ജൂൺ 11 അന്താരാഷ്ട്ര കളിദിനം (International Day of Play) ആയിരുന്നു. ലോകമെമ്പാടുമുള്ള കുട്ടികളുടെ കളിസമയം പുനഃസ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഈദിനം ലക്ഷ്യമിടുന്നു. കളിക്കാനുള്ള അവകാശം കുട്ടികളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളിലൊന്നാണെന്ന് ഓർമിപ്പിക്കാൻ കൂടിയായിരുന്നു ഈ ദിനം. കുട്ടികളുടെ ജീവിതത്തിൽ കളികളുടെ പ്രാധാന്യത്തെക്കുറിച്ച് ലോകരാജ്യങ്ങൾ ചർച്ചചെയ്യുന്ന ഈ സമയത്തും ധാരാളം കുട്ടികൾ കളിയുടെ കാര്യം സ്വപ്നം പോലും കാണാനാവാതെ ബാലവേലയ്ക്ക് ഇരയാകുന്നു. ഈ സാഹചര്യത്തിൽ ബാലവേലവിരുദ്ധ ദിനാചരണത്തിന് പ്രാധാന്യമേറുന്നു.

To advertise here,

ഇത് കുട്ടിക്കളിയല്ല
സന്തോഷവും പ്രതീക്ഷയുമുള്ള ഒരു ഭാവി ഓരോ കുട്ടിക്കും അവകാശപ്പെട്ടതാണെന്നും അതുറപ്പാക്കണമെന്നുമുള്ള ചിന്തയാണ് ബാലവേലവിരുദ്ധ ദിനാചരണത്തിന് പിന്നിൽ. ഐക്യരാഷ്ട്രസംഘടനയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും സംയുക്തമായി 2002 മുതലാണ് ആഗോളതലത്തിൽ ബാലവേലവിരുദ്ധദിനാചരണം ആരംഭിക്കുന്നത്. അഞ്ചുവയസ്സിനും 17 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് സുരക്ഷിതബാല്യം ഉറപ്പുനൽകേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയാണ് ഓരോ ബാലവേലവിരുദ്ധദിനവും ഓർമ്മിപ്പിക്കുന്നത്.

കുട്ടികൾക്ക് സമൂഹത്തിൽനിന്ന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും അതിന് പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുമാണ് ജൂൺ 12 ലോക ബാലവേലവിരുദ്ധദിനമായി ആചരിക്കുന്നത്. വിവിധ ജോലികൾക്കായി കുട്ടികളെ ചൂഷണം ചെയ്യുന്നതും അതിനാൽ വളർച്ചയ്ക്ക് ഏറ്റവും നിർണായകമായ ബാല്യം അവർക്ക് ദുരിതപൂർണമാവുന്നതും പതിവായപ്പോഴാണ് ലോകമെമ്പാടും കുട്ടികളുടെ അവകാശങ്ങൾ ചർച്ചയാകുന്നത്. തുടർന്ന് ബാലാവകാശ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ പല ലോകരാജ്യങ്ങളും നിർബന്ധിതരായി.

വേണം പരിഹാരം
ബാലവേലയ്ക്കുള്ള സാഹചര്യങ്ങൾ സംബന്ധിച്ച് സമൂഹത്തെ ബോധവത്കരിക്കുക എന്നതാണ് ഈ ദിനംകൊണ്ട് ലക്ഷ്യമിടുന്നത്. ബാലവേല പൂർണമായും തടയാൻ ആവശ്യമായ നിയമനടപടികൾ ശക്തമാക്കാനുള്ള അവസരംകൂടിയാണ് ഓരോ ബാലവേലവിരുദ്ധദിനവും. അന്താരാഷ്ട്ര തൊഴിൽസംഘടനയുടെ കണക്കുപ്രകാരം ലോകത്ത് അഞ്ചിനും 17 നും ഇടയിൽ വയസ്സുള്ള 15.2 കോടി കുട്ടികൾ തൊഴിലെടുക്കുന്നുണ്ട്. ടെക്‌നോളജി ഇത്രയേറെ വളർന്നിട്ടും ബാലവേലയ്ക്ക് പരിഹാരം കാണാൻ കഴിയാത്തത് ഒരു പോരായ്മതന്നെയാണ്. ബാലവേല പരിഹരിക്കപ്പെടേണ്ട ഒരു വിഷയമായിപ്പോലും കണക്കാക്കാത്ത രാജ്യങ്ങൾ ഇപ്പോഴുമുണ്ടെന്നതും യാഥാർഥ്യമാണ്. ബാലാവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധമുള്ള പുതുലോകത്തിന് മാത്രമേ വളരെ കാര്യക്ഷമമായി ഈ വിഷയത്തിൽ ഇടപെടാനും പരിഹാരം കാണാനും സാധിക്കൂ.