
ശ്രീഷ്‌കാന്ത് അമ്മയോട് പറഞ്ഞു: 'ഇനിയും എനിക്ക് കാത്തിരിക്കാന്‍ വയ്യ, വേഗം വിവാഹം രജിസ്‌ട്രേഷന്‍ ചെയ്യണം.' അങ്ങനെ രണ്ടായിരത്തിരണ്ടു മാര്‍ച്ച് മുപ്പത്തിയൊന്നിന് ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. അതിനിടയില്‍ മൂന്നു പ്രാവശ്യമെങ്കിലും ഇതുപോലെ വടകരയില്‍ നിന്നും ആള്‍ക്കാര്‍ വന്നു ശ്രീഷ്‌കാന്തിനെ പിടിച്ചുകൊണ്ട് പോവുകയും ആ മൂന്നു പ്രാവശ്യവും ശ്രീഷ്‌കാന്ത് തിരിച്ചുവരികയും ചെയ്തു. ഇനി തനിക്ക് അങ്ങോട്ടുമിങ്ങോട്ടും ഓടാന്‍ വയ്യെന്നു ശ്രീഷ്‌കാന്ത് പറഞ്ഞതോടെ അമ്മ കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ മാല പണയം വെച്ചു. ഞങ്ങള്‍ കണ്ടോന്താര്‍ രജിസ്ട്രാര്‍ ഓഫീസില്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്തു. അതിനുശേഷം ഞങ്ങള്‍ വടകരയിലെ എന്റെയാ പഴയ വീട്ടില്‍ താമസിക്കുമ്പോഴാണ് മുമ്പുപറഞ്ഞ അടിയും ബഹളമെല്ലാം ഉണ്ടാകുന്നത്.
ആ അടിക്കു ശേഷം ഞാന്‍ ആശുപത്രിയിലായി. പിറ്റേന്ന് ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ്ജായി. ഞാന്‍ ഡ്രസ്സൊന്നും എടുത്തിരുന്നില്ല. ആ സമയത്ത് ശ്രീഷ്‌കാന്ത് അമ്മയുടെ സാരിയും ബ്ലൗസുമെല്ലാം അമ്മ കുളിക്കാനോ മറ്റോ പോയപ്പോള്‍ മോഷ്ടിച്ച് എനിക്ക് കൊണ്ടുവന്നു തന്നു. ഞങ്ങള്‍ നേരെ ശ്രീഷ്‌കാന്തിന്റെ അമ്മമ്മയുടെ വീട്ടിലേക്ക് പോയി. അമ്മമ്മയുടെ വീട്ടില്‍ അവരുടെ കുടുംബക്കാരെല്ലാവരും കൂടി സംസാരിച്ചു. ഏതായാലും ചെക്കന്‍ കല്യാണം കഴിച്ചു വന്നില്ലേ, അതുകൊണ്ട് എന്നെ സ്വീകരിക്കാം എന്ന തീരുമാനത്തിലെത്തി. അങ്ങനെ എട്ടുമാസത്തോളം ഞാന്‍ അവിടെ താമസിച്ചു. ശ്രീഷ്‌കാന്തിന്റെ അമ്മ ഇനി ഞങ്ങള്‍ പയ്യന്നൂരിലേക്ക് പോകാന്‍ പാടില്ല എന്നുപറഞ്ഞു. അന്ന് മോന്‍ നാലാം ക്ലാസിലും മോള്‍ രണ്ടാം ക്ലാസിലും ആണ് പഠിക്കുന്നത്. വീട്ടിലേക്ക് മക്കളെ കാണാന്‍ എനിക്കെന്തായാലും പോകണമെന്ന് ഞാന്‍ ശ്രീഷ്‌കാന്തിനോട് പറഞ്ഞു. പക്ഷേ, ശ്രീഷ്‌കാന്തിന്റെ അമ്മ അത് നടക്കില്ല എന്നും പറഞ്ഞു. കുട്ടികളെ കാണാന്‍ സമ്മതിക്കണം എന്നു പറഞ്ഞപ്പോള്‍ അതിനും അമ്മ സമ്മതിച്ചില്ല. എട്ടുമാസം വരെ ആ വീട്ടില്‍ ഞാന്‍ പിടിച്ചുനിന്നു. എട്ടുമാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ വീട്ടില്‍ നിന്നും ഇറങ്ങി.
അമ്മ അതിന്റെയിടയില്‍ വടകര പോലീസ് സ്റ്റേഷനില്‍ വന്ന്, ഞാന്‍ കുട്ടികളെ നോക്കുന്നില്ല, ഞാന്‍ എന്റെ ഇഷ്ടത്തിനു വേറെ കല്യാണം കഴിച്ചുപോയി എന്നും പറഞ്ഞു പരാതി കൊടുത്തു. അങ്ങനെ ഞാന്‍ പയ്യന്നൂരിലേക്കു പോയി. ശ്രീഷ്‌കാന്തും എന്റെ കൂടെ വന്നു.
2002 ഡിസംബറിലാണ് അമ്മമ്മയുടെ കൂടെ താമസിച്ചിരുന്ന എന്റെ മാമന്‍ മരിക്കുന്നത്. അതിനുശേഷം ഞങ്ങള്‍ അമ്മമ്മയുടെ കൂടെയായിരുന്നു താമസം. അമ്മയ്ക്ക് അമ്മമ്മ കൊടുത്ത അഞ്ചു സെന്റില്‍ വീട് വെച്ചിരുന്നു, ഒരു ഓലപ്പുര. എനിക്ക് അനിയത്തിയുണ്ട്, ആങ്ങളയുണ്ട്, അമ്മയുണ്ട്, ബന്ധുക്കള്‍ കുറെ ഉണ്ടായിരുന്നു. മരിച്ച വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ആരാണ് അമ്മമ്മയെ നോക്കാന്‍ നില്‍ക്കുന്നത് എന്ന ഒരു ചോദ്യം ഉയര്‍ന്നു.
അമ്മമ്മയെ നോക്കുന്നവര്‍ക്കാണ് ആ വീട് കിട്ടുക എന്ന തീരുമാനവും പിന്നാലേ വന്നു. എല്ലാവരും എനിക്കു വേണ്ട, എനിക്കും വേണ്ട, അമ്മമ്മയെ നോക്കാന്‍ പറ്റില്ല എന്നും പറഞ്ഞു തടിയൂരി. ഞാനും ഇറങ്ങി. പക്ഷേ, ഞാന്‍ തിരിച്ചുവന്നു 'അമ്മമ്മയെ ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞു'.
അമ്മമ്മയുടെ കൂടെ താമസം തുടങ്ങിയ സമയം ഞങ്ങള്‍ക്ക് ഓട്ടോറിക്ഷ ഇല്ലായിരുന്നു. ശ്രീഷ്‌കാന്തിന്റെ ഓട്ടോറിക്ഷ ബന്ധുക്കള്‍ കൊണ്ടുപോയതുകൊണ്ട് ജോലിയും ഉണ്ടായിരുന്നില്ല. ആദ്യം വടകരയില്‍നിന്ന് പാര്‍ട്ടിക്കാര്‍ കല്യാണത്തിനു മുന്നേ ഞങ്ങളെ പിടിക്കാന്‍ വന്നപ്പോള്‍ ഞങ്ങളെ കിട്ടിയില്ലായിരുന്നു. അപ്പോള്‍ ശ്രീഷ്‌കാന്തിന്റെ ഓട്ടോറിക്ഷ അവര്‍ കൊണ്ടുപോയി. പിന്നെ കല്യാണത്തിനു ശേഷം ശ്രീഷ്‌കാന്ത് വേറെ ഒരു വണ്ടി വാങ്ങിച്ചു. ഞങ്ങള്‍ പയ്യന്നൂരിലേക്ക് പോയപ്പോള്‍ ആ വണ്ടിയും അവര്‍ എടുത്തു. വണ്ടിയില്ലാത്തതുകൊണ്ട് ഞങ്ങള്‍ കൂലിപ്പണി, മീന്‍പിടിത്തം, ഞണ്ട് പിടിത്തം തുടങ്ങിയ തൊഴിലുകളിലേയ്ക്ക് പോയി. മീന്‍ പിടിക്കല്‍, പായ മെടയല്‍, ചൂല്‍ ഉണ്ടാക്കി വില്‍ക്കല്‍ തുടങ്ങിയ പണികളാണ് ആ കാലത്ത് ചെയ്തുകൊണ്ടിരുന്നത്.
മഴക്കാലത്താണ് ചൂലുണ്ടാക്കാനെളുപ്പം. മഴക്കാലത്ത് പൊതിര്‍ന്ന ഓല കിട്ടുന്നതുകൊണ്ട് ചൂലിനുവേണ്ട ഈര്‍ക്കിലുകള്‍ ചീന്തിയെടുക്കാന്‍ എളുപ്പമാണ്. ഞങ്ങള്‍ക്കെന്തെങ്കിലും വരുമാനം കിട്ടുന്നത് മഴക്കാലത്താണ്. മഴക്കാലത്തെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുവരുന്ന തേങ്ങ ഞങ്ങള്‍ പിടിച്ചുകൊണ്ടുവരും. ഞാനും ശ്രീഷ്‌കാന്തും അമ്മയും കൂടെയാണ് വെള്ളപ്പൊക്കത്തില്‍ തേങ്ങ പിടിക്കാന്‍ പോവുക. എനിക്ക് നീന്താനറിയാത്തത് കൊണ്ട് ആഴത്തില്‍ വീണാല്‍ ഞാന്‍ ചത്തുപോകും. ശ്രീഷ്‌കാന്തിന് നീന്താനറിയാം. ഞാന്‍ ഒഴുകി വരുന്ന തേങ്ങകള്‍ കാണിച്ചു കൊടുത്താല്‍ മൂപ്പര്‍ നീന്തിപ്പോയി എടുത്തു കൊണ്ടുവരും. പ്ലാസ്റ്റിക്കിന്റെ ചാക്കില്‍ നിറച്ചു കെട്ടിവലിച്ചാണ് കൊണ്ടുവരിക. കുട്ടികള്‍ വെള്ളം കാണുമ്പോള്‍ ഉത്സാഹത്തോടെ ഓടി വരാന്‍ ശ്രമിക്കുമെങ്കിലും അവരെ ഞങ്ങള്‍ കൂടെ കൊണ്ടുപോകില്ല.
ചില സമയങ്ങളില്‍ ശ്രീഷ്‌കാന്ത് പാമ്പിനെ കണ്ടുപേടിച്ചിട്ടുണ്ട്. 'എനിക്ക് കഴിയില്ല, അവിടെ പാമ്പുണ്ട്' എന്ന് പറഞ്ഞ് ശ്രീഷ്‌കാന്ത് തിരിച്ചു വരും. ശ്രീഷ്‌കാന്തിനു പാമ്പിനെ നല്ല പേടിയാണ്, ഞങ്ങള്‍ കണ്ടത്തില്‍ പണിക്കു പോകുമ്പോഴൊക്കെ കാലിന്റെ ഇടയിലൂടെയെല്ലാം പാമ്പിങ്ങനെ ഇഴഞ്ഞു പോകും, എനിക്ക് പാമ്പിനെ വലിയ പേടിയില്ല, പക്ഷേ, വിഷമുള്ളതാണെങ്കില്‍ ചെറിയ പേടിയുണ്ട്. നിലത്ത് അനക്കം കേള്‍ക്കുമ്പോഴേക്കും പാമ്പുകള്‍ ഓടിത്തുടങ്ങും. അങ്ങനെ മീന്‍ പിടിത്തവും കൂലിപ്പണിയും എല്ലാമായി ഒരു അഞ്ചാറു മാസം പോയി.
ആ സമയത്താണ് ഒരു ഓട്ടോറിക്ഷ വാങ്ങിക്കാനുള്ള ചെറിയ ചെറിയ ആലോചനകള്‍ തുടങ്ങുന്നത്. ലോണ്‍ എടുക്കാനുള്ള കാര്യങ്ങളൊക്കെ അന്വേഷിച്ചുതുടങ്ങി. പക്ഷേ, അതൊക്കെ പരാജയപ്പെട്ടു. അതിനിടയില്‍ ഒരു മുസ്ലീം കുടുംബത്തില്‍ കൊപ്രപ്പണിക്ക് പോയിത്തുടങ്ങി. മുസ്ലീങ്ങള്‍ക്കും നായനാര്‍ വളപ്പുകാര്‍ക്കുമാണ് കൊപ്രപ്പണി ഉണ്ടായിരുന്നത്. നായനാര്‍ വളപ്പില്‍ കൊപ്രപ്പണിക്ക് പോകുമായിരുന്നില്ല. അമ്മ നായനാര്‍ വളപ്പിലേക്കു പണിക്ക് പോകുന്നതു നിര്‍ത്തി. അതിന്റെ കാരണം എന്താണെന്നൊന്നും എനിക്കറിയില്ലായിരുന്നു. അമ്മ പോകാത്തതുകൊണ്ട് ഞങ്ങളും പോകാതെയായി. മുസ്ലീങ്ങളായ മുതലാളിമാര്‍ ഞങ്ങളോട് നല്ല രീതിയില്‍ ഇടപഴകിയിരുന്നു. അവര്‍ക്ക് നല്ല പെരുമാറ്റ രീതിയുമായിരുന്നു. അവരുടെ അടുത്ത് ജോലിക്ക് പോകുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു മനഃസംതൃപ്തി ഉണ്ടായിരുന്നു. നായനാര്‍ വളപ്പില്‍ ഭക്ഷണം കഴിച്ചാല്‍ പാത്രങ്ങളൊക്കെ കഴുകിവെക്കണമായിരുന്നുവെങ്കില്‍ മുസ്ലീങ്ങളുടെ വീടുകളില്‍ ജോലിക്ക് പോയാല്‍ ഭക്ഷണം കഴിഞ്ഞാല്‍ പാത്രങ്ങളൊക്കെ ഞങ്ങള്‍ക്ക് കഴുകേണ്ട ആവശ്യമില്ലായിരുന്നു. ഭക്ഷണം കഴിച്ചാല്‍ ഞങ്ങളോട് പാത്രം അവിടെ വെച്ചോളാന്‍ പറയും. അവര്‍ കഴുകുകയും ചെയ്യും. മമ്മുഞ്ഞി, അഹമ്മദ് എന്നീ ഏട്ടാനിയന്മാരുടെ വീടുകളിലായിരുന്നു ഞങ്ങള്‍ കൊപ്രപ്പണിക്ക് പോയത്. രണ്ടു പേരും മരിച്ചുപോയി. അവരുടെ മക്കളാണിപ്പോള്‍ എല്ലാം നോക്കി നടത്തുന്നത്.
മഴക്കാലത്താണ് തേങ്ങ കൊത്തുന്നതെങ്കില്‍ കൊപ്രക്കളത്തില്‍ നാലായി തട്ടി കെട്ടും. ഓടിട്ട ഒരു കൊച്ചുവീട് പോലുള്ള സ്ഥലമാണ് കൊപ്രക്കളം. അവിടെയാണ് നാലായി തട്ടി കെട്ടുക. കവുങ്ങ് കൊണ്ട് കുറച്ചു ഇടവിട്ട് തട്ടി കെട്ടി അതിന്റെ മേലെ തേങ്ങ പൊട്ടിച്ചു തേങ്ങാമുറി കമഴ്ത്തിവെക്കും. തേങ്ങാമുറി കമഴ്ത്തി വെച്ച് അടിയില്‍ ചിരട്ട കൊണ്ട് തന്നെ തേങ്ങ തീയിടും. മഴക്കാലത്താണ് ഇത് ചെയ്യുക. തീയിട്ടു കൊപ്രക്കളം പൂട്ടിവെക്കും. തീയും പുകയും കൊണ്ട തേങ്ങ പിറ്റേ ദിവസം ഇളകി വരും. തേങ്ങ പൂളുന്ന ഒരു കത്തിയുണ്ട്. ആ കത്തി കൊണ്ട് തേങ്ങയിലെ കൊപ്ര ഇങ്ങനെ പൂളിയെടുക്കും. പിന്നെ വേനല്‍ക്കാലത്താണെങ്കില്‍ തേങ്ങ മൂന്നു ദിവസം വെയിലത്തിട്ടുണക്കും. മൂന്നു ദിവസം വെയിലത്തിട്ടു ഉണക്കിയാല്‍ മാത്രമേ കൊപ്രയുടെ പാകത്തിന് എത്തുകയുള്ളൂ. വലിയ ഉത്സാഹത്താടെയാണ് ഞങ്ങള്‍ കൊപ്രാപ്പണിക്കു പോവുക. കാരണം തേങ്ങയുടെ ഉള്ളില്‍ പൊങ്ങ് എന്ന സാധനം ഉണ്ടാകും. തേങ്ങയുടെ മുള വരുന്ന സാധനമാണത്. അതുതിന്നാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഉത്സാഹത്തോടെ പോയിരുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ പൊങ്ങുതിന്നാന്‍ വേണ്ടി അമ്മയുടെ കൂടെ കൊപ്രപ്പണിക്കു പോകുമായിരുന്നു. കുട്ടികളായ ഞങ്ങള്‍ക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ അമ്മ പൊങ്ങ് സഞ്ചിയിലാക്കി കൊണ്ട് വരുമായിരുന്നു. വൈകുന്നേരമാകുമ്പോഴേക്കും ഞങ്ങള്‍ പൊങ്ങ് തിന്നുതീര്‍ത്ത് കാലിയാക്കുകയും ചെയ്യും. പൊങ്ങുകള്‍ മധുരമുള്ളതും മധുരമില്ലാത്തതും വെള്ളം ചുവയ്ക്കുന്നതും ഉണ്ടാകും. അതില്‍ മധുരമുള്ളത് മാത്രം തിരഞ്ഞെടുക്കാന്‍ ഞാനും അനിയത്തിയും അനിയനും അടി ആയിരുന്നു.
അനിയത്തിയുടെ കല്യാണം രണ്ടായിരത്തില്‍ കഴിഞ്ഞു. അനിയത്തി പത്താം ക്ലാസ് വരെ പഠിച്ചു. അനിയന്‍ ഡിഗ്രി വരെ പഠിച്ചു. ഞാനാണ് അവനെ സെക്കന്റ് ഗ്രൂപ്പില്‍ പയ്യന്നൂര്‍ കോളേജില്‍ ചേര്‍ക്കുന്നത്. പ്രീഡിഗ്രി കഴിഞ്ഞ് അവന്‍ ഡിഗ്രി ഹിന്ദി പഠിക്കാനാണുപോയത്. ഹിന്ദി എടുത്തിട്ടു ഒരു കാര്യവുമില്ല. അവനു ഹിന്ദിയില്‍ എന്തെങ്കിലും ചോദിച്ചാല്‍ ഒരു കാര്യവും അറിയുകയുമില്ല. റെയില്‍വേ ടെസ്റ്റ് എഴുതി. പോലീസ് ടെസ്റ്റ് എഴുതി മെഡിക്കല്‍ വരെ കഴിഞ്ഞതാണ്. ആ സമയത്താണ് ഞങ്ങളുടെ കുറെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത്. അങ്ങനെ അവന് ഫൈനല്‍ സെലക്ഷന്‍ കിട്ടാതെയുമായി. ഇപ്പോള്‍ അവന്‍ മലപ്പുറത്ത് ഏതോ ബാങ്കില്‍ ജോലി ചെയ്യുന്നുവെന്നാണ് കേട്ടത്. ജോലി ഉണ്ടോ ഇല്ലയോ എന്നൊന്നും അവന്‍ വിട്ടു പറഞ്ഞിട്ടില്ല. അനിയത്തി ഇപ്പോഴും തൊഴിലുറപ്പ് ജോലിക്കു പോകുന്നു. അവളുടെ ഭര്‍ത്താവ് തെങ്ങു കയറ്റക്കാരനാണ്. അദ്ദേഹം തിയ്യ സമുദായക്കാരനാണ്. അവരുടേതും പ്രണയവിവാഹമായിരുന്നു.
ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതിനുശേഷം അമ്മമ്മയുടെ വീട്ടില്‍ താമസം തുടങ്ങി. ഞങ്ങള്‍ ചൂണ്ടയിട്ടു ഞണ്ടിനെ പിടിക്കാന്‍ പോകുമായിരുന്നു. പുഴയുടെ നടുക്കുള്ള ഒരു ബണ്ടിലിരുന്നു ഞങ്ങള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വര്‍ത്തമാനം പറഞ്ഞിരുന്ന് ഞണ്ടിനെ ചൂണ്ടയിടും. ആ ബണ്ടിന്റെ മോളില്‍ അഞ്ചുപത്ത് ചൂണ്ടകള്‍ ഇട്ടു വെയ്ക്കും. മത്തിത്തല ഇരയാക്കി കോര്‍ത്തുവെച്ചാണ് ചൂണ്ടയിടുക. അതിന്റെ ഇടയില്‍ ഞങ്ങള്‍ കഥകളും തമാശകളും പറഞ്ഞിങ്ങനെ ഇരിക്കും. അപ്പൊ ആളുകള്‍ ഞങ്ങളെ കണ്ട് അമ്മയുടെ അടുത്ത് പരാതിയുമായി പോകും. 'ചിത്രലേഖയും ഓള്‍ കൂട്ടിക്കൊണ്ട് വന്നോനും കൂടി ആടയിരുന്നു പ്രേമിക്കുന്ന്. ഇതെന്നെയാന്നു ഈടത്തെ ആമ്പിള്ളര്‍ക്ക് കാണിച്ചു കൊടുക്കേണ്ടത്. ഇതാന്ന് ആമ്പിള്ളറ് കണ്ടു പഠിക്കേണ്ടത്.' അതായിരുന്നു അവരുടെ പരാതി.
അവര്‍ക്ക് അതൊന്നും കണ്ട് ഇഷ്ടപ്പെടുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നത്. ഞങ്ങള്‍ അവിടെ ഇരുന്ന് ശൃംഗരിക്കുകയാണ്, ശൃംഗരിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ അവിടെ പുഴക്കരയില്‍ ഇരിക്കുന്നതെന്ന് അവര്‍ തീര്‍പ്പ് കല്‍പ്പിച്ചു.
അന്ന് പത്ത് രൂപക്ക് മത്തി വാങ്ങിക്കാന്‍ കിട്ടുമായിരുന്നു. മത്തി വാങ്ങി അതിന്റെ തലയെടുത്ത് ചൂണ്ടക്കൊളുത്തിന് ഇരയാക്കിയിടും. തലയിലെ കണ്ണിന്റെ ഭാഗത്താണ് കൊളുത്തി വെക്കുക. കുറച്ചു നീളത്തില്‍ ചൂണ്ട വെള്ളത്തിലേക്ക് ഇട്ടുവെക്കും. ഞണ്ട് വന്നു മത്തിത്തല വലിച്ചു കൊണ്ട് പോകാന്‍ ഒരു ശ്രമം നടത്തും. അപ്പോള്‍ ഞങ്ങള്‍ ഇങ്ങോട്ട് വലിച്ച് ഒരു കോരുവല കൊണ്ട് ഞണ്ടിനെ കോരിയെടുക്കും. വീടുകളിലാണ് ഞണ്ടിനെ കൊണ്ട് ചെന്നു വില്‍ക്കുക. വലിയ പൈസയെന്നും കിട്ടില്ല. ഇരുപത്തിയഞ്ചു രൂപ കിട്ടിയെങ്കിലായി. അരിയും മുളകുപൊടിയും വാങ്ങാനുള്ള പൈസ കിട്ടും. ആ സമയത്ത് അമ്മയ്ക്ക് ഒരു സഹായം എന്ന നിലയിലാണ് ഞങ്ങള്‍ ഈ പണികള്‍ ചെയ്യാന്‍ പോവുക.
ഒരിക്കല്‍ മോന്‍ ശ്രീഷ്‌കാന്തിനോടുപോയി ചോദിച്ചു: 'ഏയ്.. എന്താ ഞങ്ങള്‍ വിളിക്കേണ്ടത്?
'അച്ഛന്‍ എന്ന് വിളിച്ചോ'എന്ന് ശ്രീഷ്‌കാന്തും പറഞ്ഞു. അങ്ങനെ 'അച്ഛാ' എന്ന് എന്റെ മക്കള്‍ വിളിക്കാന്‍ തുടങ്ങി. മോളെ എപ്പോഴും ശ്രീഷ്‌കാന്ത് കൊണ്ട് നടക്കും. ഞങ്ങള്‍ വെറുതെ വീട്ടിലിരിക്കുന്ന സമയത്ത് സിനിമയ്ക്കു പൊയ്‌ക്കോ എന്നും പറഞ്ഞുകൊണ്ട് അമ്മ തന്നെ ഞങ്ങള്‍ക്ക് പൈസ തരും. ചിലപ്പോ മക്കളെയും അമ്മയെയും കൂട്ടി എല്ലാവരും കൂടി സിനിമക്ക് പോകും. സിനിമ ടാക്കീസില്‍ പോയാല്‍ ചിലപ്പോ അടിയായിരിക്കും. പിറകില്‍ നിന്ന് എന്നെ ആരെങ്കിലും കാലു കൊണ്ടൊക്കെ തോണ്ടിയാല്‍ അത് ശ്രീഷ്‌കാന്തുമായുള്ള അടിയിലേ അവസാനിക്കുകയുള്ളൂ. ചില സമയങ്ങളില്‍ നല്ല അടി ആയിട്ടു പകുതിക്ക് നിന്നൊക്കെ എഴുന്നേറ്റു വന്നിട്ടുണ്ട്. മാറുന്ന എല്ലാ സിനിമകള്‍ കാണാനും ഞങ്ങള്‍ പോകുമായിരുന്നു. ആ സമയത്താണ് ഞാന്‍ എല്ലാ തീയേറ്ററിലും പോയി സിനിമ കാണാന്‍ തുടങ്ങിയത്. അതിന്റെ ഇടയില്‍ ഉത്സവത്തിനു പോകും. എല്ലാ ഉത്സവങ്ങള്‍ക്കും അമ്മ പോകാമെന്ന് പറയും, എനിക്ക് പണ്ടേ എവിടെയും പോയി ശീലമില്ലാത്തതുകൊണ്ട് പോകാന്‍ ചമ്മലാണ്. എങ്കിലും ഞാന്‍ അവരുടെ കൂടെ പോകും. ഉത്സവപ്പറമ്പില്‍ പോയാലും ആരെങ്കിലും വര്‍ത്തമാനം പറഞ്ഞാലോ ചൂളമടിച്ചാലോ മൂപ്പര്‍ അടിയുണ്ടാക്കും. ഒരിക്കല്‍ ഞങ്ങള്‍ കുഞ്ഞിമംഗലത്തെ മാക്കത്തിന്റെ അടുത്ത് ഉത്സവം കാണാന്‍ പോയി. ഞാനും ശ്രീഷ്‌കാന്തും കുട്ടികളും അമ്മയും അനിയത്തിയും അനിയത്തിയുടെ ഭര്‍ത്താവും എല്ലാരും കൂടി രണ്ടു വണ്ടിയിലാണ് ഉത്സവം കാണാന്‍ പോയത്. മാക്കത്തിന്റെ അവിടെ തെയ്യം കാണാന്‍ ആണ് പോയത്. അവിടെ ഭക്ഷണം ഉണ്ടായിരുന്നു. അനിയത്തി പറഞ്ഞു 'നമുക്ക് ആദ്യം ഭക്ഷണം കഴിച്ചിട്ടു പിന്നെ തെയ്യം കാണാം'. ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചു കൈ കഴുകിയപ്പോള്‍ ഒരു സ്‌കൂള്‍ മാഷിന്റെ മകനായ യുവാവ് കൈ കഴുകി എന്റെ സാരിയുടെ തുമ്പത്ത് കൈ തുടച്ചു. അതുംപോരാതെ അവന്‍ സാരിയുടെ തുമ്പും വലിച്ചു നടന്നു. ഞാന്‍ അനിയത്തിയോ കുട്ടികളോ ആണെന്ന് കരുതി ശ്രദ്ധിച്ചില്ല. ശ്രീഷ്‌കാന്ത് ഇത് കണ്ടു. ശ്രീഷ്‌കാന്ത് അവന്റെ പുറകെ ഓടി. അവന്‍ നല്ല ഓട്ടം ഓടി. അവനെ പിടിക്കാന്‍ കിട്ടിയില്ല. പിറ്റേന്ന് ശ്രീഷ്‌കാന്തും രണ്ടു മൂന്നു സുഹൃത്തുക്കളും കൂടി അവന്റെ വീട്ടില്‍ അന്വേഷിച്ചു പോയി. അവന്‍ അവസാനം 'പറ്റിപ്പോയി' എന്ന് പറഞ്ഞു ക്ഷമ ചോദിച്ചു. അതുകൊണ്ട് തന്നെ ശ്രീഷ്‌കാന്തും കൂട്ടരും അവനെ വെറുതെ വിട്ടു.
അമ്മമ്മയാണ് കുടുംബക്ഷേത്രത്തിലേക്ക് വേണ്ട നെല്ലും പൈസയും എല്ലാം കൊടുക്കുക. കുടുംബക്കാരുടെ വക വേറെതന്നെ ഒരു പൈസ മാറ്റിവെക്കലും ഉണ്ട്. അമ്മ കൊടുക്കാറില്ല. അമ്മമ്മ തന്നെയാണ് കൊടുക്കുക. അമ്മയുടെ കയ്യില്‍ കൊടുക്കാന്‍ പൈസ ഇല്ലായിരുന്നു. അപ്പൊ അമ്മയെ കാണുമ്പോള്‍ തറവാട്ടുകാര്‍ക്ക് ഒരു വെറുപ്പ് പോലെയാണ്. ഇത്രയും പൈസ തരാന്‍ എന്റെ കയ്യില്‍ ഇല്ല എന്ന് അമ്മ പറയും. അത് കൊണ്ടുതന്നെ കുടുംബത്തില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തിരുന്നു. രണ്ടായിരത്തിമൂന്നു മുതല്‍ ആറു വരെയുള്ള കാലഘട്ടങ്ങളില്‍ ഞങ്ങളുടെ വീട്ടിലേക്ക് ആരെങ്കിലും വരുമ്പോള്‍ മണിയാണി സമുദായക്കാരുടെ ചോദ്യംചെയ്യലുകള്‍ ഉണ്ടായിരുന്നു. പുറത്തുനിന്ന് ആരെങ്കിലും ഞങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ടെങ്കില്‍ അവരുടെ മൊത്തം കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞതിനു ശേഷം മാത്രമേ വീട്ടിലേക്ക് വിടുമായിരുന്നുള്ളൂ. ഞങ്ങളുടെ കല്യാണം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുള്ള ആദ്യത്തെ ഓണത്തിനു ശ്രീഷ്‌കാന്തും ഒരു കൂട്ടുകാരനും പുറത്തുപോയി ചെറുതായൊന്നു മിനുങ്ങി. സുഹൃത്ത് വിളിച്ച് ഓണത്തിന് ഒന്ന് കൂടിയിട്ടു വരാമെന്നു പറഞ്ഞു. അവര്‍ ഒരു മൂന്നോ നാലോ പെഗ് അടിച്ചു. അത്രയ്ക്കുള്ള പൈസ മാത്രമേ കൈയില്‍ ഉണ്ടായിരുന്നുള്ളൂ. അവര്‍ ബിവറേജില്‍ പോയി മദ്യം വാങ്ങി അടിച്ചു കഴിഞ്ഞപ്പോള്‍ ഒരു പത്തിരുപതു പേര്‍ അവിടെ കൂടി. വീട്ടിലേക്ക് മടങ്ങുമ്പോള്‍ 'നീ എവിടേക്കാടാ പോകുന്നത്?' എന്ന് ചോദിച്ചാണ് അടി. ശ്രീഷ്‌കാന്തിനെ എല്ലാവര്‍ക്കുമൊന്നും അറിയില്ല. അറിയാവുന്ന ഒരുത്തന്‍ ആ കൂട്ടത്തിലുണ്ടായിരുന്നത് ഓടിക്കളയുകയും ചെയ്തു.
ഞങ്ങളുടെ വീട്ടിലേക്കു വരുന്നത് എന്തിനാണെന്ന് ചോദിച്ചിട്ടാണ് അടിയുണ്ടായത്. ശ്രീഷ്‌കാന്തിന്റെ മൂക്കിന്റെ പാലവും ചെവിയുടെ പാടയും അടിച്ചു പൊട്ടിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആയി. പിറ്റേ ദിവസം അടിച്ചവര്‍ വന്നിട്ട് ചിത്രലേഖയുടെ ഭര്‍ത്താവാണെന്ന് അറിയില്ലായിരുന്നു എന്ന മുടന്തന്‍ ന്യായവും പറഞ്ഞു. ഞാന്‍ ചോദിച്ചു, ചിത്രലേഖയുടെ ഭര്‍ത്താവ് അല്ലെങ്കിലും ആരാ? എന്താടാ? എവിടെയാ പോകുന്നത് എന്ന് ചോദിച്ച് അപ്പോള്‍തന്നെ അടിക്കുകയാണോ ചെയ്യുക?
പറ്റിപ്പോയി എന്നവര്‍ പറഞ്ഞു. അങ്ങനെ പറ്റിപ്പോയാല്‍ പ്രശ്‌നമാകുമെന്നു ഞാനും പറഞ്ഞു. അവരുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്തു. കേസ് കോടതിയിലെത്തി. അവസാനം അവര്‍ ഞങ്ങളുടെ കാലില്‍ വീണ് ആ കേസ് ഒഴിവാക്കി. ശ്രീഷ്‌കാന്തിനുതന്നെ അവരോടു സങ്കടം തോന്നി ആ കേസ് ഒഴിവാക്കി കൊടുത്തു.
ഞങ്ങളുടെ വീടിന്റെ അടുത്തുള്ള തിയ്യ സമുദായത്തില്‍പെട്ട ഒരാളോട് ഓട്ടോറിക്ഷ വാടകയ്ക്ക് ഓടിക്കാന്‍ ചോദിച്ചു. വണ്ടി കിട്ടിയതോടെ ശ്രീഷ്‌കാന്ത് ഓട്ടോ ഓടിക്കാന്‍ തുടങ്ങി. വണ്ടി കൊടുത്തതുതന്നെ ശ്രീഷ്‌കാന്ത് തിയ്യ സമുദായത്തില്‍ ഉള്ളയാളായതുകൊണ്ടായിരുന്നു. രാവിലെ തൊട്ട് വൈകുന്നേരം വരെ നൂറ്റമ്പത് രൂപ വാടക കൊടുക്കണമായിരുന്നു. ഓടിക്കഴിഞ്ഞു പിറ്റേന്ന് പെട്രോള്‍ അടിക്കേണ്ട പൈസ മാത്രമേ കിട്ടുമായിരുന്നുള്ളു. വലിയ വരുമാനമൊന്നുമില്ല. എങ്കിലും വീട്ടിലിരിന്നു വെറുതെ ഭക്ഷണം കഴിക്കുന്നില്ല എന്ന രീതിയില്‍ രാവിലെ പണിക്കു പോകും. ആദ്യമാദ്യമൊക്കെ പണി കുറവായിരുന്നു. പിന്നെ കുറച്ചു കാലം കഴിയുമ്പോഴേക്കും ഒരു പത്ത് മുന്നൂറു രൂപയൊക്കെ കിട്ടിത്തുടങ്ങി. പയ്യന്നൂര്‍ പെര്‍മിറ്റ് ഉള്ള വണ്ടി ആയതു കാരണം പെരുമ്പയില്‍ വെച്ചാണ് ഓടുക. യൂണിയനിലൊന്നും ചേര്‍ന്നിട്ടുണ്ടായിരുന്നില്ല. പക്ഷേ, ഒരു ദിവസം ചങ്ങാതി വണ്ടിക്കു കൊടിയെല്ലാം കെട്ടിയിട്ടാണ് വീട്ടിലേക്ക് വന്നത്. വണ്ടിയുടെ നൂറ്റമ്പത് രൂപ കളക്ഷന്‍ കൃത്യമായി കൊടുക്കണം. അത് പോലെ വണ്ടി കൃത്യമായി വൈകുന്നേരം അവരുടെ വീട്ടില്‍ എത്തിച്ചുകൊടുക്കുകയും വേണം. രാത്രി ഓട്ടമുണ്ടെങ്കില്‍ രാത്രിയിലെ കളക്ഷനും കൊടുക്കണം. ഞങ്ങളുടെ വീടായതുകൊണ്ട് തിയ്യ സമുദായത്തില്‍പെട്ട ഓട്ടോറിക്ഷാ മുതലാളിക്ക് ഞങ്ങളുടെ വീട്ടില്‍ വണ്ടി വെയ്ക്കാന്‍ പേടിയാണ്. തിയ്യന്റെ വണ്ടി പുലച്ചിയുടെ വീട്ടില്‍ കൊണ്ടിടുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലേ? പിന്നെ ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയും കുറച്ചു ഇടുങ്ങിയതാണ്. വയലിലൂടെ ആണ് പോകേണ്ടത് എന്നതും ചെറിയ പ്രശ്‌നമാണ്. പിന്നെ ഞങ്ങള്‍ സ്വന്തമായി വണ്ടി വാങ്ങുന്നതിനെക്കുറിച്ചുള്ള ചെറിയ ചെറിയ ആലോചനകള്‍ നടത്തിത്തുടങ്ങി. എന്തിനാണ് വെറുതെ നൂറ്റമ്പത് രൂപ വാടക കൊടുക്കുന്നത്? നൂറ്റമ്പത് രൂപ നമ്മുടെ വീട്ടിലെത്തില്ലേ എന്ന ചിന്തയില്‍ നിന്നും സ്വന്തമായി വണ്ടി വാങ്ങിക്കാനുള്ള തീരുമാനത്തിലെത്തി. അമ്മ മാല പണയം വെച്ചു സഹായിച്ച് ഒരു പഴയ ഓട്ടോറിക്ഷ വാങ്ങി. അമ്മമ്മയും സഹായിച്ചു. പൈസ കുറവുള്ള ഒരു പഴയ വണ്ടിയാണ് വാങ്ങിയത്. കുറച്ചു ലോണും ഇട്ടാണ് വണ്ടി വാങ്ങിയത്.
അങ്ങനെ ജീവിതം കുറച്ചു മെച്ചപ്പെട്ടു തുടങ്ങി.
(തുടരും)
Content Highlights: Oru Dalit Auto Drivarude Jeevitham Autobiography by Chithralekha
Published: 02 Aug 2025, 12:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented