" പ്ഫ പന്ന... മോളെ. എനിക്കല്ലടീ പ്രാന്ത് നിൻ്റെ തന്തക്കാ". നല്ല അസ്സല് ഓണാട്ട്കര തെറിയാണ്. ഭാഷയുടെ വികാരവിപ്ലവമായി ഒരോ നാടിൻ്റെയും നെഞ്ചിൽ പതിഞ്ഞ് കിടപ്പുണ്ട് പല തെറികൾ. ഉച്ചാരണത്തിൻ്റെ തെളിമയിൽ മറ്റൊരു ഭാഷയായി വളരുന്ന സഫീത്തയുടെ തെറിപ്രയോഗങ്ങൾ എങ്ങും ഏശാത്തത് പോലെ ആ പകലിനോടൊപ്പം ലയിച്ചുനിന്നു .

To advertise here,

ഭ്രാന്ത് മൂക്കുമ്പോൾ സഫീത്ത ഒരു ഒട്ടകപ്പക്ഷിയാവും. പറന്നെത്താൻ ആഗ്രഹിച്ച ഇടങ്ങൾ നിഷേധിച്ച ലോകത്തെ നോക്കി ചിലപ്പോൾ പുച്ഛഭാവത്തിൽ ചിരിക്കും. മറ്റ് ചിലപ്പോൾ ചുറ്റുമുള്ളവരെയെല്ലാം തോൽപ്പിച്ച് മനസ്സ് കൊണ്ടോടി ജയിച്ച് വിജയിയുടെ ഭാവത്തിൽ ചിരിക്കും. കാലുകളിൽ ആകുന്നത്ര ശക്തി സംഭരിച്ച് മുന്നിൽ കാണുന്നതെന്തും തട്ടിത്തെറിപ്പിക്കും.

ഭ്രാന്ത് എന്നും ഭയപ്പെടുത്തുന്നൊരു വാക്കാണ്. സാധാരണ മനുഷ്യർ കാണാത്ത നിറങ്ങൾ. കേൾക്കാത്ത ശബ്ദങ്ങൾ. ചിന്തിക്കാത്ത വഴികൾ. സഫീത്തയുടെ കണ്ണിലൂടെ എല്ലാം വേറിട്ടു തെളിയും. അതുകൊണ്ടാവാം, സഫീത്തയെ കാണുന്നത് പോലും എനിക്ക് ഭയമായിരുന്നു.

" ഓടിവായോ ഇവളെന്നെ കൊല്ലുന്നേ". വെയിൽ ചാഞ്ഞ് തുടങ്ങിയ നേരത്താണ് സഫീത്തയുടെ പുരയിൽനിന്ന് ഒരു നിലവിളി ഉയർന്ന് കേട്ടത്. കേട്ടവർ കേട്ടവർ സഫീത്തയുടെ പുരയിലേക്ക് ഓടി. നാത്തൂൻ പോരാണ്. കൊടുംശത്രുതയിൽ പുലരുന്ന രണ്ട് രാജ്യങ്ങൾ പോലെ ധാരാളം അംഗങ്ങൾ ഉള്ള ഒരേ വീട്ടിൽ കഴിയുന്ന രണ്ട് മനുഷ്യർ തമ്മിലുള്ള പോരാട്ടമാണ്. ഏക സഹോദരൻ്റെ ഭാര്യ മൊട്ടച്ചി എന്ന് നാടാകെ അറിയപ്പെടുന്ന റഹി, സഫീത്തയുടെ കൊടുംശത്രുവാണ്. അവർ നേർക്കുനേർ വരുന്ന നേരത്തൊക്കെ തീ പാറും. യുദ്ധം അവശേഷിപ്പിക്കുന്ന ഇടങ്ങളിൽ അവസാനം തളർന്ന് വീഴുന്നത് മൊട്ടച്ചി റഹി തന്നെയാവും. വാക്കുകളുടെ മൂർച്ചയിൽ അരഞ്ഞരഞ്ഞ് തീർന്ന് പാഴ്ച്ചണ്ടി പോലെ വീടിൻ്റെ മൂലയിലെവിടെയെങ്കിലും ഒടുവിൽ അവർ ഒതുങ്ങിക്കൂടും. അന്നത്തെ ദിവസം വഴക്കിൻ്റെ മൂർച്ച കൂടി. അതിൻ്റെ കാരണമാകട്ടെ കൂടോത്രവും.

വിട്ടുമാറാത്ത തലവേദന കാരണം സഫീത്ത ഒരു മന്ത്രവാദിയെ കാണാൻ പോയി. കണക്കിട്ട് നോക്കിയ മന്ത്രവാദി സംഗതി കൂടോത്രമാണന്ന് ഉറപ്പിച്ചു. കൂട്ടത്തിൽ അമ്മച്ചിവീട്ടിലേക്ക് വിളിച്ചപേക്ഷയുമുണ്ട്. "ആരാ ഇത് ചെയ്തേ." സഫീത്ത ഉത്കണ്ഠയുടെ പെരുമ്പാമ്പായി മന്ത്രവാദിക്ക് മുന്നിൽ വലിഞ്ഞ് മുറുകിനിന്നു. " മറ്റാരാ…! നിൻ്റെ വീട്ടില് തന്നുണ്ട് നിൻ്റെ ശത്രു. പേരങ്ങനെ പറയില്ല, അത് കണക്കിട്ട് നോക്കുന്നതിലെ നിയമമാണ്." കൂട്ടത്തിൽ മറ്റൊന്ന് കൂടി മന്ത്രവാദി കൂട്ടിച്ചേർത്തു: "പൂച്ചത്തലയിലാണ് ചെയ്തിരിക്കുന്നത്. കൊറച്ച് കടുകട്ടി പ്രയോഗവാ. പെട്ടെന്നുതന്നെ ഒഴിച്ച് മാറ്റണം. അതിന് കൊറച്ച് ചെലവൊണ്ട്."

മന്ത്രവാദിയുടെ വീട്ടിൽനിന്ന് ഇറങ്ങിയ സഫീത്ത ആദ്യം മന്ത്രവാദിയെ ചീത്തവിളിച്ചു. ലോകം മുടിക്കാൻ നിന്നെ പോലുള്ളോൻമാര് ഇറങ്ങിയത് കൊണ്ടല്ലിയോടാ അവളെനിക്കിട്ട് പണിഞ്ഞത് എന്നും പറഞ്ഞായിരുന്നു ബഹളം. സഫീത്തയുടെ ബഹളം കേട്ട് പാമ്പ് മാളത്തിൽ ഒളിക്കുന്നത് പോലെ മന്ത്രവാദി മുറിയുടെ കതകടച്ചിട്ടിരുന്നു. കാര്യം തിരക്കിവന്ന നാട്ടുകാർ കുറച്ചൊക്കെ ആ രംഗങ്ങൾ ആസ്വദിച്ച് നിന്നതിന് ശേഷം നല്ല അസ്സല് മാന്യൻമാരായി. സഫീത്തയെ അനുനയിപ്പിച്ച് വീട്ടിലേക്ക് മടക്കി. എന്നാൽ, കൂടോത്രത്താൽ കലങ്ങിമറിഞ്ഞ മനസ്സിൽ മൊട്ടച്ചി റഹി മുടി അഴിച്ചിട്ടാടി. നീളൻനാവ് കൊണ്ട് സഫീത്തയെ നക്കി വിഴുങ്ങി. തൻ്റെ ആങ്ങളയെ തന്നിൽനിന്ന് അകറ്റാനും തന്നെ നശിപ്പിക്കാനും വേണ്ടി മൊട്ടച്ചി ചെയ്ത മന്ത്രങ്ങളെണ്ണി പറഞ്ഞ് ദേശമാകെ അവർ ഇളക്കി മറിച്ചു. "എത്രയായാലും അവളും ഒരു പെണ്ണല്ലിയോ അങ്ങനെയൊക്കെ ചെയ്യുവോ." നാട്ടുകാരിൽ ചിലർ മൊട്ടച്ചി റഹിയുടെ പക്ഷം പിടിച്ച് പറഞ്ഞു. തനിക്കെതിരെ പറഞ്ഞവരെയെല്ലാം സഫീത്ത ശത്രുപക്ഷത്താക്കി തെറികളാൽ ആട്ടിപ്പായിച്ചു.

മൊട്ടച്ചി റഹിക്ക് വിശുദ്ധപാപങ്ങളുടെ രാത്രിയായിരുന്നു അത്. നിഷിദ്ധമായ അനുഭവങ്ങളിൽ നിന്ന് ആത്മാവുണർന്ന ദിവസം. നക്ഷത്രങ്ങൾ മുത്തുകളെ പോലെ അടർന്ന് വീണ ദിവസം. അടുക്കളയും അടിമത്തവും പോരാത്തതിന് അവടെ പ്രാന്തും. "എന്ത് ചെയ്യാനാ എല്ലാം സഹിച്ചല്ലേ പറ്റൂ", എന്ന മനോഭാവം വിട്ട് മൊട്ടച്ചി റഹിയിൽ നിന്ന് മറ്റൊരു സ്ത്രീ അന്ന് പിറവിയെടുത്തു.

" കൊച്ചുങ്ങളെ ഓർത്ത് എല്ലാവങ്ങ് സഹിക്കുവാ, പക്ഷേ നോക്കിക്കോ" എന്ന സ്ഥിരം പല്ലവിയിലെ നോക്കിക്കോ എന്ന ഭീഷണി നിറഞ്ഞ വാക്കിൻ്റെ തുടർച്ചയെന്നോണം ചിലതൊക്കെ മനസ്സിൽ കൂട്ടി ചേർത്തു."ഇതല്ല എന്റെ ജീവിതം ? അടുക്കളയിൽ ചാരവും പുകയുമായിട്ടും മുറ്റത്തെ ചപ്പുകളിലെ കലമ്പലായിട്ടും ചുമലിൽ കെട്ടിക്കിടക്കുന്ന ഉത്തരവാദിത്തങ്ങളും മനസ്സിൽ അടക്കി വെച്ചിരിക്കുന്ന വേദനകളുമായി കുഞ്ഞുങ്ങളുടെ മുഖങ്ങളിൽ മാത്രം ആശ്വാസം കണ്ടിട്ടും എന്ത് കൊണ്ടാണ് പിന്നെയും പിന്നെയും താൻ ഇങ്ങനെ? താൻ സഹിക്കുന്നതെല്ലാം അവർക്ക് വേണ്ടിയാണ്. എന്നാൽ എനിക്കായി ആരാണ് സഹിക്കുന്നത്?

അവരുടെ ലോകം തുറന്ന വായുവിൽ. എന്റെ ലോകം അടുക്കളയിലെ അടുപ്പിന്റെ ചുറ്റിലും. അവർക്ക് പ്രാന്തുകൾ, എനിക്ക് ചുമതലകൾ. അവർക്ക് തീരുമാനങ്ങൾ എനിക്ക് വിധേയത്വം. ഒരുപാട് സഹിച്ചു. ഇനി എന്നിലും ജീവിക്കാൻ കൊതിച്ച ഒരു പെണ്ണുണ്ടെന്ന് സ്വാതന്ത്ര്യത്തിന്റെ ഒരു പുലർച്ചയുണ്ടെന്ന് എന്റെ ഭാവിക്കും വിലയുണ്ടെന്ന്, എന്റെ കണ്ണീരിനും ഒരുദിവസം ശബ്ദമുണ്ടാകുമെന്ന്, എന്റെ കരങ്ങൾ പാചകത്തിനപ്പുറം സ്വപ്നങ്ങളും തീർക്കുമെന്ന് ഞാനീ ലോകത്തോട് പറയും. അനുഭവങ്ങളുടെ കരിമ്പായലിൽ വഴുതാതെ ഞാൻ തല ഉയർത്തി നടക്കും". ജീവിതത്തിൽ ഒരറ്റത്ത് നിന്ന് മറ്റേയറ്റത്ത് വരെ വളരെ സാധാരണമായി നടന്ന് പോകാൻ കഴിയണമെന്നില്ല. പക്ഷേ ഭ്രാന്തിന് കഴിയും എന്നൊരു ചിന്തയും മൊട്ടച്ചി റഹിയിൽ ഉടലെടുത്തു. പിറ്റേ ദിവസം അരഭ്രാന്തിയെ പോലായിരുന്നു മൊട്ടച്ചിയുടെ പെരുമാറ്റം.

പിറ്റേന്ന് പകലിൽ റഹിയുടെ വാക്കുകൾക്കും ചൂട് പിടിച്ചു. നാവുകളെ ആയുധമാക്കി ഏറ്റവും ശക്തമായി അവർ തിരിച്ച് പറയാൻ തുടങ്ങി. "എടീ മച്ചീ ചുമ്മാതല്ല നിന്നെ നിൻ്റെ മറ്റവൻ ഇട്ടിട്ട് പോയത് " മൊട്ടച്ചി റഹിയുടെ വാക്കുകളിൽ ആദ്യമായി സഫീത്ത ചതഞ്ഞരഞ്ഞു. താലികെട്ടി വർഷം രണ്ട് കഴിഞ്ഞിട്ടും കുട്ടികളുണ്ടാകത്തതിൻ്റെ സർവ്വ പഴികളും തലയിൽ കെട്ടി വെച്ച് മറ്റൊരു വിവാഹം ചെയ്ത് അന്യദേശത്തേക്ക് കുടിയേറി പാർത്ത ഭർത്താവിനെയോർത്താവണം കുറേ നേരം അവർ നിശ്ശബ്ദയായിരുന്നു . ഭ്രാന്തിൻ്റെ ഏറ്റവും സൗമ്യവും ദീപ്തവുമായ ഭാവത്തോടെ. അതോടെ മൊട്ടച്ചി റഹി യുദ്ധമുഖത്തേക്ക് കുതിച്ച് കയറുന്ന പടയാളിയായി. നാഭിയിൽ നിറയെ വാക്കുകളുടെ അമ്പുകൾ . തരാതരം ഒന്നൊന്നായി എടുത്ത് മർമ്മസ്ഥാനത്തേക്ക് അവർ തൊടുത്ത് വിടാൻ തുടങ്ങി.

"നിന്നെ എന്തിന് കൊള്ളാം എൻ്റെ കെട്ടിയോൻ കൊണ്ട് വരുന്നേൻ്റെ പങ്കും പറ്റി അർവാണിത്തം കാണിക്കാനല്ലാതെ". പ്രതിരോധത്തിൻ്റേതാണെങ്കിലും മൊട്ടച്ചിയുടെ വാക്കുകൾ കേട്ട് പറക്കമുറ്റിയതും മുറ്റാത്തതുമായ അഞ്ച് മുഖങ്ങൾ വീടിന് നേരെ ചെവി കൂർപ്പിച്ച് നിന്നു . മൊട്ടച്ചി റഹിയുടെ മക്കളാണ്. സഫീത്തയെ അവർക്കും ഭയമായിരുന്നു. ഭ്രാന്തിൻ്റെ മുഴുപ്പുള്ള വാക്കുകൾ വിഴുങ്ങി കുട്ടിത്തമില്ലാതായി മാറിയ കുട്ടികളയായിരുന്നു അവർ. ഒരാൾക്ക് നേരെയുള്ള ശത്രുത കൊണ്ട് കുട്ടികളെയും അവർ എപ്പോഴും കണ്ണുരുട്ടി ഭയപ്പെടുത്തുമായിരുന്നു. അന്നത്തെ ദിവസം മൊട്ടച്ചി റഹിയുടേതായിരുന്നു. കൂടോത്രത്തിൻ്റെ ഒഴിഞ്ഞ മൺകുടം പോലെ സഫീത്ത അന്നത്തെ ദിവസം മൊട്ടച്ചി റഹിക്ക് വിട്ട് കൊടുത്തു.

മൂളി മൂളി മുളച്ച് പൊന്തിയ നിശ്ശബ്ദതയിൽ നിന്നോണം പിറ്റേ ദിവസം സഫീത്ത പുറത്തിറങ്ങി. മുടി അഴിച്ചിട്ടു. കുപ്പായക്കെയ്യ് തെറുത്ത് മുകളിലേക്ക് ചുരുട്ടി വെച്ചു. മുഴുവൻ വീര്യവും പുറത്തെടുത്ത് വീട്ട് മുറ്റത്തെ യുദ്ധക്കളമാക്കി നിന്ന് ഉറങ്ങ് തുള്ളാൻ തുടങ്ങി. " ഇറങ്ങി വാടീ പന്ന... നീ എന്നെയങ്ങ് ഊ... എന്തൊക്കെയാടീ നീ പറഞ്ഞത് എൻ്റെ കെട്ട്യോൻ ഇട്ടട്ട് പോയന്നോ. പറെടീ പറ ". പുരയിൽ നിന്ന മൊട്ടച്ചി റഹിയെ മുടിക്കുത്തിന് പിടിച്ച് വീട്ട് മുറ്റത്തേക്ക് വലിച്ചിട്ടു. റഹി ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും സഫീത്തയുടെ മുന്നിൽ ആദ്യം കൂനി കൂടി നിന്നു. ഭ്രാന്ത് കൊണ്ട് ഊറ്റം കൊണ്ടവരെ പരാജയപ്പെടുത്തുന്നത് പരിശ്രമകരമാണ് എന്ന ബോധ്യം കൂടി ആ നേരങ്ങളിൽ മൊട്ടച്ചി റഹിയിൽ ഉണ്ടായിട്ടുണ്ടാവണം. കാത് കീറി മാറ് വരെ കിടന്നാടുന്ന തോട്ടയുടെ ഉൻമാദത്തിൽ നാട്ടുകാരിയായ ദേവകിയമ്മയും ബഹളം കേട്ട് അവിടേക്ക് എത്തി. ഒരു തരത്തിൽ അതും ഒരു ഭ്രാന്താണല്ലോ. കൊന്നും കൊലവിളിച്ചും അല്ലാത്ത ഏറ്റവും ദാർശനികമായ ഭ്രാന്ത്.

ബഹളങ്ങൾക്കിടയിൽ അടുക്കളയിലെ ചോറും കലവും എടുത്ത് സഫീത്ത പുറത്തേക്കെറിഞ്ഞു. വിശപ്പിൻ്റെ പിഞ്ഞാണമാണ് മുന്നിൽ. മൊട്ടച്ചി റഹിക്കത് സഹിച്ചില്ല. സർവ്വ ശക്തിയും സംഭരിച്ച് സഫീത്തയെ തള്ളി പുറത്തേക്കിട്ടു . മണലിൽ ഉരുണ്ട് പിരണ്ട് ഉഗ്രമായ മൽപ്പിടുത്തം നടക്കുന്നു. താഴെ മണലിന്റെ ചൂടിൽ കത്തിയുറഞ്ഞ ശരീരങ്ങൾ തമ്മിൽ കുടുങ്ങി, കണ്ണിലും മൂക്കിലും ചെവികളിലും മാന്തിപ്പറിച്ചു .മണലിന് പോലും രക്തച്ചുവപ്പ്. അവരുടെ ശ്വാസം തീപ്പൊരിപോലെ പൊടിയിൽ പിരണ്ടു . മനുഷ്യനിലെ മൃഗീയതയെ വെളിവാക്കിയ ആ സായാഹ്നം ക്ഷമ എന്ന വാക്കിനെ വിഴുങ്ങി രാക്ഷസഭാവത്തോടെ നിന്നു .

" അയ്യോ എന്നെ കൊന്നേ " മൽപ്പിടുത്തം അൽപ്പം ശമിച്ചു. സഫീത്ത വായിൽ ഒരു തുണ്ട് ഇറച്ചിക്കഷണവുമായി മൊട്ടച്ചി റഹിയെ വിട്ട് നിവർന്നെഴുന്നേറ്റു. ഓടിയെത്തി വർദ്ധിച്ച് കൊണ്ടിരുന്ന ആൾകൂട്ടം ആ കാഴ്ച്ചയിൽ ഭയന്ന് വിറച്ചു. മൊട്ടച്ചി റഹിയുടെ മുഖം നിറയെ ചോരയാണ്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. സഫീത്ത വായിലിരുന്ന ഇറച്ചി തുണ്ട് അകലേക്ക് തുപ്പിയെറിഞ്ഞു . അത് മൊട്ടച്ചി റഹിയുടെ കീഴ്ചുണ്ടിൻ്റെ ഒരു ഭാഗമണന്നറിഞ്ഞ് ആൾക്കാർ ബഹളം കൂട്ടി. പിൻ മുറ്റത്ത് ചിക്കിചികഞ്ഞ് കൊണ്ടിരുന്ന പൂവൻകോഴികളിലൊന്ന് താഴെ വീണ ചുണ്ടും കൊത്തിയെടുത്തോണ്ടോടി കൊത്തി തിന്നാൻ തുടങ്ങി. അടുത്ത കോഴിയും അതിൻ്റെ പങ്ക് പറ്റാൻ വന്നതോടെ അവിടെയും പോരാട്ടം നടന്നു. കോഴികൾ പരസ്പരം കൊത്തിവലിച്ച ചുണ്ടിൻ്റെ വിടവുമായി മൊട്ടച്ചി റഹി നിലവിളിച്ച് കൊണ്ടേയിരുന്നു. ക്രൂരമായ ഭ്രാന്തിൻ്റെ അടയാളം പോലെ '