2002 ജൂണ്‍ മാസമാണ് ഞാന്‍ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ചെന്ന് പത്തനംതിട്ട യൂണിറ്റിന്റെ ഡിവൈഎസ്പിയായി ചാര്‍ജെടുക്കുന്നത്. അന്വേഷണത്തിനായി ഏല്‍പിച്ചുതന്ന ഫയലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഫയല്‍ ശോഭ എന്ന സ്ത്രീ കൊല്ലപ്പെട്ട ഒരു കേസായിരുന്നു. 1993 മെയ് മാസം 10-ാം തീയതി നടന്ന ഈ കേസിന്റെ ഫയല്‍ 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്റെ കൈയിലെത്തുന്നത്. കേസ് ഫയല്‍ ഒരു പ്രാവശ്യം വായിച്ചെടുക്കാന്‍ തന്നെ ഒരാഴ്ചയോളം വേണ്ടിവന്നു. ഫയല്‍ മുഴുവന്‍ വായിച്ചുകഴിഞ്ഞതോടെ ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. എവിടെ തുടങ്ങണമെന്നറിയാതെ ഓരോ സാധ്യതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. 

To advertise here,

ശോഭ കൊല്ലപ്പെട്ട വീട് കണ്ടുപിടിക്കുക എന്നതായിരുന്നു ഞാന്‍ ആദ്യം ചെയ്തത്. എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ അയല്‍വാസികളോട് ശോഭയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരക്കി. നാട്ടുകാര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ശോഭയുടെ കൊലപാതകത്തെക്കുറിച്ചുള്ള സത്യാവസ്ഥകള്‍ നാട്ടുകാര്‍ക്കറിയാം. പക്ഷെ പോലീസിന് മാത്രമാണ് ഒന്നും അറിയാത്തതെന്ന് അവര്‍ പറഞ്ഞു. ശോഭയുടെ ഭര്‍ത്താവ് വിജയന്‍ പോലീസിനോട് പറഞ്ഞതുപ്രകാരം സംഭവം നടക്കുമ്പോള്‍ അവന്‍ തയ്യല്‍ക്കടയിലും അവന്റെ അമ്മ ക്ഷേത്രത്തിലുമായിരുന്നു. പകല്‍സമയത്ത് അക്രമികള്‍ വീടിനകത്ത് അതിക്രമിച്ചുകയറി ശോഭയുടെ കഴുത്തുഞെരിച്ച് കൊന്നശേഷം പത്തു പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു എന്നാണ്. ശോഭ വീടിനകത്ത് കൊല്ലപ്പെട്ട് കിടക്കുന്നത് നാട്ടുകാരനായ ബിജു ജോര്‍ജ് കണ്ടിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷിവിവരണം ബിജു പോലീസിന് നല്‍കിയതുമാണ്. 

ഓപ്പൺ ഫയലിന്റെ മുൻലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക്

 വിജയന്‍ കുടുംബവുമൊത്ത് താമസിച്ചിരുന്ന ഇരുപത് സെന്റ് സ്ഥലവും വീടും ശോഭയുടെ ദുരൂഹമരണത്തിനുശേഷം വില്‍പന നടത്തിയെന്നും വിറ്റുകിട്ടിയ പണത്തിന്റെ സിംഹഭാഗവും  കുടുംബവും പോലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ വളരെ ഗോപ്യമായി വിജയനില്‍ നിന്നും വാങ്ങിച്ചെടുത്തിട്ടുണ്ടെന്നും കൂടി നാടുകാര്‍ എന്നോട് പറഞ്ഞു. ഇതെല്ലാം കേട്ട് തല മരവിച്ച ഞാന്‍ ശാസ്ത്രീയമായ പരിശോധന ഫലങ്ങള്‍ എന്തൊക്കെയാണെന്ന് ആദ്യം മനസ്സിലാക്കണം എന്ന തീരുമാനത്തിലാണ് എത്തിയത്. ഈ കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ത്തന്നെ സംശയത്തിന്റെ നിഴലിലായിരുന്ന വിജയനെ 2001 മാര്‍ച്ച് മാസത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ ബെംഗളൂരു മഡിവാളയിലുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ കൊണ്ടുപോയി പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു. 2001 മാര്‍ച്ച് മാസം 2-ാം തീയതി ബെംഗളൂരു എഫ്.എസ്.എല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ എസ്. മാലിനി നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിജയന് പ്രതികൂലമായിരുന്നു. ശോഭയുടെ കൊലപാതകം നടന്നത് എങ്ങനെയാണെന്നുള്ള ചോദ്യത്തിനും അതിനോട് അനുബന്ധിച്ചുള്ള പ്രസക്തമായ ചോദ്യങ്ങള്‍ക്കും വിജയന്‍ നല്‍കിയിട്ടുള്ള മറുപടികള്‍ എല്ലാം കളവാണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുള്ളതായി ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. കുറച്ചുകൂടി വിശദീകരിച്ച് പറയുകയാണെങ്കില്‍ അത് ഇപ്രകാരമാണ്- ശോഭ കൊല്ലപ്പെടുന്നത് താന്‍ കണ്ടിട്ടില്ലെന്നും താന്‍ തയ്യല്‍ക്കടയില്‍ പോയിരുന്നപ്പോഴാണ്  ശോഭ കൊല്ലപ്പെട്ടതെന്നുള്ള മൊഴിയാണ് വിജയന്‍ പോലീസ് ഉദ്യോഗസ്ഥരോടും പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയപ്പോള്‍ ഡോക്ടര്‍ മാലിനിയോടും പറഞ്ഞതെങ്കിലും ആ മൊഴി പച്ചക്കള്ളമാണെന്ന് പോളിഗ്രാഫിന്റെ കീമോഗ്രാഫില്‍ വ്യക്തമായിട്ടുള്ളതായിട്ടാണ് ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു വ്യക്തി ഒരു സംഭവം കണ്ടാല്‍ ആ സംഭവത്തിന്റെ വിശദാംശങ്ങളും വിവരങ്ങളും മനുഷ്യമസ്തിഷ്‌കം ഒപ്പിയെടുക്കുകയും നമ്മുടെ മസ്തിഷ്‌കത്തിന് പ്രായാധിക്യം കൊണ്ടോ അപകടങ്ങള്‍ മൂലമോ ഉള്ള കേടുപാടുകള്‍ ഇല്ലാത്തിടത്തോളം കാലം ആ സംഭവത്തിന്റെ വിശദാംശങ്ങള്‍ മസ്തിഷ്‌കത്തില്‍ തന്നെ സ്റ്റോര്‍ ചെയ്യപ്പെടുകയും എപ്പോള്‍ വേണമെങ്കിലും ഒരു പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയാല്‍ യാഥാര്‍ഥ്യം കണ്ടെത്താനാവും എന്ന വസ്തുത നാം ഒരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. 2001-ല്‍ നടത്തിയ പോളിഗ്രാഫ് ടെസ്റ്റിനെ മാത്രം ആശ്രയിക്കാതെ അതിനുശേഷം പുതിയതായി നിലവില്‍ വന്ന ഇ.ഇ.ജി & പി 300 എന്ന പരിശോധനയ്ക്ക് വിജയനെ വിധേയനാക്കുന്നതിനെക്കുറിച്ച്  ഞാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തി. പിന്നീട് 2002 സെപ്തംബര്‍ മാസത്തില്‍ വിജയനെ പോലീസ് ഉദ്യോഗസ്ഥരുടെ കൂടെ ബെംഗളൂരു  മഡിവാളയിലുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടിയിലേക്ക് എന്റെ റിപ്പോര്‍ട്ട് സഹിതം അയച്ചു. ഡോക്ടര്‍ എസ്. മാലിനി വിജയനെ ഇ.ഇ.ജി & പി 300 പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയുടെ റിപ്പോര്‍ട്ട് 29.09.2002 തീയതി  ഒപ്പു സഹിതം എനിക്ക് അയച്ചുതന്നു. ബെംഗളൂരു എഫ്.എസ്.എല്‍ നിന്നും അയച്ചു കിട്ടിയ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നു- ''വിജയന് കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ അറിയാം.'' 

 ഈ കൊലപാതകം നടന്ന ദിവസം മുതല്‍ ഞാന്‍ ഈ കേസന്വേഷണം ഏറ്റെടുക്കുന്നത് വരെ ശുദ്ധകളവായിരുന്നു വിജയന്‍ പറഞ്ഞിരുന്നതെന്നും ഈ കേസിന്റെ ആദ്യകാലത്ത് അന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥര്‍ വെറുതെ നാടകം കളിക്കുകയായിരുന്നുവെന്ന് എനിക്ക് ബോധ്യമാവാന്‍ അധികം തെളിവുകള്‍ വേണ്ടിവന്നില്ല. തുടര്‍ന്നുള്ള എന്റെ നീക്കം സംഭവം കണ്ടതായി പറയപ്പെടുന്ന ബിജു എന്നയാളെ കണ്ടുപിടിച്ച് ചോദ്യം ചെയ്യുക എന്നതായിരുന്നു. ഞാന്‍ ബിജു ജോര്‍ജ്ജിനെ കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയപ്പോള്‍ അയാളുടെ ജ്യേഷ്ഠന്‍ ബിജുവിനെ താങ്ങിപ്പിടിച്ചുകൊണ്ടാണ് കൊണ്ടുവന്നത്. ഞാന്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും ഇരിപ്പിടം നല്‍കിയശേഷം സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജു പറഞ്ഞത് ഇപ്രകാരമായിരുന്നു- '' 1993 മെയ് മാസം 13-ാം തീയതി ഞാന്‍ വിജയന്റെ വീട്ടില്‍ പണിക്ക് പോയിരുന്നു. ഞാന്‍ മുന്‍വശമുറ്റത്ത് നിന്ന് വിളിച്ചിട്ട് ആരും വിളി കേള്‍ക്കാതിരുന്നത് കൊണ്ട് കോളിങ് ബെല്‍ അടിച്ചുനോക്കി. എന്നിട്ടും ആരും വിളി കേള്‍ക്കാതിരുന്നത് കൊണ്ടും ഞാന്‍ പതിവായി വിജയന്റെ വീട്ടിലെ തൊടിയില്‍ പണിക്ക് വരാറുള്ളയാളായത് കൊണ്ടും വീടിന്റെ അടുക്കളഭാഗത്തേക്ക് ചെന്നു. വിജയന്റെ അമ്മ പറമ്പില്‍ ഉണ്ടാവും എന്ന് വിചാരിച്ചാണ് ഞാന്‍ അവിടേയ്ക്ക് ചെന്നത്. ഞാന്‍ നോക്കിയപ്പോള്‍ ശോഭ അടുക്കളയില്‍ കിടക്കുന്നതാണ് കണ്ടത്. പിടലിക്ക് ഒരു കറുത്ത തുണി കിടക്കുന്നുണ്ടായിരുന്നു. വിജയന്‍ അടുക്കളയില്‍ നിന്നും മുറിയ്ക്കകത്തേയ്ക്ക്  കയറിപ്പോകുന്നത് കണ്ടു. പുറത്ത് ഇക്കാര്യം മിണ്ടിപ്പോകരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എനിക്ക് 25000/- രൂപ മുടക്കി ഓട്ടോറിക്ഷ വാങ്ങിത്തരാം എന്ന് പറഞ്ഞു. ഞാന്‍ അതൊടെ അവിടെ നിന്നും ഇറങ്ങി അടുത്ത വീട്ടില്‍ പണിക്ക് പോയി. അന്ന് ഉച്ചസമയത്ത് പോലീസ് ഡോഗ് വിജയന്റെ വീട്ടില്‍ നിന്നും നേരെ വിജയന്റെ കടയിലേക്കാണ് കയറിയത്. അവന്റെ അമ്മ ക്ഷേത്രത്തില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ എന്നെ സംശയം ഉണ്ടെന്ന് പോലീസുകാരോട് പറഞ്ഞുകൊടുത്തു. ശനിയാഴ്ച രാത്രി തിരുവല്ല പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ എന്നെ പിടിച്ചുകൊണ്ടുപോയി പോലീസ് സ്റ്റേഷനിലിട്ട് കണ്ടമാനം ഉപദ്രവിച്ചു. പിറ്റേ ദിവസം ഞായറാഴ്ച രാവിലെ പോലീസുകാര്‍ എന്റെ രണ്ടുകൈകളും പൊക്കിപിടിച്ച് അതിനിടയിലും കഴുത്തിന് ഇടയിലും കൂടി വടി കടത്തിയിട്ട് വെച്ചുകെട്ടി എന്നെ നിര്‍ത്തിക്കൊണ്ട് അടിച്ചു. ശോഭയുടെ കമ്മലും മാലയും ഞാന്‍ എടുത്തു എന്ന് പറഞ്ഞുകൊണ്ടാണ് എന്നെ ഉപദ്രവിച്ചത്. തലയിലൂടെ മുണ്ടിട്ട് മൂടി പിറകുവശത്ത് ലാത്തികൊണ്ട് അടിച്ചു. ഞാന്‍ ബോധം കെട്ട് താഴെ വീണു. ശോഭ നിലത്ത് വീണുകിടക്കുമ്പോള്‍ നീലനൈറ്റിയാണ് ധരിച്ചിരുന്നത്.'' 

പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാനുള്ള വാട്​സാപ്പ് ഗ്രൂപ്പിൽ ചേരുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ബിജു ജോര്‍ജ്ജാണ് ഈ കേസ് കോടതിയില്‍ സംശയാസ്പദമായി തെളിയിക്കാനാവുന്ന പ്രധാനപ്പെട്ട സാക്ഷി എന്ന് അയാളുടെ മൊഴിയില്‍ നിന്നും മനസ്സിലായി. ബിജുവിന്റെ മൊഴി ക്രിമിനല്‍ നടപടി നിയമം 164-ാം വകുപ്പുപ്രകാരം രേഖപ്പെടുത്തുന്നതിനായി പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് അപേക്ഷ സമര്‍പ്പിക്കുകയും മജിസ്‌ട്രേറ്റ് 2002 സെപ്റ്റംബർ 18നുള്ള ബിജുവിന്റെ മൊഴി 164-ാം വകുപ്പുപ്രകാരം രേഖപ്പെടുത്തുകയും ചെയ്തു. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും മൊഴിയുടെ കോപ്പി ലഭിച്ചശേഷം ഞാന്‍ വിജയനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. എന്റെ മേലുദ്യോഗസ്ഥനായ പോലീസ് സൂപ്രണ്ടിന്റെ മുറിയില്‍ കയറിച്ചെന്ന് ഞാന്‍ അദ്ദേഹത്തോട് ശോഭയുടെ കേസിലെ പ്രതി വിജയനെ അറസ്റ്റ് ചെയ്യുവന്‍ പോകുന്ന കാര്യം പറഞ്ഞു. മൂന്ന് ഡിവൈഎസ്പിമാര്‍ തുടരെത്തുടരെ അന്വേഷിച്ചിട്ട് യാതൊരു തെളിവും ഇല്ലാതിരിക്കുന്ന ആ കേസില്‍ നിങ്ങള്‍ എങ്ങിനെയാണ് വിജയനെ അറസ്റ്റ് ചെയ്യാന്‍ പോകുന്നതെന്ന് എന്നായിരുന്നു അദ്ദേഹം തിരിച്ചുചോദിച്ചത്. ക്രിമിനല്‍ നടപടി നിയമം 164-ാം വകുപ്പുപ്രകാരം രേഖപ്പെടുത്തിയിരുന്ന മൊഴിയുടെ കോപ്പി സൂപ്രണ്ടിനു കൊടുത്തു. സാര്‍ ഇത് വായിച്ച് നോക്കിയിട്ട് വിജയന്റെ പേരില്‍ ഈ തെളിവ് പോരേയെന്ന് ആലോചിച്ചുനോക്കൂ എന്ന്  പറഞ്ഞുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നും ഇറങ്ങി. 

സഹായത്തിനുള്ള പോലീസ് ഉദ്യോഗസ്ഥരേയും കൂട്ടി വിജയന്‍ താമസിക്കുന്ന പുതിയ വീട്ടിനടുത്ത് വെച്ച് അറസ്റ്റ് ചെയ്തു. ഈ സമയം അധികം പ്രായമില്ലാത്ത വെളുത്ത നിറമുള്ള ഒരു സ്ത്രീ ഒരു കുട്ടിയെ എടുത്തുകൊണ്ടും മറ്റൊരു കുട്ടിയെ കൈപിടിച്ചുകൊണ്ടും ഞങ്ങളുടെ അടുത്തേക്ക് വന്നു. ഇതാരാണെന്ന് വിജയനോട് ചോദിച്ചപ്പോള്‍ അയാള്‍ പറയുകയാണ് ഇത് നാലാമത്തെ ഭാര്യയും കുട്ടികളും ആണെന്ന്! വിജയനെ ശോഭയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയാണെന്ന് പെണ്‍കുട്ടിയെ അറിയിച്ചു. അച്ഛനെയോ അമ്മയേയോ വിവരം അറിയിച്ച് അവരുടെ കൂടെപോയി തല്‍ക്കാലം താമസിക്കുവാന്‍ നോക്കിക്കോളൂ എന്ന ഉപദേശം അവള്‍ക്ക് കൊടുത്ത് ശേഷം വിജയനെയും കൊണ്ട് കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് തിരിച്ചു. 

ഒരു കൊലപാതകം ചെയ്തിട്ട്  ഒമ്പത് കൊല്ലത്തോളം എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ട് കഴിഞ്ഞുകൂടിയ ഈ വിരുതനെ ചോദ്യംചെയ്യുവാനുള്ള തയ്യാറെടുപ്പുകള്‍ ഞാന്‍ മുന്‍കൂട്ടി നടത്തിയിരുന്നു. വിശ്വസ്തരായ രണ്ടു പോലീസുകാരെയും ഏര്‍പ്പാടും ചെയ്തിരുന്നു. വിജയന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയതില്‍ നിന്നും ശോഭയെ കൊലപ്പെടുത്താന്‍ ഉണ്ടായ കാരണങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചു. വിജയന്‍ ആദ്യം ഒരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധം നിലനില്‍ക്കേ തന്നെ വിജയന്‍ നടത്തിയിരുന്ന തയ്യല്‍ക്കടയിലെ ഒരു പെണ്‍കുട്ടിയെ രജിസ്റ്റര്‍ വിവാഹം ചെയ്യുകയും ആ സ്ത്രീയുമായി ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു. ഈ വിവരം മനസ്സിലാക്കിയ ആദ്യഭാര്യ തന്റെ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോവുകയും വിജയനുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു. ഇതിനിടയില്‍ വിജയന്‍ മുംബൈയിലുള്ള ബന്ധുക്കളുടെ വീട്ടില്‍ പോയപ്പോള്‍ ബന്ധുവായ ശോഭയെ കാണാന്‍ ഇടയാവുകയും നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ശോഭയുടെ അച്ഛനോട് അവള്‍ക്കായി വിവാഹാലോചന നടത്തുകയും അയാള്‍ സമ്മതം മൂളുകയും ചെയ്തു. വിവാഹം കഴിഞ്ഞ് വിജയന്റെ വീട്ടിലെത്തിയ ശോഭ ആദ്യകാലങ്ങളില്‍ വളരെ സന്തോഷത്തിലായിരുന്നു. ഭര്‍ത്താവ് വിജയനും അമ്മയും ശോഭയും മാത്രം അടങ്ങിയ ചെറിയ കുടുംബം. വിജയന്‍ രാവിലെ താന്‍ നടത്തുന്ന തയ്യല്‍ക്കടയില്‍ പോവുകയും ജോലികള്‍ എടുക്കുകയും ചെയ്തുവന്നിരുന്നു. 

തയ്യല്‍കടയില്‍ വിജയന്‍ രജിസ്റ്റര്‍ വിവാഹം ചെയ്ത സ്ത്രീയെക്കൂടാതെ മൂന്ന് സ്ത്രീകളും ഗോപി എന്നയാളും ജോലി ചെയ്യുന്നുണ്ടായിരുന്നു. വിജയന്‍ ശോഭയെ വിവാഹം ചെയ്ത കാര്യം പറഞ്ഞ് തയ്യല്‍ക്കടയിലെ ഭാര്യയെ മറ്റുള്ളവര്‍ കളിയാക്കാന്‍ തുടങ്ങി. പോരാത്തതിന് തയ്യല്‍ക്കടയിലെ ഭാര്യയ്ക്ക് വിജയന്‍ വാങ്ങിക്കൊടുത്തിരുന്ന തയ്യല്‍മെഷീന്‍ അയാള്‍ ശോഭയ്ക്കായി വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. ശോഭ കൊല്ലപ്പെട്ടതിന്റെ തലേദിവസം രജിസ്റ്റര്‍ വിവാഹം ചെയ്ത സ്ത്രീ ശോഭയെ ഫോണില്‍ വിളിച്ചു: ''ഞാനാണ് വിജയന്റെ ഭാര്യ. നീ എവിടെ നിന്ന് വന്നു. ഞാന്‍ വിജയനെ രജിസ്റ്റര്‍ വിവാഹം ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.'' ഇതുംകേട്ടതോടെ ശോഭ വളരെയധികം നിരാശയിലായി. വിജയനോട് സംസാരിക്കാനോ, ഇടപഴകുവാനോ ഒന്നും പോയില്ല. പിറ്റേദിവസം അമ്മ ക്ഷേത്രത്തില്‍ പോയപ്പോള്‍ ശോഭയും വിജയനും തയ്യല്‍ക്കടയിലെ ഭാര്യയെച്ചൊല്ലി വഴക്കായി. അതിനിടയില്‍ വിജയന്‍ തന്റെ കറുത്ത തോര്‍ത്ത് കൊണ്ട് ശോഭയുടെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി. ഈ സംഭവം നടക്കുമ്പോഴാണ് ബിജു ജോര്‍ജ്ജ് പറമ്പിലെ പണിക്ക് വരുന്നതും അടുക്കളഭാഗത്തെത്തുന്നതും. ശോഭ മരിച്ചുകിടക്കുന്നതും കറുത്തതുണി ശോഭയുടെ കഴുത്തില്‍ കിടക്കുന്നതും ബിജു ജോര്‍ജ് നേരിട്ട് കണ്ടതാണ്. 

മോഷ്ടിക്കപ്പെട്ടു എന്നു പറയപ്പെടുന്ന ശോഭയുടെ സ്വര്‍ണാഭരണങ്ങളെപ്പറ്റിയും ഞങ്ങള്‍ വിജയനോട് ചോദിച്ചു. സ്വര്‍ണാഭരണങ്ങള്‍ കറ്റോട് സ്റ്റേറ്റ് ബാങ്കില്‍ കൊണ്ടുപോയി പണയം വെച്ചിട്ടുണ്ടെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അയാളേയും കൂട്ടി കറ്റോട് സ്റ്റേറ്റ് ബാങ്കില്‍ ചെന്നപ്പോള്‍ വിജയന്‍ കള്ളപ്പേരും, കള്ളഅഡ്രസ്സും നല്‍കിയാണ് സ്വര്‍ണം പണയം വെച്ചതെന്ന് വ്യക്തമായി. അതുകൊണ്ട് തന്നെ സ്വര്‍ണാഭരണങ്ങള്‍ ലേലം ചെയ്തുപോയിരുന്നു. പക്ഷെ ബാങ്കിന്റെ രജിസ്റ്ററിന് മുകളില്‍ വിജയന്റെ വിരലടയാളം പതിച്ചിരുന്നു. ആ രജിസ്റ്ററുകള്‍ കേസിന്റെ വിലപ്പെട്ട തെളിവുകള്‍ ആയതിനാല്‍ അവ സീഷര്‍ മഹസ്സര്‍ തയ്യാറാക്കി ബന്തവസ്സിലെടുക്കുകയും സ്വര്‍ണാഭരണങ്ങള്‍ ലേലം വിളിച്ചെടുത്ത ജ്വല്ലറി ഉടമയേയും ശോഭയുടെ ആഭരണങ്ങള്‍ പണി തീര്‍ത്ത് കൊടുത്ത സ്വര്‍ണപ്പണിക്കാരനെയും കണ്ടെത്തി ഈ കേസില്‍ സാക്ഷികളാക്കുകയും ചെയ്തു. പിന്നീട് വിജയനേയും കൂട്ടി തിരിച്ച് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി വിശദമായ റിമാൻഡ്  റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ ഹാജരാക്കി. കോടതി വിജയനെ റിമാൻഡ് ചെയ്തു. പിറ്റേ ദിവസം പത്ര വാര്‍ത്തകളില്‍ വിജയനെ അറസ്റ്റ് ചെയ്ത വിവരം വളരെ പ്രധാന്യത്തോടുകൂടി പ്രസിദ്ധീകരിച്ചിരുന്നു. പ്രതി വിജയന്റെ പേരില്‍ എന്റെ പിന്‍ഗാമിയായ ഉദ്യോഗസ്ഥന്‍ കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ കാലഘട്ടത്തില്‍ ഞാന്‍ തിരുവനന്തപുരത്ത് പോലീസ് സൂപ്രണ്ടായി സേവനം ചെയ്യുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ട കോടതിയില്‍ എത്തി കേസില്‍ ഹാജരായി മൊഴി നല്‍കി.

പത്തനംതിട്ട സെഷന്‍സ് കോടതിയിലെ പ്രോസിക്യൂഷന്‍ നടത്തിപ്പിന്റെ പോരായ്മ മൂലം വിജയന്റെ കേസ് സെഷന്‍ കോടതി അക്വിറ്റ് ചെയ്യുകയാണുണ്ടായത്. ഇതിനിടയില്‍ 2004 ജൂലായ് മാസത്തില്‍ ഞാന്‍ തിരുവനന്തപുരം ലോകായുക്തയില്‍ നിന്നും പോലീസ് സൂപ്രണ്ടായി വിരമിച്ചശേഷം ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോൾ  ചെയ്തിരുന്നു. വിജയന്റെ കേസ് ഹൈക്കോടതിയില്‍ അപ്പീല്‍ പരിഗണനയ്ക്ക് വന്നപ്പോള്‍ എന്റെ മൊബൈല്‍ നമ്പര്‍ തേടിപ്പിടിച്ച് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്നെ ഫോണില്‍ ബന്ധപ്പെട്ടു. ഹൈക്കോടതിയില്‍ കേസ് വിചാരണയ്ക്ക് എടുത്ത ദിവസം ഞാനും ഹൈക്കോടതിയില്‍ പോവുകയും പ്രോസിക്യൂട്ടര്‍ക്ക് കേസിന്റെ ഉള്ളുകള്ളികളെകുറിച്ചുള്ള അറിവ് പരസ്പരം ചര്‍ച്ചചെയ്യുകയും അതനുസരിച്ചുള്ള വാദമുഖങ്ങള്‍നിരത്തികൊണ്ട് പ്രോസിക്യൂട്ടര്‍ കേസിന്റെ നിജസ്ഥിതി ഹൈക്കോടതിയെ ബോധ്യപ്പെടുത്തുകയും 2013 ഓഗസ്റ്റ് 14ന് വിജയനെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവിടുകയും ചെയ്തു. 

(അവസാനിച്ചു)