ങ്ങള്‍ ജോലിയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഒരു ഫ്‌ളോര്‍ മില്ല് തുടങ്ങാനുള്ള പ്രോജക്ട് നേരത്തെ പറഞ്ഞതുപോലെ മുന്നോട്ടുവെച്ചു. 'മില്ലിന്റേതായ ആവശ്യങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങിക്കുന്നുണ്ട്. അതെല്ലാം എത്തേണ്ടതുണ്ട്' എന്നൊക്കെ ഒഴികിഴിവുകള്‍ സുകുമാരന്‍ പറഞ്ഞു തുടങ്ങി. ആ സമയങ്ങളില്‍ ശ്രീഷ്‌കാന്തിനു ഒരു ദിവസത്തെ കൂലി ഇരുനൂറു രൂപയായിരുന്നു. ഈ ഇരുനുറു രൂപ കൊണ്ട് വാടക കൊടുക്കണം ആഹാര കാര്യങ്ങള്‍ നോക്കണം, കുട്ടികളുടെ ചെലവുകള്‍ നോക്കണം'. അങ്ങനെ ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു. ശ്രീഷ്‌കാന്തിനു ഇതൊന്നും നേരാംവണ്ണം നടക്കുന്ന കാര്യമല്ല എന്ന സംശയമുണ്ടായി. അതിന്റെ ഇടയില്‍ സുകുമാരന്റെ ഭാര്യയ്ക്കു പ്ലേറ്റ്‌ലെറ്റ്‌സ് കുറഞ്ഞു ശരീരത്തില്‍ നിന്ന് രക്തം പോകുന്ന അവസ്ഥയുണ്ടായി. അവര്‍ മംഗലാപുരത്തേക്ക് ഒരു മൂന്നു നാലു മാസത്തെ ചികിത്സക്കു പോയി. അതിനുശേഷം തങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ടിലാണുള്ളതെന്നും അടുത്തൊന്നും ഒന്നും നടക്കില്ല നിങ്ങള്‍ കുറച്ചു കൂടി കാത്തിരിക്കൂ എന്നും സുകുമാരന്‍ പറഞ്ഞു. വാടക കുടിശ്ശികയായതോടെ ഞങ്ങള്‍ വീട് ഒഴിഞ്ഞേ മതിയാകൂ എന്നായി. അവിടെ നിന്നും ചെറിയ വാടകയ്ക്കുള്ള മറ്റൊരു വീട്ടിലേക്കു മാറി. കുട്ടികള്‍ അപ്പോള്‍ തളിപ്പറമ്പിലെ മൂത്തേടത്ത് സ്‌കൂളിലാണ് പഠിക്കുന്നത്. അവരുടെ വാര്‍ഷിക പരീക്ഷക്ക് ശേഷം പയ്യന്നൂരിലേക്ക് തിരിച്ചു പോകാമെന്ന് പറഞ്ഞു. ആ സമയത്ത് ഞങ്ങള്‍ അമേരിക്കയിലേക്കു കത്തയച്ചുവെങ്കിലും ആന്റണിയും കുടുംബവും നാട്ടിലെത്തിയതുകൊണ്ട് ആ കത്ത് അവര്‍ക്ക് കൈപ്പറ്റാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പയ്യന്നൂരിലേക്ക് താമസം മാറിയതിനുശേഷമാണു ആ കത്തിനുള്ള മറുപടി കിട്ടുന്നത്. ആ കത്ത് വന്നതാകട്ടെ തളിപ്പറമ്പിലെ അഡ്രസ്സിലേക്കും. ഞങ്ങള്‍ക്ക് വേണ്ടിയിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കുമുള്ള പൈസ മുഴുവന്‍ സുകുമാരനു കൊടുത്തിട്ടുണ്ടായിരുന്നുവെന്നാണ് ആന്റണി കത്തില്‍ ഞങ്ങള്‍ക്ക് എഴുതിയത്.

To advertise here,

ആയിടയ്ക്ക് ഞങ്ങള്‍ക്ക് ഓട്ടോ കത്തിയ വകയില്‍ പതിനായിരം രൂപ പട്ടികജാതി വകുപ്പില്‍ നിന്നും കിട്ടിയിരുന്നു. അതുകിട്ടിയ കത്തും കൊണ്ട് കലക്ടറേറ്റില്‍ പോയപ്പോള്‍ ഞങ്ങള്‍ ഗീതാനന്ദന്‍ മാഷെ കണ്ടു. ഗീതാനന്ദന്‍ മാഷ് ഞങ്ങളോട് നിങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്നു ചോദിച്ചു. ഞാന്‍ പയ്യന്നൂരാണെന്നു പറഞ്ഞു. ഗീതാനന്ദന്‍ മാഷിനു ഞങ്ങളെ മനസ്സിലായി. ഞങ്ങള്‍ക്ക് ഓട്ടോറിക്ഷ കത്തിയ വകയില്‍ വെറും പത്തായിരം രൂപയാണ് കിട്ടിയത് എന്നു പറഞ്ഞു. അത് പോരല്ലോ, വണ്ടി കത്തിയ വകയില്‍ മുഴുവന്‍ പൈസയും നഷ്ടപരിഹാരമായി കിട്ടേണ്ടതാണെന്നും അതെന്തുകൊണ്ട് തന്നില്ല എന്നും ഗീതാനന്ദന്‍ മാഷ് ചോദിച്ചു. ആ അക്രമത്തില്‍ എഫ്.ഐ. ആറില്‍ പ്രതികളുടെ പേര്‍ ചേര്‍ക്കപ്പെടാത്തത് കൊണ്ടാണ് മുഴുവന്‍ പൈസയും കിട്ടാത്തതെന്ന മുടന്തന്‍ന്യായം പട്ടികജാതി ഓഫീസറും പറഞ്ഞു. അങ്ങനെ നിങ്ങള്‍ ഒഴികിഴിവ് പറയണ്ട മുഴുവന്‍ പൈസയും കിട്ടേണ്ടതാണ് അത് നിങ്ങള്‍ കൊടുത്തേ പറ്റൂ എന്ന് ഗീതാനന്ദന്‍ മാഷ് പറഞ്ഞു. ആ പതിനായിരം രൂപ കൊണ്ടായിരുന്നു ഞങ്ങള്‍ എടാട്ടിലേക്ക് മാറിത്താമസിച്ചത്.

എനിക്ക് പൈസ കിട്ടാത്ത പ്രശ്‌നം പറഞ്ഞപ്പോള്‍ കെ.എം. വേണുഗോപാല്‍ ഡോക്ടര്‍ സുര്രേന്ദനാഥിനെയൊക്കെ വിളിച്ച്, ഗീതാനന്ദന്‍ മാഷുമായി ചേര്‍ന്ന് കലക്ടറേറ്റിനു മുന്നില്‍ ഒരു ധര്‍ണ്ണ നടത്തി. രണ്ടായിരത്തി ഏഴ് സെപ്തംബറിലോ ഒക്ടോബറിലോ മറ്റോ ആയിരുന്നു അത്. പട്ടിക ജാതിക്കാരുടെ സ്വത്ത് അല്ലെങ്കില്‍ തൊഴില്‍ ഉരുപ്പടികള്‍ നശിച്ചാല്‍ അതിന്റെ തുല്യ തുക കിട്ടണമെന്ന് നിയമമുണ്ട്. പക്ഷേ, എനിക്ക് ഓട്ടോ കത്തി നശിച്ചപ്പോള്‍ വെറും പതിനായിരം രൂപ മാത്രം തന്ന് ഒതുക്കി. ഈ കേസിന്റെ ചാര്‍ജ് ഷീറ്റും ബാക്കിയുള്ള പേപ്പറുകളും തലശ്ശേരി കോടതിയില്‍ പോയി ഇവര്‍ തന്നെ പകര്‍പ്പെടുത്ത് പട്ടിക ജാതി വികസന ഓഫീസില്‍ കൊണ്ടുകൊടുത്തു. അന്ന് ഗീതാനന്ദന്‍ മാഷ് പട്ടിക ജനസമാജം എന്ന ഒരു സംഘടനയുടെ നേതൃത്വത്തിലൂണ്ടായിരുന്നു. ആ സംഘടന വഴി ആണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എല്ലാ തെളിവുകളും പേപ്പറുകളോടുമായി പട്ടികജാതി വികസന ഓഫീസറെ അവര്‍ കണ്ടു. ഞങ്ങള്‍ക്ക് ഇതൊന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് ഓഫീസര്‍ പറഞ്ഞത്. പിന്നീട് കലക്ടറെ കണ്ടു. കലക്ടര്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കട്ടെ എന്നു പറഞ്ഞെങ്കിലും യാതൊരു നടപടിയും ആയില്ല. ഇത്തരത്തിലുള്ള നീതിനിഷേധത്തെ തുടര്‍ന്ന് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്താന്‍ ഗീതാനന്ദന്‍ മാഷിന്റെ നേതൃത്വത്തില്‍ തീരുമാനിച്ചു. 

ധര്‍ണ നടത്താനുള്ള ചെലവ് കെ.എം. വേണുഗോപാല്‍, ഡോ. സുര്രേന്ദനാഥ്, ഗീതാനന്ദന്‍ മാഷ് എന്നിവര്‍ ചേര്‍ന്നായിരുന്നു എടുത്തിരുന്നത്. ധര്‍ണ ഉദ്ഘാടനം ചെയ്തത് സി.കെ ജാനു ആയിരുന്നു. അന്നാണ് സി.കെ ജാനുവിനെ ഞാന്‍ ആദ്യമായി കാണുന്നത്. പട്ടികജാതിക്കാരോടും ആദിവാസികളോടും ഭരണകൂടവും സമൂഹവും കാണിക്കുന്ന വിവേചനങ്ങളെക്കുറിച്ചായിരുന്നു സി.കെ ജാനു അന്ന് സംസാരിച്ചത്. മുത്തങ്ങ സമരത്തെക്കുറിച്ചുള്ള കാര്യങ്ങളും അവര്‍ പ്രസംഗിച്ചു. അന്ന് അവരോടു വിശദമായി സംസാരിക്കാന്‍ പറ്റിയില്ല. ആ ധര്‍ണയെക്കുറിച്ചും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. എന്നാല്‍ അതിന്റെ തലേ ദിവസം ഒരു പത്രം എനിക്കെതിരെ വലിയ വാര്‍ത്തയുമായി വന്നു. ഞാന്‍ കള്ളം പറയുന്നതാണ്, വണ്ടി കത്തിച്ചത് ഞങ്ങള്‍ തന്നെയാണ്, എന്റെ ജീവചരിത്രം വളരെ മോശമാണ്, ഒരു അഭിസാരികയ്ക്കുവേണ്ടി ഒരു കൂട്ടം പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന അഭ്യാസങ്ങളാണ് എന്ന രീതിയിലുള്ള കളവുകള്‍ പത്രം പടച്ചുവിട്ടു. ആ ധര്‍ണയുടെ ഇടയില്‍ തന്നെ കലക്ടര്‍ ഞങ്ങളെ വിളിപ്പിച്ചു. അപ്പോള്‍ തന്നെ ഓട്ടോറിക്ഷ ഷോറൂമില്‍ നിന്ന് ഇറക്കേണ്ട പൈസയായ എഴുപത്തി അയ്യായിരം രൂപ മുഴുവന്‍ പാസാക്കി എഴുതി.

ഞങ്ങള്‍ പയ്യന്നൂരിലേക്ക് തിരിച്ചുപോയി. സുകുമാരന്‍ ഞങ്ങളെ പറ്റിച്ചു എന്ന് മനസ്സിലായി. ആ സമയത്ത് അമേരിക്കയിലെ ആന്റണി ഞങ്ങള്‍ക്ക് വേണ്ടി പൈസ അയച്ചിരുന്നു എന്നെഴുതിയ കത്തുമായി സുകുമാരനെ കാണാന്‍ പോയി. ഞാനും ശ്രീഷ്‌കാന്തും ഗീതാനന്ദന്‍ മാഷും തെക്കന്‍ സുനില്‍ കുമാര്‍ എന്നയാളും കൂടിയാണ് കാണാന്‍ പോയത്. ഞങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ ഉരുണ്ടു കളിച്ചു. ഞങ്ങള്‍ കത്ത് കാണിച്ചപ്പോള്‍ അവര്‍ക്ക് പിന്നെ മിണ്ടാന്‍ പറ്റാതായി. അതോടെ ഞങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കാത്തതു കൊണ്ടാണ് ചെയ്യാത്തത് എന്ന രീതിയില്‍ കുറ്റം മുഴുവന്‍ ഞങ്ങളുടെ തലയില്‍ വെച്ചു തന്നു. അവര്‍ പൈസ മുക്കി. അവര്‍ക്ക് രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നു അത്. സംസാരിച്ചു പിടിച്ചുനില്‍ക്കാന്‍ പറ്റാത്തതു കൊണ്ട് അവരുടെ വലിയ ഒരു അല്‍സേഷ്യന്‍ നായയെ അവര്‍ അഴിച്ചുവിട്ടു. അതോടെ ഞങ്ങള്‍ അതുവിട്ടു.

രണ്ടായിരത്തി ഏഴില്‍ തന്നെ ഞങ്ങള്‍ വീടിനു വേണ്ടി അപേക്ഷ കൊടുത്തിരുന്നു. എടാട്ട് പഞ്ചായത്ത് സെക്രട്ടറി ഞങ്ങളുടെ പേരിലുള്ള നികുതിയടച്ച രസീതും അമ്പതു രൂപയുടെ മുദ്രക്കടലാസും കൊണ്ടുവന്നാല്‍ പട്ടികജാതിക്കാര്‍ക്ക് വീടിനുള്ള പൈസ പാസാക്കിത്തരാമെന്നു പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് രാഷ്ട്രീയം കളിച്ചില്ല. അങ്ങനെ ഞങ്ങള്‍ ലോണ്‍ കിട്ടുമെന്നുള്ള പ്രതീക്ഷയില്‍ തകരാന്‍ തുടങ്ങിയിരുന്ന പഴയ വീട് പൊളിച്ചു. ഓട്ടോ കത്തിച്ചതില്‍ കിട്ടിയ എഴുപത്തി അയ്യായിരവും പഞ്ചായത്തില്‍ നിന്നു കിട്ടുന്ന എഴുപത്തി അയ്യായിരവും കൂടെ കൂട്ടി ഒന്നര ലക്ഷം രൂപയ്ക്ക് വീട് പണി പൂര്‍ത്തിയാക്കാം എന്നാണ് ഞങ്ങള്‍ കണക്കുകൂട്ടിയത്. അങ്ങനെ വീട് പൊളിച്ച് തറയൊക്കെ കെട്ടി. ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് ഒരു കൂര ഉണ്ടാക്കി അവിടെ താമസിക്കാന്‍ തുടങ്ങി. കുട്ടികളെയും അമ്മമ്മയേയും അമ്മയുടെ കൂടെ താമസിപ്പിച്ചു. പഴയ മരവും സാധനങ്ങളും ഉപയോഗിച്ച് വീട് പണിയാം എന്ന രീതിയില്‍ പ്ലാന്‍ തയ്യാറാക്കി. തികയാത്ത സാധനങ്ങള്‍ മാത്രം പുതിയത് വാങ്ങിക്കാം എന്നു തീരുമാനിച്ചു. പക്ഷേ, വീടുപണി തുടങ്ങി ചുമര്‍ വരെ പണി എത്തിയപ്പോള്‍ ഞങ്ങള്‍ക്കു വീടിനുള്ള പൈസ തരാന്‍ പറ്റില്ലെന്ന് പഞ്ചായത്തില്‍ നിന്നും പറഞ്ഞു. പഴയ സാധനങ്ങള്‍, കല്ല്, മരം എന്നിവ ഉപയോഗിച്ചു വീട് പണിതതുകൊണ്ട് വീടിനുള്ള പൈസ തരാന്‍ പറ്റില്ല എന്നായിരുന്നു തീരുമാനം. പാര്‍ട്ടിക്കാരായ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പര്‍ എന്നിവരൊക്കെ വീടിന്റെ പണി പരിശോധിച്ചതിനു ശേഷമാണു ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലെത്തിയത്. ഇനിയെന്ത് എന്ന അവസ്ഥയിലായി ഞങ്ങള്‍.

പൊളിച്ചിട്ട വീട് പൂര്‍ത്തിയാക്കാന്‍ ഒരു നിവൃത്തിയുമില്ല. പഞ്ചായത്ത് എന്തായാലും ഞങ്ങള്‍ക്ക് പൈസ തരില്ല എന്ന് മനസ്സിലായി. വിഷുക്കാലം കഴിഞ്ഞിരുന്നു. മഴയാണ് വരാന്‍ പോകുന്നത്. എങ്ങനെയും ഞങ്ങള്‍ക്ക് ആ പണി പൂര്‍ത്തിയാക്കിയേ പറ്റൂ. ഇല്ലെങ്കില്‍ മഴക്കാലത്ത് കേറിക്കിടക്കാന്‍ ഒരു ഇടമുണ്ടാകില്ല. ശ്രീഷ്‌കാന്ത് അപ്പോഴേക്കും വാര്‍പ്പുപണി കുറച്ചൊക്കെ പഠിച്ചെടുത്തിരുന്നു. ശ്രീഷ്‌കാന്തും തളിപ്പറമ്പില്‍ ശ്രീഷ്‌കാന്തിന്റെ കൂടെ പണിയെടുത്ത ഒരു സുഹൃത്തും കൂടി സ്വന്തമായി വീടിന്റെ വാര്‍പ്പ് പണിയെടുക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ പറമ്പില്‍ വലിയ ഒരു മാവ് ഉണ്ടായിരുന്നു. ആ വലിയ മാവ് മുറിച്ചു ഞങ്ങള്‍ കുറച്ചു പലകയാക്കി. ഒരു തേന്‍ വരിക്കയുടെ പ്ലാവും ഉണ്ടായിരുന്നു. അതും മുറിച്ചു. രണ്ടു മൂന്നു മൂത്ത വലിയ തെങ്ങും മുറിച്ചു മില്ലില്‍ കൊണ്ടുപോയി ഈര്‍ന്നു പലകയാക്കി, വാര്‍പ്പിനു അത്യാവശ്യമായ കുറച്ചു സാധനങ്ങളൊക്കെ ഞങ്ങള്‍ തന്നെ ഉണ്ടാക്കി. വീടിന്റെ അടുത്തുള്ള മുളങ്കൂട്ടത്തില്‍ നിന്നും കുറച്ച് മുള മുറിച്ച് കൊണ്ടുവന്നു. വാര്‍പ്പിന് ആവശ്യമുള്ള ബാക്കി മുള വാടകയ്ക്കും എടുത്തു. ഇവയൊക്കെ ഉപയോഗിച്ചു വാര്‍പ്പിനു കുത്തും പലകയുമെല്ലാം അടിച്ചു. ഷീറ്റ് ഇട്ടു, അതിന്റെ മുകളില്‍ കമ്പി കെട്ടി. ഈ പണി മുഴുവന്‍ ഞങ്ങള്‍ മൂന്നുപേരും ചെയ്തു. അതിന്റെ കോണ്‍ക്രീറ്റിനു മാത്രം കൂലിക്കു പെണ്ണുങ്ങളെ വിളിച്ചു. കൈയിലുണ്ടായിരുന്ന കുറച്ചു പൈസ കൊണ്ട് പൂഴിയും ജില്ലിയുമെല്ലാം ഇറക്കി. ശ്രീഷ്‌കാന്ത് പകലും രാത്രിയും പണിയെടുത്തു. മൂന്നു ദിവസം കൊണ്ട് വാര്‍പ്പിന്റെ പണി കഴിച്ചു. കൈയിലുള്ള പൈസ തികയാത്തതുകൊണ്ട് ശ്രീഷ്‌കാന്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്താണ് നാലായിരം രൂപ തന്ന് ഞങ്ങളെ സഹായിച്ചത്. രാജേഷ് എന്നായിരുന്നു തളിപ്പറമ്പുകാരനായ ആ സുഹൃത്തിന്റെ പേര്.

വീട് വാര്‍പ്പ് കഴിഞ്ഞു. ജില്ലി കുറച്ചു ബാക്കി ഉണ്ടായിരുന്നു. ഞങ്ങള്‍ അതുകൊണ്ട് നിലം കോണ്‍ക്രീറ്റ് ചെയ്യാം എന്നുകരുതി. പക്ഷേ, സിമന്റ് ഇല്ല. അതുകൊണ്ട് നിലം കോണ്‍ക്രീറ്റ് ചെയ്യാതെ ഞങ്ങള്‍ വീട്ടില്‍ കേറി താമസം ആരംഭിച്ചു. വീട്ടുകൂടല്‍ ഒന്നുമില്ലായിരുന്നു. പഞ്ചായത്തില്‍ നിന്നും ആകെ പതിനയ്യായിരം രൂപയാണ് കിട്ടിയത്. പിന്നെ അവരോട് പൈസ ചോദിച്ചപ്പോഴൊക്കെ പഴയ സാധനങ്ങള്‍ ഉപയോഗിച്ചാണ് വീട് പണിഞ്ഞതെന്ന ന്യായം പറഞ്ഞ് ഞങ്ങളുടെ പൈസ തടഞ്ഞു. അവസാനം ഞങ്ങള്‍ പൈസ ചോദിക്കുന്ന പരിപാടി തന്നെ നിര്‍ത്തി. പിന്നെ ഒരു കാര്യത്തിനും ഞങ്ങള്‍ പഞ്ചായത്തിലേക്കു പോകാറേയില്ല. രണ്ടായിരത്തി എട്ടിലാണ് വീടിന്റെ പണി പൂര്‍ത്തിയാകുന്നത്. 

കുറച്ചു കാലം കഴിഞ്ഞതിനു ശേഷമാണു ഒരു ദിവസം രാത്രി കെ.എം വേണുഗോപാലും ജെനി റോവേനയും വീട്ടിലേക്ക് വരുന്നത്. ഞങ്ങള്‍ക്ക് ഒരു വണ്ടി വാങ്ങിച്ചു തരാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും പറഞ്ഞാണ് അവര്‍ വന്നത്. എല്ലാവരില്‍ നിന്നും കുറച്ചു പൈസ പിരിച്ച് ഒരു വണ്ടി വാങ്ങിക്കാനാണ് പ്ലാന്‍. അതിനു കുറച്ചു കാര്യങ്ങള്‍ ആലോചിച്ചു വെച്ചിട്ടുണ്ട് എന്നവര്‍ പറഞ്ഞു. കണ്ണൂരില്‍ വെച്ച് ആ പരിപാടിയുടെ ഉദ്ഘാടനം നടത്താം എന്നുപറഞ്ഞു. അതിനിടയില്‍ ജെനി റോവേനയുടെയും ക്രിസ്റ്റിയുടെയും കൂടെ ഞങ്ങളെ തളിപ്പറമ്പില്‍ കാണാന്‍ വന്ന ശ്രീജിത്ത് പൈതലേന്‍ മലയാളം വാരികയില്‍ എന്നെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് എഴുതി. ശ്രീജിത്ത് എന്നോട് വിശദമായി സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടാണ് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കല്ലേന്‍ പൊക്കുടന്റെ മകനാണ് ശ്രീജിത്ത് പൈതലേന്‍.

കെ.എം വേണുഗോപാല്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് മെയില്‍ ചെയ്തു പൈസ സ്വരൂപിച്ച് ഒരു ലക്ഷം രൂപയ്ക്ക് വണ്ടി വാങ്ങിച്ചു. അത് കാലിന്മേല്‍ ക്ലെച്ചുള്ള ഒരു ഡീസല്‍ വണ്ടി ആയിരുന്നു. സി.കെ ജാനുവായിരുന്നു ആ വണ്ടിയുടെ താക്കോല്‍ എനിക്ക് തന്നത്. അന്നാണ് സി.കെ. ജാനുവുമായി കൂടുതല്‍ പരിചയപ്പെടുന്നതും സംസാരിക്കുന്നതും. അതിനുശേഷം പട്ടികജാതി ജനസമാജത്തിന്റെ ചില പരിപാടികള്‍ക്കൊക്കെ എന്നെ വിളിക്കുമായിരുന്നു.

ഞങ്ങള്‍ക്ക് വണ്ടി കിട്ടി. ഞങ്ങള്‍ കോളേജ് സ്റ്റോപ്പില്‍ തന്നെ വണ്ടി ഓടിക്കാന്‍ തൂടങ്ങി. ഞങ്ങളുടെ മോള്‍ അപ്പോഴേക്കും ഏഴാം ക്ലാസ് കഴിഞ്ഞിരുന്നു. വണ്ടി ഓടിക്കാന്‍ തുടങ്ങിയതോടെ വീണ്ടും വീണ്ടും പ്രശ്‌നങ്ങള്‍ തുടങ്ങി. വണ്ടിയില്‍ ആളില്ലെങ്കില്‍ ഗ്ലാസ് കുത്തിപ്പൊട്ടിക്കുക, ടയറിന്റെ കാറ്റഴിച്ചു വിടുക, സീറ്റ് കുത്തിക്കീറുക തുടങ്ങിയവ സ്ഥിരം പരിപാടിയായി. വീണ്ടും വണ്ടി ഓടിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇനിയിപ്പോ വണ്ടി ഇങ്ങനെ വെച്ചു കഴിഞ്ഞാല്‍ കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടാവുകയേ ഉളളൂ. എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന് ജെനി പറഞ്ഞു. എടാട്ട് സ്റ്റോപ്പില്‍ ഓടുക വലിയ ബുദ്ധിമുട്ടുളള കാര്യം തന്നെയാണ്, അവരോടു യുദ്ധം ചെയ്യുകയും വേണം. പിന്നെ നഷ്ടങ്ങള്‍ നമുക്ക് മാത്രമായിരിക്കും.

അപ്പോള്‍ ആ വണ്ടി വിറ്റ് പയ്യന്നൂരില്‍ പാര്‍ക്കിംഗ് നമ്പറുള്ള ഒരു വണ്ടി വാങ്ങിക്കാം എന്നൊരു ആശയം ഞാന്‍ മുന്നോട്ടുവെച്ചു. പയ്യന്നൂരില്‍ പാര്‍ക്കിംഗ് നമ്പറിനു പൈസ അധികമാണെങ്കിലും അതൊരു നല്ല ആശയമായി തോന്നി. പയ്യുന്നൂരിലാകുമ്പോള്‍ ലൈനില്‍ വെച്ചില്ലെങ്കിലും എങ്ങനെയെങ്കിലും ഓടിക്കാം എന്നുതോന്നി. ഇവരോടു മല്ലിട്ട് നില്‍ക്കുന്നതിനേക്കാള്‍ നല്ലത് അതുതന്നെയാണ് എന്നൊരു തീരുമാനത്തിലെത്തി. ഞങ്ങള്‍ പയ്യന്നൂരില്‍ പാര്‍ക്കിംഗ് പെര്‍മിറ്റ് ഉള്ള ഒരു വണ്ടി വാങ്ങിച്ചു. അവിടെയുള്ള തൊഴിലാളി സംഘടനാ നേതാവുമായി ബന്ധപ്പെട്ടു. അയാള്‍ ഞങ്ങളുടെ വണ്ടി കത്തിയ സമയം ഓട്ടോ തൊഴിലാളി എന്ന നിലയില്‍ ആദ്യം അന്വേഷിച്ചു വന്നിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണം എന്ന് പറഞ്ഞിരുന്നു. അക്കാലത്ത് പയ്യന്നൂരില്‍ 'ഓട്ടോ കോടതി' എന്നൊരു സംഗതി പ്രവര്‍ത്തിച്ചിരുന്നു. ഇത് പോലീസിനെ സഹായിക്കാനാണ് എന്നു പറഞ്ഞു പ്രവര്‍ത്തിച്ച രജിസ്ട്രേഷനുള്ള ഒരു സമാന്തര കോടതിപോലുള്ള ഒന്നായിരുന്നു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തുടങ്ങിയ ഓട്ടോ തൊഴിലാളികളുടെ മുഴുവന്‍ യൂണിയനുകളും അതിലുണ്ടായിരുന്നു. കള്ളുകുടിച്ചു വണ്ടി ഓടിക്കുക ചാര്‍ജ് അധികം വാങ്ങിക്കുക എന്നിങ്ങനെയുള്ള പരാതികള്‍ യാത്രക്കാരുടെ പക്കല്‍ നിന്നും കിട്ടിയാല്‍ അത് പരിഹരിക്കുന്ന ഒരു കോടതിയായിരുന്നു അത്. അത്തരം തെറ്റുകള്‍ക്ക് ഓട്ടോ കോടതി തന്നെ ശിക്ഷകള്‍ വിധിക്കുകയും ചെയ്യും. ചിലപ്പോള്‍ ഒരാഴ്ചയോ ഒരു മാസമോ വണ്ടി ഓടിക്കരുത് എന്ന ശിക്ഷാവിധികളും ഈ ഓട്ടോ കോടതി വിധിക്കും. പോലീസിനെ സഹായിക്കാന്‍ എന്ന രീതിയിലാണ് ഈ കോടതി പ്രവര്‍ത്തിക്കുക. 

ഐ.എന്‍.ടി.യു.സിയുടെ നേതാക്കന്മാരെ കണ്ടു സംസാരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പയ്യന്നൂരില്‍ ഓട്ടോ ഓടിക്കാനുള്ള ഡ്രൈവര്‍ പെര്‍മിറ്റ് എടുക്കുന്നതില്‍ ഞങ്ങളെ സഹായിക്കാമെന്ന് പറഞ്ഞു, അങ്ങനെ ബി.എം.എസ്സും ഐ.എന്‍.ടി.യു.സിയും പിന്തുണച്ചതോടെ ഭൂരിപക്ഷമായി. പക്ഷേ മറ്റൊരു യൂണിയന് ഞങ്ങളെ ഓട്ടോ ഓടിക്കാന്‍ സമ്മതിക്കാന്‍ പാടില്ല എന്ന നിലപാടായിരുന്നു. ഞാന്‍ എടാട്ടുള്ള ഓട്ടോ ഡ്രൈവര്‍മാരും ആയി കേസും കാര്യങ്ങളുമുള്ളത് കൊണ്ട് എന്നെ പ്രശ്‌നക്കാരി ആയി ചിത്രീകരിക്കാന്‍ അവര്‍ ശ്രമിച്ചു. അവര്‍ക്ക് എന്നോടു വെറുപ്പുണ്ട്. അപ്പോള്‍, ഇവിടെ ഭൂരിപക്ഷം ആണ് നോക്കേണ്ടത്, ഭൂരിപക്ഷം നോക്കിയിട്ടാണ് ഓട്ടോ കോടതി പ്രവര്‍ത്തിക്കുന്നത് എന്നുചിലര്‍ പറഞ്ഞു. അപ്പോള്‍ അവര്‍ക്ക് ആ തീരുമാനത്തിന്റെ കൂടെ നില്‍ക്കാതിരിക്കാന്‍ പറ്റാതെ ആയി. അങ്ങനെ ഞങ്ങള്‍ക്ക് പയ്യന്നൂരില്‍ ഓടിക്കാനുള്ള പെര്‍മിഷന്‍ കിട്ടി. ഇപ്പോള്‍ ആ ഓട്ടോ കോടതിയൊന്നും നിലവിലില്ല.

അങ്ങനെ ഞങ്ങള്‍ പയ്യന്നൂരില്‍ ഓട്ടോ ഓടിത്തുടങ്ങി. ശ്രീഷ്‌കാന്ത് ഓടുമ്പോള്‍ പയ്യന്നൂരിലെ പെരുമ്പയിലും ഞാന്‍ ഓടുമ്പോള്‍ പുതിയ സ്റ്റാന്‍ഡിലോ ബോംബെ ഹോട്ടലിനടുത്തോ വണ്ടി വെക്കും. ഒരു വണ്ടി മാത്രമുള്ളതുകൊണ്ട് ഞങ്ങള്‍ മാറി മാറി ഓടിക്കും. ഇടയ്ക്കു ശ്രീഷ്‌കാന്ത് വാര്‍പ്പിന്റെ പണിക്കു പോകും. അങ്ങനെ ജീവിതം മുന്നോട്ടു പോയി. അതിന്റെ ഇടയില്‍ കുറച്ചു പൈസ സ്വരൂപിച്ച് സിമന്റ് വാങ്ങി നിലം കോണ്‍ക്രീറ്റ് ചെയ്തു. എന്റെ മോള്‍ എട്ടാം ക്ലാസിലേക്ക് പാസായി. അവള്‍ നന്നായി പഠിക്കുകയും ചെയ്യും. അപ്പോള്‍ ജെനി എന്നെ വിളിച്ച് മോളെ പയ്യന്നൂരില്‍ നിന്ന് മാറ്റി വേറെ എവിടെയെങ്കിലും ചേര്‍ക്കാന്‍ പറഞ്ഞു. അങ്ങനെ തൃശൂര്‍ ക്രൈസ്റ്റ് സ്‌കൂളില്‍ ചേര്‍ക്കാമെന്നു പറഞ്ഞു. അവിടെ അന്വേഷിച്ചു. പക്ഷേ, അവിടെ ആ വര്‍ഷം സീറ്റ് ഫുള്‍ ആയതുകൊണ്ട് അഡ്മിഷന്‍ കിട്ടിയില്ല.

എന്റെ വണ്ടിക്കു നേരെയുള്ള നിരന്തര ആക്രമണങ്ങള്‍ കാരണം തൃശൂരിലെ സഹയാത്രിക എന്ന സംഘടനയുമായി സംസാരിച്ചു ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് കെ.എം. വേണുഗോപാല്‍ പറഞ്ഞിരുന്നു. അങ്ങനെ സഹയാത്രികയെ കെ.എം വേണുഗോപാല്‍ അറിയിച്ചു. തൃശൂരിലെ ദീപ വാസുദേവന്‍, രേഖ രാജ്, പ്രവീണ താളി, ജസീല ചെറിയവളപ്പില്‍ എന്നിവര്‍ ചേര്‍ന്ന് ഈ അക്രമങ്ങള്‍ക്കെതിരെ ഒരു വാഹന പ്രചാരണ ജാഥയും കണ്‍വെന്‍ഷനും നടത്താം എന്ന് പറഞ്ഞു മുന്നോട്ടു വന്നു. ആ പരിപാടിയില്‍ കല്ലേന്‍ പൊക്കുടനും പങ്കെടുത്തിരുന്നു. ഞങ്ങളുടെ പ്രശ്‌നം ആയതു കൊണ്ട് മാത്രമാണ് പൊക്കുടേട്ടന്‍ അതില്‍ വന്നത്. അന്ന് കര്‍ണാടകയിലെ ചന്ദ്രശേഖര്‍ എന്ന ഒരു ആക്ടിവിസ്റ്റും വന്നിരുന്നു.

(തുടരും)