"അതെന്താ തിരുവനന്തപുരത്തുകാർ നിങ്ങളെ പിടിച്ചുതിന്നുമോ" എന്ന് ആദ്യം ചോദിച്ചത് ബാബു സാറാണ്; എൻ ആർ എസ് ബാബു.

To advertise here,

ഒന്നും മിണ്ടാതെ വെറുതെ ചിരിച്ചുനിന്നപ്പോൾ അദ്ദേഹം പറഞ്ഞു: "ഒരു നാടിനേയും കണ്ണടച്ച് വെറുക്കരുത്. എല്ലായിടത്തും ഉണ്ടാകും നന്മയും തിന്മയും. ഇവിടെയുമുണ്ട്. ഇവിടെ ജീവിച്ചാലേ നിങ്ങൾക്കത് മനസ്സിലാകൂ", മുഖത്തെ ഗൗരവം സൗമ്യമായ ഒരു ചിരികൊണ്ട് മായ്ച്ചുകളഞ്ഞ ശേഷം ബാബു സാർ കൂട്ടിച്ചേർക്കുന്നു: "തിരുവനന്തപുരത്ത് കുറച്ചുകാലം താമസിച്ചു നോക്കൂ. പിന്നെ നിങ്ങളിവിടെനിന്ന് പോകില്ല. ഈ നഗരം നിങ്ങളെ ചേർത്തു പിടിക്കും...."

മുപ്പത്തഞ്ച് വർഷത്തിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ എത്ര പ്രവചനാത്മകമായിരുന്നു ആ വാക്കുകൾ എന്നോർക്കും. കോഴിക്കോട് നഗരത്തിന്റെ അതിർത്തിക്കപ്പുറത്തെ ലോകത്തെ എന്നും ആശങ്കയോടെയും അപരിചിതത്വത്തോടെയും മാത്രം കണ്ട പയ്യനിതാ തിരുവനന്തപുരം നഗരത്തിന്റെ അടിമയായിരിക്കുന്നു; ഇനിയൊരു തിരിച്ചുപോക്കില്ലാത്ത വിധം. മധുരോദാരമായ ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ച നഗരത്തെ അങ്ങനെ കൈവിടാനാകുമോ അവന്?

പക്ഷേ, ഓർമ്മകളുടെ ആ മധുരത്തെരുവുകളിലൂടെ ആദ്യമായി കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയ മനുഷ്യൻ വർഷങ്ങളോളം മറവിയുടെ ലോകത്തായിരുന്നു എന്നോർക്കുമ്പോൾ ദുഃഖം. ഏറ്റവുമടുത്തവരെ പോലും തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ. കാര്യമാത്രപ്രസക്തമായി മാത്രം എഴുതിയും പറഞ്ഞും ശീലിച്ച, മലയാള പത്രപ്രവർത്തനം കണ്ട ഏറ്റവും വിദഗ്ദനായ എഡിറ്റർ ഓർമ്മകളും വാക്കുകളും പെറുക്കിയെടുത്തു കൂട്ടിവെക്കാനാകാതെ തളരുന്നത് കാണുമ്പോൾ വേദനിക്കാതിരിക്കുന്നതെങ്ങനെ?

തിരുവനന്തപുരത്തെ എന്റെ ആദ്യത്തെ "ആതിഥേയ"നായിരുന്നു ബാബുസാർ. ആശങ്കകളോടെ, ആകാംഷകളോടെ മലബാറിൽനിന്ന് തലസ്ഥാനനഗരിയിൽ വന്നിറങ്ങിയ യുവപത്രപ്രവർത്തകന് എല്ലാ അർത്ഥത്തിലും തണലായി മാറിയ സാന്നിധ്യം. ആദ്യം സൗഹാർദപൂർണമായ ഒരൊറ്റ ചിരികൊണ്ട് അവന്റെ സർവ ആശങ്കകളെയും പടിക്കുപുറത്താക്കി വാതിലടച്ചു അദ്ദേഹം. പിന്നെ സ്വന്തം സൗഹൃദവലയത്തിൽ അവന് ഒരു ഇരിപ്പിടം നൽകി.

കൊല്ലംവരെ യാത്രചെയ്ത ചരിത്രമേയുള്ളൂ അതുവരെ എനിക്ക്; 1988-ലെ സന്തോഷ് ട്രോഫി കേരളകൗമുദിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യാൻ. ജീവിതത്തിലാദ്യത്തെ ഔട്ട് സ്റ്റേഷൻ അസൈൻമെന്റ്. മൂന്ന് വർഷം കഴിഞ്ഞ് തിരുവനന്തപുരത്ത് അരങ്ങേറിയ നെഹ്‌റു സ്വർണക്കപ്പ് അന്താരാഷ്ട്ര ഫുട്‍ബോൾ റിപ്പോർട്ട് ചെയ്യാനുള്ള ഊഴം വന്നപ്പോൾ തെല്ലൊരു ആശങ്കയുണ്ടായിരുന്നു ഉള്ളിൽ. കൗമുദിയുടെ ആസ്ഥാനനഗരത്തിലാണ് "കളിക്കേ"ണ്ടത്.

കേട്ടറിവേയുള്ളൂ അതുവരെ അനന്തപുരിയെപ്പറ്റി. അതും അത്ര പ്രോത്സാഹജനകമല്ലാത്ത വാർത്തകൾ. ആ ആശങ്കകളെല്ലാം അസ്ഥാനത്താണെന്ന് തെളിയിച്ചുതന്നത് രണ്ടു പ്രഗത്ഭ പത്രാധിപന്മാർ ചേർന്നാണ്; ഗുരുതുല്യരായ രണ്ടു പേർ. കലാകൗമുദിയുടെ എല്ലാമെല്ലാമായിരുന്ന എൻ.ആർ.എസ് ബാബുവും എസ്. ജയചന്ദ്രൻ നായരും. രണ്ടു പേരും പത്രപ്രവർത്തന ജീവിതത്തിലെ വഴികാട്ടികൾ, വഴിവിളക്കുകൾ. ഇരുവർക്കും മാർഗ്ഗദർശിയും തണലുമായിരുന്ന മറ്റൊരാളെ കൂടി ഓർത്തേ പറ്റൂ: കേരളം കണ്ട ഏറ്റവും തന്റേടമുള്ള പത്രാധിപന്മാരിലൊരാളായ എം.എസ്. മണി.

മണി സാറിനും ജയചന്ദ്രൻ സാറിനും പിറകെ ബാബുസാറും ഓർമ്മയായതോടെ മലയാള പത്രപ്രവർത്തന ചരിത്രത്തിലെ തിളക്കമാർന്ന ഒരു യുഗത്തിന് പരിസമാപ്തിയായി. ഇനിയുണ്ടാകുമോ അങ്ങനെയൊരു കാലം? അങ്ങനെയുള്ള പത്രാധിപന്മാരും?