എം വിനയകുമാർ എഴുതിയ 'കൊച്ചുഭൂതങ്ങളും കുട്ടിച്ചാത്തനും' എന്ന പുസ്തകത്തിന് ഡോ.എം ലീലാവതി എഴുതിയ അവതാരിക

ഭൂതധാത്രി എന്ന് ചേതനങ്ങൾക്കും അചേതനങ്ങൾക്കും അമ്മയായ ഭൂമിയെ വിശേഷിപ്പിക്കുന്നു. ധരിത്രി എന്ന പര്യായവുമുണ്ട്. ധരിത്രി മാത്രമല്ല, മൂലകങ്ങൾ എന്നുകൂടി പേരുള്ള ഭൂതങ്ങളുടെ ആകരങ്ങൾ. അക്ഷരാർത്ഥത്തിൽ അനന്തമായ പ്രപഞ്ചത്തിലെ തേജോഗോളങ്ങളിലും ഗ്രഹോപഗ്രഹങ്ങളിലും ധൂമകേതുക്കൾപോലുള്ള വാനസഞ്ചാരികളിലും ഉള്ളതുകൊണ്ട് അവയുടെ ശാസ്ത്രത്തിന് വിശ്വവ്യാപ്തിയുണ്ട്. അറിവുകൾക്കെല്ലാം ‘വിദ്യ’ എന്ന നാമം നൽകിയ പൂർവ്വികർ, വിദ്യയ്ക്കു കൊടുത്തത് സ്ത്രീരൂപമാണ്. വിദ്യാദേവിയാണ് സരസ്വതി. വിശ്വവ്യാപ്തികൊണ്ട് കെമിസ്ത്രി ‘കേമിസ്ത്രീ’ തന്നെ. പ്രപഞ്ചത്തിലെ അചേതനങ്ങളുടെയും ചേതനങ്ങളുടെയും ശരീരങ്ങളിൽ കെമിസ്ട്രിയുടെ വ്യാപകസാന്നിദ്ധ്യമുണ്ട്. ആ സാന്നിദ്ധ്യത്തിന്റെ മൂലാധാരം മൂലകവൈവിദ്ധ്യം തന്നെ. സമസ്തചേതനങ്ങളുടെയും അസ്തിത്വത്തിനാധാരമായ ദേഹത്തിന്റെ സാമ്രാജ്യം വാഴുന്ന രാജ്ഞി കെമിസ്ട്രിയാണ്. രസതന്ത്രം എന്ന പദം ഈ രാജ്ഞിയുടെ നാമമായി ചാർത്തികൊടുത്തത് ആരാണെന്നോ, ആദ്യം പ്രയുക്തമായതെന്നാണെന്നോ ഗവേഷണത്തിലൂടെ സ്ഥാപിതമായിട്ടുണ്ടെന്നു തോന്നുന്നില്ല. ‘രസ’ശബ്ദത്തിന് നാനാർത്ഥങ്ങളുണ്ട്. ഒരു പാനീയം, ഒരു ദ്രവലോഹം, സാഹിത്യത്തിൽ പദാർത്ഥസംപൃക്തസത്ത ആഹാരങ്ങളിൽനിന്നും വിഹാരങ്ങളിൽനിന്നും ലഭിക്കുന്ന ആനന്ദം എന്നിങ്ങനെ. മൂലകം എന്നതിൽനിന്ന് വ്യത്യസ്തമായ അർത്ഥമുള്ള പഞ്ചഭൂതങ്ങളിൽ അഞ്ചിന്റെയും ഗുണങ്ങൾ ഒത്തുചേർന്ന സത്തയാണ് ഭൂമി. അഞ്ചാമിന്ദ്രിയം ‘രസന’യും രസം ഭൂമിക്കു മാത്രമുള്ള ഗുണവുമാണ്. ഈ അർത്ഥവൈവിദ്ധ്യങ്ങളിൽ ഏതിനെ മുൻനിർത്തിയാണ് ‘രസതന്ത്രം’ എന്ന പദം നിഷ്പന്നമായത്? താഴ്നിലയിലുള്ള ലോഹങ്ങളെ മേൽനിലയിലുള്ളവയാക്കി പരിവർത്തിപ്പിക്കാനുള്ള ശ്രമത്തിൽ ഏറെ പഴയകാലം മുതൽക്കേ മനുഷ്യർ മുഴുകിയിരുന്നു. അതിന് രാസവിദ്യ എന്ന് സംസ്കൃതത്തിലും ആൽക്കെമിയെന്ന് ഇംഗ്ലീഷിൽ രൂപപ്പെട്ട ശബ്ദത്തിന്റെ പ്രാഗ്രൂപങ്ങളായ പദങ്ങൾ മറ്റു പാശ്ചാത്യഭാഷകളിലും ‘അൽകിമിയ’ എന്ന് അറബിയിലും പേരുണ്ടായിരുന്നു. കെമിസ്ട്രി പദത്തിന്റെ മൂലം അതാണ്. രാസവിദ്യയും ആൽകെമിയും ഒന്നായതുകൊണ്ടാവാം കെമിസ്ട്രിയെക്കുറിക്കാൻ ‘രസതന്ത്രം’ പ്രയുക്തമായത് എന്ന ഊഹത്തിനു പ്രസക്തിയുണ്ട്.
രസതന്ത്രം പഠിക്കാൻ ആഗ്രഹിച്ച് അത് നടക്കാതിരുന്നതിന്റെ താപം ആറാതെ പേറിക്കൊണ്ടിരിക്കുന്ന ഒരുവൾക്ക് രസതന്ത്രത്തിന്റെ മൂലാധാരങ്ങളെക്കുറിച്ചുള്ള ഒരു കൃതിക്ക് മുന്നുരക്കുറിപ്പെഴുതാൻ പ്രസാധകരാവശ്യപ്പെടുന്നത് ഒരു വരദാനമാണ്. ഒരു ഗുരുവരൻ രസതന്ത്രത്തോട് ഒടുങ്ങാത്ത അഭിനിവേശം ഉളവാക്കിയത് അദ്ധ്യാപനശൈലിയുടെ സരസതയിലൂടെയും സാരസ്വതവിഭുത്വത്തിലൂടെയും (ശ്രീ. രാമചന്ദ്ര അയ്യർ); മറ്റൊരു ഗുരുവരൻ സാഹിത്യത്തിന്റെ രസദ്ധ്വനിതന്ത്രത്തിലേക്ക് അഭിനിവേശത്തെ പറിച്ചു നട്ടു (ഇംഗ്ലീഷ് പ്രൊഫസറും കോളേജിന്റെ നിയന്താവുമായിരുന്ന പി. ശങ്കരൻ നമ്പ്യാർ). രണ്ടും പദാർത്ഥരസനിഷ്ഠം തന്നെയെന്ന് ആശ്വസിച്ചു (വസ്തുവും വാഗർത്ഥങ്ങളും).
അതിദീർഘായുസ്സ് വരമല്ല; ശാപമാണ്. എങ്കിലും അതിനൊരു മറുപുറം കൂടിയുണ്ട് എന്നു വിശ്വസിക്കാൻ പ്രേരകമാണ് ഈ പുസ്തകത്തിന്റെ പിറവി. ഉപരിപഠനത്തിന്റെ വിഷയം രസതന്ത്രത്തോടു രക്തബന്ധമില്ലാത്ത യന്ത്രതന്ത്രം (മെക്കാനിക്കൽ എൻജിനീയറിങ്) ആയിരുന്നിട്ടും ഭൂതധാത്രിയായ കെമിസ്ട്രിയുടെ ആകർഷണമാണ് വാഗർത്ഥവിദ്യയിലേക്ക് പ്രവേശിക്കാൻ രചയിതാവിന് പ്രേരണയായത്. പ്രതിപാദ്യം യന്ത്രതന്ത്രമായിരുന്നെങ്കിൽ രസിക്കാനോ മുന്നുര രചിക്കാനോ കഴിയുമായിരുന്നില്ല. അതിനാലാണ് ദീർഘായുസ്സിന്റെ മറുപുറമായി ഇതിനെക്കണ്ട് നിയതിയെ പ്രണമിക്കുന്നത്.
Also Read : 'സാംസ്കാരികനായിക' എന്ന പൊല്ലാപ്പ്; സാറാ ജോസഫിന് പിന്തുണയുമായി മുതിർന്ന എഴുത്തുകാർ
മൂലകങ്ങളുടെ കഥകൾ വിവരിക്കുന്ന ഈദൃശഗ്രന്ഥം മലയാളത്തിൽ മുമ്പുണ്ടായിട്ടില്ല എന്നുതോന്നുന്നു. അത് (ശരിയാവണമെന്നില്ല) ശരിയല്ലെങ്കിൽപ്പോലും ഇതിന് തനതായ സവിശേഷതകൾ ഉള്ളതുകൊണ്ട് ഈ ഉദ്യമത്തിന് സാർത്ഥതയുണ്ട്. ഓരോ മൂലകത്തിന്റെയും ജീവിതകഥ (ബയോഗ്രഫി) യാണ് ഈ കൃതിയിൽ ആഖ്യാനം ചെയ്യുന്നത്. കണ്ടെത്തിയ സാഹചര്യങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ, ഉപയോഗത്തിന്റെ വ്യാപ്തികൾ, പേരെടുത്ത മക്കളെക്കൊണ്ട് ജനയിതാക്കൾക്കെന്ന പോലെ, സാന്നിദ്ധ്യംകൊണ്ട് രാജ്യങ്ങൾക്കുണ്ടാകുന്ന മഹിമയുടെ രാഷ്ട്രീയം, യുദ്ധഹേതുക്കളാകുകയെന്നതുൾപ്പെടെയുള്ള പലതരം ചരിത്രസംഭവങ്ങൾ, പ്രകൃതിയിലുള്ളതും കൃത്രിമമായി സൃഷ്ടിക്കുന്നതുമായ വർണ്ണവൈവിദ്ധ്യത്തിലുള്ള കർതൃത്വം, കുടുംബബന്ധങ്ങൾ (‘cotless’ ഒരു കുടുംബം: കളർ, ഓഡർ, ടെയിസ്റ്റ്–നിറം, മണം, രസം–ഇല്ലാത്തവ) രാജ്യങ്ങൾ തമ്മിലുള്ള വിപുലമായ വ്യാപാരബന്ധങ്ങൾ, രോഗചികിത്സയ്ക്കുള്ള മരുന്നുകളുടെ ഉള്ളടക്കങ്ങൾ, സ്പെയിസ് വാഹനങ്ങൾ, മനുഷ്യർ വിവാഹബന്ധം കൊണ്ട് സൃഷ്ടിക്കുന്നത് പോലുള്ള ‘സംയുക്ത’ങ്ങളുടെ പ്രാധാന്യങ്ങൾ, പ്രയോഗങ്ങൾ... എന്നിങ്ങനെയുള്ള എല്ലാ ഘടകങ്ങളിലേക്കും നോട്ടം വ്യാപിക്കുകയും വ്യാപാരിപ്പിക്കുകയും ചെയ്തിട്ടുള്ളതിനാലാണ് ‘ജീവിതകഥ’ എന്ന സംജ്ഞ പ്രസക്തമാകുന്നത്. പാശ്ചാത്യപുരാണങ്ങളിലെ (മിത്തോളജി) കഥാപാത്രങ്ങൾ എപ്രകാരം ചില മൂലകങ്ങളുടെ പേരിൽ പതിഞ്ഞിരുന്നു, ഏതു ഭാഷയിൽനിന്ന് പദങ്ങൾ നിഷ്പാദിപ്പിച്ചിരിക്കുന്നു എന്നിങ്ങനെയുള്ള അന്വേഷണങ്ങൾക്ക് കെമിസ്ട്രി എന്ന ശാസ്ത്രത്തിന്റെ ശാസ്ത്രീയതയിൽ പങ്കില്ല. ശുദ്ധവിജ്ഞാനം നൽകാനുള്ള ഒരു കൃതിയായിട്ടല്ല ഇതു വിഭാവനം ചെയ്തിരിക്കുന്നത്. അതായത് ഇതൊരു പാഠപുസ്തകമല്ല (ടെക്സ്റ്റ് ബുക്). എങ്കിലും പാഠ്യപുസ്തകമെന്നു വിശേഷിപ്പിക്കുന്നതിന്നർഹമാണുതാനും. ചരിത്രപുരുഷന്മാർ, സാഹിത്യഗ്രന്ഥങ്ങൾ മുതലായവയ്ക്ക് ശാസ്ത്രപാഠപുസ്തകത്തിൽ സ്ഥാനമുണ്ടാകാറില്ല. അലക്സാണ്ടർ ചക്രവർത്തി, നെപ്പോളിയൻ, ഇന്ത്യൻ രാജാവായ പോറസ്, ലെനിൻ, സ്റ്റാലിൻ, ട്രോട്സ്കി, ഗാന്ധി മുതലായ ചരിത്രപുരുഷന്മാരും സ്റ്റീവൻസൺ, വിൽ ഡ്യൂറന്റ്, സോൾസെനിറ്റ്സിൻ, അഗതാക്രിസ്റ്റി എന്നിവരെപ്പോലെയുള്ള സാഹിത്യകൃത്തുക്കളും പാണിനിയെപ്പോലെയുള്ള ഭാഷാശാസ്ത്രജ്ഞരും ഈ കൃതിയിൽ സന്നിഹിതരായിട്ടുണ്ട്. കൊളംബസ് ഇന്ത്യയിലേക്കെന്ന ലക്ഷ്യത്തോടെ പുറപ്പെട്ടിട്ട് അമേരിക്ക കണ്ടെത്തിയ ചരിത്രത്തിന് കെമിസ്ട്രിയുമായെന്തു ബന്ധം? അത് ഒരു മൂലകത്തിന്റെ പേരിനുള്ള വേരു തേടുമ്പോൾ പ്രസക്തമാകുന്നത്,
Also Read:അവന്റെ സ്വർണ്ണനാണയങ്ങൾപോലെ തിളങ്ങുന്ന കണ്ണുകൾ സിലാസിനെ പിന്തുടർന്നു.
‘കൊളംബിയ’ത്തിന്റെ ജീവിതകഥയിൽ കാണാം.
ടാൻടലസ്, നയോബിയ മുതലായ പുരാണകഥാപാത്രങ്ങളുടെ കണ്ണീർക്കഥകൾ, പ്രൊമീത്തിയസിന്റെ ദാരുണകഥ മുതലായവയ്ക്കുള്ള സന്ദർഭോചിതമായ പ്രസക്തി മൂലകകഥകളെ രസദ്ധ്വനി സുന്ദരമാക്കുന്നു. അംഗിയായി ഒരു രസം, അംഗങ്ങളായ ഭാവങ്ങൾ എന്ന ഘടനയല്ല; നവരസങ്ങൾക്കും പ്രസക്തിയുള്ള നവംനവകൃതികളുടെ സംഘാതം എന്നതാണ് ഈ കൃതിയുടെ സവിശേഷത. പാരായണക്ഷമതയുളവാക്കുന്നതിൽ നർമ്മം വഹിക്കുന്ന മർമ്മപ്രാധാന്യം ഓർമ്മിച്ചുകൊണ്ടുള്ള ആഖ്യാനശൈലി കൃതിയുടെയും അദ്ധ്യായങ്ങളുടെയും ശീർഷകങ്ങളിലെന്ന പോലെ ഔചിത്യപൂർവ്വം വിന്യസിച്ചിരുന്നു; അത്യന്തം അക്ലിഷ്ടമായി.
മൂലകങ്ങൾ യുദ്ധങ്ങൾക്കു മൂലങ്ങളാവുന്നതിന്റെ കഥകളും ഒരു ആവർത്തനപട്ടിക പോലെ ഈ കൃതിയിൽ സഞ്ചയിച്ചിട്ടുണ്ട്. അവയിൽ രാജ്യങ്ങൾ തമ്മിലുള്ളവ മാത്രമല്ല, ദിവ്യശക്തികളും ആസുരശക്തികളും തമ്മിലുള്ളവ കൂടി ഉൾപ്പെടുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ കൊടിമരത്തിലേക്കുവരെ വ്യാപിക്കുന്ന കഥകൾ; ദേവി ത്രിശൂലംകൊണ്ട് അസുരനെ ഭൂമിക്കടിയിലേക്ക് കുത്തിത്താഴ്ത്തിയെന്നും ശൂലത്തിന്റെ പിടി മാത്രമാണ് പുറത്തുകാണുന്നതെന്നുമാണ് കഥ. ഇരുപത്തിയെട്ടടി ഉയരമുള്ള കൊടിമരത്തിന് ചുരുങ്ങിയത് 1400 വർഷമെങ്കിലും പഴക്കമുണ്ടെന്നും മുകളിലെ കുറച്ചു ഭാഗത്തിന്നൊഴികെ കേടുപാടുകളില്ലാതെ നിലനിൽക്കുന്നു എന്നതും കഥയല്ല, അത്ഭുതകരമായ വസ്തുതയാണ്.
ലോഹചരിത്രത്തിന്, ലോകചരിത്രത്തിലേക്ക് ഇന്ത്യയുടേതായ സംഭാവന വലുതെങ്കിലും വേണ്ടുംപോലെ അംഗീകാരം കിട്ടാതെപോയത് പൊതുവെ ചരിത്രരേഖകൾ ഉണ്ടാക്കിവെക്കുന്നതിൽ നമ്മുടെ പൂർവ്വികർ പരാങ്മുഖരായതാണ് എന്ന വസ്തുത നർമ്മയോഗത്തിനല്ല, കർമ്മയോഗത്തിനാണ് നിദർശനമാക്കുന്നത്.
ശാസ്ത്രീയപരീക്ഷണങ്ങളിൽ മരണത്തെ ധിക്കരിച്ച മാനുഷധീരതയുടെ ചരിത്രങ്ങൾ പലതും ഈ കൃതിയിൽ രേഖപ്പെട്ടിട്ടുണ്ട്. നർമ്മത്തിന്റെ കഥകളല്ല; നിർമ്മമതയുടെ ധീരതകൾ. മരണത്തെ നേർക്കുനേർ കണ്ട്, ഏഴുപേരെ രക്ഷിക്കാൻ സ്വയം ഹോമിച്ച ലൂയിസ് സ്ലോട്ടിൻ അവരോടു പറഞ്ഞു: ‘നിങ്ങൾ രക്ഷപ്പെടുക; എനിക്ക് ഒരു സാദ്ധ്യതയുമില്ല.’
ചരിത്രത്തിൽ ആദ്യമായി രണ്ടുതവണ നോബെൽ സമ്മാനം നേടിയ മേരി ക്യൂറിയുടെ കഥയും, മുപ്പതു തവണ നോബെൽ സമ്മാനത്തിനുള്ള നാമനിർദ്ദേശത്തിലുൾപ്പെട്ടിട്ടും അതു കിട്ടാതെ പോയ ലിസമൈറ്റ്നറുടെ കഥയും ശാസ്ത്രലോകത്തിലെ സ്ത്രീമുന്നേറ്റത്തിന്റെ വിമർശനങ്ങളാണ്. രണ്ടും വിപുലമായ തോതിൽ വിവരിച്ചിരിക്കുന്നതിൽ സ്ത്രീലോകത്തിന് സന്തുഷ്ടിക്കു വകയുണ്ട്. തനിക്കു കിട്ടേണ്ടത് സഹപ്രവർത്തകനു കിട്ടിയതിൽ ഒട്ടും ഈർഷ്യയില്ലാതെ സൗഹൃദം തുടർന്ന ലിസയുടെ സന്മനസ്സിനു കിട്ടിയ അംഗീകാരമായി, ഒരു മൂലകത്തിന് (മൈറ്റ്നേറിയം) അവരുടെ പേരിൽ പ്രതിഷ്ഠ കിട്ടിയത്. ‘സ്ത്രീശക്തി’ എന്ന ഒരദ്ധ്യായം തന്നെയുള്ളതിൽ, നോബെൽ പുരസ്കാരം നേടിയവർ പതിനൊന്നു മാത്രമാണെന്ന് കുറിച്ചിട്ടുള്ളത് സ്ത്രീകൾ ഒരു ഉദ്ബോധമായി പരിഗണിക്കണം.
Also Read:സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു
കെമിസ്ട്രി പഠിക്കുന്ന വിദ്യാർത്ഥികൾക്കോ അധ്യാപകർക്കോ മൂലകങ്ങളെ കുറിക്കാനുപയുക്തമാക്കുന്ന ശാബ്ദികപ്രതീകങ്ങൾ എങ്ങനെയുണ്ടായി എന്നതിൽ സമഗ്രജ്ഞാനമുണ്ടായിക്കൊള്ളണമെന്നില്ല. ആ ബിംബങ്ങളുടെ നിഷ്പത്തിയെക്കുറിച്ചുള്ള അറിവ് ചുരുങ്ങിയ തോതിൽ നിഘണ്ടുക്കളിൽനിന്നുണ്ടാക്കാമെങ്കിലും, പശ്ചാത്തലകഥകൾ മുഴുവൻ ആ ഉറവിടത്തിലും കാണില്ല. ഈ കൃതിയിൽ ജിജ്ഞാസുക്കളെ സംതൃപ്തമാക്കുന്ന വിവരങ്ങൾ കൊടുത്തിട്ടുണ്ട്; വിലയേറിയ മൂലകങ്ങൾ യുദ്ധഹേതുക്കളായിത്തീർന്ന കഥകൾ മാത്രമല്ല അവയോടു ബന്ധപ്പെട്ട ദുരന്തങ്ങളും. ക്രമാവർത്തനപ്പട്ടികയ്ക്കു കെട്ടുറപ്പു നൽകിയ ഹെൻറി മോസ്ലി ഒന്നാംലോകയുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിൽ വെടിയേറ്റു മരിച്ചവരിലൊരാളായിരുന്നു. 1916ലെ ഭൗതികശാസ്ത്രത്തിലെയോ രസതന്ത്രത്തിലെയോ നോബെൽ സമ്മാനത്തിന് അർഹനാകുമായിരുന്ന പ്രതിഭാശാലി, ഇരുപത്തെട്ടുവയസ്സ് തികയുംമുമ്പേ, യുദ്ധത്തിന്റെ അഗ്നിയിൽ ഹോമദ്രവ്യമെന്ന പോലെ ആഹൂതി ചെയ്യപ്പെട്ട ദുരന്തകഥയും ഉണ്ട്. എക്സ്–റേയുടെ സ്വഭാവത്തെക്കുറിച്ചുള്ള നിയമത്തിൽ രശ്മിയായി അദ്ദേഹത്തിന്റെ നാമം തിളങ്ങുന്നു.
യുക്തിബോധത്തിനും ബോധപൂർവ്വമായ വിചിന്തനത്തിനും പ്രാധാന്യം കൽപ്പിക്കുന്ന ശാസ്ത്രീയഭൗതികത (scientific materialism) പല കണ്ടുപിടുത്തങ്ങളും ഇച്ഛാശക്തിയുടെ ഉത്പന്നങ്ങളല്ല, യാദൃച്ഛികമായി സംഭവിക്കുന്നവയാണെന്ന വസ്തുതയെ ഏറെ ഗണിക്കാറില്ല. അതിനാൽ കണ്ടുപിടുത്തം സ്വപ്നത്തിലുണ്ടായ വെളിപാടാണെന്നൊരാൾ അവകാശപ്പെട്ടാൽ അതിനെ തള്ളിപ്പറയാനുള്ള പ്രവണതയുണ്ടാകുന്നതിലത്ഭുതമില്ല. താൻ ആവിഷ്കരിച്ച മൂലക–ക്രമീകരണപ്പട്ടിക സ്വപ്നത്തിൽ കണ്ടതാണെന്ന് മെൻഡെലീവ് വെളിപ്പെടുത്തിയപ്പോൾ, അതു നേരാവാനിടയില്ല. അവിടെ പലരുടെയും പ്രതികരണം. ‘വെളിപാട്’ എന്ന് പറയുന്നതിനു പകരം പ്രയത്നഫലം എന്നുപറയുന്നതാണ് മതിപ്പുണ്ടാക്കാനുതകുക എന്നിരിക്കെ, അങ്ങനെ പറയുന്നതല്ലേ നേര് ഉറയ്ക്കണമെന്ന നിർബ്ബന്ധമൊന്നുമില്ലാത്തവർ ചെയ്യുക? മനഃശാസ്ത്രജ്ഞരിൽ ചിലർ സ്വപ്നദർശനത്തിലെ ചില വസ്തുതകൾ പിന്നീട് സത്യമായിത്തീരുന്നതിന്റെ കഥകൾ പറയാറുണ്ട് (സി.ജെ. യുങ്ങും മറ്റും). അബോധമനസ്സിന്റെ ശക്തികൾ മുഴുവൻ ബോധമനസ്സിന് പിടികിട്ടിയിട്ടില്ലെന്നു വരാം. സോഷ്യൽ കോൺട്രാക്ട് രചിച്ച റൂസ്സോ അതിലെ ആശയങ്ങൾ ഇപ്രകാരം ‘വെളിപാട്’ ആയി കിട്ടിയവയാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
തെന്നിന്ത്യയിലെ വേലൂരിനും കേരളത്തിനും മൂലക–ജീവിതകഥകളിൽ ഇടംകിട്ടിയിട്ടുണ്ട്. ബെറിലിയം വേലൂരിനോടു ബന്ധപ്പെട്ടതാണെന്ന ഊഹം അടിസ്ഥാനരഹിതമാകാനിടയില്ല. മെറ്റതീസിസ് എന്ന, ഭാഷാശാസ്ത്രത്തിലെ വർണ്ണനിയമമനുസരിച്ച് സ്ഥാനമാറ്റം സംഭവിക്കാം (വാരാണസി–ബനാറസ് പോലെ). വേലൂരിൽനിന്ന് ബെറിലിയം പിറക്കാവുന്നതാണ്. കേരളത്തിലെ കടൽത്തീരത്തു സമൃദ്ധമായ കരിമണ്ണിൽ ഉള്ള ഇൽമനൈറ്റിന്റെ ‘ഉള്ളിൽ ഉള്ള’ െറ്റെറ്റേനിയം എന്ന മൂലകം നമ്മുടെ കൊച്ചുകേരളത്തിനും കേളിയുളവാക്കി.
അത്ഭുതപ്രപഞ്ചത്തിന്റെ അനന്തതയിലുള്ള ഗാലക്സികളിലെ നക്ഷത്രങ്ങളിൽ ഭൂതധാത്രിക്കജ്ഞാതമായ മൂലകങ്ങൾ ഉണ്ടാവാം. ഭൂമി പോലെയോ മറ്റു ഗ്രഹങ്ങൾ പോലെയോ അല്ലാത്തവയോ ആയ ഗ്രഹങ്ങൾ മറ്റു നക്ഷത്രങ്ങൾക്കുണ്ടാവുമെന്നതു പോലെ. നിസ്സാരനായ ഒരു കൊച്ചുനക്ഷത്രം മാത്രമാണല്ലോ നമ്മുടെ സവിതാവായ സൂര്യൻ. എണ്ണമറ്റ നക്ഷത്രങ്ങളിൽ ഒരേയൊരെണ്ണത്തിന്നു മാത്രമേ ഗ്രഹങ്ങളുണ്ടാവൂ എന്നോ അവയിലൊന്നിൽ മാത്രമേ, ‘ജീവൻ’ എന്ന പ്രതിഭാസം ഉണ്ടാവൂ എന്നോ സങ്കൽപ്പിക്കുന്നതിനെക്കാൾ സംഭവ്യത മറിച്ചുള്ളതിനാണ്. ‘അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി’ എന്ന് ഋഷിപ്രോക്തം– ശാസ്ത്രപുരോഗതിയിലൂടെ കണ്ടെത്താനാവാത്ത ഒന്നുമില്ല എന്ന മാനവാഹന്തയെ മാറാല പോലെ വിറപ്പിക്കുന്ന വചസ്സുകൾ. കൊച്ചുഭൂതങ്ങളെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന മായികപ്രപഞ്ചത്തിന്റെ വൈചിത്രവൈവിദ്ധ്യങ്ങൾ, ഒരു കുട്ടിച്ചാത്തന്റെ വികൃതികൾ പോലെ അണോരണീയസ്സായി, മഹതോമഹീയസ്സായ ബ്രഹ്മാണ്ഡത്തിന്നു മുന്നിൽ വിറകൊള്ളുന്ന അവസ്ഥ കൂടി മൂലക–ജീവിതകഥകളുടെ ആന്തരാർത്ഥമാണ്.
Content Highlights: Explores the unique life stories and biographies of various chemical elements., Bridges the gap between hard science, historical events, and ancient mythologies., Highlights the contributions of women in science, including Marie Curie and Lise Meitner., Examines the intersection of chemistry with literature, linguistics, and global wars.
Published: 18 Nov 2026, 01:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented