അമ്മയുടെ ആണ്ടായിരുന്നു. ബലിയിട്ടത് തറവാട്ടിലാണ്. നനഞ്ഞ കൈ കൊട്ടുമ്പോള്‍ ഒരു കരിങ്കാക്ക ഓലക്കയ്യില്‍ വന്നിരുന്നു. ഞാനതിനെ സൂക്ഷിച്ചുനോക്കി. ഏതോ കൂട്ടില്‍ മുട്ട വിരിഞ്ഞ്, എവിടെല്ലാമോ ചിക്കിപ്പെറുക്കി ചിറകുറച്ച ഒരു പാവം ബലിക്കാക്ക. അത് പേടിച്ചു പേടിച്ചു വന്ന് വാഴയിലയിലെ ചോറുരുള ഒരു കൊത്തു കൊത്തി. എവിടേയ്‌ക്കോ പാറിപ്പോയി.

To advertise here,

ബലിയിടല്‍ പൂര്‍ത്തിയായി. രക്തബന്ധു നനഞ്ഞ കൈകള്‍ കൊട്ടുന്ന ഒച്ച മരണത്തിന്റെ നീലനദിയ്ക്കപ്പുറത്തെവിടെയോ പ്രതിധ്വനിക്കുന്നു. അതുകേട്ട് ചിറകാഞ്ഞു വീശിക്കൊണ്ട് ഒരാത്മാവു പുറപ്പെടുന്നു. കൂട്ടില്‍ നിന്നു തീറ്റ തേടിയിറങ്ങുന്ന ഒരു കരിങ്കാക്കയിലാവേശിക്കുന്നു. ഉറ്റവര്‍ സമര്‍പ്പിക്കുന്ന ബലിപിണ്ഡത്തില്‍ നിന്നൊരു വറ്റ് അതിന്റെ പരലോകവിശപ്പാറ്റുന്നു, ഓട്ടക്കണ്ണിട്ടു നോക്കി അത് പ്രിയപ്പെട്ടവരെ കാണുന്നു.. പിന്നെ പരോള്‍ കഴിഞ്ഞ ജയില്‍പ്പുള്ളിയെപ്പോലെ കാക്കയില്‍ നിന്ന് വിഘടിച്ച് തിരികെ ഏതോ രസാതല നിഗൂഢതയിലേയ്ക്ക് പിന്‍വാങ്ങുന്നു. ഹൊ! മനുഷ്യഭാവന തരണം ചെയ്യാത്ത ഏതു വൈതരണിയാണുള്ളത്! പക്ഷേ, ഭാവനയാല്‍ ലഘൂകരിക്കപ്പെടാത്ത വേദനയാണ് മരണം!

കൊയ്യാറായ വയലുകള്‍ക്കിടയിലൂടെ നടന്ന് അരിപ്പൂവും കാട്ടുതെച്ചിയുമുള്ള ഇടുങ്ങിയ കാട്ടുവഴിയിലൂടെ കുന്നു കേറിച്ചെന്നാല്‍ നടവഴി മാത്രമുള്ള തറവാട് വകയായ കുറച്ചു ഭൂമിയുണ്ടായിരുന്നു. അമ്മമ്മയുടേതാണ്. ഇവിടെ വരുമ്പോള്‍ വെറുതെയൊന്നവിടെയും പോവും. കുട്ടികളും മുതിര്‍ന്നവരുമെല്ലാരുമായി അവിടേയ്ക്കുള്ള യാത്രയില്‍ പതിയെ കാക്കയെ മറന്നു. അതോര്‍മ്മിപ്പിച്ച വലിയ സങ്കടം മറന്നു. കുട്ടിയെ ജീവിതം അതിന്റെ മായകളിലേയ്ക്ക് പിടിച്ചണച്ചു.. 

വക്കത്തേയ്ക്കു തിരികെച്ചെല്ലുമ്പോള്‍ സന്ധ്യയായിരുന്നു. ഇവിടെ ആളില്ലെങ്കില്‍ അടുത്ത വീട്ടിലാണ് പാല്‍ക്കാരന്‍ പാലേല്‍പ്പിച്ചു പോവുക. കുട്ടികളാരെങ്കിലും പോയി വാങ്ങിക്കൊണ്ടുവരണം. അന്നത്തെ ഡ്യൂട്ടി എന്റേതാണ്. അന്ന് എട്ടില്‍ പഠിക്കുകയാണ്. ചെറിയൊരു സ്റ്റീല്‍ തൂക്കുപാത്രവും കിലുക്കിക്കൊണ്ട് ഞാന്‍ അവിടേയ്ക്കു നടന്നു. 

അപ്രതീക്ഷിതമായുണ്ടാവുന്ന ഭയത്തിന്റെയോ പരിഭ്രമത്തിന്റെയോ സന്ദര്‍ഭങ്ങള്‍ പിന്നീട് ചിലപ്പോള്‍ കൃത്യമായോര്‍ക്കാനോ വിവരിക്കാനോ നമുക്കു സാധിക്കുകയില്ല. എന്താണെന്ന് ബുദ്ധി പോലും തിരിച്ചറിയും മുമ്പേ പ്രതികരണം സംഭവിച്ചിരിക്കും. അങ്ങനെയൊന്നാണ് അരണ്ട വെളിച്ചത്തില്‍ എന്നെ കാത്തിരുന്നത്.

ഗേറ്റിനരികിലെത്തിയപ്പോള്‍ പെട്ടെന്ന് എന്തിന്റെയോ മേല്‍ ചവിട്ടിയതായിത്തോന്നി. ആ ക്ഷണം സൂചി തറച്ചപോലൊരു തീക്ഷ്ണമായ വേദന തള്ളവിരലിനു മുകളിലായനുഭവപ്പെട്ടു. ഒപ്പം എന്തോ എന്റെ കാലില്‍ അതിവേഗതയില്‍ വരിഞ്ഞു ചുറ്റി.

എന്താണെന്നു പോലും മനസ്സിലാവും മുന്നേ വെപ്രാളത്തില്‍ കാലു കുടയുകയാണ് ചെയ്തത്. ചുറ്റുകളഴിഞ്ഞ് ഒരു നീളന്‍ പാമ്പ് മതിലില്‍ പോയിടിച്ച് നിലത്തുവീണു. വളഞ്ഞു പുളഞ്ഞ് അപ്രത്യക്ഷമായി.

ലോകമാകെ മഞ്ഞ വെളിച്ചത്തില്‍ മുങ്ങിയ ആ സന്ധ്യയില്‍ കയ്യിലൊരു തൂക്കുപാത്രവുമായി ഞാന്‍ സ്തംഭിച്ചു നിന്നു. ഒരു പാമ്പ് കൊത്തിയിരിക്കുന്നു കാലില്‍. ചോരയുടെ ഒരു തുള്ളി തള്ളവിരലില്‍ നിന്ന് താഴെ മണലിലേയ്ക്ക് ഉരുണ്ടു വീണു. ഉടഞ്ഞു പരന്നു.

ഒരു നിമിഷം പകച്ചുനിന്ന ശേഷം ഞാന്‍ വീട്ടിലേയ്ക്കു തിരിച്ചോടി. യാത്ര കഴിഞ്ഞു വന്ന് ടി.വി പരിപാടിക്ക് മുന്നിലിരുന്ന മറ്റുള്ളവരോടായി പ്രഖ്യാപിച്ചു, 'എന്നെയൊരു പാമ്പ് കടിച്ചു.' യാത്രാക്ഷീണം ക്ഷണത്തില്‍ വിസ്മരിക്കപ്പെട്ടു. കളി പറയുകയാണെന്ന സംശയം ചോരയിറ്റുന്ന തള്ളവിരല്‍ പരിഹരിച്ചു. രംഗം മാറുകയാണ്.

വരാന്തയിലെ സ്റ്റീല്‍ക്കൈവരിയോടു ചേര്‍ത്തിട്ട മരക്കസേരയില്‍ ഞാനിരുന്നു. ചുറ്റും എന്തൊക്കെയോ നടക്കുന്നുണ്ടായിരുന്നു. അപ്പുറമിപ്പുറമുള്ളവരൊക്കെ ഓടിയെത്തി. ഒരു പഴയ സാരി നീളത്തില്‍ കീറി കണങ്കാലില്‍ ആരോ മുറുക്കെ ഒരു കെട്ടുകെട്ടി. ഒരു ജീപ്പ് മണല്‍മുറ്റത്തു വന്നു നിന്നു. പാമ്പിനെ കണ്ടെത്തിയിരുന്നു. അത് മതിലരികിലൂടെ അല്‍പ്പമിഴഞ്ഞ് ഇടവഴിയില്‍ത്തന്നെ പുല്ലുകള്‍ക്കിടയില്‍ ക്ഷീണിതനായി കിടക്കുകയായിരുന്നു. തലയ്ക്കു കിട്ടിയ ചവിട്ടും, മതിലിലേയ്ക്കുള്ള കുടഞ്ഞെറിയലും അതിനെ അവശമാക്കിയിരുന്നു. ആളുകള്‍ നാഗശ്രേഷ്ഠനെ നിസ്സാരമായി വളഞ്ഞു നിന്നടിച്ചു കൊന്നു.

കണ്ടു പരിചയമുള്ളവരും ഇല്ലാത്തവരുമെല്ലാം ഉണ്ടായിരുന്നു ആള്‍ക്കൂട്ടത്തില്‍. ജംഗ്ഷനിലെ ബേക്കറിക്കു മുന്നില്‍ സ്ഥിരം പോസ്റ്റുകളായ ചേട്ടന്‍മാര്‍, രാവിലെ സ്‌ക്കൂളില്‍പ്പോവാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ കമന്റടിക്കുന്ന കോഴിവാല്‍മുടിയുള്ള പൂവാലന്‍, അയല്‍വീട്ടിലെ മാമന്‍, അമ്പലത്തില്‍ പൂ കെട്ടുന്ന അമ്മൂമ്മ... അതില്‍ ചിലര്‍ക്ക് പാമ്പേതു വിഭാഗമാണെന്നറിയാനുള്ള ''പൂവു പോലുള്ളൊരോമനക്കൗതുകം!'

ഒരു വിദഗ്ധന്‍ പാമ്പിന്റെ ബോഡി പരിശോധിച്ചു. ചാരനിറത്തില്‍ വെള്ള ഡയമണ്ടുകള്‍.' വെള്ളിക്കെട്ടന്‍!' അയാള്‍ അതിഗൗരവത്തോടെ മൊഴിഞ്ഞു. 'കൊടുംവിഷം, അന്തിനേരം. വിഹാരസമയം..' ആകാശത്തേയ്ക്കു നോക്കി അയാള്‍ നെടുവീര്‍പ്പിടുമ്പോള്‍ ഞാന്‍ ജീപ്പിലേയ്ക്കു കയറി. 'ആ കൊച്ചു കേള്‍ക്കണ്ടാ' ആരോ പിറുപിറുത്തു.

ആശുപത്രിയിലേയ്ക്കുള്ള യാത്രയാരംഭിച്ചു. വല്യമ്മയുണ്ട്, വല്യച്ഛന്‍ എത്തിയിരുന്നില്ല. പിന്നെ തൊട്ടപ്പുറത്തെ വീട്ടിലെ ചേട്ടന്‍, മുഖപരിചയമുള്ള മറ്റു ചിലര്‍. ജീപ്പ് ഫുള്‍. സ്ഥലമില്ലാത്തതു കൊണ്ട് പൂവാലന്‍ അതിന്റെ പിന്നിലെ കമ്പിയില്‍ കേറി തൂങ്ങി നിന്നു. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകന്റെ റോളിലായതിനാല്‍ മുഖത്ത് ഗൗരവം.

