മഞ്ഞു പെയ്തിറങ്ങുന്ന ഡിസംബര്‍ മാസം. ഒരു തിങ്കളാഴ്ച അതിരാവിലെ ഞാന്‍ ജോലി ചെയ്യുന്ന ലോഡ്ജിന്റെ റിസപ്ഷനിലിരുന്ന് എന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. തഞ്ചാവൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ത്തന്നെ എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു. കേരളത്തിലെത്തി എന്തെങ്കിലും ജോലി ചെയ്ത് പണം സമ്പാദിച്ച്, ആ പണം കൊണ്ട് കച്ചവടം ചെയ്ത് കോടീശ്വരനാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, കേരളത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും കാര്യമായി ഒന്നും തന്നെ സമ്പാദിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ പോയാല്‍ ശരിയാവില്ല. എന്തെങ്കിലും ചെയ്യണം, എന്തുചെയ്യും...? വൈകീട്ട് ആറരയ്ക്ക് ലോഡ്ജില്‍ റൂംബോയ് പണിക്ക് കയറിയാല്‍ പിറ്റേ ദിവസം രാവിലെ 8 മണിക്ക് ജോലിയില്‍ നിന്ന് ഇറങ്ങും. അതിനുശേഷം ഏതെങ്കിലും തീയേറ്ററിലെ നൂണ്‍ഷോയ്ക്കു പോകും. അല്ലെങ്കില്‍ ലോഡ്ജിലെ മാസവാടകക്കാര്‍ താമസിക്കുന്ന റൂമില്‍ ചെന്നിരുന്ന് കഥയും പറഞ്ഞിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വന്നു കുറച്ചുനേരം കിടന്നുറങ്ങി ആറുമണിക്ക് കുളിച്ച് റെഡിയായി വീണ്ടും പണിക്ക് കയറും. ഉച്ചയ്ക്ക് രണ്ടുമണിവരെ എന്തെങ്കിലും ജോലി ചെയ്ത് കാശുണ്ടാക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ ഒരു പയ്യന്‍ സൈക്കിളില്‍ വന്ന് അന്നത്തെ പത്രം തന്നിട്ടു പോയി. പത്രമെടുത്ത് വായിച്ചുകൊണ്ടിരുന്നപ്പോള്‍ വായനയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല, അന്നു മുഴുവന്‍ ഉച്ചവരെ എന്തുജോലി ചെയ്യും എന്ന ആലോചനയിലായി. രാവിലത്തെ ചായ കഴിച്ചതിനു ശേഷം ഹരിശ്രീ ബുക്സിന്റെ മാനേജര്‍ ഷാജികുമാര്‍, റിസപ്ഷനിലേക്ക് വന്ന് അവിടെയിരുന്ന പത്രമെടുത്ത് വായിക്കുവാന്‍ തുടങ്ങി. ഹരിശ്രീ ബുക്‌സിന്റെ ഓണറുടെ പേര്‍ രാധാകൃഷ്ണന്‍ എന്നായിരുന്നു. അദ്ദേഹത്തിന്റെ അനുജനാണ് ഹരികൃഷ്ണന്‍. മാനേജര്‍ ഷാജികുമാറും ഹരികൃഷ്ണനുമാണ് 202-ാ0 നമ്പര്‍ റൂമില്‍ താമസിച്ചിരുന്നത്.

To advertise here,

കണ്ണൂരില്‍ പുസ്തകം വില്‍ക്കുന്ന നാരായണേട്ടന്‍ ഇടയ്ക്കൊക്കെ ഹരിശ്രീ ബുക്‌സില്‍ പുസ്തകമെടുക്കാന്‍ വരും. അദ്ദേഹം തിരിച്ചുപോകുമ്പോള്‍ രണ്ടു കെട്ട് പുസ്തകങ്ങള്‍ ഉണ്ടാവും. ആ പുസ്തകക്കെട്ടുകള്‍ അടുത്തുള്ള റെയില്‍ വേസ്റ്റേഷനിലേക്ക് എത്തിക്കാന്‍ എന്നെ ഏര്‍പ്പാടാക്കും. ആ പുസ്തകക്കെട്ട് ചുമന്ന് പോകുമ്പോള്‍ നാരായണേട്ടാ ഇത് ഏതുതരം പുസ്തകങ്ങളാണ് എന്ന് ഞാന്‍ ചോദിക്കും. ഹരിശ്രീ മഹാഭാരതം എന്ന പുസ്തകത്തിന്റെ 8-ാം വാള്യം എന്നു പറയും. പിന്നീട് മാസാമാസം വരുമ്പോഴൊക്കെ ഇത് എത്രാമത്തെ വാള്യമാണെന്ന് ഞാന്‍ ചോദിക്കും. ഒമ്പതാമത്തെ വാള്യം, പത്താമത്തെ വാള്യം എന്നൊക്കെ പറയുമായിരുന്നു. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ പുസ്തകക്കെട്ട് എത്തിച്ചുകൊടുക്കുമ്പോള്‍ പത്തു രുപയോ ഇരുപതു രൂപയോ നാരായണേട്ടന്‍ എനിക്കെടുത്തുതരും. വേണ്ടാ എന്ന് ഞാന്‍ പറഞ്ഞാലും അദ്ദേഹം ആ തുക എന്റെ കീശയില്‍ നിക്ഷേപിക്കും.

ഇടയ്‌ക്കൊക്കെ രാത്രിയില്‍ ഹരിശ്രീ ബുക്‌സിന്റെ ഹെഡ് ഓഫീസ് പുനലൂരില്‍ നിന്ന് ഫോണ്‍ വരുമായിരുന്നു. ഞാന്‍ ഓടിച്ചെന്ന് ഷാജിയേട്ടനെയോ ഹരിയേട്ടനെയോ വിളിച്ചുകൊണ്ടുവരുമായിരുന്നു. അങ്ങനെ ആ റൂമില്‍ പോകുമ്പോഴൊക്കെ പുസ്തകങ്ങള്‍ കാണുമായിരുന്നു. അപ്പോഴൊക്കെ എന്നിലെ കച്ചവടക്കാരന്‍ ഉണരും. ഒരു ദിവസം ഹരിയേട്ടനോട് ഞാന്‍ തമാശരൂപേണ ''ഏട്ടാ എനിക്ക് ഈ പുസ്തകങ്ങള്‍ വില്‍ക്കാന്‍ പറ്റുമോ?'' എന്നു ചോദിച്ചപ്പോള്‍, ഹരിയേട്ടന്‍ ''ഇതൊക്കെ മലയാളം പുസ്തകങ്ങളാടാ, നിനക്ക് മലയാളം അറിയില്ലല്ലോ? അതുകൊണ്ട് തനിക്ക് പുസ്തകക്കച്ചവടം ശരിയാവില്ലെടാ'' എന്നു പറഞ്ഞപ്പോള്‍, ഞാന്‍ ആ വിഷയം അതോടെ വിട്ടു.

അതിനുശേഷം ഇപ്പോള്‍ വീണ്ടും ഷാജിയേട്ടനോട്, ഒന്ന് ചോദിച്ചേക്കാമെന്ന് തോന്നി. ''ഷാജിയേട്ടാ, നിങ്ങളുടെ പുസ്തകങ്ങള്‍ ഞാന്‍ വിറ്റുതരട്ടേ?'' എന്നു ചോദിച്ചപ്പോള്‍, ഷാജിയേട്ടന്‍ അവിടെ നിന്ന് ഒന്നാലോചിച്ചു. എന്നിട്ട് ''നീ ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് വാ'' എന്ന് പറഞ്ഞ് ഷാജിയേട്ടന്‍ പോയി. ആ സമയം ഹരിശ്രീ ബുക്‌സുകാര്‍ ചെറിയ റൂമായ 202-ല്‍ നിന്ന് വലിയ റൂമിലേയ്ക്ക്, മൂന്നാം നിലയിലെ 304-ലേക്ക് മാറിയിരുന്നു. ഞാന്‍ എട്ടു മണിക്ക് ഡ്യൂട്ടിയും കഴിഞ്ഞ് ഹരിശ്രീയുടെ റൂമിലെത്തി.

റൂമില്‍ അപ്പോള്‍ ഹരിയേട്ടന്‍ കട്ടിലില്‍ കിടന്ന് നല്ല ഉറക്കത്തിലായിരുന്നു. ഷാജിയേട്ടന്‍ എന്നെ കണ്ടപാടെ ഹരിയേട്ടനെ തട്ടിവിളിച്ച് എന്റെ കാര്യം അവതരിപ്പിച്ചു. ഹരിയേട്ടന്‍ എന്നെ നോക്കിയിട്ട് ഇവന് മലയാളം പുസ്തകങ്ങള്‍ വില്‍ക്കാന്‍ പറ്റുമോ? എന്ന് സംശയം പ്രകടിപ്പിച്ചു. ''ഇന്നൊരു ദിവസം ഇവനെ വിട്ടുനോക്കാമെടാ'' എന്ന് ഷാജി ഏട്ടന്‍ പറഞ്ഞപ്പോള്‍, ഹരിയേട്ടന്‍ എന്നോട് ''നിന്റെ കൈയ്യില്‍ ബാഗ് വല്ലതുമുണ്ടോ?'' എന്നു ചോദിച്ചു. ഞാന്‍ ഓടിച്ചെന്ന് ബെഞ്ചിന്റെ താഴെ ഉണ്ടായിരുന്ന എന്റെ ബാഗിലെ വസ്ത്രങ്ങളൊക്കെ മാറ്റിവെച്ച് ബാഗ് എടുത്തുവന്ന പ്പോള്‍ ഹരിയേട്ടന്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങിയിരുന്നു. ഷാജിയേട്ടന്‍ ബാഗ് നോക്കിയിട്ട്, ''ഇതു മതിയെടാ'' നീ ഇവിടെ ഇരിക്ക് എന്നു പറഞ്ഞപ്പോള്‍ ഞാനവിടെ കട്ടിലില്‍ ഇരുന്നു. ഷാജിയേട്ടന്‍ ഒരു പുസ്തകം എടുത്ത് എന്റെ കൈയില്‍ തന്നിട്ട്, ഈ പുസ്തകത്തിന്റെ പേര്‍ വേദകഥകള്‍. എഴുതിയ ആളിന്റെ പേര്‍ തുളസി കോട്ടുക്കല്‍. കൊയിലാണ്ടി അറിയാമോ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ അറിയാമെന്നു പറഞ്ഞു.

ഷാജിയേട്ടന്‍ ഒരു കടലാസില്‍ സ്ഥാപനത്തിന്റെ പേരും ആളുകളുടെ പേരും എഴുതാന്‍ തുടങ്ങി. ഞാന്‍ വേദകഥകള്‍ പുസ്തകത്തിലേക്ക് ശ്രദ്ധയോടെ നോക്കി. സ്വര്‍ണം കൊണ്ട് എഴുതിയ പോലെയാണ് വേദകഥകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഞാന്‍ ആ പുസ്തകത്തില്‍ സ്വര്‍ണനിറത്തില്‍ വേദകഥകള്‍ എന്ന് എഴുതിയ സ്ഥലത്ത് ഒന്നു തലോടി. കൊയിലാണ്ടിയിലെ കുറച്ചാളുകള്‍ ഈ പുസ്തകം ബുക്കുചെയ്തിട്ടുണ്ടായിരുന്നു. അവര്‍ക്ക് ഈ വേദകഥകള്‍ പുസ്തകം കൊണ്ടുപോയി കൊടുക്കണം. ഈ പുസ്തകം വേറെ ആളുകള്‍ക്ക് കാണിച്ചുകൊടുത്ത് പുതിയ ഓര്‍ഡര്‍ എടുക്കുകയും വേണം. ഷാജിയേട്ടന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ത്തന്നെ എന്റെ ജോലി എന്താണെന്ന് ഏകദേശം അറിവായി.

ഇരുപത് വേദകഥകളും ഹരിശ്രീയുടെ ആദ്യത്തെ പുസ്തകമായ മഹാഭാരതത്തിന്റെ 11, 12 വാള്യവും ഷാജിയേട്ടന്‍ എന്റെ ബാഗില്‍ വെച്ചുതന്നു. പുസ്തകം കൊടുക്കാനുള്ള ആള്‍ക്കാരുടെ പേരെഴുതിയ കടലാസും ഷാജിയേട്ടന്‍ എന്നെ ഏല്‍പിച്ചു.

ഞാന്‍ പുസ്തകങ്ങളുമായി കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടു. വെങ്ങളം റെയില്‍വേ ഗേറ്റില്‍ ബസ്സ് കുറച്ചു സമയം പിടിച്ചിട്ടു. അതുകൊണ്ടുതന്നെ കൊയിലാണ്ടിയിലെത്താന്‍ ഒരു മണിക്കൂറിലധികം സമയമെടുത്തു. ആദ്യം എനിക്ക് പോകേണ്ടിയിരുന്നത് കൊയിലാണ്ടിയിലെ കൃഷിഭവന്‍ ഓഫീസിലായിരുന്നു. കോഴിക്കോട് റോഡില്‍ രണ്ടുനില കെട്ടിടത്തില്‍ രണ്ടാമത്തെ നിലയിലായിരുന്നു കൃഷിഭവന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഓഫീസിനുള്ളില്‍ സുന്ദരിയായ ഒരു മാഡം ഇരിക്കുന്നുണ്ടായിരുന്നു. ആ മാഡത്തിന്റെ മുന്നില്‍ ചെന്ന് ഞാൻ ചോദിച്ചു: ഹീരാ നെട്ടൂര്‍ മാഡം ആണോ?. അവര്‍ ഞാനാണ് എന്ന ഭാവത്തില്‍ തലയാട്ടി.

ഞാന്‍ ഹരിശ്രീ ബുക്‌സിന്റെ ആളാണെന്നും മാഡം ബുക്ക് ചെയ്ത വേദകഥകള്‍ പുസ്തകം തരാനായി വന്നതാണെന്നും പറഞ്ഞപ്പോള്‍ അവര്‍ പുഞ്ചിരിച്ചു. ഞാന്‍ പുസ്തകമെടുത്ത് അവര്‍ക്ക് കൊടുത്തു. അവര്‍ അതിയായ സന്തോഷത്തോടെ പുസ്തകം വാങ്ങി. പുസ്തകം തുറന്നു മുഖത്തോടടുപ്പിച്ചു. പുതിയ പുസ്തകത്തിന്റെ താളുകളുടെ മണം ആസ്വദിച്ചു. ഇന്ത്യയില്‍ത്തന്നെ പുതിയ പുസ്തകങ്ങള്‍ കയ്യില്‍ കിട്ടുമ്പോള്‍ ആനന്ദം അനുഭവിക്കുന്നവര്‍ മലയാളികള്‍ മാത്രമേ ഉണ്ടാവുകയുള്ളു എന്ന് എനിക്കു തോന്നി.

ബുക്‌സിന്റെ വിലയായ മുപ്പത് രൂപ അവര്‍ എടുത്തു തന്നു. വേദകഥകളുടെ സെക്കന്റ് വാള്യം എപ്പോള്‍ വരുമെന്നും അവര്‍ എന്നോട് ചോദിച്ചു. അടുത്തമാസം വരുമെന്ന് ഞാന്‍ പറഞ്ഞു. ആ ഓഫീസില്‍ തന്നെ പ്രഭാകരന്‍ എന്നുപേരുള്ള വേറൊരു സാറിനും വേദകഥകള്‍ കൊടുക്കാനുണ്ടായിരുന്നു. ആ ഉദ്യോഗസ്ഥനും പുസ്തകം കൊടുത്തു. താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തഹസില്‍ദാര്‍ ഓഫീസില്‍ മുന്നുപേര്‍ക്കുകൂടി പുസ്തകം കൊടുക്കാനുണ്ടായിരുന്നു.

ഇനി പോവേണ്ടിയിരുന്നത് കൊയിലാണ്ടി ഗവ. മാപ്പിള ഹൈസ്‌കൂളിലായിരുന്നു. ബസ്സ്റ്റാന്‍ഡില്‍ നിന്നും മാപ്പിള സ്‌കൂളിലേക്ക് കുറച്ചധികം ദൂരം നടക്കാനുണ്ടായിരുന്നു. സ്‌കൂളിന്റെ ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോള്‍, ഒരു ടീച്ചര്‍ എതിരെ വരുന്നുണ്ടായിരുന്നു. അവരുടെ അടുത്ത് ഷാജിയേട്ടന്‍ എഴുതിത്തന്ന കടലാസ് കാണിച്ചു. ഈ ടീച്ചര്‍മാരൊക്കെ എവിടെയാണിരിക്കുന്നത് എന്ന് ചോദിച്ചു. ആ ടീച്ചര്‍ എന്നോട് നിങ്ങള്‍ ആരാണെന്ന് ചോദിച്ചു. ഞാന്‍ ഹരിശ്രീബുക്‌സിന്റെ സ്റ്റാഫാണെന്നു പറഞ്ഞപാടേ ''ദേ ഹരിശ്രീയുടെ ആള്‍'' എന്ന് അവിടെ ക്ലാസെടുത്തുകൊണ്ടിരുന്ന മറ്റു ടീച്ചര്‍മാരോട് വിളിച്ചു പറഞ്ഞു. അത് എല്‍.പി. സ്‌കൂള്‍ വിഭാഗമായിരുന്നു.

ആ ടീച്ചര്‍മാര്‍ക്കടക്കം അവിടെ നാലുപേര്‍ക്ക് പുസ്തകം കൊടുക്കാനുണ്ടായിരുന്നു. അവര്‍ക്കൊക്കെ പുസ്തകം കൊടുത്തതിനുശേഷം ഹൈസ്‌കൂളിന്റെ സ്റ്റാഫ് റൂമിലേക്ക് ചെന്നു. സ്റ്റാഫ്‌റൂമില്‍ ചന്ദനക്കുറി തൊട്ട് മുണ്ടുടുത്ത് സുന്ദരനായ ഒരു മാസ്റ്റര്‍ മാത്രമേ ആ സമയത്ത് അവിടെ ഉണ്ടായിരുന്നുള്ളൂ. ആ മാസ്റ്ററെ ഷാജിയേട്ടന്‍ എഴുതിത്തന്ന ലിസ്റ്റ് കാണിച്ചു കാര്യം പറഞ്ഞു.

ഈ ലിസ്റ്റിലുള്ളവരിലൊരാള്‍ ലീവാണെന്നും ബാക്കിയുള്ളവര്‍ ക്ലാസ്റൂമിലാണെന്നും പറഞ്ഞു. ബെല്ലടിച്ചാല്‍ അവരെല്ലാം വരുമെന്നും പറഞ്ഞ് ഒരു കസേര ചൂണ്ടിക്കാട്ടി അതിലിരുന്നോളാന്‍ പറഞ്ഞു. അത് അദ്ധ്യാപകര്‍ ഇരിക്കുന്ന കസേര ആയതുകൊണ്ട് ഞാന്‍ ഇരിക്കാന്‍ മടിച്ചു. എന്റെ മടി കണ്ട ആ മാസ്റ്റര്‍ ''സാരമില്ല കുട്ടാ'' ഇരുന്നോ എന്ന് സ്‌നേഹത്തോടെ പറഞ്ഞു.

ആദ്യമായിട്ടാണ് ഞാന്‍ കുട്ടാ എന്ന വാക്ക് കേള്‍ക്കുന്നത്. ആ സമയത്ത് മലയാളമൊക്കെ പഠിച്ച് വരുന്നേയുണ്ടായിരുന്നുള്ളൂ. കുട്ടന്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെങ്കിലും അതു ചെല്ലമേ, തങ്കമേ എന്ന് തമിഴ് ഭാഷയില്‍ സ്‌നേഹത്തോടെ കൂട്ടികളെ വിളിക്കുന്നതുപോലെയുള്ള ഒരു വാക്കാണെന്ന് മനസ്സിലായതുകൊണ്ട് ഞാന്‍ ആ കസേരയില്‍ ഇരുന്നു. അപ്പോഴാണ് വേദകഥകള്‍ പുസ്തകത്തിന് പുതിയ ഓര്‍ഡറും എടുക്കണം എന്ന് ഷാജിയേട്ടന്‍ പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്. ഞാന്‍ ബാഗുതുറന്ന് ഒരു വേദകഥകള്‍ പുസ്തകം എടുത്തു കുറി തൊട്ട മാസ്റ്ററിന്റെ അടുത്തുചെന്ന് കാണിച്ചിട്ട്, ''ഋഗ്വേദം, യജൂര്‍വേദം, സാമവേദം, അഥര്‍വ്വവേദം ഈ നാല് വേദങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് ഈ പുസ്തകത്തിലുള്ളത്. അഞ്ച് രൂപ രജിസ്‌ട്രേഷന്‍ ഫീ തന്ന് ബുക്ക് ചെയ്താല്‍ മുപ്പത്തഞ്ചു രൂപ മുഖവിലയുള്ള പുസ്തകം ഒന്നാം വാള്യം 30 രൂപയ്ക്കും 2, 3, 4 വാള്യങ്ങള്‍ 25 രൂപയ്ക്കും 5-ാം വാള്യം 20 രൂപക്കും ഡിസ്‌കൗണ്ട് റേറ്റില്‍ കിട്ടുന്നതാണ്" എന്നും പറഞ്ഞ് ആ മാസ്റ്ററുടെ കൈയില്‍ വേദകഥകളുടെ ഒന്നാം വാള്യം കൊടുത്തു. ആ മാഷ് പുസ്തകം വാങ്ങി നോക്കി. തുടര്‍ന്ന് എന്റെ ഊരും പേരും ചോദിച്ച് മനസ്സിലാക്കിയിട്ട് പറഞ്ഞു. ഞാന്‍ ഇങ്ങനയുള്ള പുരാണ പുസ്തകങ്ങളൊന്നും വായിക്കാറില്ല. ചിലപ്പോള്‍ അമ്മ വായിക്കുമായിരിക്കും. തഞ്ചാവൂരില്‍ നിന്ന് ഇവിടെ എന്റെ നാട്ടിലേക്ക് പുസ്തകം വില്‍പനയ്ക്ക് വന്നിരിക്കുകയാണല്ലോ. അതുകൊണ്ട് ഞാന്‍ ഈ പുസ്തകത്തിന് ഓര്‍ഡര്‍ തരാം. ആ മാസ്റ്ററില്‍ നിന്ന് ഓര്‍ഡര്‍ ഫോം പൂരിപ്പിച്ചു വാങ്ങി. അദ്ദേഹത്തിന് വേദകഥകളുടെ ഒന്നാം വാല്യം ബുക്കെടുത്തുകൊടുത്തു. 5 രൂപ രജിസ്ര്‌ടേഷന്‍ ഫീ അടക്കം 35 രൂപ ആ മാസ്റ്റര്‍ എനിക്കു തന്നു. അപ്പോഴേക്കും സ്‌കൂള്‍ ബെല്‍ അടിച്ചു. മാഷ്മാരും ടീച്ചര്‍മാരുമെത്തി. പുസ്തകം കൊടുക്കാനുണ്ടായ മാഷ്മാര്‍ക്കൊക്കെ പുസ്തകം കൊടുത്തു. അവിടെ നിന്ന് പുതിയ ഒരു ഓര്‍ഡര്‍ കൂടി കിട്ടി. 17 വേദകഥകള്‍, രണ്ടു മഹാഭാരതങ്ങളുമടക്കം ആകെ 19 പുസ്തകങ്ങള്‍ വിറ്റു. കൊയിലാണ്ടി ബസ്സ്റ്റാന്‍ഡിന് മുന്നിലെ ഹോട്ടലില്‍ നിന്ന് ചോറ് കഴിച്ചതിനുശേഷം കോഴിക്കോട് ബസ്സില്‍ കയറി ഇരുന്നു.

എന്നോട് പുസ്തകം വാങ്ങിയവരൊക്കെയും സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നവരാണ്. പക്ഷെ അവരില്‍ ഒരാള്‍ പോലും എന്നോട് അതിന്റെ ഗമയോ പത്രാസോ കാണിച്ചില്ല. ഞാനൊരു ചെറിയ ചെക്കനാണ്. തമിഴ്‌നാട്ടുകാരനുമാണ്. എന്നിട്ടും എല്ലാവരും എന്നോട് സ്‌നേഹത്തോടും സൗമ്യതയോടും പെരുമാറി. ഒരു ആവശ്യവുമില്ലാതെ ജാട കാണിച്ചു നടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എന്റെ സിത്തപ്പായെ ഞാന്‍ ഓര്‍ത്തുപോയി. എന്റെ കൈവശം ബാക്കി വന്ന മൂന്ന് വേദകഥകള്‍ പുസ്തകങ്ങള്‍ ബാഗിലുണ്ടായിരുന്നു. അപ്പോള്‍ ആ പുസ്തകങ്ങള്‍ സരസ്വതിദേവിയായിട്ടാണ് എനിക്ക് തോന്നിയത്.

ആ പുസ്തകങ്ങളെ ഇറുകെപിടിച്ച് ഞാനൊരു തീരുമാനമെടുത്തു. ലോഡ്ജിലെ റൂം ബോയ് പണി കളഞ്ഞാലും ഈ പുസ്തക വില്പനക്കാരന്റെ ജോലി ഒരു കാരണവശാലും കളയേണ്ട. എന്റെ കൈയ്യില്‍ നിന്ന് ആദ്യത്തെ പുസ്തകം വാങ്ങിയ കൃഷിഭവനിലെ ഹീര നെട്ടൂര്‍ മാഡം അവര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് റിട്ടയറാവുന്നതുവരെ എന്റെ കൈയില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങുമായിരിക്കും എന്ന കാര്യം ഒരു ജ്യോത്സ്യനും അന്ന് എനിക്ക് പറഞ്ഞ് തന്നിരുന്നില്ല. 

(തുടരും)