ശബ്ദമില്ലാത്തവരുടെ ശബ്ദമായി പത്രപ്രവർത്തനത്തെ മാറ്റിയെടുത്ത ചരിത്ര നായികയായാണ് അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ തുടക്കക്കാരിൽ ഒരാളായ എലിസബത്ത് എൽ.ബാങ്ക്സ് അറിയപ്പെടുന്നത്. ധീരമായി , സാമൂഹ്യ ബോധത്തോടെ, സത്യം തുറന്നെഴുതാനുള്ള ആർജ്ജവത്തോടെ, പത്രപ്രവർത്തനം നടത്തിയ എലിസബത്ത് ബാങ്ക്സ് ലോക പത്രപ്രവർത്തന ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു പേരാണ്. സ്റ്റണ്ട് ജേർണലിസം* എന്ന പേരിൽ വിളിച്ചിരുന്ന സ്ത്രീകളുടെ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ഉദാത്തമായ ഉദാഹരണമായി അവർ അറിയപ്പെടുന്നു. പത്രപ്രവർത്തനത്തിന്റെ ശൈലിയാകെ മാറ്റിയെടുക്കുന്നതിലും സ്ത്രീ റിപ്പോർട്ടർമാർക്ക് ആത്മവിശ്വാസം പകരുന്നതിനും ബാങ്ക്സ് വഴി തെളിച്ചു. 

To advertise here,

അമേരിക്കയിലെ ന്യൂജേഴ്സിയിൽ 1865-ന് ജോൺ ബാങ്ക്സിന്റെയും സാറ ആൻ ബ്രിസ്റ്ററിന്റെയും മകളായി ജനിച്ച എലിസബത്തിന് ചെറുപ്പം മുതൽ തന്നെ സാഹിത്യത്തിലും പൊതുകാര്യങ്ങളിലും താല്പര്യമുണ്ടായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് ഒരു പത്രപ്രവർത്തകയാകുക എന്ന ആഗ്രഹസാഫല്യത്തിനായി സ്വയം പരിശീലനം ആരംഭിച്ചിരുന്നു എന്ന് 1902 ൽ പുറത്തിറങ്ങിയ ഓട്ടോബയോഗ്രഫി ഓഫ് എ ന്യൂസ് പേപ്പർ ഗേൾ എന്ന അവരുടെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.

“എന്‍റെ ജീവിതലക്ഷ്യം പത്രപ്രവർത്തകയാവുക എന്നതാണെന്ന് സ്കൂളിൽ പഠിക്കുമ്പോഴേ ഞാൻ തീർച്ചപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ അതിനാവശ്യമായ പരിശീലനങ്ങൾ ഞാൻ സ്വയം നൽകി. പഠനകാലത്ത് കോമ്പോസിഷനുകളും മറ്റും എഴുതുമ്പോൾ ജേർണലിസത്തിന്റെ ഭാഷയിലും ശൈലിയിലും എഴുതാൻ ഞാൻ ശ്രദ്ധിച്ചു. എന്റെയും കൂട്ടുകാരുടെയും അനുഭവങ്ങൾ പലതും ഭാവന ഒട്ടും കലർത്താതെ സത്യസന്ധമായി മാത്രമാണ് ഞാൻ എഴുതിയിട്ടുള്ളത് “.

ഗ്രാജ്വേറ്റ് പഠനം കഴിഞ്ഞപ്പോൾ സ്റ്റെനോഗ്രാഫിയും ടൈപ്പിങ്ങും പഠിച്ച് കണ്ടും കേട്ടും അറിവുള്ള പത്രങ്ങളുടെ എഡിറ്റർമാർക്കൊക്കെ ജോലിക്ക് അപേക്ഷിച്ച് കത്തുകൾ എഴുതിക്കൊണ്ടേയിരുന്നു.മറുപടിക്ക് വേണ്ടി സ്റ്റാമ്പൊട്ടിച്ച കവർ അടക്കമാണ് കത്തയച്ചിരുന്നെങ്കിലും ഒരിടത്തുനിന്നും മറുപടി കിട്ടിയില്ല .അക്കാലത്ത് പത്രപ്രവർത്തക രംഗം സ്ത്രീകൾക്കുള്ളതല്ലായിരുന്നല്ലോ.

കത്തുകൾക്ക് മറുപടി കിട്ടാതെ വന്നപ്പോൾ പത്രാധിപന്മാരെ നേരിട്ട് കണ്ട് ജോലി തേടാൻ എലിസബത്ത് തീരുമാനിച്ചു. അതിനു വേണ്ടി പത്ര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾക്കടുത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് ജോലികൾക്കായി കത്തുകൾ തയ്യാറാക്കി അയച്ചു. ഏതാണ്ട് മുപ്പതോളം സ്ഥാപനങ്ങളിലേക്ക് ജോലിക്ക് അപേക്ഷകൾ അയച്ചെങ്കിലും ഒരേ ഒരാൾ മാത്രമാണ് തിരിച്ച് മറുപടി അയച്ചത്. ബാൽട്ടിമോർ നഗരത്തിലെ ഒരു പലചരക്ക് കടയിൽ ബാങ്ക്സ് ജോലിക്ക് കയറി . സ്വന്തം സ്വപ്നത്തിന് പിന്നാലെ പോവാൻ എത്ര കഷ്ടപ്പെടാനും അവർ തയ്യാറായിരുന്നു. മാസങ്ങളോളം പലചരക്ക് കടയിലെ കണക്ക് എഴുതി ബോറടിച്ചപ്പോൾ പത്രപ്രവർത്തന രംഗത്തേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ തേടിയിറങ്ങി.

ഓൾ എബൗട്ട് എ ടൈപ്പ് റൈറ്റർ ഗേൾ എന്ന നീണ്ട ഒരു ലേഖനം എഴുതി ഡെയ്ലി ഹസ്‌ലർ (Daily Hustler)എന്ന പത്രത്തിലേക്ക് അയച്ചു. തൊട്ടടുത്ത ഞായറാഴ്ച തന്നെ പത്രത്തിന്റെ പ്രധാന പേജിൽ ആ ലേഖനം അച്ചടിച്ചു വന്നു. അതു നൽകിയ ആത്മവിശ്വാസത്തോടെ എലിസബത്ത് പലചരക്ക് കടയിലെ ജോലിയുപേക്ഷിച്ച് പത്രമോഫീസിൽ ചെന്ന് അപേക്ഷ നൽകി. “ന്യൂസ് പേപ്പർ ഗേൾ” ആകാനാണ് താൻ വന്നതെന്ന് കേട്ട പത്രമുടമ ഒരു പെൺകുട്ടിയെ പത്രപ്രവർത്തനജോലിക്ക് എടുക്കാൻ തയ്യാറല്ല എന്ന കാര്യം തുറന്നുപറഞ്ഞു. പലതരത്തിൽ എലിസബത്തിനെ പിന്തിരിപ്പിക്കാൻ പത്രമുടമ ശ്രമിച്ചു. ന്യൂസ് പേപ്പർ ഗേൾ ആവുക എന്ന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ എലിസബത്ത് തയ്യാറായിരുന്നില്ല. ആ നിശ്ചയദാർഢ്യം കണ്ട് പത്രമുടമ ഒരു പോം വഴി കണ്ടെത്തി.

“ തൽക്കാലം എന്‍റെ സെക്രട്ടറിയായി ജോലി തരാം. ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ പോലെ ഉച്ചവരെ ഇവിടെ പണി ചെയ്യുക. ഉച്ചയ്ക്ക് ശേഷം മുകളിലെ നിലയിലുള്ള പത്രമോഫീസിൽ അവരെ സഹായിക്കാൻ ചെല്ലുക. കഴിവ് തെളിയിച്ച് എഡിറ്ററെ ബോധ്യപ്പെടുത്തി ജോലി വാങ്ങുക.” അക്കാര്യം താൻ ഒരിക്കലും എഡിറ്ററോട് ആവശ്യപ്പെടില്ല എന്ന് പത്രമുടമ ഉറപ്പിച്ചു പറഞ്ഞു.

എലിസബത്തിന് അത് സ്വീകാര്യമായിരുന്നു. പത്രമുടമ പുതുതായി വാങ്ങി കൊടുത്ത ടൈപ്പ് റൈറ്ററുമായി ജോലി ആരംഭിച്ചു. ഉച്ചവരെ സെക്രട്ടറിയുടെ പണി ചെയ്തതിനുശേഷം നഗരത്തിൽ അലഞ്ഞു നടന്ന് പല സ്റ്റോറികളുമായി എലിസബത്ത് തിരിച്ചെത്തും. എഴുതിയ വാർത്തകൾ പത്രമുടമയെ കൊണ്ടുചെന്ന് കാണിക്കുമ്പോൾ നിശിതമായി വിമർശിച്ചും ചിലപ്പോൾ പ്രോത്സാഹിപ്പിച്ചും പത്രപ്രവർത്തനമെന്തെന്ന് പഠിപ്പിക്കാൻ അദ്ദേഹം തയ്യാറായി . ഒടുവിൽ നഗരത്തിൽ നടന്ന ഒരു ഫാഷൻ പരിപാടിയെക്കുറിച്ച് ഫണ്ണി പീസ് അബൗട്ട് ഫണ്ണി ഫാഷൻസ് ( Funny Piece about funny fashions ) എന്ന ഒരു ഫീച്ചർ ഡെയിലി ഹസ്‌ലർ പ്രസിദ്ധീകരിച്ചു. പോളി പോളോക്ക് (Polly Pollock) എന്ന തൂലികാ നാമത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. (അക്കാലത്ത് സ്ത്രീകൾ തൂലികാനാമത്തിൽ എഴുതുന്നതായിരുന്നു പതിവ് )

ആ ലേഖനം പ്രസിദ്ധീകരിച്ചതോടെ പത്രത്തിന്റെ സൊസൈറ്റി എഡിറ്ററായി എലിസബത്ത് ബാങ്ക്സ് നിയമിതയായി. ഉച്ചയ്ക്കുശേഷം ആരംഭിക്കുന്ന ജോലി വളരെ വൈകി ഏതാണ്ട് അർദ്ധരാത്രിയാകുമ്പോഴാണ് അവസാനിക്കാറുണ്ടായിരുന്നത്. ജോലി കഴിഞ്ഞു മടങ്ങുന്ന, 20 വയസ്സിൽ താഴെയുള്ള എലിസബത്തിനെ “ലിറ്റിൽ റിപ്പോർട്ടർ” എന്ന് സ്നേഹത്തോടെ വിളിച്ച് നഗരത്തിലെ പോലീസുകാർ താമസസ്ഥലത്ത് സുരക്ഷിതമായി എത്തിക്കുമായിരുന്നു. ഇതിനിടക്ക് കുറച്ചുകാലം പെറുവിലെ അമേരിക്കൻ കോൺസുലേറ്റിൽ സെക്രട്ടറിയായി ജോലി ചെയ്ത അവർ ഒടുവിൽ ആ ജോലിയിൽ മടുപ്പ് തോന്നിയതിനെ തുടർന്ന് പത്രപ്രവർത്തനത്തിലേക്ക് മടങ്ങിയെത്തി.

അമേരിക്കയിൽ സ്ത്രീകളുടെ പത്രപ്രവർത്തനത്തിന് വേണ്ട അവസരങ്ങൾ കുറവാണെന്ന് തോന്നിയ എലിസബത്ത് 1893 ൽ ലണ്ടനിലേക്ക് താമസം മാറ്റി. അവിടെയും സ്ത്രീകൾക്ക് പത്രപ്രവർത്തന മേഖല അക്കാലത്ത് ഏറെക്കുറെ അപ്രാപ്യമായിരുന്നു . പക്ഷെ, അവർ പിന്മാറാൻ കൂട്ടാക്കാതെ പത്രമോഫീസുകളിൽ കയറിയിറങ്ങി പുതുമയുള്ള വാർത്തകളുടെ ആശയങ്ങൾ പത്രാധിപന്മാരോട് പറഞ്ഞുകൊണ്ടേയിരുന്നു. പല പ്രസിദ്ധീകരണങ്ങളിലും എലിസബത്ത് ബാങ്ക്സിന് എഴുതാൻ അവസരങ്ങൾ കിട്ടി.

പ്രച്ഛന്ന വേഷത്തിലും മറ്റും റിപ്പോർട്ടിംഗ് നടത്തിയും സ്വന്തം അനുഭവങ്ങൾ വാർത്തകൾക്ക് വിഷയമാക്കിയും മറ്റും നാടകീയശൈലിയിലധിഷ്ഠിതമായ അന്വേഷണാത്മക പത്രപ്രവർത്തനം എലിസബത്ത് ഇംഗ്ലണ്ടിൽ അവതരിപ്പിച്ചു. അമേരിക്കയിൽ നെല്ലി ബ്ലൈ ആരംഭിച്ച സ്റ്റണ്ട് റിപ്പോർട്ടിംഗ് എന്നറിയപ്പെട്ട ഈ പത്രപ്രവർത്തന രീതി പിന്തുടർന്ന് നിരവധി സ്റ്റോറികൾ എലിസബത്ത് ബാങ്ക്സ് പ്രസിദ്ധീകരിച്ചു.

വീക്കിലി സൺ എന്ന പ്രസിദ്ധീകരണത്തിൽ അമേരിക്കൻ ഗേൾ ഇൻ ലണ്ടൻ എന്ന തൂലികാനാമത്തിൽ പ്രസിദ്ധീകരിച്ച ഇൻ ക്യാപ് ആൻ്റ് ഏപ്രൺ ( In Cap and Apron )എന്ന പരമ്പര എലിസബത്തിനെ പ്രശസ്തയാക്കി. ലണ്ടനിലെ ഉന്നത കുടുംബങ്ങളിൽ വീട്ടു ജോലിക്കാരിയായി വേഷം മാറി ജീവിച്ച് അവിടുത്തെ ജോലിക്കാരുടെ ദുരിതങ്ങൾ വാർത്തകളാക്കിയത് വീടുകളിൽ പണിയെടുക്കാൻ എത്തുന്നവരോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാട് മാറ്റുന്നതിന് കാരണമായി. ഈ ലേഖന പരമ്പരയുടെ ഫലമായി ഗവണ്മെന്റ് വീട്ടു ജോലിക്കാർക്ക് അനുകൂലമായി പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ഫാക്ടറി തൊഴിലാളിയായും രാഷ്ട്രീയപ്രവർത്തകയായും സ്റ്റീം ലാണ്ട്റി ജോലിക്കാരിയായും തെരുവ് തൂപ്പുകാരിയായും, ഒക്കെ വേഷം മാറി സ്ത്രീകളുടെ അവകാശങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആവശ്യങ്ങളും അവർ റിപ്പോർട്ട് ചെയ്തു.

“പ്രച്ഛന്ന വേഷത്തിൽ പത്രപ്രവർത്തനം നടത്തിയ പ്രതിഭയുള്ള പത്ര പ്രവർത്തകയായി” എലിസബത്ത് ബാങ്ക്സ് വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ വേഷം മാറ്റത്തിലൂടെ പത്രപ്രവർത്തന മൂല്യങ്ങൾ ബലി കഴിക്കുകയാണ് അവരെ പ്പോലെയുള്ളവർ ചെയ്തതെന്ന് വില്യം എൽ ആൽഡനെ പോലെയുള്ള പത്രപ്രവർത്തകർ വിമർശിച്ചു.

പാവപ്പെട്ടവർക്ക് വേണ്ടി,സാമൂഹ്യനീതിക്കുവേണ്ടി സർഗാത്മകമായി, ധീരമായി പോരാട്ടം നടത്തി പത്രപ്രവർത്തനത്തെ സാമൂഹ്യ പ്രവർത്തനത്തിന്റെ തലത്തിലേക്ക് എലിസബത്ത് ഉയർത്തികൊണ്ടുവന്നു. പത്രപ്രവർത്തക എന്നതിനൊപ്പം സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയും സാമൂഹിക പരിഷ്കരണത്തിന് വേണ്ടിയും അവർ നിലകൊണ്ടു .

സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി നിരന്തരം എഴുതി. ലിംഗ സമത്വം, വർഗ്ഗ ചൂഷണം, ദരിദ്രജീവിതം, എന്നിവയൊക്കെ എലിസബത്തിന്റെ എഴുത്തിനു വിഷയമായി. അനുകമ്പയും നർമ്മവും നിറഞ്ഞ അവരുടെ എഴുത്ത് വായനക്കാർക്ക് വളരെ പ്രിയങ്കരമായിരുന്നു. സമൂഹത്തെ മെച്ചപ്പെടുത്താനുള്ള ധാർമിക ഉത്തരവാദിത്വം പത്രപ്രവർത്തകർക്ക് ഉണ്ടെന്ന് എലിസബത്ത് ബാങ്ക്സ് വിശ്വസിച്ചിരുന്നു. പത്രപ്രവർത്തകർ റിപ്പോർട്ടിംഗ് നടത്തിയാൽ മാത്രം പോരാ സാമൂഹ്യ മാറ്റത്തിനു വേണ്ടി സ്വാധീനം ചെലുത്തണമെന്നും അവർക്ക് നിർബന്ധമായിരുന്നു. പത്രപ്രവർത്തനത്തെ സാമൂഹിക നീതിക്കായുള്ള പോരാട്ടമായി മാറ്റിയെടുത്തതിലൂടെ എലിസബത്ത് ബാങ്ക്സ് ബ്രിട്ടനിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ആദരിക്കപ്പെടുന്ന പത്രപ്രവർത്തകയായി മാറി. വൈവിധ്യമുള്ള ശൈലിയും കർശനമായ സാമൂഹിക വിമർശനവും ആഴമുള്ള വൈകാരികതലവും അവരുടെ എഴുത്തിനുണ്ടായിരുന്നു. വായനക്കാരെ തൻ്റെ എഴുത്തുമായി താദാത്മ്യം പ്രാപിപ്പിക്കാൻ അവർ ശ്രദ്ധിച്ചു.

വീട്ടുജോലിക്കാരുടെ വൃത്തിഹീനമായ ജീവിതസാഹചര്യങ്ങളിലേക്കും ഫാക്ടറികളുടെ പുക നിറഞ്ഞ മുറിയിലേക്കുമെല്ലാം എലിസബത്ത്‌ ബാങ്ക്സ് വായനക്കാരെയും കൂട്ടികൊണ്ടു പോയി. മറ്റൊരു തരത്തിലും വായനക്കാർക്ക് എത്തിപ്പെടാനോ നേരിട്ടു കാണാനോ സാധിക്കാത്ത ഇടങ്ങൾ ആയിരുന്നു അവയൊക്കെ.

ദി ഡെയിലി ന്യൂസ്, പഞ്ച്, സെൻറ് ജെയിംസ് ഗസറ്റ്, ലണ്ടൻ ഇലസ്ട്രേറ്റഡ്, റെഫറി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ മേരി മോർട്ടി മെർ മാക്സ്വെൽ, എനിഡ് തുടങ്ങി നിരവധി തൂലികാ നാമങ്ങളിൽ അവർ സ്ഥിരമായി എഴുതിയിരുന്നു.

ആട്ടോബയോഗ്രഫി ഓഫ് എ ന്യൂസ് പേപ്പർ ഗേൾ (Autobiography of a Newspaper Girl ) എന്ന അവരുടെ ആത്മകഥ ആദ്യകാലത്ത് അമേരിക്കയിലും ഇംഗ്ലണ്ടിലും പത്രപ്രവർത്തന രംഗത്തെത്തിയ സ്ത്രീകളുടെ അനുഭവങ്ങൾ വിവരിക്കുന്നു. പുരുഷ കേന്ദ്രീകൃതമായ പത്രപ്രവർത്തന രംഗത്ത് എത്രമാത്രം കഷ്ടപ്പെട്ടാണ് സ്ത്രീകൾ മുന്നോട്ടു പോയതെന്നും പിന്നാലെ വന്നവർക്കുവേണ്ടി വഴിവെട്ടി ത്തെളിച്ചതെന്നും പത്രപ്രവർത്തന രംഗത്തെയാകെ മാറ്റിയെടുത്തതെന്നും ഈ പുസ്തകം പറയുന്നു.

എലിസബത്ത് എൽ ബാങ്ക്സിൻ്റെ വ്യക്തിപരമായ ജീവിത കഥ എന്നതിലുപരി വിക്ടോറിയൻ,എഡ്വേർഡ് കാലഘട്ടത്തിലെ ലിംഗ വർഗ്ഗ നീതി അവസ്ഥകൾ, മാധ്യമസംസ്ക്കാരം എന്നിവയെ യൊക്കെക്കുറിച്ച് വെളിവാക്കുന്ന ഈ പുസ്തകത്തിന് ഫെമിനിസ്റ്റ് സാഹിത്യത്തിലും മാധ്യമ ചരിത്രത്തിലും സവിശേഷ സ്ഥാനമുണ്ട്.

ക്യാമ്പയിൻസ് ഒഫ് ക്യൂരിയോസിറ്റി (Campaigns of Curiosity )അവരുടെ അന്വേഷണാത്മക പത്ര റിപ്പോർട്ടുകളുടെ സമാഹാരമാണ്. സ്ത്രീകൾക്ക് മികച്ച റിപ്പോർട്ടർമാരാകാമെന്ന് എലിസബത്ത് ഈ പുസ്തകത്തിലൂടെ ഉറപ്പു നൽകി. അന്വേഷണ ത്മകപത്രപ്രവർത്തനത്തിന്റെ ക്ലാസിക് ഗ്രന്ഥമായി ക്യാമ്പയിൻസ് ഒഫ് ക്യൂരിയോസിറ്റി കണക്കാക്കുന്നു.

ലണ്ടനിൽ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് വളരെ അടുത്ത് 17 ഡൗണിംഗ് സ്ട്രീറ്റിലാണ് എലിസബത്ത് ബാങ്ക്സ് താമസിച്ചിരുന്നത്. ജോർജ് ബർണാർഡ് ഷാ , തോമസ് ഹാർഡി , എച്ച് . ജി. വെൽസ് തുടങ്ങി നിരവധി പ്രതിഭകൾ അവരുടെ സുഹൃത്തുക്കളായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയുടെ ആകാശ ആക്രമണങ്ങളിൽ നിന്ന് ലണ്ടൻ നഗരത്തെ രക്ഷിക്കുന്നതിനു വേണ്ടിയിട്ടുള്ള തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ ബ്രിട്ടീഷ് ഇൻറലിജൻസ് വിഭാഗത്തിന് എലിസബത്ത് ബാങ്ക്സ് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്.

ദി റീ മേക്കിംഗ് ഓഫ് അമേരിക്കൻ (1928)അമേരിക്കയിലേക്ക് മടങ്ങിയതിനു ശേഷം അവർ എഴുതിയ ആത്മകഥാപരമായ പുസ്തകമാണ്. 1938 ജൂലൈ 18 ന് ഈ ലോകത്തോട് വിട പറയുന്നതിന് മുമ്പ് താൻ സൂക്ഷിച്ചുവച്ചിരുന്ന വാർത്തകളുടെ ഉറവിടങ്ങളും പല രഹസ്യ വിവരങ്ങളും മറ്റും നശിപ്പിക്കാൻ അവർ മറന്നില്ല.

സാമൂഹിക ഉത്തരവാദിത്തമുള്ള പത്രപ്രവർത്തനത്തിന്റെ മാതൃകയായി എലിസബത്ത്. എൽ. ബാങ്ക്സിൻ്റെ പേര് നിലനിൽക്കുന്നു.

*സ്റ്റണ്ട് ഗേൾസ് / സ്റ്റണ്ട് ജേർണലിസം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും അമേരിക്കയിലെ സ്ത്രീകളായ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകളെ സ്റ്റണ്ട് ഗേൾസ് എന്നാണ് വിളിച്ചിരുന്നത്. അവരുടെ പത്രപ്രവർത്തനത്തെ സ്റ്റണ്ട് ജേർണലിസം എന്നും വിളിച്ചു പോന്നു.

ഇതേ ജോലി ചെയ്തിരുന്ന പുരുഷന്മാർ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകൾ എന്ന് അറിയപ്പെട്ടപ്പോൾ സ്ത്രീകൾ സ്റ്റണ്ട് ഗേൾസ് എന്ന് വിളിക്കപ്പെട്ടു പോന്നു. പിൽക്കാലത്ത് ഇത് സ്ത്രീകളോടുള്ള വിവേചനത്തിന്റെയും ബഹുമാനക്കുറവിന്റെയും ദൃഷ്ടാന്തമായി വിലയിരുത്തപ്പെട്ടു.

1880 , 1890 കാലഘട്ടങ്ങളിൽ പല പത്രങ്ങളും ഫാക്ടറികളിലും മില്ലുകളിലും ആശുപത്രികളിലും മറ്റുമൊക്കെ വാർത്തകൾ കണ്ടെത്തുന്നതിന് വേണ്ടി സ്ത്രീകളെ റിപ്പോർട്ടർമാരായി നിയമിക്കുന്ന പതിവുണ്ടായിരുന്നു. വേഷം മാറി ആഴ്ചകളും മാസങ്ങളും ഇത്തരം സ്ഥാപനങ്ങളിൽ താമസിക്കുകയും വാർത്തകൾ ചോർത്തിയെടുക്കുകയും ചെയ്യുന്നതായിരുന്നു രീതി. സ്റ്റണ്ട് ഗേൾസ് എന്നറിയപ്പെട്ടിരുന്ന ഈ പത്രപ്രവർത്തകരിൽ ഭൂരിഭാഗവും മറ്റു പേരുകളിലാണ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നത്. ദി വേൾഡ് എന്ന പത്രം മെഗ് മെറിലീസ് എന്ന പേരിലാണ് സ്ത്രീകൾ എഴുതിയിരുന്ന ഇൻവെസ്റ്റിഗേറ്റീവ് വാർത്തകൾ നൽകിയിരുന്നത്. പ്രശസ്ത റിപ്പോർട്ടറായിരുന്ന നെല്ലി ബ്ലൈ ക്ക് മാത്രമാണ് സ്വന്തം തൂലികാനാമം അനുവദിച്ചിരുന്നത്.

അക്കാലത്ത് സ്ത്രീകൾക്ക് കൈകാര്യം ചെയ്യാനായി നൽകിപ്പോന്നിരുന്ന കലാസാംസ്കാരിക സാമൂഹ്യ മേഖല വാർത്തകൾക്കപ്പുറത്ത് ഒന്നാം പേജിൽ ഇടം കണ്ടെത്തുന്നതിന് പല വനിതാ പത്രപ്രവർത്തകരും ഇത്തരം വാർത്താസമ്പാദന രീതി പിന്തുടരാൻ തയ്യാറായി. ഇടാ താർബെലിനെ പോലെയുള്ള പരമ്പരാഗതവനിതാ പത്രപ്രവർത്തകർ ഇതിനെ എതിർത്തിരുന്നു.

സാമൂഹിക തിന്മകൾ പുറത്തുകൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച ഈ അന്വേഷണാത്മക പത്രപ്രവർത്തന രീതി കാലക്രമേണ യെല്ലോ ജേണലിസം / സെൻസേഷണൽ ജേർണലിസം എന്നറിയപ്പെടുന്ന തരംതാണ നിലയിലുള്ള പത്രപ്രവർത്തന രീതിയായി അധ:പതിച്ചു. 1920 കളിൽ ഇത്തരം പത്രപ്രവർത്തനം ടാബ്ലോയിഡ് ജേർണലിസത്തിന്റെ രൂപത്തിൽ പുനർജനിച്ചു.