ഞാന്‍ എന്റെ പാദത്തിലേയ്ക്കു നോക്കി. ചെറുതായി നീരു വെച്ചിട്ടുണ്ട്. ഇപ്പൊഴും ചോര പൊടിയുന്നുണ്ട്. കടിയേറ്റിടത്ത് വേദനയുണ്ടായിരുന്നു. അസഹ്യമല്ല. മരവിപ്പുണ്ടോ, തരിപ്പുണ്ടോ എന്നെല്ലാം ഇടവിടാതെ ചോദ്യശരങ്ങളുയര്‍ന്നപ്പോള്‍ എനിക്കും സംശയമായി. ചെറിയൊരു തരിപ്പ് പാദത്തില്‍ നിന്നിഴഞ്ഞ് മുറിവു കലയുള്ള മുട്ടിനെ വട്ടംചുറ്റുന്നുണ്ടോ.? കുഞ്ഞുവിരലിന്റെ അറ്റത്തു നിന്ന് നേരിയൊരു മഞ്ഞല കണങ്കാലിനെ മരവിപ്പിച്ചു കൊണ്ട് പടര്‍ന്നു കയറുന്നുണ്ടോ?
ശരിക്കും വേദന കൂടി വരുന്നുണ്ടോ?

എന്തായിരുന്നു അപ്പൊഴത്തെ മാനസികാവസ്ഥ? തീര്‍ച്ചയായും പേടിയുണ്ട്. പക്ഷേ വേദന അധികമില്ലാത്തതിനാല്‍ കൂളായിരിക്കുന്നു. പുറത്തേയ്ക്കു നോക്കുമ്പോള്‍ പതിവുവഴികള്‍ക്ക് പതിവുദൃശ്യങ്ങള്‍ക്ക് അപരിചിതത്വം കലര്‍ന്ന പുതുമ! ഇനി ഇതെല്ലാം കാണാനാവുമോ? ഈ യാത്രയുടെ പര്യവസാനം എങ്ങനെയായിരിക്കും?

മരണം മകുടിയൂതിക്കൊണ്ട് മുന്നിലിരിക്കുന്നു. മൂടിയുയര്‍ത്തിയ പനയോലവട്ടിയില്‍ നിന്നു തലപൊക്കിയ സര്‍പ്പത്തെപ്പോലെ മനസ്സ് ചാഞ്ചാടുന്നു.
അജ്ഞാതമായ ഒരു വിഷാദം എന്നെ ദംശിച്ചു. ഞാന്‍ മൗനിയായി. ശില പോലുറഞ്ഞ നിര്‍വ്വികാരതയ്ക്കുള്ളിലിരുന്ന് ഞാന്‍ പുറംലോകത്തെ വീക്ഷിച്ചു. എന്റെ ശരീരഭാഷ നിസ്സംഗതയുടേതായിരുന്നു.
അത് മറ്റുള്ളവരെ അദ്ഭുതപ്പെടുത്തി.

പോകും വഴി ഒരു ഡോക്ടറുണ്ട്. അവിടെയൊന്ന് കേറിയിട്ടു പോവാം. വിഷമുള്ളതാണോന്ന് അവര്‍ ഒറ്റനോട്ടത്തില്‍പ്പറയും. ഡ്രൈവര്‍ നിര്‍ദ്ദേശിച്ചു. മറ്റാരെങ്കിലും മിണ്ടുന്നതിനുമുമ്പെ ഒരു ഓലപ്പുരയ്ക്കു മുന്നില്‍ ജീപ്പു നിന്നു. അതൊരു വിഷഹാരിയുടെ വീടാണ്. ഒരു ഒറ്റമൂലിയപ്പൂപ്പന്‍. വിഷഹാരി വീട്ടിലില്ലായിരുന്നു. കോണ്‍ക്രീറ്റുപണിയ്ക്കു പോയി. തല നരച്ച ഒരമ്മച്ചി പുറത്തിറങ്ങി വന്നു. ഭാര്യയാണ്. അതിഗൗരവത്തോടെ അവരെന്റെ കാല്‍ പരിശോധിച്ചു. നീലിച്ചിട്ടില്ല. നീരുണ്ട്. ചോര പൊടിയുന്നുണ്ട്. സ്ത്രീ അകത്തേയ്ക്കു പോയി. 'കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുന്ന ആള്‍ക്കാരാണ് 'എന്ന നേരത്തെ പ്രതീക്ഷിച്ച ഡയലോഗ് ഡ്രൈവര്‍ അപ്പോള്‍ ഉച്ചരിച്ചു. ഏതായാലും ശ്രീ.മുകുന്ദന്റെ നോവലിലെപ്പോലെ മയ്യഴിപ്പുഴ നീന്തി, കടിച്ച പാമ്പ് സ്ഥലത്തെത്താന്‍ ഒരു സാദ്ധ്യതയുമില്ല. അദ്ദേഹം മയ്യിത്തായി കവറിലിരിക്കുകയാണല്ലോ.

എന്തൊക്കെയോ ജപിച്ചു കൊണ്ട്, രൂക്ഷഗന്ധികളായ രണ്ട് കറുത്തുരുണ്ട ഗുളികകള്‍ അവര്‍ കൊണ്ടുത്തന്നു. ഇത് കഴിച്ച ശേഷം നേരെ ആശുപത്രിയിലേയ്ക്കു പോകാനും നിര്‍ദ്ദേശിച്ചു. ഞാന്‍ മുഖം ചുളിച്ചു. ആയമ്മ കണ്ണുരുട്ടി.വല്യമ്മ പറഞ്ഞു, മതി, വേഗം ആശുപത്രിയില്‍ പോവാം. പൂവാലന്‍ ചേട്ടനു ബോധമുണ്ട്. അദ്ദേഹമിടപെട്ടു. 'വെറുതെ സമയം കളയാതെ വണ്ടിയെടുത്തേ'

ഡ്രൈവര്‍ക്കിഷ്ടമായില്ല. നൊടിഞ്ഞു കൊണ്ട് അയാള്‍ വണ്ടിയെടുത്തു.' നിങ്ങക്കറിയാത്തോണ്ടാ, പാരമ്പര്യമായിട്ട് വെല്യ വിഷഹാരികളാ.'
പിന്നെയും എന്തെല്ലാമോ അവതാരകഥകള്‍ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.
ആശുപത്രിയിലെത്തി. കടിയേറ്റ കാല്‍ ഡോക്ടര്‍ പരിശോധിച്ചു. കവറില്‍ സമാധിസ്ഥനായ പാമ്പിനെയും നോക്കി. ' വിഷപ്പാമ്പല്ല എന്നു തോന്നുന്നു.'' എല്ലാരും ആശ്വസിച്ചു. അങ്ങനെ പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഒരു ചെറിയ ആശയക്കുഴപ്പം. ഏതായാലും കുറച്ചു മണിക്കൂറുകള്‍ ഒബ്‌സര്‍വേഷനില്‍ ഇരിക്കട്ടെ.

ആ തോന്നലിന്റെ ഉറപ്പിനായി ബോറടിച്ച്, കൊതുകുകടിയും കൊണ്ട് ആശുപത്രി വരാന്തയിലെ മുനിഞ്ഞു കത്തുന്ന ബള്‍ബിനു കീഴെ രണ്ടു മണിക്കൂര്‍ ഇരുന്നു. അന്നു കുത്തിക്കളിക്കാന്‍ മൊബൈല്‍ ഫോണ്‍ ഇല്ലല്ലോ.

ടിടി എടുക്കുമ്പോള്‍ കാതരമായ കണ്ണുകളോടെ പൂവാലന്‍ എന്നെ നോക്കി. കണ്ണിറുക്കി. 'ഒന്നും പേടിക്കണ്ട'
കൂടെ വന്നവരെല്ലാം ഉല്ലാസാന്തരീക്ഷത്തിലാണ്. പഴയ പാമ്പുകഥകളും ചേരക്കഥകളും പറഞ്ഞു സമയം പോക്കുന്നു. ഞാനതു കേട്ടിരുന്നു.

പറങ്കിമാവിന്‍ കാട്ടില്‍ പിച്ചാത്തി തോട്ടയുടെ അറ്റത്തു കെട്ടി ഒരുമ്മ തുടുത്ത പറങ്കിമാങ്ങകള്‍ അറുക്കുകയായിരുന്നു. വീഴുന്നതില്‍ നിന്ന് കശുവണ്ടി പിരിച്ച് മാങ്ങകള്‍ വലിച്ചെറിയുന്നു. അതിനിടെ അല്‍പ്പം മുകളിലെക്കൊമ്പില്‍ ഒരു മുഴുത്ത പറങ്കിമാങ്ങ തോട്ടയെ വെല്ലുവിളിച്ചു കൊണ്ട് കാറ്റിലാടിക്കളിച്ചു. അവരതിനെ ഏന്തിത്തൊട്ടു. കത്തി തട്ടി മാങ്ങയുടെ മേനി മുറിഞ്ഞു ചാറൊഴുകി. പക്ഷേ ഞെട്ടു പൊട്ടിയില്ല. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ചാഞ്ഞു നിന്ന ഒരു കൊമ്പില്‍ വലിഞ്ഞുകേറി, അതില്‍ നിന്നും കൊണ്ടേന്തി. ഞെട്ടറുന്നു തടിയന്‍ മാങ്ങ നിലത്തു വീണു. വിജയച്ചിരിയോടെ കൈയില്‍ തോട്ടയുമായി ഉമ്മ താഴേയ്ക്കു ചാടി.
കരിയിലകള്‍ക്കിടയില്‍ പതിഞ്ഞു കിടന്ന അണലിയുടെ മേലെയാണ് ചാടിയത്. പെറ്റ അണലി. കടി മാരകമായിരുന്നു. 'പട്ടിയെപ്പോലെ കടിച്ചു പറിച്ചു' എന്ന് അവതാരകന്‍.രണ്ടു ദിവസം ആസ്പത്രിയില്‍ക്കിടന്ന് രക്തക്കുഴലുകള്‍ പൊട്ടി, വൃക്കകള്‍ നിലച്ച് അവര്‍ മരിച്ചു. പാമ്പുകടിയേറ്റു കാത്തിരിക്കുമ്പോള്‍ കേള്‍ക്കാന്‍ പറ്റിയ കഥയാണ്. ആ രംഗമോര്‍ത്തു പലരും നെടുവീര്‍പ്പിട്ടു.

രണ്ടുമണിക്കൂര്‍ പൂര്‍ത്തിയാക്കി അവിടുന്നിറങ്ങുമ്പോള്‍ നേരം നന്നായി ഇരുട്ടിയിരുന്നു. കവറിലിരുന്ന കപടസര്‍പ്പത്തെ ഒരാള്‍ റോഡിലേയ്ക്കു വലിച്ചെറിഞ്ഞു. അത് അരികിലൂടെ നടന്ന ഒരു മനുഷ്യന്റെ മുന്നില്‍ച്ചെന്നു വീണ് അയാള്‍ പേടിച്ചപ്പോള്‍ അവരെല്ലാം ആര്‍ത്തുചിരിച്ചു. ജീപ്പിലായതിന്റെ ധൈര്യം. അതെങ്ങാനും നിന്നു പോയെങ്കില്‍!

അങ്ങോട്ട് രാജകീയമായ പോക്കായിരുന്നു. തിരിച്ചു വന്നത് അതിലാഘവത്തോടെ. ചെറിയൊരു ഇച്ഛാഭംഗം എവിടെയോ അനുഭവപ്പെട്ടില്ലേ? അല്ലെങ്കില്‍, അല്‍പ്പം പരിഗണിക്കപ്പെടല്‍ ആരാണിഷ്ടപ്പെടാത്തത്.
'ഏതായാലും ഇന്ന് രാത്രി കൊച്ച് ഉറങ്ങണ്ട 'ഡ്രൈവര്‍ എല്ലാരും കേള്‍ക്കെ എന്നോടായി പറഞ്ഞു. വിഷമില്ലെങ്കിലും വര്‍ഗ്ഗം അതുതന്നെയാണ്. നീര്‍ക്കോലി കടിച്ചാലും അത്താഴം പാടില്ല പോലും, ഉറക്കവും.

അതു മുതലാക്കി ഞാന്‍ ടിവിക്കു മുന്നില്‍ ഇരിപ്പുറപ്പിച്ചു. കുറെക്കഴിഞ്ഞെപ്പോഴോ ആ സോഫയില്‍ത്തന്നെ കിടന്നുറങ്ങിപ്പോയി. പിന്നൊരിക്കല്‍ സ്‌കൂളില്‍ പോവുമ്പോള്‍ പൂവാലന്‍ ചേട്ടന്‍ പിന്നില്‍ നിന്നാരോടോ പറയുന്നു. 'പാമ്പ് കടിച്ചിട്ട് ആ കൊച്ചിരുന്ന ഇരുപ്പു കാണണം. ഒരു പേടിയുമില്ല. നമ്മളൊക്കെ ഒരു പട്ടി കടിച്ചാ.. തീര്‍ന്ന്...'
കാര്യമെന്തായാലും തല്‍ക്കാലം ഞാന്‍ ധൈര്യശാലിയായറിയപ്പെട്ടു. അമ്മ മരിച്ച ആണ്ടിനു തന്നെ പാമ്പു കടിച്ചതിനാല്‍, പ്രശ്‌നം വെച്ച് പരിഹാരം ചെയ്യണമെന്നു വിദഗ്ധാഭിപ്രായങ്ങള്‍ വന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.

പിന്നെയും പലവട്ടം പാമ്പുകളെക്കണ്ടിട്ടുണ്ട്. വീടിനു പിറകിലെ കാടുപിടിച്ച പുരയിടത്തില്‍ നിന്ന് അണലികള്‍ ചിലപ്പോള്‍ അടുക്കള ഭാഗത്തേയ്ക്കിഴഞ്ഞു വന്നു.രാത്രി നായ കുരയ്ക്കുമ്പോള്‍, ലൈറ്റിട്ടു നോക്കിയാല്‍ ചുരുളുകള്‍ക്കുള്ളില്‍ പതുക്കി വെച്ച ത്രികോണത്തലയും ക്രൂരമായ പളുങ്കു കണ്ണുകളുടെ തിളക്കവും കാണാം. ചാടിക്കടിക്കുന്ന പാമ്പാണ്, അതിന്റെ ക്രൗര്യം നമ്മുടെ ചോരയുറയിക്കും. സ്വന്തം വിഷത്തില്‍ നല്ല ആത്മവിശ്വാസമുള്ളതു കൊണ്ടു തന്നെ ഒരു തിരക്കുമില്ല. വളരെ മന്ദഗതിയായ
വിഷവിത്ത്.
ഒരിക്കല്‍ വിറകുവാങ്ങാന്‍ ഒരു സ്ത്രീ വന്നു. അവര്‍ വിറകുപുരയില്‍ നിന്നു കൊള്ളിയെടുക്കുമ്പോള്‍ തൊട്ടുതാഴെ ചോണനുറുമ്പുകളുടെ വരികളാല്‍ അലംകൃതനായി സാക്ഷാല്‍ രക്തമണ്ഡലി. മരണത്തിന്റെ പുള്ളിയടയാളത്തില്‍ തൊട്ട ആഘാതത്തില്‍ അവര്‍ നിലവിളിച്ചു. വീണ്ടും വീണ്ടും കൈകള്‍ ലുങ്കിയില്‍ തുടച്ച് നിന്നിടത്തു നിന്നു തുള്ളി.

ഒരു പണിക്കാരന്‍ അതിനെ തലങ്ങും വിലങ്ങുമടിച്ചു. പക്ഷേ ചാകുന്നില്ല. ഒടുക്കം മൃതപ്രായനായ ജീവിയെ അവിടെ ഉപേക്ഷിച്ച് എല്ലാരും പിരിഞ്ഞുപോയി. അല്‍പ്പം കഴിഞ്ഞ് താനേ ചത്തോളും. എന്നിട്ടു കുഴിച്ചിടാം.

വിറകെടുക്കാന്‍ വന്നവര്‍ പണിയിലേക്കു തിരിഞ്ഞു.
അപ്പോഴതാ പാമ്പിന്റെ തലയനങ്ങുന്നു. ചില പ്രേതസിനിമകളില്‍ ഒഴിപ്പിക്കലും ഉച്ചാടനവുമെല്ലാം കഴിഞ്ഞ് വീണ്ടും ആദ്യംമുതല്‍ പ്രേതം ഉഷാറായി വരുമ്പോലെ ഒരു വിറയല്‍ അതിന്റെ വാലറ്റം വരെ കടന്നുപോയി. സ്ത്രീകള്‍ വിറകു നിലത്തിട്ടു നിലവിളിച്ചു. വീരപുരുഷുക്കള്‍ പിന്‍വാങ്ങിയിരുന്നു. നിലത്തു കിടന്ന തടിക്കഷണമെടുത്ത് അതിന്റെ തലയ്ക്ക് ഒന്നുരണ്ടടി ഞാന്‍ കൊടുത്തു. വിഷഗാത്രം വെടിഞ്ഞ് ആ സര്‍പ്പപുംഗവന്‍ പരലോകത്തേയ്ക്കു ഗമിച്ചു. പണ്ടു മുനിശാപം കിട്ടിയ ഏതോ ദേവകുമാരന്‍ വിഷാദിയായ ഒരു പെണ്‍കുട്ടിയുടെ കൈകളാല്‍ ശാപമുക്തനായി സ്വര്‍ഗ്ഗത്തിലേയ്ക്കു മടങ്ങിയതാവണം.

കുഴിച്ചിടാന്‍ വന്നവര്‍ക്ക് ഭയം ബാക്കിയായിരുന്നു. അടുക്കളയിലെ മണ്ണെണ്ണത്തപ്പ് എടുത്തു ചെരിച്ച് അവരതിനെ തീ കൊളുത്തി. ആളിയ ജ്വാലകളില്‍ പാമ്പിന്റെ ശരീരം വളഞ്ഞുപുളഞ്ഞു. ജനമേജയന്റെ സര്‍പ്പസത്രത്തിലെ പോലെ.. അന്ന് ചുട്ടെരിച്ച പാമ്പുകളുടെ വസയും മേദസ്സുമുരുകി നദിപോലൊലിച്ചു എന്നാണല്ലോ കഥ.

'പാമ്പിനെപ്പോലെ പക' എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പക ഓര്‍മ്മയിലിരുന്നാണ് വളരുന്നത്.പാവം പാമ്പിന് അത്രയും ഓര്‍മ്മശക്തി ഉണ്ടാവാനിടയില്ല. പക്ഷേ മഹാഭാരത കഥയിലെ നാഗവംശജനായ തക്ഷകന്റെ പക പലതലമുറകള്‍ നീണ്ടുനിന്നു. ശിഖണ്ഡിനി എന്ന കാവ്യത്തിന്റെ രചനയ്ക്കായി മഹാഭാരതം മനസ്സിരുത്തി വായിച്ചപ്പോള്‍ പകയുടെ ആ നീണ്ട കഥ ശ്രദ്ധയില്‍പ്പെട്ടു.

തന്റെ രാജ്യമായിരുന്ന ഖാണ്ഡവം എന്ന വനം വെട്ടിത്തെളിച്ച് സകല ബന്ധുക്കളെയും പ്രജകളെയും കൊലപ്പെടുത്തിയ അര്‍ജ്ജുനന്‍ , തക്ഷകന്റെ ജന്‍മശത്രുവായി. ഖാണ്ഡവത്തെ വിഴുങ്ങിയ സര്‍വ്വനാശകമായ തീയില്‍, തക്ഷകന്റെ കൊട്ടാരത്തിലുണ്ടായിരുന്ന രണ്ടുപേരാണ് ആകെ രക്ഷപ്പെട്ടത്. കൃഷ്ണന്‍ ജീവഭിക്ഷ നല്‍കിയ മയന്‍ എന്ന ശില്‍പ്പിയും, സ്വജീവന്‍ ബലി നല്‍കിക്കൊണ്ട് തക്ഷകഭാര്യ രക്ഷിച്ച മകന്‍ അശ്വസേനനും.

പ്രതികാരദാഹികളായ നാഗന്‍മാര്‍ കുരുക്ഷേത്രത്തില്‍ അര്‍ജ്ജുനനെതിരെ നിന്നു. കര്‍ണ്ണന് അവര്‍ നാഗാസ്ത്രം സമ്മാനിച്ചു.കൃഷ്ണന്‍ രഥം ചവിട്ടിത്താഴ്ത്തിയതുകൊണ്ട് മാത്രം , അത് അര്‍ജ്ജുനന്റെ കിരീടത്തില്‍ തട്ടി പാഴായിപ്പോയി.. തന്നോടെതിര്‍ത്ത തക്ഷകന്റെ മകനെ അന്ന് അര്‍ജ്ജുനന്‍ കൊന്നു.

പകരം അര്‍ജ്ജുനന്റെ മകന്‍ പരീക്ഷിത്തിനെ വിഷപ്രയോഗത്താല്‍ തക്ഷകനും. എല്ലാ പഴുതുകളുമടച്ച് ഒളിച്ചിരുന്നിട്ടും അയാള്‍ രക്ഷപ്പെട്ടില്ല.
ആ പക അടുത്ത തലമുറയിലേയ്ക്കും നീണ്ടു. പരീക്ഷിത്തിന്റെ മകന്‍ ജനമേജയന്‍ പിതാവിനെക്കൊന്ന തക്ഷകന്റെ കുലം നശിപ്പിക്കാന്‍ സര്‍പ്പസത്രം നടത്തി. പാമ്പുകളെ യാഗാഗ്‌നിയില്‍ ഹോമിച്ചു.

അതില്‍ നിന്ന് രക്ഷനേടാന്‍ നെട്ടോട്ടമോടേണ്ടി വന്നു ഐരാവതനും, വാസുകിയും, തക്ഷകനും ഏലാപത്രനുമെല്ലാമടങ്ങിയ നാഗസമൂഹം. വാസുകിയുടെ സഹോദരിയായ ജരല്‍ക്കാരുവിനെ അതേ പേരുള്ള മഹര്‍ഷിയുമായി വിവാഹം കഴിപ്പിച്ചു. അതില്‍ ആസ്തികനുണ്ടായി. ആസ്തികന്‍ തന്ത്രത്താല്‍ ആ സര്‍പ്പസത്രം നിര്‍ത്തിച്ചു നാഗങ്ങളെ രക്ഷിച്ചു. ഉപകാരസ്മരണയാല്‍ ആസ്തികന്റെ പേരു കേട്ടാല്‍ ഉടന്‍ നാഗങ്ങള്‍ ദംശിക്കാതെ ഒഴിഞ്ഞു പോവുമെന്നാണ് കഥ.. കായം കലക്കിയും, വെളുത്തുള്ളിവെള്ളം തളിച്ചും പാമ്പിനെ ഓടിക്കുന്ന നിഷ്‌ക്കളങ്കര്‍ക്ക് ശ്രമിക്കാവുന്നതാണ്. അയ്യായിരം കൊല്ലങ്ങള്‍ക്കിപ്പുറം ന്യൂജനറേഷന്‍ പാമ്പുകള്‍ക്ക് ആസ്തികനെ ഓര്‍മ്മയുണ്ടാവുമോ എന്തോ?

ശിരസ്സില്‍ മാണിക്യമുള്ള ഇച്ഛാധാരി നാഗങ്ങളുടെ കഥ സിനിമയ്ക്കും സീരിയലിനും എന്നും പഥ്യമായിരുന്നു. അവര്‍ സുന്ദരരൂപം പൂണ്ട് മനുഷ്യരെ പ്രണയിക്കുകയും, രാത്രിയില്‍ കിടപ്പറയിലേക്കിഴഞ്ഞു ചെന്ന് ശത്രുക്കളെ കൊത്തിക്കൊലപ്പെടുത്തുകയും ചെയ്തു.

വളരെ വര്‍ഷങ്ങള്‍ക്കുശേഷം കാലലീലകള്‍ക്കനുസരിച്ച്, മുതിര്‍ന്ന് വലിപ്പം വെച്ച് പുതിയ സാഹചര്യങ്ങളിലേയ്ക്ക് ഞാന്‍ കടന്നുചെന്നു. പുതിയ വീട് വെച്ച് മാറിയിട്ട് ഒരു കൊല്ലം കഴിഞ്ഞിരുന്നു. മെയ്ന്‍ റോഡില്‍ നിന്ന് ഒരു ചെറിയ ഇറക്കമാണ് ഞങ്ങളുടെ റോഡിലേയ്ക്ക്. ടാറിട്ട റോഡിന്റെ ഇരുവശത്തും ആള്‍പ്പൊക്കത്തില്‍ പുല്ലുകളാണ്. മഴ പെയ്തതും ഒരരുവി പുല്ലുകള്‍ക്കിടയിലൂടെ താഴെയ്ക്കു കുത്തിയൊലിച്ചു.
ഡിസ്‌പെന്‍സറി ഉച്ച വരെയേയുള്ളു. ഞാനാണ് വീട്ടില്‍ ആദ്യമെത്തുന്നയാള്‍. അടഞ്ഞ ഗേറ്റിനു മുന്നില്‍ കാര്‍ നിര്‍ത്തി ഇറങ്ങാനായി ഞാന്‍ കാല്‍ പുറത്തേയ്ക്കു നീട്ടി. വലിയ ബോധമൊന്നുമില്ലാത്തയാളാണ്. സ്വപ്നഗാമിനിയുമാണ്. മിക്കവാറും മൊബൈല്‍ പരിശോധിച്ചു കൊണ്ടാണ് ഗേറ്റു തുറക്കാനിറങ്ങുക. അന്ന് ഓഫീസില്‍വെച്ചേ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായിരുന്നു.

കാല്‍ തറയില്‍ തൊടും മുമ്പേ എന്തോ ഒരപകടഭീതിയാല്‍ ഞാന്‍ അങ്ങനെ തന്നെയിരുന്നു. താഴെ പുല്ലുകള്‍ക്കിടയിലെ അരുവി മഞ്ഞ കലര്‍ന്നിളകുന്നു. എന്റെ കാലിനു ചുവട്ടിലൂടെ അതിമന്ദഗതിയില്‍ അതു മുകളിലേയ്‌ക്കൊഴുകുന്നു. ഞാന്‍ സ്തംഭിച്ചിരുന്നു.

ഒരുനിമിഷത്തിനുള്ളില്‍ ബോധം വന്നു.
ഇഴഞ്ഞു പോയ സാധനത്തിന്റെ പിന്നാലെയോടി. വളരെ പതുക്കെയാണ് പോവുന്നത്. ഇര വിഴുങ്ങിയതാവുമോ? കുട്ടികള്‍ വൈകിട്ട് സ്‌ക്കൂള്‍ വിട്ടു ഇതിലേ നടന്നുവരും. അപ്പുറത്തെ മാഷും ടീച്ചറും സന്ധ്യയ്ക്ക് ഇതുവഴി പോവും. ഇതിനെ ഇങ്ങനെയുപേക്ഷിച്ചു പോവുന്നത് അപകടമാണ്.

മാഷ് തൊട്ടടുത്ത സ്‌ക്കൂളിലാണ്. ഫോണ്‍ ചെയ്തു വിവരം പറഞ്ഞു. ഇപ്പൊ വരാം, എവിടേയ്ക്കാണിഴഞ്ഞു കേറുന്നതെന്നു നോക്കണം. മാഷ് പറഞ്ഞു. മഴ പെയ്തു തുടങ്ങി. ഇളകുന്ന പുല്ലുകള്‍ക്കിടയിലൂടെ തലയിലെ കണ്ണാടിയടയാളം ഞാന്‍ കണ്ടു. അല്‍പ്പം ദൂരെ മാറി നിന്നാണെങ്കിലും ഒരു ചെറ ുകല്ലെടുത്തെറിയാതിരിക്കാന്‍ ആകാംക്ഷ അനുവദിച്ചില്ല. ഒരു ചീറ്റലോടെ പത്തിയുയര്‍ന്നു. മൂര്‍ഖന്‍! മാണിക്യധാരിണിയായ ഒരു നാഗിനിയാണതെന്ന് എനിക്കു തോന്നി. ഞങ്ങള്‍ ഇരുവംശത്തില്‍പ്പെട്ട രണ്ടുസ്ത്രീകള്‍ ആ മഴയത്ത് പുല്‍വഴിയില്‍ പരസ്പരം അഭിമുഖീകരിക്കുന്നു.

ഞാന്‍ നോക്കി നില്‍ക്കെ അപ്പുറത്തെ കന്‍മതിലിന്റെ പൊത്തിലൂടെ അതിഴഞ്ഞു കേറി. കുറച്ചു കഴിഞ്ഞ് പാമ്പുപിടിത്തക്കാരനുമായി മാഷ് വന്നു. മൂപ്പര് കൈമലര്‍ത്തി. ഇനി പിടിക്കാന്‍ നോക്കുന്നത് അപകടമാണ്. പോരാത്തതിന് മതിലും പൊളിക്കേണ്ടിവരും. അങ്ങനെ പൊത്തുകള്‍ കല്ലു കൊണ്ടടച്ച് തല്‍ക്കാലം സമാധാനപ്പെട്ടു. 

സര്‍പ്പദര്‍ശനത്താല്‍ പരിഭ്രാന്തയായി, ഉപദേശം തേടി പലരെയും വിളിച്ച കൂട്ടത്തില്‍ ഒരു സുഹൃത്ത്, അവിടത്തെ സര്‍ക്കാര്‍ പാമ്പ്പിടിത്തക്കാരന്റെ നമ്പര്‍ സംഘടിപ്പിച്ചുതന്നു. ഞാന്‍ അതില്‍ വിളിച്ചു. 'അതിനിപ്പൊ എന്താ ?'
ഫോണിനപ്പുറത്ത് സര്‍ക്കാര്‍ പാമ്പ് പിടിത്തം കയര്‍ത്തു.
അതതിന്റെ പാട്ടിന് പൊയ്‌ക്കോളും അത്ര തന്നെ.

കരിങ്കല്ലുമതിലിലെ കല്ലടര്‍ന്ന പൊത്തുകള്‍ക്കുള്ളിലൂടെ നിഗൂഢഗുഹാമാര്‍ഗ്ഗങ്ങള്‍ ആ നാഗിനിയ്ക്കു മുന്നില്‍ കവാടങ്ങള്‍ തുറന്നു കാണണം.
അങ്ങനെ ഒരു നിരപരാധിയെ കാലപുരിയ്ക്കയക്കാനുള്ള വിഷ കുംഭവുമേന്തി അത് അതിന്റെ സ്വച്ഛജീവിതത്തിലേയ്ക്കിഴഞ്ഞു പോയി. 

മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, കാല്‍ അതിന്റെ ഫണത്തിന്‍മേല്‍ വെക്കാതിരുന്ന തട്ടുഭാഗ്യത്തിന് എന്റെ മക്കള്‍ക്ക് അവരുടെ അമ്മയെ തിരിച്ചുകിട്ടി. സമയത്തിന് ധൈര്യവാന്‍മാര്‍ ആരും അടുത്തില്ലാത്തതുകൊണ്ട്, ഏതോ പൊത്തില്‍ മുട്ടത്തോടുകള്‍ക്കുള്ളില്‍ ചൂടുതേടുന്ന നാഗബേബികള്‍ക്ക് അവരുടെ അമ്മയെയും. ഞങ്ങള്‍ രണ്ടുപേരും അവരവരുടെ കര്‍മ്മപഥങ്ങളിലേയ്ക്ക് പിരിഞ്ഞുപോയി.

നട്ടെല്ലിന്റെ ഏറ്റവുമറ്റത്ത് എട്ടു ചുരുളുകളായുറങ്ങിക്കിടക്കുന്ന സര്‍പ്പരൂപിയായ കുണ്ഡലിനി എന്നൊരു ശക്തിയെപ്പറ്റി ഒരുപാടു കഥകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പലനിറത്തിലെ ഉടുപ്പും ആയുധവുമൊക്കെയുള്ള ആറ് ദേവതകള്‍ ആണ് അതിന്റെ വഴിയിലുള്ളത് പോലും.
ഡാകിനി, രാകിനി, ലാകിനി, കാകിനി, ഷാകിനി, ഹാകിനിയെന്നൊക്കെയാണ് പേരുകള്‍. 'ഡാകിനി!'.
മായാവിയും കുട്ടൂസനും ലുട്ടാപ്പിയുമൊക്കെ ഇതു പോലേതോ പേരുകളോട് കടപ്പെട്ടിരിക്കുകയാവുമോ?

ഗിരീഷ് പുലിയൂര്‍ ചേട്ടന്റെ ഒച്ചയില്‍ എപ്പോഴും കേള്‍ക്കാറുണ്ട് ശ്രീനാരായണഗുരുവിന്റെ കുണ്ഡലിനിപ്പാട്ട്. മഹാപ്രപഞ്ചത്തിന്റെ വെറും ഒരണു മാത്രമായി സ്വയം മനസ്സിലാക്കാനായവര്‍ എത്ര ഭാഗ്യവാന്‍മാരാണ്. പക്ഷേ അരുളാനന്ദക്കൂത്തു കണ്ട് മോക്ഷകാംക്ഷിയായുയരുന്ന ആത്മനാഗത്തിന്റെ ദാര്‍ശനികത ലൗകികജീവിയായ എനിക്കു വഴങ്ങുകയില്ല. എങ്കിലും മായക്കണ്ണുകളാല്‍ അതിന്റെ കാവ്യനൃത്തം കണ്ട് ഞാന്‍ സ്വയം മറക്കുന്നു. എന്തൊരു വരികളാണ്.! സുഷുമ്‌നയിലൂടെ സഹസ്രാരം വരെ ഫണമുയര്‍ത്തിയിഴഞ്ഞെത്തുന്ന, പിരിഞ്ഞാടുന്ന, വാക്കുകളുടെ സ്വയം മറന്നുള്ള ആനന്ദനൃത്തം!
'തിങ്കളും കൊന്നയും ചൂടുമീശന്‍ പദപങ്കജം ചേര്‍ന്നു നിന്നാടു പാമ്പേ... '
വാക്കുകളുടെ ഈ സര്‍പ്പനൃത്തം കണ്ടുനില്‍ക്കെ'വെള്ളിമലയില്‍ വിളങ്ങും വേദപ്പൊരുള്‍ ' പോലെ ഉള്ളില്‍ കവിതയുടെ സഹസ്രദളപത്മം തിരുമിഴി തുറക്കുന്നു.