
ആലപ്പുഴയിലെ ഹരിപ്പാട്ടുകാരനായ രജീവ് 307-ാം നമ്പറിലായിരുന്നു താമസിച്ചിരുന്നത്. 303-ല്‍ താമസിച്ചിരുന്ന ചന്ദ്രേട്ടനും 307-ല്‍ താമസിക്കുന്ന രജീവേട്ടനും, ബെഞ്ചില്‍ കിടന്നുറങ്ങുന്ന എനിക്കും കൂടി ഉള്ളതായിരുന്നു കോമണ്‍ ബാത്ത്‌റൂം. ബാത്ത്‌റൂമില്‍ കയറിയാല്‍ കുറച്ചധികം സമയം ചെലവഴിക്കുന്ന ആളാണ് ഞാന്‍. ഒരു ദിവസം കുളികഴിഞ്ഞ് ബാത്‌റൂമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ രജീവേട്ടന്‍ ബാത്ത്‌റൂമിന് പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ രജീവേട്ടന്‍ ബാത്‌റൂമിന്റെ വാതിലില്‍ ജന്റിലായി മുട്ടിക്കൊണ്ടിരുന്നു. അതുകൊണ്ട് ഞാന്‍ പുറത്തിറങ്ങിയ പാടെ അദ്ദേഹത്തോട് ''സാറി'' എന്നു പറഞ്ഞു. സോറിക്കുപകരം ഞാന്‍ സാറി എന്ന് പറഞ്ഞതുകൊണ്ട് രജീവേട്ടന്‍ ഞാന്‍ തമിഴനാണെന്നു മനസ്സിലാക്കി. അങ്ങനെ ഒരിക്കല്‍ ഞാന്‍ നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് ബെഞ്ചില്‍ കിടന്നുറങ്ങാന്‍ നോക്കുമ്പോള്‍ രാജീവേട്ടന്‍ എന്റെ അടുത്തുവന്ന് പരിചയപ്പെട്ടു. രജീവേട്ടന്റെ കൈയ്യില്‍ ഒരു വാക്മാന്‍ ഉണ്ടായിരുന്നു. ഒരു സിക്സ്റ്റി ഓഡിയോ കാസറ്റ് റെക്കോര്‍ഡ് ചെയ്യിക്കാനായി നല്ല തമിഴ്പാട്ടുകള്‍ പറഞ്ഞുതരുമോ എന്നു രജീവേട്ടന്‍ ചോദിച്ച അടുത്ത സെക്കന്റില്‍തന്നെ ഞാന്‍ ചാടി എഴുന്നേറ്റ് ബെഞ്ചില്‍ ഇരുന്നു. ഞാന്‍ പറഞ്ഞുതരാം ഏട്ടാ, എന്ന് പറഞ്ഞപ്പോള്‍ രാജീവേട്ടന്‍ റൂമില്‍ ചെന്ന് ഒരു പേനയും നോട്ട്ബുക്കും എടുത്തുകൊണ്ടുവന്നു.
ആ സമയത്ത് പുഷ്പതിയേറ്ററില്‍ 'സാമിപോട്ട മുടിച്ച്' എന്ന തമിഴ് സിനിമ കളിക്കുന്നുണ്ടായിരുന്നു. ഞാന്‍ ആ സിനിമ കണ്ടിട്ടുണ്ടായിരുന്നു. രജീവേട്ടനും കണ്ടത്രെ. മാത്രമല്ല, ആ സിനിമയിലെ പാട്ടുകളൊക്കെ എനിക്ക് ഇഷ്ടപ്പെട്ടതാണ്. അതേപോലെ തന്നെ രജീവേട്ടനും ആ സിനിമയിലെ പാട്ടുകളൊക്കെ ഇഷടപ്പെട്ടുവത്രെ. സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തന്നെ ആ സിനിമയിലെ പാട്ടൊക്കെ എന്റെ ഹൃദയത്തില്‍ ഇടം പിടിച്ചിരുന്നു. ആ സിനിമയിലുള്ള മൂന്നുപാട്ടുകള്‍ വേണമെന്ന് രാജീവേട്ടന്‍ പറഞ്ഞു.
1. പൊന്നെടുത്ത് വാരേന്‍ വാരേന്‍...
2. മാതുളം കനിയേ....
ഈ രണ്ട് പാട്ടുകള്‍ ഞാന്‍ പാടിക്കൊടുത്തപ്പോള്‍ അത് എഴുതിയെടുത്തിട്ട് രാജീവേട്ടന്‍ ചിത്രചേച്ചി പാടിയ ഒരു സൂപ്പര്‍ പാട്ടുണ്ടല്ലോ എന്ന് ചോദിച്ചു. ഉടനെ, ഞാന്‍ ''മംഗളത്ത് കുങ്കുമപ്പൊട്ട് വന്തത് ഇന്‍ട്ര് നെറ്റിയില്‍ തൊട്ട്...''എന്ന് പാടിക്കൊടുത്തപ്പോള്‍ രജീവേട്ടന്‍ പറഞ്ഞു. ഈ പാട്ടു തന്നെയാണ്
ആ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്. അതുകേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. കാരണം എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത് ആ പാട്ടായിരുന്നു.
ആ മൂന്നുപാട്ടുകളെക്കൂടാതെ വേറെയും ഒമ്പതുപാട്ടുകള്‍ കൂടി ഞാന്‍ പറഞ്ഞുകൊടുത്തു. രജീവേട്ടന്‍ ആ പാട്ടുകളൊക്കെ എഴുതിയെടുത്ത് റെക്കോര്‍ഡിംഗ് സെന്ററില്‍ കൊണ്ടു ചെന്ന് റെക്കോര്‍ഡ് ചെയ്യിപ്പിച്ച് വാക്മാനില്‍ ഇട്ട് പാട്ടുകളെല്ലാം എന്നെ കേള്‍പ്പിക്കുകയും ചെയ്തു. അതോടുകൂടി ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.
ആ കാലത്തൊക്കെ ഞാന്‍ കാണുന്ന ആള്‍ക്കാരോടൊക്കെ ഞാന്‍ ജയിലില്‍ പോയകഥ വീരശിവാജികഥ പോലെ പറഞ്ഞുനടക്കുമായിരുന്നു. ഒരു ദിവസം രജീവേട്ടന്‍ പറഞ്ഞു: 'ഇളങ്കോ നിങ്ങള്‍ ജയില്‍പോയ കഥ ഇങ്ങനെ പറഞ്ഞുനടക്കരുത്, ജയിലിലേക്ക് പോയത് അത്ര നല്ല കാര്യമൊന്നുമല്ല. ദയവായി ഇനി വേറെ ആരോടും ഇത് പറഞ്ഞുനടക്കരുത്. അന്നുതൊട്ട് ഈ ആത്മകഥ എഴുതുന്നതുവരെ ജയിലില്‍പോയ കഥ ആരോടും പറഞ്ഞിരുന്നില്ല. പറയേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. രജീവേട്ടന്‍ ഒരു കോഴ്‌സ് ചെയ്യാനായി കോഴിക്കോട് എത്തിയതായിരുന്നു. എന്റെ അന്നത്തെ ബുദ്ധിക്ക് അത് എന്ത് കോഴ്സായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല.
ചന്ദ്രേട്ടന്റെ കല്യാണത്തിന് നാള്‍ കുറിച്ചിരിക്കുന്നത് മറ്റന്നാളാണ്. ചന്ദ്രട്ടനെക്കുറിച്ച് ഒരു വിവരവും ഇല്ല. എന്നാലും ഈ ചന്ദ്രേട്ടന്‍ എവിടെ പോയികിടക്കുന്നു? എന്റെ കൈയ്യിലുള്ള ചില്ലറകള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ എന്നുമൊക്കെ ചിന്തിച്ച് രാവിലെ എഴുന്നേറ്റ് ബാത്ത്‌റൂമില്‍ ചെന്നു പല്ലുതേച്ച് മുഖവും കഴുകി പുറത്തുവന്നപ്പോള്‍ രജീവേട്ടന്‍ വെപ്രാളപ്പെട്ട് എന്റെ അടുത്തേക്ക് ഓടി വന്നു. അന്നത്തെ തീയ്യതി 1991 മെയ് 22 ആയിരുന്നു.
'ഇളങ്കോ അറിഞ്ഞോ' എന്നു ചോദിച്ചു. എന്ത് എന്നു ഞാന്‍ തിരിച്ചുചോദിച്ചു.
''ഇന്നലെ രാത്രി തമിഴ്‌നാട്ടില്‍വെച്ച് രാജീവ്ഗാന്ധി കൊല്ലപ്പെട്ടു.''
രജീവേട്ടന്‍ പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടി.
''അയ്യോ... ആരാ കൊന്നത്?''
''അതൊന്നും അറിയില്ല. ഇന്ന് നമുക്ക് ഭക്ഷണമൊന്നും കിട്ടുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ ഡ്രസ് ചെയ്തിട്ട് വാ, താഴെപോയി എന്തെങ്കിലും ഭക്ഷണം കിട്ടുമോ എന്ന് നോക്കിയിട്ടുവരാം.'' രജീവേട്ടന്‍ നിര്‍ദ്ദേശിച്ചു.
ഞാന്‍ ഡ്രസ്സ് മാറ്റി, റൂം പൂട്ടി രജീവേട്ടനോടൊപ്പം താഴേക്കിറങ്ങി. ഡല്‍ഹി ദര്‍ബാര്‍ ഹോട്ടലില്‍ നിന്ന് ലോഡ്ജിലേക്കുള്ള ഭക്ഷണം തരുന്ന ആ ജനല്‍വാതില്‍ അടഞ്ഞുകിടക്കുന്നുണ്ടായിരുന്നു.
രജീവേട്ടന്‍ ജനലില്‍ തട്ടി അത് തുറപ്പിച്ചു. ഒരു പണിക്കാരന്‍ ഹോട്ടലിനുള്ളില്‍ നിന്നുകൊണ്ട് പറഞ്ഞു.''ഇന്ന് ഭക്ഷണം ഒന്നും ഉണ്ടാക്കാന്‍ പറ്റില്ല. ആള്‍ക്കാര്‍ പ്രാന്തിളകി നില്‍ക്കുവാ. ഈ സമയത്ത് ഞങ്ങളെന്തെങ്കിലും ഉണ്ടാക്കിയാല്‍ അവര് വെറുതെ വിടില്ല.''
അയാള്‍ ജനവാതില്‍ പതുക്കെ അടച്ചു.
ഞങ്ങള്‍ രണ്ടുപേരും നേരെ പി.വി.എസ്. കാന്റീനിലേക്ക് നടന്നു. പി.വി.എസ്. കാന്റീനില്‍ സപ്ലൈയറായി ജോലി ചെയ്തിരുന്ന സുരേഷിനെ എനിക്ക് നല്ല പരിചയം ഉണ്ടായിരുന്നു. കാന്റീന് പുറത്ത് ഒരു നേന്ത്രക്കുക്കുലയുമായി സുരേഷ് നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെപ്പോലെ വേറെ കുറച്ച് ആളുകളും ഭക്ഷണത്തിനായി നില്‍ക്കുന്നതു കണ്ട സുരേഷ് ഒരാളിന് ഒരു നേന്ത്രപ്പഴം വെച്ച് തന്നു.
പഴത്തിന്റെ കാശ് കൊടുത്ത് ഓരോന്ന് വാങ്ങി ഞങ്ങള്‍ കഴിച്ചു. എന്തായാലും ബ്രേക്ക്ഫാസ്റ്റ് അങ്ങനെ ഒപ്പിച്ചു. ഇനി ഉച്ചയ്ക്ക് എന്തുചെയ്യും? എനിക്കാ ണെങ്കില്‍ പട്ടിണി കിടന്ന് ശീലവുമില്ല. ഞങ്ങള്‍ ലോഡ്ജിലേക്ക് തിരിച്ചെത്തി.
ബസ്സും ട്രെയിനുമൊന്നും ഓടാത്തതുകൊണ്ട് കുറെ കുടുംബങ്ങള്‍ റെയില്‍വേസ്റ്റേഷനില്‍ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു. അതില്‍ മൂന്നു ഫാമിലി, കോയക്കായുടെ ലോഡ്ജില്‍ വന്ന് റൂമെടുത്തു. ഞാനും രജീവേട്ടനും ഭക്ഷണത്തിന് എന്തുചെയ്യുമെന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ ലോഡ്ജിന്റെ പരിസരത്തു താമസിക്കുന്ന സുരേഷേട്ടന്‍ അവിടെയെത്തി.
സുരേഷേട്ടനും മൂന്നു സഹോദരന്മാരും സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് പണിക്ക് പോകുന്നവരായിരുന്നു. പണിയില്ലാത്ത ദിവസങ്ങളില്‍ ലോഡ്ജ് മുതലാളി കോയക്കായുടെ വീട്ടിലേക്ക് ചെന്ന് കോയക്കാക്കുള്ള ഉച്ചയൂണ്‍ വാങ്ങി വരുന്നത് സുരേഷേട്ടനായിരുന്നു.
സുരേഷേട്ടന് കോയക്കാ ചെലവിന് എന്തെങ്കിലും കൊടുക്കും. ഞാന്‍ പതുക്കെ സുരേഷേട്ടന്റെ അടുത്തുചെന്നു.
''സുരേഷേട്ടന്‍ എന്നോടൊപ്പം നില്‍ക്കുകയാണെങ്കില്‍ ഉച്ചയാകുമ്പോഴേക്കും നിങ്ങളുടെ കീശയില്‍ ചില്ലറ തടയാന്‍സാധ്യതയുണ്ട്'' ഞാന്‍ പറഞ്ഞു.
കാര്യം പറയൂ എന്നായി സുരേഷേട്ടന്‍.
''ലോഡ്ജില്‍ മൂന്നു മുറികളില്‍ ഫാമിലി താമസിക്കുന്നുണ്ട്. വേറെ റൂമിലും ആള്‍ക്കാരുണ്ട്. അവര്‍ക്ക് ചോറുകഴിക്കാന്‍ ഒരു ഹോട്ടലും ഇല്ല. നിങ്ങള്‍ വീട്ടില്‍ ചെന്ന് ഉച്ചക്ക് ഉള്ള ഊണ് ഉണ്ടാക്കിക്കൊണ്ടുവരികയാണെങ്കില്‍ ഞാന്‍ താമസക്കാരില്‍ നിന്നും പണം കലക്ട് ചെയ്തുതരാം.''
ഞാന്‍ പറഞ്ഞത് കേട്ട് സുരേഷേട്ടന്‍ ആലോചനയിലായി.
ഭാര്യയുമായി സംസാരിക്കട്ടെ എന്നും പറഞ്ഞ് അയാള്‍ വീട്ടിലേക്ക് പോയി. സുരേഷേട്ടന്‍ പോയ അതേ സ്പീഡില്‍ തന്നെ തിരിച്ചുവന്നു.
''ഒരു കോഴിയുണ്ട്. അതിനെ പിടിച്ച് കറിവെക്കാം. കോഴിക്കറിയും ചോറും ഓക്കെയാണോ?''
ഞാന്‍ ഡബിള്‍ ഓക്കെ പറഞ്ഞു.
ഞാന്‍ ഓടിച്ചെന്ന് താമസക്കാരോടൊക്കെ വിവരം പറഞ്ഞു. ഉച്ചയ്ക്ക് ഒരുമണിയായപ്പോള്‍ ചോറും കോഴിക്കറിയും ഇലയുമായി സുരേഷേട്ടന്‍ വന്നു. റൂമിലെ താമസക്കാര്‍ക്കൊക്കെ ഞാനും സുരേഷേട്ടനുമാണ് ചോറ് വിളമ്പിക്കൊടുത്തത്. റിസപ്ഷനിസ്റ്റ് സുരേഷിനും രജീവേട്ടനും അടക്കം എല്ലാവര്‍ക്കും ചോറ് വിളമ്പിക്കൊടുത്തു. അതിനുശേഷം ഞാനും ചോറ് കഴിച്ചു.
താമസക്കാരില്‍ നിന്നും ഭക്ഷണത്തിനുള്ള പണം കളക്ട് ചെയ്ത് സുരേഷേട്ടനെ ഏല്‍പിച്ചു. ഞാന്‍ കഴിച്ച ചോറിന് എത്രയാണ് പൈസ തരേണ്ടതെന്ന് ചോദിച്ചു. ഞാനാണല്ലോ മെസ്സിന്റെ കോ-ഓര്‍ഡിനേറ്റര്‍. അതുകൊണ്ട് എന്നോട് സുരേ ഷേട്ടന്‍ പണം വാങ്ങിയില്ല. ഈ അദ്ധ്യായം എഴുതുന്നതിന് പത്തുദിവസം മുമ്പ് ഫ്രാന്‍സിസ് റോഡില്‍ വെച്ച് ഞാന്‍ യാദൃച്ഛികമായി സുരേഷേട്ടനെ കണ്ടുമുട്ടി. രാജീവ്ഗാന്ധി മരിച്ച ദിവസം എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയുണ്ടോ? എന്ന് സുരേഷേട്ടനോട് ചോദിച്ചപ്പോള്‍, ഓര്‍മ്മയില്ല എന്ന് പറഞ്ഞ് അദ്ദേഹം കൈമലര്‍ത്തി. ഞാനടക്കം കുറേപേര്‍ നിങ്ങളുടെ വീട്ടിലെ ചോറാണ് അന്ന് കഴിച്ചത്. നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ അന്ന് പട്ടിണികിടക്കേണ്ടിവന്നേനെ. ഇത്രയും പറഞ്ഞിട്ടും സുരേഷേട്ടന് ഒന്നും ഓര്‍മ്മയില്‍ വന്നില്ല.
ചന്ദ്രേട്ടന്റെ കല്യാണത്തിന് ഇനി മൂന്നു ദിവസമേ ഉണ്ടായിരുന്നുള്ളൂ. താലിമാല വാങ്ങിവരാം എന്നും പറഞ്ഞ് കന്യാകുമാരിയിലേക്ക് പോയ ചന്ദ്രേട്ടനെക്കുറിച്ച് ഒരു വിവരവുമില്ല. എന്റെ കൈയ്യിലാണെങ്കില്‍ കാശ് തീരെയില്ല. ഉണ്ടായിരുന്ന റൂംബോയ് പണിയും പോയി. ചിലവിന് എന്തു ചെയ്യും?
ഞാന്‍ ചന്ദ്രേട്ടന്റെ റൂം ആകമാനം പരതി നോക്കി. അവിടെ നാല് സാരികള്‍ ഉണ്ടായിരുന്നു. അത് വില്‍ക്കാന്‍വേണ്ടി വാങ്ങിവെച്ചതാണോ അതോ പോകുന്ന പുതുമണവാട്ടിക്ക് സമ്മാനം കൊടുക്കാന്‍ വാങ്ങിവെച്ചതാണോ എന്ന് എനിക്കറിയില്ലായിരുന്നു.
പിറ്റെദിവസം രാവിലെ ആ നാലു സാരിയുമെടുത്ത് നേരെ മീഞ്ചന്തയിലേക്ക് ഞാന്‍ പോയി. രാജീവ്ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം അന്നാണ് വാഹനങ്ങള്‍ ഓടാന്‍ തുടങ്ങിയത്. സാരി വേണോ... സാരിവേണമോ എന്ന് ഇരുപതോളം വീടു കളില്‍ കയറിയിറങ്ങി ചോദിച്ചു. ഒരു സുന്ദരിയായ ഇത്താത്ത ഒരു സാരി സെലക്ട് ചെയ്ത് എന്നോട് വിലപേശി, ഞാന്‍ ഇരുനുറുരൂപ പറഞ്ഞപ്പോള്‍ അവര്‍ നുറുരൂപയേ തരത്തുള്ളു എന്നു പറഞ്ഞു. ''ഞാന്‍ ചേച്ചീ. ചേച്ചീ... ഇതു പോരാ,'' എന്ന് കെഞ്ചിയപ്പോള്‍ അവര്‍ നൂറ്റിഇരുപത്തിയഞ്ച് രൂപക്ക് ആ സാരി വാങ്ങി. എന്തായാലും ചെലവിനുള്ള കാശ് കൈയ്യിലായപ്പോള്‍ സന്തോഷമായി.
ഞാന്‍ തിരിച്ച് ലോഡ്ജിലെത്തിയപ്പോള്‍ കല്യാണപ്പെണ്ണ് തുളസിചേച്ചിയുടെ വല്യേട്ടന്‍ അവിടെ എന്നെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ വല്യേട്ടനെ റൂമിലേക്ക് കൂട്ടിക്കൊണ്ടു വന്നു. മറ്റന്നാളാണ് വിവാഹം. പക്ഷെ, ചെക്കനെ കാണുന്നില്ല. അതുകൊണ്ട് ചന്ദ്രേട്ടനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ വന്നതായിരുന്നു. ഞാന്‍ ഉള്ളകാര്യമെല്ലാം അയാളോട് എണ്ണിയെണ്ണിപ്പറഞ്ഞു.
''ചന്ദ്രേട്ടനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വല്ലതും അറിയാമോ?'' വല്യേട്ടന്‍ ചോദിച്ചു.
എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുകൊടുത്തു. ചന്ദ്രേട്ടന് മലയാളം വായിക്കാന്‍ അറിയാമെങ്കിലും എഴുത്തും കുത്തുമൊക്കെ തമിഴിലാണ്. ചന്ദ്രേട്ടന്റെ ഡയറി എടുത്ത് വല്യേട്ടന്‍ പരിശോധിച്ചു. വല്യേട്ടന് തമിഴ് വായിക്കാനറിയുമെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. ആ ഡയറിയെടുത്ത് വല്യേട്ടന്‍ വായിക്കാന്‍ തുടങ്ങി. അതില്‍ കാര്യമായ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നു പറഞ്ഞു.
എന്റെ അന്നത്തെ അവസ്ഥ മനസ്സിലാക്കിയ വല്യേട്ടന്‍ എന്നെയും കൂട്ടി പി.വി.എസ്. കാന്റീനിലേക്ക് ചെന്നു. അവിടെ നിന്ന് മുട്ടറോസ്റ്റും പൊറോട്ടായും ചായയും വാങ്ങിത്തന്നു. നാളെക്കൂടി ചന്ദ്രന്‍ വരുന്നുണ്ടോ എന്ന് നോക്കാം. വന്നില്ലെങ്കില്‍ മറ്റന്നാള്‍ കല്യാണദിവസം നീ ഞങ്ങളുടെ വീട്ടിലെത്തി തുളസിയോട് എന്തെങ്കിലും പറഞ്ഞ് അവളെ സമാധാനിപ്പിക്കണം. എന്നും പറഞ്ഞ് വല്യേട്ടന്‍ പോയി.
61565 ഇതായിരുന്നു കോയക്കായുടെ ലോഡ്ജിലെ ഫോണ്‍ നമ്പര്‍. ഈ നമ്പര്‍ ചന്ദ്രേട്ടന് അറിയാമായിരുന്നു. ഈ ഫോണ്‍ നമ്പറിലേക്ക് വിളിച്ച് അവിടുത്തെ വിവരങ്ങള്‍ എന്നെ അറിയിക്കാമായിരുന്നല്ലോ.
ഈ ചന്ദ്രേട്ടന്‍ എവിടെ പോയികിടക്കുവാ...
എനിക്ക് ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടിയില്ല. കല്യാണം നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവസം രാവിലെ പത്തുമണിയായിട്ടും ചന്ദ്രേട്ടന്‍ എത്തിയില്ല. ഞാന്‍ കുളിച്ച് റെഡിയായി കല്യാണപ്പെണ്ണിന്റെ നാടായ പാലാഴികുന്നിലെത്തി. അവിടെ കല്യാണം കൂടാനായി നൂറോളം പേര്‍ എത്തിയിട്ടുണ്ടായിരുന്നു. ഒച്ചയും ബഹളവുമില്ലാതെ രണ്ട് വലിയ സ്പീക്കറുകളും വീടിന്റെ രണ്ടു മൂലക്കും വെച്ചിട്ടുണ്ടായിരന്നു.
വീടിന്റെ മുറ്റത്ത് ചെറിയൊരു പന്തല്‍ ഇട്ടിട്ടുണ്ടായിരുന്നു. പന്തലിന്റെ ഒരു മൂലക്ക് ടേബിളിന്റെ മുന്നിലുള്ള കസേരയില്‍ തുളസിചേച്ചി ഇരിക്കുന്നുണ്ടായിരുന്നു. ഒപ്പം രണ്ടു ചേച്ചിമാരും.
തുളസിചേച്ചിയുടെ അടുത്തു ചെന്നപ്പോള്‍ എന്റെ കൈയില്‍ അവര്‍ പിടിച്ച് അവരുടെ അരികിലുണ്ടായിരുന്ന കസേരയില്‍ ഇരുത്തി. മുടങ്ങുന്ന കല്യാണങ്ങളില്‍ കല്യാണപ്പെണ്ണിന്റെ മാനസിക വിഷമം ആര്‍ക്കും എഴുതിപ്പിടിപ്പിക്കാന്‍ കഴിയില്ല. ഇനി വേറൊരു പെണ്ണിന്റെ ജീവിതത്തിലും ഇങ്ങനെയൊരു സംഭവം ഉണ്ടാവരുതേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ അവിടെ ഇരുന്നു.
തുളസിചേച്ചിയുടെ കണ്ണില്‍ ചോര ഒഴുകുകയായിരുന്നു. തുളസിയുടെ രണ്ടാമത്തെ ചേച്ചിയാണ് മാനസി. അവര്‍ എന്റെ അടുത്തുവന്ന് പറഞ്ഞു. ഞാനാണ് ഈ കല്യാണത്തിന് മുന്‍കൈ എടുത്തത്. ചന്ദ്രന്‍ ഒരു പാവമാണെന്ന് കരുതിയാണ് പെണ്ണ് കൊടുക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും ഈ ചതി ചന്ദ്രന്‍ എന്തിനാണ് ചെയ്തത്?'' എന്നൊക്കെ ചോദിച്ചു.
''ഇവിടുത്തെ സൗണ്ട് സര്‍വ്വീസ് എന്റെ ചെലവിലാണ് കൊണ്ടുവന്നിരിക്കുന്നത്. ഒരു പാട്ടുപോലും വെക്കാന്‍ കഴിഞ്ഞില്ല. വേസ്റ്റ് ചെലവായിപ്പോയി.'' അവര്‍ പുലമ്പിക്കൊണ്ടിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയായപ്പോള്‍ ഈ കല്യാണം നടക്കില്ലെന്നുറപ്പായി.
അത് അറിഞ്ഞതോടുകൂടി ഓരോരുത്തരും വീട്ടിലേക്ക് പോകാന്‍ തുടങ്ങി. ഞാന്‍ തുളസിചേച്ചിയുടെ അടുത്തു ചെന്ന് യാത്രപറഞ്ഞപ്പോള്‍ ''ഞാനിവിടെത്തന്നെ ചന്ദ്രേട്ടനെയും കാത്ത് ഇരിക്കുന്നുണ്ട്. അര്‍ദ്ധരാത്രിയില്‍ ചന്ദ്രേട്ടന്‍ എത്തിയാലും ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരണം.''
എനിക്ക് തലയാട്ടിക്കൊടുക്കാനേ കഴിഞ്ഞുള്ളൂ.
പുതിയ റൂം ബോയ് പാലക്കാട്ടേക്ക് തിരിച്ചുപോയതുകൊണ്ട് വിവാഹം മുടങ്ങിയ അന്നു രാത്രി ഞാന്‍ ലോഡ്ജിലെ റൂംബോയ് ഡ്യൂട്ടിക്ക് വീണ്ടും കയറി. എന്തായാലും ചന്ദ്രേട്ടനുമായുള്ള തുണിക്കച്ചവടം നടക്കുകയില്ലെന്ന് ഉറപ്പായി.
പിറ്റേദിവസം ഉച്ചക്ക് എന്നെ ഞെട്ടിച്ചുകൊണ്ട് ചന്ദ്രേട്ടന്‍ ലോഡ്ജിലെത്തി. രാജീവ്ഗാന്ധി കൊല്ലപ്പെട്ടതോടെ കലാപകാരികള്‍ ദേഷ്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ബസ്സുകളൊക്കെ അടിച്ച് പൊട്ടിച്ച് കത്തിക്കാന്‍ തുടങ്ങി. അതുകൊണ്ട് സര്‍ക്കാര്‍ ബസ്സുകളൊന്നും തന്നെ നിരത്തില്‍ ഇറക്കിയിട്ടില്ലത്രെ. കന്യാകുമാരി ജില്ലയിലാണെങ്കില്‍ സര്‍ക്കാര്‍ ബസ്സ് സര്‍വ്വീസ് മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ എങ്ങനെ ചന്ദ്രേട്ടന് കോഴിക്കോട്ടേക്ക് വരാന്‍ കഴിയും?
ഇന്നലെ വൈകുന്നേരമാണ് കന്യാകുമാരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു ബസ് പുറപ്പെട്ടത്. ചന്ദ്രേട്ടന്‍ ആ ബസ്സില്‍ കയറി തിരുവനന്തപുരത്തെത്തി. അവിടെ നിന്ന് രാവിലെ കോഴിക്കോട്ടെത്തി. കോഴിക്കോട് നിന്ന് പാലാഴി കുന്നില്‍ തുളസിചേച്ചിയുടെ വീട്ടില്‍ എത്തി. തുളസിചേച്ചിയുടെ സഹോദരന്മാരുടെ അടുത്ത് കന്യാകുമാരി ജില്ലയില്‍ ബസ്സുകളൊന്നും ഓടാത്തതുകൊണ്ടാണ് കല്യാണദിവസം എത്തിച്ചേരാന്‍ കഴിയാതിരുന്നത്. ചന്ദ്രേട്ടന്‍ കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു.
ചന്ദ്രേട്ടന്‍ പറഞ്ഞ കഥകളൊക്കെ സത്യമാണോ? അത് അറിഞ്ഞിട്ടുമതി ബാക്കി കാര്യങ്ങളൊക്കെ എന്ന് വല്യേട്ടന്‍ തീരുമാനമെടുത്തു. ചന്ദ്രേട്ടന്റെ സുഹൃത്താണ് പെരുമണ്ണക്കാരന്‍ ഉസ്മാന്‍. ചന്ദ്രേട്ടന്‍, വല്യേട്ടന്‍, ഉസ്മാന്‍ ഇവര്‍ മൂന്നുപേരുംകൂടി അന്നത്തെ രാത്രി മലബാര്‍ എക്‌സ്പ്രസ്സ് ട്രെയിനില്‍ കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. കന്യാകുമാരിയില്‍ പോയവര്‍ ഉടനെ തിരിച്ചെത്തി. ചന്ദ്രേട്ടന്‍ പറഞ്ഞതൊക്കെ സത്യമായിരുന്നു.
നേരത്തെ കല്യാണം മുടങ്ങിയതുകൊണ്ട് ചെറിയതോതില്‍ കല്യാണം നടത്താന്‍ തീരുമാനിച്ചു. പുതിയതായി നിശ്ചയിച്ച കല്യാണദിവസത്തില്‍ ചന്ദ്രേട്ടന്റെ നാട്ടില്‍ നിന്ന് ചേച്ചിയും അളിയനും അവരുടെ മകളും അളിയന്റെ അമ്മയും കല്യാണം കൂടാനായി കോഴിക്കോട് എത്തി.
പെരുമണ്ണ ഉസ്മാന്റെ വീട്ടില്‍നിന്ന് കല്യാണത്തിന് പുറപ്പെടാനായിരുന്നു തീരുമാനം. രാവിലെ എട്ടുമണിക്ക് ഞാന്‍ പെരുമണ്ണയില്‍ ഉസ്മാന്റെ വീട്ടിലെത്തി.
നമുക്കെല്ലാവര്‍ക്കും പോകാനായി ഒരു വാന്‍ വാടകയ്ക്ക് എടുത്തുകൊണ്ട് വരാം എന്ന് പറഞ്ഞ് ചന്ദ്രേട്ടന്‍ പോയി. ഉസ്മാന്റെ കുടുംബം ചന്ദ്രേട്ടന്റെ അളിയന്റെ കുടുംബം പിന്നെ ഞാനും വാന്‍ വരാനായി ഉസ്മാന്റെ വീട്ടില്‍ കാത്തിരുന്നു.
രാവിലെ 10.30നും 12നും ഇടയിലായിരുന്നു മുഹൂര്‍ത്തം നിശ്ചയിച്ചിരുന്നത്. പക്ഷെ. 12 മണിയായിട്ടും ഞങ്ങളെ കൊണ്ടുപോകാന്‍ വാനും എത്തിയില്ല, കല്യാണച്ചെക്കനും എത്തിയില്ല...
(തുടരും)
Content Highlights: elenko odai autobiography malayalathamizhan rajiv gandhi assassination
Published: 14 Jun 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented