ബെംഗളൂരു: 15-കാരൻ വൈഭവ് സൂര്യവംശിയെ പ്രൊഫഷണൽ ക്രിക്കറ്റ് കളിപ്പിക്കുന്നത് ബാലവേലയാണെന്ന ആരോപണവുമായി കർണാടകയിലെ ഒരു സാമൂഹിക പ്രവർത്തകൻ. സ്‌കൂളിൽ പോയി പഠിക്കേണ്ട സമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ ടീമിൽ കളിപ്പിക്കുന്നത് ബാലവേലയാണെന്നാണ് സാമൂഹിക പ്രവർത്തകനായ ജഗദീഷിന്റെ ആരോപണം. വൈഭവിനെ കളിപ്പിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കി.

To advertise here,

ഒരു സ്വകാര്യ ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു ജഗദീഷ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 15 വയസുള്ള വൈഭവ് ഇപ്പോൾ സ്‌കൂളിൽ പോകേണ്ട പ്രായമാണെന്നും ഇത്രയും ചെറിയ പ്രായത്തിൽ ഐപിഎൽ പോലുള്ള വലിയ ലീഗുകളിൽ കളിക്കുന്നത് കുട്ടികളെ ചൂഷണംചെയ്യുന്നതിന് തുല്യമാണെന്നും ഇദ്ദേഹം വാദിക്കുന്നു. ലീഗിലെ കഠിനമായ മത്സരങ്ങൾ കുട്ടിയുടെ വിദ്യാഭ്യാസത്തെയും മാനസിക വളർച്ചയെയും ദോഷകരമായി ബാധിക്കുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

വൈഭവിന്റെ കാര്യത്തിൽ ലേബർ കമീഷണർ കേസെടുത്ത് അന്വേഷണം നടത്തണമെന്നും വിഡിയോയിൽ ജഗദീഷ് ആവശ്യപ്പെടുന്നുണ്ട്. വൈഭവിനെ കളിപ്പിക്കുന്നത് കുട്ടികൾക്ക് തെറ്റായ മാതൃക നൽകുമെന്നും ഇദ്ദേഹം ചർച്ചയിൽ അഭിപ്രായപ്പെട്ടു. താരത്തെ ഇനി കളിപ്പിക്കാൻ അനുവദിക്കരുതെന്നും ജഗദീഷ് ആവശ്യപ്പെട്ടു.

ഐപിഎല്ലിൽ തകർപ്പൻ ഫോമിലാണ് വൈഭവ്. ഇതുവരെ 10 കളികളിൽ നിന്നായി 404 റൺസ് നേടിയ താരം നിലവിൽ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്.