
പിറ്റേ ദിവസം രാവിലെ പത്തുമണി കഴിഞ്ഞാണ് ഞങ്ങള്‍ സേലത്ത് എത്തിയത്. സേലത്തുനിന്ന് പ്രാതല്‍ കഴിച്ചശേഷം സുന്ദര്‍ഗണേഷ് അണ്ണന്റെ നാടായ താരാമംഗലത്തേക്ക് ബസ് കയറി. അണ്ണന്റെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പൊണ്ടാട്ടി സ്‌നേഹത്തോടെ സ്വീകരിച്ച് കാപ്പി തന്നു. പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടില്‍ നിന്ന് ആ അക്കാ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
കുഞ്ഞ് തൊട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഞാന്‍ കുളിയൊക്കെ കഴിഞ്ഞ് ടി.വി. കണ്ടിരുന്നപ്പോള്‍ അക്കാ ചോറ് ഉണ്ടാക്കി കഴിക്കാന്‍ വിളിച്ചു. ചോറുണ്ടപാടേ അവിടെയുണ്ടായിരുന്ന കട്ടിലില്‍ കയറിക്കിടന്ന് ഞാന്‍ ഉറക്കം പിടിച്ചു. വൈകീട്ട് ആറുമണി കഴിഞ്ഞുകാണും. നല്ല ഉറക്കത്തിലായിരുന്ന എന്നെ ആരോ തട്ടിയുണര്‍ത്തി. കണ്ണുതുറന്നുനോക്കിയപ്പോള്‍ എന്റെ അപ്പാ അവിടെ നില്‍പുണ്ടായിരുന്നു, ഒപ്പം പെരിയപ്പാ ശിവസാമിയും.
Also Read
ഞാന്‍ അണ്ണന്‍ ശിവകുമാറിനെ പ്രതീക്ഷിച്ചിരുന്നതുകൊണ്ട് അപ്പായെ കണ്ടപ്പോള്‍ എനിക്ക് മിണ്ടാനൊന്നും കഴിഞ്ഞില്ല. അണ്ണന് മെഡിക്കല്‍ഷോപ്പില്‍ ജോലിത്തിരക്കുകാരണം വരാന്‍ കഴിഞ്ഞില്ലത്രെ. അതുകൊണ്ട് അപ്പാ വന്നതായിരുന്നു. അപ്പായുടെ തുണയ്ക്ക് പെരിയപ്പാ ശിവസാമിയും വന്നു. മൂന്നാമത്തെ സിത്തപ്പാ (ഇളയച്ഛന്‍) കലൈശെല്‍വത്തിന്റെ കല്യാണം കഴിഞ്ഞ കാര്യവും, അമ്മായിയുടെ മകള്‍ മഞ്ജുള അത്താച്ചി, ജയ അക്കാ ഇവരുടെയൊക്കെ കല്യാണം കഴിഞ്ഞ കഥയൊക്കെ അപ്പാ പറഞ്ഞുകൊണ്ടിരുന്നു. സിത്തപ്പാ തങ്കവേല്‍ ഒരു ബൈക്ക് ആക്‌സിഡന്റില്‍ മരിച്ചെന്നു കേട്ടപ്പോള്‍ ഒരുപാട് സങ്കടം തോന്നി.
എനിക്ക് ബംബര്‍ ലോട്ടറി ടിക്കറ്റ് അടിക്കാന്‍ പണം തന്ന് സഹായിച്ച ആളാണ് തങ്കവേല്‍ സിത്തപ്പാ. ഇളങ്കോ അണ്ണന്‍ ദുബായിലേക്ക് പോയത് അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. വീട്ടിലുള്ളവരൊക്കെ എന്നെ കാണാന്‍ കാത്തിരിക്കുകയാണെന്നും ബംബര്‍ ടിക്കറ്റിന്റെ കഥയൊക്കെ നാട്ടുകാര്‍ മറന്നുവെന്നും അതുകൊണ്ട് ധൈര്യമായി ഇപ്പോള്‍ത്തന്നെ എന്നോടൊപ്പം നാട്ടിലേക്ക് വന്നോ എന്നുമൊക്കെ അപ്പാ പറഞ്ഞപ്പോള്‍ സുന്ദര്‍ഗണേഷ് അണ്ണന്‍ ഇടപെട്ടു: 'നാളെ രാവിലെ മദ്രാസ് മെയിലില്‍ കോഴിക്കോട്ടേക്ക് തിരിച്ചെത്തും എന്ന് ഞാന്‍ വാക്കുകൊടുത്തിട്ടാണ് ഇളങ്കോയെ ജോലിസ്ഥലത്തുനിന്നും കൂട്ടിക്കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ട് ഇപ്പോള്‍ ഇളങ്കോ കോഴിക്കോട്ടേക്ക് പൊയ്‌ക്കോട്ടെ. ഉടന്‍ തന്നെ നാട്ടിലേക്ക് അവന്‍ വരും.' അപ്പാ പിന്നെ നിര്‍ബന്ധിച്ചില്ല.
സുന്ദര്‍ഗണേഷ് അണ്ണനും ഭാര്യയും അന്നുരാത്രി അത്താഴം കഴിപ്പിച്ചിട്ടാണ് യാത്രയാക്കിയത്. ഞങ്ങള്‍ സേലം റെയില്‍വേ സ്റ്റേഷനിലേക്ക് വന്നു. ഒരുപക്ഷെ, സുന്ദര്‍ഗണേഷ് എന്ന ദൈവത്തെ ഞാന്‍ പരിചയപ്പെട്ടില്ലായിരുന്നെങ്കില്‍ ആ സമയത്ത് എന്റെ അപ്പായെ കാണാനുള്ള സാധ്യത ഉണ്ടാവുമായിരു ന്നില്ല.
സേലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എന്നെ മദ്രാസ് മെയിലില്‍ കയറ്റിവിട്ടതിനുശേഷം അപ്പാവും ശിവസ്വാമി പെരിയപ്പാവും നാട്ടിലേക്ക് തിരിച്ചു. ഒരു മാസം കഴിഞ്ഞ് ഓണം വന്നു. ഓണത്തിന് രണ്ടുദിവസം മുമ്പുതന്നെ ഞാന്‍ മദ്രാസ് മെയിലില്‍ നാട്ടിലേക്ക് പുറപ്പെട്ടു. അന്നത്തെ കാലത്ത് മദ്രാസ് മെയിലില്‍ ഒരു അണ്‍ റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്റും ഒരു റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റും തിരുച്ചിറാപ്പള്ളിക്ക് അറ്റാച്ച് ചെയ്തിട്ടുണ്ടായിരുന്നു. മദ്രാസ് മെയില്‍ ഈറോഡ് എത്തിയശേഷം ആ രണ്ട് കമ്പാര്‍ട്ടുമെന്റ് ഈറോഡില്‍ വെച്ച് മാറ്റിയ ശേഷം മദ്രാസ് മെയില്‍ മദ്രാസിലേക്ക് പോകും.
ഒരു മണിയാകുമ്പോള്‍ ബാംഗ്ലൂരില്‍ നിന്ന് ഈറോഡ് വഴി തിരുച്ചിറപ്പള്ളിക്ക് പോകുന്ന എക്‌സ്പ്രസ് ട്രെയിനില്‍ ആ രണ്ട് ത്രിച്ചി കമ്പാര്‍ട്ട്‌മെന്റിനെയും ഘടിപ്പിക്കും. തിരുച്ചിറപ്പള്ളിക്കുള്ള റിസര്‍വേഷന്‍ കമ്പാര്‍ട്ടമെന്റില്‍ ഞാന്‍ കയറി എന്റെ സീറ്റില്‍ ഇരുന്നു. യാത്രയയ്ക്കാന്‍ ഹരിയേട്ടനും ഷാജി ഏട്ടനും റെയില്‍വേ സ്റ്റേഷനില്‍ വന്നിരുന്നു. ഏകദേശം രണ്ടര വര്‍ഷം കഴിഞ്ഞാണ് ഞാന്‍ നാട്ടിലേക്ക് പോകുന്നത്. കേരളത്തിലേക്ക് വന്നത് അണ്‍റിസര്‍വ്ഡ് ടിക്ക റ്റെടുത്താണെങ്കില്‍ നാട്ടിലേക്ക് തിരിച്ചുപോകുന്നത് റിസര്‍വേഷന്‍ ടിക്കറ്റെടുത്താണ്. എന്ന ഒറ്റക്കാര്യം ഒഴിച്ചാല്‍ ഞാന്‍ വലിയ വിജയങ്ങളൊന്നും നേടിയിരുന്നില്ല.
ട്രെയിന്‍ രാവിലെ അഞ്ചര മണി ആയപ്പോള്‍ തിരുച്ചിറപ്പള്ളിയിലെത്തി. അവിടെ നിന്ന് ബസ്സില്‍ തഞ്ചാവൂരിലേക്ക്. തഞ്ചാവൂരില്‍ നിന്ന് ബസ്സ് കയറി, രാവിലെ എട്ടര മണിയായപ്പോള്‍ പട്ടുക്കോട്ടൈ മണികുണ്ട് ബസ് സ്റ്റോപ്പിലെത്തി. ബസ്സിറങ്ങിയപ്പോള്‍ നാട്ടിലേക്കുള്ള എട്ടാം നമ്പര്‍ ബസ് അവിടെ നിര്‍ത്തിയിട്ടുണ്ടായിരുന്നു. ആ ബസ്സില്‍ ഓടിച്ചെന്ന് കയറി. രാവിലെ ഒമ്പത് മുപ്പതായപ്പോള്‍ കല്യാണഓടൈ ബസ്സ്‌സ്റ്റോപ്പിലെത്തി. ബസ് റിവേഴ്സ് എടുക്കാനായി തിരിച്ചപ്പോള്‍ സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ശിവകുമാര്‍ (എനിക്ക് ആക്‌സിഡന്റ് പറ്റിയപ്പോള്‍ എന്നോടൊപ്പം സൈക്കിളില്‍ വന്നവന്‍) എന്നെ കണ്ടപാടെ 'ഡേയ്... ഇളങ്കോ വന്തിട്ടാന്‍ഡാ...' എന്ന് ഒച്ചയില്‍ സന്തോഷത്തോടെ നാട്ടുകാരോട് വിളിച്ചുപറഞ്ഞു. അതുകേട്ടപ്പോള്‍ എനിക്കും സന്തോഷമായി.
വീട്ടിലെത്തിയപ്പോള്‍ അമ്മ എന്നെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. ആത്താവും (അച്ഛമ്മ) കരയുന്നുണ്ടായിരുന്നു. അപ്പാവും അമ്മയും എന്നോട് കാണിച്ച സ്‌നേഹപ്രകടനങ്ങള്‍ കണ്ട് അണ്ണനും തങ്കച്ചിയും എന്നെ അസൂയയോടെ നോക്കുന്നുണ്ടായിരുന്നു.
ഹരിശ്രീ ബുക്‌സിന്റെ പത്താം വാര്‍ഷികത്തിന് ഒരു വാള്‍ക്ലോക്ക് എനിക്ക് സമ്മാനമായി തന്നിരുന്നു. ആ ക്ലോക്ക് അണ്ണനെടുത്ത് ചുവരില്‍ തൂക്കി. ഫിലിപ്‌സ് കമ്പനിയുടെ ഒരു റേഡിയോ ഞാന്‍ വാങ്ങിക്കൊണ്ടുപോയിരുന്നു. ബെല്‍റ്റുള്ള റേഡിയോ ആയിരുന്നു അത്. അപ്പാ ആ ബെല്‍റ്റ് എടുത്ത് തോളിലിട്ട് റേഡിയോ ഒച്ചയില്‍ വെച്ച് അടുത്ത വീടുകളില്‍ ചെന്ന് 'സിന്നമകന്‍ ഇളങ്കോ വാങ്ങി വന്നതാ' എന്ന് നിഷ്‌കളങ്കമായി പറഞ്ഞുനടന്നു. അങ്ങനെ എന്റെ വീട്ടില്‍ ആദ്യമായി റേഡിയോയും ക്ലോക്കും എത്തിച്ചുകൊടുത്തവന്‍ എന്ന ക്രെഡിറ്റ് എനിക്കു കിട്ടി.
നാട്ടിലുണ്ടായിരുന്നു കാമാക്ഷി അമ്മന്‍ കോവില്‍ ഓടിട്ട കെട്ടിടത്തിലായിരുന്നു. അതുപൊളിച്ച് പുതിയ കോവില്‍ പണിയുന്നുണ്ടായിരുന്നു. അപ്പാവിനായിരുന്നു മേസ്തിരിപ്പണി. പണിക്കാര്‍ക്കുള്ള ചായ, പലഹാരങ്ങള്‍, ചോറ് തുടങ്ങിയവയൊക്കെ തങ്കച്ചി കവിത ഉണ്ടാക്കിക്കൊടുത്ത് അതില്‍കൂടി ചെറിയ വരുമാനം കണ്ടെത്തുന്നുണ്ടായിരുന്നു. അണ്ണന് മെഡിക്കല്‍ ഷോപ്പിലെ ശമ്പളം നാനൂറില്‍ നിന്ന് അഞ്ഞൂറു രൂപ ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ടായിരുന്നു. അതൊക്കെ വെച്ച് എന്റെ കുടുംബം വലിയ കഷ്ടപ്പാടില്ലാതെ കഷ്ടിച്ചു ജീവിച്ചുപോകുന്നുണ്ടായിരുന്നു കുടുംബത്തിലെ പുതിയ അതിഥി രാജലക്ഷ്മി സിത്തി (ഇളയച്ഛന്‍ കലൈസെല്‍വത്തിന്റെ ഭാര്യ) ആയിരുന്നു.
എന്തായാലും നിങ്ങളുടെയും സിത്തപ്പായുടെയും കല്യാണത്തിന് എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ? എന്നു ഞാന്‍ വിഷമത്തോടെ സിന്നമ്മയോട് പറഞ്ഞപ്പോള്‍, അതിനെന്താ മോനെ, ഞങ്ങളുടെ അറുപതാം കല്യാണത്തിന് നീയായിരിക്കും വിശിഷ്ട അതിഥി എന്നും പറഞ്ഞ് ചിരിച്ചു. തമിഴ്നാട്ടില്‍ കല്യാണം കഴിഞ്ഞ പുരുഷന്മാര്‍ക്ക് അറുപത് വയസ്സാകുമ്പോള്‍ ഒന്നുകൂടി കല്യാണം കഴിക്കും. അതാണ് അറുപതാം കല്യാണം. ആ കാര്യം പറഞ്ഞാണ് സിത്തി ചിരിച്ചത്. ചിലര്‍ ചെറിയ തോതില്‍ കോവിലില്‍ വെച്ച് കല്യാണം നടത്തും. മറ്റുചിലര്‍ വലിയ ആര്‍ഭാടമായിട്ടും കല്യാണം നടത്തും. ചിലര്‍ ഒന്നുകെട്ടിയതിന്റെ കലിപ്പിലിരിക്കുന്നവര്‍ അറുപതാം കല്യാണം ഒന്നും നടത്താറില്ല.
ഓണം അവധി കഴിഞ്ഞ് ഞാന്‍ കോഴിക്കോട്ടേക്ക് തിരിച്ചെത്തി. അതിനുശേഷം അപ്പായ്ക്ക് സ്ഥിരമായി കത്തെഴുതുമായിരുന്നു. മാസം അഞ്ഞുറുരൂപയോ, ആയിരം രൂപയോ മണിയോര്‍ഡറായി അയച്ചുകൊടുക്കുമായിരുന്നു. ദീപാവലി, പൊങ്കല്‍, കാമാക്ഷിയമ്മന്‍ കോവില്‍ തിരുവിഴാക്കെല്ലാം ഞാന്‍ നാട്ടില്‍ പോയി വരുന്നത് പതിവായി.
ആ സമയത്ത് ദുബായിലായിരുന്ന സിത്തപ്പാ കലൈസെല്‍വത്തിന് അപ്പാ ഒരു കത്തെഴുതി. മൂത്തമകന്‍ ശിവകുമാറിന് ഒരു വിസ തരപ്പെടുത്തിത്തരണം. അതായിരുന്നു കത്തിലെ ഉള്ളടക്കം. ദുബായില്‍ നിന്ന് ആറുമാസംകൊണ്ട് സിത്തപ്പാ കലൈശെല്‍വം വിസാ തരപ്പെടുത്തി അയച്ചു കൊടുത്തു. റാസല്‍ഖൈമയിലുള്ള ഒരു കോഴിക്കമ്പനിയിലായിരുന്നു അണ്ണന്റെ ജോലി.
ആ കമ്പനിയില്‍ത്തന്നെ ആയിരുന്നു സിത്തപ്പാ കലൈ സെല്‍വവും ഇളങ്കോ അണ്ണനും ജോലി ചെയ്തിരുന്നത്. അണ്ണന്‍ ശിവകുമാറിന് ആ കമ്പനിയില്‍ സ്ഥിരമായി ജോലി ഉണ്ടായിരുന്നില്ല. ആ കാലഘട്ടത്തില്‍ കുടുംബക്കാരനായ ബാലു അണ്ണന്‍, ദുബായിലുള്ള ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ആ കമ്പനിയില്‍ അണ്ണന്‍ ശിവകുമാറിന് താല്‍ക്കാലികമായി ബാലു അണ്ണന്‍ ഒരു ജോലി തരപ്പെടുത്തിക്കൊടുത്തു. ഒരു വകയിലെ അമ്മായിയുടെ മകനും പട്ടുക്കോട്ടൈ സുബ്രഹ്‌മണ്യന്‍ എന്ന പേരില്‍ കവിതയെഴുതുമായിരുന്ന സുബ്രഹ്‌മണ്യന്‍ അത്താന്‍ ദുബായിലെ ഒരു പേപ്പര്‍ മില്ലില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ആ കമ്പനിയില്‍ ഒരു വേക്കന്‍സി വന്നപ്പോള്‍ സുബ്രഹ്‌മണ്യന്‍ അത്താന്‍ ഓടിവന്ന് എന്റെ അണ്ണനോട് ജോലിക്കാര്യം പറഞ്ഞ് ആ ജോലി തരപ്പെടുത്തിക്കൊടുത്തു. അതൊരു സ്ഥിരം ജോലിയായിരുന്നു. അതിനുശേഷമാണ് എന്റെ വീട്ടിലെ ദാരിദ്ര്യം മാറാന്‍ തുടങ്ങിയത്.
ഇതിനിടയ്ക്ക് ഒരു ദിവസം ഞാന്‍ മലപ്പുറത്ത് പുസ്തകം വില്‍ക്കാന്‍ പോയപ്പോള്‍ അവിടെ നിന്ന് ഒരു തമിഴ് മംഗളം വാരിക വാങ്ങി. മംഗളത്തിന് മലയാളത്തില്‍ വന്‍ സര്‍ക്കുലേഷന്‍ ഉണ്ടായിരുന്നപ്പോള്‍ തമിഴിലും മംഗളം പ്രസിദ്ധീകരിച്ചിരുന്നു. വെറും തുടര്‍ക്കഥകള്‍ മാത്രമുള്ള മംഗളം വാരികയെ പക്ഷേ തമിഴന്മാര്‍ സ്വീകരിച്ചില്ല.
ഞാന്‍ വാങ്ങിയ തമിഴ് മംഗളം വാരികയില്‍ പട്ടുക്കോട്ടൈ സുബ്രഹ്‌മണ്യന്‍ എന്ന പേരില്‍ ഒരു കവിത പ്രസിദ്ധീകരിച്ചു വന്നത് കണ്ടു. ദുബായില്‍ നിന്നും വന്ന കവിത എന്ന തലക്കെട്ടും ഉണ്ടായിരുന്നു. സുബ്രഹ്‌മണ്യ അത്താന്റെ ഫോട്ടോയും പേരും മംഗളത്തില്‍ കണ്ടപ്പോള്‍ എനിക്ക് ഒത്തിരി സന്തോഷം തോന്നി. സുബ്രഹ്‌മണ്യ അത്താന്‍ രണ്ട് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്റെ നാട്ടില്‍ അഡ്വ. ഇളങ്കോ എന്ന ഒരു അണ്ണനുണ്ട്. അദ്ദേഹവും ഒരു കവിതാ സമാഹാരം ഇറക്കിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയില്‍ അദ്ദേഹം വക്കീലായി പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. നാട്ടില്‍ അദ്ദേഹത്തെ വക്കീല്‍ ഇളങ്കോ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. സുബ്രഹ്‌മണ്യ അത്താന്റെ ആദ്യത്തെ കവിതാസമാഹാരമായ 'നീതിമണ്‍ഡ്രം പോകാതെ നിര്‍ബന്ധങ്ങള്‍' എന്ന പുസ്തകത്തിന്റെ മുഖവുര എഴുതിക്കൊടുത്തത് വക്കീല്‍ ഇളങ്കോ അണ്ണനായിരുന്നു.
രണ്ടാമത്തെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചതോടു കൂടി കവിതയോടുള്ള അമിതാവേശമായി സുബ്രഹ്‌മണ്യ അത്താന്. 'എന്റെ കൈയില്‍ രണ്ട് കവിതാ പുസ്തകങ്ങളുണ്ട്. എനിക്ക് ജീവിക്കാന്‍ അതുമതി. എന്നും പറഞ്ഞ് ദുബായിലെ ജോലി രാജിവെക്കാന്‍ തീരുമാനിച്ചു.'
വിവരം അറിഞ്ഞ് ജോലി വിടരുത് എന്ന് എന്റെ അണ്ണന്‍ കെഞ്ചി പറഞ്ഞുനോക്കി. പക്ഷേ സുബ്രഹ്‌മണ്യ അത്താന്‍ അതൊന്നും കേട്ടില്ല. നാട്ടിലെത്തി കവിതപുസ്തകവുമായി അദ്ദേഹം അലഞ്ഞുതിരിഞ്ഞു. കയ്യിലുണ്ടായിരുന്ന കുറച്ചു സമ്പാദ്യങ്ങളും കളഞ്ഞു. ഭാര്യയും കുട്ടികളും അദ്ദേഹത്തെ ഉപേക്ഷിച്ചു. ആ കവിത കൊണ്ട് തമിഴനാട് സര്‍ക്കാരിന്റെ അവാര്‍ഡു തുകയില്ലാത്ത കലൈമാമണി എന്ന ഒരു അവാര്‍ഡ് കിട്ടിയതൊഴിച്ചാല്‍ അദ്ദേഹത്തിന് വേറൊന്നും നേടാന്‍ കഴിഞ്ഞില്ല. ഇന്ന് സുബ്രഹ്‌മണ്യ അത്താന്‍ ചെന്നൈയില്‍ അഡ്രസ്സു പോലുമില്ലാതെ ഒരു പലചരക്കുകടയില്‍ വില്പനക്കാരനായി ജോലി ചെയ്തു ജീവിച്ചുപോകുന്നു.
ജഫ്രി തോമസ് കമ്പനി മാറിയതുകൊണ്ട് എറണാകുളത്തേക്ക് പോകേണ്ടി വന്നു. ഷജിലും റോയിയും അവരുടെ കോഴ്‌സ് കഴിഞ്ഞ് വയനാട്ടിലേക്ക് തിരിച്ചുപോയി. എനിക്ക് ഒറ്റയ്ക്ക് റൂം വാടക കൊടുക്കാന്‍ പറ്റാത്തതുകൊണ്ട് ഹരിശ്രീ ബുക്‌സുകാര്‍ താമസിച്ചിരുന്ന റൂം നമ്പര്‍ 304-ലേക്ക് ഞാന്‍ താമസം മാറി. ആ സമയത്ത് 'ഹരിശ്രീ പോക്കറ്റ് ഡിക്ഷ്ണറി' എന്ന പേരില്‍ ഹരിശ്രീ ബുക്‌സുകാര്‍ ഒരു പോക്കറ്റ് ഡിക്ഷ്ണറി പുറത്തിറക്കി. അഞ്ചു രൂപയായിരുന്നു അതിന്റെ വില. ഒരു ഡിക്ഷണറി വിറ്റാല്‍ എഴുപത്തഞ്ച് പൈസ കമ്മീഷനായി കിട്ടും. ഒരു ദിവസം നൂറെണ്ണം വിറ്റാല്‍ ഒരു ഡിക്ഷ്ണറി ഫ്രീയായിട്ടു തരാമെന്ന് ഷാജിയേട്ടനും ഹരിയേട്ടനും പറഞ്ഞു.
പിറ്റെ ദിവസം ഞാന്‍ നൂറ് ഡിക്ഷ്ണറിയും എടുത്തുകൊണ്ട് രാവിലെത്തന്നെ ഇറങ്ങി. റെയില്‍വേ കോളനി, വലിയങ്ങാടി, മിഠായിത്തെരുവ്, പാളയം, മാവൂര്‍ റോഡ്, പുതിയ ബസ്സ്റ്റാന്‍ഡ്, ഇവിടെയൊക്കെ അലഞ്ഞ് തിരിഞ്ഞ് വൈകീട്ട് ആറരമണിയോടെ നൂറു ഡിക്ഷണറിയും വിറ്റുതീര്‍ത്തു. നൂറു ഡിക്ഷ്ണറിയുടെ കമ്മീഷനായ എഴുപത്തഞ്ച് രൂപയും ഒരു ഫ്രീ ഡിക്ഷ്ണറിയും എനിക്ക് ഷാജിയേട്ടന്‍ തന്നു. പോക്കറ്റ് ഡിക്ഷ്ണറി വില്‍ക്കുവാനായി പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള യുവതീയുവാക്കളെ ആവശ്യമുണ്ട് എന്നുപറഞ്ഞ് ഹരിശ്രീ ബുക്‌സിന്റെ ഒരു പരസ്യം മാതൃഭൂമി പത്രത്തില്‍ കൊടുത്തു. പത്രപരസ്യം കണ്ട നൂറിലധികം പിള്ളേര്‍ ഇന്റര്‍വ്യൂവിന് വന്നു. വെയിലത്ത് അലഞ്ഞു ഡിക്ഷ്ണറി വില്‍ക്കണമെന്ന് കേട്ടപാടെ പലരും സ്ഥലം വിട്ടു.
അത്തോളിക്കടുത്ത്, ചോയികുളത്തുനിന്നു വന്ന സജീവനും പേരമ്പ്രയില്‍ നിന്നും വന്ന രാജീവനും കുറ്റിപ്പുറത്തുനിന്നു വന്ന അന്‍വറും പനമരത്തുനിന്നും വന്ന അന്‍വറും കണ്ണൂരില്‍ നിന്നും വന്ന മഹേഷ്, ജയരാജ്, ജോഷി, ബേബി, അയാളുടെ അനിയന്‍ വര്‍ഗ്ഗീസ്, ഷാജി, സെയ്തലവി എന്നിവരും ജോലിക്കു കയറി.
അതില്‍ നാലഞ്ചുപേര്‍ പുസ്തകം വീട്ടില്‍ കൊണ്ടുപോയി വില്‍പ്പന നടത്തുന്നവരായിരുന്നു. ജോഷി, ജയരാജ്, ഷാജി ഇവര്‍ മൂന്നുപേരും ഞങ്ങളോടൊപ്പം ലോഡ്ജില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചു. റൂമില്‍ നേരത്തേ തന്നെ ഒരു ഷാജികുമാര്‍ ഉള്ളതുകൊണ്ട് പുതിയതായി വന്ന ഷാജിയെ ഞങ്ങള്‍ സ്‌നേഹത്തോടെ 'കള്ളഷാജി' എന്നാണ് വിളിച്ചിരുന്നത്.
റൂമില്‍ താമസക്കാരുടെ എണ്ണം കൂടിയപ്പോള്‍ കോയക്കാ പ്രശ്‌നം ഉണ്ടാക്കാന്‍ തുടങ്ങി. രജീവേട്ടന്‍ താമസിച്ചിരുന്ന കുഞ്ഞുമുറിയായ 307-ലേക്ക് ഹരിയേട്ടന്‍ താമസം മാറി.
മുന്‍പ് 307-ാ0 നമ്പര്‍ റൂമില്‍ താമസിച്ചിരുന്ന രജീവേട്ടനോടൊപ്പം പട്ടുകോട്ടൈ കഥകള്‍ പറഞ്ഞിരുന്നപ്പോള്‍ ഒരു ദിവസം രജീവേട്ടന്‍, ഇളങ്കോയ്ക്ക് ഒരുപാട് ജീവിതാനുഭവങ്ങളുണ്ട്. അതൊക്കെവെച്ച് ഇളങ്കോയ്ക്ക് ഒരു നോവല്‍ എഴുതിക്കൂടെ? നോവലിന്റെ ക്ലൈമാക്‌സില്‍ മൂന്നാം പിറൈ സിനിമയിലെപോലെ ട്രാജഡി ആയിക്കോട്ടെ. എന്നാലെ വായനക്കാര്‍ക്കൊരു ഫീല്‍ കിട്ടത്തുള്ളൂ എന്നൊക്കെപറഞ്ഞ് നോവല്‍ എഴുതാന്‍ പ്രേരിപ്പിച്ചു. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ കടയിലിരുന്ന് ഞാന്‍ ഒരു സിനിമാക്കഥ എഴുതിയിരുന്നല്ലോ. അതിനുശേഷം വേറൊന്നും ഞാന്‍ എഴുതിയിരുന്നില്ല.
രജീവേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഒരു നോട്ടുപുസ്തകം വാങ്ങി എന്റെ കഥ തന്നെ നോവലായി എഴുതി. രജീവേട്ടന്‍ പറഞ്ഞതുപോലെ എന്റെ കാരക്ടര്‍ മൂന്നാം പിറൈ സിനിമയുടെ ക്ലൈമാക്‌സിലെ കമലഹാസന് ഭ്രാന്ത് വരുന്നതുപോലെ എന്റെ കാരക്ടറിനും ഭ്രാന്ത് വന്നതായി നോവല്‍ എഴുതി അവസാനിപ്പിച്ചു. അത് വായിച്ചുനോക്കിയപ്പോള്‍ അനുഭവക്കുറിപ്പുപോലെയാണ് തോന്നിയത്.
അതുകൊണ്ട് ആ നോവല്‍ ഞാന്‍ ആര്‍ക്കും അയച്ചു കൊടുത്തില്ല. ചോയികുളത്തുനിന്ന് വന്ന സജീവന്‍ രാവിലെ ലോഡ്ജില്‍ വന്ന് പുസ്തകങ്ങള്‍ എടുത്ത് വില്‍ക്കാന്‍ പോകും. സജീവനെപ്പോലെ വേറെയും ആളുകള്‍ ലോഡ്ജില്‍ വന്ന് പുസ്തകങ്ങള്‍ വില്‍ക്കാനായി എടുത്തുപോകാറുണ്ടായിരുന്നു. അവരെയൊക്കെ കണ്ടപ്പോള്‍ കോയക്കാ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി.
ഹരിയേട്ടന്‍ എന്നോട് വാടകയ്ക്ക് ഒരു വീട് അന്വേഷിക്കാന്‍ പറഞ്ഞു. ലോഡ്ജിന്റെ അടുത്ത് താമസക്കാരനായ ശശി എന്ന ആളെയും കൂട്ടി ഞാന്‍ വാടക വീട് അന്വേഷിച്ച് നടക്കാന്‍ തുടങ്ങി. വീട് അന്വേഷിച്ച് പോയ ഞങ്ങള്‍ ലോഡ്ജിനടുത്തുതന്നെ ഫ്രാന്‍സിസ് റോഡില്‍ ഒരു റൂം കണ്ടെത്തി. അത് ഹരിയേട്ടനെ കാണിച്ചുകൊടുത്തപ്പോള്‍ കോഴിക്കോട് ഹരിശ്രീ ബുക്‌സിന് ഒരു ഓഫീസ് വേണം. അതുകൊണ്ട് ഈ മുറി ഓഫീസ് മുറിയാക്കാം. താമസിക്കാന്‍ നീ വേറെ വീട് അന്വേഷിക്കൂ എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കണ്ടെത്തിയ ഓഫീസ്മുറിയില്‍ ഹരിശ്രീ ബുക്‌സ് സോണല്‍ ഓഫീസ് കോഴിക്കോട് -3 എന്ന് എഴുതിയ ബോര്‍ഡും തൂക്കി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി.
അങ്ങനെ ഞാന്‍ വീട് അന്വേഷിച്ച് വളയനാട് ക്ഷേത്രത്തിന് മുന്നില്‍ മണല്‍ത്താഴം എന്ന സ്ഥലത്ത് ഒരു ഓടിട്ട വീട് കണ്ടെത്തി. ഇലക്ട്രിസിറ്റി ജീവനക്കാരന്റെ വീടായിരുന്നു അത്. കോയക്കായുടെ ലോഡ്ജിലെ താമസം മതിയാക്കി മണല്‍ത്താഴം വീട്ടിലേക്ക് താമസം മാറി. അതോടുകൂടി എന്റെ റൂംബോയ് പണിയും അവസാനിപ്പിക്കേണ്ടി വന്നു.
ആ വീട്ടില്‍ പത്രം, പാല്‍ ഒക്കെ വരുത്തിയിരുന്നു. ഒരു ദിവസം രാവിലെ പത്രം വായിക്കാനായി എടുത്തപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ച വാര്‍ത്തയാണ് കണ്ടത്. പത്രത്തിന്റെ ഉള്‍പേജുകളില്‍ അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൊടുത്തിരുന്നു. തമിഴ്നാട്ടില്‍ സാഹിത്യകാരന്മാര്‍ മരിക്കുകയാണെങ്കില്‍ ഉള്‍പേജില്‍ ചെറിയൊരു വാര്‍ത്ത വന്നെങ്കിലായി. പക്ഷെ, കേരളത്തില്‍ മലയാളികള്‍ എഴുത്തുകാരോട് കാണിക്കുന്ന സ്‌നേഹം ഇന്ത്യയിലെ വേറൊരു സംസ്ഥാനത്തും കാണിക്കുമെന്ന് തോന്നുന്നില്ല. ബഷീര്‍ മരിച്ചതിനുശേഷം ഡി.സിബുക്‌സ് ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍ പ്രീ-- പബ്ലിക്കേഷന്‍ മുന്‍കൂര്‍ ബുക്കിംഗ് തുടങ്ങി. മുന്നൂറ് രൂപയായിരുന്നു വില എന്നാണ് എന്റെ ഓര്‍മ്മ. ഹരിയേട്ടന്‍ ഒരു കോപ്പി ബുക്ക് ചെയ്തിരുന്നു.
പുസ്തകം വന്നപ്പോള്‍ ഞാനും ഹരിയേട്ടനും കൂടി ചെന്ന് രണ്ട് വാല്യങ്ങളുള്ള ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍ വാങ്ങി വന്നു. ആ രണ്ടു വാല്യങ്ങളും ആദ്യം വായിച്ചുതീര്‍ത്തത് ഞാനായിരുന്നു.
രണ്ടാം വാല്യത്തില്‍ കുറേ കത്തുകള്‍ ഉണ്ടായിരുന്നു. അതും ഞാന്‍ വായിച്ചുതീര്‍ത്തു. ആദ്യമായി ഒരു എഴുത്തുകാരന്റെ മുഴുവന്‍ കൃതികളും വായിച്ചു തീര്‍ക്കുന്നത് ബഷീറിന്റേതായിരുന്നു. ആ സമയത്ത് ഒന്നുരണ്ട് പൈങ്കിളി നോവലുകളെഴുതി ചെന്നൈയിലുള്ള പ്രസാധകര്‍ക്ക് അയച്ചുകൊടുത്തു. അവര്‍ അതൊന്നും പ്രസിദ്ധീകരിച്ചില്ല. അപ്പോഴാണ് ഹരിയേട്ടന്‍ എനിക്കൊരു ഉപദേശം തന്നത്.
'നീ ആദ്യം ചെറുകഥകള്‍ എഴുതൂ. ചെറുകഥകള്‍ മാസികകളില്‍ പ്രസിദ്ധീകരിക്കുകയും അത് ശ്രദ്ധിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ പിന്നീട് നിനക്ക് നോവലുകള്‍ എഴുതാനുള്ള അവസരം ഏതെങ്കിലും മാസികക്കാര്‍ തരും.' അത് ഒരു നല്ല ഉപദേശമായി എനിക്കു തോന്നി. ഞാന്‍ അപ്പോള്‍ത്തന്നെ പാളയത്ത് നവകേരള ബുക്സ്റ്റാളില്‍ ചെന്ന് അവിടെ ഉണ്ടായിരുന്ന തമിഴ് മാസികകള്‍ വാങ്ങി അതില്‍ പ്രസിദ്ധീകരിച്ച ചെറുകഥകള്‍ ഒക്കെ വായിച്ചു നോക്കി. ആദ്യമായി എഴുതുന്ന ചെറുകഥ വ്യത്യസ്തമായിരിക്കണമെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. എന്നാലല്ലേ വേഗം ശ്രദ്ധിക്കപ്പെടുകയുള്ളൂ.
എന്ത് എഴുതുമെന്ന് ഞാന്‍ ആലോചിച്ചു. എന്തെങ്കിലും വ്യത്യസ്തമായി ചെയ്ത് ശ്രദ്ധനേടണമെന്ന ചിന്തയുള്ളൊരു യുവാവ് -അയാള്‍ക്കൊരു വ്യത്യസ്തമായ ആഗ്രഹം തോന്നുന്നു. ഒരു ദിവസത്തിലെ ഇരുപത്തിനാലു മണിക്കൂറും ശരീരത്തില്‍ ഉടുതുണിയില്ലാതെ നിര്‍വാണമായിരിക്കണമെന്ന്. അതായത് ഭക്ഷണം കഴിക്കുമ്പോഴും, ടി.വി. കാണുമ്പോഴും തുണി അലക്കുമ്പോഴും പുസ്തകം വായിക്കുമ്പോഴും തുണിയിടാതെ തന്നെയിരിക്കണം. ആ ആഗ്രഹം നിറവേറ്റുവാനായി അവന്‍ ഒരു ദിവസം തെരഞ്ഞെടുക്കുന്നു. ആ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ അയാള്‍ക്ക് വസ്ത്രം ഇടേണ്ടി വരുന്ന സാഹചര്യം വന്നോ ഇല്ലയോ എന്നതാണ് ക്ലൈമാക്‌സ്.
ഈ കഥയുടെ ആശയം ഹരിയേട്ടന്‍, ഷാജിയേട്ടന്‍, ജയരാജേട്ടന്‍, കള്ളഷാജി ഇവരൊക്കെ കൂടെയുള്ളപ്പോഴാണ് ഞാന്‍ അവതരിപ്പിച്ചത്. എന്റെ ആശയം കേട്ട എല്ലാവരും ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ ജയരാജ് എഴുന്നേറ്റ് 'ഒറ്റക്കെന്തിന,് നിങ്ങള്‍ എല്ലാവരും ഇരിക്കുമ്പോള്‍ത്തന്നെ എന്റെ ഡ്രസ്സൊക്കെ അഴിച്ചിട്ട് ഇരുന്ന് കാണിച്ചു തരാം' എന്നും പറഞ്ഞ് കൈലിമുണ്ട് അഴിച്ച് ഷഡ്ഡിയും കൂടി അഴിക്കാന്‍ നോക്കിയപ്പോള്‍ ഞാന്‍ ഓടിച്ചെന്ന് കൈലിമുണ്ട് എടുത്ത് ഉടുപ്പിച്ച് ,''അത് കഥയാണ്... നിങ്ങളോട് വസ്ത്രം അഴിക്കാനല്ല ഞാന്‍ പറഞ്ഞത്.'' എന്നു പറഞ്ഞ് ഞാന്‍ സമാധാനിപ്പിക്കുമ്പോള്‍ അവിടെയുള്ളവരെല്ലാം പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.
അവര്‍ കളിയാക്കിയതൊന്നും ഞാന്‍ കാര്യമായെടുത്തില്ല. എന്റെ കഥ പുതുമയുള്ളതും രസകരവുമായി അവതരിപ്പിച്ചതുകൊണ്ടാണല്ലോ അവര്‍ പൊട്ടിച്ചിരിച്ചത്. അതുകൊണ്ട് ആ കഥ ഏതെങ്കിലും മാസികയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. പത്രമാഫീസുകളിലേക്ക് കഥ അയക്കുമ്പോള്‍ അവര്‍ ആ കഥ പ്രസിദ്ധീകരിക്കാതെ വരികയാണെങ്കില്‍ തിരിച്ചയക്കാനുള്ള സ്റ്റാമ്പൊട്ടിച്ച കവര്‍ കൂടി അയച്ചുകൊടുക്കണമായിരുന്നു. അതുകൊണ്ട് സ്റ്റാമ്പൊട്ടിച്ച കവര്‍ ഉള്ളില്‍ വെച്ച് ഞാനെഴുതിയ ''വ്യത്യാസമാണ ആശൈ വിപരീതം ആച്ചി'' എന്ന ആ കഥ റാണി തമിഴ് വാരികയ്ക്ക് അയച്ചു കൊടുത്തിട്ട് ആ കഥ എപ്പോള്‍ പ്രസിദ്ധീകരിച്ചുവരുമെന്ന് ആകാംക്ഷയോടെ ഞാന്‍ കാത്തിരുന്നു.
(തുടരും)
Content Highlights: Elenko Odai Autobiography Malayalathamizhan
Published: 16 Aug 2025, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented