ഇളങ്കോ ഓടൈ എഴുതുന്ന ആത്മകഥ 'മലയാളത്തമിഴന്‍' രണ്ടാം അധ്യായം

To advertise here,

തിരൂര്‍ പ്രകാശ് ഹോട്ടലില്‍ ഫാനിന്റെ ചുവട്ടില്‍ സുഖമായി ഇരുന്ന്  ബില്‍ എഴുതിക്കൊടുത്താല്‍ മതി. കാഷ്യർ  കസേരയില്‍ ഇരിക്കുന്ന സ്‌നേഹമുള്ള ഏട്ടന്‍ ഒന്നാം തിയ്യതി ആകുമ്പോള്‍ അഞ്ഞൂറോ ആയിരമോ ശമ്പളം തരും. അതിനുശേഷം എന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ മനസ്സില്‍ സന്തോഷം തോന്നി. ആ സന്തോഷം ഉച്ചവരെയേ ഉണ്ടായിരുന്നുള്ളൂ. ഉച്ചക്കുശേഷം കഥയൊക്കെ മാറി. അത് ഒരു വെജിറ്റേറിയന്‍ ഹോട്ടലായിരുന്നു. ഉച്ചക്ക് ഒരുമണിയായപ്പോള്‍ ആളുകള്‍ ചോറുണ്ണാന്‍ വരാന്‍ തുടങ്ങി.

സൂപ്പര്‍വൈസറെപ്പോലെ തോന്നിയ ഒരാള്‍ എന്റെ അരികില്‍ വന്ന് ബില്ല് എടുത്ത് ഈണിന്റെ വിലയായ അക്കത്തില്‍ 4, 4... ഇങ്ങനെ കുറെയധികം ബില്ലുകള്‍ എഴുതി. കുറച്ചു ബില്ലുകള്‍ കീറിയെടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെച്ചു. ഉച്ച കഴിച്ച് കൈ കഴുകി വരുന്ന കസ്റ്റമര്‍ക്ക് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഓരോ ബില്ലുകള്‍ എടുത്ത് ഓരോരുത്തര്‍ക്കായി കൊടുത്തു. അതിനുശേഷം അയാള്‍ സാമ്പാര്‍ പാത്രമെടുത്ത് എന്റെ കൈയില്‍ തന്നു. എന്നിട്ട് വിളമ്പാന്‍ പറഞ്ഞു. പിന്നീട് വെള്ളം ചോദിക്കുന്ന ആളുകള്‍ക്ക് വെള്ളം കൊടുക്കാനും ഉപ്പേരി ചോദിക്കുന്നവര്‍ക്ക് ഉപ്പേരി വിളമ്പാനും പറഞ്ഞു.

അയ്യോ ചേട്ടാ... ഞാന്‍ ബില്ലെഴുതുന്ന ഓഫീസറാണ്. എന്നെക്കൊണ്ട് ഇങ്ങനത്തെ ജോലി എന്തിന് ചെയ്യിക്കുന്നു എന്ന് ചോദിക്കണമെന്ന് വിചാരിച്ചെങ്കിലും ചോദിച്ചില്ല. ഉച്ചയൂണിന്റെ തിരക്കൊഴിയാന്‍ മൂന്നരമണിയായി. അപ്പോഴേക്കും ഞാന്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. വൈകീട്ട് നാലു മണിമുതല്‍ ആറുമണിവരെ ജോലിക്കാര്‍ക്ക് റെസ്റ്റാണ്. ജോലിക്കാര്‍ക്ക് താമസിക്കാന്‍ ഹോട്ടലിന്റെ മുകളില്‍ മുറിയുണ്ടായിരുന്നു. ബാഗെടുത്ത് അവിടെ ചെന്ന് കിടന്ന് കുറച്ചുനേരം മയങ്ങി. അഞ്ചുമണിയായപ്പോള്‍ എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞ് ശങ്കരനണ്ണനോടൊപ്പം തിരൂര്‍ ടൗണ്‍ കാണാനായി പോയി. ശങ്കര്‍ തിരുനല്‍വേലിക്കാരനാണ്. തൃശൂര്‍ ഭാഷപോലെയാണ് തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ഭാഷ. അതുകൊണ്ടു തന്നെ ശങ്കരനണ്ണന്റെ തമിഴ് ഭാഷ മനസ്സിലാക്കാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു. തിരൂര്‍ ടൗണിലൂടെ അല്പദൂരം നടന്നപ്പോള്‍ മതിലില്‍ ഒരാള്‍ പോസ്റ്ററൊട്ടിച്ചു പോകുന്നതു കണ്ടു.

ശങ്കരനണ്ണന്‍ ആ പോസ്റ്റര്‍ കാണിച്ചിട്ട് ചോദിച്ചു.
''ആ പോസ്റ്ററിലുള്ളത് ആരാണെന്നറിയാമോ?''
ഞാന്‍ അറിയില്ലെന്നു പറഞ്ഞു.
''അതാണ് ഇ.കെ.നായനാര്‍. ഇവര്‍ താന്‍ കേരളത്തിന്റെ മുഖ്യമന്ത്രി.''

കേരളത്തിലേക്ക് എത്തിയ ദിവസം തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട സന്തോഷം എനിക്ക് അപ്പോള്‍ അനുഭവപ്പെട്ടു.
കുറച്ചു സമയം കറങ്ങിയിട്ട് ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചുവന്നു ജോലിക്ക് കയറി. വീണ്ടും ബില്ല് എഴുതുന്ന ജോലിയില്‍ വ്യാപൃതനായി. രാത്രി എട്ടുമണിയോടെ കുറച്ചുപേര്‍ ചോറുണ്ണാന്‍ വന്നു. ഉച്ചക്ക് ഞാന്‍ എടുത്ത ജോലി തന്നെ വീണ്ടും എടുക്കേണ്ടി വന്നു. എന്നാല്‍ രാത്രി കുറച്ചാ ളുകള്‍ മാത്രമാണ് ചോറുണ്ണാന്‍ വന്നത്. ഞാന്‍ ജോലിക്ക് കയറിയ അന്നു മുതല്‍ തുടര്‍ന്ന് നാലുദിവസവും ഒരു അണ്ണന്‍ ചോറുണ്ണാന്‍ വരുന്നുണ്ടായിരുന്നു. ആ അണ്ണന്റെ പേര് പാണ്ടി എന്നായിരുന്നു. മധുരക്കാരനാണ് അയാള്‍. അവിടെ കൂലിപ്പണി ചെയ്തു വരികയായിരുന്നു. നാലാം ദിവസം ചോറു കഴിക്കാന്‍ വന്നപ്പോള്‍ പാണ്ടിയണ്ണനെ കൂടാതെ വേറെ ആരും ആ ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. എന്റെ മുഖം നോക്കി  വായിച്ചപോലെ പാണ്ടി അണ്ണന്‍ ചോദിച്ചു.

''ഹോട്ടല്‍ ജോലി ഇഷ്ടമായില്ല അല്ലേ?''
ഞാന്‍ ഇല്ലെന്നു തലയാട്ടി.
അയാള്‍ ''ഒരു ആക്കിയ'' ചിരിയോടെ പറഞ്ഞു.
''ഹോട്ടല്‍ വേലയും മറ്റേവേലയും (അയാള്‍ പറഞ്ഞത് ഇവിടെ പറയാന്‍ പറ്റില്ല) ഒന്നാണ്.''
ഇതുകേട്ടതും ഞാനൊന്നു ഞെട്ടി. ഇത്രയും വൃത്തികെട്ട ജോലി ആണോ ഇത്? പാണ്ടിയണ്ണന്റെ ആ വാക്കുകള്‍ കേട്ട പാടെ, എനിക്ക് എന്റെ ജോലിയോട് അറപ്പ് തോന്നി.
''ഇവിടെ വേറെ എന്നാ വേല എനിക്ക് കിട്ടും?''
പാണ്ടി ആലോചിച്ചിട്ട് പറഞ്ഞു: ''മിക്‌സ്ചര്‍ കമ്പനിയില്‍ ജോലിയുണ്ട്. മിക്‌സ്ചര്‍ പ്ലാസ്റ്റിക് കവറില്‍ നിറയ്ക്കുന്ന ജോലി ചെയ്യുമോ?''
''ചെയ്യാം.'' എന്ന് ഞാന്‍ പറഞ്ഞു.
''എന്നാല്‍ ഇന്നു രാത്രി തന്നെ പുറപ്പെട്ടോ. ക്യാഷില്‍ ഇരിക്കുന്ന മുതലാളിയോട് നാട്ടിലേക്ക് തിരികെ പോകുകയാണെന്ന് പറഞ്ഞ് ശമ്പളം വാങ്ങിക്കോ. ശമ്പളം വാങ്ങിയശേഷം നീ ബാഗെടുത്ത് പുറത്ത് വന്നാല്‍ മതി. ഞാന്‍ അപ്പുറത്ത് വെയ്റ്റ് ചെയ്യാം.''

''നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്?'' ഞാന്‍ ചോദിച്ചു.
'തൃശൂര്‍' അയാള്‍ പറഞ്ഞു.
ഞാന്‍ തൃശൂര്‍ എന്നു പറഞ്ഞു നോക്കി. എന്റെ നാവില്‍ ആ നാമം വഴങ്ങുന്നില്ല. അപ്പോള്‍ പാണ്ടി അണ്ണന്‍ പറഞ്ഞു.
''ഇതു തിരൂര്‍ (Thirur). നമ്മള്‍ പോകുന്ന സ്ഥലം തൃശൂര്‍ (Thrissur) അത്രയേ വ്യത്യാസമുള്ളൂ.' പാണ്ടി അണ്ണന്‍ വിസ്തരിച്ചു തന്നു.
അയാള്‍ അപ്പോള്‍ത്തന്നെ കൈ കഴുകി പോയി. പാണ്ടി അണ്ണന്‍ പറഞ്ഞപ്പോഴാണ് ക്യാഷ് കൗണ്ടറില്‍ ഇരിക്കുന്ന ആളു തന്നെയാണ് ഹോട്ടല്‍ മുതലാളിയെന്ന കാര്യം എനിക്ക് മനസ്സിലായത്. ഞാന്‍ മുതലാളിയുടെ അടുത്തു ചെന്നു.

''ഈ ഹോട്ടല്‍ ജോലി എന്നെക്കൊണ്ടു ചെയ്യാന്‍ പറ്റുന്നില്ല. ഞാന്‍ പട്ടുകോട്ടൈയിലെ ഹോട്ടലിലൊന്നും ജോലി എടുത്തിട്ടില്ല. അവിടെ ജോലി ചെയ്തു എന്നു പറഞ്ഞത് കള്ളമാണ്.''
അപ്പോള്‍ മുതലാളി ചിരിച്ചുകൊണ്ടു പറഞ്ഞു. ''അത് നീ ജോലി ചെയ്യുന്നതു കണ്ടപ്പോഴേ എനിക്കു മനസ്സിലായി.''
''ഞാന്‍ നാട്ടിലേക്കു തിരികെ പൊയ്‌ക്കോളാം.'' ഞാന്‍ പറഞ്ഞു.
''എത്രമണിക്കാ വണ്ടി?''
രാത്രി 12 മണിക്ക്,'' ഞാന്‍ പറഞ്ഞു.

അദ്ദേഹം ക്യാഷ് ബോക്‌സ് തുറന്ന് ഞാന്‍ ചോദിക്കാതെ തന്നെ എന്റെ അതുവരെയുള്ള ശമ്പളമായ 80 രൂപ തന്നു. ഞാന്‍ റൂമില്‍ ചെന്ന് ബാഗുമെടുത്ത് ക്യാഷ്‌കൌണ്ടറില്‍ നില്‍ക്കുന്ന മുതലാളിയോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. തൊട്ടപ്പുറത്ത് പാണ്ടി അണ്ണന്‍ എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. ബസ്സ്റ്റാന്‍ഡില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്ക് പോകാന്‍ ഒരു കട്ട റോഡ് ഉണ്ടായിരുന്നു. അതുവഴി ഞങ്ങള്‍ നടന്നു. ഇന്ന് ആ പ്രകാശ് ഹോട്ടല്‍ പൊളിച്ചിട്ട പുതിയ ബില്‍ഡിംഗ് പണിതു. അവിടെ മറ്റേതോ കടകള്‍ പ്രവര്‍ത്തിക്കുന്നു. 

ഞങ്ങള്‍ റെയില്‍വേസ്റ്റേഷനിലെത്തി. ടിക്കറ്റ് കൗണ്ടറില്‍ നിന്ന് തൃശൂരിലേക്ക് രണ്ട് ടിക്കറ്റ് വാങ്ങി. ടിക്കറ്റ് കൗണ്ടറിന് മുന്നിലായി രണ്ട് സിമന്റ് ബെഞ്ചുണ്ടായിരുന്നു. രണ്ടുമൂന്നുപേര്‍ ആ ബെഞ്ചില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം ഞങ്ങളും ഇരുന്നു. പന്ത്രണ്ടു മണിയായപ്പോള്‍ ട്രെയിന്‍ എത്തി. അതില്‍ കയറി തൃശൂരിലേക്കു പോന്നു. തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഒരു ഓട്ടോയില്‍ കയറി. ഓട്ടോക്കാരന് പാണ്ടി അണ്ണന്‍ വഴി പറഞ്ഞുകൊടുത്തു. ഓട്ടോ ഒരു വീടിന്റെ മുന്‍ഗേറ്റിലെത്തി. വീടിന്റെ കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ ഒരു അണ്ണന്‍ വന്ന് വാതില്‍ തുറന്നു. പാണ്ടി അണ്ണനെ കണ്ടപാടെ അയാള്‍ ചിരിച്ചുകൊണ്ട് ഞങ്ങളെ സ്വീകരിച്ചു. ഈ അണ്ണന്റെ പേര്‍ പാണ്ഡ്യന്‍ എന്നാണ്. എന്റെ സുഹൃത്താണ്. എനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി. 

വീടിനകത്ത് എന്റെ സമപ്രായക്കാരായ നാലഞ്ചു പിള്ളേര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അവരുടെ അരികിലായി ഒരു വലിയ എണ്ണച്ചട്ടിയും ഉണ്ടാ ക്കിവെച്ച മിക്ചറും ഉണ്ടായിരുന്നു. ആ തൃശൂര്‍ പാണ്ഡ്യന്‍ അണ്ണനോട് തിരൂര്‍ പാണ്ടി അണ്ണന്‍ എന്റെ ജോലിക്കാര്യം പറഞ്ഞു. തൃശൂര്‍ പാണ്ഡ്യന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

''ഈ കിടക്കുന്ന പിള്ളേര്‍ക്ക് തന്നെ ചെയ്യാനുള്ള ജോലി ഇവിടെ ഇല്ല. നീ മറ്റെവിടെയെങ്കിലും ജോലി സംഘടിപ്പിച്ചു കൊടുക്ക്.''
''നിങ്ങള്‍ വല്ലതും കഴിച്ചോ?'' എന്ന് തൃശൂര്‍ പാണ്ഡ്യന്‍ സ്‌നേഹത്തോടെ ചോദിച്ചു.
തിരൂര്‍ പാണ്ടി ചാടിക്കയറി കഴിച്ചില്ലെന്നു പറഞ്ഞു.
തൃശൂര്‍ പാണ്ഡ്യന്‍ അണ്ണന്‍ അപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഉപ്പുമാവ് ഉണ്ടാക്കി തന്നു. ഞങ്ങള്‍ ഉപ്പുമാവ് കഴിച്ചു. വീട്ടില്‍ നിന്നും ചെയ്യുന്നതുപോലെ എഴുന്നേറ്റുപോയി കൈ കഴുകി. 
തിരൂര്‍ പാണ്ടി അണ്ണന്‍, അയാള്‍ കഴിച്ച പാത്രവും, ഞാന്‍ കഴിച്ച പാത്രവും കഴുകി വെച്ചു.
ഞങ്ങള്‍ തൃശൂര്‍ പാണ്ഡി അണ്ണനോട് യാത്ര പറഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് നടക്കാന്‍ തുടങ്ങി.
ഇനി എന്തു ചെയ്യും?
ഞാന്‍ സങ്കടത്തോടെ ചോദിച്ചു.

ചങ്ങരംകുളം എന്ന ഒരു ഊര്‍ ഉണ്ട്. അവിടെ ഒരു ജോലി ശരിയാക്കി തരാമെന്നു പറഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി.

ഞങ്ങള്‍ തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ രാവിലെ നാലുമണിയായി. തമിഴ്നാട്ടിലേതുപോലെ കേരളത്തില്‍ എല്ലാ സ്ഥലത്തേക്കും ബസ് സര്‍വ്വീസ് ഉണ്ടാവില്ല എന്ന വിവരം അപ്പോഴാണ് അറിഞ്ഞത്.

പാണ്ടി എവിടെ നിന്നോ ന്യൂസ് പേപ്പര്‍ സംഘടിപ്പിച്ച് കൊണ്ടുവന്നു. അത് തറയില്‍ വിരിച്ച് കിടന്ന് ഞങ്ങള്‍ അല്‍പനേരം മയങ്ങി.
രാവിലെ മണിക്ക് ചങ്ങരംകുളം ബസ് പുറപ്പെട്ടു.

ചങ്ങരംകുളം കുറ്റിപ്പുറത്തേക്കാള്‍ ചെറിയൊരു ടൗണ്‍ ആണ്. ഈ പാണ്ടി അണ്ണന്‍ തനിക്ക് ഇവിടെ എന്ത് ജോലിയാണാവോ തരപ്പെടുത്തിത്തരാന്‍ പോവുന്നത്? എന്ന് ഞാന്‍ മനസ്സില്‍ ആലോചിച്ച് അയാളോടൊപ്പം നടന്നു. ഞങ്ങള്‍ ഒരു സിനിമാ ടാക്കീസിനരികിലെത്തി.
ആ സിനിമാ തിയേറ്ററില്‍ മാറ്റിനി ഷോ മുതലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. അവിടെയുള്ള ജോലിക്കാരനോട് പാണ്ടി അണ്ണന്‍ എന്തോ സംസാരിച്ചു. അയാള്‍ ഓക്കെ എന്ന തരത്തില്‍ തലയാട്ടി.

തിയേറ്ററിന് പുറത്ത് സിനിമ കാണാന്‍ വരുന്നവര്‍ക്ക് ഇരിക്കാനായി മരംകൊണ്ട് ഉണ്ടാക്കിയ ഒരു ബെഞ്ചുണ്ടായിരുന്നു.
''തൊട്ടപ്പുറത്ത് ടോയ്‌ലറ്റ് കാണിച്ചുകൊണ്ട് പാണ്ടി അണ്ണന്‍ പറഞ്ഞു. ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ പോയി വന്ന്, ഈ ബെഞ്ചില്‍ അല്പനേരം കിടന്നോളൂ.''

''ഞാന്‍ നിനക്കുള്ള ജോലി തരപ്പെടുത്തിയിട്ടുവരാം,'' എന്നും പറഞ്ഞ് അയാള്‍ പോയി.
ഞാന്‍ ബാഗെടുത്ത് തലക്കുവെച്ച് ബഞ്ചില്‍ കിടന്നു. ഗ്രാമീണ അന്തരീക്ഷത്തിലായിരുന്നു ആ തിയേറ്റര്‍. അതു കൊണ്ടുതന്നെ കിടന്നപാടെ ഞാന്‍ ഉറങ്ങിപ്പോയി.

രാവിലെ 11 മണി ആയിക്കാണും. തിരൂര്‍ പാണ്ടി അണ്ണന്‍ എന്നെ ഉറക്കത്തില്‍ നിന്ന് തട്ടി എഴുന്നേല്‍പ്പിച്ചു.

ഞാന്‍ എഴുന്നേറ്റപ്പോള്‍ ഒരു സൈക്കിളും പിടിച്ച് നിഷ്‌കളങ്കനായ ഒരു അണ്ണന്‍ നില്‍പുണ്ടായിരുന്നു. എന്നോട തിരൂര്‍ പാണ്ടി അണ്ണന്‍ പറഞ്ഞു.
ഇനി മുതല്‍ ഈ അണ്ണനോടൊപ്പമാണ് നീ ജോലി ചെയ്യാന്‍ പോകുന്നത്. ഇന്ത അണ്ണന്‍ പേരും പാണ്ടി എന്നു പറഞ്ഞു കേട്ടതും എനിക്കു ചിരിവന്നു.

24 മണിക്കൂറിനകം ഞാന്‍ കണ്ടുമുട്ടിയ മൂന്നാമത്തെ 20 പാണ്ടി അണ്ണനാണിത്.

വെറുതെയല്ല മലയാളികള്‍ പാണ്ടി എന്ന ഇരട്ടപ്പേര്‍ തമിഴന്മാര്‍ക്ക് നല്‍കിയത്. ഇങ്ങനെ ഒരു ഇരട്ടപ്പേര് എങ്ങനെ വന്നതാവാം? രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ് എനിക്കു മനസ്സിലായത്. എണ്‍പതുകളില്‍ കേരളത്തിലേക്ക് മഥുരയില്‍ നിന്ന് കൂലിപ്പണിക്കായി ഒട്ടേറെ ആളുകള്‍ വന്നു കാണും.

പണ്ട് പണ്ട് മഥുര ഭരിച്ചിരുന്നത് പാണ്ഡ്യന്‍ എന്ന രാജാവായിരുന്നു. അതുകൊണ്ട് തന്നെ മഥുരയിലെ ജനിക്കുന്ന പത്ത് ആണ്‍കുട്ടികളില്‍ ഒരു ആണ്‍കുട്ടിക്ക് പാണ്ഡ്യന്‍ എന്നോ വീരപാണ്ഡ്യന്‍ എന്നോ പേരിടും.

പക്ഷേ, അവരെ ചുരുക്കപ്പേരായി പാണ്ടി എന്നാണ് വിളിക്കാറുള്ളത്. തഞ്ചാവൂരില്‍ എന്റെ വകയില്‍ ഒരു മാമനുണ്ട്. അയാളുടെ പേര് പാണ്ഡ്യന്‍ എന്നാണ്. ഞങ്ങള്‍ അദ്ദേഹത്തെ പാണ്ടിമാമാ എന്നാണ് വിളിക്കാറ്.

അന്ന് കേരളത്തില്‍ ഒരു പറമ്പില്‍ രണ്ടു മഥുരക്കാര്‍ ജോലി ചെയ്യുകയാണെങ്കില്‍ അതിലൊരാളുടെ പേര് പാണ്ഡ്യന്‍ എന്നായിരിക്കാം. കൂടെ ജോലി ചെയ്യുന്ന ആള്‍ എടാ പാണ്ഡീ എന്നു വിളിച്ചിട്ടുണ്ടാവും. ആ വിളി ഏതോ മലയാളി കേട്ടു കാണും. തുടര്‍ന്ന് മറ്റു മലയാളികളും തമിഴരെ പാണ്ടി എന്ന ഇരട്ടപ്പേര് വിളിച്ചു പോന്നതാവാം. ഇതേപോലെ തന്നെയാണ് തമിഴന്‍മാര്‍ക്ക് അണ്ണാച്ചി എന്ന വിളിപ്പേര്‍ വന്നതിലും ഇത്തരം ഒരു കഥയുണ്ടാകാം. തമിഴ്നാട്ടില്‍ മൂത്ത സഹോദരനെ ''അണ്ണ് എന്നോ ''അണ്ണാര്‍' എന്നോ വിളിക്കാറുണ്ടായിരുന്നു.

തിരുനെല്‍വേലി ജില്ലക്കാര്‍ അണ്ണാവോടൊപ്പം ''ഇച്ചി'' ചേര്‍ത്ത് അണ്ണാച്ചി എന്നാണ് വിളിക്കാറ്. ഇതുപോലെ തന്നെ തിരുനെല്‍വേലിക്കാര്‍ കേരളത്തില്‍ വന്ന് പാടത്ത് ജോലി ചെയ്തിട്ടുണ്ടാവാം. അവിടെ വയസ്സില്‍ മൂത്ത ആളെ അണ്ണാച്ചി എന്നു വിളിച്ചിട്ടുണ്ടാവാം. അതുകേട്ട മലയാളി തമിഴന് അണ്ണാച്ചി എന്ന ഇരട്ടപ്പേര് പറഞ്ഞു വന്നതാവാം. കേരളത്തില്‍ തമിഴന്‍മാര്‍ക്ക് ആദ്യം വന്ന ഇരട്ടപ്പേര് പാണ്ടിയാണോ, അണ്ണാച്ചിയാണോ എന്ന് ആര്‍ക്കും അറിയില്ല. ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി ഇതിനെക്കുറിച്ച് ഗവേഷണം നടത്തിയാല്‍ ഉറപ്പായും ഡോക്ടറേറ്റ് കിട്ടും. 

എന്നെത്തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു ചങ്ങരംകുളം പാണ്ഡ്യന്‍ അണ്ണന്‍.

''നല്ല ചുറുചുറുക്കുള്ള പയ്യനാണ്. ധൈര്യമായിട്ട് നീ കൊണ്ടുപൊയ്‌ക്കോ.'' തിരൂര്‍ പാണ്ടി ചങ്ങരംകുളം പാണ്ഡ്യനോട് പറഞ്ഞു. ചങ്ങരംകുളം പാണ്ഡ്യന്‍ ഇതു കേട്ടതും കൊണ്ടുപൊയിക്കോളാം എന്ന തരത്തില്‍ തലയാട്ടി.

'എന്നാല്‍ ഞാന്‍ ചോദിച്ച പണം എടുക്ക്' എന്നു പറഞ്ഞപ്പോള്‍ നൂറ് രൂപ എടുത്തു കൊടുത്തു. തിരൂര്‍ പാണ്ഡി ചങ്ങരംകുളം പാണ്ടിക്ക് എന്നെ നൂറ് രൂപക്ക് വിറ്റതുപോലെ എനിക്കു തോന്നി. പാണ്ടി അണ്ണാ, എന്നെ വില്‍ക്കാന്‍ മാത്രം നിങ്ങള്‍ ആയിട്ടില്ല. ഇത് ആള് വേറെ ആണ് കല്യാണ ഓ ടൈയിലെ 'രാജാവ്' തമിഴ് സിനിമയിലെ നായകനെ പോലെ സ്വയം മനസ്സില്‍ പറഞ്ഞപ്പോള്‍ എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. തിരൂര്‍ പാണ്ടി എന്നോട് യാത്ര പറഞ്ഞ് സ്ഥലം വിട്ടു.

ചങ്ങരംകുളം പാണ്ഡ്യന്‍ എന്നോട്, തന്റെ സൈക്കിളിന്റെ പിറകില്‍ കയറിയിരിക്കാന്‍ പറഞ്ഞു. ഞാന്‍ കയറിയിരുന്നതും പാണ്ഡ്യന്‍ സൈക്കിള്‍ ചവിട്ടുവാന്‍ തുടങ്ങി. ഇനിയുള്ള എന്റെ ജീവിതത്തിലെ മുപ്പത് ദിവസങ്ങളും ഏറ്റവും കൂടുതല്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവരുന്ന ദിവസങ്ങളായി മാറാന്‍ പോകുന്നു എന്ന കാര്യം നേരത്തെ അറിയാനുള്ള കഴിവുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ആ സൈക്കിളിന്റെ പുറകില്‍ ഒരിക്കലും കയറുമായിരുന്നില്ല. 

(തുടരും)