
പടിപടിയായി ആശാന്‍ എന്നായിരുന്നു ഞാനീ പംക്തിക്ക് ആദ്യം കണ്ട ശീര്‍ഷകം. ആശാനില്‍ ചവിട്ടിക്കയറാന്‍ മനസ്സ് വരാത്തതിനാല്‍, പടി തോറും നമസ്‌കരിക്കേണ്ട ഒരാളെ പടിതോറും ചവിട്ടാന്‍ ഞാനളല്ലാത്തതിനാല്‍, 'അടരടായ് ആശാന്‍' എന്നാക്കി. വീണപൂവ് തന്നെ ആശാന്റെ കാവ്യങ്ങളെല്ലാം എന്ന് അതിസ്ഥൂലമായും അല്ലെങ്കില്‍ അതിസൂക്ഷ്മമായും നിരീക്ഷിക്കാമെങ്കില്‍ അതാവുമുചിതമായ ശീര്‍ഷകം എന്നും തോന്നി. അടരടരായി വിടര്‍ത്തലാണ് എന്റെ വിമര്‍ശനപ്രക്രിയ എന്ന് പുതിയ ശീര്‍ഷകം വിനീതമായി അവകാശപ്പെടുന്നതും ഞാനപ്പോള്‍ കണ്ടു. മഹിതമായ ജീവിത മാതൃകയായി ആശാന്‍ കണ്ടത് 'സന്തതം മിഹിരനാത്മ ശോഭയും/ സ്വന്തമാം മധു കൊതിച്ച വണ്ടിനും ചന്തമാര്‍ന്നരുളിനില്‍ക്കു'ന്ന പൂവിനേയാണ് എന്നോര്‍ത്തപ്പോള്‍ അടരടരായാണ് ആശാന്റെ കാവ്യജീവിതത്തേയും വിലയിരുത്തേണ്ടതെന്ന തോന്നലും ഉറച്ചു. പടിപടിയായി കയറുന്ന ഘടനയേക്കാള്‍ അടരടരായി വിരിയുന്ന ഘടനയാണ് ആശാനോടുള്ള സമീപനത്തിലും നല്ലത്. ഇതളിതളായ് ആശാന്‍ എന്നാവാമായിരുന്നു, അടരിന് ഇതള്‍ എന്ന അര്‍ത്ഥം മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍. തലങ്ങള്‍ (dimension, level, layer) എന്ന മാനങ്ങള്‍ കൂടി അടരിനുണ്ടല്ലോ.

വെളിച്ചമുണ്ടാകട്ടെ എന്ന് ദൈവം പറഞ്ഞു. വെളിച്ചമുണ്ടായി. നന്ന് എന്ന് ദൈവം.
വെളിച്ചമുണ്ടായതിലല്ല, വാക്ക് വെളിച്ചമായി പരിവര്‍ത്തിച്ചതിലാണ് ദൈവം സന്തോഷിച്ചതെന്ന് ഞാന്‍ കരുതുന്നു. എനിക്ക് അതിനുള്ള പ്രമാണം, ആദിയില്‍ വചനമുണ്ടായി എന്ന ബൈബിള്‍ വചനമാണ്. അത് പ്രകാരം ദൈവത്തെ വചനം, പെറ്റതാണ്. കവിയെയെന്ന പോലെ മാതാവല്ലാ, മാതൃഭാഷ പെറ്റതാണ് ദൈവത്തേയും (the mother of the self hood ). വെളിച്ചമുണ്ടാകട്ടെ എന്ന് കല്‍പ്പിച്ചപ്പോള്‍ ദൈവം വചനത്തെ, തനിക്ക് ജന്മം നല്‍കിയതേതോ ആ വചനത്തെ, മാതൃഭാഷയെ, പരീക്ഷിച്ചതായിരുന്നു. സൂക്ഷ്മമായി പറഞ്ഞാല്‍ തന്റെ അസ്തിത്വത്തെ, ശക്തിയെ പരീക്ഷിച്ചതായിരുന്നു. വചനം പ്രവര്‍ത്തനക്ഷമമായതിന്റെ, തനിക്ക് വഴങ്ങിയതിന്റെ, സന്തോഷമായിരുന്നു ദൈവം പ്രകാശിപ്പിച്ചത്.
മനുഷ്യന്റെ മാതൃഭാഷയാവുന്നു കവിത. ദൈവത്തിന് ഏത് ഭാഷയിലുള്ള പ്രാര്‍ത്ഥനയും ഗ്രഹിക്കാനാവുന്നത് എല്ലാ ഭാഷകള്‍ക്കുമതീതമായ ഭാഷ വശമാണെന്നതിനാലാവാം. വിവര്‍ത്തനത്തിനതീതമാണ് കവിത എന്ന് പറയാമെങ്കില്‍ ദേവഭാഷയില്‍ നിന്ന് അഭിന്നമാണ് കാവ്യഭാഷ എന്നും വരാം.
ആദം സംസാരിച്ച ഭാഷ, ബാബേല്‍ തകര്‍ന്നപ്പോള്‍ ശിഥിലമായ ആദിമ ഭാഷ, കവിത തന്നെ എന്ന് ദാന്തേയുടെ പാരഡൈസ് ലോസ്റ്റിൽ( Inferno ) പറയുന്നു. കവിത നിര്‍വ്വിശേഷം ഡിലീറ്റ് ചെയ്തു കളഞ്ഞാല്‍ ദൈവത്തിന്റെ പരിവേഷം പൂര്‍ണമായി തിരോഭവിക്കും. വിഗ്രഹം കല്ലായി മാറും. ശില്‍പം ശിലയാവും. കവിതയില്ലെങ്കില്‍ ഭൂതലം, സ്വയമറിയാത്ത മാനോ മീനോ കഴിയുന്ന പോലെ മനുഷ്യരും കഴിയുന്ന ഒരിടമായി ചുരുങ്ങും. സൗന്ദര്യമില്ലാത്ത ഭൂമിയില്‍ മനുഷ്യരുടെ അതിജീവനം കേവലമായ അതിജീവനമായി, ശുഷ്‌ക്കമായിത്തീരും. കവിതയില്ലെങ്കില്‍ വൈഡൂര്യം വെറും കരിക്കട്ട. 'ഞാനില്ലയെങ്കില്‍ നീ വെറും കരിക്കട്ട', അയ്യപ്പപ്പണിക്കരുടെ രാധ കൃഷ്ണനോട് പറയുന്നു (ഗോപികാദണ്ഡകം). ഓരോ വര്‍ണനയും കാവ്യഭാഷയുടെ മഹിമയെക്കുറിച്ചുള്ള വര്‍ണനകള്‍ കൂടിയാണ് എന്ന് എഴുത്തച്ഛന്റെ രചനകള്‍ കാട്ടുന്നുണ്ടല്ലോ?
കുമാരനാശാനും വചനപ്രഘോഷണം നടത്തുന്നുണ്ട്. ദിവാകരന്‍ നളിനിയുടെ വ്യഞ്ജിതാശയമധുരമായ, ധ്വനിസാന്ദ്രമായ, ഗാനം കേട്ട് അതില്‍ മുഗ്ദനായി കുയിലിനെ നിരസിക്കുന്നു.' പാടിടേണ്ട കുയിലേ അനക്ഷരം'. ഒന്നിലധികം അര്‍ത്ഥമുള്ള, മാനമുള്ള, അക്ഷരബദ്ധമായ നളിനീ ഗാനം 'കുയിലേ ഏകമാനമായ, നിന്നെക്കൂടാതെ നിലനില്‍ക്കാത്ത നിന്റെ ഗാനത്തെ അസംഗതമാക്കിയിരിക്കുന്നു' എന്ന ആശയമാണ് ദിവാകരനിലൂടെ പ്രകാശിക്കുന്നത്.

'സന്തതം മിഹിരനാത്മശോഭയും / സ്വന്തമാം മധു കൊതിച്ച വണ്ടിനും / ചന്തമാര്‍ന്നരുളി നില്‍ക്കുമോമനേ / ഹന്ത ധന്യമിഹ നിന്റെ ജീവിതം'. താമരയുടെ ദൈവത്തിന്റെ പേര് വഹിക്കുന്ന ദിവാകരന്‍ ' (താമരയുടെ ആത്മശോഭയുടെ തേരാളി )' അത് അത് മാത്രമല്ലാത്ത' നളിനിയുടെ വചനത്തില്‍ പ്രസാദിക്കുകയാണ്. ആദിമമായ വചനം (പ്രീ ബാബേലിയന്‍ ഭാഷ) സകല സാദ്ധ്യതകളോടെയും വീണ്ടെടുക്കപ്പെടുന്നത് കവിതയിലാണ്. അത് സംഭവിപ്പിച്ചിരുന്ന ഭാഷയായിരുന്നു. വെളിച്ചമുണ്ടാവട്ടെ എന്ന് കല്‍പ്പിച്ചാല്‍ വെളിച്ചമായി പരിണമിക്കുന്ന ഭാഷയായിരുന്നു. ബൈബിള്‍ പറയുന്ന വചനം.
അതിലാവുന്നു കവിത എഴുതപ്പെടുന്നത്. വചനം തിരോഭവിച്ചുവെങ്കിലും കവിതയിലത് നിലനിര്‍ത്തപ്പെടുന്നു. ഗദ്യത്തെ 'ഗതി' കേടില്‍ നിന്ന് വീണ്ടെടുക്കുകയാണ് കവിത.
വിവര്‍ത്തനം ചെയ്യുമ്പോള്‍ നഷ്ടപ്പടുന്നതാണ് കവിത എന്ന വാദഗതി ചെന്നുചേരുന്നതും ഈ തകര്‍ന്ന ബാബേലിന്റെ പരിസരത്തിലാണ്. പുനര്‍യോജിപ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ പില്‍ക്കാലത്ത് ഭിന്നിച്ചു പോയ, ഒരിക്കലൊന്നായിരുന്ന ആ ഭാഷ കവിതയില്‍ നിലനില്‍ക്കുന്നു. വിവര്‍ത്തനപൂര്‍വ്വമായ ഭാഷയാണ് കവിതയെന്നാണ് വിവര്‍ത്തന സാദ്ധ്യമല്ലാത്ത ഭാഷയാണ് കവിത എന്നതിലെ സൂചന. ഗദ്യത്തില്‍ ഏക സൂചകവും ഏകസൂചിതവുമാണുള്ളതെങ്കില്‍ (single signifier and single signified) കവിത ദ്വിമാനമോ ത്രിമാനമോ അനേകമാനമോ ആണ്. എക്‌സെസ്സീവ് സിഗ്‌നിഫയര്‍ ആണ് കവിത. പ്രവൃത്തിയും ഫലവും രണ്ടല്ലാതിരുന്ന പ്രീ ബാബേലിയന്‍ ഭാഷ കവിതയില്‍ തുടരുന്നുവെന്നും ഏകമാനമായി പരിണമിച്ച ഭാഷയില്‍ നിന്നുണ്ടാക്കിയെടുത്തതെങ്കിലും അത് അതിനെ അതിവര്‍ത്തിക്കുകയാലാണ് വിവര്‍ത്തനക്ഷമമല്ലാത്ത ഭാഷ എന്ന് നാം പറയുന്നതെന്നും വരാം.
'വിട്ടയക്കുക കൂട്ടില്‍ നിന്നെന്നെ, ഞാനൊട്ടുവാനില്‍ പറന്നു നടക്കട്ടെ' എന്ന ബാലാമണിയമ്മയുടെ വരികള്‍ മകള്‍ ഉരുവിട്ട് പഠിക്കുമ്പോള്‍ പിന്നില്‍ നിന്നിരുന്ന അക്കിത്തം ധാരധാരയായി കണ്ണീരൊഴുക്കുന്നു. താനും നിത്യബന്ധിതനല്ലേ, തന്നെ കെട്ടിയിരിക്കുന്ന കയറുകളേയും സ്പര്‍ശിക്കുകയല്ലേ ആ വരികള്‍?' അദൃശ്യമായ കരങ്ങള്‍ കൊണ്ടത് തൊടുന്നത്, തൊട്ടാല്‍ കരഞ്ഞു പോവുന്ന ഏതെല്ലാമോ മുറിവുകളില്‍. ' കരുതുവതിഹചെയ്യ വയ്യ, ചെയ്യാന്‍ വരുതി ലഭിച്ചതില്‍നിന്നിടാ വിചാരം, പരമഹിതമറിഞ്ഞു കൂടയാ, യുസ്ഥിരതയുമില്ലതിനിന്ദ്യമീ നരത്വം 'എന്ന് ആശാനിലും ചെന്ന് മുട്ടിയിരിക്കണം അതിന്റെ വിവക്ഷകള്‍. വിവക്ഷിതങ്ങളുടെ സമൃദ്ധി നോക്കിയാണ് കവിതയുടെ ഗുണപരിണാമ പരീക്ഷകനായ കാലം വിധിയെഴുതുന്നത്. അതിലത്രേ, അതിനത്രേ ആശാന്‍ ആശാന്‍.

ഒരു മീനമാസം. കഠിനമായ വെയില്‍. ഭിക്ഷുവായ ബുദ്ധന്‍ പൊരിവെയിലത്ത് വിയര്‍ത്തുകുളിച്ച് വരുകയാണ്. ക്ഷീണിതനായ ബുദ്ധനെക്കണ്ട് മനസ്സലിഞ്ഞ മുപ്പത്തിമൂന്ന് ദേവകളും മുപ്പത്തിമൂന്ന് കുടകള്‍ കൊടുത്തയക്കുന്നു. ആരെയും നിരാശരാക്കാന്‍ മനസ്സുവരാത്ത ബുദ്ധന്‍ മുപ്പത്തിമൂന്നു ബുദ്ധന്മാരായി മാറി മുപ്പത്തിമൂന്നു ദേവകളുടെ കുടകളുംവാങ്ങുന്നു. ഓരോ ദേവനും കൃതാര്‍ത്ഥനാവുന്നു. അവരുടെ അനുഗ്രഹത്താലോ കീഴെ ഇരിക്കുന്ന ബുദ്ധനോടുള്ള വൃക്ഷത്തിന്റെ കാരുണ്യത്താലോ, ആദരത്താലോ, ബുദ്ധന്‍ തണലിലിരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രാര്‍ത്ഥന തീരുന്നതുവരെ തണലിന്റെ ദിശ മാറുന്നില്ല, മറ്റെല്ലാ മരങ്ങളുടെ തണലിന്റെയും ദിശമാറിയിട്ടും. ബുദ്ധന്റെ മാര്‍ഗ്ഗം 'സമ്യക് വാക്കാ'യ കാവ്യകലയും അവലംബിക്കുന്നു. നിങ്ങള്‍ കൊടുക്കുന്ന കുടയ്ക്കനുരൂപമായ, തക്ക രൂപം സ്വീകരിക്കുന്നു കവിതയും.
നിങ്ങളിലുള്ളതിന് (നിങ്ങള്‍ കൊടുത്തതിന്) അനുരൂപമായത് നിങ്ങള്‍ക്ക് കിട്ടുന്നു. നിങ്ങളുടെ പ്രാപ്തിയോളം വളരുന്നു കവിത. കൊടുക്കല്‍ തന്നെ എടുക്കലായി മാറുന്നു. ചണ്ഡാലഭിക്ഷുകിയില്‍ അതിങ്ങനെ ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നു. 'പുണ്യ ശാലിനീ നീ പകര്‍ന്നീടുമീ/ തണ്ണീര്‍ തന്നുടെ ഓരോരോ തുള്ളിയും,/ അന്തമറ്റ സുകൃത ഹാരങ്ങള്‍ നി/ന്നന്തരാത്മാവിലര്‍പ്പിക്കുന്നു ണ്ടാവാം'. ഗെയ്‌ഥേ സ്പിനോസയെ വായിച്ച് അത്ഭുതപ്പെടുന്നതോര്‍ക്കുക. ഞാന്‍ എടുത്തുവോ അതോ കൊടുത്തുവോ? നിങ്ങള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ എഴുതുകയാണെന്ന അനുഭവം ആശാന്‍ തരുന്നു. അത്രമേല്‍ സര്‍ഗാത്മകമായ വായനകളാണവ സാധിക്കുന്നത്. ആശാന്‍ കുട ചൂടുമ്പോള്‍ ആശാന്റെ കുടയുടെ കീഴിലല്ല നമ്മളോരോരുത്തരുടേയും കുടക്കീഴില്‍ നമ്മള്‍.
നമ്മളോരോരുത്തരും അവരവരുടെ ഭാവുകത്വത്തിന്റെ വ്യാപ്തി അറിയുന്നു ആശാനില്‍. ധ്യാനസ്ഥനായ ആശാന്‍ എണീറ്റ് പോയെങ്കിലും സൂര്യന്‍ എതിര്‍ ദിശയിലായെങ്കിലും തണല്‍ നീങ്ങിയില്ല.
Content Highlights: Kalpatta Narayanan, Adaradarayi Asan, Kumaranasan, Akkitham, Balamaniyamma, malayalam literature
Published: 10 Jan 2024, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented