
ശിലയായി മാറിയിട്ടും കരഞ്ഞുകൊണ്ടേയിരിക്കുന്ന ഒരമ്മയുണ്ട്, യവനപുരാണേതിഹാസങ്ങളില്‍. ഏഴാണും ഏഴുപെണ്ണുമായി പതിനാല് മക്കളുണ്ടായിട്ടും അവരെല്ലാവരും ദേവകോപത്താല്‍ കൊല്ലപ്പെട്ട നിയോബി(Niobe)യാണത്. ശിലയായി രൂപാന്തരപ്പെട്ടിട്ടും സന്താനദുഃഖത്താല്‍ അവള്‍ കരഞ്ഞുകൊണ്ടേയിരിക്കുന്നു, ഇപ്പോഴും. ഏസ്‌കിലസും സോഫോക്ലീസും നിയോബിയെക്കുറിച്ചെഴുതിയ ദുരന്തനാടകങ്ങള്‍ ഉണ്ട്, അവ കണ്ടുകിട്ടിയിട്ടില്ലെങ്കിലും. ഓവിഡിന്റെ 'മെറ്റമര്‍ഫോസിസി'ലും നിയോബിയുടെ കഥയുണ്ട്. ആല്‍ഫ്രഡ് നോയ്‌സ് ആ അനന്തമായ അശ്രുധാരയുടെ ഉറവിടത്തേക്കുറിച്ച് മനോഹരമായ കവിതയുമെഴുതി. ആ കവിതയുടെ ഒടുവില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു-
'മൂകമായ, മരണമില്ലാത്ത
ഒരൊറ്റക്കരച്ചിലാണ് അവള്‍,
ഹ്രസ്വമെങ്കിലും പരിധികളറ്റ, വിജിഗീഷുവായ വേദനയുടെ കടുംനോവ്,
അവള്‍ ദേവലോകത്തെയും അതിവര്‍ത്തിക്കുന്നു,
അതിനെ തനിക്കു മുന്നില്‍ മുട്ടുകുത്തിക്കുന്നു!
അവളല്ലോ ദു:ഖത്തിന്റെ രാജ്ഞി,
അവളുടെ വാഴ്ച്ച എന്നേയ്ക്കുമുള്ളത്,
ദുഃഖത്തിനു മാത്രം പാകമായ
കിരീടമാകുന്നു അത്.' നിയോബിയുടെ കണ്ണീരിന്റെ ഉപമാനമുപയോഗിച്ച് ഷേക്‌സ്പിയറുടെ ഹാംലറ്റ്, തന്റെ ചപലയായ അമ്മയെക്കുറിച്ച് പരിതപിക്കുന്ന സന്ദര്‍ഭമുണ്ട് ആ നാടകത്തില്‍. നിയോബിയെപ്പോലെ തോരാക്കണ്ണീര്‍ പൊഴിച്ചുകൊണ്ട് ഭര്‍ത്താവിന്റെ ശവമഞ്ചത്തെ പിന്‍തുടര്‍ന്ന അവര്‍, അന്നു ധരിച്ച പാദുകങ്ങള്‍ പഴകുന്നതിനു മുന്‍പു തന്നെ ഭര്‍തൃസഹോദരനെ വിവാഹം കഴിച്ചതിനെയാണ് ഹാംലറ്റ് നിന്ദിക്കുന്നത്. കണ്ണീരാണ് നിയോബിയുടെ മഹത്ത്വം; അതിന്റെ അഭാവം ജെര്‍ട്രൂഡിന്റെ അധമത്വവും.
കരയുന്ന അമ്മയുടെ പാശ്ചാത്യപ്രരൂപമാണ് നിയോബിയെങ്കില്‍ നമ്മള്‍, ഇന്ത്യക്കാര്‍ക്ക് അത് ഗാന്ധാരിയാണ്. ഗാന്ധാരീവിലാപം പോലെ മുഴങ്ങുന്ന മറ്റൊരു വിലാപവാങ്മയമില്ല, നമ്മുടെ സാഹിത്യത്തില്‍. എഴുത്തച്ഛനിലൂടെ അത് മലയാളിയുടെ കാതിലും കണ്ണീരിന്റെ കടലിരമ്പമായി മാറ്റൊലിക്കൊള്ളുന്നു. നൂറു മക്കളുണ്ടായിട്ടും അവരെയത്രയും നഷ്ടപ്പെട്ട അമ്മയുടെ കണ്ണീരായിരുന്നു അത്. ആ കണ്ണീര്‍ ദൈവാവതാരമായ കൃഷ്ണനെപ്പോലും 'കുനഖി'യാക്കി എന്നാണ് വ്യാസന്‍ എഴുതുന്നത്. പുത്രദു:ഖത്താല്‍ അഴലുന്ന അമ്മയുടെ തിളയ്ക്കുന്ന കണ്ണീര്‍ വീണ് ദൈവത്തിന്റെ കാല്‍നഖേന്ദു ഇരുണ്ടുപോയി!
ഇതിന്റെ ക്രിസ്തീയ സമാന്തരമാണ് പിയെത്ത എന്ന വ്യാകുലമാതാവ്. മൈക്കലാഞ്ജലോ അതിനെ വെണ്ണക്കല്ലിന്റെ സ്തബ്ധവിഷാദമാക്കിയപ്പോള്‍ നമ്മുടെ ഭാഷയില്‍ 'പുത്തന്‍പാന' എഴുതിയ അര്‍ണ്ണോസ് പാതിരി എന്ന പരദേശിയായ കവി അതിനെ എല്ലാ ദു:ഖവെള്ളിയാഴ്ച്ചകളുടെയും പാട്ടാക്കി മാറ്റി -
'മരത്താലേ വന്ന ദോഷം മരത്താലേ ഒഴിപ്പാനായ്
മരത്തിന്മേല്‍ തൂങ്ങി നീയും
മരിച്ചോ പുത്രാ!' എന്നിങ്ങനെ.
മകന്‍ മരിച്ച അമ്മയുടെ കണ്ണീരിന് ഭൂമിയോളം ഭാരിച്ച ഒരൊറ്റത്തുള്ളിയാവാന്‍ കഴിയും എന്നതിന്റെ മലയാളസാക്ഷ്യങ്ങള്‍ വേറെയുമുണ്ട്. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലെ ആ തുടക്കവരികളില്‍ത്തന്നെയുണ്ട് മലയാളി രുചിച്ചിട്ടുള്ളതില്‍ വച്ചേറ്റവും ഉപ്പു നിറഞ്ഞ ആ കണ്ണുനീര്‍ -
'അങ്കണത്തൈമാവില്‍ നിന്നാദ്യത്തെപ്പഴം വീഴ്‌കെ
അമ്മ തന്‍ നേത്രത്തില്‍ നിന്നടര്‍ന്നൂ ചുടുകണ്ണീര്‍ ...'
'നയിക്കുന്ന'താണ് 'നേത്രം'. അതിനാല്‍ കണ്ണുനീരാല്‍ കാഴ്ച്ച മങ്ങി, ജീവിതത്തിന്റെ വഴിമുട്ടിപ്പോയവളുടെ നിരാലംബമായ നില്പുകൂടിക്കാണാം ഈ വരികളില്‍. ഇതിലും ദാരുണമാണ്, ഒരു പക്ഷേ, 'അവസാനത്തെ അശ്രുബിന്ദു' എന്ന ഗീതകത്തിലെ കണ്ണീരിന്റെ തിക്തത. തന്നിലെ, നിര്‍മ്മലവും മൃദൂഷ്മളവും അമ്ലവുമായ ആ സ്‌നേഹദ്രവം ക്രമേണ വരണ്ടു പോയിട്ടൊടുവില്‍ മുഖത്തൊരു 'എരുക്കിന്‍ ചിരി' മാത്രം ശേഷിച്ചതിനെക്കുറിച്ചാണ് ഈ കവിതയില്‍ വൈലോപ്പിള്ളി എഴുതുന്നത്. എങ്കിലും കവിയുടെ അന്ധാത്മാവില്‍ സര്‍വ്വനിഷ്ഫലതയെച്ചൊല്ലി ചുരക്കുന്ന കയ്പിന്റെ ഒരു തുള്ളിയുണ്ട്. തന്റെ അജ്ഞാതനായ വിധികര്‍ത്താവിന്റെ കാഞ്ഞിരവിഗ്രഹത്തിനു മുന്നില്‍ നിവേദിക്കാന്‍ വേണ്ടി അയാള്‍ അതു കരുതി വയ്ക്കുന്നു. ഏതാണ്ടിതേ ശ്രുതിയില്‍ നഷ്ടസര്‍വ്വസ്വനായ പി.യും ഒരിക്കല്‍ വിലപിച്ചിട്ടുണ്ട് -
'എന്തു നേടി ജീവിതത്തില്‍?' ചോദിക്കുന്നു നക്ഷത്രങ്ങള്‍,
എല്ലാം കൊടുത്തു ഞാന്‍ നേടി കണ്ണുനീര്‍ത്തുള്ളി!'
റഫീക്ക് അഹമ്മദിന്റെ 'തോരാമഴ'യിലെ ഉമ്മയുടെ കണ്ണുനീര്‍, ആ ശീര്‍ഷകബിംബം പോലെ, ശമിക്കാത്ത കാലവര്‍ഷം എന്ന പ്രതീതിയാണുണര്‍ത്തുന്നത് അതിന്റെ വായനക്കാരില്‍. ഈ കുറിപ്പിന്റെ തുടക്കത്തില്‍പ്പറഞ്ഞ യവനമാതാവിന്റെ ഒരു 'മിനിയേച്ചര്‍' തന്നെ ഉമ്മുക്കുലുസുവിന്റെ ഈ ഉമ്മ.
മഹാകവി കുമാരനാശാനാണ് മലയാളകവിതയിലേയ്ക്ക് വിഷാദത്തിന്റെ കരിനീലത്തടാകങ്ങള്‍ അണമുറിച്ചു വിട്ടതെന്ന് നിരൂപകനായ കെ. ഭാസ്‌കരന്‍ നായര്‍. കണ്ണീരിന്റെ ശ്യാമസരോവരമാണത്; കദനസമൃദ്ധിയാല്‍ ഇരുണ്ടു നീലിച്ചത്. കണ്ണീരിന്റെ കടലല്ല, തടാകം. കെട്ടിനില്‍പ്പിന്റെ സ്തബ്ധനീലിമയെ കാവ്യാത്മകമായ ഒരൊറ്റ രൂപകത്തിന്റെ ചിമിഴില്‍ പകരുകയായിരുന്നു, ഇങ്ങനെ എഴുതിയപ്പോള്‍ ഭാസ്‌കരന്‍ നായര്‍. അങ്ങനെയെല്ലാം വിശേഷിപ്പിക്കപ്പെട്ട ആ കവിയോ? 'സാധ്യമെന്തു കണ്ണീരിനാല്‍?' എന്ന് മരണമെന്ന അലംഘനീയമായ പ്രപഞ്ചനിയമത്തിനു മുന്നിലുള്ള മനുഷ്യനിസ്സഹായതയെ വാങ്മയവല്‍ക്കരിച്ച കവിയാണദ്ദേഹം. 'മുഴുകീ കണ്ണീരിലര്‍ണ്ണോജിനി' എന്ന പോലെ മലയാളിയെ ഗാഢമായ പ്രരോദനശബ്ദം കേള്‍പ്പിച്ച മഹാകവി. കരുണാകാവ്യത്തിനൊടുവില്‍ വാസവദത്തയുടെ ചാമ്പലിലേയ്ക്കടര്‍ന്നു വീണ ഉപഗുപ്തന്റെ കണ്ണീരുമുണ്ട്,' ആമലകീഫലം പോലെ തിക്തമധുരമായത്. പില്‍ക്കാലത്ത്, ആശാന്‍കവിതയെ 'ശബ്ദരൂപാശ്രുപൂരം' എന്നു വിശേഷിപ്പിച്ചത് വൈലോപ്പിള്ളിയാണ്. ഇതിലും മുന്തിയ ഒരു വിശേഷണം ആ ദു:ഖസത്യജ്ഞന് വേറേ ലഭിക്കാനെന്തുള്ളു?
'കരയുവാനായ് പിറന്നൊരു കാമുകന്‍' എന്ന മേല്‍വിലാസമാണ് ഇടപ്പള്ളി രാഘവന്‍ പിള്ള തന്റെ ജീവിതത്തിനു ചുവടേ കുറിച്ചുവെച്ചു വിരമിച്ചത്. ആവശ്യത്തിലേറെ കണ്ണീരുപ്പു പുരണ്ടതിനാല്‍ തനിക്കു ലഭിച്ച ജീവിതപലഹാരം ഒന്നു രുചിച്ചു നോക്കി, വലിച്ചെറിഞ്ഞ കവി. 'കാട്ടാറിന്റെ കരച്ചില്‍' എന്നത് രാഘവന്‍ പിള്ളയുടെ ഒരു കവിതയുടെ പേരാണ്; ഒരു പക്ഷേ ആ കവി എഴുതിയ എല്ലാ കവിതകളുടെയും. പാട്ടില്‍ കരഞ്ഞിട്ട് ജീവിതപ്പൂമരച്ചോട്ടിലിരുന്ന് പൊട്ടിച്ചിരിച്ച ചങ്ങമ്പുഴയും തന്റെ ആദ്യകാവ്യസമാഹാരത്തിന് 'ബാഷ്പാഞ്ജലി' എന്നായിരുന്നുവല്ലോ പേരിട്ടത്;' കരയും ഞാന്‍, കരയും ഞാന്‍/ കരയുന്ന കവികളെ കഴുവില്‍ക്കയറ്റുമോ ലോകമേ നീ!' എന്നു ശഠിച്ച കവിയും അദ്ദേഹം തന്നെ.
അനിയന്ത്രിതമായ കണ്ണീരൊഴുക്കിന്റെ കവികളായിരുന്നു ഇടപ്പള്ളിയും ചങ്ങമ്പുഴയുമെങ്കില്‍, കണ്ണീരിനെ ഗൂഹനം ചെയ്യുന്ന കലയില്‍ അദ്വിതീയരായിരുന്നു ഇടശ്ശേരിയും എന്‍ വി യും വൈലോപ്പിള്ളിയും.
'ഉറക്കെക്കരയുവാന്‍ ധൈര്യമില്ലതിനാലേ
ഉറക്കെക്കൂടെക്കൂടെ പൊളളയായ് ചിരിപ്പൂ ഞാന്‍' എന്ന് എന്‍.വി.
'ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ -
തെന്തിനു ജീവിതപലഹാരം' എന്ന് ഇടശ്ശേരി. തന്റെ കണ്ണീര്‍പ്പാടത്തിനപ്പുറം 'സ്മിതച്ഛിന്നദുഃഖ'യായ ദുര്‍ഗ്ഗയെ പ്രതിഷ്ഠിച്ചു വൈലോപ്പിള്ളി. പരമാനന്ദത്തിന്റെ കണ്ണീരൊലിവുകള്‍, പണ്ടുണ്ടായിരുന്നിരിക്കാം, ഇപ്പോഴില്ല എന്ന് 'എവിടെയോ ഉണ്ടായിരുന്നത്' എന്ന കവിതയില്‍ ആറ്റൂര്‍.
'ചിരി വരുന്ന കരച്ചിലിന്‍ ചങ്ങാട, -
മിതിലിരിക്കാന്‍ വരുന്നുവോ ചങ്ങാതി?' എന്ന് അന്‍വറലി.
പില്‍ക്കാലം ബാലചന്ദ്രന്‍ ചുള്ളിക്കാടിലാണ് കണ്ണീരിന്റെ ഗാഢതയേറിയ ചില വാങ്മയസന്ദര്‍ഭങ്ങള്‍ നമ്മള്‍ കാണുന്നത്. 'കണ്ണീരില്‍ മുങ്ങിക്കുളി കഴിഞ്ഞാ'യിരുന്നുവല്ലോ 'യാത്രാമൊഴി'യിലെ ഭ്രഷ്ടയൗവനത്തിന്റെ പടിയിറക്കം. മറ്റൊരു കവിതയില്‍, 'നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍ കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍' എന്നും എഴുതിയിട്ടുണ്ട് ഈ കവി (പില്‍ക്കാലം കവിയുടെ നിര്‍ദ്ദയമായ എഡിറ്റിങ്ങിന്റെ ഫലമായി ഈ വരി കവിതയില്‍ നിന്നു മുറിച്ചുമാറ്റപ്പെട്ടു എങ്കിലും).' ചുടുകണ്ണില്‍ നിന്നുതിരമൊഴുകുന്ന നിന്‍ നിത്യകദനം' എന്ന് 'ദു:ഖവെള്ളിയാഴ്ച്ച' എന്ന കവിതയില്‍; 'പുത്രന്‍ മടിയില്‍ മരിക്കുന്നൊരമ്മതന്‍ / ഇറ്റിറ്റു വീഴുന്ന കണ്ണുനീരാണു ഞാന്‍' (മാപ്പുസാക്ഷി) എന്നും. 'സദ്ഗതി'യിലെ 'ഉദിതാന്തരബാഷ്പ പൗര്‍ണ്ണമി'യും 'സ്‌നാനം' എന്ന കവിതയിലെ, ഷവര്‍ തുറക്കുമ്പോള്‍ കുതിച്ചുചാടുന്ന ചുടുകണ്ണീരിന്റെ ധാരയും ഓര്‍ക്കാം. ഇവിടെയെല്ലാം ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. കണ്ണീരിന്റെ വിമലീകരണ (ablutionary) ശക്തിയിലുള്ള കവിയുടെ അചഞ്ചലവിശ്വാസമാണത്.
ഇന്ത്യന്‍പാരമ്പര്യത്തിലെ മറ്റൊരു കരയുന്ന നായിക സീതയാണ്. 'ബാഷ്പമലിന'- കണ്ണീരിനാല്‍ മാത്രം മലിനയായവള്‍ എന്ന അര്‍ത്ഥത്തില്‍ - എന്നാണ് സീതയെ വാല്‍മീകി വിശേഷിപ്പിച്ചത്; ആ ആദികവിയെ കാളിദാസന്‍, 'രുദിതാനുസാരി' എന്നും. രാമായണകാവ്യത്തിന്റെ പ്രാരംഭബിന്ദു തന്നെ ഒരു കണ്ണുനീര്‍ത്തുളളിയാണല്ലോ. ഈ വസ്തുതയെ മുന്‍നിര്‍ത്തി, തന്റെ 'ഉജ്ജ്വലമുഹൂര്‍ത്തം' എന്ന കവിതയുടെ ഒടുവില്‍ വൈലോപ്പിള്ളി ഇങ്ങനെ എഴുതി -
'അഞ്ചിതരാഗം തമ്മില്‍ കൊക്കു ചേര്‍, ത്തൊരു കൊമ്പില്‍
തഞ്ചിടും ക്രൗഞ്ചങ്ങളിലൊന്നിനെ വനവേടന്‍
കൊന്നു വീഴ്ത്തിയ നോവാലാദിമകവി വാര്‍ത്ത
കണ്ണുനീരൊരു പെരുങ്കടലായ്പ്പരക്കുന്നു!'
ഇത്രയും എഴുതിക്കഴിഞ്ഞിട്ടും കണ്ണീരിനെ തന്റെ കാവ്യപ്രപഞ്ചത്തിലെ കേന്ദ്രസൂര്യനാക്കി മാറ്റിയ അക്കിത്തത്തെ മാത്രം പരാമര്‍ശിക്കാത്തതെന്തുകൊണ്ടാണെന്ന ചോദ്യമുയരാം. ആര്‍. വിശ്വനാഥന്റെ 'ജലകാമനയുടെ വേദാന്തം' എന്ന നിരൂപണലേഖനമാണ് അതിനുള്ള മറുപടി. അതിനപ്പുറം അക്കിത്തംകവിതയിലെ കണ്ണീരിന്റെ വെളിച്ചത്തെപ്പറ്റി ഏറെയൊന്നും പറയാനില്ല. 'വെണ്ണക്കല്ലിന്റെ കഥ' പോലെ ഒരപൂര്‍വ്വശില്പം, ആ കണ്ണീരിന്റെ ശ്ലഷ്ണശിലാദാര്‍ഢ്യത്താല്‍ മാത്രം പടുക്കാനാവുന്നത്. ടാഗോര്‍, വെണ്ണക്കല്ലില്‍ തീര്‍ത്ത താജിനെ 'കാലത്തിന്റെ കവിളില്‍ ഘനീഭവിച്ച കണ്ണുനീര്‍ത്തുളളി' എന്നു വിളിച്ചു. അക്കിത്തമാകട്ടെ, കണ്ണീരിന്റെ ശിലാപരിണാമമാണ് വെണ്ണക്കല്ല് എന്ന കാവ്യസത്യം ഉദ്ഖനനം ചെയ്‌തെടുത്തു.
'കണ്ണുനീര്‍ത്തുള്ളി' എന്ന പേരില്‍ത്തന്നെ ഒരു വിലാപകാവ്യമെഴുതപ്പെട്ടിട്ടുള്ള ഭാഷയാണ് നമ്മുടേത്. കണ്ണീരിന്റെ കവിതയാണല്ലോ വിലാപകാവ്യം.
ആ വസ്തുതയെ തന്റെ വിലാപകാവ്യത്തിന്റെ ശീര്‍ഷകപദവിയിലേയ്ക്കുയര്‍ത്തി നാലപ്പാടന്‍.
'ഉരുക്കിടുന്നൂ
മിഴിനീരിലിട്ടു മുക്കുന്നു മുറ്റും ഭുവനൈകശില്പി
മനുഷ്യഹൃത്താം കനകത്തെയേതോ
പണിത്തരത്തിന്നുപയുക്തമാക്കാന്‍' എന്നതാവണം അതിലെ കേന്ദ്രശ്ലോകം.
കണ്ണീരിനെ ഉള്ളുരുക്ക (melting mood) ത്തിന്റെ ഉദ്ഗമമെന്നു വിശേഷിപ്പിച്ചത് ഷേക്‌സ്പിയറാണ്, ഒഥലോയുടെ അന്തിമഭാഷണത്തില്‍. അങ്ങനെയൊന്നും ബാഷ്പാവിലങ്ങളാവാറില്ല തന്റെ മിഴികള്‍ എന്നും എന്നാല്‍ അഗാധശോകത്താല്‍ അവ അറേബ്യയിലെ പരിമളവൃക്ഷങ്ങളേപ്പോലെ സുഗന്ധിയായ കണ്ണീരിന്റെ കറ വര്‍ഷിക്കും എന്നും പറയുകയാണ് ഒഥലോ. കണ്ണുനീര്‍ പൗരുഷത്തിന്റെ വിപരീതമാണ് എന്ന ധാരണയാലുള്ള ആത്മനിവേദനമാണിത്. കരയുമ്പോള്‍ പുരുഷന്‍ കൂടുതല്‍ മനുഷ്യനാകുന്നു എന്നതാണ് നേര്. 'യേശു കണ്ണുനീര്‍ വാര്‍ത്തു'(Jesus wept) എന്ന ചെറുവാക്യത്തോളം ദൈര്‍ഘ്യമില്ലല്ലോ മറ്റൊരു വേദപുസ്തകവാക്യത്തിനും!
കണ്ണീരിന്റെ വിവക്ഷകളന്വേഷിക്കുന്ന ഒരുപന്യാസമുണ്ട് ലോകസാഹിത്യത്തില്‍. നോവലിസ്റ്റായ ഇറ്റാലോ കാല്‍വിനോയാണ് അതെഴുതിയത്, 'ഏഴു കുപ്പി കണ്ണുനീര്‍' (Seven Flasks of Tears) എന്ന പേരില്‍. കണ്ണീരിന്റെ മനശ്ശാസ്ത്രവും നരവംശശാസ്ത്രവുമെല്ലാം കാല്‍വിനോ പരിശോധിക്കുന്നു. പദാര്‍ത്ഥരൂപത്തില്‍ ആവിര്‍ഭവിക്കുന്ന മനസ്സിന്റെ, ഒരേയൊരു, ബഹിര്‍സ്ഫുരണ (psychological manifestation)മാണ് കണ്ണുനീര്‍ എന്ന് കാല്‍വിനോ നിരീക്ഷിക്കുന്നു. മനുഷ്യന്‍ കരഞ്ഞു പിറക്കുന്നു. കരഞ്ഞുകൊണ്ട് മുലപ്പാലും മുലച്ചൂടും തേടി വളരുന്നു. ക്രമേണ ഉച്ചത്തിലുള്ള കരച്ചില്‍ നിശ്ശബ്ദമായ കണ്ണീര്‍ പൊഴിക്കലാവുന്നു. അപ്പോഴും കണ്ണീര്‍ അനിവാര്യം. അതിനാല്‍ നഷ്ടപ്പെട്ട സമചിത്തതയും പ്രപഞ്ചതാളവും വീണ്ടെടുക്കപ്പെടുന്നു ('സ്മൃതിയാം പിതൃലോക സീമയില്‍ /പതിവായശ്രുനിവാപമുണ്ടുമേ'). മനുഷ്യനേ കരയാറുള്ളൂ, മൃഗങ്ങളില്‍ അടിമമൃഗമായ ആനയും. നിസ്സഹായതയുടെ, അശക്തിയുടെ കണ്ണീരാണത്. ചലച്ചിത്രത്തിലെ ശോകരംഗം കണ്ടു കരയുന്ന പ്രേക്ഷകനും/പ്രേക്ഷകയും അതാണ് ചെയ്യുന്നത്. തന്നാല്‍ പരിഹരിക്കാനാവാത്ത ദുരന്തരംഗം കണ്ട് അയാള്‍/ അവള്‍ കണ്ണീരൊഴുക്കുന്നു. കണ്ണീര്‍ സാമൂഹ്യമാണ്. അതിനാല്‍ പരാര്‍ത്ഥവും. ഒറ്റയ്ക്കിരുന്നു കരയുമ്പോഴും ചിലരുടെ അദൃശ്യസാമീപ്യം സങ്കല്പിക്കുന്നുണ്ട് നമ്മള്‍. ശിശു അനുകമ്പ യാചിച്ചു കരയുന്നു, മുതിര്‍ന്നവര്‍ തങ്ങളുടെ അനുകമ്പയുടെ പ്രകടനമായും. കണ്ണീര്‍ എപ്പോഴും നൈസര്‍ഗ്ഗിക (spontaneous)മാകണമെന്നില്ല. അതൊരു സാമൂഹ്യബാധ്യതയാണ്; ഒപ്പാരിടുന്നവരുടെ കാര്യത്തിലെന്ന പോലെ ('കാണിക്കാന്‍ കണ്ണുനീരിറ്റു വേണം' എന്നു കടമ്മനിട്ട). സാഡിസത്തോളമെത്തുന്ന കണ്ണീരിന്റെ അതിവ്യയമാണ് നടക്കുന്നത് ജനപ്രിയസാഹിത്യത്തില്‍. ഇങ്ങനെ പോകുന്നു കാല്‍വിനോയുടെ കണ്ണീരെഴുത്തുകള്‍.
കണ്ണീരിനെക്കുറിച്ചുള്ള ഈ ഉപന്യാസത്തില്‍ ഇതുവരെ ആശ്രയിച്ചത്, ഏറിയകൂറും, കവിതകളെ മാത്രമായിരുന്നു. ഇതിന്റെ വിരാമവാക്യം, എനിക്ക് ഏറെ പ്രിയപ്പെട്ട, ഒരു നോവലെറ്റിലെ വാക്യം തന്നെയാകട്ടെ. എം.മുകുന്ദന്റെ 'ചാര്‍ളി മാസ്റ്റര്‍' എന്ന നീണ്ടകഥയിലെ ഒരു വാക്യമാണത്. വാക്യം ഇങ്ങനെ -
'ഇറയത്ത് ഒരു വലിയ കണ്ണുനീര്‍ത്തുളളി പോലെ അവള്‍ ഇറ്റി നില്‍ക്കുന്നു.' ഗാഢതയില്‍ ഇതിനോട് തോളുരുമ്മി നില്‍ക്കുന്ന ഒരു കവിതാവരിയുമുണ്ട്, മഹാകവി ജീ. ശങ്കരക്കുറുപ്പിന്റെ -
'ഞാനിറക്കുന്നൂ കണ്ണീര്‍, ചുടുവേനലില്‍ത്തന്റെ
തേനിനെ, വീഴാറായ ചെമ്പകമലര്‍ പോലെ' (ഭഗ്‌നഹൃദയം).
Content Highlights: mashipacha sajay kv the literature which deals the theme tear
Published: 26 Jun 2024, 02:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented