'കാമിയോ' റോളില്‍ ഏറ്റവുമധികം പ്രശസ്തി നേടിയ സംവിധായകന്‍ ആല്‍ഫ്രഡ് ഹിച്‌കോക്ക് ആയിരിക്കാമെങ്കിലും, എന്നെ ശരിക്കും ഞെട്ടിച്ചത് മെല്‍ ഗിബ്സനാണ്. 'ക്രിസ്തുവിന്റെ അഭിനിവേശം' (The Passion of the Christ) എന്ന ചിത്രത്തില്‍ ഈ സംവിധായകന്റെ കാമിയോ ഏതു ദൃശ്യത്തിലാണെന്ന് ശ്രദ്ധിക്കുക. ആണികളാല്‍ ക്രിസ്തുവിനെ കുരിശിനോട് ചേര്‍ത്തു തറക്കുന്നത് ഗിബ്സന്റെ കൈകളാണ്! പിന്നെ, യൂദാസിന് ആത്മഹത്യ ചെയ്യാനുള്ള കയര്‍ നല്‍കുന്നതും ഗിബ്സന്റെ കൈകളാണ്!   

To advertise here,

സ്വന്തം കൈകള്‍ ക്രിസ്തുവിന്റെ ശരീരത്തില്‍ ആണി തറക്കുമ്പോള്‍, ഉറക്കെയുള്ളൊരു നാടകീയ ഏകഭാഷണത്തിലെന്നതു പോലെ, ചിത്രത്തിനു പുറത്ത് മെല്‍ ഗിബ്സന്‍ പറയുകയായിരുന്നു: ''ഇദ്ദേഹത്തെ കുരിശിലേറ്റിയത് ഞാനാണ്, എന്റെ പാപങ്ങളാണ് ...' /കുട്ടിക്കാലത്തൊരു ജന്തുഹത്യയില്‍ ഏര്‍പ്പെട്ടതിന്റെ തീക്ഷ്ണമായ അനുതാപത്തില്‍ ഡാലിയയുടെ അച്ഛന്‍ സംശയിക്കുന്നു, ''ഞാന്‍ ഇടിച്ചുകൊന്ന ഞണ്ട് ഇപ്പോള്‍ എന്റെ മകളുടെ മാറിടത്തിലല്ലേ!''(06) 

യേശുവെ ക്രൂശിച്ചത് മെല്‍ ഗിബ്സനല്ല, ഡാലിയക്ക് അര്‍ബുദം നല്‍കിയത് അവളുടെ ഡാഡിയുമല്ല. സംഭവങ്ങളുടെ തുടര്‍ച്ചയില്‍ ഇവര്‍ രണ്ടു പേരുടെയും  പാര്‍ശ്വസ്ഥാനം പ്രത്യേക നിരീക്ഷണം അര്‍ഹിക്കുന്നു.  

പരമ്പര: തുടര്‍ച്ച കുറിക്കാത്ത തുടക്കങ്ങള്‍  

ചിത്രത്തിന് പുറത്ത്, കുമ്പസാരക്കൂടിനു പുറത്ത്, മെല്‍ ഗിബ്സന്റെ ഏറ്റുപറച്ചില്‍ അദ്ദേഹത്തിന്റെ ആത്മനിഷ്ഠമായ ഉദ്വിഗ്‌നത. ഇതിലെ ''ഞാന്‍'' മാനുഷികതയെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നു. പക്ഷേ, തിരക്കഥയെ ഒട്ടും ബാധിക്കാതെ, അഭിനേതാക്കളുടെ അനുഭവങ്ങളെ ബാധിക്കാതെ, ഇതൊരു ബാഹ്യവസ്തുതയായി രേഖപ്പെടുന്നു. നടനായ ജിം കവീസെലിന് ഇതേക്കുറിച്ച് ഒന്നും അറിയേണ്ടതില്ല. 

ചിത്രത്തില്‍ യേശുവായി അഭിനയിക്കുന്ന കവീസെലിന്റെ വൈയക്തിക അനുഭവ പരമ്പരക്ക് തുടക്കം കുറിക്കില്ല ഗിബ്സന്റെ ഏറ്റുപറച്ചില്‍. 

placeholder
മെല്‍ ഗിബ്‌സണ്‍, ജിം കവീസെല്‍ | ഫോട്ടോ: എ.പി

വീടിന്റെ മുറ്റത്തെത്തിയൊരു ഞണ്ടിനെ ഒരു കുട്ടി കൊല്ലുന്നു (05). കാരണം? ഒരു ''അന്ധനിമിഷം''. ആറു വയസ്സായൊരു കുട്ടിക്ക് മനഃശാസ്ത്രപരമായ കൃത്യത സാധ്യമല്ലാത്തതിനാലും, മനസ്സിലെ ഇരുട്ടിന്റെ ആഴം അളക്കുവാന്‍ മനുഷ്യര്‍ക്ക് കഴിയാത്തതിനാലും, ആ ''അന്ധനിമിഷം'' ഹത്യക്ക് കാരണമായി തുടരട്ടെ. പക്ഷേ, കുട്ടി വളര്‍ന്ന് വലുതായി ഡാലിയയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ആത്മപരിശോധനയില്‍ ഏര്‍പ്പെടുമ്പോള്‍ ആ ''അന്ധനിമിഷം'' പാപത്തെ റദ്ദ് ചെയ്യുന്നില്ല. പകരം ഒരു ഏറ്റുപറച്ചില്‍ ഉണ്ടാകുന്നു: ''ഞാന്‍ ഇടിച്ചുകൊന്ന ഞണ്ട് ഇപ്പോള്‍ എന്റെ മകളുടെ മാറിടത്തിലല്ലേ!''

അര്‍ബുദം ബാധിച്ചെന്ന് അറിഞ്ഞതിനു ശേഷം ഡാലിയ നേരിട്ട വൈയക്തിക അനുഭവ പരമ്പരക്ക് തുടക്കം കുറിക്കില്ല അച്ഛന്റെ ഏറ്റുപറച്ചില്‍. 

ചലച്ചിത്ര സാങ്കേതികഭാഷയില്‍ പറഞ്ഞാല്‍, കര്‍ക്കിടകത്തിന്റെ രണ്ടു വ്യത്യസ്ത ബിംബങ്ങള്‍ (ഞണ്ട്, അര്‍ബുദം) അന്വയിക്കുന്നൊരു 'മോണ്‍റ്റാഷ്' തന്നെയാണ് ഡാലിയയുടെ അച്ഛന്റെ ഏറ്റുപറച്ചില്‍. അതൊരു താല്‍ക്കാലിക കുറ്റാന്വേഷണ (whodunit) നിഗമനം മാത്രം. പുനര്‍ജന്മം, കര്‍മ്മഫലം തുടങ്ങിയ വിചാരമാത്രകള്‍ അദ്ദേഹത്തിന് സ്വീകാര്യമല്ല. പക്ഷേ 100 പുത്രന്മാര്‍ മുഴുവനും മരിച്ചതിനു കാരണം കര്‍മ്മഫലമാണെന്ന് ധൃതരാഷ്ട്രര്‍ക്ക് വ്യക്തമാക്കുമ്പോള്‍ കൃഷ്ണന്‍ ചൂണ്ടുന്ന കര്‍മ്മം/പാപം 50 ജന്മങ്ങള്‍ക്ക് മുന്‍പ് ഈ നൂറ്റുവരുടെ അച്ഛന്‍ ചെയ്‌തൊരു കൂട്ട ജന്തുഹത്യയാണ്. 

placeholder
ചിത്രീകരണം: കെ. ഷെരീഫ്‌

അച്ഛനെന്ന നിലയിലും ശാസ്ത്രപരിചയമുള്ള ബൈസ്റ്റാന്‍ഡറെന്ന നിലയിലും താന്‍ നിരീക്ഷിച്ച കാര്യങ്ങളും ഹോസ്പിറ്റലെ പരിശോധനകളുടെ രേഖകളും ചേര്‍ത്തു വായിച്ചാണ് അച്ഛന്‍ ഡാലിയയുടെ അവസ്ഥ ഓരോ ദിവസവും തിട്ടപ്പെടുത്തുന്നത്. പക്ഷേ, തോട് പൊട്ടി ചതഞ്ഞൊരു ഞണ്ടിന്റെ ദൃശ്യം ഈ മനുഷ്യനെ ജീവിതാന്ത്യം വരെ വേട്ടയാടും. ചുരുക്കത്തില്‍, ഇദ്ദേഹം ഡാലിയയുടെ അനുഭവ പരമ്പരക്ക് ആത്മനിഷ്ഠമായി രണ്ട് തുടക്കങ്ങള്‍ (ഒടുക്കങ്ങളോടെ) സങ്കൽപ്പിക്കുന്നു — വളരെ താഴ്‌മയോടെ.

ഒരു സുഖപര്യവസായിയാണെങ്കില്‍ ജീസസിന്റെ അനുഗ്രഹമാണത്.
ഒരു ദുഃഖപര്യവസായിയാണെങ്കില്‍ എന്റെ പാപത്തിനുള്ള ശിക്ഷയാണത്.    

 പരമ്പര: ജിം കവീസെലിന്റെ അനുഭവങ്ങള്‍  

നടനായ ജിം കവീസെലിന്റെ മുന്നിലുണ്ടായിരുന്നത് ബൈബിള്‍ അല്ല, ഒരു തിരക്കഥ (ഇതിന്നവലംബം ഒരു വിശുദ്ധ സ്ത്രീയുടെ മതാത്മക വെളിപാടുകള്‍). ഷൂട്ടിങിനിടയില്‍, തിരക്കഥയില്‍ തനിക്കുള്ളതല്ലാത്ത രണ്ടു ചമ്മട്ടിയടികള്‍ കവീസെലിനു കിട്ടി; മുതുകില്‍ 14 അംഗുലം നീളമുള്ളൊരു വടുവുണ്ടായി. ചിത്രത്തിലെ കുരിശിന്റെ 150 റാത്തല്‍ ഭാരം വീണപ്പോള്‍ തോളെല്ല് വേര്‍പെടല്‍ (shoulder separation) എന്ന അവസ്ഥയും സഹിക്കേണ്ടിവന്നു (ഇത് ചിത്രത്തില്‍ കാണാം). 

placeholder
ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ ജിം കവീസെല്‍ | ഫോട്ടോ: എ.പി

ഗിരിപ്രഭാഷണ രംഗത്തിലും ക്രൂശീകരണ രംഗത്തിലും അഭിനയിക്കുമ്പോള്‍ ഇടിമിന്നലിന്റെ ഇടപെടല്‍. സൂക്ഷ്മകണങ്ങളുടെ വര്‍ഷം. ഒരു മിന്നല്‍പ്പിണരേറ്റ് കവീസെലിന്റെ തലമുടിയില്‍ തീപ്പിടിക്കുന്നു. മുഖം വികൃതമാക്കുന്നൊരു പൊള്ളലോ അന്ധതയോ എന്തെങ്കിലും അംഗവൈകല്യമോ ഒന്നുമില്ലാതെ അദ്ദേഹം രക്ഷപ്പെട്ടത് യേശുവിന്റെ ഇടപെടല്‍ പോലൊരു ദിവ്യാത്ഭുതമായാണ് ചിലര്‍ ഓര്‍ക്കുന്നത്.  

അഗ്‌നിക്ക് ശേഷം ഹിമം. ഇറ്റലിയിലെ ശൈത്യകാലത്തിന്റെ അതിനിമ്നം സങ്കല്പിക്കുക. താപനില മൈനസ് 4 സെല്‍സീയസ്. കാറ്റിന്റെ വേഗം 55+ എംപിഎച്ച്. ഈ അന്തരീക്ഷത്തില്‍, അല്പവസ്ത്രധാരിയായ ക്രിസ്തുവായി കുരിശില്‍ തറഞ്ഞു കിടന്ന മണിക്കൂറുകള്‍ കവീസെലിന് രണ്ടു ബാധകള്‍ നല്‍കി: അസഹ്യമായ കുളിര് (hypothermia), കഫവാതജ്വരം (pneumonia). പിന്നെ ജീസസ്സിന്റെ ചീര്‍ത്ത കണ്ണിനുവേണ്ടിയുള്ള വെച്ചുകെട്ടില്‍, ആഴക്കാഴ്ച (depth perception) എന്ന സിദ്ധിയുടെ അഭാവത്തില്‍ മൈഗ്രേന്‍ ബാധിച്ചു.

ഷൂട്ടിങ്ങിനിടയില്‍ അത്യാഹിതങ്ങള്‍ അസാധാരണമല്ല; പക്ഷേ ഒരൊറ്റ സിനിമയുടെ ചിത്രീകരണത്തിന്നിടയില്‍ ഒരേയൊരു നടന്‍ നേരിട്ട അഹിത സംഭവങ്ങളുടെ സംഘാതമാണ് ഞാന്‍ മുകളില്‍ മൂന്നു പാരഗ്രാഫുകളിലായി സംക്ഷേപിച്ചത്‌. വളരെ തീക്ഷ്ണമായ മതവിശ്വാസമുള്ളൊരു വ്യക്തിയാണ് , കവീസെലിന്‍. ജീസസിന്റെ റോളില്‍ തുടര്‍ന്നുകൊണ്ടിരിക്കേ തിരക്കഥയ്ക്ക് പുറത്ത് താന്‍ നേരിട്ട യാതനകളിലൂടെയുള്ള പ്രയാണം കവീസെലിന് ഒരു പക്ഷേ ഒരു തരം തന്മയീഭാവ സാക്ഷാത്കാരം നല്‍കിയിരിക്കാമെന്നു പോലും എനിക്ക് തോന്നിയിട്ടുണ്ട്.  

പരമ്പര: സ്വന്തം ''ഞാന്‍ പറയുന്നു...' 

ഒരു വിന്യാസം, അഥവാ 'പാറ്റേണ്‍' എന്റെ മുന്നിലുണ്ട്. ഒരു മിഥ്യയുടെ തുടര്‍ച്ചയില്‍ തഥ്യകളുടെ ഒരു പരമ്പരയുണ്ടാകാം. തുടക്കം മിഥ്യയായാല്‍ പോലും തുടര്‍ച്ച മിഥ്യയാകണമെന്നില്ല. സ്വയം ആശ്ചര്യങ്ങളാണ് ചില പരമ്പരകള്‍- ചിലപ്പോള്‍ ഒരു തിരക്കഥയില്‍ മാത്രം ഏകോപനം നേടുന്ന ആകസ്മിക സംഭവങ്ങളുടെ സംഘാതം. സുസ്ഥിതിയാകാം, ദുരവസ്ഥയാകാം. തുടക്കം നഷ്ടപ്പെട്ടാലും തുടര്‍ച്ച നിലക്കണമെന്നില്ല.

ഒരു മായക്കാഴ്ചയില്‍ ജീസസിനെ കണ്ട ഡാലിയയുടെ ജീവിതത്തില്‍ അപരിചിതരുടെ ധ്യാനങ്ങള്‍ നിറയുന്നു (06). വാസ്തവികമാണ് ഈ തുടര്‍ച്ച. തുടക്കത്തിലെ മിഥ്യയുമായി ഡാലിയക്ക് വിച്ഛേദം ആവശ്യമില്ലെന്നതാണ്  ഈ തുടര്‍ച്ചയുടെ സൗന്ദര്യവും സാഫല്യവും. പക്ഷേ, തുടക്കം മാറിയാല്‍? 

മാര്‍റ്റിന്‍ സ്‌കോര്‍സേസിയുടെ വിവാദപരമായ ക്രിസ്തുചിത്രം (The Last Temptation of Christ) തീയറ്ററില്‍ എത്തും മുന്‍പ് നികോസ് കസാന്‍സാക്കിസിന്റെ മൂലകൃതി ഞാന്‍ വായിച്ചിരുന്നു. വര്‍ഷം 1985. കോയമ്പത്തൂരില്‍ എന്റെ 'കാഡ്' (കംപ്യൂറ്റര്‍-എയ്ഡഡ് ഡിസൈന്‍) കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന ദിനങ്ങള്‍. ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങളും, കംപ്യൂറ്റര്‍ ശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മാത്രമുള്ളൊരു നിയന്ത്രിത മുറിയില്‍ എങ്ങനെയാണൊരു കഥാഗ്രന്ഥം കടന്നുകൂടിയതെന്ന്  ഇന്നും എനിക്കറിയില്ല.

കസാന്‍സാക്കിസിന്റെ യേശു ഒരു തുടക്കമായിരുന്നു. കൗതുകകരമായൊരു 'ത്രില്‍' ആയിരുന്നു അതിന്റെ  തുടര്‍ച്ച —മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ എന്റെ വാക്കുകള്‍ അനുഗ്രഹം പോലെ പ്രവര്‍ത്തിക്കുന്ന അത്ഭുതാവസ്ഥ. ''ഇത് സാധ്യം'' എന്ന ഉറപ്പ് എന്റെ ഭാഷയില്‍പ്പോലും ധ്വനിച്ചിരുന്നു. ഞാനല്ല, എന്റെ സുഹൃത്തുക്കളാണ് ഇതാദ്യം സ്ഥിരീകരിച്ചത്. 

എന്‍ജിനീയറിങ് പഠിക്കുന്ന കുട്ടികളായിരുന്നു 'കാഡ്' കേന്ദ്രത്തില്‍ എന്റെ അടുത്ത സുഹൃത്തുക്കള്‍. ക്‌ളാസുകള്‍ക്ക് പുറത്തും ചിലപ്പോള്‍ ഒരു പരിവാരം പോലെ ഇവര്‍ എന്റെ കൂടെയുണ്ടാവും. ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ഇവരില്‍ ഒരാളുടെ അനിയനോ, ആ പ്രായത്തിലുള്ളൊരു പയ്യനോ എന്റെ വസതിയില്‍ എത്തും. അങ്ങനെ എത്തിയൊരു പയ്യനാണ് നട്ടു (നടരാജ്). കോയമ്പത്തൂരില്‍ നട്ടുവിന്റെ കുടുംബത്തിന് സ്വന്തമായൊരു മില്ലുണ്ട്. ഹൈസ്‌കൂളിലെ പഠിത്തം കഴിഞ്ഞാലുടന്‍ അവന്‍ മില്ലിന്റെ ഭാഗമാകണമെന്നും, പണികളും ചുമതലകളും യഥാവിധി ഏറ്റെടുക്കണമെന്നും അച്ഛന്‍ ആജ്ഞാപിച്ചിരിക്കുന്നു.

നട്ടു പറയുന്നു: ''ഈ കാഡ് സെന്റ്ററില്‍ ഇരുന്ന് ഇവിടത്തെ പ്ലോട്ടര്‍ യന്ത്രഭാഗങ്ങളുടെ ചിത്രങ്ങള്‍ ഓരോന്നായി വരക്കുന്നതു നോക്കി രസിക്കല്‍ എനിക്കൊരു ഇമ്പമാണ്. ഇതായിരിക്കണം എന്റെ ഭാവി, അങ്കിള്‍. ഇവിടത്തെ അണ്ണന്മാരെപ്പോലെ എനിക്കും എന്‍ജിനീയറിങ് പഠിക്കണം. പക്ഷേ, അപ്പ...'/ 'തിരക്കില്ലാതെ അച്ഛന്‍ വീട്ടിലിരിക്കുമ്പോള്‍ ഒട്ടും ഭയക്കാതെ മനസ്സിലുള്ളത് തുറന്നു പറയുക. ഞാന്‍ പറയുന്നു, അച്ഛന്‍ സമ്മതിക്കും./ നടരാജ് സംസാരിച്ചു, അച്ഛന്‍ സമ്മതിച്ചു!

വലിയ വീടുകളില്‍നിന്ന് കല്യാണാലോചനകള്‍ വരുമ്പോള്‍ വൈഗ ദയാളന്‍ തളര്‍ന്നു പോകുന്നു. അവള്‍ ഒരാളുമായി കടുത്ത പ്രണയത്തിലാണ്. സ്ഥലത്തെ റെയില്‍വേയില്‍ അയാള്‍ക്കൊരു ജോലിയുണ്ട്, പക്ഷേ അതത്ര ഉയര്‍ന്നതല്ല. വൈഗ പറയുന്നു: ''പണം, പദവി എന്നിവയിലെല്ലാം നിഷ്‌കര്‍ഷയുള്ളവരാണ്. വീട്ടുകാര്‍. ഞാന്‍ എന്താണ് ചെയ്യേണ്ടത്, അണ്ണാ?'' / 'പ്രണയരഹസ്യം അതിവേഗം അമ്മയെ അറിയിക്കുക. അമ്മ അച്ഛനോട് സംസാരിക്കും. ഞാന്‍ പറയുന്നു, അച്ഛന്‍ സമ്മതിക്കും.''/ വൈഗ സംസാരിച്ചു, അമ്മ സംസാരിച്ചു, അച്ഛന്‍ സമ്മതിച്ചു!

ഏറ്റവും ആദ്യത്തേതും ലഘുവുമായ രണ്ട് ഉദാഹരണങ്ങളാണ് ഞാന്‍ ചുരുക്കിപ്പറഞ്ഞത്. തുടര്‍ന്നുണ്ടായത് എന്റെ പ്രോത്സാഹനത്തോടെ സംഭവിച്ച  ആഗ്രഹ സാക്ഷാത്കരണങ്ങളുടെ ആവര്‍ത്തനം ഒരു പരമ്പരയാകുന്ന കാഴ്ചയായിരുന്നു— ആഗ്രഹം കൂടുതല്‍ വലുതും, സാഹചര്യം കൂടുതല്‍ പ്രതികൂലവുമായ സന്ദര്‍ഭങ്ങളിലൂടെ! 

വൈഗ തന്റെ ഭര്‍ത്താവായ ലക്ഷ്മണ്‍ നാടാറൊടോപ്പം ഞങ്ങളുടെ (അതെ, ''ഞങ്ങളുടെ'') കാഡ് കേന്ദ്രത്തില്‍ എത്തിയപ്പോള്‍. ''ഹൈ, അക്കാ!'' എന്ന് വിളിച്ചു പറയാന്‍ നട്ടുവുണ്ടായിരുന്നു. എന്‍ജിനീയറിങ് പഠിക്കാന്‍ അച്ഛന്റെ സമ്മതം കിട്ടിയതിനു ശേഷം അവന്‍ ഒഴിവുസമയത്തെല്ലാം എന്റെ പ്ലോട്ടറിന്നരികില്‍ കുത്തിയിരുപ്പായിരുന്നു. ആ കാഡ് കേന്ദ്രം ഒരു കുടുംബമായിരുന്നു! 

എന്റെ പ്രോത്സാഹനങ്ങളിലെല്ലാം ഏറെ ആധികാരികമായൊരു പ്രയോഗം (''ഞാന്‍ പറയുന്നു'') ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്ന് കൂട്ടത്തിലൊരാള്‍ ശ്രദ്ധിച്ചു സുഹൃത്തുക്കള്‍ എന്നെ ആശ്ചര്യത്തോടെ മിഴിച്ചു നോക്കുകയായിരുന്നു — എന്നില്‍ എന്തോ ദിവ്യശക്തി ഉണ്ടെന്നതു പോലെ. ആ മൂഢവിശ്വാസത്തില്‍ പെട്ടെന്ന് കൂട്ടത്തില്‍ ഒരു ഒതുക്കം, സങ്കോചം.

''എന്ന, എന്ന, എന്ന!''    .

ഞാന്‍ വിശദീകരിക്കുന്നു. ''നിങ്ങള്‍ക്ക് ഗണിതം അറിയാം, ഒരു പക്ഷേ ഫിബനാച്ചി പരമ്പര അറിയാം. അങ്ങനെ പല പരമ്പരകള്‍ക്കുള്ള തുടക്കങ്ങള്‍ ഗണിതത്തിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രപഞ്ചം മുഴുവന്‍ തുടക്കങ്ങളും തുടര്‍ച്ചകളുമാണ്. ജീവിതത്തിലും അതുണ്ടാവും. ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് ഒരു പരമ്പരയാണ്. ഒരു ദിവസം ഇത് നിലയ്ക്കാം. അടുത്ത ദിവസം ഇതിനു നേര്‍വിപരീതമായൊരു പരമ്പര തുടങ്ങാം. മനസ്സിലായില്ലേ? വരുവിന്‍, നമുക്ക് ക്‌ളാസ് തുടങ്ങാം.''  

ശിഷ്യരോട് ഞാന്‍ പറഞ്ഞിട്ടില്ല, കസാന്‍സാക്കിസിന്റെ യേശു ക്രിസ്തു എനിക്കൊരു പ്രഭാവം നല്‍കിയിട്ടുണ്ടെന്ന പ്രതീതി സ്ഥിരീകരിക്കും വിധമാണ് എന്റെ ജീവിതത്തില്‍ പെട്ടെന്നൊരു മാറ്റമുണ്ടായത്. സുഹൃത്തുക്കള്‍ക്ക് ഞാന്‍ നല്‍കിയ പ്രോത്സാഹനങ്ങളിലെ ആധികാരികത (''ഞാന്‍ പറയുന്നു'') ആ ശക്തിയുടെ പ്രതിഫലനമായിരുന്നു. ഇപ്പോള്‍ നിര്‍ലജ്ജം തുറന്നു പറയാം: ആ പ്രഭാവത്തിന്റെ ആത്യന്തികതയില്‍, ഇനിയൊരു ദിവസം ഞാന്‍ വെള്ളത്തിനുമേല്‍ നടക്കുമെന്നും, വെള്ളത്തെ വീഞ്ഞാക്കുമെന്നും എനിക്ക് തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു. ഇതെന്നെ ഭയപ്പെടുത്തി.

ജ്ഞാനിയായിരുന്ന അമ്മമ്മ (മുത്തശ്ശി) നല്‍കിയ ഉപദേശങ്ങള്‍ എന്നും എന്നോടൊപ്പമുണ്ട്. അമ്മമ്മ വിവരിച്ചു തന്നൊരു കാര്യത്തിന്റെ രത്‌നച്ചുരുക്കം (അതെ ''രത്‌ന''ച്ചുരുക്കം) ഇതായിരുന്നു: ''ദിവ്യത്വം ദൈവത്തില്‍ മാത്രം. വേറെ ആരെങ്കിലും അങ്ങനെയൊന്നുണ്ടെന്നു തോന്നിച്ചാല്‍, സംശയിക്കുക —ആ ആളെയും നിന്നെത്തന്നെയും!''/ ഭാഗ്യവശാല്‍, കുറച്ചുകുറച്ചായി എന്നിലെ ''പ്രഭാവം'' തികച്ചും അപ്രത്യക്ഷമായി. 
 .  
ഇപ്പോള്‍, ഷവറിനു ചുവട്ടില്‍ നില്‍ക്കുമ്പോള്‍ കുളിമുറിയുടെ തറയില്‍ മുങ്ങാന്‍ തുടങ്ങിയാല്‍ ഞാന്‍ ഞെട്ടില്ല; ബാറില്‍ എന്റെ മുന്നിലുള്ള ഗ്‌ളാസിലെ ബ്രാന്‍ഡി വെള്ളമാകാന്‍ തുടങ്ങിയാല്‍ ഞാന്‍ ഞെട്ടില്ല. ഇത് കരുത്താണോ.  ഒരു ദൗര്‍ബല്യമാണോ? പിസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ രഹസ്യം (03) ജീവിതത്തിന്റെ വിരോധോക്തിയിലുണ്ട്. ചില ഘടനകള്‍ തകര്‍ന്ന് വീഴാത്തത് അവക്കുള്ളിലെ ദൗര്‍ബല്യങ്ങള്‍ കാരണമാണ്. 

ക്രിസ്മസ് ഈവ്: രണ്ട് സന്ദേശങ്ങള്‍  

ഡിസംബര്‍ 24. രാവിലെ വാട്ട്‌സ്ആപ്പില്‍ ഡാഡിക്ക് കിട്ടിയ 'സുപ്രഭാത' ചിത്രത്തെക്കുറിച്ച് ഡാലിയ പറയുന്നു. ഡാഡിയെ അസ്വാഭാവികമായി ആശ്ചര്യപ്പെടുത്തിയ ഈ ചിത്രത്തിനു കുറുകെയുള്ള വരികള്‍: ''നിങ്ങളുടെ വിജയത്തില്‍ കയ്യടിച്ച ആയിരം കൈകളേക്കാള്‍ മഹത്താണ് കഷ്ടകാലത്ത് നിങ്ങളുടെ കണ്ണീര്‍ തുടയ്ക്കുന്ന ഒരൊറ്റ വിരല്‍.''  

സാധാരണ നിലയില്‍ അതിവൈകാരികം (maudlin) എന്ന പദവിയില്‍ വെട്ടിനീക്കപ്പെടാവുന്ന വരികള്‍. ഡാഡി ഡിലീറ്റ് ചെയ്തില്ല. എന്തെന്നാല്‍, ഡാഡിയുടെ മനസ്സില്‍ ആ വരികള്‍ ഒരു മുഴുവന്‍ പരിചിത അന്തരീക്ഷമാണ് ആവാഹിച്ചത്. കീമോതെറപി വാര്‍ഡിലെ കിടക്കകള്‍ക്കിടയില്‍ എത്രയോ ദിവസങ്ങളില്‍ ദൃക്സാക്ഷിയായി കഴിച്ച നീണ്ട മണിക്കൂറുകള്‍. വായുവില്‍ ചെറിയ ചെറിയ ചുണ്ടനക്കങ്ങള്‍, വിരലനക്കങ്ങള്‍ —അന്തരീക്ഷം!    

ഡാലിയ പറയുന്നു: ''പിന്നീട് എന്റെ നോട്ടത്തില്‍ പെട്ടു, എന്റെ വാട്ട്‌സ്ആപ്പിലും ആ 'സുപ്രഭാത' ചിത്രമുണ്ട്. അയച്ചത് ഷേളിയാണ്. ഡാഡിയുടെ അഭാവത്തില്‍ ഹോസ്പിറ്റലില്‍ എന്നോടൊപ്പം ഉണ്ടാവാന്‍ നിയോഗിക്കപ്പെട്ട വ്യക്തിയാണ് ഷേളി — ബാക്ക്അപ്പ് ബൈസ്‌റ്റാൻഡർ. ആദ്യമായാണ് ഷേളി വാട്ട്‌സ്ആപ്പില്‍ ഞങ്ങളുമായി ബന്ധപ്പെടുന്നത്.'' 

പോയൊരു ദിവസത്തിലെ തീരുമാനം ഞാന്‍ ഓര്‍ക്കുന്നു: ''ക്രിസ്മസ് ഈവില്‍ എനിക്കൊരു കോക്‌റ്റേല്‍ വേണം.'' (07). എന്റെ സ്‌നേഹിത അരുണ ശ്രദ്ധിച്ചിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം അരുണ ചോദിച്ചു, ''ഇന്നത്തെ സായാഹ്നം ആഘോഷിക്കുന്നുണ്ടോ?''/ 'ഇല്ല.''/ രാവിലെത്തന്നെ ഞാന്‍ ഈ ആചരണം എനിക്ക് നിഷേധിച്ചിരുന്നു. കാരണം വീട്ടില്‍ നടന്നൊരു സംഭവം. ഇതൊരു സന്ദേശമാകാം. മറ്റൊരു പരമ്പരയുടെ തുടക്കമാകുമോ? അറിയില്ല (അടുത്ത ലക്കത്തില്‍ ഈ വിഷയത്തിലേക്ക് തിരിച്ചുവരാം). 

എനിക്ക് കാത്തിരിക്കേണ്ടിയിരിക്കുന്നു. ഡിസംബര്‍ 28 ഡാലിയയുടെ നിര്‍ണായകമായ പതിമൂന്നാം കീമോ ദിനം. ഇടയില്‍ ആകെ പറയാനുള്ളത്: എല്ലാവര്‍ക്കും എന്റെ നവവത്സരാശംസകള്‍! അനുഗൃഹീതമായൊരു പരമ്പര പുതിയ വര്‍ഷത്തില്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകട്ടെ —തുടക്കം ജീസസ് ആയാലും, അല്ലെങ്കിലും. 

'ആത്മകഥ ആവാതെ ഞാന്‍' ഇതുവരെയുള്ള അധ്യായങ്ങള്‍  ഇവിടെ വായിക്കാം.