
ജെഫ്രിതോമസ് എന്ന തൃശൂര്‍ക്കാരന്‍ കോഴിഫാമിലേക്ക് കോഴിക്കുഞ്ഞുങ്ങളെ സപ്ലൈ ചെയ്യുന്ന റൂബിന്‍ ഹാച്ചറി എന്ന കമ്പനിയില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായിരുന്നു. അദ്ദേഹം ലോഡ്ജിലേക്ക് മുറി അന്വേഷിച്ചു വന്നു. മുറിയൊന്നും ഒഴിവില്ലാത്തതുകൊണ്ട് ടെറസിലുള്ള ചെറിയൊരു മുറി ഞാന്‍ തരപ്പെടുത്തിക്കൊടുത്തു. അന്ന് സുരേഷ് ലീവായതുകൊണ്ട് റിസപ്ഷനിസ്റ്റ് ജോലിയും ഞാന്‍ തന്നെയായിരുന്നു ചെയ്യേണ്ടി വന്നത്.
ജെഫ്രി മുറിയില്‍ ഒറ്റയ്ക്കിരുന്ന് ബോറടിച്ചപ്പോള്‍ സിഗരറ്റുവലി തുടങ്ങി. ജ്രെഫിക്ക് എന്നോട് വലിയ കാര്യമായിരുന്നു. ഒരു ദിവസം ജ്രെഫി എന്നോട് നല്ല ബിരിയാണി എവിടെ കിട്ടുമെന്ന് അന്വേഷിച്ചു.
തൊണ്ണൂറുകളില്‍ ബിരിയാണിക്ക് പേരുകേട്ട ബീച്ചിലെ ബോംബെ ഹോട്ടല്‍, മിഠായിത്തെരുവിലെ ടോപ്പ്ഫോം, പാളയത്തെ പാരീസ് ഹോട്ടല്‍ എന്നി മൂന്നു ഹോട്ടലുകളിലേക്കും ജെഫ്രിയെ കൂട്ടിക്കൊണ്ടുപോയി. മൂന്നു ഹോട്ടലുകളില്‍ നിന്നും മാറി മാറി ഞങ്ങള്‍ ബിരിയാണി കഴിച്ചു. ജ്രെഫിക്ക് ബൈക്കുണ്ടായിരുന്നു -ബജാജ് കവാസാകി. ആ കവാസാക്കി ബൈക്കിലായിരുന്നു ഞങ്ങളുടെ കറക്കം. ഇന്ന് പാരീസ് ഹോട്ടലും അതിന്റെ പുറകിലുണ്ടായിരുന്ന വസന്തവിഹാര്‍ ഹോട്ടല്‍ ബില്‍ഡിംഗും പൊളിച്ചുമാറ്റി. ആ സ്ഥലം വെറുതെകിടക്കുകയാണ്.
ഞാന്‍ 202-ാം നമ്പര്‍ റൂമില്‍ താമസക്കാരനാണെങ്കിലും രാത്രിയില്‍ റൂമില്‍ കിടക്കാറില്ല. മിക്ക ദിവസങ്ങളിലും ലോഡ്ജില്‍ നൈറ്റ് ഡ്യൂട്ടിയാണല്ലോ. അതുകൊണ്ട് റിസപ്ഷനിലാണ് കിടന്നുറങ്ങാറുള്ളത്. ഞാന്‍ റോയിയോടും സജിലിനോടും സംസാരിച്ച് ജെഫ്രിയെ ഞങ്ങളുടെ റൂമില്‍ ഞങ്ങളോടൊപ്പം താമസിക്കാന്‍ ഓക്കെയാക്കി.
റോയിക്ക് ബൈക്ക് ഓടിച്ച് പഠിക്കാനുള്ള ആശ ഉണ്ടായിരുന്നു. അതുകൊണ്ട് അപ്പോള്‍ത്തന്നെ ജെഫ്രിയുടെ മുറിയില്‍ ചെന്ന് അയാളുടെ സാധനങ്ങളെല്ലാമെടുത്ത് ഞങ്ങളുടെ റൂമിലേക്ക് വിളിച്ചുകൊണ്ടുവന്നു.
ഞങ്ങള്‍ താമസക്കാര്‍ ഇപ്പോള്‍ നാലാളായതുകൊണ്ട് റൂമിന്റെ വാടക ഒരാളിന് നൂറില്‍ നിന്ന് എഴുപത്തഞ്ചുരൂപയായി കുറഞ്ഞു. സജിലിന്റെ കൈയിലുള്ള പണമൊക്കെ കള്ളും ചാരായവും കുടിച്ചുതീര്‍ക്കും. സജിലിന്റെ പെങ്ങള്‍ ശ്രീജ അന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു. വെസ്റ്റ്‌നടക്കാവില്‍ ഒരു ലേഡീസ് ഹോസ്റ്റലിലായിരുന്നു അവള്‍ താമസിച്ചിരുന്നത്. ചെലവിനുള്ള പണം വാങ്ങാനായി ശ്രീജ താമസിച്ചിരുന്ന ഹോസ്റ്റലിലേക്ക് സജില്‍ പോകുമായിരുന്നു.
ഒരു ദിവസം സജില്‍ എന്നെയും റോയിയേയും കൂട്ടി ഹോസ്റ്റലിലേക്ക് പോയി. ശ്രീജയ്ക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. റോയി നാട്ടുകാരനായതിനാല്‍ ശ്രീജയ്ക്ക് നേരത്തെ അറിയാമായിരുന്നു. ഒരു ദിവസം സജില്‍ ശ്രീജയുടെ അടുത്തേക്ക് ജെഫ്രിയെയും കൂട്ടിക്കൊണ്ടുപോയി. മോഹന്‍ലാല്‍ തൂവാനത്തുമ്പികള്‍ എന്ന സിനിമയില്‍ തൃശൂര്‍ ഭാഷ സംസാരിക്കുമല്ലോ. അതിനേക്കാളും മനോഹരമായി തൃശൂര്‍ ഭാഷ ജ്രെഫി തോമസ് സംസാരിക്കുമായിരുന്നു. ജെഫ്രിയുടെ തൃശൂര്‍ഭാഷ കേട്ട ശ്രീജ വീണു. അവര്‍ തമ്മില്‍ പ്രണയത്തിലായി. മൂന്നുനാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ജെഫ്രി ശ്രീജയെ വിവാഹം കഴിച്ചു. ആ വിവാഹത്തിന് അവര്‍ എന്നെ വിളിച്ചില്ല.
കല്യാണം കഴിഞ്ഞ കാര്യം അറിഞ്ഞപ്പോള്‍ തന്നെ ഞാനൊരു തീരുമാനമെടുത്തു. എന്റെ കല്യാണത്തിന് ഞാന്‍ ജെഫ്രിയെയും ശ്രീജയെയും സജിലിനെയും വിളിക്കത്തില്ല. ഇത് സത്യം... സത്യം... സത്യം...
കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌ക്കൂളിന് മുന്നില്‍ വെച്ച് ഫ്രാന്‍സിസ് റോഡില്‍ താമസിക്കുന്ന ശ്രീജ എന്നെ എടോ എന്ന് വിളിച്ചിരുന്നല്ലോ. ആ ഒറ്റക്കാരണംകൊണ്ട് ഞാന്‍ അവളോട് പ്രണയം അറിയിക്കാന്‍ തീരുമാനിച്ചിരുന്നു.
നേരിട്ട് ചെന്ന് അവളോട് ഇഷ്ടമാണ് എന്നു പറയാന്‍ എനിക്ക് ധൈര്യം വന്നില്ല. അതുകൊണ്ട് ഇക്കാര്യം അഹ്‌സത്തിനോട് പറഞ്ഞു. എനിക്ക് ശ്രീജയെ ഇഷ്ടമാണ് എന്ന് ശ്രീജയോട് പറയാന്‍ അഫ്‌സത്തിനെ ഏര്‍പ്പാടാക്കി.
പിറ്റെദിവസം രാവിലെ ഞാന്‍ ലോഡ്ജിലെ ബെഡ്ഷീറ്റും പില്ലോകവറും എടുത്തുകൊണ്ട് അഫ്‌സത്തിന്റെ വീട്ടിലേക്ക് നടന്നു. അവരാണല്ലോ അതൊക്കെ അലക്കിത്തരാറുള്ളത്. ശ്രീജ കോര്‍പ്പറേഷന്‍ പൈപ്പില്‍ നിന്നും വെള്ളമെടുത്ത് കഴുകുന്നുണ്ടായിരുന്നു. കുടം നിറഞ്ഞിട്ടും അവള്‍ പോകാതെ എന്നോട് എന്തോ പറയാനായി കാത്തിരിക്കുന്നതായി തോന്നി. ഞാന്‍ സന്തോഷത്തോടെ വേഗം നടന്നു. അവളുടെ അടുത്തെത്തിയപ്പോള്‍ വെള്ളം നിറഞ്ഞ കുടമെടുത്ത് ഇടുപ്പില്‍ വെച്ച് ''ഈ കോന്തപ്പന് ഞാന്‍ വേണമല്ലെ?''- എന്ന് കളിയാക്കി ചിരിച്ച് ചോദിച്ചിട്ട് കടന്നുപോയി.
