
ഏകദേശം അറുപത് വർഷക്കാലം നീണ്ടുനിന്ന തന്റെ പത്രപ്രവർത്തന ജീവിത കാലത്ത് ലോകത്ത് നടന്ന പ്രധാന യുദ്ധങ്ങളും സംഘർഷങ്ങളുമെല്ലാം നേരിട്ടു റിപ്പോർട്ട് ചെയ്തിട്ടുള്ള മാർത്ത എലിസ് ഗെൽഹോൺ (1908-1998) യുദ്ധകാര്യ ലേഖികമാരിൽ പ്രധാനിയാണ്. രാഷ്ട്രീയവും സൈനികവുമായ കാര്യങ്ങൾക്കപ്പുറത്ത്, യുദ്ധത്തിന്റെ ഇരകളായിത്തീർന്ന സാധാരണ മനുഷ്യരുടെ ദുരിതങ്ങൾ ലോകത്തിന് മുന്നിലെത്തിച്ചതിലൂടെയാണ് അവർ വ്യത്യസ്തയായത്. ധൈര്യവും സത്യസന്ധതയും മാനവികതാബോധവും നിറഞ്ഞ മാർത്തയുടെ റിപ്പോർട്ടുകൾ യുദ്ധപത്രപ്രവർത്തനത്തിന് പുതിയൊരു മാനം തന്നെ നൽകി.
നോവലിസ്റ്റ്, യാത്രാവിവരണ എഴുത്തുകാരി എന്ന നിലകളിലും ഈ അമേരിക്കൻ പത്രപ്രവർത്തക പ്രശസ്തയാണ്. സെന്റ് ലൂയിസിലെ ജോൺ ബറോസ്സ് സ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കിയ മാർത്ത ഗെൽഹോൺ ബിരുദ പഠനത്തിന് ഫിലഡൽഫിയയ്ക്കു സമീപമുള്ള ബ്രിൻ മോർ കോളേജിൽ ചേർന്നു. എന്നാൽ, പത്രപ്രവർത്തകയാകണമെന്ന മോഹം കാരണം ബിരുദം പൂർത്തിയാക്കാതെ കോളേജ് വിട്ടു. മാർത്തയുടെ ആദ്യ ലേഖനങ്ങൾ ദ ന്യൂ റിപ്പബ്ലിക് മാസികയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
1930-ൽ വിദേശ വാർത്താലേഖികയാകണമെന്ന ദൃഢനിശ്ചയത്തോടെ മാർത്ത ഫ്രാൻസിലേക്ക് പോയി. രണ്ട് വർഷത്തോളം പാരീസിലെ യുണൈറ്റഡ് പ്രസ്സ് വാർത്താ ഏജൻസിയുടെ ഓഫീസിൽ ജോലി ചെയ്തു. ഏജൻസിയുമായി ബന്ധപ്പെട്ടിരുന്ന ഒരു വ്യക്തിയിൽനിന്ന് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതിപ്പെട്ടതിനെ തുടർന്ന് ജോലി നഷ്ടമായി. തുടർന്ന് യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചുകൊണ്ട് പാരീസിലെയും സെന്റ് ലൂയിസിലെയും പത്രങ്ങൾക്കായി ലേഖനങ്ങൾ എഴുതി. അതോടൊപ്പം വോഗ് മാസികയ്ക്കായി ഫാഷൻ റിപ്പോർട്ടിംഗും നടത്തി.
ഈ കാലഘട്ടത്തിൽ മാർത്ത ഗെൽഹോൺ സമാധാനവാദ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു. ആ അനുഭവങ്ങളെ അടിസ്ഥാനമാക്കി വാട്ട് മാഡ് പർസ്യൂട്ട് (What Mad Pursuit )എന്ന പുസ്തകം രചിച്ചു. 1932-ൽ അമേരിക്കയിലേക്ക് മടങ്ങിയെത്തിയ ശേഷം, അന്നത്തെ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ ഡി. റൂസ്‌വെൽറ്റിന്റെ ഉപദേഷ്ടാവായ ഹാരി ഹോപ്കിൻസിന്റെ കീഴിൽ ജോലി ചെയ്തു. അമേരിക്കയുടെ പ്രഥമ വനിതയായ എലീനർ റൂസ്‌വെൽറ്റുമായുള്ള സൗഹൃദമാണ് ഈ അവസരത്തിലേക്ക് വഴിതെളിച്ചത്. റൂസ്‌വെൽറ്റ് കുടുംബം ഗെൽഹോണിനെ വൈറ്റ് ഹൗസിൽ താമസിക്കാൻ ക്ഷണിക്കുകയും ചെയ്തു. അവിടെ അവർ എലീനർ റൂസ്‌വെൽറ്റിന്റെ കത്തുകളും “My Day” എന്ന പ്രശസ്ത പത്രക്കോളവും തയ്യാറാക്കാൻ സഹായിച്ചു.
മഹാമാന്ദ്യ (Great Depression )ത്തിന്റെ ദുരിതങ്ങളിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ വേണ്ടി പ്രസിഡന്റ് റൂസ്‌വെൽറ്റ് രൂപീകരിച്ച ഫെഡറൽ എമർജൻസി റിലീഫ് അഡ്മിനിസ്ട്രേഷനിൽ (FERA) ഗെൽഹോണിനെ ഫീൽഡ് ഇൻവെസ്റ്റിഗേറ്ററായി നിയമിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് മഹാമാന്ദ്യം സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് അവർ പഠിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
നോർത്ത് കരോലിനയിലെ ഗാസ്റ്റോണിയ സന്ദർശിച്ച് പ്രശസ്ത ഫോട്ടോഗ്രാഫറായ ഡൊറോത്തിയ ലാങ്ങിനൊപ്പം ചേർന്ന് പട്ടിണിയനുഭവിക്കുന്ന, കഴിയാൻ ഒരു കൂര പോലുമില്ലാത്ത ജനങ്ങളുടെ ജീവിതകഥകൾ രേഖപ്പെടുത്തി. മാർത്തയുടെ റിപ്പോർട്ടുകൾ മഹാമാന്ദ്യവുമായി ബന്ധപ്പെട്ട ഔദ്യോഗിക സർക്കാർ രേഖകളുടെ തന്നെ ഭാഗമായി. അക്കാലത്ത് (1930) സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന പല മേഖലകളിലേക്കും വിഷയങ്ങളിലേക്കും ധൈര്യത്തോടെ കടന്നുചെന്നുകൊണ്ട് മാർത്ത ഗെൽഹോൺ അന്വേഷണങ്ങൾ നടത്തി. ഈ ഗവേഷണങ്ങളും അനുഭവങ്ങളും പശ്ചാത്തലമാക്കിക്കൊണ്ട് 1936-ൽ അവർ ദി ട്രബിൾ ഐ ഹാവ് സീൻ (The Trouble I've Seen )എന്ന ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു.
സ്വതന്ത്രവും പോരാട്ടവീര്യം നിറഞ്ഞതുമായ അവരുടെ സ്വഭാവം പലപ്പോഴും പ്രശ്നങ്ങൾക്ക് വഴിവെച്ചിട്ടുമുണ്ട്. അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി തൊഴിലാളികളുടെ ഒരു സംഘത്തെ FERA ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർക്കാൻ അവർ പ്രേരിപ്പിച്ചു. ഈ സംഭവം വലിയ വിവാദത്തിന് വഴിതെളിച്ചു. ഗെൽഹോണിന് FERA-യിലെ ജോലി നഷ്ടമായി. മാർത്ത ഗെൽഹോൺ പത്രപ്രവർത്തക എന്നതിലുപരി സാമൂഹിക നീതിക്കുവേണ്ടി പോരാടുന്ന ധീരയായ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്നു എന്നതിന്റെ തെളിവുകളായി ഇത്തരം നിരവധി സംഭവങ്ങളുണ്ട്.
1936-ലെ ക്രിസ്മസ് അവധിക്കാലത്ത് കുടുംബത്തോടൊപ്പം ഫ്ലോറിഡയിലെ കീ വെസ്റ്റിൽ എത്തിയപ്പോഴാണ് മാർത്ത ഗെൽഹോൺ പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായ എർണസ്റ്റ് ഹെമിങ്‌വേയെ കണ്ടുമുട്ടുന്നത്. അന്ന് സ്പാനിഷ് ആഭ്യന്തരയുദ്ധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനായി കോളിയേഴ്‌സ് വീക്കിലി എന്ന പ്രസിദ്ധീകരണം ഗെൽഹോണിനെ നിയോഗിച്ചിരുന്നു. ഇരുവരും ചേർന്ന് സ്പെയിനിലേക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചു.
1937 ജൂലൈ മുതൽ 1938 നവംബർ വരെ സ്പാനിഷ് യുദ്ധ മുന്നണിയിൽനിന്ന് ഗെൽഹോൺ അയച്ച റിപ്പോർട്ടുകളെല്ലാം യുദ്ധം മൂലം സാധാരണക്കാരായ മനുഷ്യർ അനുഭവിച്ച കഷ്ടപ്പാടുകളും ദുരിതങ്ങളും വിവരിക്കുന്നവയായിരുന്നു. 1937-ലെ ക്രിസ്മസ് അവർ ഹെമിങ്‌വേയ്‌ക്കൊപ്പം ബാഴ്‌സലോണയിൽ ആഘോഷിച്ചു.
യൂറോപ്പിൽ തങ്ങിയ കാലത്ത് ജർമ്മനിയിലെ അഡോൾഫ് ഹിറ്റ്ലറുടെ ആരോഹണത്തെക്കുറിച്ച് അവർ റിപ്പോർട്ട് ചെയ്തു. 1938-ൽ, മ്യൂണിക്ക് ഉടമ്പടി നിലവിൽ വരുന്നതിന് ഏതാനും മാസങ്ങൾ മുമ്പ്, അവർ ചെക്കോസ്ലോവാക്യയിലും ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതിനുശേഷമുള്ള അനുഭവങ്ങൾ എ സ്ട്രൈക്കൺ ഫീൽഡ് (A Stricken Field ,1940) എന്ന നോവലിൽ അവർ അവതരിപ്പിച്ചിട്ടുണ്ട്. ഫിൻലാൻഡ്, ഹോങ്കോംഗ്, ബർമ്മ, സിംഗപ്പൂർ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽനിന്നു മാർത്ത ഗെൽഹോൺ യുദ്ധറിപ്പോർട്ടുകൾ ചെയ്തു.
1944 ജൂണിൽ, നോർമണ്ടി ആക്രമണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഔദ്യോഗിക മാധ്യമ അംഗീകാരത്തിനായി ബ്രിട്ടീഷ് സർക്കാരിനെ ഗെൽഹോൺ സമീപിച്ചു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ മറ്റു വനിതാ പത്രപ്രവർത്തകരുടെ അപേക്ഷകളുടെ കൂട്ടത്തിൽ അവരുടെ അപേക്ഷയും സർക്കാർ തള്ളിക്കളഞ്ഞു.
ഗെൽഹോൺ പിന്മാറിയില്ല. ഔദ്യോഗിക അനുമതിയില്ലാതിരുന്നിട്ടും അവർ ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്തെത്തി. ഒരു നഴ്‌സാണെന്ന് അവകാശപ്പെട്ടുകൊണ്ട്, ഫ്രാൻസിലേക്ക് പുറപ്പെടാൻ തയ്യാറായി നിന്നിരുന്ന ഒരു അമേരിക്കൻ ആശുപത്രിക്കപ്പലിൽ കയറി. കപ്പൽ പുറപ്പെട്ടതിനു ശേഷം ഒരു കുളിമുറിക്കുള്ളിൽ ഒളിച്ചിരുന്നുകൊണ്ട് ഇംഗ്ലീഷ് ചാനൽ കടന്ന് ഫ്രാൻസിലെത്തുകയും ചെയ്തു.
രണ്ടുദിവസങ്ങൾക്ക് ശേഷം ഒമാഹ ബീച്ചിന് സമീപമെത്തിയ ഗെൽഹോൺ മെഡിക്കൽ സംഘത്തോടൊപ്പം ചേർന്ന് പരിക്കേറ്റ സൈനികരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സൈനികനിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ പിന്നീട് അവരെ അറസ്റ്റ് ചെയ്യുകയും യുദ്ധവാർത്താലേഖിക എന്ന അംഗീകാരം റദ്ദാക്കുകയും ചെയ്തു. എന്നാൽ, അതുകൊണ്ടൊന്നും അവർ പിന്മാറാൻ കൂട്ടാക്കിയില്ല. ഇറ്റലിയിലേക്ക് കടന്ന അവർ യുദ്ധകാലം മുഴുവൻ അവിടെനിന്ന് കോളിയേഴ്‌സ് മാസികയ്ക്കായി റിപ്പോർട്ടുകൾ അയച്ചുകൊണ്ടിരുന്നു.
‘എവിടെയൊക്കെ യുദ്ധം നടന്നിട്ടുണ്ടോ എനിക്ക് എത്തിപ്പെടാൻ പറ്റിയിടങ്ങളിലൊക്കെ ഞാൻ അതിനെ പിന്തുടർന്നുകൊണ്ടേയിരുന്നു’വെന്ന്
പിന്നീട് അവർ പറഞ്ഞിട്ടുണ്ട്.
1944 ജൂൺ 6-ന് നടന്ന ചരിത്രപ്രസിദ്ധമായ ഡി-ഡേ നോർമണ്ടി ലാൻഡിംഗിൽ നേരിട്ട് പങ്കെടുത്ത് റിപ്പോർട്ട് ചെയ്ത ഏക വനിതാ വാർത്താലേഖികയായിരുന്നു മാർത്ത ഗെൽഹോൺ. 1945 ഏപ്രിൽ 29-ന് അമേരിക്കൻ സൈന്യം ഡാക്കൗ കോൺസെൻട്രേഷൻ ക്യാമ്പ് മോചിപ്പിച്ചതിന് പിന്നാലെ അവിടെനിന്ന് റിപ്പോർട്ട് ചെയ്ത ആദ്യ പത്രപ്രവർത്തകരിൽ ഒരാളുമായിരുന്നു അവർ. നാസി ക്രൂരതകളുടെ ഭീകരത ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നതിൽ അവരുടെ റിപ്പോർട്ടുകൾ നിർണായക പങ്കുവഹിച്ചു.
മാർത്ത ഗെൽഹോണും എർണസ്റ്റ് ഹെമിങ്‌വേയും ഏകദേശം നാല് വർഷത്തോളം ഒരുമിച്ച് ജീവിച്ചശേഷം 1940 നവംബറിൽ വിവാഹിതരായി. എന്നാൽ, ഈ ബന്ധം തുടക്കം മുതൽ തന്നെ സംഘർഷഭരിതമായിരുന്നു. അവർ ദീർഘനാളുകൾ യുദ്ധമുന്നണിയിൽ ചെലവഴിക്കുന്നത് ഹെമിങ്‌വേയെ അസ്വസ്ഥനാക്കി. 1943-ൽ ഇറ്റാലിയൻ യുദ്ധമുന്നണിയിലേക്ക് റിപ്പോർട്ട് ചെയ്യാൻ പുറപ്പെട്ട നേരത്ത് ഹെമിങ്‌വേ അവർക്കെഴുതിയ ഒരു കത്തിൽ ചോദിച്ചു:
"നീ ഒരു യുദ്ധവാർത്താലേഖികയാണോ, അതോ എന്റെ ഭാര്യയാണോ?"
ഗെൽഹോൺ പക്ഷെ തന്റെ പ്രൊഫഷൻ, അതിനേക്കാളേറെ അതിലേർപ്പെടാനുള്ള സ്വാതന്ത്ര്യം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.
നോർമണ്ടി ആക്രമണത്തിന് മുമ്പ് യുദ്ധമുന്നണിയിലേക്ക് പോയപ്പോൾ, ഗെൽഹോണിന്റെ യാത്ര തടയാൻ ഹെമിങ്‌വേ ശ്രമിച്ചെങ്കിലും അവർ അതൊക്കെ മറികടന്നുകൊണ്ട് അപകടകരമായ ഒരു കപ്പൽയാത്രയിലൂടെ യുദ്ധമുഖരിതമായ ലണ്ടനിലെത്തി. ഈ ബന്ധം തനിക്ക് മതിയായെന്നും ഇനി മുന്നോട്ടുപോകാനാവില്ലെന്നും അവർ തീരുമാനിച്ചു.
നാലു വർഷങ്ങൾ നീണ്ടുനിന്ന സംഘർഷപൂർണമായ ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ട് 1945-ൽ അവർ വിവാഹമോചിതരായി.
ഗെൽഹോൺ ഒരിക്കലും "ഹെമിങ്‌വേയുടെ ഭാര്യ" എന്ന നിലയിൽ മാത്രം അറിയപ്പെടാൻ ആഗ്രഹിച്ചില്ല.
"ഞാൻ ഒരു എഴുത്തുകാരിയായിരുന്നു. അദ്ദേഹം എന്നെ കണ്ടുമുട്ടുന്നതിന് മുമ്പും ഞാൻ എഴുത്തുകാരിയായിരുന്നു; അദ്ദേഹം മരിച്ച ശേഷവും ഞാൻ എഴുത്തുകാരിയായിത്തന്നെ തുടർന്നു. പിന്നെ ഞാൻ എന്തിനാണ് വെറും ഒരു അടിക്കുറിപ്പിനു വേണ്ടി ജീവിക്കേണ്ടത്?"
ഈ വാക്കുകൾ മാർത്ത ഗെൽഹോണിന്റെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യബോധത്തെയും വിളിച്ചറിയിക്കുന്നു. യുദ്ധമുന്നണികളിൽ ജീവൻ പണയപ്പെടുത്തിക്കൊണ്ട് സത്യം തേടി കണ്ടെത്തിയ അവർ, ലോക പത്രപ്രവർത്തന ചരിത്രത്തിലെ ഏറ്റവും ധീരയും സ്വതന്ത്രയുമായ വനിതാ വാർത്താലേഖകരിൽ ഒരാളായി ഇന്നും ഓർമ്മിക്കപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മാർത്ത ഗെൽഹോൺ അറ്റ്ലാന്റിക് മന്ത്‌ലി എന്ന പ്രസിദ്ധീകരണത്തിനുവേണ്ടി പ്രവർത്തിച്ചു. 1960-കളിലും 1970-കളിലും വിയറ്റ്നാം യുദ്ധവും അറബ്– ഇസ്രായേൽ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തു.
1979-ൽ എഴുപതാം ജന്മദിനം ആഘോഷിച്ചതിന് ശേഷവും അവർ പത്രപ്രവർത്തനത്തിൽനിന്ന് വിരമിച്ചില്ല. അടുത്ത ദശകത്തിലും മധ്യ അമേരിക്കയിലെ ആഭ്യന്തര യുദ്ധങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ അവർ യുദ്ധമേഖലകളിലൂടെ സഞ്ചരിച്ചു. എൺപതാം വയസ്സിൽ ശാരീരികശേഷി വല്ലാതെ കുറഞ്ഞു തുടങ്ങിയിരുന്നെങ്കിലും 1989-ൽ അമേരിക്ക പനാമയിൽ നടത്തിയ സൈനികാക്രമണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ അവർക്ക് സാധിച്ചു.
1990-ൽ പനാമ സിറ്റിയിലെ ചേരിപ്രദേശങ്ങളിലെ വീടുകളിൽ കയറിയിറങ്ങി അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതോ പരിക്കേറ്റതോ ആയ സാധാരണ മനുഷ്യരെക്കുറിച്ച് അവർ വിവരങ്ങൾ ശേഖരിച്ചു. യുദ്ധത്തിന്റെ യഥാർത്ഥ ആഘാതം വന്നു പതിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തിലാണെന്ന് തെളിയിക്കാനുള്ള ശ്രമമായിരുന്നു അത്.
1990-കളുടെ തുടക്കത്തിലാണ് മാർത്ത ഗെൽഹോൺ പത്രപ്രവർത്തനത്തിൽനിന്ന് വിരമിച്ചത്. ഇതിനിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും അത് വിജയിച്ചില്ല. അതിന്റെ ഫലമായി അവരുടെ കാഴ്ചശക്തി ക്ഷയിച്ചു. 1990-കളിൽ ബാൽക്കൻ മേഖലയിൽ നടന്ന യുദ്ധങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പറ്റാത്ത വിധത്തിൽ തനിക്ക് പ്രായമേറിപ്പോയെന്ന് അവർ തുറന്നു പറഞ്ഞു.
1995-ൽ അവർ തന്റെ അവസാനത്തെ വിദേശയാത്ര നടത്തി. ബ്രസീലിലെ ദാരിദ്ര്യത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനായിരുന്നു ആ യാത്ര. അത് ഗ്രാന്റ എന്ന സാഹിത്യ മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കാഴ്ചശക്തി വളരെ കുറഞ്ഞിരുന്ന സമയത്ത് സ്വന്തം കൈയെഴുത്തുപ്രതികൾ പോലും വായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നിട്ടും, അതീവ പ്രയാസങ്ങൾ തരണം ചെയ്താണ് അവർ ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
മാർത്ത ഗെൽഹോണിന്റെ പ്രധാന കൃതിയായ ദി ഫേസ് ഓഫ് വാർ( The Face of War 1959) വിവിധ യുദ്ധങ്ങളെക്കുറിച്ചുള്ള അവരുടെ റിപ്പോർട്ടുകളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ്. ദി ലോവസ്റ്റ് ട്രീസ് ഹാവ് ടോപ്സ് (The Lowest Trees Have Tops, 1967) അമേരിക്കയിലെ മക്കാർത്തി കാലഘട്ടത്തിലെ രാഷ്ട്രീയ ഭീതിയും പീഡനവും ആസ്പദമാക്കിയ നോവലാണ്.ട്രാവൽസ് വിത്ത് മൈ സെൽഫ് ആന്റ് അനദർ (Travels with Myself and Another, 1978) ലോകസഞ്ചാര അനുഭവങ്ങൾ ഉൾക്കൊള്ളുന്ന യാത്രാവിവരണമാണ്. ഇതിൽ ഹെമിങ്‌വേയോടൊപ്പമുള്ള ഒരു യാത്രയുടെ വിവരണവും ഉൾപ്പെടുന്നു.
ദിവ്യൂ ഫ്രം ദി ഗ്രൗണ്ട് (The View from the Ground, 1988) യുദ്ധമില്ലാത്ത സാഹചര്യങ്ങളിൽ അവർ എഴുതിയ പത്രപ്രവർത്തന റിപ്പോർട്ടുകളുടെ സമാഹാരമാണ്. മാർത്ത ഗെൽഹോണിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സവിശേഷത അവരുടെ നിരന്തരമായ സഞ്ചാരമായിരുന്നു. ഒരു നാടോടിയുടെ ആത്മാവായിരുന്നു അവരുടേത്.
ഏതെങ്കിലും ഒരു സ്ഥലത്ത് സ്ഥിരതാമസമാക്കാൻ അവർക്ക് ഒരിക്കലും താത്പര്യമുണ്ടായിരുന്നില്ല. നാൽപത് വർഷത്തിനിടയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 സ്ഥലങ്ങളിൽ വീടുകൾ ഉണ്ടാക്കിയതായി അവർ പറഞ്ഞിട്ടുണ്ട് .
"വീട്" എന്നത് ഗെൽഹോണിന് വെറുമൊരു കെട്ടിടമോ മേൽവിലാസമോ ആയിരുന്നില്ല. പുതിയ മനുഷ്യരെയും കഥകളെയും അനുഭവങ്ങളെയും തേടിയുള്ള യാത്രകളായിരുന്നു അവരുടെ യഥാർത്ഥ വീട്.
മാർത്ത ഗെൽഹോൺ ഒരു യുദ്ധവാർത്താലേഖിക മാത്രമല്ല, ലോകത്തിന്റെ വേദനകളെ സ്വന്തം കണ്ണുകളിലൂടെ നേരിട്ടു കണ്ട് ആ കാഴ്ചകളെ സ്വന്തം വാക്കുകളിലൂടെ രേഖപ്പെടുത്തിവെച്ച അപൂർവ മനുഷ്യസ്നേഹിയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ധീരയും സ്വതന്ത്രയുമായ വനിതാ പത്രപ്രവർത്തകരിൽ ഒരാളായി അവർ ഇന്നും ലോകചരിത്രത്തിൽ അനശ്വരയായി നിലകൊള്ളുന്നു.
Content Highlights: Martha Gellhorn: The Courageous Legacy of a Legendary War Correspondent
Published: 02 Jul 2026, 02:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented