മുമ്പ് എടാട്ട് ഓട്ടോറിക്ഷാസ്റ്റാന്‍ഡില്‍ വെച്ച് എന്റെ ശരീരത്തിലേക്ക് ഓട്ടോ കയറ്റിയതിനെ തുടര്‍ന്ന് ആശുപ്രതിയിലെത്തിയപ്പോള്‍ ആദ്യമായി കാണാന്‍ വന്നത് അയ്യപ്പന്‍ മാഷ് ആയിരുന്നു. കലക്ടറുടെ ഒരു വിജിലന്‍സ് മോണിറ്ററിംഗ് കമ്മിറ്റിയിലും, എസ്.സി / എസ്.ടി മോണിട്ടറിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു അയ്യപ്പന്‍ മാഷ്. അന്ന് മാഷായിരുന്നു മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ സഹായിച്ചത്. പക്ഷെ ആ സമയങ്ങളിലൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. പട്ടുവം സ്‌കൂളിലായിരുന്നു മാഷ് പഠിപ്പിച്ചത്. ഞങ്ങള്‍ ഒന്ന് രണ്ടു പ്രാവശ്യം പട്ടുവത്തേക്ക് പോയി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ഡി.ജി.പി.ക്കും പരാതി അയച്ചിട്ടും അതിനൊന്നും ഒരു മറുപടിയും വന്നില്ല. ആരും നടപടിയെടുക്കാത്തതുകൊണ്ട് ആ പരാതികളുടെ പിന്നാലെ പോകുന്ന പരിപാടി ഞങ്ങളും വിട്ടു. പിന്നീട് എനിക്കെതിരെയുള്ള അക്രമങ്ങളിലെ ജാതീയത ചിത്രീകരിക്കാനായി ഏഷ്യാനെറ്റ് ചാനല്‍ പയ്യന്നൂരിലെത്തി. ഞാന്‍ മറ്റൊരു സമുദായത്തിലുള്ളവരുടെ കിണറില്‍ നിന്ന് വെള്ളം കോരുന്നത് ഷൂട്ട് ചെയ്തു. അതിനുമുമ്പേ തന്നെ അവിടെയുള്ള പുലയ സമുദായത്തില്‍ പെട്ടവര്‍ അവിടെ ജാതി നിലനില്‍ക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞിട്ടുണ്ടായിരുന്നു. ഞാന്‍ വെള്ളമെടുക്കുന്നതുകണ്ട അവിടെയുള്ള ആ സമുദായത്തിലെ ഒരു സ്ത്രീ വന്ന് എന്നെ ചീത്ത വിളിച്ചു. അവര്‍ ക്യാമറ കണ്ടിരുന്നില്ല.

To advertise here,

'അടിയാര്‍ വന്നിട്ട് വെള്ളം കോരുന്നാ? എന്താ ഇത് കളിക്കുന്നത്? ഞങ്ങള്‍ക്ക് കുടിക്കേണ്ട വെള്ളല്ലേ?' ആ സ്ത്രീ പറഞ്ഞതു മുഴുവന്‍ ക്യാമറ റെക്കോര്‍ഡ് ചെയ്തു. ക്യാമറ അവര്‍ കണ്ടിട്ടില്ലായിരുന്നു. അവസാനം ഞാന്‍ വെള്ളവുമെടുത്തു തിരിച്ചുവരുമ്പോഴാണ് അവര്‍ ക്യാമറ കണ്ടത്. അപ്പോഴാണ് ഷൂട്ട് ചെയ്യുന്ന കാര്യം അവര്‍ക്ക് മനസ്സിലായത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ ഇവിടെ ജാതി ഉണ്ടെന്നും ഞാന്‍ വെറുതെ പറയുന്നത് അല്ലെന്നും? അപ്പോള്‍ ചാനലുകാര്‍ അവരോട് നിങ്ങളെവിടെയാണെന്നു ചോദിച്ചു. അതിനു അവള്‍ പറഞ്ഞ മറുപടിയായിരുന്നു രസം. ഞങ്ങളിവിടെയൊന്നുമല്ല ഞങ്ങള്‍ റോഡിന്റെ അപ്പുറത്താണ് താമസം എന്നു പറഞ്ഞു തടിയൂരാന്‍ നോക്കി. പിന്നെ നിങ്ങള്‍ എന്തിനാണ് ഈ കുട്ടിയെ ചീത്ത പറയുന്നത്? അല്ല, അത് ഞങ്ങള്‍ക്കും ഉപയോഗിക്കേണ്ട വെള്ളമല്ലേ? അതുകൊണ്ട് പറഞ്ഞതാണ് എന്ന മറുപടി വന്നു. അതിനു ഇവര്‍ ഉപയോഗിച്ചാലെന്താ എന്ന് ചോദിച്ചപ്പോള്‍ ആ സ്ത്രീക്ക് മറുപടി ഇല്ലായിരുന്നു. ബാക്കിയുള്ള പുലയരോടൊക്കെ ചോദിച്ചപ്പോള്‍ ആ സമുദായക്കാര്‍ കോരി തന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് വെള്ളം കിട്ടുകയുള്ളൂ എന്നവര്‍ തുറന്നുപറഞ്ഞു. അന്ന് വൈകുന്നേരം വാര്‍ത്ത പുറത്തു വന്നതോടെ ഈ വിവരം ലോകം മുഴുവന്‍ അറിഞ്ഞു.

വാര്‍ത്ത വന്നതോടെ ആ കിണറിന്റെ ഉടമകള്‍ ചെയ്തത് ആ കിണറിലെ വെള്ളം മുഴുവന്‍ വറ്റിച്ച് പുണ്യാഹം തളിക്കുകയായിരുന്നു. അതിനുശേഷമാണ് അവര്‍ വെള്ളം കുടിച്ചത്. മറ്റൊരു ചാനലുകാര്‍ വന്ന് എന്നോട് ഇവിടെ ഇങ്ങനെ ഒരു സംഭവം ഇല്ലല്ലോ, നിങ്ങള്‍ എന്തിനാണ് അങ്ങനെ പറഞ്ഞത്? എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിച്ചു. നിങ്ങളെന്തിനാണ് ഇപ്പോള്‍ വന്നത് എന്നെനിക്കറിയാം, അതുകൊണ്ട് എനിക്ക് നിങ്ങളോടു സംസാരിക്കാന്‍ താല്പര്യമില്ല എന്ന് അറുത്തുമുറിച്ചുതന്നെ പറഞ്ഞു. ഇനി ഞാന്‍ സംസാരിച്ചതായി നിങ്ങളുടെ ചാനലില്‍ ഒരു വാര്‍ത്ത കണ്ടാല്‍ ഞാന്‍ ചാനലിനെതിരെ പരാതി കൊടുക്കും എന്നു പറഞ്ഞു. അതോടെ ചാനലുകാര്‍ ഷൂട്ട് ചെയ്യാതെ മടങ്ങിപ്പോയി. ആ കിണറിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്തതാണ് അതുകൊണ്ടാണ് വെള്ളം കോരണ്ട എന്ന് പറഞ്ഞത് എന്ന രീതിയില്‍ ആ ചാനല്‍ ഒരു വാര്‍ത്ത കൊടുത്തു. ഈ ഒരു ജാതിയെക്കുറിച്ചുള്ള തുറന്നു പറച്ചില്‍ എനിക്കെതിരെ ഉള്ള അക്രമം കൂടാനുള്ള ഒരു കാരണവും ആയി. 
Read More : ഓട്ടോയ്ക്ക് അവര്‍ തീയിട്ടു; മകനെ തൈത്തെങ്ങില്‍ കയറ്റി തേങ്ങയിടുവിച്ച് വിറ്റ കാശുമായി സ്റ്റേഷനിലേക്ക്...

ഈ സംഭവത്തോടെ പയ്യന്നൂരില്‍ ജാതി നിലനില്‍ക്കുന്നുണ്ട് എന്ന ഒരു വാര്‍ത്ത മംഗളം പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതും പിന്നീട് വലിയ ചര്‍ച്ചാ വിഷയമായി. ഇതൊക്കെയാണ് ഇവര്‍ ഞങ്ങളെ വെട്ടിക്കൊല്ലാനുള്ള പ്ലാന്‍ തയ്യാറാക്കാനുള്ള കാരണം. അതിനുശേഷം ഏഷ്യാനെറ്റിലെ ഷാജഹാന്‍ എന്ന റിപ്പോര്‍ട്ടര്‍ 'കണ്ണാടി' എന്ന പരിപാടി ഷൂട്ട് ചെയ്യാനായി വന്നു. അന്ന് ചാനലുകാര്‍ വരുമ്പോള്‍ ഞാന്‍ വീട്ടിനുമുന്നിലിരുന്നു പായ മെടയുകയായിരുന്നു. അവര്‍ ക്യാമറ ഓണ്‍ ചെയ്തിട്ടാണ് കേറി വരുന്നത് എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. 'കണ്ണാടി' എന്ന പരിപാടി കണ്ടതിനു ശേഷമാണ് അവര്‍ ഞാന്‍ പായ മടയുന്നത് ഷൂട്ട് ചെയ്തിരുന്നു എന്ന കാര്യം തന്നെ അറിയുന്നത്. 'കണ്ണാടി'യില്‍ എന്നെക്കുറിച്ചു വന്നതിനുശേഷം അമേരിക്കയിലുള്ള ആന്റണി എന്നൊരാള്‍ എനിക്കുകത്തയച്ചു. ഇനിയും നിങ്ങള്‍ അവിടെ താമസിക്കുന്നത് ബുദ്ധിയല്ല എന്ന് അയാള്‍ കത്തില്‍ ഞങ്ങള്‍ക്കെഴുതി. കത്തെഴുത്തുകള്‍ തുടര്‍ന്നു. ഇടക്ക് ഒരു ആശ്വാസംപോലെ കത്തില്‍ ഒരു അഞ്ഞൂറ് രൂപ ഉണ്ടാകും. അങ്ങനെ കുറെ കത്തുകള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് പയ്യന്നൂരില്‍ നിന്നും മാറാന്‍ ഒരു സംവിധാനം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു. അങ്ങനെയാണ് രണ്ടായിരത്തിയാറില്‍ ഞങ്ങള്‍ തളിപ്പറമ്പില്‍ പൂക്കോട് എന്ന സ്ഥലത്തേക്ക് മാറി താമസിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു വീടിനും ജോലിക്കും വേണ്ടിയുള്ള സംവിധാനത്തിന് വേണ്ടി തളിപ്പറമ്പില്‍ ഒരു ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട സുകുമാരന്‍ എന്ന ഒരാളെ പരിചയപ്പെടുത്തി തന്നു. അങ്ങനെ അയാള്‍ ഞങ്ങളെ കാണാന്‍ വന്നു.

സുകുമാരന്‍ വരുമ്പോള്‍ ഞങ്ങള്‍ മീന്‍ പിടിക്കാന്‍ പോയിരിക്കുകയായിരുന്നു. അയാള്‍ ഒരു ക്രിസ്ത്യന്‍ സഭയുടെ ആളായിരുന്നു. അവരുടെ വീട് ഒരു പ്രാര്‍ത്ഥനസ്ഥലം ആയിരുന്നു. അയാള്‍ ഞങ്ങളെയും തേടി പുഴക്കരയിലേക്ക് വന്നു. ഞങ്ങള്‍ മീന്‍പിടിച്ചു ഒരു മുസ്ലീം വീട്ടില്‍ കൊണ്ടുപോയി പൈസ വാങ്ങിച്ചാണ് വരിക. പക്ഷെ അന്ന് അയാള്‍ വന്നതുകൊണ്ട് ഞങ്ങള്‍ അയാളെയും കൂട്ടി നേരെ വീട്ടിലേക്കു പോയി. ഞങ്ങള്‍ക്ക് കത്തയക്കുന്ന ആള്‍ പറഞ്ഞിട്ടാണ് വരുന്നതെന്ന് സുകുമാരന്‍ പറഞ്ഞു. ഇത്രയും കഷ്ടപ്പാടിന്റെ ജീവിതം ജീവിച്ച നിങ്ങള്‍ ഇനി നല്ലൊരു ഒരു ജീവിതം ജീവിക്കണമെന്ന് ആ മനുഷ്യനുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് നല്ല രീതിയില്‍ ജീവിക്കാനുള്ള ഒരു സംവിധാനം ചെയ്തു തരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്ന് സുകുമാരന്‍ ഞങ്ങളോട് പറഞ്ഞു. 

ആന്റണിക്ക് അമേരിക്കയിലാണ് ജോലി. ഭാര്യ അവിടെ നേഴ്‌സും ആയിരുന്നു. അവരുടെ മക്കളും ഡോക്ടര്‍മാരായിരുന്നു. അവരും നല്ല രീതിയിലുള്ള ആളുകളായിരുന്നു, അവസാനം ഞായറാഴ്ച സുകുമാരന്റെ വീട്ടില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് അയാള്‍ പറഞ്ഞു. ഞങ്ങള്‍ ഹിന്ദു മതാചാര പ്രകാരം ജീവിക്കുന്നവരാണെന്നും അത് വിട്ടുവരാന്‍ ബുദ്ധിമുട്ടാണെന്നും ഞാന്‍ പറഞ്ഞു. 'നിങ്ങള്‍ നിങ്ങളുടെ ആചാരങ്ങള്‍ വിടേണ്ട കാര്യമൊന്നുമില്ല, നിങ്ങളുടെ ജീവിതവും ആചാരവും പിന്തുടര്‍ന്നോളൂ' എന്ന് സുകുമാരന്‍ ഞങ്ങളോട് മറുപടി പറഞ്ഞു. ആന്റണി ഞങ്ങള്‍ക്ക് കത്തയയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഡ്രസ്സ് ഉള്ള സ്റ്റിക്കര്‍ കത്തിന്റെ കൂടെ അയച്ചു തരുമായിരുന്നു. ഞങ്ങള്‍ ഒരു കവര്‍ വാങ്ങി കത്തെഴുതി അതിന്റെ മുകളില്‍ ആ സ്റ്റിക്കര്‍ ഒട്ടിച്ചാണ് മറുപടി എഴുതുക. ശ്രീഷ്‌കാന്തിനു ചില കാര്യങ്ങളില്‍ സംശയമുള്ളത് കൊണ്ട് നിങ്ങള്‍ ഞങ്ങളെ പറ്റിക്കുന്നതല്ലല്ലോ എന്ന് ചോദിച്ചു കൊണ്ട് തിരിച്ചു കത്തെഴുതി. 'നിങ്ങള്‍ നിങ്ങളുടെ വിശ്വാസമൊന്നും മാറണ്ട, ഞങ്ങള്‍ നിങ്ങളെ സഹായിക്കാന്‍ തന്നെയാണ്' എന്ന് ആന്റണി ഞങ്ങള്‍ക്ക് മറുപടിയും എഴുതി. 'നിങ്ങള്‍ക്ക് ഒരു ഓട്ടോറിക്ഷ വാങ്ങിച്ചു തരാം, അത് വേറെ സ്ഥലത്ത് നിന്ന് ഓടിക്കാം' എന്ന് അദ്ദേഹം എഴുതി. താമസിക്കാന്‍ ഒരു വീടും സൗകര്യപ്പെടുത്താം എന്നും അദ്ദേഹം ഉറപ്പു നല്‍കി.

പിന്നെ ഒരു ദിവസം ഞങ്ങളുടെ അഭിപ്രായം അറിയാന്‍ സുകുമാരന്‍ വന്നു. ആന്റണിയുടെ മറുപടി വന്നിട്ട് ഞങ്ങള്‍ അഭിപ്രായം പറയാമെന്നും പറഞ്ഞു. ആന്റണിയുടെ മറുപടി വന്നു. കാര്യങ്ങള്‍ക്കെല്ലാം ഒരു വ്യക്തതയുണ്ടായി. പിന്നെയും മൂന്നു പ്രാവശ്യം സുകുമാരന്‍ വന്നു. മൂന്നാമത്തെ പ്രാവശ്യം ഞങ്ങള്‍ തയ്യാറാണെന്ന് പറഞ്ഞു. സ്വന്തം നാട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് പറിച്ചുനടുന്നത് ഒരു വിഷമം തന്നെയായിരുന്നു. അമ്മമ്മ ഞങ്ങളുടെ കൂടെ വരാന്‍ തയ്യാറാകാതെ ആ വീട്ടില്‍ തനിച്ചുനിന്നു. അന്ന് മോള്‍ അഞ്ചാം ക്ലാസിലും മോന്‍ ഏഴാം ക്ലാസിലും പഠിക്കുകയായിരുന്നു. അങ്ങനെ ഞാനും ശ്രീഷ്‌കാന്തും കുട്ടികളും കൂടി തളിപ്പറമ്പിലേക്ക് താമസം മാറി. രണ്ടു മൂന്നു ആഴ്ചകളില്‍ ഞങ്ങള്‍ അവരുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കു പോയി. ഞങ്ങളെയൊരു വാടക വീട്ടിലായിരുന്നു താമസിപ്പിച്ചത്. രണ്ടു മാസത്തെ അരിയും പച്ചക്കറികളും എല്ലാം സുകുമാരന്‍ തന്നെ വാങ്ങിച്ചുതന്നു. രണ്ടു മാസം കഴിഞ്ഞപ്പോള്‍ സുകുമാരന്‍ അറിയാവുന്ന ഒരു കോണ്‍ട്രാക്ടര്‍ മുതലാളിയുടെ കീഴില്‍ ശ്രീഷ്‌കാന്തിനു വാര്‍പ്പിന്റെ പണി വാങ്ങിച്ചു കൊടുത്തു. അമേരിക്കയില്‍ നിന്നും ഇതുവരെ പൈസ വന്നിട്ടില്ല. പൈസ വരുന്നതു വരെ നിങ്ങളുടെ ചെലവ് മുന്നോട്ടുകൊണ്ട് പോകണമല്ലോ, അതിന് ഈ വാര്‍പ്പിന്റെ പണി ഉപകരിക്കും എന്ന് സുകുമാരന്‍ പറഞ്ഞു. അങ്ങനെ ശ്രീഷ്‌കാന്ത് ആ കോണ്‍ട്രാക്ടറുടെ കീഴില്‍ പണിക്കു പോയിത്തുടങ്ങി. ഒരു അഞ്ചുമാസം വരെ വാടക സുകുമാരന്‍ കൊടുത്തു. അതിനുശേഷം വാടക ഞങ്ങള്‍ തന്നെ കൊടുക്കാന്‍ തുടങ്ങി. അമേരിക്കയില്‍ നിന്ന് പൈസ അയച്ചിട്ടില്ല, തല്‍ക്കാലം നിങ്ങള്‍ വാടക കൊടുക്കൂ എന്നയാള്‍ പറഞ്ഞു. അതിന്റെ ഇടയില്‍ ഞങ്ങള്‍ക്കുജീവിക്കാന്‍ വേണ്ടി ഒരു ഫ്ളോര്‍മില്‍ തുടങ്ങാനുള്ള പേപ്പര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്ന വിവരവും ഞങ്ങളെ അറിയിച്ചു. ആ സമയങ്ങളില്‍ ഞങ്ങള്‍ക്ക് കത്തുകള്‍ വരുന്നതുനിന്നു. പിന്നെ എല്ലാ കാര്യങ്ങളും സുകുമാരന്‍ വഴി ആയിരുന്നു ചെയ്തത്. ഇടയ്ക്ക് ആന്റണി സുകുമാരന്റെ വീട്ടിലേക്കുവിളിക്കും. ഫോണില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാനും കഴിയില്ലായിരുന്നു. 

(തുടരും)