അപ്പോള്‍ വെള്ളമെടുക്കാനായി വന്ന അഫ്‌സത്തും ശ്രീജ പറഞ്ഞതുകേട്ടു. എനിക്ക് അന്നും ഇന്നും ''കോന്തപ്പന്‍' എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ല. പക്ഷെ, ആ വാക്ക് കേട്ടപാടെ ഞാന്‍ അപമാനിതനായതായി തോന്നി. എന്റെ സങ്കടം മനസ്സിലാക്കിയ അഫ്‌സത്ത് ഇവള്‍ പോകട്ടേന്ന്.എത്രയെത്ര നല്ല കുട്ടികള്‍ ഉണ്ടെന്നറിയുമോ? അതിലൊരാളെ എനിക്ക് കാണിച്ചു തന്നാല്‍ മതി. ഞാന്‍ സെറ്റാക്കിത്തരാം എന്നും പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു.
അഫ്‌സത്തിന്റെ ഈ വാക്കുകള്‍ കേട്ടപാടെ എനിക്ക് സമാധാനമായി. പിന്നെ എന്തോ ഓര്‍ത്തതുപോലെ അഫ്‌സത്ത് പറഞ്ഞു. പിന്നേ ഈ ശ്രീജയില്ലേ ഒരു ചെക്കനോടൊപ്പം ബീച്ചില്‍ ചെന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ചുവത്രെ. അവരെ രണ്ടുപേരെയും ഒരുമിച്ചു കണ്ടതിന് സാക്ഷികള്‍ ഉണ്ട്. 1990 കാലഘട്ടത്തില്‍ ഇതൊക്കെ വലിയ സംഭവമായിരുന്നു!
ഇതുകേട്ടപാടെ കിട്ടാത്ത മുന്തിരി പുളിക്കും എന്ന സ്വരത്തില്‍ 'അയ്യേ, വേറെ ചെക്കനോടൊപ്പം ബീച്ചില്‍ ചെന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ചവളെയൊന്നും എനിക്ക് വേണ്ടടോ' എന്ന് അഫ്‌സത്തിനോട് പറഞ്ഞിട്ട് കട്ടന്‍ചായയുടെ ഫ്‌ളാസ്‌ക് വാങ്ങി തിരികെ ലോഡ്ജിലേക്ക് നടന്നു. എന്തായാലും ശ്രീജ 'ഈ അണ്ണാച്ചിക്ക് ഞാന്‍ വേണമോ?' എന്ന് ചോദിച്ചില്ലല്ലോ എന്ന് ആലോചിച്ചപ്പോള്‍ എനിക്ക് വലിയ ആശ്വാസം തോന്നി. ഞാന്‍ അണ്ണാച്ചി ആയതുകൊണ്ടാണോ, അവള്‍ക്ക് എന്നെ ഇഷ്ടമാവാതെ പോയത്? എന്നും ഞാന്‍ ആലോചിച്ചു വിഷമിച്ചിരുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും തമിഴ്നാട്ടുകാരെയും തമിഴ് കള്‍ച്ചറിനെയും ഇഷ്ടപ്പെടുന്ന ഒരുപാട് മലയാളികള്‍ ഉണ്ട്. വിജിലന്‍സ് ഡിപ്പാര്‍ട്ടമെന്റില്‍ ജോലി ചെയ്യുന്ന വീണ എന്ന സുഹൃത്ത് എനിക്കുണ്ട്. അവള്‍ മധുര കാമരാജ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഫിലും തിരുനെല്‍വേലി മനോമനിയം സുന്ദരനാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റും എടുത്തിട്ടുണ്ട്. ഞാനടക്കം ഒരുപാട് തമിഴ്‌നാട്ടുകാര്‍ അവളുടെ ഫ്രണ്ട്ലിസ്റ്റിലുണ്ട്. എന്തിനു പറയുന്നു മകരപ്പൊങ്കലിന് (തൈമാസം ഒന്നാം തിയ്യതി) വീണയുടെ കോഴിക്കോട് വീട്ടില്‍ പൊങ്കല്‍ വെക്കാറുണ്ട്.
ഒരു ദിവസം വീണയുടെ അമ്മ വീണയുടെ മകള്‍ക്ക് ചോറ് ഊട്ടുമ്പോള്‍ 'മോള്‍ വേഗം കഴിക്കൂ... ഇല്ലെങ്കില്‍ ഞാന്‍ നിന്നെ അണ്ണാച്ചിക്കു പിടിച്ചു കൊടുത്തേക്കും' എന്നും പറഞ്ഞു ഭീഷണിപ്പെടുത്തി മോള്‍ക്ക് ചോറ് കൊടുത്തത്രെ. ഇതു കേട്ട വീണ ഉടന്‍ തന്നെ അവളുടെ അമ്മയോട് 'അമ്മേ ഇനി മോളോട് അങ്ങനെ പറയരുത്. ഞാന്‍ തമിഴ്‌നാട്ടില്‍ ജീവിച്ചിട്ടുള്ള ആളാണ്. അമ്മ പറയുന്ന വാക്കുകള്‍ ഈ കുഞ്ഞ് പ്രായത്തില്‍ അവളുടെ മനസ്സില്‍ തമിഴ്‌നാട്ടുകാരെക്കുറിച്ച് തെറ്റായ അഭിപ്രായം ഉണ്ടാക്കും' എന്നും പറഞ്ഞ് ശാസിച്ചത്രേ.
വീണയുടെ അമ്മ കുഞ്ഞിനോട് 'അണ്ണാച്ചി' എന്ന പദം ഉപയോഗിച്ചത് 2024-ല്‍ ആണ്. അതായത് ഇന്നും മലയാളിക്ക്, മലയാളികള്‍ അല്ലാത്തവരോട് തോന്നുന്ന പുച്ഛം മാറിയിട്ടില്ല എന്ന് വ്യക്തം.
ഈ വിവരം ഞാന്‍ ഈ വിഷയം എന്റെ പുസ്തകത്തില്‍ എഴുതട്ടെ എന്നു ഞാന്‍ വീണയോട് ചോദിച്ചു. ''അതിനെന്താ അണ്ണാ- അമ്മയാണെങ്കിലും തെറ്റായ വാക്കുകള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ നമ്മള്‍ അത് തിരുത്തിക്കൊടുക്കേണ്ടേ?'' എന്ന് പറഞ്ഞപ്പോള്‍ വീണയോട് എനിക്ക് അഭിമാനം തോന്നി.
ഇതു വായിക്കുമ്പോള്‍ ചിലര്‍ക്ക് തമിഴരെ ആരും ഇപ്പോള്‍ അണ്ണാച്ചി എന്ന് വിളിക്കാറില്ലല്ലോ എന്ന തോന്നല്‍ ഉണ്ടാവാം. അതെ, ഇപ്പോള്‍ ആരും തന്നെ അണ്ണാച്ചി എന്നു വിളിച്ചു കേള്‍ക്കാറില്ല. കാരണം തമിഴന്‍മാര്‍ കേരളത്തിലേക്ക് ജോലിക്കുവരുന്നില്ല എന്നതുതന്നെയാണ് കാരണം.
ഒരു ദിവസം വൈകിട്ട് പി.വി.എസ്. കാന്റീനില്‍ ചെന്ന് ചായ കഴിച്ച് വരുമ്പോള്‍ സ്‌കൂള്‍ വിട്ട് അഫ്‌സത്തും വരുന്നുണ്ടായിരുന്നു. ആ സമയത്തുതന്നെ റെയില്‍വേ കോളനിയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടി റെയില്‍പാളത്തില്‍കൂടി നടന്നുപോകുന്നുണ്ടായിരുന്നു. ആ പെണ്‍കുട്ടി ഇരുനിറക്കാരിയാണെങ്കിലും നല്ല മുഖശ്രീ ഉണ്ടായിരുന്നു. അഫ്‌സത്തിന് ആ പെണ്‍കുട്ടിയെ ഞാന്‍ കാണിച്ചുകൊടുത്തിട്ട്, 'അവളെ കാണുമ്പോള്‍ എനിക്ക് ഇഷ്ടമൊക്കെ തോന്നുന്നുണ്ട്, നീ ഒന്ന് അവളുമായി സംസാരിച്ച് എനിക്കൊന്നു സെറ്റാക്കിത്താ' എന്നു പറഞ്ഞു. അഫ്‌സത്തിന് ദേഷ്യം വന്നു.
''എനിക്ക് ആ പെണ്‍കുട്ടിയുടെ പേര് എന്താണെന്നു പോലും അറിയില്ല. ഞാനെങ്ങനാ അവളെ സെറ്റാക്കുക?'' എന്നു ചോദിച്ചു.
''നീയല്ലേ പറഞ്ഞത് ഇഷ്ടം തോന്നുന്ന പെണ്‍കുട്ടിയെ കാണിച്ചുതന്നാല്‍മതി, ഞാന്‍ സെറ്റാക്കിത്തരാമെന്ന്.''
''എനിക്ക് പരിചയമുള്ള കുട്ടികളെ കാണിച്ചുതന്നാല്‍ സെറ്റാക്കാമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ റോഡിലൂടെ നടന്നുപോകുന്ന കുട്ടികളെ സെറ്റാക്കാനൊന്നും എന്നെക്കൊണ്ട് പറ്റില്ല. അതുമാത്രമല്ല, ഇനി നിങ്ങളുടെ പ്രണയത്തിന് ദൂതുപോകാന്‍ ഞാനില്ല.'' എന്ന് തറപ്പിച്ചു പറഞ്ഞിട്ട് അഫ്‌സത്ത് പോയി.
ഒറ്റയ്ക്ക് ചെന്ന് പ്രണയം അറിയിക്കാന്‍മാത്രം അന്നെനിക്ക് ധൈര്യമുണ്ടായിരുന്നില്ല. തല്‍ക്കാലം വിഷമം മാറ്റാനായി പി.വി.എസ്. ബസ്സ്‌റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളെ വായ്നോക്കാനായി അങ്ങോട്ട് നടന്നു.
കെനിയ, സുഡാന്‍ എന്നീ നാടുകളില്‍ നിന്ന് പഠിക്കാനായി വന്ന മൂന്നുപേര്‍ ലോഡ്ജില്‍ താമസിച്ചിരുന്നു. അവരെല്ലാം കറുത്തവര്‍ഗ്ഗക്കാരായിരുന്നു. അവരോടൊപ്പം ഇംഗ്ലീഷ് സംസാരിച്ചാണ് കുറച്ചൊക്കെ ഇംഗ്ലീഷ് ഇംപ്രൂവ് ചെയ്തത്. അതിലൊരാള്‍ക്ക് അഫ്സത്തിനെ കണ്ടപ്പോള്‍ ഇഷ്ടം തോന്നി. അവളെ കല്യാണം കഴിക്കാനും താല്‍പര്യം ഉണ്ടായിരുന്നു.
അയാള്‍ എന്നോട് അഫ്‌സത്തിനെ മുട്ടിച്ചു തരാന്‍ സഹായമഭ്യര്‍ത്ഥിച്ചു. എന്തായാലും എന്റെ ഇഷ്ടം നടന്നില്ലല്ലോ, കെനിയക്കാരന്റെ ഇഷ്ടമെങ്കിലും നടക്കട്ടെ എന്നുകരുതി അഫ്‌സത്തിന്റെ ഉമ്മയോട് കാരൃം പറഞ്ഞു. അഫ്‌സത്തും അവിടെ ഉണ്ടായിരുന്നു. ഇതുകേട്ടപാടെ കൗമാരക്കാരിയായ അഫ്‌സത്ത് ലജ്ജാവതിയായി. ഉമ്മയ്ക്കും മകളെ കെനിയക്കാരന് വിവാഹം ചെയ്തുകൊടുക്കാന്‍ താല്പര്യം ഉണ്ടായിരുന്നു. പക്ഷെ, അവരുടെ കുടുംബക്കാരൊക്കെ ഉമ്മയോട് അതുമിതുംപറഞ്ഞ് പേടിപ്പിച്ചു. അതോടെ ആ വിവാഹാലോചന മുടങ്ങി.
1991 ഏപ്രില്‍ മാസത്തിലാണ് 'ചിന്നത്തമ്പി'' എന്ന സിനിമ കോഴിക്കോട് പുഷ്പാതിയേറ്ററില്‍ റിലീസാകുന്നത്. ആ സിനിമ പുഷ്പാതിയേറ്ററില്‍ 42 ദിവസം കളിച്ചു. വര്‍ഷം 16, കിഴക്കുവാസല്‍, സിനിമകളെക്കാളും ഖുശ്ബുവിനെ അതിസുന്ദരിയായി ചിത്രീകരിച്ച സിനിമ ചിന്നത്തമ്പിയായിരുന്നു.
ആ 42 ദിവസത്തിനുള്ളില്‍ ആ സിനിമ നാലുതവണ കണ്ടു. നാലാമത്തെ തവണ നൂണ്‍ഷോ കാണാനായി പുഷ്പാ തിയേറ്ററിലേക്ക് നടന്നപ്പോള്‍ സീനത്ത് ഇത്താത്ത, റംലത്ത് ഇത്താത്തയുടെ മകള്‍ ജാസ്മിനെയും എടുത്തുകൊണ്ട് ട്രെയിന്‍ കാണിക്കാനായി റോഡിലേക്ക് വന്നു. (അത് ട്രെയിന്‍ കാണിക്കാനായിരുന്നില്ല എന്നത് എനിക്ക് പിന്നീടാണ് മനസ്സിലായത്).
സീനത്ത് ഇത്താത്ത എന്നോട് ചോദിച്ചു. എവിടേക്കാ പോകുന്നത്?
ചിന്നത്തമ്പി സിനിമ കാണാനെന്ന് പറഞ്ഞപ്പോള്‍, ജാസ്മിന്‍ സീനത്ത് ഇത്താത്തയുടെ ചെവിയില്‍ എന്തോ രഹസ്യം പറഞ്ഞു. അന്ന് ജാസ്മിന് നാലോ അഞ്ചോ വയസ്സേ ഉണ്ടായിരുന്നുള്ളൂ. എന്താ അവള്‍ പറയുന്നതെന്ന് ഞാന്‍ ചോദിച്ചു.
'ഇവള്‍ക്കും സിനിമ കാണണമത്രെ.' എന്ന് സീനത്ത് ഇത്താത്ത പറഞ്ഞു.
''ഏയ്... ഇവള്‍ ഉറങ്ങിപ്പോകുമെന്ന്'' ഞാന്‍ പറഞ്ഞപ്പോള്‍ സീനത്ത് ഇത്താത്ത ജാസ്മിനോട് ''നീ ഉറങ്ങുമോ?'' എന്നു ചോദിച്ചു. അവള്‍ ഇല്ലാ എന്ന് തലയാട്ടി. ഞാനവളെ സീനത്ത് ഇത്താത്തയുടെ കൈയ്യില്‍ നിന്ന് പൊക്കി തോളത്തിട്ടുകൊണ്ട് പുഷ്പാ തിയേറ്ററില്‍ ചെന്നു. രണ്ട് ബാല്‍ക്കണി ടിക്കറ്റെടുത്ത് ഉള്ളില്‍ കയറി സീറ്റില്‍ ഇരുന്നു. നൂണ്‍ഷോ ആയതുകൊണ്ട് ആളുകള്‍ വളരെ കുറവായിരുന്നു.
സിനിമ തുടങ്ങി പത്തുമിനിറ്റു കഴിഞ്ഞപ്പോള്‍തന്നെ ജാസ്മിന്‍ ഉറങ്ങിപ്പോയി. ഇന്റര്‍വെല്ലില്‍ അവളെ തട്ടി എഴുന്നേല്‍പ്പിച്ചപ്പോള്‍ മൂത്രമൊഴിക്കണം എന്നു പറഞ്ഞു. അവളെ ടോയ്‌ലറ്റില്‍ കൊണ്ടുപോയി വന്നതിനുശേഷം ഐസ്‌ക്രീം വാങ്ങിക്കൊടുത്തു. അവള്‍ ഐസ്‌ക്രീം കഴിക്കുന്നതുവരെ സിനിമ കണ്ടു. അതിനുശേഷം വീണ്ടും ഉറങ്ങാന്‍ തുടങ്ങി. സിനിമ കഴിഞ്ഞപ്പോള്‍ ജാസ്മിനെ അവളുടെ വീട്ടില്‍ എത്തിച്ചു.
''ഇവള്‍ ഉറങ്ങിയോ?' എന്ന് സീനത്ത് ഇത്താത്ത ചോദിച്ചു.
''സുഖമായിട്ട് ഉറങ്ങി'' എന്ന് പറഞ്ഞിട്ട്, ഞാന്‍ ലോഡ്ജിലേക്ക് നടന്നു. ഇന്ന് ആ സംഭവം ഓര്‍ത്തുനോക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. ഊരും പേരുമില്ലാത്ത എന്റെ കൈയ്യില്‍ സീനത്ത് ഇത്താത്ത ജാസ്മിനെ ഏല്‍പിച്ച് പറഞ്ഞുവിട്ടത് എന്തുധൈര്യത്തിലാണ്? ഒരു പക്ഷെ അവരുടെ കുടുംബത്തിലെ ഒരംഗമായി എന്നെയും കണ്ടതുകൊണ്ടാവാം. അതോ തൊണ്ണൂറുകളില്‍ ജീവിച്ചിരുന്നവരൊക്കെ നല്ല മനുഷ്യരായിരുന്നോ?
വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം വൈകിട്ട് മിഠായിത്തെരുവില്‍കൂടി നടന്നുപോകുമ്പോള്‍ എന്റെ മുന്നില്‍ അഫ്സത്ത് വരുന്നുണ്ടായിരുന്നു. ഒപ്പം ഒരു സുന്ദരി പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അഫ്‌സത്ത് എന്റെ വിശേഷങ്ങള്‍ തിരക്കി. അവളുടെ വിശേഷങ്ങള്‍ തിരക്കിയപ്പോള്‍ അഫ്‌സത്തിന്റെ കല്യാണം കഴിഞ്ഞെന്നും ആള്‍ എന്റെ നാട്ടുകാരനാണെന്നും വേളൂര്‍ എന്ന സ്ഥലത്താണ് വീടെന്നും വിശേഷങ്ങള്‍ പങ്കുവെച്ചു.
ഞാന്‍ ചിരിച്ചുകൊണ്ട് നീ ഒരു വിദേശിയെ കല്യാണം കഴിച്ച് വിദേശത്തേക്ക് പോകേണ്ടവളായിരുന്നു. എന്തായാലും നീ അയല്‍ സംസ്ഥാനത്തെങ്കിലും എത്തിയല്ലോ എന്ന് തമാശയായി പറഞ്ഞപ്പോള്‍ അഫ്‌സത്ത് ചിരിച്ചു. അഫ്‌സത്ത് യാത്രപറഞ്ഞ് പോകാന്‍ നേരത്ത്, ഈ പെണ്ണ് ആരാണെന്ന് മനസ്സിലായോ...? എന്ന് ചോദിച്ചു.
അഫ്‌സത്തിന്റെ കൂടെ ഉണ്ടായിരുന്ന സുന്ദരിപ്പെണ്ണിനെ കാണിച്ചുകൊണ്ടാണ് ചോദ്യം. ഞാന്‍ ഇല്ല എന്നു തലയാട്ടി. ഇത് ജാസ്മിനാണ്. എന്നും പറഞ്ഞ് അഫ്‌സത്ത് നടന്നപ്പോള്‍ ജാസ്മിനും എന്നെ നോക്കി ചിരിച്ചു. ഞാന്‍ വാപൊളിച്ചു നിന്നുപോയി.
സേലത്ത് നിന്ന് സുന്ദര്‍ഗണേഷ് എന്ന റെയില്‍വേ കോണ്‍ട്രാക്ടര്‍ ലോഡ്ജില്‍ വന്ന് 103-ാ0 നമ്പര്‍ റൂമില്‍ താമസം തുടങ്ങി. ലോഡ്ജിന്റെ മുന്നിലുള്ള റെയില്‍പാളങ്ങളില്‍ തമിഴന്മാരെ കൊണ്ടുവന്ന് പണിയെടുപ്പിക്കുമായിരുന്നു. ഞാന്‍ തമിഴനായതുകൊണ്ട് അദ്ദേഹം തമിഴ്നാട്ടുകാര്‍ നടത്തുന്ന ഹോട്ടലിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ഞാന്‍ പാളയത്തെ വസന്തവിഹാര്‍ ഹോട്ടലിലും മിഠായിത്തെരുവിലെ കോര്‍ട്ട്‌റോഡിലുള്ള വസന്തഭവന്‍ ഹോട്ടലിലും ഭക്ഷണം കഴിക്കാനായി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.
ലോഡ്ജില്‍ മലയാളികളോട് മലയാളത്തിലും ആഫ്രിക്കക്കാരോട് ഇംഗ്ലീഷിലും ഞാന്‍ സംസാരിക്കുന്നതും ദിനതന്തി പത്രം വായിക്കുന്നതുപോലെ മലയാളം പത്രം വായിക്കുന്നതും കണ്ട് സുന്ദര്‍ ഗണേഷ് അണ്ണന് എന്നോട് വലിയ ആരാധനയായി. എന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി. വീട്ടിലെക്ക് കത്തൊന്നും എഴുതാറില്ലെന്നറിഞ്ഞതോടെ ഉടനെ കത്തെഴുതാന്‍ പറഞ്ഞു. ഞാന്‍ നാടുവിട്ടുവന്നിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. കോടിശ്വരനായിട്ടേ വീട്ടിലേക്ക് കത്തെഴുതൂ എന്ന വാശിയിലായിരുന്നു. കോടീശ്വരന്‍ പോയിട്ട് പതിനായിരം പോലും ആയിട്ടില്ല. പിന്നെ എന്തു വിശേഷം പറഞ്ഞ് കത്തെഴുതും?
സുന്ദര്‍ഗണേഷ് അണ്ണന്‍ സ്ഥിരമായി കോഴിക്കോട് നില്‍ക്കാറില്ല. ഇടയ്ക്ക് വരും, ഒന്നു രണ്ടുദിവസം നില്‍ക്കും പിന്നെ സേലത്തേക്ക് തിരിച്ചുപോകും. സേലത്തുനിന്നും ലോഡ്ജിലെത്തുമ്പോഴൊക്കെ വീട്ടിലേക്ക് കത്തെഴുതിയോ എന്നു ചോദിച്ച് ശല്യം ചെയ്യുമായിരുന്നു.
ഒരിക്കല്‍ ക്ഷമകെട്ട് നിനക്ക് കത്തെഴുതുവാന്‍ ധൈര്യമില്ലെങ്കില്‍ ഞാന്‍ കത്തെഴുതാം. നീ അഡ്രസ്സ് തന്നാല്‍ മതി. എന്നും പറഞ്ഞ് അദ്ദേഹം നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ എന്റെ വീട്ടഡ്രസ്സ് അദ്ദേഹത്തിന് എഴുതിക്കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞ് ഒരു ശനിയാഴ്ച വൈകുന്നേരം സുന്ദര്‍ ഗണേഷ് അണ്ണന്‍ ലോഡ്ജിലേക്കു വന്ന് എന്നോട് പറഞ്ഞു.
നാളെ നിന്റെ അണ്ണന്‍ എന്റെ വീട്ടിലേക്ക് വരുന്നുണ്ട്. അണ്ണനോട് നിനക്കെന്താ പറയാനുള്ളതെന്ന് ചോദിച്ചു. ഞാന്‍ എന്തുപറയുമെന്ന് ആലോചിച്ചുകൊണ്ടിരുന്നു. അപ്പോള്‍ സുന്ദര്‍ഗണേഷ് അണ്ണന്‍ പറഞ്ഞു. ഇന്നുരാത്രി എന്നോടൊപ്പം അണ്ണനെ കാണാന്‍ നീ സേലത്തേക്കു വരുന്നുണ്ടോ? അണ്ണന്‍ അതുചോദിച്ചപ്പോള്‍ത്തന്നെ എനിക്കും പോയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു.
പക്ഷെ, ഞാന്‍ രണ്ട് ജോലി എടുക്കുന്നുണ്ടല്ലോ. രണ്ടു മുതലാളിമാരോടും അനുവാദം വാങ്ങേണ്ടേ? എന്തുചെയ്യും? എന്റെ മുതലാളിമാരുടെ അടുത്ത് സുന്ദര്‍ഗണേഷ് അണ്ണന്‍ സംസാരിച്ചു. ഇന്ന് ശനിയാഴ്ച- തിങ്കളാഴ്ച രാവിലെ ഇവിടെ എത്തുന്ന മദ്രാസ് മെയിലില്‍ തിരിച്ച് അയച്ചേക്കാം. എന്നു സുന്ദര്‍ഗണേഷ് അണ്ണന്‍ പറഞ്ഞപ്പോള്‍ ലോഡ്ജിലെ മുതലാളി കോയക്കായും ഹരിശ്രീബുക്‌സിന്റെ ഹരിയേട്ടനും സമ്മതിച്ചു.
രാത്രി 12.10ന് ഉള്ള വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ്സില്‍ പോകാനായി സുന്ദര്‍ഗണേഷ് അണ്ണന്‍ സേലത്തേക്ക് രണ്ടു ടിക്കറ്റെടുത്തു. ടിക്കറ്റിന്റെ പണമൊക്കെ അണ്ണന്‍ തന്നെയാണ് കൊടുത്തത്. സുന്ദര്‍ഗണേഷ് എന്ന ദൈവത്തോടൊപ്പം ഞാന്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സില്‍ കയറി ഇരുന്നു.
രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം എന്റെ വീട്ടുകാരെക്കുറിച്ച് അറിയാനും അണ്ണനെ കാണാനുമുള്ള ആകാംക്ഷയില്‍ ട്രെയിന്‍ സേലം എത്താനായി കാത്തിരുന്നു.
(തുടരും)
Content Highlights: Elenko Odai Autobiography Malayalathamizhan
Published: 05 Aug 2025, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented