കോഴിക്കോട് പാളയം ബസ്സ്റ്റാന്‍ഡില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് പുറപ്പെട്ട ആദ്യത്തെ ബസ്സില്‍ത്തന്നെ ഞാന്‍ കയറി ഇരുന്നു. രാവിലെ എട്ടുമണിയായപ്പോഴാണ് ബസ് കുറ്റിപ്പുറത്ത് എത്തിയത്. അവിടെ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസ്സില്‍ കയറി ചങ്ങരംകുളം എത്തി. അവിടെ നിന്ന് അയനിച്ചോട്ടിലേക്ക് ജീപ്പ് ട്രിപ്പടിക്കുന്നുണ്ടായിരുന്നു. ആ ജീപ്പില്‍ കയറി അയനിച്ചോട്ടിലെത്തി. ഞാന്‍ നേരെ ഇക്കയുടെ ചായക്കടയിലേക്ക് ചെന്നു. അപ്പോള്‍ അവിടെ നല്ല തിരക്കായിരുന്നു.

To advertise here,

എന്നെ കണ്ടതും മുതലാളി ഇക്കയും പണ്ടാരി ഇക്കയും എന്റെ വിശേഷങ്ങള്‍ തിരക്കി. കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ ലോട്ടറി കച്ചവടം ചെയ്യുകയാണെന്നും എനിക്ക് കിട്ടാനുള്ള 150 രൂപ വാങ്ങാനാണ് ഞാന്‍ വന്നതെന്നും മുതലാളി ഇക്കയോട് പറഞ്ഞു. അപ്പോള്‍ മുതലാളി ഇക്ക ക്യാഷ് ബോക്‌സ് തുറന്ന് 150 രൂപ എടുത്തുതന്നു.

'ഞാന്‍ ജോലി വിട്ടതിനുശേഷം നിങ്ങളുടെ ചായക്കടയില്‍ നിന്നു തന്നെയാണ് ഭക്ഷണം കഴിച്ചിരുന്നത്. അതിന്റെ പണം നിങ്ങള്‍ ഇതില്‍ നിന്നും എടുത്തോളൂ' എന്നും പറഞ്ഞ് പണം എടുത്ത് അയാള്‍ക്കുനേരെ നീട്ടി. ഭക്ഷണം കഴിച്ചതിനൊന്നും പണം വേണ്ട എന്ന് മുതലാളി ഇക്ക പറഞ്ഞപ്പോള്‍ പിന്നീട് ഞാന്‍ കൂടുതല്‍ നിര്‍ബന്ധിക്കാൻ പോയില്ല.

മുതലാളി ഇക്കയോട് യാത്രപറഞ്ഞ് ഹോട്ടലില്‍ നിന്നും പുറത്തുവന്ന് തൊട്ടടുത്തുള്ള പെട്ടിക്കടയില്‍ നിന്നും രണ്ട് ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ വാങ്ങി. അവിടെ നിന്ന് നേരെ പാണ്ടി അണ്ണന്റെ ക്വാര്‍ട്ടേഴ്സിലേക്ക് ചെന്നു. പാണ്ടി അണ്ണനും അക്കായും കട്ടന്‍ചായ തന്ന് എന്നെ സ്വീകരിച്ചു. എന്റെ കൈയിലുണ്ടായിരുന്ന ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ കുട്ടികള്‍ക്ക് കൊടുത്തു.

കുറച്ചുകഴിഞ്ഞ് അവിടെ നിന്ന് പാണ്ടി അണ്ണനോട് യാത്രപറഞ്ഞ് കോഴിക്കോട് തിരിച്ചെത്തി. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് റെഡിയായി. പാളയത്ത് പൂക്കച്ചവടം ചെയ്തിരുന്ന അക്കാമാരൊക്കെ വലിയ പൊട്ടും തൊട്ടാണ് ഇരുന്നിരുന്നത്. അതുപോലെ തന്നെ ഞാനും വലിയ പൊട്ടും തൊട്ടാണ് കച്ചവടത്തിനിറങ്ങിയത്.

എന്റെ ലോഡ്ജില്‍ നിന്നുമിറങ്ങി നേരെ പാളയത്ത് ചാമുണ്ഡേശ്വരി ലോഡ്ജില്‍ 104-ാ0 നമ്പര്‍ റൂമിലെത്തി. ഞാന്‍ അമ്പതുരൂപ ഗണേശണ്ണനെ ഏല്പിച്ചപ്പോള്‍ ഒരു കൊട്ടനിറയെ മുല്ലപ്പൂ എടുത്തുതന്നു. അവിടെ നിന്ന് നേരെ പുതിയ ബസ്സ്റ്റാന്‍ഡില്‍ നടന്നെത്തി ബസ്സില്‍ കയറി പൂ വില്‍ക്കാന്‍ തുടങ്ങി. ഉച്ചയ്ക്ക് പന്ത്രണ്ടുമണിവരെ ഓടി നടന്ന് പൂക്കച്ചവടം ചെയ്തിട്ടും മുപ്പതു രൂപയുടെ പൂ മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.

ഒരു മണിയായപ്പോഴേക്കും വെയിലേറ്റ് പൂവൊക്കെ വാടി. അന്നത്തെ പൂക്കച്ചവടം മതിയാക്കി ബാക്കിവന്ന പൂക്കള്‍ മൂത്രപ്പുരയുടെ അടുത്തുള്ള വേസ്റ്റ്‌ബോക്‌സില്‍ ഇട്ടതിനുശേഷം എന്റെ ലോഡ്ജിലേക്കു നടന്നു. ആദ്യ ദിവസത്തെ പൂക്കച്ചവടത്തില്‍ ഇരുപതു രൂപയുടെ നഷ്ടം വന്നു. ചെമ്മങ്ങാട് റെയില്‍വേ ഗേറ്റിനടുത്ത് ഒരു വിമണ്‍സ് പാരലല്‍ കോളേജ് ഉണ്ടായിരുന്നു. പിറ്റെ ദിവസം രാവിലെ പൂ വില്‍ക്കാനായി ആ കോളേജിന് മുന്നിലെത്തി. രാവിലെ പത്തുമണിവരെ അവിടെ നിന്നിട്ടും എന്റെ പൂക്കളുടെ ഭാഗത്തേക്ക് ഒരു പെണ്‍കുട്ടിപോലും തിരിഞ്ഞുനോക്കിയില്ല. അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. തമിഴ്നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് പൂക്കളോടുള്ള കമ്പംപോലെ കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇല്ല. എനിക്ക് ഒരു രൂപയുടെ കച്ചവടം പോലും ആ കോളേജില്‍ നിന്ന് കിട്ടിയില്ല. ആ കോളേജിന്റെ മുന്നില്‍ നിന്നിട്ട് കാര്യമില്ലെന്ന് തോന്നി. അതുകൊണ്ട് അവിടെ നിന്ന് പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് നടന്നു.

പോകുന്ന വഴിയേ കണ്ട ചേച്ചിമാരുടെ അടുത്തെല്ലാം പൂകാണിച്ച്, 'ഉങ്കള്‍ തലമുടിയില്‍ ഇന്ത പൂ ചൂടിയാല്‍ ഉങ്കള്‍ കണവര്‍ക്ക് ഉങ്കമേലെ റൊമ്പ കാതല്‍ വരും' എന്നൊക്കെ പറഞ്ഞുനോക്കി. എന്റെ തൊണ്ടയിലെ വെള്ളം വറ്റിയതല്ലാതെ ഒരു മുഴം പൂപോലും ആ ചേച്ചിമാരാരും വാങ്ങിയില്ല.

രണ്ടാം ദിവസം പൂക്കച്ചവടത്തില്‍ മുപ്പതുരൂപയുടെ നഷ്ടം എനിക്കുണ്ടായി. മൂന്നാം ദിവസം രാവിലെ കല്ലായ് റോഡ് ആരാധനാ ബില്‍ഡിംഗിന്റെ എതിര്‍വശത്തായി ഒരു ചെറിയ കട്ട്‌റോഡ് ഉണ്ട്. ആ കട്ട്റോഡില്‍ നൂറുമീറ്റര്‍ മുന്നോട്ടുനടന്നാല്‍ ആ കാലഘട്ടത്തില്‍ മര്‍സൂക്ക് വിമണ്‍സ് പാരലല്‍ കോളേജ് ഉണ്ടായിരുന്നു.

1990 കാലഘട്ടത്തില്‍ കേരളത്തിലെ ചെറിയ ഗ്രാമങ്ങളില്‍പോലും പാരലല്‍ കോളേജുകള്‍ ഉണ്ടായിരുന്നു. ടീച്ചര്‍ ട്രെയിനിംഗ് കഴിഞ്ഞ് സര്‍ക്കാര്‍ സ്‌കൂളിലെ ജോലിക്കായി കാത്തിരുന്നവര്‍ക്ക് ഒരു ആശ്വാസമായിരുന്നു ആ പാരലല്‍ കോളേജുകള്‍. പിന്നീട് മിക്ക ഹൈസ്‌ക്കൂളുകളിലും പ്ലസ് വണ്‍, പ്ലസ്ടു കോഴ്സുകള്‍ തുടങ്ങിയതോടെ ഈ പാരലല്‍ കോളേജുകള്‍ ഓരോന്നായി അടച്ചുപൂട്ടാന്‍ തുടങ്ങി. അതോടുകൂടി ആ അദ്ധ്യാപകരുടെ ജോലി നഷ്ടപ്പെടുകയും ജീവിതം വഴിമുട്ടുകയും ചെയ്തു എന്നുതന്നെ പറയാം.

രാവിലെ തന്നെ ഞാന്‍ മര്‍സൂക്ക് കോളേജിനു മുന്നിലെത്തി പൂക്കച്ചവടം തുടങ്ങി. ആ കോളേജില്‍ ഇത്താത്തമാരായിരുന്നു കൂടുതലും പഠിച്ചിരുന്നത്. അവരാരുംതന്നെ പൂവുമായി നില്‍ക്കുന്ന എന്റെ ഭാഗത്തേക്കുപോലും തിരിഞ്ഞുനോക്കിയില്ല. ഇടയ്ക്ക് തട്ടമിടാതെ ഒന്നുരണ്ടു പെണ്‍കുട്ടികള്‍ വന്നിരുന്നു. അതിലൊരു പെണ്‍കുട്ടി എന്നെത്തന്നെ നോക്കിക്കൊണ്ട് കോളേജിലേക്ക് ചെന്ന് ബാഗ് ക്ലാസ്റൂമില്‍ വെച്ച് എന്റെ അടുത്തേക്ക് തിരികെ വന്നു. 

ഒരു രൂപയ്ക്ക് പൂ ചോദിച്ചപ്പോള്‍ ഞാന്‍ ഹാപ്പിയായി. ആ ദിവസത്തെ ആദ്യത്തെ കച്ചവടമായിരുന്നു അത്. അതുകൊണ്ട് ഞാന്‍ അവള്‍ക്ക് കുറച്ച് പൂ കൂടി കൂടുതലായി കൊടുത്തു. അപ്പോള്‍ ആ പെണ്‍കുട്ടി പറഞ്ഞു. 'എനിക്ക് പൂവൊന്നും വേണ്ടായിരുന്നു. പക്ഷേ, , ഇയാളുടെ നെറ്റിയിലെ വലിയ പൊട്ടു കണ്ടപ്പോള്‍ ചിരി വന്നു. അതുകൊണ്ട് പൂ വാങ്ങാന്‍ വന്നതാണ്.'

എന്തായാലും വലിയ പൊട്ടു തൊട്ടതിന്റെ ഗുണം കിട്ടിയല്ലോ. ആ കുട്ടിക്ക് എന്റെ നെറ്റിയിലെ പൊട്ടാണോ ഇഷ്ടമായത്, അതോ എന്നെയാണോ ഇഷ്ടമായത് എന്ന് ആലോചിച്ചപ്പോള്‍ എനിക്ക് നാണം വന്നു. ആ കോളേജില്‍നിന്ന് ആ ഒരു രൂപയുടെ കച്ചവടമേ കിട്ടിയുള്ളൂ. ബാക്കിയുള്ള പൂക്കളുമായി ഞാന്‍ അവിടെനിന്ന് പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് നടന്നെത്തി പൂക്കച്ചവടം തുടങ്ങി. അന്നത്തെ ദിവസം ഇരുപത്തിയഞ്ചു രൂപയുടെ നഷ്ടമാണ് ഉണ്ടായത്. നാലാം ദിവസം മുപ്പതുരൂപയുടെ നഷ്ടം വന്നപ്പോള്‍ ഞാന്‍ ഗണേശണ്ണനോട് 'പൂക്കച്ചവടം എനിക്ക് മതിയായി.' ഞാന്‍ നിര്‍ത്തുന്നു. എന്നു പറഞ്ഞപ്പോള്‍ ഗണേശണ്ണന്‍ 'ഒരു ദിവസം കൂടി കച്ചവടം ചെയ്ത് നോക്കൂ. ഇരുപത്തിയഞ്ചു രൂപയുടെ പൂ കൊണ്ടുപോയാല്‍ മതി, ഒരുപക്ഷേ, , കച്ചവടം നടന്നില്ലെങ്കില്‍ ഈ പൂവിന്റെ പണം നീ എനിക്ക് തരേണ്ട' എന്നുപറഞ്ഞു.

ഗണേശണ്ണന്‍ പറഞ്ഞതുപോലെ ഞാന്‍ പിറ്റേദിവസം ഇരുപത്തിയഞ്ചുരൂപയുടെ പൂവുമായി പുതിയ ബസ്സ്റ്റാന്‍ഡിലെത്തി കച്ചവടം തുടങ്ങി. ആദ്യമായി കേരളത്തിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയും വെറുത്ത ദിവസമായിരുന്നു അന്ന്. ഉച്ചയ്ക്കു പന്ത്രണ്ടുമണിയായിട്ടും പത്തുരൂപയുടെ പൂക്കച്ചവടം പോലും നടന്നില്ല. പൂവാണെങ്കില്‍ അന്ന് വാടിപ്പോയിട്ടുമുണ്ടായിരുന്നില്ല.

എനിക്കു ഭയങ്കരമായ ദേഷ്യം വന്നു. ആ ദിവസത്തെ പൂക്കച്ചവടം മതിയാക്കി വാടാത്ത പൂക്കള്‍ വേസ്റ്റ്ബോക്‌സിലിടാനും മനസ്സുവന്നില്ല. ആര്‍ക്കെങ്കിലും ബാക്കിവന്ന പൂക്കള്‍ ഫ്രീയായിട്ട് കൊടുക്കാന്‍ തീരുമാനിച്ചു. ജീവിതത്തിലാദ്യമായി ഞാന്‍ പൂകൊടുക്കുന്ന പെണ്‍കുട്ടി അതിസുന്ദരിയായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ നാട്ടില്‍ പുടവ കൊടുക്കുന്നതിന് തുല്യമാണ് പൂ കൊടുക്കുന്നത്.

കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ അതിസുന്ദരിയായ പെണ്‍കുട്ടി ആരെങ്കിലും നില്‍പ്പുണ്ടോ എന്ന് കണ്ണോടിച്ചുനോക്കി. വടകര ബസ് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്ത് തരക്കേടില്ലാത്ത ഒരു പെണ്‍കുട്ടി നില്‍പുണ്ടായിരുന്നു. ഞാന്‍ അവളുടെ അടുത്തുചെന്ന് തമിഴ് സിനിമയിലെ നായകന്മാര്‍ റോസ് കൊടുത്ത് പ്രൊപ്പോസ് ചെയ്യുന്നതുപോലെ ഞാന്‍ എന്റെ പൂക്കൊട്ടയെ കാണിച്ച് ''ഇന്തമല്ലികൈ പൂക്കള്‍ ഉങ്കളുക്കാക്'' എന്നും പറഞ്ഞ് പൂക്കൊട്ട അവളുടെ മുമ്പിലേക്ക് നീട്ടിയപ്പോള്‍ ആ കുട്ടി നാണം കൊണ്ട് കവിള്‍ ചുവന്ന് ''ഈം മ് വേണ്ട'' എന്നുപറഞ്ഞു.

ഞാന്‍ ചിരിച്ചുകൊണ്ട് അവളോട് 'തപ്പാ നിനയ്ക്ക വേണ്ട (തെറ്റിദ്ധരിക്കേണ്ട), നാന്‍ പൂക്കച്ചവടം നിര്‍ത്തുന്നു. ഇന്ത പൂക്കളൈ നിങ്ങള്‍ ഫ്രീ ആയിട്ട് എടുത്തോളൂ' എന്നുപറഞ്ഞു.

ആ പെണ്‍കുട്ടിക്ക് ഒരു പത്തൊന്‍പത് ഇരുപതു വയസ് കാണും. എന്നെ കണ്ടാല്‍ പതിമൂന്ന് - പതിനാല് വയസ്സേ തോന്നുമായിരുന്നുള്ളുവെങ്കിലും മീശ അത്യാവശ്യം വളര്‍ന്നിട്ടുണ്ടായിരുന്നു.

അതുകൊണ്ടായിരിക്കാം ആ പെണ്‍കുട്ടിക്ക് നാണം വന്ന് പൂക്കള്‍ വാങ്ങാന്‍ മടിച്ചുനിന്നത്. അതു മനസ്സിലാക്കിയിട്ട് ഞാന്‍ അവളോട് പറഞ്ഞു.

''ഓ.കെ. ഫ്രീയായി വേണ്ട, ഇന്ത പൂക്കളെല്ലാം ഉങ്കള്‍ക്ക് വെറും എട്ടണയ്ക്ക് തരാം.'' എന്ന് തമിഴും മലയാളവും കലര്‍ത്തി ഞാന്‍ പറഞ്ഞൊപ്പിച്ചു. പക്ഷേ, ആ കുട്ടിക്ക് എട്ടണ മനസ്സിലായില്ല എന്നുതോന്നി. വീണ്ടും ഞാന്‍ പറഞ്ഞു. ''ഇത്രയും പൂക്കള്‍ക്ക് അമ്പതുകാശ് താങ്കെ.'' എന്നു പറഞ്ഞപ്പോള്‍ അവള്‍ പുഞ്ചിരിച്ചുകൊണ്ട് തന്റെ ബാഗില്‍ നിന്ന് അമ്പതുകാശ് എടുത്തുതന്നു. ഞാന്‍ ആ പൂവ് മുഴുവനും അവള്‍ക്കു കൊടുത്തു.

അവള്‍ തന്ന അമ്പതു പൈസ എന്റെ കീശയിലിട്ട് നേരെ മൂത്രപ്പുരയുടെ അടുത്തെത്തി. കൈയിലുണ്ടായിരുന്ന പൂക്കൊട്ട  മൂത്രപ്പുരയുടെ മേലേക്ക് എറിഞ്ഞതിനുശേഷം ഞാന്‍ നേരെ എന്റെ ലോഡ്ജിലേക്ക് നടന്നെത്തി. ഞാന്‍ ലോഡ്ജിലെത്തുമ്പോള്‍ റിസപ്ഷനില്‍ ആലിക്കോയാക്ക നില്‍ക്കുന്നു ണ്ടായിരുന്നു. അദ്ദേഹം എന്നോട് ''നിന്നെ 201-ലെ താമസക്കാരന്‍ കാണണം എന്നു പറഞ്ഞിട്ടുണ്ട്. നീ അവിടെ ചെന്ന് അയാളെ കാണ്, ഒരു കാര്യമുണ്ട്'' എന്നു പറഞ്ഞു.

''ഇതിപ്പോ ആരാ ഇത്? എന്നെ എന്തിനയാള്‍ കാണണം?''എന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ 201-ാ0 നമ്പര്‍ റൂമിന്റെ മുന്‍പിലെത്തി വാതിലില്‍ മുട്ടി.

ലക്ഷ്മണന്‍ എന്ന ആളാണ് ആ റൂമില്‍ ഉണ്ടായിരുന്നത്. മുപ്പത് വയസ്സ് തോന്നിക്കുന്ന താടിവെച്ച വെളുത്ത സുന്ദരനായ മലയാളികളുടെ ലക്ഷണമൊത്ത ഒരാളായിരുന്നു ലക്ഷ്മണേട്ടന്‍. എന്റെ ഭാഗ്യമോ അതോ കോഴിക്കോടിന്റെ ഭാഗ്യമാണോ എന്നൊന്നും എനിക്കറിയില്ല. എന്റെ ജീവിതത്തില്‍ ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതില്‍ ഉടനെ എന്റെ മുന്നില്‍ തുറക്കുന്നുണ്ടായിരുന്നു.

ലക്ഷ്മണേട്ടന്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടി കാണിച്ചിട്ട് ''ഈ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പെണ്‍കുട്ടികളും സ്ത്രീകളും ഉപയോഗിക്കുന്ന ആഭരണങ്ങള്‍ അടക്കം ചില സാധനങ്ങള്‍ ഉണ്ട്. ഇത് നീ വിറ്റുതരുമോ?'' എന്ന് ചോദിച്ചു.

ആ കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ എന്തൊക്കെ സാധനങ്ങള്‍ ഉണ്ടെന്നു നോക്കാതെ തന്നെ ഞാന്‍ വിറ്റുതരാം ഏട്ടാ എന്നു പറഞ്ഞപ്പോള്‍, എന്നാല്‍ പിന്നെ നാളെ രാവിലെ ഏഴുമണിയാകുമ്പോള്‍ റെഡിയായി ഇവിടെ റൂമിലേക്ക് എത്തിക്കോ എന്ന് ലക്ഷ്മണേട്ടന്‍ പറഞ്ഞു. ഞാന്‍ പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് റെഡിയായി ലക്ഷമണേട്ടന്റെ റൂമിലെത്തി. ഞങ്ങള്‍ രണ്ടുപേരും അവിടെ നിന്ന് കാര്‍ഡ് ബോര്‍ഡ് പെട്ടിയുമെടുത്ത് പുതിയ ബസ്സ്റ്റാന്‍ഡിലെത്തി രണ്ടുപേരും താമരശ്ശേരി ബസ്സില്‍ കയറി.

ഞാന്‍ ലോട്ടറി കച്ചവടം, കടലക്കച്ചവടം, പൂക്കച്ചവടം, ഒക്കെ ചെയ്തിരുന്നത് ലോഡ്ജിലെ ജീവനക്കാര്‍ക്ക് അറിയാമായിരുന്നു. തലേദിവസം ആലിക്കോയയോട് തന്റെ സാധനങ്ങള്‍ വില്‍ക്കാനായി ഏതെങ്കിലും ചെക്കന്‍മാരുണ്ടെങ്കില്‍ പറഞ്ഞുവിടണമെന്ന് ലക്ഷ്മണേട്ടന്‍ പറഞ്ഞുവത്രെ. ആലിക്കോയ ലോഡ്ജിലെ രണ്ടാം നിലയിലെ ബെഞ്ചില്‍ ഒരു തമിഴന്‍ ചെക്കന്‍ താമസിക്കുന്നുണ്ട്. അവന്‍ പുലിയാണ്. അവനെ ഞാന്‍ പറഞ്ഞുവിടാം എന്ന് ആലിക്കോയ ലക്ഷ്മണേട്ടനോട് പറഞ്ഞു.

ഞാന്‍ പരാജയപ്പെട്ട പുലിയാണെന്ന വിവരം അവരാരും അറിഞ്ഞിരുന്നില്ലല്ലോ. ഞങ്ങള്‍ താമരശ്ശേരി എത്തി. കല്യാണം നടക്കുന്ന വീടുകളിലേക്ക് ആവശ്യമായ പാത്രങ്ങളും മേശയും കസേരയും എല്ലാം വാടകയ്ക്ക് കൊടുക്കുന്ന ഒരു കട അവിടെ ഉണ്ടായിരുന്നു. ആ കടയിലേക്ക് ലക്ഷ്മണേട്ടന്‍ എന്നെ കൂട്ടിക്കൊണ്ടുപോയി.

അവിടെ നിന്നും ഒരു മേശയും ഒരു സ്റ്റൂളും എടുത്തു. അന്നത്തെ കാലത്ത് താമരശ്ശേരിയിലെ പുതിയ ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനം കഴിഞ്ഞിരുന്നില്ല. അഞ്ചോ ആറോ ബസ്സുകള്‍ മാത്രം നിര്‍ത്തിയിടാന്‍ പാകത്തിലുള്ള ഒരു കുഞ്ഞു ബസ്സ്റ്റാന്‍ഡ് ആയിരുന്നു താമരശ്ശേരിയുണ്ടായിരുന്നത്.  

ബസ്സ്റ്റാന്‍ഡിനടുത്തായി മേശയിട്ട് ആ കാര്‍ഡ് ബോര്‍ഡ് പെട്ടി തുറന്ന് ഓരോ സാധനങ്ങളുമെടുത്ത് നിരത്തിവെച്ചു. പെണ്‍കുട്ടികള്‍ക്ക് മുടി കെട്ടാനുള്ള റബ്ബര്‍ ബാന്‍ഡുകള്‍, ക്യൂട്ടെക്‌സ്, പല വെറൈറ്റീസിലുള്ള ഹെയര്‍ പിന്നുകള്‍ എന്നിവ അതില്‍ ഉണ്ടായിരുന്നു.

അന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ക്ക് ചെറിയ കാശ് കൊടുത്ത് വാങ്ങാന്‍ പറ്റിയ സാധനങ്ങളായിരുന്നു അവയില്‍ മിക്കതും.

വരൂ, ചേച്ചീ... മുടിയില്‍ വെക്കുന്ന മൊട്ട ഉണ്ട് എന്ന് ഞാന്‍ ഒന്നുരണ്ടു മലയാളം വാക്കുകള്‍ കലര്‍ത്തി വിളിച്ചുകൂവി കച്ചവടം തുടങ്ങി. 

ലക്ഷ്മണേട്ടന്‍ കുറച്ചു സമയം എന്നെ നിരീക്ഷിച്ചതിനുശേഷം എനിക്കു കുറച്ച് തിരക്കുണ്ട് ഞാന്‍ പോവ്വാ, നീ ഇവിടത്തെ കച്ചവടം കഴിഞ്ഞ് ലോഡ്ജിലേക്കെത്തിക്കോ, നമുക്കവിടെ നിന്ന് കാണാം എന്നും പറഞ്ഞിട്ട് പോയി. ഞാന്‍ വൈകീട്ട് ആറരമണിവരെ കച്ചവടം ചെയ്തപ്പോള്‍ 140 രൂപയുടെ കച്ചവടമാണ് നടന്നത്.

സാധനങ്ങളൊക്കെ എടുത്ത് പെട്ടിയില്‍ വെച്ചുകെട്ടി. മേശയും സ്റ്റൂളും വാടകയ്ക്ക് എടുത്ത് കടയില്‍ ചെന്ന് ഏല്പിച്ചു. അതിന്റെ വാടക പത്തുരൂപയും കൊടുത്തു. ഞാന്‍ തിരിച്ച് കോഴിക്കോടെത്തി. ലക്ഷ്മണേട്ടന്റെ റൂമില്‍ ചെന്ന് ഉച്ചഭക്ഷണം കഴിച്ചതിന്റെ പണവും മേശയുടെ വാടകയും ബസ് ചാര്‍ജ്ജും കിഴിച്ച് ബാക്കിയുള്ള പണം അദ്ദേഹത്തെ ഏല്പിച്ചു.

ലക്ഷ്മണേട്ടന്‍ ആ പണം വാങ്ങി എന്റെ ബെഞ്ചിന്റെ വാടകക്കുള്ള അഞ്ചുപയും ഇരുപതു രൂപ എന്റെ ശമ്പളവുമായി തന്നു. ചെലവ് കിഴിച്ച് ശമ്പളമായി ഇരുപത് രൂപ കിട്ടിയപ്പോള്‍ ജീവിതത്തില്‍ ഒരു പ്രതീക്ഷയൊക്കെ വന്നു. പിറ്റേ ദിവസം രാവിലെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന സ്ഥലത്തേക്കാണ് ലക്ഷമണേട്ടന്‍ എന്നോട് പോകാന്‍ പറഞ്ഞത്. കൊണ്ടോട്ടിയില്‍ 200 രൂപയുടെ കച്ചവടം നടന്നു. തലേദിവസംപോലെ തന്നെ ചെലവ് കിഴിച്ച് 5+20 ഇരുപ ത്തിയഞ്ച് രൂപ എനിക്ക് തന്നു.

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരാണ് ലക്ഷ്മണേട്ടന്റെ സ്വദേശം. ഹോട്ടലില്‍ പണ്ടാരി പണിയാണ്. ഇടയ്ക്ക് കല്യാണത്തിന് പാചകക്കാരനായും പോകും എന്തെങ്കിലും കച്ചവടം ചെയ്ത് കാശുകാരനാകണം എന്ന ആലോചനയിലാണ് ഈ കച്ചവടം തുടങ്ങിയതത്രെ. പക്ഷേ, സ്ത്രീകളുടെ അടുത്ത് കച്ചവടം ചെയ്യാനുള്ള മിടുക്ക് ലക്ഷ്മണേട്ടന് ഉണ്ടായിരുന്നില്ല.

ഈ കച്ചവടം അവിടെ വെച്ച് നിര്‍ത്തണോ അല്ലെങ്കില്‍ ഒരു പണിക്കാരനെ വെച്ച് കച്ചവടം തുടരണോ എന്ന് ലക്ഷ്മണേട്ടന്‍ ആലോചിച്ചപ്പോഴാണ് ആലിക്കോയയോട് ഇക്കാര്യം പറയുകയും ആലിക്കോയവഴി എന്നെ പരിചയപ്പെടുന്നതും. രണ്ടാമത്തെ ദിവസം കൊണ്ടോട്ടിയിലെ കച്ചവടം കഴിഞ്ഞ് വന്നതിനുശേഷമാണ് ലക്ഷ്മണേട്ടന്‍ ഇതൊക്കെ എന്നോട് പറഞ്ഞുതന്നത്. ''ഈ രണ്ടു ദിവസത്തെ കച്ചവടം കൊണ്ട് എനിക്ക് ചില്ലറ ലാഭമേ കിട്ടിയുള്ളു. പക്ഷേ, നീ വിചാരിച്ചാല്‍ കച്ചവടം ഉഷാറാക്കാന്‍ പറ്റും. അങ്ങനെയെങ്കില്‍ നമുക്കു രണ്ടുപേര്‍ക്കും രക്ഷപ്പെടാം. നീ എന്നോടൊപ്പം നില്‍ക്കില്ലേ?'' എന്നു ചോദിച്ചപ്പോള്‍ ഞാന്‍ നിങ്ങളുടെ കൂടെ നില്‍ക്കാം ചേട്ടാ എന്നു ഞാന്‍ വാക്കുകൊടുത്തതിനുശേഷം നേരെ എന്റെ ബെഞ്ചില്‍ ചെന്നുകിടന്നു. 

ലക്ഷമണേട്ടന്‍ ഞാന്‍ മിടുക്കനായി കച്ചവടം ചെയ്ത് വിജയിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു. പക്ഷേ, ഞാന്‍ ഈ കച്ചവടത്തില്‍ വിജയിക്കണമെങ്കില്‍ കേരളത്തിലെ സ്ത്രീകളും കൂടി വിചാരിക്കണ്ടെ? പൂക്കച്ചവടത്തില്‍ കേരളത്തിലെ സ്ത്രീകള്‍ എന്നെ ചതിച്ചതുപോലെ ഈ മുടിമേല്‍ വെക്കുന്ന മൊട്ട് കച്ചവടത്തിലും കേരളത്തിലെ സ്ത്രീകള്‍ ചതിക്കുമോ അല്ല സഹായിക്കുമോ എന്നുമാലോചിച്ച് ഞാന്‍ ബെഞ്ചില്‍ കിടന്ന് ഉറങ്ങിപ്പോയി. 

(തുടരും)