
എറണാകുളത്തുനിന്ന് മോഹനന്‍ എന്ന ചെറുപ്പക്കാരന്‍ ഒരു കോഴ്സ് പഠിക്കാനായി കോഴിക്കോട്ടേക്ക് വന്നിരുന്നു. കോയക്കായുടെ ലോഡ്ജിലെ 302-ാ0 നമ്പര്‍ മുറിയിലായിരുന്നു താമസം. അയാളുമായി വളരെ വേഗത്തില്‍ ഞാന്‍ സൗഹൃദത്തിലായി.
എറണാകുളത്ത് നിന്ന് മോഹനേട്ടന്‍ സൈക്കിള്‍ കൊണ്ടുവന്നിരുന്നു. കോഴ്സ് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോകാന്‍ നേരത്ത് സൈക്കിള്‍ പഞ്ചറായി. പിന്നെ വന്ന് എടുത്താളാം എന്നും പറഞ്ഞ്, സൈക്കിളെന്നെ ഏല്‍പിച്ച് മോഹനേട്ടന്‍ നാട്ടിലേക്ക് പോയി. ശബരിമലയിലേക്ക് സ്വാമിമാര്‍ പോകുമ്പോള്‍ ഒരു തോള്‍സഞ്ചിയും കൊണ്ടുപോകുമായിരുന്നല്ലോ? അതുപോലത്തെ ഒരു തോള്‍സഞ്ചി ഞാന്‍ ഞാന്‍ മിഠായിത്തെരുവിലെ ഖാദി ഷോറൂമില്‍ ചെന്ന് വാങ്ങി.
മോഹനേട്ടന്റെ സൈക്കിള്‍ പഞ്ചറൊട്ടിക്കുന്ന കടയിലെത്തിച്ച് പഞ്ചര്‍ ഒട്ടിച്ചു. ഖാദിയില്‍ നിന്നു വാങ്ങിയ സഞ്ചിയില്‍ ഹരിശ്രീ മഹാഭാരതം അഞ്ചെണ്ണവും വേദകഥകള്‍ അഞ്ചെണ്ണവും എടുത്തുവെച്ച് സഞ്ചിയിലാക്കി സൈക്കിളിന്റെ ഹാന്‍ഡിലില്‍ തൂക്കിയിട്ട് രാവിലെ പത്തു മണിയാകുമ്പോള്‍ പുസ്തകക്കച്ചവടത്തിനായി ഇറങ്ങി. നഗരത്തില്‍നിന്ന് ഒമ്പതു കി.മീ. അപ്പുറത്തുള്ള മേരിക്കുന്ന് വരെയും നഗരത്തില്‍ നിന്ന് തെക്കുഭാഗത്ത് എട്ടു കി.മീ. അപ്പുറത്തുള്ള മീഞ്ചന്തവരെയും വെയിലത്ത് സൈക്കിള്‍ ചവിട്ടിപോയി പുസ്തകങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി.
ഒരു മാസം കഴിഞ്ഞപ്പോള്‍ ഷാജിയേട്ടന്‍ എനിക്ക് അഞ്ഞൂറു രൂപ ശമ്പളമായി തന്നു. പുസ്തകങ്ങള്‍ വിറ്റുകിട്ടിയ ആദ്യത്തെ ശമ്പളമായിരുന്നു അത്. ചങ്ങരംകുളത്തിനടുത്ത് അയനിച്ചോട്ടിലെ ഇക്കയുടെ ചായക്കടയില്‍ നിന്നാണ് എന്നെ ഒരാള്‍ ആദ്യമായി അണ്ണാച്ചി എന്നു വിളിച്ചത്. എന്നെക്കാളും പ്രായം കൂടിയ ഇക്കമാരാണ് അണ്ണാച്ചി എന്നു വിളിച്ചിരുന്നത്. എന്നെക്കാള്‍ പ്രായമുള്ളവര്‍ എന്നെ ബഹുമാനത്തോടെ അണ്ണാച്ചി എന്നു വിളിക്കുന്നുണ്ടല്ലോ, എന്ന് ആലോചിച്ചപ്പോള്‍ എനിക്ക് മലയാളികളെക്കുറിച്ച് അഭിമാനം തോന്നിയിരുന്നു.
പക്ഷേ, ഒരു വര്‍ഷം കേരളത്തില്‍ ജീവിച്ചപ്പോഴാണ് അണ്ണാച്ചി എന്ന് തമിഴന്‍മാരെ മലയാളി വിളിക്കുന്നതിന്റെ അര്‍ത്ഥം മനസ്സിലായത്. അതു മനസ്സിലാക്കിയപ്പോള്‍ അണ്ണാച്ചി എന്ന് ആരെങ്കിലും എന്നെ വിളിക്കുകയാണെങ്കില്‍ ഞാന്‍ അവരുമായി വഴക്കിനു പോകുമായിരുന്നു.
അങ്ങനെ വഴക്കിടുമ്പോള്‍ അവിടെ കൂടെയുള്ളവര്‍ പഞ്ചായത്തിനായി വരും. എന്നിട്ട അവര്‍ ''അണ്ണാച്ചി എന്നു വെച്ചാല്‍ തമിഴില്‍ ചേട്ടന്‍ എന്നല്ലെ അര്‍ത്ഥം, പിന്നെ എന്തിനാ നീ ചൂടാവുന്നത്?'' എന്ന് ചോദിക്കുന്ന ആളോടായിരിക്കും പിന്നെ ഞാന്‍ വഴക്കിന് പോകുന്നത്. മലയാളി തമിഴനെ അണ്ണാച്ചി എന്നു വിളിക്കുന്നത് തമിഴനോടുള്ള ബഹുമാനം കൊണ്ടല്ലെന്ന് അയാള്‍ക്കുമറിയാം. എന്നിട്ടും അവര്‍ തര്‍ക്കിക്കുന്നുണ്ടെങ്കില്‍ അങ്ങനത്തെ ആള്‍ക്കാര്‍ക്കൊക്കെ രണ്ടടി കൊടുക്കണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഒരു ദിവസം സുരേഷിനോടൊപ്പം ലോഡ്ജില്‍ നൈറ്റ് ഡ്യൂട്ടി എടുക്കുകയായിരുന്നു. രാത്രി ഒമ്പതരമണി ആയപ്പോള്‍ തന്നെ ഞാന്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങി. സ്റ്റൂളില്‍ ഇരുന്ന് ഉറങ്ങുകയും പെട്ടെന്ന് ഉണരുകയും ചെയ്യുന്നത് കണ്ട് സുരേഷ് ചിരിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് പെട്ടെന്ന് കറന്റ് പോയി.
ലോഡ്ജിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരു പെട്ടിക്കടയുണ്ട്. അമ്പതു വയസ്സു തോന്നിക്കുന്ന ചിത്രേട്ടന്‍ എന്ന ആളാണ് പെട്ടിക്കട നടത്തുന്നത്. സുരേഷ് എന്നോട് ചിത്രേട്ടന്റെ കടയില്‍ ചെന്ന് മെഴുകുതിരി വാങ്ങി വരാന്‍ പറഞ്ഞു.
ഞാന്‍ പെട്ടിക്കടയുടെ മുമ്പില്‍ എത്തിയപ്പോള്‍, ചിത്രേട്ടന്‍ എന്താടാ അണ്ണാച്ചി എന്നു ചോദിച്ചു. ഒരു ആവശ്യവുമില്ലാതെ എന്നെ അണ്ണാച്ചി എന്നു വിളിച്ചത് കേട്ടപാടെ പോടാ ..... എന്നു ഞാന്‍ ദേഷ്യത്തില്‍ ചിത്രേട്ടനെ തെറി വിളിച്ചു.
എന്താടാ പറഞ്ഞത്, നില്‍ക്കെടാ അവിടെ എന്നും പറഞ്ഞ് ദേഷ്യത്തില്‍ കടയ്ക്കുള്ളില്‍ നിന്ന് ചിത്രേട്ടന്‍ പുറത്തേക്കുചാടി. ഞാന്‍ ഒറ്റ ഓട്ടം വെച്ചുകൊടുത്തു. ലോഡ്ജിന്റെ ഉള്ളിലേക്ക് കയറി നേരെ ടെറസ്സിലെത്തി. ടെറസിന്റെ വാതില്‍ അടച്ച് കുറ്റിയിട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ കറന്റ് വന്നു.
ഞാന്‍ ടെറസ്സില്‍ത്തന്നെ ഇരുന്നു. ഒരു താഴ്ന്ന ജാതിക്കാരനെ അവന്റെ ജാതി ചൊല്ലി വിളിക്കുമ്പോള്‍ അവന്‍ എത്രമാത്രം വേദന അനുഭവിക്കുമോ അത്രയും വേദന എന്നെ ഏതെങ്കിലും മലയാളി അണ്ണാച്ചി എന്നു വിളിക്കുമ്പോഴൊക്കെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്.
കുറച്ചു കഴിഞ്ഞ് താഴേക്ക് നോക്കിയപ്പോള്‍ ചിത്രേട്ടന്‍ കടയും അടച്ച് പോകുന്നുണ്ടായിരുന്നു. അതിനു ശേഷമാണ് ഞാന്‍ താഴേക്ക് ഇറങ്ങിച്ചെന്നത്. എന്നെ കണ്ടപാടെ സുരേഷ് 'ഇപ്പോ ഉറക്കമെല്ലാം പോയിക്കിട്ടിയില്ലേ'- എന്നും ചോദിച്ച് ചിരിച്ചപ്പോള്‍ ഞാനും ചിരിച്ചുപോയി.
ഇത്തരം അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് ഞാന്‍ പുസ്തകം വില്‍ക്കാന്‍ പോകുന്ന സ്ഥലത്തൊക്കെ ഞാന്‍ മലയാളി എന്നാണ് പറഞ്ഞിരുന്നത്. എന്റെ സംസാരം കേട്ട ആരെങ്കിലും തമിഴനാണോ എന്ന് ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഹേയ്, ഞാന്‍ മലയാളിയാണെന്നു പറയുമ്പോള്‍, നിന്റെ സംസാരത്തില്‍ തമിഴ് ചുവയുണ്ടല്ലോ എന്നു ചോദിക്കും.
ഞാന്‍ അപ്പോള്‍ത്തന്നെ ഒരു തിരക്കഥ ഉണ്ടാക്കി പറയും.
അച്ഛന്‍ തഞ്ചാവൂര്‍ റെയില്‍വേ സ്റ്റേഷന്‍മാസ്റ്ററാണ്. ഞാന്‍ ജനിച്ചതൊക്കെ തഞ്ചാവൂരിലായിരുന്നു എന്ന് പറഞ്ഞു നിര്‍ത്തുമ്പോള്‍, പക്ഷേ, ഇളങ്കോ തമിഴ് പേരല്ലേ? എന്ന അടുത്ത ചോദ്യം വരും. അപ്പോള്‍ അച്ഛന് തമിഴ് നന്നായി വായിക്കാന്‍ അറിയാമായിരുന്നു. അച്ഛന് ഒരു പാട് ഇഷ്ടപ്പെട്ട കൃതി ഇളങ്കോവടികള്‍ എഴുതിയ ചിലപ്പതികാരമാണ്. അതുകൊണ്ടാണ് അച്ഛന്‍ എനിക്ക് ഇളങ്കോ എന്ന് പേരിട്ടത്. ഇങ്ങനെയൊക്കെ പറഞ്ഞ് ഞാനൊരു മലയാളി തന്നെ എന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കും. എന്നാലും അവര്‍ക്ക് വിശ്വസിക്കാന്‍ മടിയുള്ളതുപോലെ തോന്നി. അതുകൊണ്ട് ഞാന്‍ മലയാളികളെപ്പോലെ ചന്ദനക്കുറിയൊക്കെ തൊട്ടുനടക്കാന്‍ തുടങ്ങി. എന്നാലും എന്റെ നാവ് ഞാന്‍ തമിഴന്‍ തന്നെ എന്ന് അറിയിച്ചുകൊണ്ടിരുന്നു. ഈ വിവരം അറിഞ്ഞിട്ട് ഷാജിയേട്ടന്‍ ഒരു ദിവസം എന്നെ വഴക്കു പറഞ്ഞു. കസ്റ്റമറുടെ അടുത്തൊക്കെ നീ തമിഴന്‍ എന്നു തന്നെ പറയണം. എന്നാലെ നിന്നോട് അവര്‍ക്കൊക്കെ പ്രത്യേക സ്‌നേഹം തോന്നുകയും വാങ്ങുകയുമൊക്കെ ചെയ്യുകയുള്ളൂ.
ഷാജിയേട്ടന്‍ ഇങ്ങനെ പറഞ്ഞിട്ടും ഞാന്‍ മാറ്റിപ്പറയാനൊന്നും പോയില്ല. കേരളത്തിലെത്തി രണ്ടുമൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ എനിക്കുതന്നെ തോന്നി മലയാളികള്‍ കാണുന്നത് കുളിക്കാതെ തെരുവില്‍ കിടന്നുറങ്ങുന്ന, ആക്രി പെറുക്കി തെരുവില്‍ കച്ചറ ഉണ്ടാക്കി നടക്കുന്ന തമിഴന്‍മാരെയാണ്. അങ്ങനത്തെ തമിഴന്‍മാരെ കാണുന്നതുകൊണ്ടാണ് അണ്ണാച്ചി എന്ന പദം തന്നെ വന്നതെന്ന് ഞാനൂഹിക്കുന്നു. എന്നെപ്പോലെ മാന്യമായും വൃത്തിയിലും ജോലി ചെയ്ത് ജീവിക്കുന്ന തമിഴന്‍മാരും ഉണ്ട് എന്ന് മലയാളിക്കു മനസ്സിലാക്കിക്കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.
അതിനുശേഷം ആരുചോദിച്ചാലും ഞാന്‍ തമിഴനാണ് തഞ്ചാവൂരാണ് സ്വദേശം എന്ന് അന്തസ്സോടെ പറയാന്‍ തുടങ്ങി. പതുക്കെ പതുക്കെ മലയാളികള്‍ എന്നെ അണ്ണാച്ചി എന്നു വിളിക്കുന്നത് ഒഴിവാക്കി ഇളങ്കോ എന്നു പേര്‍ വിളിക്കാന്‍ തുടങ്ങി. പത്തിരുപതു വര്‍ഷങ്ങളായി എന്നെ ഒരു മലയാളിപോലും അണ്ണാച്ചി എന്നു വിളിച്ചിട്ടില്ല.
ഹരിശ്രീ ബുക്‌സില്‍ ജോലിക്കു കയറി കുറച്ചുകഴിഞ്ഞപ്പോഴാണ് രജീവേട്ടന്റെ സുഹൃത്ത് ബൈജു എന്നയാള്‍ കൂത്താട്ടുകുളത്തുനിന്ന് കോയക്കയുടെ ലോഡ്ജിലേക്ക് എത്തുന്നത്. അയാളും പഠനാവശ്യത്തിനായി കോഴിക്കോട് എത്തിയതാണ്. എപ്പോഴും ലേഡ്ജിന്റെ ബെഞ്ചില്‍ത്തന്നെ കിടക്കുന്നത് ശരിയല്ലല്ലോ ഞാനും എന്റെ സ്റ്റാറ്റസ് ഉയര്‍ത്തണ്ടേ?
പോരാത്തതിന് ഹരിശ്രീ ബുക്‌സില്‍ നിന്നും ശമ്പളവും കിട്ടുന്നുണ്ടല്ലോ. അതുകൊണ്ട് ഞാനും രജീവും ബൈജുവുംകൂടി ചന്ദ്രേട്ടന്‍ താമസിച്ചിരുന്ന 303-ാ0 നമ്പര്‍ റൂം വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി.
രജീവേട്ടന്‍ കൊച്ചു മുറിയായ 307-ാ0 നമ്പര്‍ റൂമില്‍ ഇരുനൂറു രൂപ മാസവാടകയ്ക്കാണ് താമസിച്ചിരുന്നത്. പുതിയ റൂമിന് മുന്നൂറു രൂപയായിരുന്നു വാടക. ഒരാള്‍ നൂറുരൂപ ഷെയര്‍ ചെയ്യണം. ഇരുനൂറു രൂപ വാടക കൊടുത്തിരുന്ന രജീവേട്ടന് വാടക ഇനത്തില്‍ നൂറു രൂപ ലാഭം കിട്ടിയല്ലോ. ആ പണം കൊണ്ട് അടുത്തുള്ള ചാരായഷോപ്പില്‍ നിന്ന് ചാരായം വാങ്ങി ബൈജുവും രജീവും കുടിക്കുമായിരുന്നു. എനിക്കാണെങ്കില്‍ അന്നും ഇന്നും മദ്യത്തിനോട് താല്പര്യമില്ല. ഒരു ദിവസം രാവിലെ ഞാന്‍ ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോള്‍ ബൈജു എന്റെ ഷര്‍ട്ട് എടുത്തിട്ട് നില്‍ക്കുകയായിരുന്നു.
അതു കണ്ടപ്പോള്‍ ഈ കേരളത്തില്‍ എനിക്കും ആരെങ്കിലും ഉണ്ടല്ലോ എന്ന സന്തോഷത്തില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. നാലഞ്ചു മാസം കഴിഞ്ഞപ്പോള്‍ ബൈജുവിന് പനി പിടിച്ചു. അവന്‍ നാട്ടിലേക്ക് പോയി. പിന്നെ അവന്‍ വന്നില്ല. രണ്ടു മാസം കഴിഞ്ഞപ്പോള്‍ രജീവേട്ടനും പഠിത്തം കഴിഞ്ഞ് ഹരിപ്പാട്ടേക്ക് പോയി. അങ്ങനെ ഞാന്‍ വീണ്ടും 303-ാ0 നമ്പര്‍ റൂം ഒഴിയേണ്ട അവസ്ഥയിലെത്തി.
വയനാട്ടില്‍ നിന്ന് റോയ് ഇമ്മാനുവേല്‍, ഷജില്‍ അഗസ്റ്റിന്‍, ഷാജന്‍ ഇവര്‍ മൂന്നുപേരും റൂം നമ്പര്‍ 202-ല്‍ താമസിക്കുന്നുണ്ടായിരുന്നു. അവര്‍ മൂന്നുപേരും വയനാട്ടിലെ നടവയല്‍ എന്ന ഗ്രാമത്തിലുള്ളവരും എന്റെ സമപ്രായക്കാരുമായിരുന്നു. പുഷ്പാ തീയേറ്റര്‍ ജംഗ്ഷനില്‍ അന്നുണ്ടായിരുന്ന ടെക്‌നിക്കല്‍ ഇന്‍സ്റ്റ്റ്റ്യൂട്ടിലായിരുന്നു അവര്‍ പഠിച്ചിരുന്നത്.
കോഴ്സ് പൂര്‍ത്തിയായപ്പോള്‍ ഷാജന്റെ മുറിയിലെ ഒഴിവില്‍ റോയ്, സജില്‍ എന്നിവരോടൊപ്പം ഞാന്‍ താമസം തുടങ്ങി. ഷെയറായി നൂറു രൂപ ഞാന്‍ തന്നേക്കാമെന്നു പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതം. അവര്‍ക്ക് രണ്ടുപേര്‍ക്കും ഉച്ചവരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. രണ്ടുപേരും ഉച്ചകഴിഞ്ഞ് റൂമിലെത്തി ടേപ്പ്‌റിക്കോര്‍ഡര്‍ അസംബിള്‍ ചെയ്ത് പഠിക്കുമായിരുന്നു.
ഒരു ദിവസം രാവിലെ ഞാന്‍ എഴുന്നേറ്റു നോക്കുമ്പോള്‍ അടുത്തുള്ള സംഗം തീയേറ്ററില്‍ ഒരു സിനിമ പോസ്റ്റര്‍ ഒട്ടിച്ചുവെച്ചിട്ടുണ്ട്. ഒരുപാട് റോസാപൂക്കളുടെ ഇടയ്ക്ക് ഒരു സുന്ദരിപ്പെണ്ണിന്റെ മുഖം. താഴെ റോജാ എന്ന് സ്‌റ്റൈലായി എഴുതിയിട്ടുണ്ട്.
രാവിലെ പത്തരമണിയായപ്പോള്‍ ഞാന്‍ ഷജിലിനോട് പോസ്റ്റര്‍ കാണിച്ചു. നമുക്കു റോജാ സിനിമ കാണാന്‍ പോയാലോ? എന്നു ചോദിച്ചപ്പോള്‍, അവന്‍, ഓ, പോവാം എന്നു പറഞ്ഞു. അപ്പോള്‍ ഞങ്ങളുടെ വേഷം കൈലിമുണ്ടായിരുന്നു. അതൊന്നും മാറ്റാന്‍ നില്‍ക്കാതെ സംഗം തീയേറ്ററില്‍ വേഗം ചെന്ന് ടിക്കറ്റെടുത്ത് റോജാ സിനിമ കണ്ടു.
റോജാ സൂപ്പര്‍ സിനിമയായിരുന്നു. ലോഡ്ജിലേക്ക് തിരിച്ചെത്തുന്നതുവരെ സിനിമയെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്‌ക്കൊക്കെ ഞങ്ങള്‍ റൂമില്‍നിന്നും ഭക്ഷണം ഉണ്ടാക്കുമായിരുന്നു. അങ്ങനെയല്ല, ഷജിലും റോയിയും ഭക്ഷണം ഉണ്ടാക്കിത്തരുമായിരുന്നു. ഞാന്‍ മണ്ണെണ്ണ അടക്കമുള്ള സാധനങ്ങള്‍ വാങ്ങും. ഒരു ദിവസം രാത്രി ഞങ്ങള്‍ മൂന്നുപേരും ചപ്പാത്തി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ റോയ് എന്തോ തമാശ പറയുന്നതുപോലെ, ''എടാ ഒരു ദിവസം രാത്രി ഒരു ട്യൂബ് ലൈറ്റ് കളവുപോയില്ലെ, അത് ഞങ്ങളാടാ എടുത്തത്. പക്ഷേ, നിനക്ക് കോയക്കായുടെ കൈയ്യില്‍നിന്നും അടികിട്ടുമെന്ന് ഞങ്ങള്‍ വിചാരിച്ചില്ല.'' റോയ് പറഞ്ഞതുകേട്ടതും റോയിനും ഷജിലിനും ഒറ്റ വീക്ക് വെച്ചുകൊടുക്കണമെന്ന് തോന്നി എനിക്ക്, എനിക്ക് അടികിട്ടിയത്, കിട്ടിയതു തന്നെയാണല്ലോ. പിന്നെ ഞാനെന്തു പറയാന്‍?
രാവിലെ അഫ്‌സത്തിന്റെ വീട്ടിലേക്ക് കോയക്കാക്കുള്ള കട്ടന്‍ ചായ വാങ്ങാന്‍ പോകുമ്പോള്‍ അവളുടെ വീടിനടുത്തുള്ള കോര്‍പ്പറേഷന്റെ പൈപ്പില്‍ സ്ത്രീകള്‍ വെള്ളം എടുക്കുമായിരുന്നു. അഫ്‌സത്തിന്റെ വീടിന്റെ തൊട്ടടുത്ത വീടാണ് ശ്രീജയുടേത്. എന്നെപ്പോലെത്തന്നെ ശ്രീജയും മെലിഞ്ഞിട്ട്, നല്ല വെളുത്ത സുന്ദരിയായിരുന്നു. അന്ന് അവള്‍ പത്താം ക്ലാസിലാണ് പഠിച്ചിരുന്നത്. അവളും മെലിഞ്ഞാണ് ഞാനും മെലിഞ്ഞാണ്. ഞങ്ങള്‍ ഒന്നിക്കുകയാണെങ്കില്‍ ഒരു മെലിഞ്ഞ സുന്ദരിക്കുട്ടിയുണ്ടാവുമല്ലോ. ഇതൊക്കെ ആലോചിച്ച് ഞാന്‍ അവളെ നോക്കി നടന്നു. പക്ഷേ, അവള്‍ എന്നെ മൈന്‍ഡ് ചെയ്യാറില്ലായിരുന്നു.
അവളുടെ മാമന്‍ സതീഷേട്ടന്റെ വീടും അവിടെ തന്നെയായിരുന്നു. ലോഡ്ജിലെ നൈറ്റ് ഡ്യൂട്ടി സമയത്ത് സുരേഷ് ഭക്ഷണം കഴിക്കാനായി ഹരിയേട്ടനോടൊപ്പവും ഷാജിയേട്ടനോടൊപ്പവും ഹോട്ടലിലേക്ക് പോകും.
മിക്കവാറും ആ സമയത്തൊക്കെയാണ് സതീഷേട്ടന്‍ ഒരു കുഞ്ഞു ഡയറിയുമായി ലോഡ്ജിലേക്ക് വരാറുള്ളത്. അന്നത്തെ കാലത്ത് മൊബൈല്‍ ഫോണ്‍ പോയിട്ട് എസ്.ടി.ഡി ബൂത്തുപോലും ഉണ്ടായിരുന്നില്ല. സതീഷേട്ടന്‍ ലോഡ്ജിലുള്ള ഫോണാണ് മിക്കവാറും ഉപയോഗിക്കാറുള്ളത്.
ഒരു മിനിറ്റിന് രണ്ടു രൂപയായിരുന്നു ചാര്‍ജ്. പക്ഷേ, , സതീഷേട്ടന്‍ അഞ്ചുമിനിറ്റൊക്കെ സംസാരിച്ചിട്ടാണ് രണ്ടു രൂപ തരിക. ഞാനതൊന്നും കാര്യമാക്കാറില്ല.
ആ വര്‍ഷം തിരുവോണദിവസം രാവിലെ പാളയത്തെ മാരിയമ്മന്‍ കോവില്‍ ചെന്ന് തൊഴുതിട്ട് ഹോട്ടല്‍ വസന്ത വിഹാറിലേക്കെത്തി. ഓണമൊക്കെയല്ലേ എനിക്ക് മധുരം കഴിക്കാന്‍ തോന്നി. അതുകൊണ്ട് ഒരു ബദാം ഹല്‍വ വെയ്റ്ററോട് പറഞ്ഞ് ഇരിക്കുമ്പോഴാണ് സതീഷേട്ടന്‍ കുടുംബസഹിതം അവിടെ എത്തിയത്.
അവരോടൊപ്പം ശ്രീജയും ഉണ്ടായിരുന്നു. ഞാന്‍ ഇരുന്ന ടേബിളിന്റെ മുന്നിലാണ് അവര്‍ ഇരുന്നത്. സതീഷേട്ടന്‍ എന്നോട് ലോഹ്യം പറഞ്ഞു. പക്ഷേ, ശ്രീജ എന്നെ മൈന്‍ഡ് ചെയ്തതേയില്ല. പാവാടയും ബ്ലൗസുമായിരുന്നു അവളുടെ വേഷം. പാവാടയുടെ താഴെ അറ്റത്തും ബ്ലൗസിന്റെ അറ്റത്തും പട്ടുസാരിപോലെ ജെറിപിടിപ്പിച്ചത് കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു.
ശ്രീജയും കോവിലില്‍ ചെന്ന് തൊഴുത് ചന്ദനക്കുറിയൊക്കെ തൊട്ടാണ് വന്നിരിക്കുന്നത്. തനി നാടന്‍ മലയാളത്തനിമയുള്ള മുഖം. അവളെ കണ്ടപ്പോള്‍ അങ്ങനെയാണ് തോന്നിയത്. ഞാന്‍ ബദാം ഹലുവ കഴിച്ചുകൊണ്ടുതന്നെ ശ്രീജയെ ശ്രദ്ധിച്ചു. അവള്‍ അലക്ഷ്യഭാവത്തിലാണ് ഇരിക്കുന്നത്.
അവളുടെ ഇരിപ്പുകണ്ടപ്പോള്‍ കിരീടം സിനിമയിലെ ഒരു രംഗം ഓര്‍മ വന്നു. കിരീടം സിനിമയുടെ രണ്ടാം ഭാഗമായ ചെങ്കോല്‍ സിനിമയില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് കോളേജില്‍ പഠിക്കുന്ന അനിയനെ കാണാന്‍ സേതുമാധവന്‍ പോകുന്ന രംഗം. അനിയന്റെ മുഖത്തെ താടിയും മീശയും കാണുമ്പോള്‍ സേതുമാധവന്‍ പെട്ടെന്ന് പഴയ സംഭവങ്ങള്‍ ഓര്‍ക്കുകയാണല്ലോ.
അത് കിരീടം സിനിമയില്‍ സേതുമാധവന്റെ കുടുംബം തീന്‍മേശയിലിരുന്ന് ചോറ് കഴിക്കുന്ന രംഗമാണ്. അപ്പോള്‍ അനിയന്‍ മാത്രം അലക്ഷ്യഭാവത്തില്‍ കാലാട്ടിക്കൊണ്ട് നിങ്ങളൊക്കെ ആരടൈ- എന്ന ഭാവത്തില്‍ ഇരിക്കുകയാണ്.
അതേപോലെതന്നെയായിരുന്നു ശ്രീജയും കാലൊക്കെ ആട്ടിക്കൊണ്ട് ഹോട്ടലില്‍ ഇരുന്നിരുന്നത്. ആ നിമിഷം അവള്‍ ഒരു അഹങ്കാരിയാണോ എന്ന ചിന്ത വന്നു. അതു സാരമില്ല, കല്യാണത്തിനുശേഷം രണ്ട് വീക്ക് വെച്ചുകൊടുക്കുമ്പോള്‍ അഹങ്കാരമെല്ലാം മാറിക്കിട്ടും എന്ന് ഞാന്‍ സമാധാനിച്ചു. അതിനുശേഷം ഒരാഴ്ച കഴിഞ്ഞ് ശ്രീജ പഠിച്ചിരുന്ന കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌ക്കൂളിലേക്ക് പുസ്തക വില്പനക്കായി സൈക്കിളില്‍ പോയി. എത്താറായപ്പോഴേക്കും സ്‌കൂള്‍ ബെല്ലടിച്ചു.
ഞാന്‍ വേഗത്തില്‍ സൈക്കിള്‍ ചവിട്ടി സ്‌കൂള്‍ ഗേറ്റിനു മുന്നിലെത്തി ബ്രേക്ക് ചവിട്ടി നിന്നപ്പോള്‍ ഗേറ്റ് തുറന്ന് ശ്രീജ പുറത്തേക്കുവന്നു. എന്നെ കണ്ടപാടെ നീയെന്താടാ ഇവിടെ? എന്നു ചോദിച്ചിട്ട് അവള്‍ വേഗം വീട്ടിലേക്ക് ചോറുണ്ണാനായി പോയി.
നീ എന്നും എടാ എന്നും അവള്‍ എന്നെ വിളിച്ചത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവള്‍ ഈ വര്‍ഷമല്ലേ പത്തില്‍ പഠിക്കുന്നത്. പക്ഷേ, , ഞാന്‍ രണ്ടുവര്‍ഷം മുന്നേ പത്തില്‍ പഠിച്ചതല്ലേ? അപ്പോള്‍ അവളെക്കാളും രണ്ടു വയസ്സ് മൂത്തവനായ എന്നെ ഇങ്ങനെയാണോ വിളിക്കുന്നത്. എന്നും ആലോചിച്ചുകൊണ്ട് ഗേറ്റും കടന്ന് ഉള്ളില്‍ ചെന്ന് സൈക്കിള്‍ നിര്‍ത്തി സ്റ്റാന്‍ഡിട്ടു.
സ്റ്റാഫ്റൂമിലെത്തിയപ്പോള്‍ ടീച്ചര്‍മാരൊക്കെ ചോറ് കഴിക്കുകയായിരുന്നു. ചോറ് കഴിച്ചതിനുശേഷം അഫ്‌സാ ടീച്ചര്‍ എന്നെ സ്റ്റാഫ്റൂമിന്റെ ഉള്ളിലേക്ക് വിളിച്ചു. ഞാന്‍ അടുത്തെത്തിയപ്പോള്‍ വിരട്ടലോടെ 'ഇരിക്കെടാ അവിടെ' എന്നു പറഞ്ഞു.
ഞാന്‍ പേടിച്ച് വിറച്ച് മുന്നിലുള്ള ബെഞ്ചിലിരുന്നു. അഫ്സാ ടീച്ചര്‍ തന്റെ ബാഗില്‍ നിന്ന് ഒരു പഴമെടുത്ത് എനിക്ക് തന്നിട്ട് കഴിച്ചോ എന്നു പറഞ്ഞു. ഞാന്‍ പഴം വാങ്ങിയപ്പോള്‍ നി പേടിച്ചോ എന്ന് കുറുമ്പായി ചോദിച്ചു ചിരിച്ചു.
ഞാന്‍ അതേ എന്നു തലയാട്ടിക്കൊണ്ട് ടീച്ചര്‍ തന്ന പഴം കഴിച്ചു. അന്നും ഇന്നും സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പുസ്തകം വില്‍ക്കാന്‍ പോകുമ്പോള്‍ ചായയും പലഹാരങ്ങളുമൊക്കെ തന്ന് സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കാറുണ്ട്. പക്ഷേ, ഞാനാണെങ്കില്‍ പുസ്തകം വില്ക്കുന്ന നേരത്ത് ഒന്നും തന്നെ കഴിക്കാന്‍ ഇഷ്ടപ്പെടാറില്ല. പക്ഷേ, , കേള്‍ക്കേണ്ടേ. എന്തു ചെയ്യാന്‍, ഭയങ്കര സ്‌നേഹപ്രകടനമാണ് സര്‍ക്കാരുദ്യോഗസ്ഥരൊക്കെ എന്നോട് കാണിക്കാറുള്ളത്.
കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ കച്ചവടവും കഴിഞ്ഞ് സൈക്കിളിനടുത്തെത്തിയപ്പോള്‍, വീട്ടിലേക്ക് പോയ ശ്രീജ തിരിച്ചുവരുന്നുണ്ടായിരുന്നു. എനിക്ക് ചെറിയൊരു പുഞ്ചിരിയും തന്ന് 'ഇവന്ക്ക് ഇവിടെ എന്താ കാര്യം' എന്ന് ആലോചിച്ചുകൊണ്ട് ശ്രീജ ക്ലാസ്സിലേക്കുപോയതുപോലെ തോന്നി. ഞാന്‍ ലോഡ്ജിലെ റൂംബോയ് ജോലി ചെയ്യുന്നത് അവള്‍ക്കറിയാം. പക്ഷേ, ഞാന്‍ പുസ്തകവില്‍പ്പനക്കാരനായത് അവള്‍ അറിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ട് അവള്‍ ചോദിച്ചതുമാകാം-നീ എന്താടാ ഇവിടെ എന്ന്.
ആ കാലഘട്ടത്തില്‍ ഞാന്‍ കണ്ട ഒരു സിനിമ എനിയ്ക്ക് അപ്പോള്‍ ഓര്‍മ്മ വന്നു. ആ സിനിമയില്‍ നായിക നായകനെ എടാ, പോടാ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്നത് ഓര്‍ത്തപ്പോള്‍ ശ്രീജയുടെ മനസ്സിലും എന്തോ ഒരു അടുപ്പം എന്നോടില്ലേ? നമ്മളോട് അത്രയും അടുപ്പമുള്ളവരാണല്ലോ എടാ, പോടാ എന്നൊക്കെ വിളിക്കാറുള്ളത്. എന്ന് ആലോചിച്ചപ്പോള്‍ എനിക്ക് ഇക്കിളിയാവുന്നതുപോലെ തോന്നി. എന്നാലും അവളെന്നെ എടാ എന്നു വിളിച്ചല്ലോ? ഞാന്‍ സൈക്കിളില്‍ കയറിയിരുന്നു ചവിട്ടുവാന്‍ തുടങ്ങി. ഒപ്പം ചിന്ന ചിന്ന ആസൈ എന്ന പാട്ടും പാടാന്‍ തുടങ്ങി.
ആ പാട്ടിന്റെ വരികളെ ഞാന്‍ മാറ്റി 'സൈക്കിളില്‍ ശ്രീജയെ കേറ്റി മാനാഞ്ചിറ ചുറ്റാന്‍ ആശൈ' എന്നുപാടിക്കൊണ്ട് കുറ്റിച്ചിറ ഹൈസ്‌ക്കൂള്‍ ലക്ഷ്യം വെച്ച് സൈക്കിള്‍ ചവുട്ടി.
Content Highlights: Malayalathamizhan autobiography of Elenko Odai
Published: 29 Jul 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented