
പിന്നെയും ഞാന്‍ കൂലിപ്പണിക്കുതന്നെ പോയിത്തുടങ്ങി. വീട്ടിലേക്കുള്ള വരവൊക്കെ വളരെ കുറവായി. അതിനിടയില്‍ മോനെയും മോളെയും ഒരുമിച്ച് ഒന്നാംക്ലാസില്‍ ചേര്‍ത്തു. മൂന്നാം ക്ലാസ്സ് വരെ അവര്‍ ഒരുമിച്ചു പഠിച്ചു. ഒരിക്കല്‍ ജോലി ചെയ്തു കഴിഞ്ഞു വരുമ്പോള്‍ കടയില്‍ നിന്ന് സാധനം വാങ്ങി പൊതിഞ്ഞ പത്രക്കടലാസിലാണ് വടകരയില്‍ ആരംഭിക്കുന്ന നഴ്സിങ് കോഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. അതില്‍ എനിക്ക് താല്പര്യമായി. പക്ഷെ പഠിക്കാന്‍ പോകണമെങ്കില്‍ എന്‍റെ മുന്നില്‍ ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. കുട്ടികളെ നോക്കണം, ജോലിക്കുപോകണം, ജീവിതച്ചെലവ് നോക്കണം, വസ്ത്രം…. അങ്ങനെ ഒരുപാട് പ്രതിസന്ധികള്‍. വീട്ടില്‍ ഭക്ഷണം പാകം ചെയ്യണം, കുട്ടികളുടെ വസ്ത്രങ്ങൾ അലക്കണം, അവരുടെ പഠിപ്പ് ശ്രദ്ധിക്കണം…. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കടമ്പകള്‍ വേറയും.
പക്ഷേ, ഞാന്‍ പഠിക്കാനുള്ള തീരുമാനത്തിലേക്ക് തന്നെ പോയി. വടകര എടോടി നാഷണല്‍ നഴ്സിങ് സ്‌കൂളില്‍ പഠിക്കാന്‍ ചേര്‍ന്നു. സ്വകാര്യ സ്ഥാപനം ആയിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരുന്നു. ഫീസ് മാസം ആയിരത്തിയിരുന്നൂറായിരുന്നു. ഒരു വര്‍ഷം ഞാന്‍ ഒരുവിധം തട്ടിമുട്ടി മുന്നോട്ടു പോയി. പണിയുള്ള ദിവസം പണിക്കു പോകും. ആ ദിവസങ്ങളിലെ നോട്ട് കുട്ടികളുടെ കൈയില്‍ നിന്നും വാങ്ങിച്ച് എഴുതിയെടുക്കും. പിന്നെ ഞാന്‍ അമ്മയെ സമീപിച്ച് എനിക്ക് പഠിക്കാന്‍ വേണ്ടി എന്‍റെ കുട്ടികളെ കൂടെ താമസിപ്പിച്ച് അമ്മ നോക്കാമോ എന്നു ചോദിച്ചു. ' നേരം വണ്ണം പഠിക്കാന്‍ പറഞ്ഞയച്ചപ്പോള്‍ പഠിക്കാന്‍ പോകാണ്ട്. ഇപ്പൊ പഠിക്കാന്‍ പോണോന്ന് പറഞ്ഞാല്‍ നിന്‍റെ പിള്ളാരെ നോക്കലല്ല എന്‍റെ പണി' എന്ന് അമ്മ ചീത്ത വിളിച്ചെങ്കിലും അമ്മ മക്കളെ കൂടെ താമസിപ്പിച്ചു നല്ലവണ്ണം നോക്കി.
ഒഴിവു ദിവസങ്ങളില്‍ മക്കളെ കാണാന്‍ വടകരയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകും. കൈയിലുണ്ടാകുന്ന പത്തോ ഇരുന്നൂറോ രൂപ അമ്മയ്ക്കു കൊടുക്കും. എന്‍റെ കയ്യില്‍ പൈസ ഇല്ലെങ്കില്‍ അമ്മയോട് ഞാന്‍ കരഞ്ഞു വാങ്ങിക്കുകയും ചെയ്യും. പയ്യന്നൂരില്‍ മോനെ വീണ്ടും മൂന്നാം ക്ലാസിലും മോളെ ഒന്നാം ക്ലാസിലും ചേര്‍ത്തു. അവള്‍ക്കു പ്രായമായില്ലെങ്കിലും അങ്ങനെ പഠിക്കട്ടെ എന്നായിരുന്നു ആ സ്‌കൂളിലെ അദ്ധ്യാപകന്‍ പറഞ്ഞത്. മോള്‍ എപ്പോഴും എന്നെ കാണണം എന്ന് വാശി പിടിക്കും. അവളെ സ്‌കൂളില്‍ തല്ലി കൊണ്ടാക്കണം. ഒരിക്കല്‍ അവള്‍ പുറത്തിരുന്നു കരയുന്നത് ടീച്ചര്‍ കണ്ടു. 'ക്ലാസില്‍ ബെഞ്ചില്‍ പോയിരിക്ക് മേഘക്കുട്ടി' എന്ന് പറഞ്ഞു. അപ്പോള്‍ അവള്‍ 'നീ പോടി ചൂലേ' എന്ന് ചീത്ത വിളിച്ച് വീട്ടിലേക്കിറങ്ങി നടന്നു. വീട്ടിലെത്തി ഏങ്ങലടിച്ചു കരയുകയായിരുന്നു. ശനിയാഴ്ച ഞാന്‍ വീട്ടില്‍ എത്തുമ്പോഴാണ് ഈ കഥകള്‍ കേള്‍ക്കുക. ഞാന്‍ പോകുമ്പോള്‍ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പലഹാരങ്ങള്‍ വാങ്ങിക്കും. അത് കൊടുത്ത് ആശ്വസിപ്പിച്ചാലേ എനിക്ക് പോകാന്‍ പറ്റുമായിരുന്നുള്ളു.
നഴ്സിങ് ക്ലാസില്‍ പന്ത്രണ്ട് പെണ്‍കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങള്‍ ഒരു മൂന്നു നാലുപേര്‍ നല്ല കൂട്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷണം കഴിക്കും. കൊണ്ടുവരാത്തവ പങ്കിട്ടു കഴിക്കുകയും ചെയ്യും. ഞാന്‍ മിക്കവാറും ഒന്നും കൊണ്ടുവരില്ല. ഭക്ഷണം കൊണ്ടുവരുന്നവരും രാവിലത്തെ ചായയുടെ കടിയുടെ കറിയായിരിക്കും കൊണ്ടുവരിക. അപ്പോള്‍ 'നമ്മള്‍ക്ക് ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാം' എന്നു പറഞ്ഞുകൊണ്ട് ഞങ്ങള്‍ പുറത്ത് പോയി ഭക്ഷണം കഴിക്കും. പിന്നെ ക്ലാസ് കട്ട് ചെയ്തു ഇടയ്ക്കു സിനിമയ്ക്ക് പോകും. അങ്ങനെ രസകരമായ ഒരു കാലമായിരുന്നു അത്. പൈസയെല്ലാം അവര്‍ തന്നെ എടുക്കുമായിരുന്നു. അവരൊക്കെ പല സമുദായങ്ങളില്‍ ഉള്ളവരായിരുന്നു. ഞാനും കുറ്റ്യാടിയില്‍ നിന്നുവരുന്ന ലത എന്ന പെണ്‍കുട്ടിയും കല്യാണം കഴിഞ്ഞവരായിരുന്നു. ബാക്കിയുള്ള കുട്ടികളൊക്കെ പ്ലസ് ടു, ഡിഗ്രിയൊക്കെ കഴിഞ്ഞിട്ട് വരുന്നവരാണ്. ലത തിയ്യ സമുദായത്തില്‍ പെട്ട നല്ല സ്ഥിതിയിലുള്ള ഒരു കുടുംബത്തിലെ കുട്ടിയായിരുന്നു. അവള്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. വീട്ടില്‍ ഒറ്റയ്ക്കിരുന്നു ബോറടിച്ചതുകൊണ്ട് പഠിക്കാന്‍ പറഞ്ഞയച്ചതാണ്. അവള്‍ക്ക് ജോലിയും വരുമാനവും ആകുന്നതിനോടൊപ്പം സമയവും പോയിക്കിട്ടും. അവിടെ ജാതി വ്യത്യാസം ഒന്നുമില്ലായിരുന്നു. വളരെ ആഹ്ളാദകരമായ ഒരു കാലമായിരുന്നു. ലാബില്‍ ആണ്‍കുട്ടികളും ഉണ്ടായിരുന്നു. അവരുമായി ഞങ്ങള്‍ക്ക് അധികം ബന്ധം ഉണ്ടായിരുന്നില്ല.
സെക്കന്റ് ക്ലാസ്സോടെ നഴ്‌സിംഗ് പാസായി. ജോലിക്ക് പോകണം എന്ന ഒരു ബുദ്ധിമുട്ട് മാത്രമേ ആ കാലങ്ങളില്‍ ഉണ്ടായിരുന്നുള്ളു. പഠിക്കാനൊക്കെ നല്ല ഉത്സാഹമായിരുന്നു. ഞങ്ങള്‍ക്കെല്ലാം മനസ്സിലാകുന്ന ഭാഷയില്‍ തന്നെ ആയിരുന്നു ടീച്ചര്‍മാര്‍ ക്ലാസ് എടുത്തത്. ആവര്‍ത്തിച്ചു പഠിപ്പിക്കുകയും ചെയ്യും. ഒരു കുട്ടി ഒരു ദിവസം വന്നിട്ടില്ലെങ്കില്‍ ആ ക്ലാസിന്‍റെ ഒരു ആവര്‍ത്തനം നടത്തിയിട്ടേ ടീച്ചര്‍ അടുത്ത ക്ലാസ്സിലേക്ക് കടക്കുമായിരുന്നുള്ളൂ. അത് മലയാളത്തിലും ഇംഗ്ലീഷിലും പറഞ്ഞുതരും. അപ്പോള്‍ അതുകൊണ്ട് തന്നെ വളരെ വേഗത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ബി.എസ്.സി. നഴ്‌സിങ് പഠിച്ച ടീച്ചറായിരുന്നു ഞങ്ങളെ പഠിപ്പിച്ചത്. അവര്‍ നഴ്സ് ആയി ജോലിയും ചെയ്തിരുന്നു. വലിയ പ്രായവ്യത്യാസം ഇല്ലാത്ത ടീച്ചറായതു കൊണ്ട് കുട്ടികളുമായി നന്നായി ഇടപഴകുമായിരുന്നു. അതുകൊണ്ട് മനസ്സിലാകാത്ത പാഠങ്ങള്‍ ഒഴിവുസമയത്ത് ചോദിച്ചാല്‍ നല്ല വൃത്തിയായിട്ടു പറഞ്ഞുതരും. പക്ഷെ ഫീസ് കൊടുക്കാന്‍ അവസാനമാകുമ്പോഴേക്കും ബുദ്ധിമുട്ടുണ്ടായി. പരീക്ഷയായി ഒരുപാട് പഠിക്കാനുണ്ടായിരുന്നപ്പോള്‍ ജോലിക്ക് പോകാനൊന്നും പറ്റിയില്ല.
അതിന്‍റെ ഇടയില്‍ കുട്ടികളുടെ അച്ഛന്‍ വേറെ വിവാഹം കഴിച്ചു. എന്നില്‍ നിന്നും വിവാഹമോചനം ചെയ്യാതെയായിരുന്നു ആ വിവാഹം. അന്ന് ഞാന്‍ പണിയെടുത്തുണ്ടാക്കിയ രണ്ടു സ്വര്‍ണ്ണമോതിരം എന്‍റെ കയ്യില്‍ ഉണ്ടായിരുന്നു. പഠിക്കാനുള്ള ഫീസ് കൊടുക്കാനുള്ള അത്യാവശ്യത്തിനു സൂക്ഷിച്ചു വച്ചതായിരുന്നു അവ. ഞാനതൊരിക്കല്‍ പണയം വയ്ക്കാന്‍ പോയപ്പോള്‍ അവിടെ ഉള്ള ആള്‍ പറഞ്ഞു:
'നിന്റെ ഭര്‍ത്താവല്ലേ, ബാബു?'
ഞാന്‍ പറഞ്ഞു: 'അതെ'
'അയാളിവിടെ ഒരു മോതിരം കൊണ്ടുവന്നിരുന്നു. തങ്കമണി എന്നാണ് പേരെഴുതിയത്. അയാള്‍ വേറെ കല്യാണം കഴിച്ചോ?'
'ഞാനറിയില്ല'
'എന്നാല്‍ അയാള്‍ വേറെ കല്യാണം കഴിച്ചു.'
അയാള്‍ അക്കാലത്ത് കാസര്‍കോട് നീലേശ്വരം ഭാഗത്ത് കടലില്‍ മീന്‍ പിടിക്കാന്‍ പോയിരുന്നു. അതും ഞാന്‍ അറിഞ്ഞിരുന്നില്ല. അവിടെ നിന്നുള്ള ഒരു ബന്ധമാണ് പിന്നീട് വിവാഹത്തില്‍ എത്തിയത്. ഉടനെ തന്നെ ഞാന്‍ വിവാഹമോചനത്തിന് ഹര്‍ജി ഫയല്‍ ചെയ്തു. വേറെ വിവാഹം കഴിച്ച ആളെ എനിക്ക് ആവശ്യമില്ലല്ലോ. ഇത്രയും കാലം ജീവിച്ചിട്ട് ഒന്നും തരാത്ത ആള്‍ പിന്നീട് നഷ്ടപരിഹാരം തരുമെന്ന ചിന്തയൊന്നും മനസ്സിലുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ നഷ്ടപരിഹാരം ഒന്നും വേണ്ട എന്നുഞാന്‍ പറഞ്ഞു. രണ്ടു കുട്ടികളല്ലേ. കുട്ടികളെ ഞാന്‍ അധ്വാനിച്ച് വളര്‍ത്തുകയും ചെയ്തു.
പിന്നീടായിരുന്നു എനിക്ക് നഴ്‌സിങ് പ്രാക്ടിക്കല്‍. വടകര സി.എം. ഹോസ്പിറ്റലിലാണ് പരിശീലനം. സ്റ്റൈപ്പന്റ് ഒന്നും ഉണ്ടാകില്ല. ആഴ്ചയില്‍ ആറ് ദിവസം പരിശീലനം ഉണ്ടാകും. സീനിയറായവര്‍ അവധിയിലായാല്‍ അവരുടെ ഡ്യൂട്ടി കൂടി ഞങ്ങളെടുക്കേണ്ടി വരും. വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട് സാമ്പത്തികമായും വളരെയധികം ബുദ്ധിമുട്ടിയിരുന്നു. പണിയുണ്ടായാലും ലീവില്ലാത്തതുകൊണ്ട് പോകാന്‍ പറ്റിയിരുന്നുമില്ല. ബസ്സിനു പോകാന്‍ പൈസ ഇല്ലാത്തതുകൊണ്ട് ആശുപത്രിയുടെ അടുത്ത് ഒരു സ്ത്രീയുടെ കൂടെ താമസം ആരംഭിച്ചു. അറക്കല്‍ എന്ന സ്ഥലത്ത് താമസിച്ചകാലത്ത് അയല്‍വാസിയായിരുന്നു അവര്‍. അവരെന്നോട് വളരെ സ്‌നേഹത്തോടെ പെരുമാറി. അവിടെ നിന്ന് ഭക്ഷണവും കഴിച്ചു. ജോലി കഴിഞ്ഞു വന്നു കുളിച്ചു വിശ്രമിച്ച് വീണ്ടും ജോലിക്ക് പോയി. പിന്നീട് അവിടെ നിന്ന് പഠനമൊക്കെ കഴിഞ്ഞു കുറേക്കാലം കഴിഞ്ഞ് അവരെ ലൈംഗികതൊഴിലിനു പോലീസ് റെയ്ഡ് ചെയ്തു പിടിച്ചുവെന്നറിഞ്ഞു.
ജോലിത്തിരക്ക് കാരണം ആഴ്ചയിലൊരിക്കല്‍ പോലും പയ്യന്നൂരിലേക്ക് മക്കളെ കാണാന്‍ പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എന്നും ആശുപത്രിയുടെ അടുത്തുള്ള വീട്ടിലേക്ക് ഒന്നര കിലോമീറ്റര്‍ നടന്നു പോകുന്നത് വടകര പുതിയ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ തൊഴിലാളിയായ ശ്രീഷ്‌കാന്ത് ശ്രദ്ധിക്കും. ഒരിക്കല്‍ ശ്രീഷ്‌കാന്ത് ഓട്ടോയുമായി ഒരു വര്‍ക് ഷോപ്പില്‍ നില്‍ക്കുന്ന സമയത്ത് എന്നെ വിളിച്ചു. ഞാനെപ്പോഴും ഗ്ലൂമി ആയി നടന്നുപോകുന്നത് ശ്രീഷ്‌കാന്ത് കാണുന്നുണ്ട്. നാളെ എന്തുചെയ്യും എന്ന ചിന്തയിലാണ് ഞാന്‍ നടക്കുന്നത്. കുളിയും അലക്കുമെല്ലാം ഹോസ്പിറ്റലിലെ ഡ്യൂട്ടി റൂമില്‍ നിന്നു കഴിഞ്ഞാണ് ഇറങ്ങുക. ഒരു ദിവസം അത്യാവശ്യത്തിന് എവിടെയോ പോകുമ്പോള്‍ ശ്രീഷ്‌കാന്തിന്റെ ഓട്ടോ വിളിച്ചു. എവിടെയാണ് താമസിക്കുന്നത് എന്ന് ശ്രീഷ്‌കാന്ത് ചോദിച്ചു. അതൊക്കെ അറിഞ്ഞിട്ടെന്തിനാണ് എന്ന് ഞാന്‍ തിരിച്ച് ഗൗരവത്തില്‍ ചോദിച്ചു. പിന്നെ എന്നും ഞാന്‍ ഓട്ടോ അന്വേഷിക്കുമ്പോള്‍ ശ്രീഷ്‌കാന്ത് എന്റെ മുന്നില്‍ ഓട്ടോയുമായി വന്നു നില്‍ക്കും. ദൂരെ സ്ഥലങ്ങളിലേക്ക് പോകാന്‍ ആ വണ്ടിയില്‍ കയറും. ചില സമയങ്ങള്‍ 'ഛി...പോടാ' എന്നും പറഞ്ഞിട്ടുണ്ട്. ഒരു പരാജയപ്പെട്ട അനുഭവമുണ്ടല്ലോ. ഇനി വേറൊരു അനുഭവം വേണ്ടെന്നു വിചാരിച്ചിട്ടാണ്. രാത്രി പന്ത്രണ്ടുമണി വരെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ വണ്ടിയുമായി ശ്രീഷ്‌കാന്ത് ഉണ്ടാകും. എല്ലാ നഴ്‌സുമാരും രാത്രി ഭക്ഷണം കഴിക്കാന്‍ ഇറങ്ങിപ്പോകും. ശ്രീഷ്‌കാന്ത് നോക്കുമ്പോള്‍ ഞാന്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ഇറങ്ങിപ്പോകുന്നത് കാണുന്നില്ല. ഒരു ദിവസം ചിത്രലേഖയ്ക്ക് കൊടുക്കണമെന്നുപറഞ്ഞ് ഒരു സുഹൃത്തുവശം ചോറുകൊടുത്തയച്ചു. ഹോസ്പിറ്റലിലെ റിസപ്ഷനിസ്റ്റാണെങ്കില്‍ ഭയങ്കര സ്ട്രിക്റ്റ് ആണ്. ഞാനാണെങ്കില്‍ ട്രെയിനിയും. ഒരു പുരുഷന്‍ എനിക്കുവേണ്ടി ഭക്ഷണം കൊണ്ടുവരുമ്പോള്‍ ഇതെന്താ കഥ എന്നവര്‍ ചോദിച്ചു. ആ സുഹൃത്താണെങ്കില്‍ എടുത്ത വായയ്ക്കുതന്നെ, ഞാന്‍ ചിത്രലേഖയുടെ ഭര്‍ത്താവാണെന്നും പറഞ്ഞു.
പിന്നെ ഞാനും ശ്രീഷ്‌കാന്തും നല്ല കമ്പനിയായി. വീട്ടിലേക്കുപോകുമ്പോള്‍ എന്റെ കൈയില്‍ പൈസയില്ലെങ്കിലും ശ്രീഷ്‌കാന്ത് വീട്ടില്‍ കൊണ്ടാക്കും. ഞാന്‍ കുളിച്ചു ഫ്രഷ് ആകുന്നതുവരെ വെയിറ്റ് ചെയ്ത് എന്നെ തിരിച്ച് ആശുപ്രതിയിലും കൊണ്ടുചെന്നാക്കും. പിന്നെ പിന്നെ ഞങ്ങളുടെയുള്ളില്‍ ഒരുമാതിരി ഇഷ്ടം തോന്നിത്തുടങ്ങി. കുട്ടികളുടെ അച്ഛന്‍ എന്നെ തല്ലുമായിരുന്നു. ഒരിക്കല്‍ അമ്മിക്കല്ലെടുത്ത് എന്നെ എറിഞ്ഞു. എന്റെ നെഞ്ചത്ത് അത് കൊള്ളാതെ രക്ഷപ്പെട്ടതുതന്നെ ഭാഗ്യമായിരുന്നു. എന്‍റെ ജീവിത കഥ, എന്‍റെ രണ്ടു കുട്ടികളുടെ കാര്യം, പ്രസവം നിര്‍ത്തിയ കാര്യം എല്ലാം ഞാന്‍ ശ്രീഷ്‌കാന്തിനോട് തുറന്നുപറഞ്ഞു. ഭര്‍ത്താവ് അയാളുടെ രണ്ടാമത്തെ കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ആകുന്നതു വരെ എന്‍റെ വീട്ടില്‍ വന്നു താമസിക്കുമായിരുന്നു. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ കലക്ടറേറ്റില്‍ സമരം നടത്തുന്ന സമയത്ത് പോലീസുകാര്‍ ഒരു ഇന്‍ക്വസ്റ്റുമായി അടുത്ത് വന്നു. എന്‍റെ ഭര്‍ത്താവ് കടലില്‍ മുങ്ങിമരിച്ചുവെന്നു പറഞ്ഞാണ് വന്നത്. ഭാര്യയാണെന്നു പറഞ്ഞാണ് കാസര്‍കോട് പോലീസ് എന്‍റെയടുത്തു വരുന്നത്. അന്ന് കടലില്‍ വീണു മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം കിട്ടുമായിരുന്നു. ആ നഷ്ടപരിഹാരം ഒരു അഞ്ചു പൈസ പോലും എനിക്കുവേണ്ടെന്നു ഞാന്‍ പറഞ്ഞു. അയാളുടെ തല്ലും കുത്തും കിട്ടിയിട്ട് അയാളുടെ നഷ്ടപരിഹാരം കൊണ്ടുജീവിക്കാന്‍ എനിക്കുതാല്പര്യമുണ്ടായിരുന്നില്ല. എന്‍റെ ആത്മാഭിമാനം ഞാന്‍ പണയം വയ്ക്കില്ല. ആ പൈസ വേണ്ടവര്‍ എടുത്തുതിന്നോട്ടെ എന്നും ഞാന്‍ പറഞ്ഞു.
ശ്രീഷ്‌കാന്ത് പിന്നീട് എല്ലാ ദിവസവും വൈകുന്നേരം ഞാന്‍ ജോലിക്ക് കേറുന്നതിനു മുന്നേ ചോറ് കൊണ്ടുതരും. കുട്ടികളെ കാണാന്‍ പോകണം എന്നു പറഞ്ഞാല്‍ ബസ്സിനു പൈസ തരും. കുട്ടികള്‍ക്കു വാങ്ങാനുള്ള സാധനങ്ങള്‍ വാങ്ങിച്ചുതരും. എനിക്ക് വാങ്ങാന്‍ മടിയുണ്ടായിരുന്നെങ്കിലും എന്‍റെ അവസ്ഥ വച്ചുകൊണ്ട് ഞാന്‍ വാങ്ങും. ഞാന്‍ പറയും 'ഇതൊക്കെ കടമായി കൂട്ടിയാല്‍ മതി. ഞാന്‍ തിരിച്ചു തരും'. അന്നൊന്നും ഞങ്ങള്‍ വിവാഹജീവിതത്തിലെത്തുമെന്നൊരു തോന്നലുണ്ടായിട്ടില്ല. അങ്ങനെ പഠനം കഴിഞ്ഞു. ഫീസ് കൊടുക്കാന്‍ ബാക്കിയുള്ളതുകൊണ്ട് സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലായിരുന്നു. ശ്രീഷ്‌കാന്ത് പോയി ഫീസ് മുഴുവന്‍ അടച്ചു. എന്നിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല. ഞാന്‍ പയ്യന്നൂരിലായതുകൊണ്ട് ദൂരയാത്ര ചെയ്തു സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാനുള്ള പൈസ ഇല്ലായിരുന്നു. ഞാന്‍ പോകാതെ സര്‍ട്ടിഫിക്കറ്റ് തരില്ലെന്നു എന്ന് നഴ്‌സിങ് സ്‌കൂളുകാരും പറഞ്ഞു. അവസാനം ശ്രീഷ്‌കാന്ത് പുള്ളിയുടെ ആപ്പനെയും (അച്ഛന്‍റെ അനിയന്‍) കൂട്ടിപ്പോയി പ്രൊഫസ്സറെ ഭീഷണിപ്പെടുത്തിയാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചത്. രണ്ടായിരത്തി ഒന്നില്‍ ആയിരുന്നു ഈ സംഭവവികാസങ്ങള്‍.
മുന്‍ ഭര്‍ത്താവ് അവിടെ കുറെ പേരോട് പൈസ വാങ്ങി കടമുണ്ടാക്കി വച്ചിരുന്നു. കടം കൊടുത്തവര്‍ പിന്നീട് എന്നോട് ചോദിക്കാന്‍ തുടങ്ങി. ഇത് ഞാനും ശ്രീഷ്‌കാന്തും ഒരുമിച്ചു താമസിക്കാന്‍ തുടങ്ങിയതിനുശേഷമുള്ള സംഭവങ്ങളാണ്. അയാള്‍ വാങ്ങിയ പൈസ എനിക്കു കിട്ടിയിട്ടില്ല, എന്‍റെ കയ്യില്‍ പൈസ ഇല്ല, അതുകൊണ്ട് എനിക്കു തരാന്‍ കഴിയില്ല എന്നു ഞാന്‍ തറപ്പിച്ചു പറഞ്ഞു. അപ്പോള്‍ വാക്കേറ്റമായി. അതിന്‍റെ പേരില്‍ അടിയായി. അന്ന് ശ്രീഷ്‌കാന്ത് എന്‍റെ വീട്ടിലുണ്ടായിരുന്നു. ശ്രീഷ്‌കാന്ത് ഒരുഭാഗത്തും അവര്‍ ഒരുപാട് പേര്‍ മറുഭാഗത്തുമായി അടി തുടങ്ങി. അതിന്‍റെ ഇടയില്‍ ശ്രീഷ്‌കാന്തിന്‍റെ ഒരടി മാറി അപസ്മാരമുള്ള ഒരു സ്ത്രീക്ക് കൊണ്ടു. ആ സ്ത്രീ ആശുപത്രിയിലായി. രാത്രി അവര്‍ കുറെ ആളുകളെയും കൂട്ടിവന്നു. ഞാന്‍ ശ്രീഷ്‌കാന്തിനോട് പുറത്തിറങ്ങരുത് എന്നു പറഞ്ഞു. ഞാന്‍ വീട് അടച്ചു പുറത്തുനിന്നു. വന്നവര്‍ എന്നെ അടിച്ചു. ഞാനും തിരിച്ചടിച്ചു. ഞാനും ആശുപ്രതിയിലായി. ഒരു തിരുവോണത്തിന്‍റെ അന്നായിരുന്നു ഈ അടി.
ഞങ്ങളുടെ പ്രണയത്തിനിടയില്‍ 'നിനക്ക് എങ്ങനെയായാലും എന്‍റെ അടുത്തുനിന്ന് വഴുതി മാറി നടക്കാന്‍ കഴിയില്ല. ഞാന്‍ നിന്നേം കൊണ്ടേ പോകൂ' എന്ന് ശ്രീഷ്‌കാന്ത് പറഞ്ഞിരുന്നു. അപ്പോള്‍ ശ്രീഷ്‌കാന്ത് എന്നില്‍ നിന്നും ഒഴിഞ്ഞു പോകില്ല എന്നെനിക്കു മനസ്സിലായി. അന്ന് KL 31- 4716 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷയായിരുന്നു ശ്രീഷ്‌കാന്തിന്‍റേത്. രണ്ടായിരത്തിയൊന്നില്‍ വാങ്ങിയ ആകെ നാലു മാസം പ്രായമായ വണ്ടി. ആ വണ്ടിയും കൊണ്ടാണ് ഞങ്ങള്‍ എന്‍റെ വീട്ടിലേക്കു പോകുന്നത്. പക്ഷെ എന്‍റെ അമ്മ ശ്രീഷ്‌കാന്തിനെ കുറെ ഉപദേശിച്ചു. ശ്രീഷ്‌കാന്ത് കല്യാണം കഴിക്കാത്ത ചെക്കനാണെന്നും ചിത്രലേഖയ്ക്കു കുട്ടികളുണ്ടെന്നും എല്ലാം പറഞ്ഞ് അമ്മ പിന്‍വാങ്ങാന്‍ നിര്‍ബന്ധിച്ചു. പക്ഷെ ശ്രീഷ്‌കാന്ത് പിന്‍വാങ്ങാന്‍ തയ്യാറായില്ല. അമ്മ ഒന്നുകൂടെ ആലോചിക്കാന്‍ സമയം കൊടുത്തു. അങ്ങനെ ആ വര്‍ഷം ഡിസംബര്‍ മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ കാത്തിരുന്നു. എന്നിട്ടും ശ്രീഷ്‌കാന്ത് പിന്‍വാങ്ങാന്‍ തയ്യാറായില്ല. ആ കാലങ്ങളില്‍ ശ്രീഷ്‌കാന്ത് എന്‍റെ കൂടെ പയ്യന്നൂരില്‍ തന്നെയായിരുന്നു താമസം.
അതിനിടയില്‍ ശ്രീഷ്‌കാന്തിനെ കാണുന്നില്ല എന്നുപറഞ്ഞു വടകരയിലെ വീട്ടില്‍നിന്നും അന്വേഷണം തുടങ്ങി. ശ്രീഷ്‌കാന്തിന്‍റെ അച്ഛന്‍റെ പെങ്ങളുടെ ഭര്‍ത്താവാണ് എം.എല്‍.എ. ഇ.വി കുമാരന്‍. ശ്രീഷ്‌കാന്തിന്‍റെ ഒരു സുഹൃത്തിന് ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. പാര്‍ട്ടിക്കാരും നാട്ടുകാരും ചേര്‍ന്നു പിടിച്ചു നല്ല വീക്കു വച്ചുകൊടുത്തപ്പോള്‍ സുഹൃത്ത് തത്തപറയുന്നത് പോലെ സംഭവങ്ങളെല്ലാം പറഞ്ഞു. ഞങ്ങള്‍ പയ്യന്നൂരിലുണ്ടെന്ന വിവരവും പാര്‍ട്ടിക്കാരോട് പറഞ്ഞു. പാര്‍ട്ടിക്കാരും ബന്ധുക്കളും ഇ.വി കുമാരന്‍ എം.എല്‍.എ.യെക്കൊണ്ട് പയ്യന്നൂരിലെ പാര്‍ട്ടി ഓഫീസിലേക്ക് ഫോണ്‍ ചെയ്യിച്ചു. അങ്ങനെ പയ്യന്നൂര്‍ എടാട്ടെ പാര്‍ട്ടിക്കാരും വടകരയിലെ പാര്‍ട്ടിക്കാരും കൂടെ വന്നു ശ്രീഷ്‌കാന്തിനെ കട്ടിലോടെ എടുത്തു പുറത്തിട്ടു. ശ്രീഷ്‌കാന്തിന്‍റെ കൈ പിന്നില്‍ കൂട്ടിപ്പിടിച്ചു ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി. രണ്ടു ദിവസം വടകരയിലെ വീട്ടില്‍ പൂട്ടിയിട്ടു. അടിയൊന്നും കൊടുത്തില്ല. ഇനി പയ്യന്നൂരിലേക്ക് വന്നാല്‍ ശ്രീഷ്‌കാന്തിന്‍റെ കാലുണ്ടാകില്ലെന്നു പയ്യന്നൂരിലെ പാര്‍ട്ടിക്കാരും ഞാന്‍ വടകരയിലേക്ക് പോയാല്‍ എന്‍റെ കാലുണ്ടാകില്ല എന്ന് വടകരയിലെ പാര്‍ട്ടിക്കാരും ഭീഷണിപ്പെടുത്തി.
ശ്രീഷ്‌കാന്ത് തീയ്യ സമുദായത്തില്‍പെട്ട ആളായിരുന്നു. വടകരയിലെ പാര്‍ട്ടിക്കാര്‍ എല്ലാ കാര്യങ്ങളും അംഗീകരിക്കും. എന്നാല്‍ വിവാഹത്തിന്‍റെ കാര്യത്തില്‍ ആയാല്‍ അതിന്‍റെ ജാതി വേര്‍തിരിവ് കാണിക്കുകയും ചെയ്യും. കാസര്‍കോട് മുതല്‍ കണ്ണൂര്‍ വരെ എല്ലാ കാര്യങ്ങളിലും പാര്‍ട്ടിക്കാര്‍ ജാതിഭേദം കാണിക്കും. കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെ എല്ലാ കാര്യങ്ങളിലും ഇല്ലെങ്കിലും ജീവിതം, വിവാഹം എന്നിവ വരുമ്പോള്‍ തീര്‍ച്ചയായും ആ ജാതിഭേദം കാണിക്കുന്നുണ്ട്.
ശ്രീഷ്‌കാന്തിനെ രണ്ടു ദിവസം മുറിയില്‍ അടച്ചിട്ടു. ശ്രീഷ്‌കാന്ത് പറഞ്ഞ അറിവാണത്. മൂന്നാം ദിവസം ബാത്ത്‌റൂമില്‍ പോകാനും കുളിക്കാനും തന്നെ തുറന്നുവിടണം എന്നു പറഞ്ഞു. മുടി മുറിക്കാന്‍ പൈസ വേണം എന്ന് അമ്മയോട് ആവശ്യപ്പെട്ടു. അമ്മ ചില്ലറ ഇല്ലാത്തതുകൊണ്ട് ഒരു അഞ്ഞൂറ് രൂപ ശ്രീഷ്‌കാന്തിനു കൊടുത്തു. ശ്രീഷ്‌കാന്ത് ആ അഞ്ഞൂറ് രൂപയും കൊണ്ടുനേരെ പയ്യന്നൂരിലേക്ക് വന്നു. ശ്രീഷ്‌കാന്തിനു രണ്ടു ഏട്ടന്മാരും അമ്മയുമാണ് വീട്ടിലുള്ളത്. അച്ഛനില്ല. എന്നേക്കാള്‍ ഒരു വയസ്സ് മൂപ്പാണ് ശ്രീഷ്‌കാന്തിന്. ഏട്ടനും ഏട്ടന്‍റെ ഭാര്യയും ഉണ്ട് വീട്ടില്‍. ഒരേട്ടന്‍റെ ഭാര്യ പിണങ്ങി വീട്ടില്‍ പോയിരുന്നു. ശ്രീഷ്‌കാന്തിന്‍റെ കുടുംബം മുഴുവന്‍ പാര്‍ട്ടിക്കാരായിരുന്നു.
രാത്രി പന്ത്രണ്ടു മണിക്ക് വന്നു വാതിലില്‍ മുട്ടി ശ്രീഷ്‌കാന്ത് 'ചിത്രേ... ചിത്രേ..' എന്ന് വിളിച്ചു.
ഞാന്‍ ചോദിച്ചു:
'നിങ്ങളെങ്ങനെ ഇവിടെ എത്തി?'
'ഞാന്‍ മുടി മുറിക്കാന്‍ ഇറങ്ങിയതാണ്'
ഇതായിരുന്നു ശ്രീഷ്‌കാന്തിന്‍റെ മറുപടി.
(തുടരും)
Content Highlights: chithralekha autobiography oru dalit autodrivarude jeevitham
Published: 30 Jul 2025, 12:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented