
മംഗലാപുരത്താണല്ലോ ഞങ്ങള്‍ ഇപ്പോളുള്ളത്. വൈകുന്നേരം നാലരമണിയായപ്പോള്‍ ചന്ദ്രേട്ടന്‍ ഒരു വാടക വീട് തരപ്പെടുത്തിയിട്ട് തുളസി ചേച്ചിയെയും എന്നെയും കൂട്ടിക്കൊണ്ടു പോയി. കുന്ന് ഇറങ്ങി കുറച്ചുദൂരം നടന്നപ്പോള്‍ ഒരു ഓടിട്ട വീട് കണ്ടു. ആ വീട്ടില്‍ ഒരമ്മയും മകളുമാണ് താമസിച്ചിരുന്നത്. അവര്‍ക്കും ബീഡി തെറുക്കുന്ന ജോലി തന്നെയായിരുന്നു. വീടിന്റെ ഇടതുവശത്ത് ഒരു മുറിയുണ്ടായിരുന്നു. കുറച്ചു നീളമുള്ള മുറിയായിരുന്നു അത്. ആ മുറിയിലാണ് ഞങ്ങളുടെ മംഗളൂരു ജീവിതം തുടങ്ങാന്‍ പോകുന്നത് എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമായി. മുറിയുടെ അറ്റത്ത് പാചകം ചെയ്യാനുള്ള സാധനങ്ങള്‍ എടുത്തുവെച്ച് തുളസി ചേച്ചി ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങി.
ആ വീടിന്റെ മുതലാളിമാരായ അമ്മയും മകളും വന്ന് ഞങ്ങളെ പരിചയപ്പെട്ടു. മകളുടെ പേര് ബേബി എന്നായിരുന്നു. അവരെ കണ്ടപ്പോള്‍ അവരും ഞങ്ങളെപ്പോലെ പാവങ്ങളാണെന്നു മനസ്സിലായി. ബേബി കന്നഡത്തിലെ നടി സരോജാദേവിയെപ്പോലെ ഇരുനിറമുള്ള സുന്ദരിയായിരുന്നു. പിറ്റെദിവസം രാവിലെ ചന്ദ്രേട്ടന്‍ എന്നോട് പറഞ്ഞു: 'നാളെ നമുക്ക് മംഗളൂര്‍ ടൗണില്‍ ചെന്ന് സര്‍ബത്ത് കച്ചവടം തുടങ്ങാം മോനേ...' അതുകേട്ടപ്പോള്‍ എനിക്ക് ആവേശമായി.
എല്ലാ മനുഷ്യര്‍ക്കും എന്തെങ്കിലുമൊരു കഴിവ് ദൈവം കൊടുത്തിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുറച്ചുകഴിഞ്ഞ് ചന്ദ്രേട്ടന്‍ നാലുകുപ്പി സര്‍ബത്ത് ഉണ്ടാക്കിവെച്ചു. ചന്ദ്രേട്ടനോട് എനിക്ക് ബഹുമാനം തോന്നിയ നിമിഷമായിരുന്നു അത്. ഞാനും ചന്ദ്രേട്ടനും പിറ്റെദിവസം രാവിലെ സര്‍ബത്തു കുപ്പികളും നാല് സ്റ്റീല്‍ ഗ്ലാസും വെള്ളം എടുക്കാനുള്ള പാത്രവുമായി മംഗളൂര്‍ ടൗണിലെത്തി.
ഞങ്ങളവിടെ എത്തിയപ്പോള്‍ നല്ല വെയിലും ചൂടും ഉണ്ടായിരുന്നു. സര്‍ബത്ത് കച്ചവടം പൊടിപൊടിക്കുമെന്ന് എനിക്കു തോന്നി. മംഗളൂര്‍ നഗരത്തില്‍ ഒരുപാട് ജനങ്ങള്‍ കൂടുന്ന സ്ഥലത്ത് ഒരു സ്റ്റൂള്‍ സംഘടിപ്പിച്ച് അതിന്റെ മേലെ സര്‍ബത്ത് കുപ്പികളും ഗ്ലാസ്സും എടുത്തുവെച്ച് കച്ചവടം തുടങ്ങി. കോഴിക്കോട്, സ്ത്രീകളുടെ മുന്നില്‍ പൂവുമായി പോയപ്പോള്‍ അവര്‍ എന്നെ അവഗണിച്ചിരുന്നല്ലോ. അതു പോലെയൊന്നും മംഗളൂരിലെ ആള്‍ക്കാര്‍ ഞങ്ങളെ അവഗണിച്ചില്ല. പക്ഷേ എല്ലാവരും ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കടന്നുപോകുകയായിരുന്നു. ആരും സര്‍ബത്തിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ല.
മംഗളൂരുകാര്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും സര്‍ബത്ത് കണ്ടിട്ടില്ലെന്ന് കുറച്ച് കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. ഉച്ചക്ക് 12 മണിയായപ്പോള്‍ ഒരു ട്രാഫിക് പോലീസുകാരന്‍ 'ഹാ...സര്‍ബത്തല്ലേ' എന്നു ചോദിച്ചുകൊണ്ട് വന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിച്ചു.
ചന്ദ്രേട്ടന്‍ ഒരു ഗ്ലാസ്സെടുത്ത് നാരങ്ങ പിഴിഞ്ഞ് സര്‍ബത്ത് കലക്കി കൊടുത്തു. പോലീസുകാരന്‍ സന്തോഷത്തോടെ സര്‍ബത്ത് കുടിച്ച് പണം എടുത്തു തന്നു. ചന്ദ്രേട്ടന്‍ ആ പണം കൈയ്യില്‍ പിടിച്ച് ദൈവത്തെ തൊഴുത് കീശയില്‍ വെച്ചു. ഉച്ചകഴിഞ്ഞ് രണ്ടുമണിയായിട്ടും സര്‍ബത്ത് കഴിക്കാന്‍ പിന്നെ ആരും വന്നില്ല. ചന്ദ്രേട്ടന്‍ ഞാന്‍ ഒന്നു കറങ്ങിയിട്ട് വരാം എന്നും പറഞ്ഞ് പോയി.
ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ചന്ദ്രേട്ടന്‍ തിരിച്ചുവന്നത്. വന്നപാടെ കുപ്പിയില്‍ 'സര്‍ബത്തിന്റെ അളവ് കുറഞ്ഞിരിക്കുന്നതുകണ്ട് നീ ഒരു സര്‍ബത്തുകൂടി വിറ്റോ?' എന്നു സന്തോഷത്തോടെ ചോദിച്ചു.
'ഒരാളും സര്‍ബത്ത് കഴിക്കാന്‍ വന്നില്ല. അതുകൊണ്ട് സങ്കടം വന്നു. സങ്കടം മാറാനായി ഞാന്‍ തന്നെ ഒരു ഗ്ലാസ്സ് സര്‍ബത്ത് കലക്കി കുടിച്ചു,' എന്നു ഞാന്‍ പറഞ്ഞതുകേട്ട് ചന്ദ്രേട്ടന്‍ നിരാശനായി. വൈകീട്ട് നാലുമണിയായപ്പോള്‍ ഞങ്ങള്‍ കച്ചുവടം മതിയാക്കി വീട്ടിലേക്ക് ജീപ്പില്‍ കയറി. ഇനി എന്തുകച്ചവടം ചെയ്യും? എന്ന ആലോചനയില്‍ ചന്ദ്രേട്ടന്‍ മുഴുകി.
ചന്ദ്രേട്ടന്‍ വീടിനുകൊടുത്ത അഡ്വാന്‍സ് പണത്തില്‍ നിന്ന് മുതലാളിയമ്മ മകള്‍ ബേബിക്ക് ഒരു പുതിയ റേഡിയോ വാങ്ങിക്കൊടുത്തു. റേഡിയോയില്‍ ബേബി കന്നഡ പാട്ടും വെച്ച് അതുകേട്ടാസ്വദിച്ചുകൊണ്ട് ബീഡി തെറുത്തു. ഞാനും അവളുടെ അടുത്ത് റേഡിയോയിലെ പാട്ടും ആസ്വദിച്ച് അവളുമായി സംസാരിച്ച് ഇരുന്നു. മിക്കപാട്ടുകളും എസ്.പി.ബി. സാര്‍ പാടിയതായിരുന്നു. കേള്‍ക്കാന്‍ ഏകദേശം തമിഴ് പാട്ടുപോലെ തന്നെയായിരുന്നു കന്നഡപാട്ടുകളും.
ഞാന്‍ മലയാളവും തമിഴും കലര്‍ന്ന ഭാഷയിലാണ് ബേബിയോട് സംസാരിച്ചിരുന്നത്. അവള്‍ കന്നഡവും തുളുവും കലര്‍ന്ന ഭാഷയില്‍ എന്നോട് സംസാരിച്ചു. ഞങ്ങള്‍ വേഗത്തില്‍ കമ്പനിയായി. സ്വന്തം വീട്ടില്‍ ആണുങ്ങള്‍ ഷര്‍ട്ട് ഇടാറില്ലല്ലോ. അതാണല്ലോ നാട്ടുനടപ്പ്. ഞാനും ചന്ദ്രേട്ടനും ഷര്‍ട്ട് ഇടാതെയായിരുന്നു ഞങ്ങളുടെ മുറിക്ക് പുറത്ത് മുറ്റത്ത് ഇരുന്നിരുന്നത്.
തുളസിചേച്ചി ഞങ്ങളുടെ അടുത്ത് വന്ന് ഷര്‍ട്ട് എടുത്തിടാന്‍ പറഞ്ഞു. നമ്മള്‍ സ്വന്തം വീട്ടില്‍ ഷര്‍ട്ട് ഇടാതെയല്ലേ ഇരിക്കാറുള്ളത് എന്ന് ചന്ദ്രേട്ടന്‍ ചോദിച്ചു. സ്വന്തം വീട്ടില്‍ അമ്മയും പെങ്ങന്‍മാരും മാത്രമല്ലേ ഉണ്ടാവത്തുള്ളൂ എന്ന് തുളസിച്ചേച്ചി തിരിച്ചുചോദിച്ചു.
ഇവിടെ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി ഇരിപ്പുണ്ട്. ''ഷര്‍ട്ടെടുത്തിടെടാ'' എന്ന് ദേഷ്യത്തില്‍ തുളസിച്ചേച്ചി പറഞ്ഞപ്പോള്‍ ഞാന്‍ ഓടിച്ചെന്ന് ഷര്‍ട്ട് എടുത്തിട്ടു. അതിനുശേഷം ഞാന്‍ കുളിക്കുന്ന നേരത്ത് മാത്രമാണ് ഷര്‍ട്ട് ഊരിയത്.
ബേബി എന്നെപ്പോലെതന്നെ പത്താംക്ലാസ്സ് തോറ്റ് ബീഡി തെറുത്തിരിപ്പാണ്. ബേബിക്ക് തെറുക്കാന്‍ ബീഡിയെങ്കിലുമുണ്ട്, എനിക്കോ? അന്നത്തെക്കാലത്തും തമിഴ്നാടും കര്‍ണ്ണാടകയും തമ്മില്‍ കാവേരി വെള്ളത്തെച്ചൊല്ലി രാഷട്രീയം വിളയാടിക്കൊണ്ടിരുന്നു. അതുകൊണ്ടോ എന്തോ ബേബിയ്ക്ക് തമിഴന്മാരെ ഇഷ്ടമല്ലെന്നു പറഞ്ഞു.
പക്ഷെ, ഞാന്‍ അവിടെ തമിഴന്‍ അല്ലല്ലോ. കോഴിക്കോട്ടുനിന്ന് വന്ന ചന്ദ്രേട്ടന്റെ അനിയനാണല്ലോ. അതുകൊണ്ട് ബേബി അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വിഷമമൊന്നും തോന്നിയില്ല. രണ്ടുദിവസം വെറുതെ അങ്ങനെ പോയി. രണ്ട് ആണുങ്ങളും വീട്ടില്‍ പണിയൊന്നുമില്ലാതെ വെറുതെ ഇരുന്നാല്‍ കുടുംബത്തിന് ചീത്തപ്പേര്‍ കിട്ടിയാലോ എന്നു ഞാന്‍ ആലോചിച്ച് ബേബിയുടെ അമ്മയോട് ഇവിടെ എന്തെങ്കിലും ജോലികിട്ടുമോ എന്ന് ചോദിച്ചു.
''ഇവിടെ അടുത്തുതന്നെ ടിമ്പര്‍ വര്‍ക്‌സ് ചെയ്യുന്ന ഒരു സോമില്‍ ഉണ്ട്. നിന്റെ പ്രായത്തിലുള്ള പിള്ളേരൊക്കെ അവിടെ പണിക്കുപോവാറുണ്ട്. ഞാന്‍ നോക്കട്ടെ'' എന്ന് ആ അമ്മ പറഞ്ഞു. ഞാന്‍ അവിടെ എത്തിയതിനുശേഷം ആ അമ്മയ്ക്ക് തൊട്ടടുത്തുള്ള ചാരായ ഷോപ്പില്‍ നിന്ന് ഞാനാണ് ദിവസവും ചാരായം വാങ്ങിക്കൊണ്ടുവന്നു കൊടുത്തിരുന്നത്.
വൈകീട്ട് ആറരമണിയാകുമ്പോള്‍ ബേബി കുളിയൊക്കെ കഴിഞ്ഞ് ദൈവത്തിന്റെ ഫോട്ടോക്കുമുന്നില്‍ തൊഴുതുകൊണ്ട് നില്‍ക്കുമ്പോള്‍ അവളുടെ അമ്മ അപ്പുറത്ത് പട്ടച്ചാരായമടി തുടങ്ങിയിട്ടുണ്ടാവും.
ആ സോമില്ലില്‍ ബേബിയുടെ അമ്മ എനിക്കൊരു ജോലി തരപ്പെടുത്തിതന്നു. രാവിലെ ആറുമണിക്ക് എഴുന്നേറ്റ് പല്ലുതേച്ച് മുഖം കഴുകി തുളസിചേച്ചി തന്ന കട്ടന്‍ ചായയും കഴിച്ച് നേരെ സോമില്ലിലേക്ക് വേലയ്ക്കുപോയി. അവിടെ കട്ടില്‍, അലമാര, മേശ തുടങ്ങിയവ ഉണ്ടാക്കാനായി മരപ്പലകകള്‍ മെഷീനില്‍ അറുത്ത് എടുത്ത് ഞങ്ങളുടെ അടുത്തെത്തിക്കും. ആ മരപ്പലകകള്‍ ഫിനിഷിംഗ് പേപ്പര്‍ ഉപയോഗിച്ച് തേച്ച് മിനുക്കിയെടുക്കണം. അതായിരുന്നു എന്റെ ജോലി.
ആറുമണിക്ക് പണി തുടങ്ങിയാല്‍ ഒമ്പതുമണിക്ക് പ്രാതല്‍ കഴിക്കാനായി അരമണിക്കൂര്‍ റെസ്റ്റുണ്ട്. ഞാന്‍ അവിടെ നിന്ന് വീട്ടിലേക്ക് വേഗം വന്നപ്പോള്‍ ഞങ്ങളുടെ റൂമിന്റെ മുറ്റത്ത് ചന്ദ്രേട്ടന്‍ കസേരയില്‍ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടപാടെ തുളസിചേച്ചി കസേരയില്‍ ഇരുന്നിരുന്ന ചന്ദ്രേട്ടനോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു.
'നിങ്ങളിവിടെ വെറുതെ ഇരിക്കുകയല്ലേ.? ഇവന്‍ പണിക്കുപോയി വന്നതാണല്ലോ. ഇവന്‍ കസേരയില്‍ ഇരിക്കട്ടെ,' എന്നു പറഞ്ഞപ്പോള്‍ ചന്ദ്രേട്ടന്‍ മനസ്സില്ലാമനസ്സോടെ കസേരയില്‍ നിന്ന് എഴുന്നേറ്റു.
ഞാന്‍ വേഗത്തില്‍ ഭക്ഷണം കഴിച്ച് വീണ്ടും ഓടിച്ചെന്ന് പണിക്കുകയറി. ഉച്ചയ്ക്ക് ഒന്നരമണിയായപ്പോള്‍ അരമണിക്കൂര്‍ ലഞ്ച് ബ്രേക്കാണ്. ഞാന്‍ ഞങ്ങളുടെ വീട്ടില്‍ ചെന്ന് ചോറും കഴിച്ചുവന്ന് വീണ്ടും ജോലി തുടര്‍ന്നു.
വൈകീട്ട് ആറരക്കാണ് ജോലി കഴിഞ്ഞത്. കുറച്ചു കഷ്ടപ്പാടുള്ള ജോലിതന്നെയായിരുന്നു. എന്നാലും ഒരു മടിയുമില്ലാതെ ഞാനത് ചെയ്തു. രാത്രി കുളിയൊക്കെ കഴിഞ്ഞ് ചോറും കഴിച്ച് കിടന്നു. ഞങ്ങള്‍ ആ ഒറ്റമുറിയില്‍ത്തന്നെയാണ് കിടന്നിരുന്നത്. റൂമിന്റെ അറ്റത്ത് അടുക്കളയുടെ ഭാഗം- അതിനടുത്തായി ഒരു പായും വിരിച്ച് ചന്ദ്രേട്ടനും തുളസി ചേച്ചിയും കിടക്കും. അവരുടെ തൊട്ടപ്പുറത്തായി ഒരു പായും വിരിച്ച് ഞാനും കിടക്കും. ''രാത്രിയില്‍ ദമ്പതികള്‍ ബന്ധപ്പെടുമ്പോള്‍ ചെറിയ ഒച്ചയും ബഹളവും കേട്ടെന്നിരിക്കും. അതൊന്നും നമ്മള്‍ കേള്‍ക്കുന്നില്ല എന്ന ഭാവത്തില്‍ മര്യാദക്ക് ഉറങ്ങിക്കൊള്ളണം'' എന്ന് അയനിചോട്ടിലെ ചിന്നപാണ്ടി പറഞ്ഞതൊക്കെ ഒരാവശ്യവുമില്ലാതെ അപ്പോള്‍ ഓര്‍മ്മയില്‍ വരും.
ലൈറ്റ് ഓഫ് ചെയ്തു കിടന്നാല്‍ ഞാന്‍ പുതപ്പെടുത്ത് തല മൊത്തം മൂടും. പക്ഷെ, ചെവി തുറന്നാണല്ലോ ഉള്ളത്. അതുകൊണ്ട് ചിലപ്പോളൊക്കെ ചെറിയ ഒച്ചയും ബഹളവും കേട്ടെന്നിരിക്കും. ഞാന്‍ അതൊന്നും ശ്രദ്ധയില്‍പ്പെടുത്താതെ വേഗം ഉറങ്ങിപ്പോകും. ശനിയാഴ്ച വൈകീട്ടാണ് ആ സോമില്ലില്‍ ശമ്പളം വിതരണം ചെയ്യാറുള്ളത്. ചൊവ്വാഴ്ച തൊട്ട് ശനിയാഴ്ച വരെ അഞ്ച് ദിവസം പണിയെടുത്തതിന് പത്തുരൂപ ശമ്പളം വെച്ച് അമ്പതുരൂപ തന്നപ്പോള്‍ എനിക്ക് സങ്കടമായി.
അപ്പോള്‍ത്തന്നെ ഞാനൊരു തീരുമാനമെടുത്തു. ഈ പത്തുരൂപ കോയക്കായുടെ ലോഡ്ജില്‍ നിന്നുതന്നെ കിട്ടിയിരുന്നല്ലോ. കുറച്ചുനേരം ഉറക്കമൊഴിച്ച് ഇരിക്കേണ്ടിവരുന്നതൊഴിച്ചാല്‍ വേറെ ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ. പിന്നെ എന്തിന് ഞാന്‍ ഇവിടെ കിടന്ന് കഷ്ടപ്പെടണം? ഞാന്‍ വാങ്ങിയ ശമ്പളം അമ്പതുരൂപാ തുളസിചേച്ചിയെ ഏല്പിച്ചു. അവരുടെ മുഖത്തെ സന്തോഷം കണ്ട് അപ്പോള്‍ ഞാന്‍ ഒന്നും പറയാന്‍ പോയില്ല. പിറ്റെദിവസം രാവിലെ തുളസിചേച്ചി എന്നെ വിളിച്ചുണര്‍ത്തി. 'എടാ പണിക്കുപോകേണ്ടെ?' എന്നു ചോദിച്ചപ്പോള്‍ 'ഇല്ല ചേച്ചി... ഞാന്‍ തിരിച്ച് കോഴിക്കോട്ടേക്ക് പൊയ്‌ക്കോട്ടെ?' എന്റെ ഈ ചോദ്യം കേട്ട് ചന്ദ്രേട്ടനും തുളസിചേച്ചിയും വിഷമത്തിലായി.
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മൂന്നുപേര്‍ ജീവിതം തേടിപോയപ്പോള്‍ ഒരാള്‍ മാത്രം അവിടെ നിന്ന് സ്ഥലം വിടാന്‍ നോക്കുമ്പോള്‍ ആര്‍ക്കായാലും വിഷമം തോന്നത്തില്ലേ?
പക്ഷെ, ഞങ്ങള്‍ അവിടെ എത്തിയിട്ട് പന്ത്രണ്ട് ദിവസമായിട്ടും ചന്ദ്രേട്ടന്‍ എന്തുകച്ചവടം ചെയ്യണം എന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലും എത്തിയില്ല. അന്ന് ഉച്ചകഴിഞ്ഞപ്പോള്‍ ചന്ദ്രേട്ടനും തുളസിചേച്ചിയും 'നീ കോഴിക്കോട് ചെന്ന് രക്ഷപ്പെട്ടോളൂ മോനേ' എന്നുപറഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി.
ഞാന്‍ കോഴിക്കോട്ടേയ്ക്ക് തിരിക്കുകയാണ് എന്ന വിവരം അറിഞ്ഞതോടെ ബേബിക്കും അവളുടെ അമ്മയ്ക്കും വിഷമമായി. പിന്നീടാണ് ഞാന്‍ അറിഞ്ഞത്ആ അമ്മയ്ക്ക് ബേബിയെ എനിക്ക് കെട്ടിച്ചുതരാനുള്ള ആഗ്രഹം ഉണ്ടായിരുന്നത്രെ. അന്നേ അറിഞ്ഞിരുന്നെങ്കില്‍ വല്ല കൂലിപ്പണിയുമെടുത്ത് ബേബിയുടെ ഭര്‍ത്താവായി അവിടെത്തന്നെ കൂടാമായിരുന്നു.
പിറ്റെദിവസം രാവിലെ നാലുപേരോടും യാത്ര പറഞ്ഞ് ബസ്സില്‍ക്കയറി കണ്ണൂര്‍ എത്തി. അന്നത്തെകാലത്ത് കണ്ണൂരില്‍ നിന്ന് വൈകിട്ട് 5-15ന് കണ്ണൂര്‍
എക്‌സ്പ്രസ് ട്രെയിന്‍ (6348) തിരുവനന്തപുരത്തേക്ക് പുറപ്പെടും. (ഇന്ന് ആ ട്രെയിന്‍ മംഗളൂര്‍ വരെ നീട്ടിയിട്ടുണ്ട്). ആ ട്രെയിനില്‍ കയറി വൈകിട്ട് 7.25ന് കോഴിക്കോട്ടെ കോയക്കായുടെ ലോഡ്ജിലെത്തിയപ്പോള്‍ അവിടെ ലത്തീഫ്ക്കാ ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്നെ കണ്ടപാടെ 'നീ നാട്ടിലേക്കല്ല പോയതെന്ന് എനിക്ക് മനസ്സിലായി' എന്നു പറഞ്ഞു. ഞാന്‍ ചിരിച്ചു.
അപ്പോള്‍തന്നെ എന്നോട് ഡ്യൂട്ടിക്ക് കയറാന്‍ പറഞ്ഞു. ഞാന്‍ മുകളില്‍ ചെന്ന് ബാഗ് ഞാന്‍ കിടക്കാറുള്ള ബെഞ്ചിനുകീഴെ വെച്ച്, റിസപ്ഷനിലേക്ക് ഇറങ്ങിവന്ന് ഡ്യൂട്ടിക്ക് കയറി. രാത്രി 12 മണിക്ക് ഷട്ടര്‍ അടച്ചപ്പോള്‍ ഉറക്കം വന്നില്ല. ഞാന്‍ കേരളത്തിലെത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ചങ്ങരംകുളത്തുനിന്ന് കോഴിക്കോട്ടേക്ക് ബസ്സ് കയറിയപ്പോള്‍ വീട്ടിലേക്ക് ഒരു കത്ത് എഴുതിയിട്ടതായിരുന്നു. അതിനുശേഷം വീട്ടിലേക്ക് കത്തൊന്നും എഴുതിയിരുന്നില്ല. എന്തുപറഞ്ഞ് കത്തെഴുതും? ഇതുവരെ സമ്പാദ്യമെന്നുപറയാന്‍ ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല.
കുറെ സിനിമകള്‍ കണ്ട്, നല്ല ഭക്ഷണം കഴിച്ചെന്നുമല്ലാതെ വേറൊന്നും നേടാന്‍ ആയില്ലല്ലോ. എന്തായാലും ഒരു വര്‍ഷം വേസ്റ്റായി. ഇനി ഈ കോഴിക്കോട്ടുനിന്നുതന്നെ കാശുണ്ടാക്കി വീട്ടിലേക്ക് പോകുന്നതായിരിക്കും നല്ലത് എന്നുതോന്നി. ലോഡ്ജില്‍ എനിക്കെപ്പോഴും നൈറ്റ് ഡ്യൂട്ടിയാണ്. പകല്‍ വേറെ ഏതെങ്കിലും ജോലിക്കുപോയാലോ എന്ന ചിന്തവന്ന ആ നിമിഷമാണ് സരസ്വതീദേവി എന്നോടൊപ്പം കൂടിയത്.
(തുടരും)
Content Highlights: Elenko odia Autobiography Malayalathamizhan
Published: 18 Jul 2025, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented