അരുൺ എഴുത്തച്ഛൻ എഴുതിയ ‘അതിരുകടന്ന യാത്രകൾ’ എന്ന പുസ്തകത്തിന് ഒരു ആസ്വാദനം

മനുഷ്യന്റെ യാത്രകൾക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. ഭക്ഷണം കിട്ടുന്ന ഇടങ്ങൾ തേടിയാണ് ആദിമ മനുഷ്യൻ തന്റെ യാത്രകൾ തുടങ്ങിയതെങ്കിൽ
മനുഷ്യന്റെ ചരിത്രം പുരോഗമിക്കുന്നതനുസരിച്ച് മനുഷ്യന്റെ യാത്രകളുടെ ഉദ്ദേശവും ലക്ഷ്യങ്ങളും എല്ലാം മാറി മാറി വന്നു. പുതിയ സ്ഥലങ്ങൾ കണ്ടു പിടിക്കലും ,സാമ്രാജ്യവിസ്തൃതിയുമെല്ലാം യാത്രകളുടെ ഉദ്ദേശങ്ങളായി. യാത്ര ചെയ്യാനുള്ള സൗകര്യങ്ങളും, വാർത്താവിനിമയ മാർഗങ്ങളുമെല്ലാം വർദ്ധിച്ചതനുസരിച്ചു മനുഷ്യന്റെ കൗതുകവും വർദ്ധിച്ചു. ഇപ്പോഴും യാത്ര ചെയ്യുന്നവർക്ക് പലവിധ താത്പര്യങ്ങളാണ്. സ്ഥലങ്ങൾ കാണാനായി മാത്രം യാത്ര ചെയ്യുന്നവരുണ്ട്, ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നവരുണ്ട്, ഒരു പുതിയ സ്ഥലത്ത് കുറച്ചു നാൾ താമസിച്ചു അവിടത്തെ ജനങ്ങളുമായി ഇടപഴകി ജീവിത രീതിയും സംസ്‍കാരവുമെല്ലാം ആഴത്തിൽ മനസ്സിലാക്കുന്നവരുണ്ട്.
എന്നാൽ ഈ പറഞ്ഞ വിഭാഗത്തിൽ ഒന്നും പെടാത്ത ഒരു സഞ്ചാരിയും എഴുത്തുകാരനുമാണ് അരുൺ എഴുത്തച്ഛൻ. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' എന്ന ആദ്യ പുസ്തകത്തിൽ തന്നെ അത് വ്യക്തമായതാണ്. ഇടങ്ങൾ എന്നതിനേക്കാൾ മനുഷ്യരാണ് അരുണിന്റെ
വിഷയം.
മനുഷ്യരുടെ അല്ലെങ്കിൽ മനുഷ്യരനുഭവിക്കുന്ന പ്രയാസങ്ങളുടെ കാരണങ്ങൾ തേടിയാണ് അയാൾ ഓരോ നാട്ടിലേക്കും പോകുന്നത്, ഒരു നാട്ടിൽ നിന്ന് അറിഞ്ഞ വിഷയങ്ങളുടെ മൂല കാരണങ്ങൾ തേടി അടുത്തതിലേക്ക്! അങ്ങനെയുള്ള സഞ്ചാരമായിരുന്നു 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ 'പിന്നീട് വന്ന മതപ്പാടുകൾ ആകട്ടെ മതം ഏതെല്ലാം തരത്തിലാണ് നിസ്സഹായരായ മനുഷ്യനെ, മനുഷ്യരെ ചൂഷണം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു പുതിയൊരു പുസ്തകം വരുമ്പോൾ പ്രത്യേകിച്ചും അതിന്റെ പേര് 'അതിരുകടന്ന യാത്രകൾ' എന്നാകുമ്പോൾ തീർച്ചയായും നമ്മൾ പ്രതീക്ഷിക്കുന്നതും സമാനതകളില്ലാത്ത ഒരു യാത്രാനുഭവത്തെ ആയിരിക്കും പ്രതീക്ഷയെ ഒട്ടും തെറ്റിക്കാതെയാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' ഒരു തുടർച്ചയായ യാത്രയായിരുന്നുവെങ്കിൽ 'അതിരുകടന്ന യാത്രകൾ 'പലപ്പോഴായി പല ദേശങ്ങളിൽ നടത്തിയിട്ടുള്ള യാത്രകളാണ്.
പതിനാല് അദ്ധ്യായങ്ങളാണ് ഈ പുസ്‌തകത്തിലുള്ളത്. ബംഗാളിലെ താരാപീഠിലെ അഘോരികളെക്കുറിച്ചാണ് ആദ്യ അദ്ധ്യായം . ഒരു വശത്ത് കഞ്ചാവിലും മറ്റ് ലഹരികളിലും മുങ്ങി കഴിയുന്നവർ മറുവശത്തു അവരെയും വിശ്വാസികളെയും ഒരു പോലെ ചൂഷണം ചെയ്യന്നവരെയും എല്ലാം നമുക്കീ അദ്ധ്യായത്തിൽ കാണാം.
തലയോട്ടികൾ ഉപയോഗിച്ച് പൂജ ചെയ്താൽ ശക്തി കൂടുമെന്ന് വിശ്വസിക്കുന്നവർക്ക് പക്ഷെ മന്ത്രം ചൊല്ലാൻ ഉൾപ്പടെ മൊബൈൽ പോലുള്ള ആധുനിക സംവിധാനങ്ങളെ ആശ്രയിക്കുന്നതിൽ മടിയില്ല താനും.
താരപീഡിൽ നിന്നും പിന്നെ' എന്തോ പുകയുന്ന 'നീംതലാഘട്ടിൽ എത്തുന്നു. എവിടെയും കഞ്ചാവ് പുകയാണവിടെ കാണുന്നത്.
വിശുദ്ധ പാപങ്ങളുടെ ഇന്ത്യയിൽ കണ്ട സോനാഗച്ചിയിലേക്ക് വീണ്ടും പോകുന്നുണ്ട് എഴുത്തുകാരനും സുഹൃത്തുക്കളും. ഇടപാട് കാരെന്ന വ്യാജേനയാണ് അവിടെ എത്തുന്നതും വിവരങ്ങൾ ശേഖരിക്കുന്നതും.
അനുവദിച്ച സമയം മുഴുവൻ സംസാരിച്ചിരുന്ന് ഒടുവിൽ പോകാൻ തുടങ്ങുന്ന അവരോട് "എന്നെ ഉപദ്രവിക്കാതെ പോകുന്ന ആദ്യത്തെ ആളുകളാണ് നിങ്ങൾ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും" എന്ന് പറയുന്നുണ്ട്
മോണിക്ക എന്ന യുവതി. മുൻപ് അവിടെപ്പോയപ്പോൾ ഇത് പോലെ സംസാരിച്ചിരുന്ന പെൺകുട്ടി ഒടുവിൽ പോകാൻ തുടങ്ങുമ്പോൾ തന്നെയൊന്നു കെട്ടിപ്പിടിക്കാമോ എന്ന് ചോദിച്ച ഓർമ്മയിൽ മോണിക്കയെയും ചേർത്തുപിടിച്ചപ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞ കാര്യം പറയുമ്പോൾ വായനക്കാരന്റെ കണ്ണും നിറയും.തമിഴ് നാട്ടിലെ കൂവാഗത്തെ ട്രാൻസ്ജെണ്ടർ ഉത്സവത്തിന്റെ വിശേഷങ്ങളാണ് 'ഒറ്റ രാത്രിയിലെ ഭാര്യമാർ '. എന്ന അദ്ധ്യായം. ഉത്സവത്തിന്റെ തിരക്കും സവിശേഷതകളും ഒക്കെ പറയുന്നത്തിനൊപ്പം, അവിടെ കണ്ടുമുട്ടിയ ട്രാൻസ്‌ജെണ്ടർ വിഭാഗത്തിൽപ്പെട്ട കുറച്ചു പേരോട് സംസാരിച്ച വിവരങ്ങളും പങ്ക് വയ്ക്കുന്നുണ്ട്.
"നാളെ താലി അറുക്കുമെന്ന് ഉറപ്പുള്ള സ്ഥിതിക്ക് ഇന്നത്തെ ഈ സന്തോഷം തന്നെ കൃത്രിമമല്ലേ?” എന്ന എഴുത്തുകാരന്റെ ചോദ്യത്തിന്
"അങ്ങനല്ല, ഇത്രയും പേർക്ക് ഒത്തുകൂടാനുള്ള അവസരമാണ് ഇത്. നോക്കൂ, ഇവിടെ എല്ലാവരും പാട്ടും കൂത്തുമായി സന്തോഷത്തിലാണ്. അതിനുള്ള ഒരു അവസരമാണ് കൂവാഗം ഫെസ്റ്റ്. നാളെ വൈധവ്യം സ്വീകരിക്കുമ്പോൾ അവർ കരയും. ആ കരച്ചിലും അവർ ആസ്വദിക്കുന്നുണ്ട്. കാരണം, വൈധവ്യവും സ്ത്രീയുടെ മാത്രം ഒരു സാദ്ധ്യതയാണല്ലോ..."
എന്നാണ് നബീഷ എന്ന ട്രാൻസ്‌ജെഡർ മറുപടി പറയുന്നത്. അവർ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയും, പ്രതീകാത്മകമായിട്ടാണെങ്കിലും അവരിലെ സ്ത്രീത്വം അംഗീകരിക്കപ്പെടുന്നത്തിലെ സന്തോഷവും വ്യക്തമാവുന്നുണ്ട്.
മറ്റൊരു തരത്തിലുള്ള സ്വത്വ പ്രതിസന്ധിയാണ് നാഗാലാൻഡ് ലെ ജനങ്ങളുടേത് ' നിങ്ങൾ ഇന്ത്യക്കാർ എന്ന് എഴുത്തുകാരനെയും സുഹൃത്തുക്കളെയും അഭിസംബോധന ചെയ്യുന്ന അവരുടെ 'ഗൈഡ് ' നാഗൻമാർ എന്ന അവരുടെ സ്വത്വത്തിൽ അഭിമാനിക്കുന്നയാളാണ്.
രണ്ട് രാജ്യങ്ങളുടെ അതിർത്തികളെക്കുറിച്ചും രണ്ട് അദ്ധ്യായങ്ങളിൽ പറയുന്നുണ്ട്.
ഒന്ന് നമുക്ക് ഏറെ പരിചയമുള്ള വാഗയിലെ ഇന്ത്യ പാകിസ്ഥാൻ അതിർത്തിയാണ്. കനത്ത സുരക്ഷയും അടഞ്ഞു കിടക്കുന്ന പ്രവേശന കാവടവും വൈകുന്നേരത്തെ ചടങ്ങുകളുമെല്ലാമുള്ള അതിർത്തിയാണ് അവിടെയെങ്കിൽ പ്രത്യേകിച്ച് ഒരു അടയാളവുമില്ലാത്ത, ആളുകൾ ചായ കുടിക്കാനും സാധനങ്ങൾ വാങ്ങാനുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും പോയി വരുന്ന മ്യാന്മാർ അതിർത്തിയെക്കുറിച്ചും പറയുന്നുണ്ട് ഈ പുസ്തകത്തിൽ.
വീരപ്പൻ വേട്ടയുടെ പേരിൽ വനാതിർത്തിയിലെ ഗ്രാമങ്ങളിൽ ഫോറെസ്റ്റ് ഉദ്യോഗസ്ഥരും പോലീസും ഒക്കെ നടത്തിയ അതിക്രമങ്ങളും അതിന്റെ ഇരയാകേണ്ടി വന്ന സ്ത്രീകളും, അവർ നടത്തിയ പോരാട്ടവും ആണ് 'വാച്ചാത്തിയിലെ പതിനെട്ടു പെണ്ണുങ്ങൾ'
എന്ന അധ്യായം പതിറ്റാണ്ടുകൾ നീണ്ടു നിന്ന അവരുടെ നിയമപോരാട്ടം ഒടുവിൽ വിജയത്തിലെത്തുന്നു. വനിതാ മുഖ്യമന്ത്രിയിൽ നിന്നോ വനിതാ ജഡ്ജിയിൽ നിന്നോ ഒന്നും പിന്തുണ ലഭിക്കാതെ ഇരുന്ന വർക്ക് ആദ്യാവസാനം പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നത് തമിഴ്നാട്ടിലെ സി പി എം പ്രവർത്തകർ ആയിരുന്നു.
കർണാടകയിലെ ബെൽഗാമിലെ(ബെളഗാവി )മറാത്ത വിഭാഗക്കാർ നേരിടുന്ന സ്വത്വ പ്രതിസന്ധിയാണ് 'അതിരറിയാത്ത നാടുകളുടെ കഥ ' എന്ന അധ്യായം ചർച്ച ചെയ്യുന്നത്.
സോനാഗച്ചിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ ജിബി റോഡിലെ 'മാംസ' കച്ചവട പ്രദേശത്തു പോകുന്നുണ്ട് എഴുത്തുകാരനും സുഹൃത്തുക്കളും.
സോനാഗച്ചിയെ അപേക്ഷിച്ച് തീരെ സൗകര്യം കുറവും വൃത്തിഹീനവുമായ
ഇടങ്ങളാണവിടെ. സ്ത്രീകളുടെ സാഹചര്യവും അവസ്ഥകളും മാത്രം എല്ലായിടത്തും ഒന്നു തന്നെ.
ഗോഡ്സെയ്ക്ക് അമ്പലമുള്ള രക്തസാക്ഷി ദിനത്തിൽ മധുരം വിതരണം ചെയ്യുന്ന മനുഷ്യരെക്കുറിച്ചാണ് 'പിന്നെയും മുഴങ്ങുന്ന ഹേ റാം' എന്ന അധ്യായം പറയുന്നത്. അങ്ങനെ ഒരു സ്ഥലവും മനുഷ്യരും ഇന്ത്യയിൽ ഉണ്ടെന്നത് നമ്മളെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്.
ഈ കാലത്തും ഇങ്ങനെ ഒക്കെ നടക്കുമോ, ഇങ്ങനെ ഒക്കെയുള്ള മനുഷ്യരും, ജീവിതങ്ങളുമൊക്കെഇപ്പോഴും ഉണ്ടോ എന്ന് വായനക്കാരന് സ്വാഭാവികമായി സംശയം തോന്നുന്ന, ഇതൊരു ഫിക്ഷൻ ആണോ എന്ന് പോലും തോന്നിപ്പിക്കുന്ന അനുഭവങ്ങളാണ് ഈ പുസ്തകത്തിലെ പല അധ്യായങ്ങളിലും ഉള്ളത്. ഒരു പക്ഷെ ഈ വിവരങ്ങൾ ആദ്യമായി കേട്ടപ്പോൾ അരുൺ എഴുത്തച്ഛൻ എന്ന പത്രപ്രവർത്തകന്റെ മനസ്സിലും അത്തരം സംശയങ്ങൾ തോന്നിയിട്ടുണ്ടാവാം. അത് തീർക്കാൻ അദ്ദേഹം നടത്തിയ യാത്രകളും അന്വേഷണങ്ങളുമാണ് ഇങ്ങനെ ഒരു പുസ്‌തകമായി നമ്മുടെ മുന്നിലെത്തിയത്.
'Truth is stranger than fiction'എന്നത് എത്ര ശരിയാണെന്നു ഈ പുസ്തകത്തിലെ ഓരോ അധ്യായവും നമ്മളെ വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇന്ത്യയെ കണ്ടെത്താനുള്ള അരുണിന്റെ സാഹസിക യാത്രകൾ ഇനിയും തുടരട്ടെ.
Content Highlights: Review of Arun Ezhuthachan's travelogue book 'Athirukadanna Yathrakal'., Explores untold human stories, struggles, and harsh realities across various Indian regions., Covers 14 distinct chapters including Aghoris, Sonagachhi, Coovagham festival, and border areas.
Published: 23 Oct 2026, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented