവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെമ്പാടും കലാപങ്ങൾ നടന്നു. കേരളത്തിൽ, കോഴിക്കോട് ഇന്ദിരാനുകൂലികൾ സിഖുകാരെ തിരഞ്ഞു പിടിച്ചക്രമിച്ചു. ഒരു ചെറുപ്പക്കാരനായ സിഖുകാരൻ്റെ താടി മീശ കലാപകാരികൾ വലിച്ചു പറിച്ച ചിത്രം! മരണഭീതിയോടെ നിസഹായനായി ചോര വാർന്നിറങ്ങുന്ന മുഖവുമായി നിൽക്കുന്ന അയാളെ ഒരിക്കലും മറക്കാൻകഴിഞ്ഞില്ല. അയാളുടെ മുഖം വീണ്ടും തീക്ഷ്ണമായി എന്നിലേക്ക് കയറി വന്നതിനു പിന്നിൽ എൻ.എസ്.മാധവൻ്റെ 'വൻമരങ്ങൾ വീഴുമ്പോൾ' എന്ന കഥയ്ക്കും പങ്കുണ്ട്.

ഇന്ദിര മരിച്ചതിൻ്റ മൂന്നാം നാൾ ആയിരുന്നു അവരുടെ മൃതസംസ്കാരകർമങ്ങൾ. ഒരാഴ്ചക്കാലം ഇന്ത്യ മുഴുവനും ദുഃഖാചരണം നടന്നു. റേഡിയോയിലൂടെ ദു:ഖസാന്ദ്രമായ സംഗീതവും അറിയിപ്പുകളും. എല്ലാ ദിവസവുമിറങ്ങുന്ന പത്രങ്ങളിൽ ഇന്ദിരാവധവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും അഭ്യൂഹങ്ങളും. കളിയിൽ മാത്രം ശ്രദ്ധിച്ച് വികൃതികൾ കാണിച്ചു നടക്കുന്ന ഞങ്ങൾ കുട്ടികളും ഗൗരവത്തിൽ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. അതിനാൽ ഇന്ദിരയുടെ സംസ്കാര ചടങ്ങുകൾ കാണാൻ കാലേകൂട്ടി ഞങ്ങളും മുകുന്ദൻ ഡോക്ടറുടെ വീട്ടു വരാന്തയിൽ സ്ഥാനം പിടിച്ചു. കുട്ടികളും മുതിർന്നവരും പിന്നീട് വന്ന് ബുദ്ധിമുട്ടിക്കാതിരിക്കാൻ വീട്ടുകാർ അന്ന് ഒരുപായം പറഞ്ഞിരുന്നു. ടിവി വാടകയ്ക്കെടുത്തതാണെന്നായിരുന്നു അത്. ആളുകളാരും അതൊന്നും ശ്രദ്ധിച്ചില്ല. എല്ലാവരുടെയും കണ്ണുകൾ ടിവിയിൽ തെളിയുന്ന ഇന്ദിരാഗാന്ധിയുടെ അന്ത്യകർമ ശുശ്രൂഷകളിലാണ്. എല്ലാവർക്കും സംസ്കാരകർമങ്ങൾ വിഷമിപ്പിക്കുന്ന കാഴ്ചകളായിരുന്നെങ്കിലും, പെട്ടിക്കുള്ളിലെ ചലിക്കുന്ന മനുഷ്യരെ കണ്ടപ്പോഴുള്ള കൗതുകം ഞങ്ങളുടെ ഹൃദയങ്ങളിൽ സങ്കടത്തിനൊപ്പം ആഹ്ലാദവും നിറച്ചു. അന്നു മുതൽ ടിവി ഒരു ഭ്രമമായി കൊണ്ടുനടക്കുകയായിരുന്നു ഞാൻ. ആ സ്വപ്നമാണ് മാർപ്പാപ്പയുടെ കേരള സന്ദർശനത്തോടെ യാഥാർത്ഥ്യമായിരിക്കുന്നത്!

കാർഡ്ബോർഡ് പെട്ടി പൊളിച്ച് സുമുഖനെ പുറത്തെടുത്തപ്പോൾ അതിശയം വന്നെന്നെ മൂടിക്കളഞ്ഞു. ഞാൻ അത് തൊട്ടും തലോടിയും ആഹ്ലാദിച്ചു കൊണ്ടേയിരുന്നു. അതിൽ പ്രത്യക്ഷപ്പെടുന്ന ചലിക്കുന്ന മനുഷ്യരെ കാണാനായി പിന്നീടുള്ള കൊതി. അതിനു പിന്നെയും മൂന്നുനാലു ദിവസം കാത്തിരിക്കേണ്ടിവന്നു. വാസുലാൽ ഇലക്ട്രോണിക്സിൽ നിന്ന് ടെക്നീഷ്യൻസ് എത്തിയിരുന്നു. ഞങ്ങളുടെ ആസ്ഥാന ഇലക്ട്രീഷ്യൻ മാടായിയിലുള്ള കുഞ്ഞിരാമേട്ടനുമുണ്ട്. ടിവി ഫിറ്റു ചെയ്യുന്നത് ചില്ലറ കാര്യമല്ലെന്ന് അവരെല്ലാവരും ചേർന്ന് അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് പിടികിട്ടിയത്. അഞ്ചാറാളുകളുടെ കഠിനാധ്വാനത്തിനൊടുവിലാണ് ടിവിയിൽ ശബ്ദവും ചിത്രങ്ങളും കണ്ടുതുടങ്ങിയത്. വീടിൻ്റെ ടെറസിൻ്റെ മുകളിലേക്ക് വലിയ നീളമുള്ള ഇരുമ്പ് പൈപ്പ് വലിച്ചു കയറ്റുന്നു. അതിനറ്റത്തുള്ള ആൻ്റിന ആകാശത്തിൽ തെളിഞ്ഞു നിൽക്കുന്നതിനനുസരിച്ചായിരിക്കും ടിവിയിലെ ചിത്രങ്ങളുടെ മിഴിവെന്ന് കമ്പനിയിൽ നിന്നെത്തിയ ടെക്നീഷ്യൻസ് അച്ഛനോടും സഹായികളായ ചെറുപ്പക്കാരോടും പറയുന്നുണ്ട്. വീടിൻ്റെ ചുറ്റുവട്ടങ്ങളിൽ തെങ്ങ് ഉയരത്തിൽ വളർന്നു നിൽക്കുന്നതുകൊണ്ട് അതിൻ്റെ ഓല വീണ് ആൻ്റിന മറയാതിരിക്കാനാണ് അത്ര ഉയരമുള്ള പൈപ്പ് വേണ്ടി വന്നത്. ടെറസിൻ്റെ കോൺക്രീറ്റ് ഭിത്തിയിൽ ക്ലാമ്പ് അടിച്ച് ആൻ്റിനയുടെ പൈപ്പ് ഉറപ്പിച്ചു. ആൻ്റിന സാവധാനം തലങ്ങും വിലങ്ങും ചലിപ്പിക്കാവുന്ന വിധത്തിലായിരുന്നു അത് ഘടിപ്പിച്ച ഇരുമ്പ് ദണ്ഡ് ഉറപ്പിച്ചിരുന്നത്.

വീട്ടിലിരുന്നുള്ള ടിവി കാഴ്ചകൾ അങ്ങനെ ആരംഭിച്ചു. മഴയൊന്നു ചിണുങ്ങിയാൽ, കാറ്റൊന്നു ഭാവം മാറിയാൽ ഒറ്റ നിലയുള്ള വീടിൻ്റെ മുകളിൽ ഏണി വെച്ച് കയറുക അച്ഛൻ്റെ പതിവായി. ആറാം ക്ലാസിലെത്തിയപ്പോഴേക്കും അച്ഛൻ്റെ ചുമതല ഞാൻ ഏറ്റെടുത്തു. എനിക്കത് ഉത്സാഹമുള്ള കാര്യവുമായിരുന്നു. ആൻ്റിന പതുക്കെ തിരിച്ച് ഞാനും സുഹൃത്തായ ഉണ്ണിയും താഴേക്ക് വിളിച്ചു ചോദിക്കും. താഴെനിന്ന് ചേച്ചിമാർ ഉത്തരം തരും. ക്ലിയറായി എന്ന ഉത്തരം മുകളിൽ കിട്ടുമ്പോഴേക്കും ഞങ്ങൾ അല്പം കൂടി തിരിച്ചിട്ടുണ്ടാകും. അപ്പോൾ അയ്യോ പോയല്ലോ എന്ന മറുപടി കിട്ടും. ഇത് ആഴ്ചയിൽ പല പ്രാവശ്യവും ആവർത്തിക്കും.

മഹാഭാരതം സീരിയൽ അക്കാലങ്ങളിലെ ടിവി ഹിറ്റുകളിൽ ഒന്നായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അതിൻ്റെ പതിവ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു മലയാളം സിനിമ ടിവിയിൽ കാണിച്ചിരുന്നു. മലയാളം ദൂരദർശൻ പരിപാടികൾ അന്ന് അനുസ്യൂതം ലഭിക്കുന്ന കാലമായിരുന്നില്ല. നേരം ഇരുട്ടിയാൽ ബൾബിൻ്റെ ഫിലമെൻ്റ് മാത്രം സ്വിച്ചിട്ടാൽ കാണുന്ന കാലമായിരുന്നു അത്. വോൾട്ടേജ് ക്ഷാമം അതിരൂക്ഷമായിരുന്നു. രാത്രി 9 മണി കഴിഞ്ഞാൽ ഫിലമെൻ്റ് പതുക്കെ പതുക്കെ തെളിയും. വോൾട്ടേജിൻ്റെ ചെറിയ ഉയർച്ചയിൽ ടിവി പ്രവർത്തിച്ചു തുടങ്ങും. ആ സമയത്തെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള വാർത്താവതരണങ്ങൾ ഓർമയിലുണ്ട്. റിനി സൈമൺ എന്നും പിന്നീട് റിനി ഖന്ന എന്ന പേരിലും ഇംഗ്ലീഷിൽ വാർത്ത വായിച്ച അവതാരകയുടെ ശൈലിയും അതിനനുസൃതമായി അവരുടെ മുഖത്തു വരുന്ന ഭാവങ്ങളും ഇംഗ്ലീഷ് ഉച്ചാരണവും അത്ഭുതപ്പെടുത്തിയിരുന്നു. അന്നത്തെ പരസ്യങ്ങളിൽ ഏറ്റവും ഹിറ്റ് വാഷിങ് പൗഡർ നിർമയുടെ പരസ്യമായിരുന്നു. നിർമ, നിർമ, വാഷിങ് പൗഡർ നിർമ ,വാഷിങ് പൗഡർ നിർമ എന്നു തുടങ്ങുന്ന പരസ്യം. ഒരു ചെറിയ പെൺകുട്ടിയായിരുന്നു പരസ്യത്തിൻ്റെ കേന്ദ്രം. ആ കുട്ടിയുടെ മുഖവും അവളുടെ ഓടി വരവും തിടുക്കത്തിലുള്ള വട്ടം കറങ്ങലും..

ടെലിവിഷൻ വന്നതോടെയാണ് ക്രിക്കറ്റ് കളിയുടെ ആരാധകരായി ഞങ്ങൾ മാറുവന്നത്. വീടിനടുത്തുള്ള പി.ഒ.പി. ഹാജിയുടെ ഉടമസ്ഥതയിലുള്ള കണ്ടത്തിൽ അന്നത്തെ കൗമാരക്കാരുടെ ഒരു സംഘം ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. വിനോദ്, ലുക്ക്മാൻ, സുരേഷ് തുടങ്ങിയവരായിരുന്നു അവരിൽ പ്രധാനികൾ. അവർ കളിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും അതിൻ്റെ നിയമ വശങ്ങൾ എനിക്കോ ചങ്ങാതികൾക്കോ വലിയ പിടിയുണ്ടായിരുന്നില്ല. ഫാദർ മാത്യു എടാട്ട് അക്കാലത്താണ് പഴയങ്ങാടി പള്ളിയിൽ ചാർജെടുത്തത്. അന്നദ്ദേഹത്തിന് കഷ്ടി മുപ്പതു വയസുകാണും. അദ്ദേഹം വൈദികനായിട്ട് അധികകാലം ആയിരുന്നില്ല. കുട്ടികളോട് വേഗം അടുപ്പത്തിലാകുന്ന പ്രകൃതക്കാരനായിരുന്നു അച്ചൻ. ശനിയാഴ്ച കാലത്ത് എൻ്റെ തരപ്പടിക്കാരെല്ലാം ഡിസംബറിലെ കുളിരിൽ പോലും രാവിലെ ഏഴു മണിക്കുള്ള കുർബാനയ്ക്ക് പള്ളിയിലേക്ക് ഉത്സാഹത്തോടെ കുതിക്കുമായിരുന്നു. ഭക്തിയായിരുന്നില്ല വിഷയം. കുർബാന കഴിഞ്ഞാൽ അച്ചൻ്റെ മുറിക്ക് പുറത്ത് ഞങ്ങൾ കുട്ടികൾ തമ്പടിക്കും. തംബോല ഗെയിം കാർഡ് അച്ചൻ ഞങ്ങൾക്കെല്ലാവർക്കും നൽകി കളി ആരംഭിക്കും. മൂന്നു വരികളിൽ അയ്യഞ്ച് കള്ളികളിലായി വിവിധ അക്കങ്ങൾ ഉണ്ടായിരിക്കും. കരുക്കളിട്ട ബോക്സിൽ കൈകടത്തി അച്ചൻ അക്കങ്ങൾ ഓരോന്നെടുത്ത് പറയും. കുട്ടികൾ അവരവരുടെ കാർഡുകളിൽ ആ അക്കങ്ങളുണ്ടെങ്കിൽ പെന്നു കൊണ്ട് മാർക്ക് ചെയ്യും. ആദ്യത്തെ കോളം ആരുടേതാണോ പൂർത്തിയാകുന്നത് അവർക്ക് ഒന്നാം സമ്മാനം. പിന്നെ രണ്ടും മൂന്നും കോളങ്ങൾ പൂർത്തിയിക്കുന്നവർക്ക് രണ്ടും മൂന്നും സമ്മാനങ്ങൾ. മൂന്നു കോളങ്ങളും ആദ്യം നിറയുന്നവർക്ക് ബംബർ സമ്മാനം. ഒരിക്കൽ ബംബർ സമ്മാനം കിട്ടിയപ്പോൾ വലിയ ഒരു ചെറിപ്പഴത്തിൻ്റെ പാക്കറ്റ് അച്ചൻ സമ്മാനമായി തന്നു.

മധ്യവേനലവധിക്കാലത്ത് അച്ചൻ കുട്ടികളെയും കൂട്ടി പിക്നിക്കിന് പോവുക പതിവായിരുന്നു. വയനാടും മൈസൂരുമെല്ലാം അങ്ങനെയാണ് ആദ്യമായി കാണുന്നത്. അവധിക്കാലങ്ങളിൽ ചില ദിവസം ഉച്ചകഴിഞ്ഞുള്ള നേരങ്ങളിൽ ടിവിയിൽ അച്ചൻ സിനിമ കാണിച്ചു തരും. പപ്പൻ പ്രിയപ്പെട്ട പപ്പൻ, ഈ ശബ്ദം ഇന്നത്തെ ശബ്ദം, വെള്ളാനകളുടെ നാട്, പൂവിനു പുതിയ പൂന്തെന്നൽ , വിട പറയും മുമ്പേ, അങ്ങനെ എത്രയെത്ര സിനിമകളാണ് അച്ചൻ ഞങ്ങൾക്കു കാണിച്ചു തന്നത്. എൻ്റെ പിതാവും അദ്ദേഹവും പ്രായത്തിന് രണ്ട് തരക്കാരായിരുന്നെങ്കിലും ഇടവക കാര്യങ്ങളുമായി ബന്ധപ്പെട്ട് നല്ല സൗഹൃദത്തിലായിരുന്നു. വല്ലപ്പോഴും അച്ചൻ വീട്ടിൽ വരികയും ചെയ്യും. മാത്യു അച്ചൻ ഒരിക്കൽ വീട്ടിൽ വന്നപ്പോൾ ടിവിയിൽ ഇന്ത്യാ- പാക്ക് മത്സരം തത്സമയ സംപ്രേക്ഷണം നടക്കുന്നുണ്ട്. കടുത്ത ക്രിക്കറ്റ് ഭ്രാന്തനായ അച്ചൻ ടിവി ഓൺ ചെയ്ത് കളി കാണാൻ ആരംഭിച്ചു. ഞാനും ചങ്ങാതി ഉണ്ണിയും അച്ചൻ്റെ അടുക്കൽ ഇരിപ്പുറപ്പിച്ചു.

ക്രിക്കറ്റ് കളിക്കുമെങ്കിലും ഞങ്ങൾക്ക് കളിനിയമങ്ങൾ ഒരു ചുക്കുമറിയില്ലെന്ന് ബോധ്യപ്പെട്ട അച്ചൻ ഞങ്ങളോട് നിയമങ്ങൾ ഓരോന്നായി വിവരിക്കാൻ തുടങ്ങി. ആദ്യത്തെ പറച്ചിലിൽ ഒന്നും തലയിലോട്ടു കേറിയില്ല. പിന്നെ പതിയെ പതിയെ ഞങ്ങൾ ക്രിക്കറ്റ് നിയമങ്ങൾ മിക്കതും പഠിച്ചെടുത്തു. അതൊക്കെ എങ്ങനെ, എപ്പോൾ എന്നെല്ലാം പിൽക്കാലങ്ങളിൽ ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കാറുണ്ട്. അപ്പോഴെല്ലാം മാത്യു അച്ചൻ്റെ മുഖത്തിനപ്പുറത്തേക്ക് ഓർമകൾ വളർന്നില്ല. മീശ എപ്പോൾ കിളിർത്തു എന്ന ചോദ്യത്തിന് ഉത്തരമില്ലാത്തതുപോലെ ക്രിക്കറ്റ് അറിവുകൾ ആധികാരികമായി എങ്ങനെ നേടിയെടുത്തു എന്ന ചോദ്യത്തിൻ്റെ ഉത്തരവും പിടിതരാതെ ഇപ്പോഴും ഒളിച്ചുകളിക്കുന്നു. പക്ഷേ വ്യക്തമായി ഒരു കാര്യം അറിയാം. ആറാം ക്ലാസിലെത്തിയപ്പോഴേക്കും ഞങ്ങൾ മിടുക്കരായ ക്രിക്കറ്റ് കളിക്കാരായി മാറിയിരുന്നു. ബാറ്റ്, സ്റ്റംമ്പ്, ഓവർ, കീപ്പർ, ക്യാച്ച്, ഫോർ, സിക്സർ, റൺ ഔട്ട്, എൽ.ബി. ഡബ്ല്യു, സ്റ്റംമ്പിങ് അങ്ങനെ എത്രയെത്ര സാങ്കേതിക വാക്കുകൾ ഞങ്ങൾ മന:പാഠമാക്കിയിരിക്കുന്നു. തെങ്ങിൻ്റെ ഓലമടലിൻ്റെ തലഭാഗം നന്നായി ചെത്തിമിനുക്കിയതായിരുന്നു ഞങ്ങളുടെ ബാറ്റ്. റബ്ബർ ബോളായിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്. ഹൈസ്കൂൾ ക്ലാസുകളിലെത്തിയപ്പോൾ ടെന്നിസ് ബോളും റബർ കോർക്കും ക്രിക്കറ്റ് കളിയിൽ ഞങ്ങളുടെ സന്തത സഹചാരികളായി തീർന്നു.

ഞാൻ പഠിച്ച വെൽഫേർ സ്കൂളിനടുത്ത് ഒരു ഗവൺമെൻ്റ് തൊഴിൽ വിദ്യാഭ്യാസകേന്ദ്രം അക്കാലത്ത് പ്രവർത്തിച്ചിരുന്നു. ദലിത് വിദ്യാർഥികളുടെ സാങ്കേതികപഠനം ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഗവൺമെൻ്റ് വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. മോഡൽ സ്കൂൾ എന്ന് പൊതുവിൽ സ്ഥാപനം അറിയപ്പെട്ടു. ക്രിക്കറ്റ് കളിയുടെ ആവേശം ഞങ്ങളിൽ മൂത്തു മൂത്തു വന്നപ്പോൾ മരത്തിൻ്റെ ഒരു ബാറ്റ് കിട്ടിയാൽ നന്നായിരുന്നു എന്ന തോന്നൽ എനിക്കും ഉണ്ണിക്കുമുണ്ടായി. ഈ ആഗ്രഹം മനസിലുദിക്കാൻ പറയത്തക്ക കാരണമുണ്ട്. മോഡൽ സ്കൂളിൽ പഠിതാക്കളെ പ്രധാനമായും പഠിപ്പിച്ചത് നെയ്ത്തും ചൂരൽ കസേര മെടയലും ആശാരിപ്പണിയുമാണ്. അവിടെ പഠിക്കുന്നവരെല്ലാം ഞങ്ങൾക്ക് അടുത്തു പരിചയമുള്ളവരാണ്. കാരണം ഞങ്ങളുടെ സ്കൂൾ അതിനോട് ചേർന്നായിരുന്നു. കളിക്കാൻ വിടുമ്പോഴെല്ലാം മോഡൽ സ്കൂളിൻ്റെ വരാന്തയിലേക്ക് ഞങ്ങൾ പാഞ്ഞെത്തും. സ്കൂളിൻ്റെ നീളത്തിൽ കിടക്കുന്ന ചുറ്റോടുച്ചറ്റുമുള്ള വരാന്ത കുട്ടികളുടെ ദൗർബല്യമായിരുന്നു.

ആദ്യമായി ഒരു പ്രണയരംഗത്തിന് സാക്ഷിയായത് ഈ വരാന്തയിൽവെച്ചായിരുന്നു. മോഡൽ സ്കൂളിന്‍റെ നീളൻ വരാന്തയിലൂടെ ഒരിക്കൽ ഓടിക്കളിക്കുകയായിരുന്നു ഞാൻ. അതിനിടെ തല തെറ്റിച്ച് മോഡലിനുള്ളിലേക്ക് നോക്കിയപ്പോൾ അന്നു വരെ പരിചിതമല്ലാതിരുന്ന ഒരു കാഴ്ച കാണുകയുണ്ടായി. എനിക്ക് സുപരിചിതരായ രണ്ടു പേർ അടുത്തടുത്തു നിൽക്കുന്നു. പെൺകുട്ടി വിങ്ങിവിങ്ങി കരയുകയാണ്. ആണൊരുത്തൻ അവരുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ കൈകൾ കൊണ്ട് സ്നേഹത്തോടെ തുടച്ചു കളയുന്നു. ഹൈസ്കൂൾ ക്ലാസിലേക്ക് മുതിർന്നപ്പോഴാണ് പണ്ട് ഞാൻ സാക്ഷിയായത് മനോഹരമായ ഒരു പ്രണയ സന്ദർഭത്തിനായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. പിന്നീട് വിവാഹിതരായ അവരെ മുതിർന്നപ്പോൾ പലപ്പോഴായി കണ്ടുമുട്ടിയിരുന്നു. അപ്പോഴെല്ലാം ചെക്ക് ഷർട്ടും മുണ്ടും ധരിച്ച, കട്ടി മീശയും കറുപ്പുനിറവുമുള്ള സുന്ദരനായ ആ ചെറുപ്പക്കാരനും ചുവന്ന ബ്ലൗസും കാഞ്ചിപുരം പാവാടയും അണിഞ്ഞ വെളുത്തു സുന്ദരിയായ പെൺകുട്ടിയും ഓർമയുടെ പഴയ ഫ്രെയിമിൽ നിന്ന് ചാടിത്തുള്ളിവന്ന് കാഴ്ചയിൽ നിറയും.

അക്കാലങ്ങളിൽ മനസ് നിറയ ക്രിക്കറ്റായിരുന്നു. ടിവിയിൽ ക്രിക്കറ്റുണ്ടെങ്കിൽ പരീക്ഷയോടു പോലും സുല്ലു പറഞ്ഞ് കളി കാണാൻ നിൽക്കുന്ന കാലം. സുനിൽ ഗാവാസ്കറും കൃഷ്ണമാചാരി ശ്രീകാന്തുമായിരുന്നു ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട്. നവ്ജ്യോത് സിങ് സിദ്ദു ,ദിലീപ് വെങ്സർക്കാർ, മുഹമ്മദ് അസ്റുദീൻ, രവിശാസ്ത്രി, കപിൽദേവ്, ചേതൻ ശർമ, ഗുണ്ടപ്പ വിശ്വനാഥ് ,റോജർ ബിന്നി, മദൻലാൽ,മനീന്ദർ സിംഗ് ഇവരെയെല്ലാം ആരാധിച്ചു നടന്നിരുന്ന കാലമായിരുന്നു ഞങ്ങളുടെ ഹൈസ്കൂൾ കാലം. പാകിസ്താനും ഓസ്ട്രേലിയയും വെസ്റ്റിൻഡീസുമെല്ലാം നിരവധി പ്രഗത്ഭ കളിക്കാരുള്ള ടീമുകളായിരുന്നു. വിവിയൻ റിച്ചാർഡ്സ് , കോട്നി വാൽഷ്, ജെഫ് മാർഷ് , ബൂൺ, അലൻ ബോർഡർ, ബ്രൂസ് റീഡ്, ഇമ്രാൻ ഖാൻ, ജാവേദ് മിയാൻദാദ്, അബ്ദുൾ ഖാദർ ഇങ്ങനെ എത്രയെത്ര പ്രതിഭകളെ ഞങ്ങൾ കണ്ണിമയ്ക്കാതെ നോക്കിയിരുന്നിട്ടുണ്ട്. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ഒരു ഏകദിന മത്സരത്തിൽ ചേതൻ ശർമ്മ എറിഞ്ഞ അമ്പതാം ഓവറിലെ അവസാന പന്ത് സിക്സറിനു പറത്തി വിജയം തട്ടിപ്പറിച്ച മിയാൻ ദാദ് കൈകൾ ആകാശത്തിൽ വിരിച്ച് ബാറ്റ് ഉയർത്തി ആഹ്ലാദിച്ചപ്പോൾ കരഞ്ഞു വീർത്ത കണ്ണുകളുമായി പവലിയനിലേക്ക് മടങ്ങിയ ചേതൻ ശർമ്മയെന്ന താടിക്കാരൻ ചെറുപ്പക്കാരനൊപ്പം ഞങ്ങളും അന്ന് കരഞ്ഞു.

മനസിൽ ക്രിക്കറ്റിൻ്റെ ഭൂതകാലം വന്നു നിറയുമ്പോൾ ആഹ്ലാദത്തിനൊപ്പം വേദനയുടെ പുകച്ചിലും ഉള്ളിൽ അനുഭവപ്പെടുന്ന ഒരു സന്ദർഭമുണ്ട്. ഞങ്ങളുടെ ഹൈസ്കൂൾ കാലത്ത് ഇന്ത്യൻ ടീമിൽ ഓപ്പണറായും വൺ ഡൗണായും ഒരു ചെറുപ്പക്കാരൻ വന്നുംപോയുമിരുന്നു. രമൺ ലാംബ എന്നായിരുന്നു ആ ഇടങ്കയ്യൻ ബാറ്ററുടെ പേര്. രമൺലാംബയുടെ ആരാധകനായിരുന്ന ഞാൻ അയാളുടെ ഭാവഹാവാദികൾ അനുകരിച്ച് ക്രീസിൽ പെരുമാറാൻ ഞാൻ ശ്രമിച്ചിരുന്നു. രമൺലാംബയുടെ അന്ത്യം ദാരുണമായിരുന്നു. ക്രിക്കറ്റിനെ സ്നേഹിച്ച ആ മനുഷ്യൻ ഗ്രൗണ്ടിൽ വെച്ച് ബാറ്റ്സ്മാൻ അടിച്ചു പറത്തിയ പന്ത് തലയിൽ കൊണ്ട് മാരകമായി ക്ഷതമേറ്റു മരിക്കുകയായിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആയുഷ്കാലത്തൊരിക്കലും മറക്കാത്ത ഒരു സംഭവമുണ്ടാകുന്നത്. മട്ടൽക്കണ (മടൽ) യാണ് നിലവിൽ ഇന്ദ്രജാലം കാട്ടാൻ അന്ന് ആകെയുള്ള ആയുധം. ഞാനും ഷാജി കെയും ഷാജി പിയും ഷൈനിലും മാടായി ബോയ്സ് ഹൈസ്കൂളിൽ എട്ടാംതരക്കാർ. അജയൻ പുതിയങ്ങാടി ജമായത്തിൽ. ഷാജി കോട്ടോളത്തും ഉണ്ണിയും മണിയും നികേഷും നിഷാദും വെങ്ങര വെൽഫെയറിൽ. പഴയങ്ങാടിയിൽ അന്ന് സീക്മി എന്ന പേരിൽ ഒരു സ്പോർട്സ് കടയുണ്ട്. അവിടെ പല തരത്തിലും വിധത്തിലുമുള്ള ബാറ്റുകൾ വഴിയേ പോകുന്നവർക്ക് കാണത്തക്കവിധം നിരത്തിവെച്ചിട്ടുണ്ട്. അതിൽ ബിഡിഎം, വിനക്സ് തുടങ്ങിയ ബാറ്റുകളിലാണ് ഞങ്ങളുടെ കണ്ണ്. എല്ലാ വൈകുന്നേരങ്ങളിലും ബാറ്റുകളിൽ കണ്ണുടക്കി കൊതിവിട്ട് ഞങ്ങൾ എരിപുരം സ്കൂളുകാർ വീടുപിടിക്കും. അഞ്ചു മണിയോടടുക്കുമ്പോൾ മൈതാനത്തിൽ ഒത്തുചേരും. അവിടെ വച്ച് സീക്മിയിൽ കണ്ട ബാറ്റുകളുടെ ചന്തം മറ്റുള്ളവരെ വർണിച്ചു കേൾപ്പിക്കും.

നല്ലൊരു ബാറ്റു വാങ്ങണം, സ്റ്റംമ്പ് വേണം. ആഗ്രഹം വളർന്നു വളർന്ന് മട്ടക്കണക്കളി ഞങ്ങൾക്ക് അസഹനീയമായിരിക്കുന്നു. ആഗ്രഹനിവൃത്തിക്കുള്ള ആലോചനകൾ ശക്തമായി. ഞങ്ങൾ ചങ്ങാതികൾ അങ്ങനെ ഒരു ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. ചിൽഡ്രൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. ചില്ലറത്തുട്ടുകൾ കഷ്ടപ്പെട്ട് ശേഖരിച്ച് നല്ല ഒരു നോട്ടുപുസ്തകം ഞങ്ങൾ വാങ്ങി. ഉരുണ്ട എഴുത്തുകാരൻ ഒരാൾ, നല്ലവരായ നാട്ടുകാർ സംഭാവനകൾ നൽകി ക്ലബ് പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്ന് അതിൽ കുനുകുനെ എഴുതി. മൈതാനം ഉപേക്ഷിച്ച് വൈകുന്നേരങ്ങളിൽ നോട്ടുപുസ്തകവുമായി വെങ്ങര ചൈനാക്ളേറോഡിൽ ഇരകളെ കാത്ത് ഞങ്ങൾ സാകൂതം നിന്നു. ചില്ലറത്തുട്ടുകൾ കിട്ടിത്തുടങ്ങി. അതിനിടെ പലതവണ സീക്മിയിൽ കയറിയിറങ്ങി ബാറ്റിനും സ്റ്റംമ്പിനും വില എത്ര വരും എന്നു ചോദിച്ചു തിട്ടപ്പെടുത്തി. ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും കുതിക്കുകയാണ്. ഉദ്യേശിച്ച നിലയിൽ സംഭാവനകൾ കൂമ്പാരമാവുന്നുമില്ല. ഷൈനിലാണ് സാങ്കേതികമായി ഖജാൻജിയെങ്കിലും പണം എണ്ണി സായൂജ്യമടയാനുള്ള കൊതികൊണ്ട് ഓരോ ദിവസം ഓരോരുത്തർ ഖജാൻജിയായി.

ഇതും കടന്നു പോകും, നല്ലകാലം വരും എന്നാണല്ലോ മനുഷ്യജീവിതത്തെ സംബന്ധിച്ച ജനപ്രിയമായ തത്വചിന്ത. ഞങ്ങളുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തി സമ്മോഹനമായ ഒരു വൈകുന്നേരം വന്നെത്തി. സ്കൂൾ വിട്ടു വന്നതേ ചൈനാക്ളേ റോഡിൽ പിരിപ്പിക്കാൻ ഒത്തൊരുമിച്ചു നിൽക്കുകയാണ് ഞങ്ങൾ. സമയം അല്പം കഴിഞ്ഞിരിക്കുന്നു. അപരിചിതനായ ഒരാൾ റോഡരികിൽ നിൽക്കുന്നത് ഞങ്ങൾ കാണുന്നുണ്ട്. പരിചയക്കാരോട് മാത്രം സംഭാവന പിരിച്ചു പരിചയമുള്ള ഞങ്ങൾക്ക് അയാളെ പിഴിയാൻ ഒരു സങ്കോചം. കൂട്ടത്തിൽ ബഹിർമുഖനായ ഷൈനിൽ പക്ഷേ വിട്ടില്ല. അവൻ നിർബന്ധിച്ച് ഞങ്ങളെയും കൂട്ടി അയാൾക്കരികിലെത്തി. നോട്ടുപുസ്തകത്തിൽ എഴുതിയത് അയാൾ സശ്രദ്ധം വായിച്ചു. എത്ര പൈസ ആകെ വേണ്ടി വരുമെന്ന് എല്ലാവരോടുമായി ആ ചെറുപ്പക്കാരൻ ചോദിച്ചു. കണക്കു കൂട്ടി കൂട്ടി ആയിരത്തിൽ ഞങ്ങൾ ഉറപ്പിച്ചു. ക്ളേ ഫാക്ടറിയിൽ നിന്ന് ക്ളേ കൊണ്ടുപോകാൻ വന്ന തമിഴ് നാട്ടിലെ കമ്പനിയുടെ സൂപ്പർവൈസറാണ് താനെന്ന് പരിചയപ്പെടുത്തിയ അയാൾ പുസ്തകത്തിൽ നിന്ന് ഒരു പേപ്പർ കീറിയെടുക്കട്ടെ എന്ന് സവിനയം ചോദിച്ചു. അയാൾ മനസിൽ എന്തോ കണ്ടിട്ടുണ്ടെന്ന് മനസിലാക്കിയ ഞങ്ങൾ പേപ്പർ കീറി നൽകി.

സ്കൂളിനരികെ ബാങ്കുണ്ടോ എന്ന് അദ്ദേഹം അന്വേഷിച്ചു. കാനറാ ബാങ്കുണ്ടല്ലോ എന്ന് മാടായി സ്കൂളുകാർ കോറസായി. അയാൾ കീറിയെടുത്ത പേപ്പർ എഴുതി മുഴുപ്പിച്ച് ഞങ്ങളുടെ നേർക്ക് നീട്ടി. അതിൽ എഴുതിയിരിക്കുന്നത് വായിച്ച് ഞങ്ങളുടെ മനസ് ആകാശം മുട്ടെ ആഹ്ളാദിച്ചു.

പ്രിയ മാനേജർ സാർ,
ഈ വരുന്ന കുട്ടികൾ എനിക്ക് വേണ്ടപ്പെട്ടവരാണ്. അവർക്ക് ക്രിക്കറ്റ് കളിക്കാൻ നല്ലൊരു ബാറ്റില്ല. മറ്റു വകകളും വേണം. എന്റെ അക്കൗണ്ടിൽ നിന്ന് ഇതിലേക്കായി ആയിരം രൂപ അനുവദിച്ചു നൽകുക. സാറിന് സുഖമെന്നു കരുതുന്നു.
എന്ന്,
പേര്
ഒപ്പ്

പേപ്പറിലെ ഉള്ളടക്കം ഇതായിരുന്നു. പിന്നെ ഞങ്ങൾ പിരിച്ചില്ല. അന്ന് രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. സീക്മി മനസിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. നേരം ഒന്നു വെളുത്തുകിട്ടിയിരുന്നെങ്കിൽ എന്ന് മനസ് തിടുക്കം വെച്ചു. എല്ലാവർക്കും ഇതേ പ്രതീതിയായിരുന്നു. ഒമ്പതു മണി ആയപ്പോഴേക്കും ഞങ്ങൾ എരിപുരത്തെത്തി. ബാങ്ക് തുറന്നിട്ടില്ല. സ്കൂളിൽ പത്തു മണിക്ക് ക്ലാസ് തുടങ്ങുകയും ചെയ്യും. പഠിപ്പിക്കില്ലെങ്കിലും കുട്ടികളോട് പരാക്രമം കാണിക്കാൻ മൽസരിക്കുന്ന അധ്യാപഹയൻമാർ അന്നവിടെ ഒന്നിലധികമുണ്ടായിരുന്നു. കൃത്യസമയത്ത് ക്ലാസിൽ കയറിയില്ലെങ്കിൽ അടി ഊടുപാടു കിട്ടും. അതുകൊണ്ട് എന്തു ചെയ്യുമെന്ന് ഞങ്ങൾ പലപാട് ആലോചിച്ചു. ഇൻറർവെൽ സമയത്ത് ബാങ്കിലേക്ക് ഒന്നു കുതിച്ചു. അവിടെ പൂരത്തിനുള്ള ആളുകൾ. ഷൈനിലാണ് നേതാവ്. ആളുകളോട് കേറി ഇടപെടാൻ അവന് സ്വതവേ വിരുതുണ്ട്. ഞാനും ഷാജിയും അനുയായികൾ. ഉച്ചയ്ക്കു ബെല്ലടിച്ചതേ ചോറു പോലും ഉണ്ണാതെ ഞങ്ങൾ വീണ്ടും ബാങ്കിൽ മുഖം കാണിച്ചു.

കുട്ടികൾ വന്നും പോയുമിരിക്കുന്നതിൽ അസഹിഷ്ണുവായ പ്യൂൺ കാര്യമാരാഞ്ഞതേ കയ്യിൽ കരുതിയ കടലാസു നീട്ടി മാനേജരെ കാണണമെന്നായി ഷൈനിൽ. അയാൾ അനുവദിക്കും മുമ്പേ മാനേജരുടെ ആളൊഴിഞ്ഞ ക്യാബിനിലേക്ക് ഷൈനിൽ കയറി. പരുങ്ങലോടെ ഞങ്ങളും. അമിത ആത്മവിശ്വാസം കൊണ്ട് അല്പം അഹങ്കാരവും ഞങ്ങളുടെ മുഖത്തുണ്ടായിരുന്നിക്കണം. പടർത്തിയിട്ട മുടി കുലുക്കി കടലാസ് മാനേജരുടെ നേർക്ക് നീട്ടി നമ്മള പൈസ കൊണ്ടാ എന്നായി ഷൈനിൽ. മാനേജർ അത് വാങ്ങി വായിച്ച് ഞങ്ങളെ നോക്കി ഊറിച്ചിരിച്ചു. പോലീസ് സ്റ്റേഷൻ അടുത്തുണ്ട്, വിളിക്കട്ടെ എന്ന് ഗൗരവം ഭാവിച്ചു. പോലീസിനെ മരണപ്പേടിയായിരുന്ന എന്റെ ജീവൻ പോയി. കാലും കൈയ്യും തളരുന്ന പോലെ. ഷാജിയുടെയും അവസ്ഥ ഇതു തന്നെയായിരുന്നു. എങ്ങനെയെങ്കിലും സ്കൂളിൽ എത്തിയാൽ മതിയെന്ന അവസ്ഥ പക്ഷേ ഷൈനിൽ വിടാൻ ഭാവമില്ല. അർഹതപ്പെട്ടത് കിട്ടിയേ പോവൂ എന്ന് മാനേജരോട് കൊമ്പുകോർക്കുകയാണ് അവൻ. നമ്മുടെ നിഷ്കളങ്കത ചെറുപ്പക്കാരൻ മാനേജർക്ക് പെട്ടെന്നു പിടി കിട്ടി. ഇത് വെറും കടലാസാണെന്നും അയാൾ നിങ്ങളെ സമർത്ഥമായി പറ്റിക്കുകയായിരുന്നെന്നും മാനേജർ ഞങ്ങളെ ബോധ്യപ്പെടുത്തി. ചെക്ക്, ഡ്രാഫ്റ്റ് തുടങ്ങിയ പേരുകൾ അന്നാദ്യമായി ഞങ്ങൾ കേട്ടു. അന്താളിപ്പിനിടയിൽ കൊടുത്ത പേപ്പർ തിരികെ വാങ്ങാതെ ഇറങ്ങിയത് അതിലും പൊല്ലാപ്പായി. ഉച്ചകഴിഞ്ഞുള്ള മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങുകയാണ്. ഞങ്ങളുടെ ഹൃദയങ്ങൾ കീറി മുറിക്കപ്പെട്ടിരിക്കുന്നു. സ്കൂൾ വിട്ടതേ ക്ളേ സൂപ്പർവൈസറെ അറിയാവുന്ന തെറികൾ വിളിച്ച് മാടായിപ്പാറയിറങ്ങി ഞങ്ങൾ വീടെത്തി.

എന്നാൽ, വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാരായിരുന്നില്ല. പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് എല്ലാവരും ഒന്നായി വീണ്ടും ചൈനാ ക്ളേറോഡിൽ തമ്പടിച്ച് പിരിവ് പുനരാരംഭിച്ചു. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയെങ്കിലും കുറച്ചു മാസങ്ങൾക്കൊടുവിൽ മോഹിച്ച ബാറ്റുകളിൽ ഒന്ന്, വിനക്സ് ഞങ്ങൾ സ്വന്തമാക്കി. സൂപ്പർവൈസർ ചെറുപ്പക്കാരൻ അന്ന് തന്ന എട്ടിന്റെ പണി ഹൃദയം മുറിച്ചെങ്കിലും മുന്തിയ പൊഞ്ഞാറ് (നൊസ്റ്റാൾജിയ) നൽകി കൂടെ നിൽക്കുന്ന ഓർമയാകുന്നു ഇന്ന് ഈ പറ്റിപ്പ്. ഇപ്പോൾ വയസനായിരിക്കുന്ന അന്നത്തെ ചെറുപ്പക്കാരാ, അപരിചിതനായ താങ്കൾ എവിടെയാണെങ്കിലും നീണാൾ വാഴട്ടെ എന്ന് ഇന്ന് ഹൃദയം ചിരിക്കുന്നു.