
യൂറോപ്യൻ പത്രപ്രവർത്തന രംഗത്ത് വളരെ വൈകിയാണ് സ്ത്രീകൾ എത്തിയതെന്നാണ് ചരിത്രം പറയുന്നത്. എന്നാൽ, പതിനെട്ടാം നൂറ്റാണ്ടിൽതന്നെ സമൂഹത്തിന്റെ ചട്ടക്കൂടുകളെ വെല്ലുവിളിച്ച് പത്രലോകത്തിലേക്ക് കടന്നുവന്ന ഒരു ധീരവനിത അവിടെ ഉണ്ടായിരുന്നു. അന്ന മാർഗരീറ്റ മമ്മ (Anna Margareta Momma, 1702–1772)). സ്വീഡനിലെ ആദ്യ പത്രപ്രവർത്തക മാത്രമല്ല, പത്രാധിപയും പ്രസാധകയും സാമൂഹിക വിമർശകയുമൊക്കെയായിരുന്നു മാർഗരീറ്റ മമ്മ.
1700-കളിലെ യൂറോപ്പ് സ്ത്രീകൾക്ക് പൊതുജീവിതത്തിൽ വളരെ പരിമിതമായ അവസരങ്ങൾ മാത്രമേ നൽകിയിരുന്നുള്ളൂ. രാഷ്ട്രീയം, സാഹിത്യം, ശാസ്ത്രം, മാധ്യമപ്രവർത്തനം തുടങ്ങിയ മേഖലകൾ പുരുഷന്മാരുടെ നിയന്ത്രണത്തിലായിരുന്നു. സ്ത്രീകൾ കുടുംബജീവിതത്തിൽ മാത്രം ഒതുങ്ങണമെന്നായിരുന്നു സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാട്.
അത്തരം സാഹചര്യത്തെ കൂസാതെയാണ് അന്ന മാർഗരീറ്റാ മമ്മ ധൈര്യപൂർവ്വം മുന്നോട്ട് വന്നത്. അക്കാലത്ത് പൊതുജീവിതത്തിലും പത്രപ്രവർത്തനരംഗത്തും സ്ത്രീകൾക്ക് സ്വന്തം പേരിൽ പ്രവർത്തിക്കുന്നത് എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ അന്നത്തെ ഭൂരിഭാഗം വനിതാ എഴുത്തുകാരും പത്രപ്രവർത്തകരും തങ്ങളുടെ യഥാർത്ഥ പേരുകൾ മറച്ചുവെച്ച് തൂലികാനാമങ്ങളിലൂടെയാണ് എഴുതിയിരുന്നത്. ഈ തൂലികാനാമങ്ങളുടെ പിന്നിൽ ആരായിരുന്നു എന്നത് കണ്ടെത്തുക ദുഷ്ക്കരമായിരുന്നു. ഗവേഷണങ്ങളിലൂടെ വളരെ കുറച്ച് വനിതാ എഴുത്തുകാരുടെ യഥാർത്ഥ വ്യക്തിത്വം മാത്രമാണ് തിരിച്ചറിയപ്പെട്ടത്. അത്തരം അപൂർവ വ്യക്തിത്വങ്ങളിൽ ഒരാളാണ് അന്ന മാർഗരീറ്റാ മമ്മ. ദീർഘകാലം അജ്ഞാതമായി തുടരുകയായിരുന്ന അവരുടെ സംഭാവനകൾ ചരിത്രകാരന്മാർ കണ്ടെത്തിയതോടെയാണ് സ്വീഡിഷ് മാധ്യമചരിത്രത്തിൽ അവർക്ക് അർഹമായ സ്ഥാനം ലഭിച്ചത്.
സ്ത്രീകൾക്കും ചിന്തിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും സമൂഹത്തെ സ്വാധീനിക്കാനുമുള്ള കഴിവും അവകാശവുമുണ്ടെന്ന് അക്കാലത്ത് തന്നെ അന്ന മാർഗരീറ്റാ മമ്മ തെളിയിച്ചു.
നെതർലാൻഡ്സിലായിരുന്നു അന്ന മാർഗരീറ്റ വോൺ ബ്രാഗ്നറുടെ ജനനം. ഫ്രഞ്ച് പ്രൊട്ടസ്റ്റന്റ് സമൂഹമായ ഹ്യൂഗനോട്ടുകളുടെ വംശപരമ്പരയുമായി അവർക്കു ബന്ധമുണ്ടായിരിക്കാമെന്നാണ് ചരിത്ര ഗവേഷകരുടെ വിലയിരുത്തൽ. മതപീഡനങ്ങളെയും സാമൂഹിക പ്രതിസന്ധികളെയും അതിജീവിച്ച് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ ഹ്യൂഗനോട്ടുകളുടെ പാരമ്പര്യം അവരുടെ കുടുംബത്തിനും ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.
1735-ൽ അവർ സ്വീഡിഷ് പ്രസാധകനായ പീറ്റർ മമ്മയെ വിവാഹം കഴിച്ചു. ഡച്ച് വേരുകളുള്ള സ്വീഡിഷ് കുടുംബത്തിൽപ്പെട്ട പീറ്റർ മമ്മയോടൊപ്പം അന്ന മാർഗരീറ്റ സ്റ്റോക്ക്ഹോമിലേക്ക് താമസം മാറി. ഈ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ടായിരുന്നു- പെറ്റർ, വിൽഹെൽം, എൽസ. ഇവരിൽ എൽസ പിന്നീട് സ്വീഡന്റെ പ്രസാധനചരിത്രത്തിൽ ശ്രദ്ധേയ സ്ഥാനമുറപ്പിച്ച എൽസ ഫോഗ്റ്റായി അറിയപ്പെട്ടു.
അന്ന മാർഗരീറ്റ മമ്മയുടെ ജീവിതത്തിൽ നിർണായക വഴിത്തിരിവായത് പീറ്റർ മമ്മയുടെ പ്രസാധന സാമ്രാജ്യത്തിലേക്കുള്ള പ്രവേശനമായിരുന്നു. രാജകീയ അച്ചടിശാലയുടെ ഉടമയായിരുന്നു പീറ്റർ. കൂടാതെ, അന്നത്തെ ജനപ്രിയ പത്രങ്ങളായ സ്റ്റോക്ക്ഹോം ഗസറ്റ്, സ്റ്റോക്ക്ഹോംസ് വെക്കോബ്ലാഡ് എന്നിവയുടെ പ്രസാധകനും എഡിറ്ററുമായിരുന്നു അദ്ദേഹം. അച്ചടി, പ്രസാധനം, ലേഖനസംസ്കരണം, വായനക്കാരുടെ താൽപര്യങ്ങൾ തിരിച്ചറിയൽ തുടങ്ങി പത്രപ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ മർഗരീറ്റ മമ്മ സജീവമായി ഇടപെട്ടു. ഭർത്താവിന്റെ വിശ്വസ്ത ബിസിനസ് പങ്കാളിയായിരുന്ന അവർ ആ കാലഘട്ടത്തിൽ സ്ത്രീകൾക്ക് അപൂർവമായിരുന്ന പ്രസിദ്ധീകരണ രംഗത്തെ ബൗദ്ധികമായ പങ്കാളിത്തവും ഏറ്റെടുത്തു.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിഷയങ്ങളെക്കുറിച്ച് ഗൗരവമായി പഠിക്കുകയും സ്വന്തം നിലപാടുകൾ രൂപപ്പെടുത്തുകയും ചെയ്തു. പ്രസാധകന്റെ സഹധർമ്മിണി എന്ന പരിധിക്കപ്പുറം ചിന്തിക്കുന്ന എഴുത്തുകാരിയും സമൂഹനിരീക്ഷകയും ആയി വളർന്നു.
ധൈര്യപൂർവം തന്റെ ആശയങ്ങൾ എഴുത്തിലൂടെ പ്രകടിപ്പിച്ചു. സാമൂഹിക വിഷയങ്ങളെയും രാഷ്ട്രീയ സംഭവവികാസങ്ങളെയും കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങൾ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഭർത്താവിന്റെ മരണശേഷം അച്ചടി-പ്രസാധന സ്ഥാപനത്തിന്റെ ചുമതല മർഗരീറ്റ മമ്മ ഏറ്റെടുത്തു. അന്നത്തെ സാഹചര്യത്തിൽ ഒരു സ്ത്രീ ഒരു പ്രസാധനസ്ഥാപനം നടത്തുക എന്നത് അസാധാരണമായ കാര്യമായിരുന്നു.
മമ്മയുടെ സാഹിത്യ-പത്രപ്രവർത്തന ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രസിദ്ധീകരണമാണ് “സാംതാൽ എമെല്ലൻ ആർഗി സ്കുഗ്ഗ ഒക് എൻ ഒബെകാന്ത് ഫ്രുവെന്റിംബേഴ്സ് സ്കുഗ്ഗ” (Samtal emellan Argi Skugga och en obekant Fruentimbers Skugga). മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ “ആർഗസിന്റെ നിഴലും ഒരു അജ്ഞാത സ്ത്രീയുടെ നിഴലും തമ്മിലുള്ള സംഭാഷണം” എന്നാണ് ഇതിന്റെ അർഥം. “സാംതാൽ” (സംഭാഷണം) എന്ന ചുരുക്കപ്പേരിലൂടെയാണ് ഈ പ്രസിദ്ധീകരണം ചരിത്രത്തിൽ പ്രശസ്തമായത്.
എന്നാൽ, ഈ കൃതിയുടെ യഥാർത്ഥ രചയിതാവ് ആരാണെന്ന് അന്ന മാർഗരീറ്റ മമ്മയുടെ ജീവിതകാലത്ത് പൊതുജനങ്ങൾക്കറിയില്ലായിരുന്നു. പ്രസിദ്ധീകരണത്തിൽ പുറത്തിറക്കുന്ന ആളുടെ പേരില്ലായിരുന്നു. അതിന്റെ പിന്നിലെ ബൗദ്ധികശക്തി അന്ന മാർഗരീറ്റ മമ്മയാണെന്ന് പിന്നീട് മാത്രമാണ് ചരിത്രം തിരിച്ചറിഞ്ഞത്.
1738–39 കാലഘട്ടത്തിൽ ചേർന്ന സ്വീഡിഷ് പാർലമെന്റായ റിക്സ്ദാഗിന്റെ സമ്മേളനത്തോടനുബന്ധിച്ചാണ് സാംതാൽ പ്രസിദ്ധീകരിക്കപ്പെട്ടത്. പത്ത് ലക്കങ്ങളായി പുറത്തിറങ്ങിയ ഈ പത്രം വളരെ വേഗത്തിൽ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. രാഷ്ട്രീയവും സാമൂഹികവുമായ ചർച്ചകളിൽ പുതുമയാർന്ന സമീപനം സ്വീകരിച്ച ഈ പ്രസിദ്ധീകരണം അന്നത്തെ സ്വീഡിഷ് ബൗദ്ധികലോകത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു.
അക്കാലത്ത് യൂറോപ്പിൽ “എസ്സേ പത്രങ്ങൾ” എന്ന പുതിയ മാധ്യമരൂപം വളർന്നുവരികയായിരുന്നു. വാർത്തകൾ മാത്രം നൽകുന്നതിനുപകരം സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളെ വിശകലനാത്മകമായി അവതരിപ്പിക്കുന്ന ഈ രീതിയിലുള്ള പ്രസിദ്ധീകരണങ്ങൾ പൊതുചർച്ചകൾക്ക് പുതിയ ദിശ നൽകി. സ്വീഡനിൽ ഈ മാധ്യമരൂപത്തെ പരിചയപ്പെടുത്തിയ ആദ്യകാല പ്രസിദ്ധീകരണങ്ങളിൽ ഒന്നായിരുന്നു സാംതാൽ. പ്രശസ്തമായ ഡെൻ സ്വെൻസ്ക ആർഗസ് ഉൾപ്പെടെയുള്ള സമകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്ന് ഇതിന് പ്രചോദനം ലഭിച്ചിരിക്കാമെന്ന് ചരിത്രകാരന്മാർ കരുതുന്നു.
സാംതാൽ എന്ന പേരിന് പിന്നിലും ഒരു പ്രത്യേക ആശയമുണ്ടായിരുന്നു. ഇതിലെ ലേഖനങ്ങൾ സാധാരണ ലേഖനങ്ങളായിരുന്നില്ല; മറിച്ച് സാങ്കൽപ്പിക കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലാണ് അവ അവതരിപ്പിക്കപ്പെട്ടത്. വായനക്കാരെ ചിന്തിപ്പിക്കുകയും വിവിധ കാഴ്ചപ്പാടുകൾ പരിശോധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഈ രീതി അന്നത്തെ പത്രപ്രവർത്തനത്തിൽ ഏറെ പുതുമയുള്ളതായിരുന്നു.
ഈ സംഭാഷണങ്ങളുടെ കേന്ദ്രത്തിൽ രണ്ടു കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആർഗി സ്കുഗ്ഗ പുരുഷവീക്ഷണത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രവും ഫ്രുവെന്റിംബേഴ്സ് സ്കുഗ്ഗ സ്ത്രീവീക്ഷണത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രവുമായിരുന്നു. സമൂഹം, രാഷ്ട്രീയം, മതം, ധാർമ്മികത, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച് ഇവർ തമ്മിൽ വാദപ്രതിവാദങ്ങൾ നടത്തുന്ന രീതിയായിരുന്നു. ചില അവസരങ്ങളിൽ മുസെൽമാനൻ (മുസ്ലിം), ഫിലോസോഫൻ (തത്ത്വചിന്തകൻ) തുടങ്ങിയ കഥാപാത്രങ്ങളും സംഭാഷണങ്ങളിൽ പങ്കുചേരുകയും ചർച്ചകൾക്ക് കൂടുതൽ വൈവിധ്യം നൽകുകയും ചെയ്തിരുന്നു.
കാലഘട്ടത്തെക്കാൾ മുന്നിലായിരുന്നു ഈ പ്രസിദ്ധീകരണം ചർച്ച ചെയ്ത വിഷയങ്ങൾ .വിദേശനയം, സാമൂഹികനയം, ധാർമ്മികത, വ്യക്തിസ്വാതന്ത്ര്യം, പ്രബോധനയുഗത്തിന്റെ ആശയങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗൗരവമായ സംവാദങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു. യുക്തിചിന്ത, വിജ്ഞാനം, മനുഷ്യാവകാശങ്ങൾ, വ്യക്തിയുടെ സ്വാതന്ത്ര്യം എന്നിവയെ കേന്ദ്രമാക്കിയിരുന്ന പ്രബോധനയുഗത്തിന്റെ സ്വാധീനം ഇതിലെ ഓരോ ലക്കത്തിലും വ്യക്തമായി കാണാം.
കത്തോലിക്ക സഭയെ വിമർശിക്കുന്ന ആശയങ്ങളും ഇതിൽ പ്രത്യക്ഷപ്പെട്ടു. അത്തരം വിമർശനങ്ങൾ സ്വീഡനിൽ അപൂർവമായിരുന്നെങ്കിലും നെതർലാൻഡ്സിലെ ബൗദ്ധികലോകത്തിൽ അത്ര അസാധാരണമല്ലായിരുന്നു. മമ്മയുടെ കുടുംബപശ്ചാത്തലവും യൂറോപ്യൻ പ്രബോധനചിന്തകളുമായുള്ള പരിചയവും ഈ സമീപനത്തെ സ്വാധീനിച്ചിരിക്കാമെന്ന് ഗവേഷകർ കരുതുന്നു.
സാംതാൽ മുന്നോട്ടുവച്ച ആശയങ്ങളിൽ പലതും അക്കാലത്ത് അത്യന്തം പുരോഗമനപരമായിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെ ശക്തമായി പിന്തുണച്ച ഈ പ്രസിദ്ധീകരണം മതസ്വാതന്ത്ര്യത്തിനും വേണ്ടിയും വാദിച്ചു. വിജ്ഞാനം വിദേശഭാഷകളുടെ മതിലുകൾക്കുള്ളിൽ ഒതുങ്ങരുതെന്നും, അത് സ്വീഡിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത് സാധാരണ ജനങ്ങളിലേക്ക് എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
സ്ത്രീകളെക്കുറിച്ചുള്ള നിലപാടുകളായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. സ്ത്രീകൾക്കും ഉന്നതവിദ്യാഭ്യാസം ലഭിക്കണമെന്നും, സമൂഹത്തിലെ ബൗദ്ധിക ചർച്ചകളിൽ അവർക്ക് സജീവമായി പങ്കെടുക്കാനുള്ള അവകാശമുണ്ടെന്നും പ്രസിദ്ധീകരണം വാദിച്ചു. സ്ത്രീകൾ തത്വചിന്തയും രാഷ്ട്രീയവും പോലുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചില വായനക്കാർ അയച്ച കത്തുകളെ മമ്മ പരിഹാസരൂപത്തിൽ അവതരിപ്പിക്കുകയും യുക്തിരഹിതമായ നിലപാടുകളെ തുറന്നുകാട്ടുകയും ചെയ്തു.
യൂറോപ്പിലെ പ്രബോധനചിന്തകളിൽനിന്ന് ശക്തമായി സ്വാധീനിക്കപ്പെട്ട സാംതാൽ അതിന്റെ കാലഘട്ടത്തിൽ വളരെ പുരോഗമനപരമായ ഒരു പ്രസിദ്ധീകരണമായിരുന്നു. അതിരുകടന്ന ധീരതയും തീവ്രവാദപരമായ ആശയങ്ങളും അവതരിപ്പിക്കുന്നുവെന്ന് ചിലർ വിമർശനമുയർത്തി. അന്നത്തെ സെൻസർഷിപ്പ് നിയമങ്ങളുമായും അധികാരകേന്ദ്രങ്ങളുമായും ഈ പ്രസിദ്ധീകരണം പലപ്പോഴും സംഘർഷത്തിലായിരുന്നു.
എന്നാലും സർക്കാർ അതിനെ നിരോധിച്ചില്ല. പത്ത് ലക്കങ്ങൾ വിജയകരമായി പ്രസിദ്ധീകരിക്കപ്പെട്ട ശേഷം 1739-ൽ സാംതാൽന്റെ പ്രസിദ്ധീകരണം നിലച്ചു. കൂടുതൽ ലക്കങ്ങൾ പുറത്തിറക്കാനുള്ള പദ്ധതികൾ ഉണ്ടായിരുന്നുവെന്ന് സൂചനകളുണ്ടെങ്കിലും, എന്തുകൊണ്ടാണ് ഈ ശ്രദ്ധേയമായ സംരംഭം പെട്ടെന്ന് അവസാനിച്ചതെന്ന് ഇന്നുവരെ ചരിത്രകാരന്മാർക്ക് വ്യക്തമായി കണ്ടെത്താനായിട്ടില്ല.
സ്വീഡനിലെ പ്രബോധനചിന്തകളുടെ വളർച്ചയിലും സ്ത്രീകളുടെ ബൗദ്ധിക പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചകളിലും പത്രപ്രവർത്തനത്തിന്റെ വികസനത്തിലും ഈ പ്രസിദ്ധീകരണം ദീർഘകാല സ്വാധീനം ചെലുത്തി. സ്വീഡിഷ് മാധ്യമചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യകാല പ്രസിദ്ധീകരണങ്ങളിലൊന്നായും അന്ന മാർഗരീറ്റാ മമ്മയുടെ അസാധാരണമായ ബുദ്ധിശക്തിയുടെയും ധൈര്യത്തിന്റെയും സ്മാരകമായും സാംതാൽ കണക്കാക്കപ്പെടുന്നു.
രാഷ്ട്രീയ ലേഖനങ്ങളുടെയും ബൗദ്ധിക സംവാദങ്ങളുടെയും രചയിതാവായി മാത്രമല്ല, ഒരു പ്രഗത്ഭ എഡിറ്ററായും മമ്മ ശ്രദ്ധേയയായിരുന്നു. സ്റ്റോക്ക്ഹോമിലെ പ്രധാന വാർത്താപത്രങ്ങളിലൊന്നായ സ്റ്റോക്ക്ഹോം ഗസറ്റിന്റെ എഡിറ്ററായും അവർ പ്രവർത്തിച്ചു. 1742 മുതൽ 1752 വരെ ഒരു ദശാബ്ദക്കാലം ഈ പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയൽ ചുമതലകൾ അവർ നിർവഹിച്ചു. ആ കാലഘട്ടത്തിൽ ഒരു സ്ത്രീ ഇത്തരമൊരു പ്രമുഖ പത്രത്തിന്റെ നടത്തിപ്പിൽ നിർണായക പങ്കുവഹിച്ചത് അസാധാരണമായ നേട്ടമായിരുന്നു.
ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന ഈ പത്രം സ്വീഡനെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഒരു ബൗദ്ധിക പാലമായിരുന്നു. അന്താരാഷ്ട്ര വാർത്തകളും രാഷ്ട്രീയ സംഭവവികാസങ്ങളും യൂറോപ്യൻ ചിന്താപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ഈ പ്രസിദ്ധീകരണം പ്രധാന പങ്കുവഹിച്ചു. ഒരു സ്ത്രീയുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ധാർമ്മിക-സാമൂഹിക ആനുകാലിക പ്രസിദ്ധീകരണത്തിന്റെ (moral periodical) രചയിതാവെന്ന ബഹുമതിയും മമ്മയ്ക്കാണ് .
സ്വീഡനിലെ ആദ്യ വനിതാ പത്രപ്രവർത്തക എന്ന ബഹുമതി മാത്രമല്ല, യൂറോപ്പിലെ ആദ്യകാല വനിതാ മാധ്യമപ്രവർത്തകരിൽ ഒരാളെന്ന അംഗീകാരവും മാർഗരീറ്റ മമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.
( പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാർഗരീറ്റ മമ്മയുടെ ചിത്രങ്ങൾ ലഭ്യമല്ല എന്നതിനാൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല.)
Content Highlights: Discover the legacy of Anna Margareta Momma, Sweden's first female journalist and publisher. Learn how she challenged 18th-century social norms.
Published: 17 Jun 2026, 03:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented