
സംഭവം നടക്കുന്നത് ഒരു ശനിയാഴ്ച രാവിലെയാണ്. കോളേജ് ജങ്ഷനടുത്തുള്ള കട്ടങ്ങനാൽ ലോഡ്ജിലായിരുന്നു അക്കാലത്ത് താമസം. അവധിദിവസമായതുകൊണ്ട്, പതുക്കെ എഴുന്നേറ്റ് പത്തുമണിയോടെ ഭക്ഷണം കഴിക്കാൻ പോയത് ഷാപ്പിലേക്കാണ്. പകലായതുകൊണ്ട്, 'മദ്യപാനം പകലരുത്, പലരരുത്' എന്ന വേദവാക്യം ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും തമാശയായി പറഞ്ഞുകൊണ്ടിരുന്നു. അല്ലെങ്കിലും അങ്ങനെയൊരു ദുരുദ്ദേശ്യമില്ലായിരുന്നു. ഞങ്ങളെ അസമയത്തു കണ്ടപ്പോൾ ഷാപ്പുടമയ്ക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാരണം, മിക്കവാറും അവധിദിവസങ്ങളിൽ അതൊക്കെ ഞങ്ങളുടെ പതിവായിരുന്നു. ഷാപ്പുടമ ഞങ്ങൾക്കു വേണ്ട വിഭവങ്ങളൊക്കെ മേശപ്പുറത്തു നിരത്തി.
'മൂക്കാത്ത ഓരോന്നെടുക്കാം. രാവിലത്തേതാ... ഇപ്പോൾ വന്നതേയുള്ളു.' കള്ളിന്റെ കാര്യമാണയാൾ പറഞ്ഞതെന്നറിയാമായിരുന്നെങ്കിലും ഞാനൊന്നും പറഞ്ഞില്ല. കൂട്ടുകാരിലൊരാൾ ചിരിച്ചുകൊണ്ടു പറഞ്ഞു:
'ചേട്ടാ, പകലരുത് എന്നല്ലേ?'
'എന്നാൽ അങ്ങനെയാകട്ടെ.' അയാളും പറഞ്ഞു.
അങ്ങനെ സമാധാനത്തോടെ നല്ല കപ്പ വേവിച്ചതും സ്പെഷ്യൽ കരിമീൻ പൊള്ളിച്ചതുമൊക്കെ കഴിച്ചു തുടങ്ങിയപ്പോഴാണ് മുന്നറിയിപ്പില്ലാതെ ഒരു പോലീസ് ജീപ്പ് ഷാപ്പിന്റെ മുറ്റത്തേക്കു വന്നുനിന്നത്.
രണ്ടു പോലീസുകാർ വേഗത്തിൽ ഷാപ്പിനുള്ളിലേക്കു കയറിവന്ന്, കഴിച്ചുകൊണ്ടിരുന്ന ഞങ്ങളോട് ആജ്ഞാപിച്ചു. 'എഴുന്നേക്കെടാ കഴുവേറി... മക്കളേ'
ഞങ്ങൾ ഞെട്ടിപ്പോയി. എന്താണു സംഭവിക്കുന്നതെന്ന് ഒരൂഹവുമില്ലായിരുന്നു.
'മറ്റവനെന്തിയേ, നിന്റെയൊക്കെ കൂടെ നടക്കുന്ന തടിയൻ? എവിടെയാണെങ്കിലും അവനേം ഞങ്ങൾ ഇന്നുതന്നെ പൊക്കും...'
'അവൻ വീട്ടിൽ പോയി... മറ്റെന്നാളേ വരൂ...' ഞാൻ വിനയപൂർവം അറിയിച്ചു.
'അവനെ ഞങ്ങൾ പിന്നെ പൊക്കിക്കോളാം... തൽക്കാലം നിന്നെയൊക്കെ പൊക്കാൻ വന്നതാ...'
'സാർ... ഫുഡ് കഴിച്ചിട്ട്...'
'ഫാ! നാറികളേ! നിനക്കൊക്കെവേണ്ടി ഞങ്ങളിനി കാത്തുനിൽക്കാം... നിന്റെയൊക്കെ പേരിൽ എത്ര പരാതികളുണ്ടെന്നറിയാമോ? പെണ്ണുകേസുകൾ വേറേ!'
ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളാണ്. കൂടാതെ നക്സലൈറ്റ് അക്രമങ്ങൾ അങ്ങിങ്ങായി നടക്കുന്ന സമയവുമായിരുന്നു. ഇടത്തല മത്തായിയെ വെടിവച്ചു കൊലപ്പെടുത്തിയ കുപ്രസിദ്ധമായ കേസൊക്കെ അക്കാലങ്ങളിലായിരുന്നു. പിൽക്കാലത്ത്, കോഴിക്കോട് റീജ്യണൽ എൻജിനീയറിങ് കോളേജ് (ഇന്നത്തെ എൻ.ഐ.ടി.) വിദ്യാർഥിയായിരുന്ന രാജനെ ഏതോ പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കുണ്ടെന്ന വ്യാജേന പിടിച്ച വാർത്തയൊക്കെ പടരുന്ന കാലം. രാജന്റെ അച്ഛൻ ഈച്ചരവാര്യർ ഹേബിയസ് കോർപ്പസ് ഹർജി കൊടുത്തതും 1976 മാർച്ചിൽ, രാജൻ പോലീസ് കസ്റ്റഡിയിൽ മരിച്ചതും ഐപിഎസ് ഓഫീസറായിരുന്ന ജയറാം പടിക്കലിനു പടിയിറങ്ങേണ്ടിവന്നതുമൊക്കെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നത് ഞങ്ങളുടെ പഠനകാലത്തായിരുന്നു. ഈ സംഭവം അതിനും മുമ്പായിരുന്നെങ്കിലും ഇന്നോർക്കുമ്പോഴും നടുക്കമാണ്.
പഠനം കഴിഞ്ഞ് മലപ്പുറത്തു പൊതുമരാമത്തുവകുപ്പിൽ ജോലി ചെയ്യുമ്പോഴാണ് രാജനെപ്പറ്റി കൂടുതൽ വിവരങ്ങളറിയുന്നത്. അന്നു ഞാൻ ആർ.സി.യുടെ ഗസ്റ്റ്ഹൗസിലായിരുന്നു താമസം. അവിടെ രാജന്റെകൂടെ പഠിച്ച പയസും അതേ കാലയളവിലെ വിദ്യാർഥിയായിരുന്ന ഒരു ബാലകൃഷ്ണനുമുണ്ടായിരുന്നു. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ രാജനും പ്രതിയായിരുന്നു എന്ന സംശയത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത് എന്നാണ് അവർ പറഞ്ഞത്. കോഴിക്കോട്ടുവച്ചു നടന്ന യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവൽ കഴിഞ്ഞ് രാത്രിയിൽ, ആർ.ഇ.സിയുടെ കോളേജ് ബസ്സിൽക്കയറി ഹോസ്റ്റലിലേക്കു പോകാൻ കൂട്ടുകാരുമൊത്തു നിൽക്കവേ, ആരോ പിന്നിൽനിന്നു 'രാജാ' എന്ന് ഉറക്കെ വിളിക്കുകയും രാജൻ പെട്ടെന്നു തിരിഞ്ഞുനോക്കുകയും ചെയ്തു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരുസംഘം പോലീസുകാർ പാഞ്ഞുവന്ന് രാജനെ പിടികൂടുകയായിരുന്നത്രേ. അതിന്റെ പേരിൽ കോളേജ് കാമ്പസിൽ പ്രതിഷേധപ്രകടനങ്ങളൊക്കെ ഉണ്ടായെങ്കിലും അതിൽപ്പിന്നെ രാജനെ ആരും കണ്ടിട്ടില്ല. അന്നൊക്കെ അങ്ങനെ അറസ്റ്റ് ചെയ്ത പലരെയും കാണാതായിട്ടുണ്ട്. പലരും കസ്റ്റഡിയിൽ മരിച്ചിട്ടുമുണ്ട്.
കേരളത്തിലെ എൻജിയിനീയറിങ് കോളേജുകൾ കേന്ദ്രീകരിച്ച് അതീവരഹസ്യമായി സ്റ്റഡി ക്ലാസ്സുകളൊക്കെ നടക്കുന്നുണ്ടായിരുന്നെങ്കിലും ഞങ്ങളാരും അതിലൊന്നും പെട്ടിരുന്നില്ല. പക്ഷേ ആരോടു പറയാൻ! അടിയന്തരാവസ്ഥക്കാലത്ത് നിയമപാലകർക്കു പരമാധികാരമാണ്. തിരുവായ്ക്ക് എതിർവായില്ല. ഏതു കേസെടുത്താലും ജാമ്യമില്ലാവകുപ്പാണ്. അതൊക്കെയറിയാവുന്നതുകൊണ്ട് ആകെയൊരങ്കലാപ്പായിരുന്നു.
വരുന്നിടത്തുവച്ചു കാണാമെന്നു കരുതി ആത്മസംയമനം പാലിച്ചു. അനുസരണയുള്ള പട്ടിക്കുട്ടികളെപ്പോലെ ഞങ്ങൾ ഷാപ്പിനു പുറത്തേക്കിറങ്ങി. ആദ്യം കയറിവന്ന പോലീസുകാരിലൊരാൾ, മുറ്റത്തു കിടന്ന പോലീസ് ജീപ്പിനുനേരേ ലാത്തി കാണിച്ചുകൊണ്ട് വീണ്ടുമൊരലർച്ച:
'കേറിനെടാ കഴുവേറി മക്കളേ...!'
ഞങ്ങൾ മൂന്നുപേരും ജീപ്പിന്റെ പിന്നിൽക്കയറി സീറ്റിലിരിക്കാൻ തുടങ്ങിയപ്പോഴേക്കും, കൂടെയുണ്ടായിരുന്ന പോലീസുകാരൻ ദേഷ്യപ്പെട്ടുകൊണ്ട് ഉച്ചത്തിൽ ആജ്ഞാപിച്ചു: 'ഫാ! ്‌ര*%@** മക്കളേ! നിലത്തിരിക്കെടാ... നിന്നിയൊക്കെ ഇനി സീറ്റിലിരുത്തി മാലയിട്ടു ചെണ്ടമേളവുമായി എഴുന്നള്ളിച്ചു കൊണ്ടുപോകാം!'
സാമാന്യം പൊക്കമുള്ള, ബാസ്‌ക്കറ്റ് കളിക്കാരനായിരുന്ന എനിക്കു സ്ഥലം കഷ്ടിയായിരുന്നെങ്കിലും ഒന്നിച്ച്, ഉള്ള സ്ഥലത്തു കൂനിക്കൂടിയിരുന്നു. അപ്പോൾ ഒരു കൂട്ടുകാരൻ, 'എടാ, ഒരുമയുണ്ടെങ്കിൽ ഒലക്കേലും കിടക്കാമെന്നല്ലേ' എന്നൊരു തമാശ എന്റെ ചെവിയിൽ പറഞ്ഞു. അവനു തമാശ പറയാൻ കണ്ട നേരം! ദേഷ്യം വന്നെങ്കിലും പ്രതികരിക്കാതെ നിയന്ത്രിച്ചു.
'വണ്ടി നേരേ സ്റ്റേഷനിലേക്കു പോകട്ടെ...'
ആദ്യം വന്ന പോലീസ് കോൺസ്റ്റബിൾ ശബ്ദമുയർത്തി, ഡ്രൈവറോടു പറയുന്നതു കേട്ടു. പോലീസുകാർ രണ്ടുപേരും മുൻസീറ്റിൽ കയറി.
അപ്പോഴാണ് സംഗതി ശരിക്കും ഗൗരവമുള്ളതായിരിക്കുമെന്നു തോന്നിയത്. പക്ഷേ, മനസാ വാചാ ഞങ്ങളൊരു തെറ്റും ചെയ്തിട്ടില്ല. തലേദിവസം, ഹോസ്റ്റലിലെ കുട്ടികൾ പാപ്പച്ചൻ എന്നൊരാളുടെ വീടാക്രമിച്ച്, ഗൃഹനാഥനെ തല്ലിച്ചതച്ചിരുന്നു. വീട്ടിലെ സാധനങ്ങളെല്ലാം പുറത്തേക്കു വലിച്ചെറിഞ്ഞു. പശുവിനെ അഴിച്ചുവിട്ടു. സ്ത്രീകളും കുട്ടികളും കരഞ്ഞുകൊണ്ട് അയൽപക്കത്തെ വീട്ടിൽപ്പോയൊളിച്ചു. അവർ പോലീസിനെ വിളിച്ചു. ഇത്രയും സംഭവങ്ങൾ നടന്നു എന്നതു സത്യം. അയാളുടെ മകളും എൻജിനീയറിങ് കോളേജ് വിദ്യാർഥിയുമായി ബന്ധപ്പെട്ട കാര്യമായിരുന്നു.
പാപ്പച്ചൻ പട്ടച്ചാരായമടിച്ച്, ഇരുട്ടത്ത് കോളേജ് റോഡിൽക്കൂടി നടന്നുപോയ ഒരു പാവം ഒന്നാം വർഷക്കാരൻ വിദ്യാർഥിയെ തല്ലി. ഹോസ്റ്റലിലേക്കു നോക്കിനിന്ന് എൻജിനീയറിങ് കുഞ്ഞുങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പുളിച്ച തെറി വിളിച്ചു. അടികൊണ്ട പയ്യൻ നിലത്തുവീണു തലപൊട്ടി. അവൻ രക്തമൊലിപ്പിച്ചു കരഞ്ഞുകൊണ്ടു ഹോസ്റ്റലിലെത്തിയതോടെയാണ് എല്ലാറ്റിന്റെയും തുടക്കം. അതിന്റെ പ്രതികാരമായിട്ടായിരുന്നു വീടുകയറി ആക്രമിച്ചത്. മറ്റെന്തെങ്കിലുമുണ്ടോ എന്നറിയില്ല. പാപ്പച്ചനെ രാത്രിയിൽത്തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരുന്നു.
പോലീസ് തക്കസമയത്തെത്തിയതുകൊണ്ട് മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. ആ വീടാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് പ്രതികളെ തിരയുന്ന സമയമായിരുന്നു. എന്റെ കൂടെയുള്ള രണ്ടു കൂട്ടുകാർ ആ ആൾക്കൂട്ടത്തല്ലിൽ എങ്ങനെയോ പെട്ടുപോയി എന്നതു യാദൃച്ഛികമായിരുന്നു. ഞാൻ വീട്ടിൽ പോയിട്ട് വളരെ വൈകി വന്നതുകൊണ്ട് ആ കൂട്ടത്തിലില്ലായിരുന്നു. പക്ഷേ, അതൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാനുള്ള അവസരമില്ലായിരുന്നു.
രാവിലെ, പാപ്പച്ചനും കുടുംബത്തിനും അനുകൂലമായി, 'പാപ്പച്ചൻപീഡനം അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് കോതമംഗലത്തെ നാട്ടുകാർ പ്ലക്കാഡുകൾ പൊക്കിപ്പിടിച്ചുകൊണ്ട് പ്രകടനം നടത്തി, പോലീസ് സ്റ്റേഷനിലേക്കു മാർച്ചു ചെയ്തു. കള്ളുകുടിയനും നാട്ടുകാരുടെ ബദ്ധശത്രുവും ഗുണ്ടയുമായ പാപ്പച്ചൻ, അങ്ങനെ നേരം വെളുത്തപ്പോൾ സ്ഥലത്തെ പ്രധാനദിവ്യനായി! സംഗതി പ്രതിപക്ഷം ഏറ്റെടുത്തു. 'നാട്ടിലെ ക്രമസമാധാനം തകർന്നു; മുഖ്യമന്ത്രി രാജി വയ്ക്കുക' എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി.
ഈ സംഭവങ്ങൾക്കൊന്നും ഒരു പ്രസ്ഥാനവുമായും ഒരു ബന്ധവുമില്ലായിരുന്നു. ഏതെങ്കിലും മീറ്റിങ്ങുകളിലോ സ്റ്റഡി ക്ലാസ്സുകളിലോ ഞങ്ങൾ മൂന്നുപേരും പങ്കെടുത്തിരുന്നില്ല. അങ്ങനെയുള്ള ഊഹാപോഹങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും കോളേജിനു പുറത്തുള്ള ലോഡ്ജിൽ താമസിച്ചിരുന്നതുകൊണ്ട് ഹോസ്റ്റലിൽ അത്തരം പ്രസ്ഥാനങ്ങളുള്ളതായിപ്പോലും അറിയില്ലായിരുന്നു. 'വിപ്ലവം' എന്നൊക്കെപ്പറഞ്ഞ്, കുറച്ചുപേർ താടിയും മുടിയും നീട്ടി സംഘംകൂടി നടന്നിരുന്നു. അവർ ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചിരുന്നു. കോളേജ് മാഗസിൻ എഡിറ്ററായിരുന്ന ഞാൻ ആ കൈയെഴുത്തു മാസികയിൽ പലവട്ടം കവിതകളും ലേഖനങ്ങളുമെഴുതിയിരുന്നു. അതൊന്നും കുറ്റമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അത്രയുമൊക്കെയാണ് ആ ജീപ്പ് യാത്രയിൽ ഓർമ വന്നത്.
നക്സലൈറ്റ് തീവ്രവാദികളോട് പല വിയോജിപ്പുകളും ഉണ്ടായിരുന്നെങ്കിലും അവരോടു ദേഷ്യമൊന്നും ഇല്ലായിരുന്നു. അവരുടെ നേതാക്കളെക്കുറിച്ചറിയാമായിരുന്നു. കൂടുതലറിയാനുള്ള ആഗ്രഹവുമുണ്ടായിരുന്നു. മലപ്പുറത്ത് പൊതുമരാമത്തു വകുപ്പിൽ ഞാൻ ജോലിയിലിരിക്കെ കെ. വേണുവിനെ കാണാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചതു പിന്നീടും കുറേ വർഷങ്ങൾക്കു ശേഷമാണ്. അമേരിക്കയിൽ 'ജാനകി' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി തൃശ്ശൂർ വന്നപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. സംവിധായകൻ എം.ജി. ശശിയുമൊത്താണ് വേണുവിന്റെ വീട്ടിൽ പോയത്. അവർ നാട്ടുകാരും കൂട്ടുകാരുമൊക്കെയായിരുന്നു. അപ്പോഴേക്കും അദ്ദേഹം പ്രസ്ഥാനത്തിൽനിന്നൊക്കെ വിട്ടിട്ടു വർഷങ്ങളായിരുന്നു. ഞങ്ങളെപ്പോലെ ഒരു സാധാരണക്കാരനായി മാറിയിരുന്നു. എങ്കിലും കുറേനേരം പഴയ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. സഹധർമിണിയുടെ വക ചായസൽക്കാരവും കഴിഞ്ഞാണ് അവിടെനിന്നിറങ്ങിയത്.
ജീപ്പ് വേഗത്തിൽ പോലീസ് സ്റ്റേഷനോടടുത്തു. അപ്പോഴും ഷാപ്പുടമയല്ലാതെ ആരും വിവരമറിഞ്ഞിരുന്നില്ല. ആരെയെങ്കിലും അറിയിച്ചില്ലെങ്കിൽ പെട്ടുപോകുമെന്ന ഭയത്തിലായിരുന്നു ഞങ്ങൾ മൂവരും. അടിയന്തരാവസ്ഥയായതുകൊണ്ട് അടിയന്തരമായി വേണ്ടപ്പെട്ടവരെ അറിയിച്ചില്ലെങ്കിൽ എന്തും സംഭവിക്കാം. എങ്ങനെ അറിയിക്കും? ആരോടു പറയും? സ്റ്റേഷനുള്ളിലേക്കു കയറ്റുന്നതു നാട്ടുകാർ ആരൊക്കെയോ കാണുന്നുണ്ടായിരുന്നു. അതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ലെന്നറിയാമായിരുന്നു.
എന്തു ചെയ്യണമെന്നറിയാതെ ധർമസങ്കടത്തിലായ നിമിഷങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നു. ഷാപ്പുടമ മാത്രമാണ് എല്ലാറ്റിനും ദൃക്സാക്ഷി. നിനച്ചിരിക്കാതെ, എല്ലാം പെട്ടെന്നായിരുന്നതുകൊണ്ട് അയാളും ആകെ അമ്പരപ്പിലായിരുന്നു. പിന്നീട് ഷാപ്പിൽ വന്ന കുട്ടികളോട് അയാൾ കാര്യങ്ങൾ വിവരിച്ചിരിക്കണം. അവരിൽ ചിലർ പലരെയും കൂട്ടി സ്റ്റേഷനിൽ വന്നെങ്കിലും ഞങ്ങളെ കാണാൻപോലും ഡ്യൂട്ടിയിലുള്ള പോലീസുകാർ സമ്മതിച്ചില്ല. ഞങ്ങളാണെങ്കിൽ അകത്തെ മുറിയിൽ ഒരേ നിൽപ്പുതന്നെ! പച്ചവെള്ളംപോലും തരാതെ, ഞങ്ങൾ മനസാവാചാ അറിയാത്ത കുറ്റങ്ങൾ ചാർജ്ജ് ഷീറ്റിൽ എഴുതിക്കൂട്ടുകയാണ്.
വൈകുന്നേരം ആറുമണിയായിട്ടും ഒന്നും കഴിക്കാൻ തന്നില്ലെന്നു മാത്രമല്ല, ഇരിക്കാൻ പഴയൊരു ബെഞ്ചുപോലും കിട്ടിയില്ല. നിന്നു മടുത്തപ്പോൾ കുറച്ചുനേരം ഭിത്തിയിൽ ചാരി നിലത്തിരുന്നു. എട്ടുമണിയായിട്ടും അവരുടെ ഭാഗത്തുനിന്നു കരുണയുടെ കണികപോലുമുണ്ടായില്ല. വിശന്നിട്ടു തല കറങ്ങുന്നതുപോലെ തോന്നി.
അന്നത്തെ എസ്‌ഐ ഗോപാലകൃഷ്ണന്റെ നാട്ടുകാരനും കൂട്ടുകാരനുമായ വേണുകുമാർ, കോളേജിൽ ഞങ്ങളുടെ സീനിയർ ബാച്ചിലാണെന്നറിയാമായിരുന്നു. പക്ഷേ, വേണുവിനെ അറിയിക്കാൻ ഒരു മാർഗവുമില്ലായിരുന്നു. ഞങ്ങളെ കാണാൻ വന്ന കൂട്ടുകാർ തിരിച്ചു ഹോസ്റ്റലിൽച്ചെന്ന് എന്തെങ്കിലും തീരുമാനമുണ്ടാക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു അപ്പോഴും ഞങ്ങൾ. വേണുകുമാർ തലേദിവസം വീട്ടിൽ പോയിരുന്നു എന്ന കാര്യം അപ്പോഴാണ് ഓർമ വന്നത്. അങ്ങനെയെങ്കിൽ രാത്രിയിൽ അവിടെ പെട്ടതുതന്നെ!
കളിയാക്കലുകളും കുറ്റാരോപണം ഉന്നയിക്കലുകളും ഞങ്ങളെപ്പറ്റിയുള്ള ഇല്ലാക്കഥകൾ ഉണ്ടാക്കലും തുടർന്നുകൊണ്ടിരുന്നു. ഭാഗ്യത്തിനു ദേഹോപദ്രവമേൽപ്പിച്ചിരുന്നില്ല. ആരും വന്നു രക്ഷിച്ചില്ലെങ്കിൽ അതും അതിനപ്പുറവും നടക്കാനുള്ള സാധ്യതയുണ്ടായിരുന്നു. നാട്ടുകാരൻ എൻജിനീയറിങ് കോളേജിലെ സ്റ്റുഡന്റായതുകൊണ്ട് എസ്‌ഐക്ക് അൽപ്പം ദയ തോന്നിയിരിക്കണം എന്നൂഹിച്ചു.
എന്തായാലും വേണുകുമാർ വീട്ടിലെത്തുന്നതിനുമുമ്പ് ആരോ വിവരമറിയിച്ച്, അടിയയന്തരമായി തിരിച്ചെത്തി. ഏതാണ്ട് പത്തര മണിയായിക്കാണണം സ്റ്റേഷന്റെ മുമ്പിൽ ഒരു ഓട്ടോറിക്ഷ വന്നുനിൽക്കുന്ന ശബ്ദം കേട്ടു. റിക്ഷയിൽനിന്നിറങ്ങിയ വേണുകുമാർ, നടകൾ ഓടിക്കയറി ഒറ്റയ്ക്കു സ്റ്റേഷനിലേക്കു വന്നു. ഉടൻതന്നെ എസ്‌ഐ, 'നിന്നെ ഞാൻ കുറേ നേരത്തേ പ്രതീക്ഷിച്ചിരുന്നു. നിനക്കറിയാമല്ലോ, എനിക്കു ചെയ്യാവുന്നതിനു ചില പരിമിതികളൊക്കെയുണ്ട്' എന്നു പറഞ്ഞു. അപ്പോൾ വന്ന ഒരു ഫോൺ എടുക്കാൻ കൂട്ടാക്കാതെ, അദ്ദേഹം 'എടാ, നീ വാ' എന്നു സ്വാതന്ത്ര്യത്തോടെ വിളിച്ചുകൊണ്ട് വേണുവിനെ അകത്തെ മുറിയിലേക്കു കൊണ്ടുപോയി. അപ്പോഴാണ് ഞങ്ങൾക്കൊരാശ്വാസമായത്.
കുറേനേരം സംസാരിച്ചശേഷം രണ്ടുപേരുംകൂടി ഞങ്ങളുടെയടുത്തേക്കു വന്നു. അപ്പോൾത്തന്നെ, കേസൊന്നും ചാർജ്ജ് ചെയ്യേണ്ടെന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിളിനെ പറഞ്ഞേൽപ്പിച്ച്, ഞങ്ങളെ വേണുവിനൊപ്പം പോകാൻ എസ്‌ഐ അനുവദിച്ചു.
അന്നത്തെ സാഹചര്യത്തിൽ വേണുകുമാർ എന്ന 'ഗാർഡിയൻ ഏയ്ഞ്ചൽ' ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു എന്നോർക്കുമ്പോൾ ഇപ്പോഴും ഒരു ഞെട്ടലാണ്. പച്ചവെള്ളംപോലും കുടിക്കാതെ പത്തുപന്ത്രണ്ടു മണിക്കൂർ ഒരേ നിൽപ്പ്! ശരിക്കും വിശപ്പിന്റെയും ദാഹത്തിന്റെയും വിലയറിഞ്ഞ ആ അടിയന്തരാവസ്ഥാദിനം മറക്കില്ലൊരിക്കലും.
പുറത്തിറങ്ങിയതിന്റെ സന്തോഷമുണ്ടായിരുന്നെങ്കിലും ഞങ്ങൾ വല്ലാത്ത അവശതയിലായിരുന്നു. സമയം വൈകിയതുകൊണ്ട് കോതമംഗലം ടൗണിലെ ഏതാണ്ട് എല്ലാ ഹോട്ടലുകളും അടച്ചിരുന്നു. അതറിയാവുന്നതു കൊണ്ടായിരിക്കണം, വേണുകുമാർ വന്ന ഓട്ടോയിൽത്തന്നെ ഞങ്ങളെയും കൂട്ടി, നേരേ കോളേജിന്റെ മെസ്സ് ഹാളിലേക്കാണു പോയത്. അവിടെ ഞങ്ങൾക്കു കഴിക്കാനുള്ള ഭക്ഷണമൊക്കെ മെസ്സ് മാനേജർ കുറുപ്പുചേട്ടനോടു നേരത്തേ പറഞ്ഞ് ഏർപ്പാടു ചെയ്തിരുന്നു.
ഞങ്ങൾ മെസ്സ് ഹാളിലേക്കു കയറിയപ്പോൾത്തന്നെ അവിടെയുണ്ടായിരുന്ന മറ്റു കൂട്ടുകാർ ഹർഷാരവത്തോടെ സ്വീകരിച്ചു. അവരിൽ പ്രസ്ഥാനത്തോടു കൂറു പുലർത്തിയിരുന്നവരും ഉണ്ടായിരുന്നു എന്ന കാര്യം മറന്നിട്ടില്ല. ഞങ്ങൾ ഒന്നിലും ശ്രദ്ധിക്കാതെ, കിട്ടിയ ഭക്ഷണം മുഴുവനും ആർത്തിയോടെ തിന്നുതീർത്തു. വിശപ്പിന്റെ ആധിക്യം കൊണ്ടായിരിക്കണം, അന്നു കുറുപ്പുചേട്ടനുണ്ടാക്കിയ കപ്പയുടെയും ചപ്പാത്തിയുടെയും ബീഫ് കറിയുടെയും പച്ചക്കറിയുടെയുമൊക്കെ രുചി ഇപ്പോഴും നാവിലൂറുന്നതുപോലെ തോന്നുന്നു.
അന്നു രാത്രി തിരിച്ചുവരവിന്റെ ആഘോഷമെന്ന നിലയിൽ ഹോസ്റ്റലിൽ കഴിച്ചുകൂട്ടി, പിറ്റേദിവസമാണു ലോഡ്ജിലേക്കു പോയത് എന്നാണോർമ. പാതിരാത്രി വീടുകയറി ആക്രമിച്ചതിനും ഗൃഹോപകരണങ്ങൾ നശിപ്പിച്ചതിനും പാപ്പച്ചനെ തല്ലി അവശനാക്കിയതിനും സ്ത്രീകളെ വിരട്ടിയോടിച്ചതിനും കേസായി. അവസാനം, പ്രിൻസിപ്പൽ വി.കെ.എം. ജോണിന്റെ മധ്യസ്ഥതയിൽ നല്ലൊരു തുക എല്ലാ വിദ്യാർത്ഥികളോടുമായി പിരിച്ചെടുത്ത് പാപ്പച്ചനും കുടുംബത്തിനും കൊടുത്താണ് ഒത്തുതീർപ്പാക്കിയത്.
ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ച വേണുകുമാർ ഇപ്പോൾ തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്നു. വേണുവിനെക്കാൾ സീനിയറായിരുന്ന അന്നത്തെ എസ്‌ഐ ഗോപാലകൃഷ്ണൻനായർ പോലീസിൽ ഉന്നതോദ്യോഗസ്ഥനായി പെൻഷനായശേഷം വക്കീലായി പ്രാക്ടീസ് ചെയ്യുന്നു.
അടിയന്തരാവസ്ഥയുടെ ദുരിതങ്ങൾ ഏറ്റവും കുറച്ചനുഭവിച്ച സംസ്ഥാനമാണു കേരളം. എന്നിട്ടും പോലീസിന്റെ തേർവാഴ്ച ക്രൂരമായിരുന്നു. അതിനു തെളിവാണ് രാജന്റെ കസ്റ്റഡിമരണവും രാഷ്ട്രീയനേതാക്കൻമാരുടെ ജയിൽവാസവുമെല്ലാം. ഇന്നും കാര്യങ്ങൾക്കു വലിയ വ്യത്യാസമില്ല. ഗാന്ധിജിയും നെഹ്രുവും മറ്റു സ്വാതന്ത്ര്യസമരസേനാനികളും സ്വപ്നംകണ്ട ജനാധിപത്യത്തിനു ഭീഷണിയാണ് ഭരണകൂടത്തിന്റെ നയങ്ങൾ. കലാപത്തെക്കുറിച്ചു സത്യസന്ധമായ വാർത്ത നൽകുന്നവർക്കെതിരെ കേസെടുക്കുന്നതും വികലനയങ്ങളെ വിമർശിക്കുന്നവരെ വേട്ടയാടുന്നതും സ്വന്തം പാർട്ടിക്കെട്ടിടത്തിൽ പാർട്ടി ക്ലാസ്സെടുക്കുന്നതു തടയുന്നതും തുടങ്ങി സാമൂഹ്യപ്രവർത്തകരെയും എതിർകക്ഷികളുടെ നേതാക്കളെ സംശയത്തിന്റെ മുനയിൽ നിർത്തി തുറുങ്കിലടയ്ക്കുന്നതും വരെ എത്തിയിരിക്കുകയാണു കാര്യങ്ങൾ.
(തുടരും)
Content Highlights: Thampy Antony shares memories of the Kerala emergency period
Published: 29 May 2025, 11:35 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented