തൃക്കാർത്തികയായിരുന്നു. ശരവണപ്പൊയ്കയിലെ താമരപ്പൂക്കളിൽ ആറു ശിശുക്കളുണ്ടായതും അവരെല്ലാം ചേർന്ന് മുരുകനായതും ആ ദിവസമാണെന്ന് അമർച്ചിത്രകഥയിൽ വായിച്ചിട്ടുണ്ട്. താമരപ്പൂവിൽ കാൽപ്പെരുവിരൽ കുടിച്ചു കിടന്ന കുഞ്ഞുങ്ങളെ, വാരിയെടുത്തു മുലയൂട്ടിയ കൃത്തികാദേവിമാർ ആറു നക്ഷത്രങ്ങളായി. മുരുകൻ താരകാസുരനെ വധിച്ചു. എനിക്ക് താരകാസുരനെ വലിയ ഇഷ്ടമായിരുന്നു. താരകം എത്ര മനോഹരമായ വാക്കാണ്. താരകാസുരന്റെ  കിരീടത്തുമ്പിൽ ഒരു വെള്ളിനക്ഷത്രമുണ്ടായിരുന്നു കാണും. അല്ലെങ്കിൽ ശരീരം മുഴുവൻ ക്രിസ്തുമസ്ട്രീയിലെ ബൾബുമാല പോലെ കുഞ്ഞുനക്ഷത്രങ്ങൾ. ഏതായാലും താരകമഴ പൊഴിഞ്ഞു വീണ പോലെയാണ് കാർത്തികയ്ക്ക് ചില ഭാഗങ്ങളിലെ മതിലുകളും മട്ടുപ്പാവുകളും. മിക്കവരും ചെരാതുകളും മെഴുതിരികളും കൊളുത്തിവെക്കും. ടെറസിൽ പേരമരം വളർന്നു കൊമ്പു മുട്ടിച്ച ഇത്തിരിയിടം ഒഴികെ ബാക്കിയെല്ലായിടത്തും ഞങ്ങളും മെഴുതിരികൾ കൊളുത്തി വെച്ചു. വരാന്തയിലെ സ്റ്റെപ്പുകളിൽ ചെരാതുകളും. അന്ന് മാമന്റെ മക്കളുമുണ്ടായിരുന്നു.

To advertise here,

സ്പെഷ്യൽഭക്ഷണമായ ഇളനീരും കാച്ചിലും ചേമ്പും പുഴുങ്ങിയതും കഴിക്കാനിരിക്കുമ്പോൾ ഗേറ്റിൽ ഒരു വണ്ടി വന്നുനിന്നു. ആർപ്പുവിളിയും ബഹളങ്ങളുമായി അതിഥികൾ വീട്ടിലേയ്ക്കു കയറിവന്നു. പത്തുപതിനഞ്ചു പേരുണ്ടായിരുന്നു. അണ്ണന്റെ കൂട്ടുകാരാണ്. ബാംഗ്ളൂരിൽ ഒപ്പം പഠിക്കുന്നവർ. പല ഭാഷകൾ സംസാരിക്കുന്ന ആ യുവതീയുവാക്കൾ കേരളം കാണാൻ വന്നതാണ്. ഇവിടെ രണ്ടു ദിവസമുണ്ടാവും. കാറ്റത്താടിയുലയുന്ന മെഴുതിരിനാളങ്ങളുമായി കാർത്തികരാവ് അവരെ വരവേറ്റു. അതിഥികൾക്ക് രാത്രിഭക്ഷണം ഉണ്ടാക്കണ്ടെന്നു പറഞ്ഞിരുന്നു. ഉള്ള സൗകര്യങ്ങളിൽ കുളിച്ച് വസ്ത്രം മാറി, ഗോതമ്പുപൊടിയുടെ ബക്കറ്റ് ചോദിച്ചുവാങ്ങി, വന്നവർ തന്നെ അടുക്കളയിൽക്കയറി. അതാണത്രേ അവരുടെ പതിവ്. അന്ന് വീടിനു പുറത്തും ഒരു അടുക്കളയുണ്ടായിരുന്നു. അതിലേയ്ക്ക് ഒരു സിമൻ്റുപാതയും വശത്ത് മാതളനാരകത്തിൻ്റെ കനൽപ്പൂക്കളുള്ള തൈകളും പിച്ചിച്ചെടികളും ക്രോട്ടണുകളും ഉണ്ടായിരുന്നു.

അവിടെ നിന്ന് ബംഗാളിയിലും ഹിന്ദിയിലും ഗാനങ്ങളുയർന്നു. സ്റ്റോർ മുറിയിൽ നിന്ന് ഏറ്റവും വലിയ സ്റ്റീൽ ചരുവം പുറത്തെടുക്കപ്പെട്ടു. അവർ സംഘങ്ങളായി തിരിഞ്ഞ്  ഗോതമ്പുപൊടി കുഴയ്ക്കുകയും, പരത്തുകയും, അമ്പിളിയമ്മാവനെപ്പോൽ വട്ടമൊത്ത ചപ്പാത്തികൾ ചുട്ടെടുക്കുകയും ചെയ്തു. അപരിചിതമായ രുചിക്കൂട്ടിൽ ചീനച്ചട്ടിയിൽ ഉരുളക്കിഴങ്ങുകറി തിളച്ചു കുറുകി. അങ്ങനെ വീട്ടുകാർക്കും അതിഥികൾക്കുമായുള്ള മുഴുവൻ ഭക്ഷണവും അതിഥികളുണ്ടാക്കി. കണ്ണു മിഴിഞ്ഞു വരുന്ന വീട്ടിലെ പട്ടിക്കുഞ്ഞുങ്ങൾ പതിവില്ലാത്ത ബഹളങ്ങളിൽ പരിഭ്രാന്തരായി ഓടി നടന്നു.അവർ സോഫയ്ക്കടിയിലും കട്ടിൽച്ചോട്ടിലും അഭയം തേടി. പൊതുഭാഷ ഹിന്ദിയായിരുന്നു. പല ഭാഷകളുടെ കറകൾ വീണ ഇംഗ്ളീഷും. ചിലർ "സ"യ്ക്കു പകരം ജ ആണുപയോഗിച്ചത്. സീറോയ്ക്ക് പകരം ജീറോ. ഉത്തരേന്ത്യയിലെ ഏതോ കുഗ്രാമത്തിലെ "കടീബോലി"യായി അവർ ഇംഗ്ളീഷിനെ നിർദ്ദയം ചവച്ചരച്ചു.

ഹിന്ദിസിനിമയുടെയും ഹിന്ദിപ്പാട്ടുകളുടെയും ആരാധകരാകയാൽ ഞങ്ങൾ കുട്ടികൾക്ക് അവർ പറയുന്നത് വേഗം മനസ്സിലായി. അവർ എല്ലാരോടും വേഗമിണങ്ങി. ഉറങ്ങാറായപ്പോൾ കിട്ടിയയിടത്തു പായയും ബ്ലാങ്കറ്റും വിരിച്ച് കിടപ്പായി. കിടക്കും മുമ്പ്, (അപ്പോൾ പാതിരാത്രിയായിരുന്നു ) കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ഹിന്ദിപ്പാട്ടുകളായിരുന്നു മിക്കതും. അതിനിടയിൽ  വെള്ളപ്പൈജാമയിട്ട ഒരു  ബംഗാളിച്ചേട്ടനെ കൂട്ടുകാർ ആവേശപൂർവ്വം പാടാൻ ക്ഷണിച്ചു. അന്ന് ദേശീയഗാനം പോലെയായി മാറിയിരുന്ന"പർദേസീ മേരേ യാരാ" പ്രതീക്ഷിച്ചിരുന്നപ്പോഴാണ് അദ്ദേഹം കവിത ചൊല്ലാൻ പോവുന്നതായി പ്രഖ്യാപനം വന്നത്. ഓരോ വരി കഴിയുമ്പൊഴും കൂട്ടുകാർ "അരേ വാ" എന്ന് കയ്യടിച്ചു. ഒന്നും മനസ്സിലായില്ല. എങ്കിലും അത് കവിതയാണല്ലോ എന്നോർത്തപ്പോൾ ഒരു കുളിരലയിളകി. ഏതു ഭാഷയിലായാലും അതിൻ്റെ പ്രാണനിരിക്കുന്നത് ഒരേ തത്തക്കൂട്ടിലാണല്ലോ.

അന്ന് പ്രീഡിഗ്രി ഒന്നാംവർഷ വിദ്യാർത്ഥിനിയായിരുന്നു ഞാൻ. കവിത തലയ്ക്കു പിടിച്ച കാലം. കോളേജിൽ ഒരു ചെറുകിടകവിയായി വരുന്നു. സയൻസാണു പഠനവിഷയമെങ്കിലും  സിമ്പിൾപെൻഡുലവും പീരിയോഡിക് ടേബിളും ബ്രയോഫൈറ്റുകളുടെ പുനരുത്പാദനവും  എല്ലാം എനിയ്ക്കന്ന് കവിതയായനുഭവപ്പെട്ടു.  ഡിസക്റ്റ് ചെയ്ത് മൊട്ടുസൂചിയിൽത്തറച്ചുവെച്ച തവളയുടെ, മിടിപ്പടങ്ങാത്ത ഹൃദയം പോലെയാണ് കൗമാരം. അത് പ്രാക്ടിക്കൽ പരീക്ഷാർത്ഥിയോടെന്നവണ്ണം ലോകത്തോട് എന്നെ തിരിച്ചറിയൂ എന്നാവശ്യപ്പെട്ടുകൊണ്ടിരിക്കും. കടുംനിറങ്ങളിലെ രാസസംയുക്തങ്ങൾ പേറിയ ഒരു ടെസ്റ്റ്ട്യൂബായിരുന്നു അക്കാലം. അതിൽ ജീവിതം കലർന്ന് തീയെരിയുകയും പുകയുയരുകയും ചെയ്തു. കവിതയായിരുന്നു സകലതിനും ത്വരകം. അങ്ങനെയിരിക്കുമ്പൊഴാണ്, വീട്ടിലൊരു കവി! അതും ബംഗാളിക്കവി അതിഥിയായി വന്നിരിക്കുന്നത്. ഹൊ! ആ വലിയ മനുഷ്യനെക്കാണുമ്പോൾ എന്തൊരാവേശം.!

സ്വീകരണമുറിയിലെ ചില്ലിട്ട ഷോക്കേസിൽ നിരത്തി വെച്ച ലൈറ്റു കത്തുന്ന പടക്കപ്പലിനും പ്ലാസ്റ്റിക് പൂക്കൾക്കുമിടയിൽ അല്ലറചില്ലറ  മെമൻ്റോകൾ നമ്മുടേതുമുണ്ടായിരുന്നു. കവിതയ്ക്കു കിട്ടിയ ചെറിയ സമ്മാനങ്ങൾ. ഫ്രെയിം ചെയ്തു വെച്ച കുട്ടിക്കാല ഫോട്ടോകൾ എടുത്തു നോക്കുന്നതിനിടയിൽ അവയും പരിശോധിക്കപ്പെട്ടു. അങ്ങനെ ചെലവില്ലാതെ കവിയായി വെളിച്ചപ്പെട്ടു.
" തോ ആപ് ഷേർ ലിഖ്തേ ഹോ !" ബംഗാളിച്ചേട്ടൻ അദ്ഭുതത്തോടെ അടുത്തു വന്നു. വെള്ളിമോതിരങ്ങളുള്ള  കൈപ്പത്തി മുന്നോട്ടു നീട്ടി അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
"ദേബ്ജിത് ഘോഷ് ". 

മടിച്ചു മടിച്ചു തിരികെ നീട്ടിയ കൈയിൽ മുറുക്കിപ്പിടിച്ച് കുലുക്കിക്കൊണ്ട് കൂട്ടിച്ചേർത്തു " ഫ്രം കൊൽക്കൊത്ത ."
കൊൽക്കത്ത ! ബിഭൂതിഭൂഷൻ്റെ നാട് ! ഞാൻ നെടുവീർപ്പിട്ടു. അദ്ദേഹത്തിന്റെ " ആരണ്യകം" എന്റെ പ്രിയപുസ്തകമായിരുന്നു. വെള്ളമഴ പൊഴിക്കുന്ന ഗാൽഗൊലിപ്പൂക്കൾ , ചീഹസലതകൾ, കാട്ടുമുല്ല പോൽ പടർന്നു കയറുന്ന ഭിയോരലതകൾ, ചുവന്ന താതിരിപ്പൂക്കൾ, കാട്ടുവേപ്പിന്റെ സൗരഭ്യമുള്ള പൂക്കൾ, തടാകജലത്തിലെ അല്ലിപ്പൂക്കൾ... ലബ് ടുലിയയിലെ ഹരിതവനങ്ങളിലെ വിചിത്രപുഷ്പങ്ങളെല്ലാം ചുറ്റിലും വിരിയുന്ന പരിമളരാവ്. കൈ വിടാതെ കണ്ണിൽ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇനി "ഭയ്യാ " എന്ന് വിളിച്ചാൽ മതി കേട്ടോ."ദേബ്ജിത് ഭയ്യാ." അപ്പോൾ രാത്രി കൂടുതൽ സുഗന്ധഭരിതമായി. വരാന്തയിൽ കരിന്തിരി കത്തിയ ചെരാതുകൾക്ക്  ചെമ്പകങ്ങളുടെ ശ്വാസനാളം!

ഞങ്ങൾ കുട്ടികൾക്കു നടുവിലായി സോഫയിലിരുന്നു കൊണ്ട് അദ്ദേഹം കുടുംബത്തെപ്പറ്റി പറഞ്ഞു. അദ്ദേഹമിരുന്നപ്പോൾ കുഷനു കീഴെ സോഫയുടെ സന്‌ധിബന്ധങ്ങൾ ഞരങ്ങി. അമ്മയുടെ പേര് ആശാലത. ആശാലത ! പേരിനർത്ഥം പ്രതീക്ഷയുടെ പൂവള്ളി. സഹോദരിമാർ നിഹാർ, കുനാൽ. നിഹാർ എന്നാൽ പുലർകാലമഞ്ഞ്, കുനാൽ വിടർന്നു വരുന്ന താമര! ഹൊ! ആകെ കാവ്യമയമാണ് കുടുംബം തന്നെ. വീട്ടിൽപ്പലരും ടാഗോറിൻ്റെ ആരാധകരാണ്. പക്ഷേ മഹാശ്വേതാദേവിയാണ് പോലും ഭയ്യയ്ക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരി. രുദാലി എന്ന ചെറുകഥയാണ് ഏറ്റവുമിഷ്ടം. ഛെ !ഞാൻ അത് വായിച്ചിരുന്നില്ല. പക്ഷേ ഇരുട്ടിൽ കൊത്തിയെടുത്തപോലത്തെ ആ സിനിമ കണ്ടിരുന്നു. അന്തരീക്ഷത്തിൽ ഒരു ഗാനശകലം മുഴങ്ങുമ്പോലെ, " ദില് ഹൂം ഹൂം കരേ, ഖബ് രായേ.. ഘന് ഢം ഢം കരേ, ഡർ ജായേ....
"ഹൂം ഹൂം " എന്ന് ഒച്ചയുണ്ടാക്കുന്നു ഹൃദയം, പരിഭ്രാന്തമാവുന്നു. മേഘത്തിൽ നിന്നിടി മുഴങ്ങുമ്പോൾ ഭയമാവുന്നു. കണ്ണീരിൻ്റെ  ഒരു തുള്ളിയെങ്കിലും എൻ്റെ കണ്ണിൽ നിന്ന് പെയ്തിരുന്നെങ്കിൽ!" ഭൂപേൻ ഹസാരികയുടെ സംഗീതം.

കരയാനറിയാത്ത ഡിമ്പിൾ കപാഡിയയുടെ ശനിചാരിയെക്കാൾ ഭിക്നി എന്ന രാഖിയുടെ കഥാപാത്രത്തെ ഞാനിഷ്ടപ്പെട്ടു. ഇത്തിരി നെയ്യിനും, എണ്ണയ്ക്കും പണത്തിനും വേണ്ടി ആരുടെയൊക്കെയോ.  മരണശയ്യയിൽ നെഞ്ചത്തടിച്ചു കരയുന്ന രുദാലി ! ഞാൻ എൻ്റെ ഹൃദയത്തെ ശ്രദ്ധിച്ചു. അത് " ഹൂം ഹൂം'' എന്ന് ഒച്ചയുണ്ടാക്കുകയാണ്. ഏതാൾക്കൂട്ടത്തിനിടയിലും മറ്റുള്ളവരറിയാതെ ദേശാന്തരഗമനം നടത്താൻ കഴിവുള്ളവരുണ്ട്. നമ്മളുടെ കൂടെയില്ലെന്ന് ഒട്ടും മനസ്സിലാവില്ല. അവസാനം പറഞ്ഞ വാചകം പോലും കാതോർത്തു കേട്ടിരിക്കയാണെന്നു തോന്നിപ്പോവും.
എനിക്ക് ആ സിദ്ധി തീരെയുണ്ടായിരുന്നില്ല. ഏതെങ്കിലും ചിന്തയിൽ നഷ്ടപ്പെട്ടാൽ കണ്ണുകൾ ശൂന്യമാവും. സ്ഥലത്തില്ലെന്ന് മുഖത്തു നോക്കിയാൽ ആർക്കും മനസ്സിലാവും.

placeholder
വര: ദ്വിജിത്ത്

"ക്യാ ഹുവാ ബേട്ടാ "എൻ്റെ തലയിൽ തൊട്ടുകൊണ്ട് ദേബ്ജിത് ഭയ്യ ചോദിച്ചു. രുദാലിയുടെ അവസാനത്തെ നെഞ്ചത്തടിച്ചുള്ള നിലവിളിയെ പിന്നിലുപേക്ഷിച്ച് രാജസ്ഥാനിലെ ഉൾനാടൻഗ്രാമത്തിൽ നിന്ന് എൻ്റെ ആത്മാവു തിരികെപ്പറന്നെത്തി. ആ വാത്സല്യവിളി ആ രാത്രിയിൽ എൻ്റെ കണ്ണു നനയിച്ചു. എന്നെ ആരും ലാളിച്ചിട്ടില്ല. ഉറങ്ങാൻ കിടന്നപ്പോൾ ഓർത്തോർത്താനന്ദിച്ചു. അന്യഭാഷയിൽ  നിന്നൊരു കാവ്യസുഹൃത്തിനെ ലഭിച്ചിരിക്കുന്നു, അതും ബംഗാളിൽ നിന്ന് ! പിറ്റേന്ന് ശനിയാഴ്ചയാണ്. ട്യൂഷൻ ക്ലാസ്സിൽച്ചെന്ന് വാതോരാതെ വർണ്ണിച്ചപ്പോൾ, ഒരു കൂട്ടുകാരിയ്ക്ക് പരിചയപ്പെടാൻ ദാഹം. രാത്രി അവർ തിരിച്ചു വരുമ്പോൾ ഞാൻ വിളിക്കാം. നീ ഫോൺ ഭയ്യയ്ക്ക് കൊടുക്കണം. അവൾ പറഞ്ഞു.

അന്ന് വീട്ടിൽ മെറ്റഡോറിൻ്റെ ഒരു വാനുണ്ടായിരുന്നു. ലൈൻബസ്സുകളുടെ ഇടവേളയിൽ സർവീസ് നടത്തിയിരുന്നത്.  ഓടുന്നതിനെക്കാൾ കിടക്കാനായിരുന്നു അതിന് താത്പര്യം. സ്വകാര്യഓട്ടങ്ങൾക്ക് ഉഷാറാണ്, പബ്ലിക്ക്സർവ്വീസിൽ താത്പര്യമില്ല. കടുംപണിയെടുക്കാൻ വയ്യ. സർക്കാരാശുപത്രിയിൽ ഹാജർ വെക്കുന്ന നിത്യരോഗിയെപ്പോലെ അത് വർക്ക്ഷാപ്പുകളിൽ നിന്ന് വർക്ക്ഷാപ്പുകളിലേയ്ക്ക് മാറിമാറി സഞ്ചരിച്ചു കൊണ്ടിരുന്നു. ഈ അവശകലാകാരനുമായാണ് അവർ ശിവഗിരിയും, ക്ലിഫ്ഫും ,പാപനാശം കടപ്പുറവും കാണാൻ ഇറങ്ങിയത്. ചങ്ങാതി എവിടൊക്കെയോ ഇരുന്നും കിടന്നും നിരങ്ങിയും വൈകുന്നേരം തിരിച്ചു വന്നു. പാപനാശംകടലിൽ കുളിയും കഴിഞ്ഞാണ് അതിഥികളുടെ മടക്കം.. ദക്ഷിണകാശിയാണ് പാപനാശമെന്ന് നെറ്റി നിറയെ ചന്ദനവും കുങ്കുമവും വാരിപ്പൊത്തിയ ഒരു കന്നടപ്പെൺകൊടി ഭക്തിപൂർവ്വം മൊഴിഞ്ഞു.

7 മണിയായപ്പോൾ ഫോൺ ബെല്ലടിക്കുന്നു. ആവേശഭരിതയായ കൂട്ടുകാരി വിളിക്കുന്നു.. കൊടുക്ക്, കൊടുക്ക്, ഭയ്യയ്ക്ക് കൊടുക്ക്. മടിച്ച് മടിച്ച് ചങ്ങാതിയ്ക്ക് ഞാൻ ഫോൺ നീട്ടി. അദ്ഭുതത്തോടെ അദ്ദേഹം ഫോൺ വാങ്ങി. അവൾക്ക് ഹിന്ദി വലിയ പിടിയൊന്നുമില്ല. പക്ഷേ ഉത്സാഹം കേറിയാൽ ഏതു ഭാഷയിലും സംസാരിക്കും. കവിത  വലിയ വശമില്ല. പക്ഷേ ഭൂമിയിലെ ഏതു കലയിലും നിർദ്ദയമായി കൈവെക്കാനുള്ള തൊലിക്കട്ടിയുണ്ട്. ആട്ടിൻകുട്ടിയെ പറ്റി ഒരു കവിത പണ്ട് എഴുതിയിട്ടുണ്ട്. വെളുത്ത ആട്ടിൻകുട്ടിയുടെ സ്നേഹം തിരിച്ചറിയാതെ പോയ കറുത്ത ആട്ടിൻകുട്ടിയെപ്പറ്റി. ആ കറുത്ത ആട്ടിൻകുട്ടിയ്ക്ക് ഞങ്ങളുടെ ക്ലാസ്സിൽ മുൻബഞ്ചിലിരുന്ന പയ്യനുമായി എന്തോ ഒരു മുഖച്ഛായ എനിക്ക് തോന്നിയിരുന്നു.
" മേരേ ബാരേ മേ ക്യാ ബോലാ ? " ഫോൺവെച്ച ശേഷം കുസൃതിക്കണ്ണുകളോടെ ഭയ്യ ചോദിച്ചു. എന്തൊക്കെയാണെന്നെ പറ്റി പറഞ്ഞത്.? ബംഗാളിലെ മഹാകവിയെന്നാണ് ശരിക്കും തള്ളിമറിച്ചത്. അത് അവൾ പറഞ്ഞു കൊടുത്തു കാണുമോ?

അടുത്ത ദിവസം അവർ പോവുകയാണ്. ഇടുക്കി, വാഗമൺ, കൊളുക്കുമല ഒക്കെയാണ് അടുത്ത ലക്ഷ്യം. ഒരാഴ്ച കൊണ്ട് കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സന്ദർശിച്ച് തിരികെ ബാംഗ്ളൂരേയ്ക്കു മടങ്ങും. അന്നും രാത്രിഭക്ഷണം കഴിഞ്ഞ് എല്ലാവരും സ്വീകരണമുറിയിൽ ഒത്തുകൂടി. സോഫയിലും, കസേരയിലും, നിലത്തു പുല്ലുപായിലും ഒക്കെയായി ഇരുന്നു.ഒന്നുരണ്ടു പേർ എഴുന്നേറ്റു നിന്നു സംസാരിച്ചു. അവസാനം കണ്ണാടിത്തുണ്ടുകൾ തുന്നിയ ദുപ്പട്ടയണിഞ്ഞ ഒരു ചേച്ചിയുടെ വക നന്ദി പ്രകടനമുണ്ടായി. ഗിൽറ്റ്പേപ്പറിൽ പൊതിഞ്ഞ ഒരു സമ്മാനം  അവർ ഞങ്ങളെ മുന്നോട്ട് വിളിച്ച് എടുത്തു തന്നു. റിബണഴിച്ച് പുറത്തെടുത്തപ്പോൾ അത് ഒരു മനോഹരമായ ചിത്രമായിരുന്നു. ഏതോ ടൂറിസ്റ്റ്കൾക്കായുള്ള കടയിൽ നിന്ന് വാങ്ങിയ മുള കൊണ്ട് ഫ്രെയിം ഉണ്ടാക്കിയ ഒരു ചിത്രം. നക്ഷത്രങ്ങൾ മിന്നുന്ന ആകാശം. നേരിയ നിലാവു വീണ പുഴ, അതിൽ ഒരു തോണിയും തോണിക്കാരനും. രണ്ടു മൂന്നു തെങ്ങുകൾ പുഴയിലേയ്ക്ക് ചാഞ്ഞു നിൽക്കുന്നു. ഒരോലയുടെ മറവിലായി ചന്ദ്രക്കല. വൈക്കോൽ കൊണ്ടാണ് ചിത്രണം. ആ ചിത്രം എല്ലാർക്കും ഇഷ്ടമായി. അതിനെ ഞാൻ ടിവി സ്റ്റാൻ്റ്റിനു മുകളിൽ ഭദ്രമായി വെച്ചു. അതു തിരഞ്ഞെടുത്തത് ദേബ്ജിത് ഭയ്യ ആണത്രേ. ഇപ്പോൾ തുഴകൾ വീഴുന്നത് എന്റെ ഹൃദയനദിയിലാണ്.

ചിത്രത്തിലെ, ഏകനായ തോണിക്കാരനെ ചൂണ്ടിക്കാട്ടി ഭയ്യാ ചോദിച്ചു, കേട്ടിട്ടുണ്ടോ വരികൾ, "ഏക്ല ചൊലോരേ.." അദ്ദേഹത്തിൻ്റെ കൂട്ടുകാർ ഒപ്പം കൂടി. അതൊരു സംഘഗാനമായി. "ആരും നിങ്ങളുടെ വിളി കേൾക്കുന്നില്ലെങ്കിൽ ഒറ്റയ്ക്കു പോകൂ.. ഇടിമുഴങ്ങുന്ന ഇരുണ്ട രാത്രിയിൽ എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടാൽ, സ്വന്തം വാരിയെല്ലൂരി തീ കൊടുത്ത് ആ വെളിച്ചത്തിൽ മുന്നോട്ടു പോകൂ.. ഏക്ല ചൊലോ, എക്ല ചൊലോ ഏക്ല ചൊലോരേ.. തീരത്തെ തെങ്ങുകൾ ചാഞ്ഞു നിൽക്കുന്ന അനന്തമായ നിലാപ്പുഴയുടെ നടുവിലൂടെ ഏകാകിയായ ആ തോണി നീങ്ങുകയാണ്.തരളഹൃദയയായി ഞാൻ അതിനു നടുവിലിരുന്നു. 

ഔപചാരികയോഗം പിരിഞ്ഞു കഴിഞ്ഞ് സമയം ബാക്കിയായിരുന്നു. എല്ലാരും ടീം തിരിഞ്ഞ് വർത്തമാനമായി. മുതിർന്നവരോട് ഒരു കൂട്ടർ രാഷ്ട്രീയവും ലോകകാര്യങ്ങളും ചർച്ച ചെയ്തു. തങ്ങളുടെ നാട്ടിലെ ആപ്പിൾത്തോട്ടങ്ങളെപ്പറ്റി ഒരു ഹിമാചൽക്കാരൻ വാചാലനായി. നമ്മൾ നെല്ലിമരം കുലുക്കുമ്പോലെ അയാൾ ആപ്പിൾമരം പിടിച്ചുകുലുക്കുമ്പോൾ മുറ്റത്തെല്ലാം ആപ്പിൾ പൊഴിയും. അങ്ങനെ ഞങ്ങളുടെ സ്വീകരണമുറി ഒരു ബഹുഭാഷാ സംഗമവേദിയായി. ഇടയ്ക്ക് ഒരു പെൺകുട്ടി വന്ന് തനിക്കൊപ്പം പാട്ടിൽച്ചേരാൻ ദേബ്ജിത് ഭയ്യയെ വിളിച്ചു. അവരൊരുമിച്ചാണത്രേ ആ ഡ്യുയറ്റ് എപ്പൊഴും പാടുന്നത്. അദ്ദേഹം ആ കുട്ടത്തിൽ  പോവല്ലേയെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. ഈയൊരു രാത്രി മാത്രം. ഇനി ഒരിക്കലും കണ്ടെന്നു പോലും വരില്ല. അദ്ദേഹത്തിന്റെ കവിതകൾ ഹിന്ദിയിലെങ്കിലും പരിഭാഷപ്പെട്ടു കേൾക്കാൻ ഞാനാഗ്രഹിച്ചു. കഴിയുമെങ്കിൽ വെള്ളി മോതിരമണിഞ്ഞ ആ എഴുത്തുവിരലുകളാൽ ചില വരികൾ എഴുതിവാങ്ങാനും.

ക്ഷീണമാണ്, പാട്ടുപാടാൻ മൂഡില്ലെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു. അത് ഞങ്ങൾ കുട്ടികൾക്കൊപ്പം സംസാരിച്ചിരിക്കാനാണെന്ന് എനിക്കു മനസ്സിലായി. സന്തോഷം ഒരു തണ്ണിമത്തങ്ങ പോലെ എന്റെയുള്ളിൽ പൊട്ടിച്ചിതറി. ആ ചേച്ചി കണ്ണുരുട്ടിക്കാണിച്ചു കൊണ്ട് പിൻമാറി. അപ്പുറത്തു നിന്ന് ഏതോ കിളിയുടെ ഒച്ചയിൽ  വെള്ളി വീണ ശോകഗാനമുയർന്നു.
"ലഗ്ജാ ഗലേ, കി ഫിർ യേ ഹസീ രാത് ഹോ ന ഹോ...''
ഒന്നു കെട്ടിപ്പിടിയ്ക്കൂ, ഇനിയിങ്ങനെ മനോഹരമായ ഒരു രാത്രി ഉണ്ടായില്ലെങ്കിലോ. ഈ ജൻമത്തിൽ ഇനിയൊരു കണ്ടുമുട്ടലുണ്ടായില്ലെങ്കിലോ!
എല്ലാരും നിശ്ശബ്ദരായി ആ ഗാനത്തിലലിഞ്ഞു. ഈ രണ്ടു ദിവസങ്ങൾ അവർ ഞങ്ങളുടെ വീടിനെ ഉല്ലാസം കൊണ്ടു നിറച്ചിരുന്നു. എവിടെ നിന്നൊക്കെയോ വന്നവർ. ഇനിയൊരുപക്ഷേ ഒരിക്കലും കാണാൻ ഇടയില്ലാത്തവർ.

എല്ലാവരും തുടർന്നുള്ള  പാട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ഞാൻ പ്രതീക്ഷിച്ച സന്ദർഭമെത്തി. ആവശ്യം അവതരിപ്പിച്ചു. ഒരു സ്വന്തംകവിത ചൊല്ലാമോ? ഹിന്ദിയിൽ അല്ലെങ്കിൽ ഇംഗ്ളീഷിൽ. ബംഗാളി ഒരു രക്ഷയുമില്ല മനസ്സിലാവില്ല. അദ്ദേഹം എന്റെ കണ്ണുകളിലേയ്ക്കു നോക്കി. ബംഗാളിയിലാണെഴുതാറ്. അത് ഹിന്ദിയിലാക്കുമ്പോൾ പൂർണ്ണത കിട്ടില്ലെന്ന് ഖേദത്തോടെ പറഞ്ഞു.
ശരിയാണ്, ഭാഷയുടെ മാസ്മരികത കൂടിച്ചേർന്നതല്ലേ കവിതയുടെ ആശയപൂരണം.. പിന്നെ നിർബ്ബന്ധിച്ചില്ല.
പക്ഷേ അദ്ദേഹം ഞങ്ങളെ നിരാശപ്പെടുത്താൻ ഒരുക്കമായിരുന്നില്ല. കവിത പോട്ടെ, ഒരു കഥ പറഞ്ഞാലോ . ഓക്കേ, ഞങ്ങൾ സന്തോഷത്തോടെ സമ്മതിച്ചു.

കാളിയുടെ കഥയറിയാമോ? ശിവൻ ത്രിക്കണ്ണു തുറന്നപ്പോൾ അതിൽ നിന്നുദ്ഭവിച്ച രൗദ്രസ്വരൂപിണിയായ കാളി. ശാർക്കര അമ്പലത്തിലെ കാളിയൂട്ട് ഞങ്ങൾക്കെല്ലാമറിയാം. എന്നാലും മിണ്ടിയില്ല. അദ്ദേഹം കാളിയുടെ കഥ വിസ്തരിച്ചു പറഞ്ഞു. പകുതി ഹിന്ദി, പകുതി ഇംഗ്ലീഷ്, അവിടവിടെ ചില മലയാളംപദങ്ങൾ. കഥ തീർന്നപ്പോൾ ഹിന്ദിയിൽ  ചോദിച്ചു,
"കാളീഘട്ട് കേട്ടിട്ടുണ്ടോ, കൊൽക്കൊത്തയിലെ പ്രശസ്തമായ  കാളീക്ഷേത്രമാണ്. എന്റെ കുടുംബവീടിനടുത്താണ്, ഒരുദിവസം കൊണ്ടുപോവാം. വരില്ലേ? "
ഞാൻ തലകുലുക്കി. 
അതിനുള്ളിൽ കുറെയിടങ്ങളുണ്ട് കാണാൻ. ഷോഷ്ടിതാലയിൽ ഒരു മുൾച്ചെടിയുടെ കീഴെ ഷോഷ്ടി, ശീതള , ചണ്ഡി എന്ന ദേവതകളെ കല്ലിൽ ആവാഹിച്ചിട്ടുണ്ട്. മൃഗബലി നടക്കുന്നയിടമാണ് ഹർകത്ത്താല. എന്തെല്ലാമോ പേരുകൾ. ഞങ്ങൾ വായ പൊളിച്ചിരുന്നു. ഏതോ പുരാതനഗോത്രകാലാചാരങ്ങളുടെ നേരം വെളുക്കാത്ത പിന്തുടർച്ചകൾ. ദാക്ഷായണിയുടെ തള്ളവിരൽ വീണ ശക്തിപീഠമാണവിടെ. ശക്തിപീഠങ്ങളുടെ കഥയറിയാമോ? പറഞ്ഞു തരാം . അന്നേരം അപ്പുറത്തെ  പെൺകുട്ടികൾ ഒരു ഒറിയഗാനം പാടി. അവിടെ ഏകദേശം പരിപാടികൾ സമാപിച്ചിരിക്കുന്നു. അവർക്ക് വെളുപ്പിനെ പുറപ്പെടാനുള്ളതാണ്. പതിയെപ്പതിയെ ഉറക്കം തൂങ്ങിക്കൊണ്ട് ഓരോരുത്തരായി കിടക്കാൻ വട്ടം കൂട്ടി.

ഉറങ്ങുന്നില്ലേ? പത്തര മണിയായി. വല്യമ്മ വാതിൽക്കൽ വന്നു ചോദിച്ചു.
"ഇതു കൂടി പറഞ്ഞിട്ട് നിർത്താം അല്ലേ? ആന്റീ ഈ ഒറ്റക്കഥ കൂടി ". ദേബ്ജിത്ഭയ്യ ചിരിച്ചു. ഞങ്ങൾ തലകുലുക്കി. ഉറക്കം വന്നു തുടങ്ങിയിരുന്നു. ഭയ്യയുടെ ശബ്ദം താണു. കാളിഘട്ടിലല്ല, ഏറ്റവും വലിയ ശക്തിപീഠമുള്ളത്. അത് ആസാമിലെ ഗുവാഹത്തിയിലാണ്. നീലാചൽ മലമുകളിലെ കാമാഖ്യാദേവിയുടെ ക്ഷേത്രം. താരാദേവി, ചിന്നമസ്ത ,ബഗളാമുഖി, ഭുവനേശ്വരി, ഭൈരവി, ധൂമാവതി.. എല്ലാ ദുർദ്ദേവികളുമുള്ള  മന്ത്രതന്ത്രങ്ങളുടെ ദുരൂഹസ്ഥലം, പണ്ട് നരബലി നടന്നിരുന്നയിടം. നരബലി! അദ്ദേഹം കഴുത്തിനു കുറുകെ കൈ വെച്ച് വെട്ടുന്ന പോലെ ഒരാംഗ്യം കാണിച്ചു. ഇപ്പൊഴും മൃഗബലി നടക്കുന്നുണ്ട്. പുറത്ത് നായകൾ ഉറക്കെ ഓരിയിട്ടു. ഞങ്ങൾ പരസ്പരം നോക്കി. ജഗ്ജീത് ഭയ്യ മന്ത്രിച്ചു "ചോരയാണ് ശരിക്കുള്ള പ്രസാദം" മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളിലെ ആ ത്രിപുരയെന്ന വൃദ്ധയെ ഓർമ്മ വന്നു.

ഈ ദേവിമാരുടെ പേരുകളൊന്നും പുതിയതായിരുന്നില്ല. പി.വി. തമ്പിയുടെ മാന്ത്രികനോവൽ കൃഷ്ണപ്പരുന്തിലെ ദുർദ്ദേവതകൾ. ചേട്ടൻ നിർത്തുന്നേയില്ല, ആവേശത്തിലാണ്. "ശക്തിപീഠത്തിൻ്റെ കഥ. ഐ വിൽ ടെൽ യൂ ദ സ്‌റ്റോറി. ദെൻ വി വിൽ സ്റ്റോപ് ഫോർ ടുഡേ." പണ്ട് ദക്ഷയാഗത്തിൽ അപമാനിതയായ ശിവപത്നി സതി യാഗാഗ്നിയിൽ ചാടി മരിച്ചു. കോപാന്ധനായ ശിവൻ ആ ശരീരം തോളിലെടുത്ത് താണ്ഡവമാടി. ലോകത്തിനാപത്താണെന്നു മനസ്സിലാക്കി വിഷ്ണു ആ ശരീരത്തെ സുദർശനചക്രത്താൽ കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു. ഓരോ ഭാഗം ഓരോയിടങ്ങളിൽ വീണു.. പെരുവിരൽ വീണയിടം കാളിഘട്ട്. സ്തനങ്ങൾ വീണത് താരതരിണി, അങ്ങനെ... പക്ഷേ അതിൽ ഏറ്റവും പ്രധാനഭാഗമാണ് കാമാഖ്യയിൽ വീണത്.
"കാൻ യൂ ടെൽ മീ വിച് പാർട്ട്?"എൻ്റെ തൊണ്ട വരണ്ടു . എന്തോ ഒരസ്വസ്ഥത മനസ്സിന് അനുഭവപ്പെട്ടു.
ജഗ്ജീത് ഭയ്യയുടെ കണ്ണുകൾ തിളങ്ങി. അയാൾ സ്വയമറിയാതെ സംസാരിക്കുമ്പോലെ തോന്നി.

ഞങ്ങൾ മിണ്ടാതിരുന്നപ്പോൾ, അയാൾ തുടർന്നു, 'ദി മോസ്റ്റ് ആക്റ്റീവ് പാർട്ട് ഓഫ് എ വുമൺ". ഒരു വഷളൻചിരി അയാളുടെ ചുണ്ടിൽ മിന്നുന്നുണ്ടോ? ഒരു സ്ത്രീശരീരത്തിലെ ഏറ്റവും ഉഗ്രമായ ഭാഗം പറയൂ ഏതാണ്, ഏതാണ്.? അയാൾ ആവേശം കൊള്ളുകയാണ്.
പിന്നെ കൂട്ടിച്ചേർത്തു "And ofcourse the most attractive too. "ഏറ്റവും ആകർഷകമായതും. കാമാഖ്യയിലെ യോനിപ്രതിഷ്ഠയെപ്പറ്റി അന്നറിയില്ലായിരുന്നു. പക്ഷേ ചില കാര്യങ്ങൾ മനസ്സിലാകാതിരിക്കാൻ മാത്രം മണ്ടരല്ലല്ലോ ഏതു പ്രായത്തിലും മനുഷ്യർ. ഉറങ്ങാം. നാളെ ക്ലാസ്സുണ്ട്. ഞങ്ങൾ എണീറ്റു. തിരിഞ്ഞുനോക്കാതെ മുറിയിലേയ്ക്കു നടന്നു. ടി.വി. സ്റ്റാൻ്റിനു മുകളിൽ നീലനിലാവത്തെ വൈക്കോൽത്തോണിയെ ഇരുട്ടുപുഴ വിഴുങ്ങി.