
ചേമ്പിലയിലിരുന്ന് മരതകമായ മഴത്തുള്ളി കുഞ്ഞിരാമന്‍ നായരെ ഓര്‍ക്കുന്നതായിപ്പറയുന്ന ഒരു സച്ചിദാനന്ദന്‍കവിതയുണ്ട്. ഒരൊറ്റ വരിയില്‍, ഒരൊറ്റ കാവ്യബിംബത്തില്‍ അത് പി.യുടെ ഹരിതഭാവനയെ ഒട്ടാകെ ഉയിര്‍പ്പിക്കുന്നു. മഴത്തുള്ളി മരതകമാകുന്നതുപോലെയുള്ള ഇത്തരം മാന്ത്രികപരിണാമങ്ങള്‍ ആ കവിതയില്‍ സുലഭമാണ്. എഴുത്തച്ഛനെഴുതുമ്പോള്‍ 'എഴുത്തച്ഛനാവുകയും അച്ഛനെഴുത്താവുകയും' ചെയ്യുന്നതുപോലെയാണത്. അതേ കവിതയില്‍ത്തന്നെ 'വ്യഞ്ജനങ്ങള്‍ അശോകമായ് കിളര്‍ക്കുക'യും ' വിരാമചിഹ്നത്തിനു വാല്‍ മുളച്ച് കടല്‍ ചാടിക്കടക്കുക'യും ' ചോദ്യചിഹ്നം വിനയത്താല്‍ സുഗ്രീവനായ് കുനിയുക'യും ആശ്ചര്യചിഹ്നം 'കടലിന്നു ചിറയായി കുറുകുക'യും ചെയ്യുന്നുണ്ട്. എന്തിനെയും ഭാവനയുടെ മന്ത്രദണ്ഡുഴിഞ്ഞ് മറ്റൊന്നാക്കാന്‍ ഈ കവിക്കാവും. ചെമ്പരത്തിയുടെ മൊട്ട്, കാണെക്കാണെ വളരുന്ന മാന്ത്രികപ്പവിഴമാകുന്നു, അതിനാല്‍, സച്ചിദാനന്ദന്. പുതുമഴയാകട്ടെ,
'മേഘങ്ങളുടെ
പിളരുന്ന പളുങ്കുമേല്‍ക്കൂരയ്ക്കു താഴെ
വയലിനുകളുടെ ഒരു
താഴ്വര'യും.
'നിന്റെ ചിതയില്‍ വിരിയുന്ന
അര്‍ബ്ബുദത്തിന്റെ ഇലകള്‍ക്ക് തവിട്ടു നിറം' എന്ന് സുലേഖയോട് ഇയാള്‍ പറയും. ഒടുവില്‍ അവള്‍ ഒരു പുതുമഴയായി വന്നു പിറന്ന് ആര്യവേപ്പിന്‍ ചുവട്ടിലൂടെ പുളച്ചൊഴുകുമ്പോള്‍ അവള്‍ക്കു മീതേ ചുവന്ന ചിറകു വീശി, കൂരമ്പു പോലെ പറന്നുപോകുന്ന ഞാവല്‍ക്കിളി താനായിരിക്കും എന്നും. ഇത്തരമൊരത്ഭുത രൂപാന്തരത്തിന്റെ കാഴ്ച്ചയിലാണ്, വൈലോപ്പിള്ളിയെക്കുറിച്ചെഴുതിയ,' ഇവനെക്കൂടി' എന്ന കവിതയും അവസാനിക്കുന്നത് -
'പാവമീ നാടിന്‍ സ്വര്‍ണ്ണക്കിണ്ണമായിരുന്നിവന്‍
ദാ, നോക്കൂ! വാനില്‍ പൂര്‍ണ്ണചന്ദ്രനായവന്‍ വീണ്ടും!'. വൈലോപ്പിള്ളിയുടെ 'ചന്ദ്രന്റെ ചിരി' എന്ന കവിതയിലെ നന്മയുടെ തിളക്കത്തെ സ്വര്‍ണ്ണക്കിണ്ണത്തിലും വാനിലെ പൂര്‍ണ്ണചന്ദ്രനിലും മാറി മാറി പ്രദര്‍ശിപ്പിക്കുന്ന കലയാണിത്. അത്ഭുത രസത്തിന്റെ വീഞ്ഞുപുരയായി അത് സച്ചിദാനന്ദന്റെ കവിതയെ മാറ്റുന്നു. വാക്കിന്റെ വെറും വെള്ളം വീഞ്ഞാക്കി മാറ്റുന്ന ആ മാന്ത്രികവിരലുകളാല്‍ എഴുതപ്പെട്ടതാണ് മലയാളകവിതയിലെ ആധുനികതയുടെ ഋതുശോഭകളത്രയും.
നമ്മുടെ കവിതയെ, എഴുപതുകളില്‍, അയവും ബിംബാത്മകതയുമുള്ള ഗദ്യത്തിലേയ്ക്ക് മോചിപ്പിച്ചത് സച്ചിദാനന്ദനായിരുന്നു. പിന്നീട് അതിനു നഷ്ടമായ ഛന്ദസ്സിന്റെ ചിറകുകള്‍ വീണ്ടെടുത്തു നല്‍കാനും ഈ കവി മടിച്ചില്ല.' ഇവനെക്കൂടി', 'മഹാബലി അവശിഷ്ടങ്ങളില്‍ നടക്കുന്നു', 'ആണ്ടാള്‍ പ്രണയത്തെക്കുറിച്ചു സംസാരിക്കുന്നു തുടങ്ങിയ കവിതകളില്‍ സച്ചിദാനന്ദന്‍കവിതയുടെ മികച്ച പദ്യസാഫല്യങ്ങളില്‍ച്ചിലത് നമ്മള്‍ വായിക്കുന്നു ;സമാനമായ ഗദ്യസാഫല്യങ്ങളാല്‍ നിബിഡമായിരുന്നു' പീഡനകാലം' എന്ന ആദ്യകാലസമാഹാരം എന്ന പോലെ.
മലയാളത്തെക്കുറിച്ചെഴുതിയ ദീര്‍ഘകാവ്യത്തെ മാതൃഭാഷയ്ക്കുള്ള ഒരു ഗദ്യാഭിവാദനമായാണ് സങ്കല്പിച്ചത് അദ്ദേഹം. നെരൂദയെ ഗദ്യത്തിലും
ഷെയ്ക്‌സ്പിയറെ വൃത്തബദ്ധമായ പദ്യത്തിലുമായിരുന്നു, ഏതാണ്ട് ഒരരനൂറ്റാണ്ടിന്റെ അകലമുള്ള ഭിന്നഋതുക്കളില്‍, പരിഭാഷപ്പെടുത്തിയത് സച്ചിദാനന്ദന്‍. ശതതന്ത്രികളുള്ള ഒരു വാദ്യം പോലെയാണ് സച്ചിദാനന്ദന്റെ കവിത്വം. അത് ഒരേ സമയം ലോകകവിതയോടും ഇന്ത്യന്‍കവിതയോടും മലയാളകവിതയുടെ പാരമ്പര്യത്തോടും സംവദിക്കുന്നു. എഴുത്തച്ഛന്റെ കവിത്വത്തിന് ഒരു സറീയലിസ്റ്റ് ഭാഷ്യമെഴുതിയ എഴുപതുകളില്‍ത്തന്നെ പാരമ്പര്യത്തിനും പുതുമയ്ക്കുമിടയിലുള്ള ഒരു തൂക്കുപാലമായി തന്നെത്തന്നെ സ്ഥാപിക്കുന്നുണ്ടായിരുന്നു സച്ചിദാനന്ദന്‍. ഒരു കൈകൊണ്ട് നെരൂദയെയും മറുകൈ കൊണ്ട് പി. കുഞ്ഞിരാമന്‍ നായരെയും ആശ്ലേഷിക്കാന്‍ ഈ കവിക്കാവും; പത്മിനിയെ എന്ന പോലെ പോള്‍ ക്ലീയെയും.
'എന്റെ പൈന്‍മരവും
താങ്കളുടെ കരിമ്പനയും
ഒരേ ചന്ദ്രനെ
ജടയിലേറ്റുന്നു' എന്നു പറയുന്നുണ്ട് ആന്ദ്രേ എന്ന വിദേശകവി ഈ മലയാളകവിയോട്, 'കവികളുടെ ഭാഷ' എന്ന കവിതയില്‍. ഈ മൂന്നിന്റെയും സമന്വയം നമുക്ക് സച്ചിദാനന്ദനിലും കാണാം, പൈനിന്റെയും കരിമ്പനയുടെയും ശിവജടയിലെ ചന്ദ്രക്കലയുടെയും.
Content Highlights: sajay kv mashipacha poetic craft in satchidanandan
Published: 04 Dec 2024, 08:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented