
ഇളങ്കോ ഓടൈ. തഞ്ചാവൂരിലെ കല്യാണ ഓടൈ എന്ന ഗ്രാമത്തില്‍ നിന്നും തന്റെ പതിനഞ്ചാം വയസ്സില്‍ കേരളത്തിലേക്ക് തീവണ്ടി കയറിയ ബാലന്‍. ഒരു ഉറക്കമുണര്‍ന്ന് എഴുന്നേറ്റപ്പോള്‍ വണ്ടി മലപ്പുറത്തെത്തിയിരിക്കുന്നു. നാട്ടിലെ തലമുതിര്‍ന്നവര്‍ പറഞ്ഞുകേട്ട കേരളത്തെ ഇളങ്കോ നേരിട്ടുകണ്ടു. പത്താം ക്ലാസ് തികച്ച ആ തമിഴ് ബാലന്‍ ജീവിതം ഇവിടെ നിന്നും പഠിച്ചുതുടങ്ങുകയാണ്. പതിനഞ്ചുകാരന്‍ ഉറങ്ങാത്ത തിണ്ണകളില്ല, കഴുകാത്ത ഹോട്ടല്‍ പാത്രങ്ങളില്ല, വാരാത്ത എച്ചിലുകളില്ല. പക്ഷേ, പതിനാറാം വയസ്സുമുതല്‍ മലയാളം ഇളങ്കോയെ മറ്റൊരു തൊഴില്‍ കൂടി പഠിപ്പിച്ചു- പുസ്തകവില്‍പന. മൂന്നര പതിറ്റാണ്ടുകാലമായി ആ പഠിത്തം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിനിടയില്‍ ഇളങ്കോ കഥകളെഴുതി, തിരക്കഥയെഴുതി, പ്രമുഖരും അപ്രമുഖരുമായ ധാരാളം മലയാളികളുടെ പ്രിയപ്പെട്ട പുസ്തക വില്‍പനക്കാരനുമായി. ജീവിതം കൂട്ടിവായിക്കാന്‍ പഠിക്കുംമുമ്പേ മുമ്പില്‍ മത്സരിച്ചു നിരന്നുനിന്ന അനുഭവങ്ങളിലൂടെ മലയാളം ഇളങ്കോയെ എഴുത്തിനിരുത്തുകയാണ്- ആത്മകഥയിലൂടെ. ഇളങ്കോ ഓടൈ എഴുതുന്ന ആത്മകഥ 'മലയാളത്തമിഴന്‍' ആരംഭിക്കുന്നു.
1990 ഓഗസ്റ്റ് 16-ാം തിയ്യതി പുലര്‍ന്നപ്പോള്‍ മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ തീവണ്ടിയിറങ്ങി. കര്‍ക്കിടക മാസത്തിലെ അവസാനത്തെ മഴ പെയ്യുന്നുണ്ടായിരുന്നു. മഴ നനയാതിരിക്കാന്‍ ഞാന്‍ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഓടി. കോയമ്പത്തൂരില്‍ നിന്നേ ഞാന്‍ പിന്തുടര്‍ന്നിരുന്ന മൂന്നു അണ്ണന്‍മാരും ഈ ചാറ്റല്‍ മഴ ഞങ്ങളെ ഒന്നും ചെയ്യില്ല എന്ന അലക്ഷ്യഭാവത്തില്‍ പുറത്തേക്കുള്ള വഴിയിലൂടെ ഓടിപ്പോകുന്നത് മിഴിച്ചുനോക്കി നിന്നു.
മഴ മാറിയതും പുറത്തേക്കിറങ്ങി അണ്ണന്മാര്‍ പോയ വഴിയിലൂടെ ഞാന്‍ നടന്നു. ഇത്തിരി ദൂരം നടന്നപ്പോള്‍ ബസ് സ്റ്റാന്‍ഡ് കണ്ടു. അപ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ നാലഞ്ച് ബസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവിടെ നിന്നും ഞാന്‍ കവലയിലേക്ക് കണ്ണോടിച്ചു. അന്ന് വളരെ ചെറിയൊരു ടൗണായിരുന്നു കുറ്റിപ്പുറം. 'എടാ ഇളങ്കോ ഇതിനേക്കാള്‍ വലിയ ടൗണിലേക്ക് ചെല്ലു. അവിടെ നിനക്ക് ജോലി കിട്ടാന്‍ ബുദ്ധിമുട്ടുമുണ്ടാവില്ല' എന്ന് എന്റെ മനസ്സ് വിളിച്ചുപറഞ്ഞു. അങ്ങനെ ഒരു ഉള്‍വിളി കേള്‍ക്കുമ്പോള്‍ എന്റെ പ്രായം 15 വയസ്സും 4 മാസവുമായിരുന്നു.
കൂടുതൽ പ്രീമിയം ലേഖനങ്ങളും ഓർമക്കുറിപ്പുകളും വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
ബസ് സ്റ്റാന്‍ഡിനടുത്ത് വഴിയോരത്തിരുന്ന് ചെരിപ്പു തുന്നുന്ന കുറച്ചുപേരെ കണ്ടു. ഒരു ചെരിപ്പു തുന്നുന്ന ചേട്ടനോട് ഇതിനടുത്തെങ്ങാനും വലിയ ടൗണ്‍ ഉണ്ടോ എന്ന് ഞാന്‍ തമിഴില്‍ ചോദിച്ചു. അടുത്ത് തിരൂര്‍ എന്ന ടൗണ്‍ ഉണ്ടെന്നും ഒരു ബസ്സിനെ കാണിച്ച് ആ ബസ് തിരൂര്‍ പോകുന്നതാണെന്നും അയാള്‍ പറഞ്ഞു.
ആ ചേട്ടന്‍ പറഞ്ഞത് എനിക്ക് മനസ്സിലായി. മലയാളം വേഗം മനസ്സിലാകുന്ന ഭാഷയാണോ എന്ന് ആലോചിച്ച് ഞാന്‍ ആഹ്ളാദിച്ചു. ആ ചേട്ടനെ ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കിയപ്പോള്‍ മനസ്സിലായി- ആ ചേട്ടനും തമിഴനാണ്! ആ സമയം ''അന്ത ഏഴ് നാള്‍കള്‍'' എന്ന തമിഴ് സിനിമയിലെ പാലക്കാട് മാധവന്‍ എന്ന കഥാപാത്രത്തെ ഓര്‍മ വന്നു. ആ സിനിമയിലെ നായകന്‍ ഭാഗ്യരാജ് മലയാളിയായിട്ടാണ് അഭിനയിക്കുന്നത്. മലയാളച്ചുവയോടെ തമിഴ് സംസാരിക്കണം. എന്നാല്‍, ഭാഗ്യരാജ് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരു തമിഴന്‍ മലയാളം പേശാന്‍ ശ്രമിക്കുന്നതുപോലെയേ തോന്നൂ. ഈ ചെരിപ്പ് തുന്നുന്ന ചേട്ടനും മലയാളം സംസാരിക്കാന്‍ ട്രൈ ചെയ്തതായിരുന്നു. പക്ഷെ, അതു വിജയിച്ചില്ല. അതുകൊണ്ടാണല്ലോ അയാള്‍ പറഞ്ഞത് എനിക്ക് മനസ്സിലായത്.
ആ ചേട്ടന്‍ കാണിച്ചു തന്ന ബസ് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. മുന്‍വശത്തെ വാതിലില്‍ ഒരാള്‍ ഭിക്ഷയാചിക്കുന്നതുപോലെ കൈയും കാണിച്ച് നില്‍പ്പുണ്ട്. സ്‌കൂള്‍ കൂട്ടികള്‍ അയാളുടെ കൈകളിലേക്ക് നാണയങ്ങള്‍ ഇട്ടുകൊടുത്ത് ബസ്സിനകത്തേക്ക് കയറിപ്പോയി. എന്റെ പിറകിലുള്ള പയ്യന്‍ 'കാശിടൂ' എന്നു പറഞ്ഞപ്പോള്‍ ഞാന്‍ രണ്ടു രൂപയുടെ നാണയമെടുത്ത് അയാളുടെ കൈയില്‍ വെച്ചു. അയാള്‍ ഒരു രൂപ 75 പൈസ എടുത്ത് ബാക്കി തിരിച്ചുതന്നു. ഞാന്‍ ബസ്സിനകത്ത് ഒരു ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു. ബസ്സിനു മുന്നില്‍ നില്‍ക്കുന്ന കുട്ടികളെ ശ്രദ്ധിച്ചു. തൊപ്പി വെച്ച ആണ്‍കുട്ടികള്‍, തലയില്‍ തട്ടമിട്ട പെണ്‍കുട്ടികള്‍, ചന്ദനക്കുറി തൊട്ടു നില്‍ക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും. എന്റെ നാട്ടിലെവിടെയും കണ്ടിട്ടില്ലാത്ത ആ വേഷധാരികളെ കുറേനേരം കൗതുകത്തോടെ നോക്കി ഇരുന്നു.
ബസ് പുറപ്പെട്ടപ്പോള്‍ ജനലോരക്കാഴ്ചകള്‍ കാണാന്‍ തുടങ്ങി. പട്ടുക്കോട്ടൈ സിനിമാ തിയേറ്ററുകളില്‍ 'അഡല്‍റ്റ്‌സ് ഓണ്‍ലി' മലയാളം സിനിമകളില്‍ മാത്രം കണ്ടിരുന്ന കേരളത്തെ നേരിട്ടു കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ എന്ന് ആലോചിച്ച് സന്തോഷിച്ചു. 1990 കാലഘട്ടങ്ങളില്‍ തമിഴ്നാട്ടില്‍ മലയാള സിനിമ പാര്‍ത്തു എന്നു പറഞ്ഞാല്‍ 'എ' പടം കണ്ടു എന്നാണര്‍ത്ഥം.
പിന്നീട് സിബി മലയിലിന്റെയും സത്യന്‍ അന്തിക്കാടിന്റെയും ഇത്തിരിപ്പോലും അശ്ലീലമില്ലാത്ത ആ സിനിമകള്‍ കണ്ടപ്പോള്‍ പിന്നെ എങ്ങനെയാണ് മലയാള സിനിമയെക്കുറിച്ച് തമിഴ്നാട്ടില്‍ ഇങ്ങനെ ഒരു ചീത്തപ്പേരുണ്ടായത് എന്ന് ആലോചിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. അതേ പട്ടുകോട്ടൈ ടൗണില്‍ പോയി കുടുംബത്തോടൊപ്പം മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ ആസ്വദിച്ചതിന് കാലം സാക്ഷി.
ബസ് പുറപ്പെട്ടു. ഒരാള്‍ ഒരു ഡയറിയും പിടിച്ച് യാത്രക്കാരോട് എവിടെ? എവിടെ? എന്നു ചോദിച്ചുകൊണ്ടു വന്നു. എന്റെ അടുത്തെത്തി എവിടെ എന്നു ചോദിച്ചു. ഞാന്‍ തിരൂര്‍ എന്നു പറഞ്ഞു. അയാള്‍ ഡയറിയില്‍ 1 എന്ന് എഴുതിയ സ്ഥലത്ത് വീണ്ടും ഒരു ഒന്നുകൂടി ചേര്‍ത്ത് എഴുതി. അപ്പോള്‍ ഒരു കാര്യം എനിക്ക് മനസ്സിലായി.
തമിഴില്‍ എങ്കെ എന്നും ഇംഗ്ലീഷില്‍ 'Where' എന്നും പറയുന്ന വാക്കിന്റെ അര്‍ത്ഥമാണ് ''എവിടെ'' എന്ന് മനസ്സിലായി. അങ്ങനെ ആദ്യമായി മലയാളത്തില്‍ ഒരു വാക്ക് ഞാന്‍ പഠിച്ചു. ''എവിടെ.'' വീണ്ടും ഒരു തവണ കൂടി ഞാന്‍ പറഞ്ഞു നോക്കി- ''എവിടെ?''
ബസ്സ് അരമണിക്കൂര്‍ ഓടിയിട്ടും തിരൂര്‍ എത്തിയിട്ടില്ല. 25 പൈസക്ക് ഇത്രയും ദൂരം യാത്രയോ? അപ്പോള്‍ തമിഴ്നാട്ടിലേക്കാളും കേരളത്തില്‍ ബസ് ചാര്‍ജ്ജ് കുറവാണല്ലോ എന്ന് ആലോചിച്ചപ്പോള്‍ സന്തോഷമായി. കുറച്ചു കാലങ്ങള്‍ക്കുശേഷമാണ് ഒരു കാര്യം മനസ്സിലായത്. കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ബസ് കണ്‍സഷന്‍ ഉണ്ട്. അന്ന് ആ കണ്ടക്ടര്‍ ചേട്ടന്‍ ഞാനും ഒരു വിദ്യാര്‍ഥിയാണെന്നു കരുതി എനിക്കും കണ്‍സഷന്‍ തന്നതാണ്. അന്ന് മലപ്പുറം ജില്ലയില്‍ പ്രൈവറ്റ് ബസ്സുകളില്‍ ടിക്കറ്റ് തരുന്ന ഏര്‍പ്പാടില്ല. കണ്ടക്ടര്‍ പൈസ വാങ്ങിപ്പോകും. ക്ലീനര്‍ വന്ന് ''എവിടെ' എന്നും ചോദിച്ച് എഴുതിപ്പോകും. അതുവെച്ച് അവര്‍ കണക്കുനോക്കുമായിരിക്കും.
തിരൂര്‍ സ്റ്റാന്‍ഡില്‍ ബസ്സ് എത്തി. ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴേക്കും ജനങ്ങള്‍ വളരെ കുറവായിരുന്നു കുറ്റിപ്പുറത്തേക്കാളും തിരൂര്‍ അല്പം വലിയ ടൗണായിട്ടാണ് എനിക്ക് തോന്നിയത്. ഒരു തമിഴ് വാരികയില്‍ വായിച്ച ഒരു കാര്യം അപ്പോളാണ് ഓര്‍മ്മ വന്നത്- നാടുവിട്ട് നഗരത്തിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ ജോലിയാണ് ഉത്തമം. കിടക്കാന്‍ സ്ഥലവും കഴിക്കാന്‍ ഭക്ഷണവും പിന്നെ ശമ്പളവും കിട്ടും. ഒരാള്‍ ആദ്യമായി ചെന്നൈയിലെത്തിയപ്പോള്‍ സംഭവിച്ച കാര്യങ്ങളാണ് അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ഇത് ഓര്‍മ്മയിലേക്ക് വന്നപ്പോള്‍ മറ്റൊരു കാര്യവും ഞാന്‍ ആലോചിച്ചില്ല. അവിടെ വലതുവശത്ത് കണ്ട ഹോട്ടലില്‍ ചെന്ന് ജോലി ചോദിച്ചു. അവിടെ കാഷ്യർ ആയി ഇരിക്കുന്നുണ്ടായിരുന്ന ആള്‍ ഇവിടെ ആവശ്യത്തിന് ജോലിക്കാരുണ്ടെന്നും അടുത്തുള്ള പ്രകാശ് ഹോട്ടലില്‍ ചെന്ന് ജോലി ചോദിക്കാനും പറഞ്ഞു.
പ്രകാശ് ഹോട്ടലിലെ ക്യാഷ് കൗണ്ടറില്‍ ഇരുന്ന ചേട്ടനെ കണ്ടപ്പോള്‍ ഒരിഷ്ടം തോന്നി. ഞാന്‍ ജോലിയുടെ കാര്യം പറഞ്ഞപ്പോള്‍ ഇതിനുമുമ്പ് ഹോട്ടല്‍ ജോലി ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചു. ഞാന്‍ ജോലി കിട്ടാനായി ഒരു കള്ളം പറഞ്ഞു. ഉണ്ട്. പട്ടുകോട്ടാ ലക്ഷ്മിനാരായണഭവന്‍ ഹോട്ടലില്‍ ജോലി ചെയ്തിട്ടുണ്ട്. എത്രവരെ പഠിച്ചു? ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ ഞാന്‍ പത്താം ക്ലാസ്സ് വരെ പഠിച്ചു എന്നും പറഞ്ഞു. ബില്‍ എഴുതുമോ എന്നു ചോദിച്ചു. എഴുതാമെന്നു ഞാനും പറഞ്ഞു. അയാള്‍ എന്നെ ഹോട്ടലിനകത്തേക്ക് വിളിച്ചുകൊണ്ടുപോയി.
ഹോട്ടലിന്റെ ഒരു മൂലയില്‍ ഒരു ചെറിയ മേശയും സ്റ്റൂളും ഇട്ടിരുന്നു. അടുത്തുനില്‍ക്കുന്ന സപ്ലയറോട്് ഈ പയ്യനോടു ഭക്ഷണത്തിന്റെ വില പറഞ്ഞു കൊടുക്കൂ എന്നും പറഞ്ഞു. എന്നോട് സ്റ്റൂളിലിരുന്ന് ജോലി ആരംഭിച്ചോളൂ എന്നും പറഞ്ഞു. ആ സപ്ലയര്‍ അടുത്തു വന്നു എന്റെ ഈരും പേരും ചോദിച്ചു. ഞാന്‍ വിശദമായി പറഞ്ഞുകൊടുത്തു. ആ അണ്ണന്റെ പേര്‍ ശങ്കര്‍ എന്നും തമിഴ്‌നാട് തിരുനല്‍വേലിക്കാരനാണെന്നും അറിയാന്‍ കഴിഞ്ഞു. ശങ്കര്‍ എന്നോട് ഒരു ബില്‍ എഴുതാന്‍ പറഞ്ഞു. കേരളത്തിലെത്തി വേറൊരാളിന്റെയും സഹായമില്ലാതെ രണ്ടുമണിക്കൂറിനകം ജോലി കിട്ടിയ സന്തോഷത്തില്‍ ഗമയില്‍ ഇരുന്നു. ഒരു കാപ്പി, ഒരു നെയ്‌റോസ്റ്റ് ഇവയുടെ വില പറഞ്ഞു തന്നു. ബില്‍ എഴുതാന്‍ പറഞ്ഞു. അവിടെയിരുന്ന് എന്റെ ജോലി തുടങ്ങി. പല ജോലികള്‍ ചെയ്ത് കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് ഒരുപാട് സന്തോഷത്തോടും ഇടക്കൊക്കെ സങ്കടങ്ങളുമായി ഇനിയുള്ള എന്റെ ആയുസ്സിന്റെ 90 ശതമാനം കാലവും ഈ 'ദൈവത്തിന്റെ' സ്വന്തം നാട്ടില്‍ ജീവിച്ചു തീര്‍ക്കാനുള്ളതാണ് എന്ന കാര്യം ആ നിമിഷവും ഞാന്‍ അറിഞ്ഞിരുന്നില്ല.
Content Highlights: elenko odai book seller autobiography malayathamizhan begins
Published: 09 Oct 2024, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented