പാരീസ്: 2026-ലെ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 157-ാം സ്ഥാനത്തേക്ക് താഴ്ന്നു. റിപ്പോർട്ടേഴ്‌സ് സാൻ ഫ്രണ്ടിയേഴ്‌സ് (ആർ.എസ്.എഫ്.) വ്യാഴാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം ആകെ 180 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025-ൽ 151-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഈ സൂചിക പ്രസിദ്ധീകരിക്കുന്ന സന്നദ്ധ സംഘടനയുടെ കണക്കനുസരിച്ച് 2002 മുതൽ ഇന്ത്യ പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 'അതീവ ഗുരുതരം' എന്ന വിഭാഗത്തിലാണ് തുടരുന്നത്.

To advertise here,

ജനാധിപത്യ രാജ്യങ്ങളിൽപ്പോലും വാർത്താമുറികളെ നിശ്ശബ്ദമാക്കാൻ നിയമസംവിധാനങ്ങൾ ആയുധമാക്കപ്പെടുന്നുണ്ടെന്നും ഇന്ത്യയിൽ നിയമപരമായിതന്നെ സ്വതന്ത്ര മാധ്യമങ്ങളെ വേട്ടയാടുകയാടുന്നത് വർധിച്ചുവരികയാണെന്നും ആർ.എസ്.എഫ്. കുറ്റപ്പെടുത്തുന്നു. അപകീർത്തിക്കേസുകളും ദേശീയ സുരക്ഷാ നിയമങ്ങളും ഉൾപ്പെടെയുള്ള ക്രിമിനൽ നിയമങ്ങൾ പത്രപ്രവർത്തകർക്കെതിരേ നേരിട്ട് പ്രയോഗിക്കപ്പെടുന്നുണ്ട്. സൂചികയുടെ ചരിത്രത്തിൽ ആദ്യമായി പകുതിയിലധികം രാജ്യങ്ങളും പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 'പ്രയാസകരമായ' അല്ലെങ്കിൽ 'അതീവ ഗുരുതരമായ' സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. 2002-ൽ സൂചിക ആരംഭിച്ചപ്പോൾ 13.7 ശതമാനം രാജ്യങ്ങൾ മാത്രമായിരുന്നു ഈ വിഭാഗത്തിലുണ്ടായിരുന്നത്.

പഠനവിധേയമാക്കിയ 180 രാജ്യങ്ങളിലേയും ശരാശരി പത്രസ്വാതന്ത്ര്യ സ്‌കോർ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേശീയ സുരക്ഷാ നയങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ജനാധിപത്യ രാജ്യങ്ങളിൽപ്പോലും വിവരങ്ങൾ അറിയാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 സാമ്പത്തികം, നിയമം, സുരക്ഷ, രാഷ്ട്രീയം, സാമൂഹിക സാഹചര്യങ്ങൾ എന്നീ അഞ്ച് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പത്രസ്വാതന്ത്ര്യം വിലയിരുത്തുന്നത്. ഇതിൽ നിയമപരമായ സാഹചര്യങ്ങൾ മോശമാകുന്നതാണ് പത്രസ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നതിന്റെ പ്രധാന സൂചനയായി സംഘടന ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യ, ഈജിപ്ത്, ഇസ്രയേൽ, ജോർജിയ തുടങ്ങിയ 60 ശതമാനത്തിലധികം രാജ്യങ്ങളിലും സ്ഥിതി മോശമായിട്ടുണ്ട്. അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നേപ്പാൾ (87), മാലിദ്വീപ് (108), ശ്രീലങ്ക (134), ഭൂട്ടാൻ (150), ബംഗ്ലാദേശ് (152), പാകിസ്താൻ (153) എന്നിവയേക്കാൾ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. എന്നാൽ മ്യാൻമർ (166), അഫ്ഗാനിസ്താൻ (175), ചൈന (178) എന്നീ രാജ്യങ്ങളേക്കാൾ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. നോർവേ, നെതർലൻഡ്‌സ്, എസ്റ്റോണിയ എന്നിവയാണ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. അതേസമയം യു.എസ്. ഏഴ് സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി 64-ാം റാങ്കിലെത്തി.